മുഖമൊഴി

 

 

സംഭവങ്ങളുടെ ഒരു പരമ്പര തന്നെ നടന്ന ഒരു മാസമായിരുന്നു കഴിഞ്ഞുപോയത്. മൂന്നു തിരഞ്ഞെടുപ്പ് വിജയങ്ങൾ ആയിരുന്നു ആളുകളെ പ്രത്യേകിച്ചും മലയാളികളെ മുൾമുനയിൽ നിറുത്തിയത്. ബംഗാളിലെ മമതയുടെ ദയനീയ പരാജയവും ബിജെപിയുടെ വൻ കുതിപ്പും ആയിരുന്നു ആദ്യത്തേത്. ഡിഎംകെയുടെ ദയനീയ പരാജയവും വിജയുടെ വൻ കുതിപ്പുമായിരുന്നു രണ്ടാമത്തേത്. പത്തുവർഷം തുർച്ചയായി ഭരിച്ച ഇടതുപക്ഷത്തെ ഞെട്ടിച്ച വിജയം കരസ്ഥമാക്കിയ യുഡിഫ് ആണ് മൂന്നാമത്തേത്.

ഇതിൽ പറയാനെന്തിരിക്കുന്നു എന്നതാവും ചിന്ത. സത്യവും അത് തന്നെ. ഒരു തിരഞ്ഞെടുപ്പുവന്നാൽ ആരെങ്കിലുമൊക്കെ തോൽക്കണമല്ലോ. അത് വളരെ ശരിയായ ഒരു കാര്യവുമാണ്. ഇക്കാര്യം ഇവിടെ ഇപ്പോൾ എഴുതുന്നത് അതുകൊണ്ടല്ല. ഈ വിജയങ്ങളെല്ലാം നമ്മുടെ ജനാധിപത്യ രീതികളുടെ മാറ്റിയെഴുത്തിന്റെ തുടക്കമാകാം എന്നോർപ്പിക്കുവാൻ മാത്രമാണ്.

അഹങ്കാരം തലയ്ക്കു പിടിച്ച ഭരണം എവിടെ നടന്നാലും ഇനിയതിനു തുടർച്ചയുണ്ടാകാൻ സാധ്യത കുറവാണ് എന്നർഥം. പൊതുജനം കഴുതയാണ് എന്ന് വിചാരിക്കുന്ന ഭരണാധികാരികൾക്ക് ഒരു താക്കീതായി തന്നെ ഇതിനെ കാണണം. ഒരു മാറ്റത്തിന്റെ തുടക്കമായി ഞാനിതിനെ കാണുന്നു.

പുതിയ ഭരണാധികാരികൾക്ക് ഏറെ ശ്രമകരമായ ഒന്നാകും തുടർന്നുള്ള നാളുകൾ. ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊണ്ടു കാര്യക്ഷമമായി ഭരണം കൊണ്ടുപോയില്ലെങ്കിൽ ഇവരും വലിയൊരു ജനാധിപത്യ അട്ടിമറിയെ നേരിടേണ്ടിവരും. അവർ അതറിഞ്ഞു തന്നെ പ്രവർത്തിക്കും എന്ന ശുഭ പ്രതീക്ഷയോടെ ….

ഡോ. സുനീത് മാത്യു