

നരച്ച ആകാശത്തിന് കീഴെ ദിശാബോധം തെറ്റിയ കുറെ കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടാൻ ഒരു ശ്രമം നടത്തുന്നുണ്ട്. എവിടെയോ തിമിർത്തുപെയ്ത് ഭൂമിയെ തണുപ്പിച്ച ശേഷം ഉള്ള യാത്രയിൽ ആവാം അവർ. നേരം സന്ധ്യയോട് അടുക്കുന്നേ ഉള്ളൂ. എങ്കിലും, കാർമേഘങ്ങൾ ആകാശമുറ്റമാകെ ഇരുട്ടിൻ്റെ കമ്പളം പുതപ്പിച്ച് തുടങ്ങി. ഇന്നലെ പെയ്ത തുലാവർഷം കാഴ്ചകൾക്ക് ചെറിയതോതിൽ മങ്ങൽ ഏല്പിച്ചിട്ടുണ്ട്. എങ്കിലും ചിരപരിചിതമായ പല ചിത്രങ്ങൾക്കും കാഴ്ചയുടെ ആവശ്യമില്ലല്ലോ.
മുളവൻകാട് ഭാഗത്തുനിന്നും പീലാത്തോസും മൂന്ന് അനുയായികളും വരുന്നുണ്ട്. പാടവരമ്പിന് അപ്പുറത്തുള്ള ജംഗ്ഷനിൽ ഇരുന്നൂറോളം പദയാത്രികരുമായുള്ള മുദ്രാവാക്യം വിളികളും പ്രസംഗവും കഴിഞ്ഞ് പാടവരമ്പിലൂടെ കവല ലക്ഷ്യമാക്കിയാണ് നടത്തം.
1980കളിൽ കലശലായ കലാലയ പ്രണയത്തിൽ വീടുവിട്ട് ഇറങ്ങിവന്ന നമ്പ്യാർ പെണ്ണിനെ അപ്പനും പട്ടക്കാരും സമുദായവും സമ്മതിക്കുകേല എന്നുപറഞ്ഞ് ഒഴിവാക്കിയ തോമസിന് അന്ന് കിട്ടിയ പേരാണ് പിലാത്തോസ്.
“എന്നാലും എൻ്റെ തോമസേ.. നീയാ നങ്യാർ പെണ്ണിന്റെ കാര്യത്തിൽ പിലാത്തോസിനെ പോലെ കൈ കഴുകിയല്ലോ…”
“ആ പീലാത്തോസിന് പ്രേമിക്കുമ്പോൾ അറിയില്ലായിരുന്നോ പട്ടവും അച്ഛനും ഒന്നും സമ്മതിക്കുകേലെന്ന്…”
അന്നത്തെ ജനരോഷം ഉച്ചകോടിയിൽ എത്തിയത് ആ നങ്ങ്യാർ പെണ്ണ് മുളവൻ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു എന്ന വാർത്തയിൽ ആയിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങിയ തോമസിനെ ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാർ പിലാത്തോസ് എന്ന് തന്നെ വിളിച്ചു.
“തോമസേ ഇന്നലെ എന്താണ് പള്ളി പെരുന്നാൾ മുറ്റത്ത് നടന്നത്..?”
രണ്ടാമൻ ചോദിച്ചു.
പാടവരമ്പിലൂടെ നാലുപേർ ഒന്നിനുപിറകെ ഒന്നായി നടന്ന യാത്രയിൽനിന്നും അവർ ഒരു റോഡിലേക്ക് കയറി. മുന്നേ നടന്ന തോമസ് തല പുറകിലേക്ക് തിരിച്ച് പറഞ്ഞു: “മന:പ്പൂർവ്വം പ്രശ്നം ഉണ്ടാക്കല് തന്നെയായിരുന്നു അവന്റെ ഉദ്ദേശം. അല്ലെങ്കിൽ പുലയന് എന്താ പള്ളിപ്പറമ്പിൽ കാര്യം..?”
“ഈ ജാതിപ്പേര് പറഞ്ഞതിനല്ലേ തോമസേ, അവനുമായി നിൻ്റെ വഴക്ക്…”
മൂന്നാമൻ ചോദിച്ചു.
“പുലയനെ പുലയൻ എന്നല്ലാതെ തമ്പ്രാൻ ന്ന് വിളിക്കാൻ പറ്റ്വോ..? ഇത് നല്ല കാര്യം…” പരിഹാസച്ചിരിയോടെ പിലാത്തോസ് പറഞ്ഞുനിർത്തിയത്.
പിന്താങ്ങിക്കൊണ്ട് മൂവർ സംഘത്തിന്റെ പൊട്ടിച്ചിരി ഉയർന്നു. ഉയർന്ന ചിരി താഴുന്നതിനുമുന്നേ കല്ലേറ് തട്ടിയ കടന്നൽ കൂട്ടം കണക്ക് ആവേശത്താൽ ഒരുപറ്റം ജനത, അവന്റെ കറുത്ത വർഗം ചാടിവീണു.
“ജാതി പറഞ്ഞ് കളിക്കുന്നോടാ കള്ള പിലാത്തോസേ..?”
അവരിൽ ചുണക്കുട്ടി ആയ ഒരുത്തന്റെ മുഷ്ടി കൃത്യം പിലാത്തോസിന്റെ മൂക്കിൻ ഭിത്തിയെ ഒടിച്ചുകളഞ്ഞു. അടിച്ചമർത്തപ്പെട്ട ആത്മബോധം തിളച്ചുപൊങ്ങി. “പള്ളിപ്പറമ്പിലും ഉത്സവ മുറ്റത്തും ജാതിപ്പേര് പറയാൻ നിനക്ക് ആരെടാ അധികാരം തന്നത്..?”
പിതൃക്കൾ ഉള്ള കാലം മുതൽക്കേ ഒതുക്കി വെക്കപ്പെട്ട അവരുടെ പൗരബോധം ഉണർന്നു. സാധാരണ ഉന്തലിലും തള്ളലിലും തുടക്കം കുറിച്ച പോരിന് അവസാനം തീർത്തത് കോരന്റെ മകൻ കണ്ണപ്പനായിരുന്നു.
തുറന്നുപിടിച്ച കണ്ണപ്പന്റെ കഠാരയിൽ ചോര പുരണ്ടിട്ടുണ്ട്. പിലാത്തോസിന്റെ കാലുകളിൽ പിടിമുറുക്കിയ കണ്ണപ്പന്റെ കയ്യുകൾ അയാളെ വലിച്ചിഴച്ച് ദൃഷ്ടിയിൽനിന്നും മാറ്റി.
മകന്റെ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള തടിച്ച ഗൈഡ്, മൂത്തമകൾക്കുള്ള സാനിറ്ററി പാഡ്, രക്തക്കുറവുള്ള അവൾക്ക് കഴിഞ്ഞദിവസം ഡോക്ടർ നിർദ്ദേശിച്ച മാതളങ്ങ, പപ്പായ, ഉറങ്ങാതെ അമ്മൂമ്മയോടൊപ്പം അച്ഛനും അമ്മയ്ക്കുമായി കാത്തിരിക്കുന്ന ഉണ്ണിക്കുട്ടനുള്ള കളിപ്പാട്ടങ്ങൾ എല്ലാം ചുരുക്കി മടിയിൽ വെച്ച് പാറുന്ന സാരി തുമ്പിനെ മറുകയ്യിൽ പിടിച്ച്, തലയിലെ ഹെൽമറ്റിന്റെ ഭാരവും, എതിരെ വീശുന്ന പടിഞ്ഞാറൻ കാറ്റും, കണ്ണിനുമുന്നിൽ ചിലന്തിവല തീർക്കുന്ന ഈയാംപാറ്റയും…
നന്ദൻ മാഷുടെ കൂടെ ബൈക്കിൽ ഉള്ള യാത്ര ബീന ടീച്ചർക്ക് യുദ്ധഭൂമിക്ക് സമാനമാണ്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടു നീങ്ങണമല്ലോ, അതാണല്ലോ ജീവിതം.
യുദ്ധഭൂമിയിലൂടെ അല്ല ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെ പടിഞ്ഞാറൻ കാറ്റിന് അഭിമുഖമായി നന്ദൻ മാഷുടെ ബൈക്ക് മുന്നോട്ടുവന്നു.
പുറകിലുള്ള ബസ് ഹോൺ അടിക്കുന്നുണ്ട്. മത്സര വേഗത്തിൽ അവന് മുന്നേ എത്തണം. തൊട്ടുമുന്നിലെ ഗട്ടർ മറികടന്നാൽ സൈഡ് നൽകാനുള്ള ഉദ്ദേശത്തിൽ നന്ദൻ മാഷും. അനുവാദമില്ലാതെ എതിരെ വന്ന ലോറി മുന്നോട്ട് പാഞ്ഞതും നന്ദൻ മാഷും ബീന ടീച്ചറും ഗട്ടറിൽ വീണതും കണ്ടു.
കണ്ണടച്ച് തുറക്കുന്ന നേരത്തിനിടയിൽ ഇടിച്ച് നിൽക്കുന്ന ബസ്സിനും ലോറിക്കും ഇടയിലായി രക്തംപുരണ്ട മാതളങ്ങയും കളിപ്പാട്ടങ്ങളും ഉരുണ്ടുകിടക്കുന്നു. നിമിഷാർദ്ധത്തിൽ ശരവേഗം ദേഹിയെ ഉപേക്ഷിക്കുന്ന മനുഷ്യദേഹങ്ങൾ… ദുരിതക്കാഴ്ച്ചക്ക് കണ്ണടക്കാൻ ആവാതെ ഞാനും.
കവലയിലേക്ക് രണ്ടുപേർ നടന്നടുക്കുന്നു. വളരെ മാന്യമായ വസ്ത്ര ധാരണം. മുണ്ടും കരയുടെ നിറത്തിലുള്ള അലക്കിത്തേച്ച ഷർട്ടും, ഷർട്ടിന്റെ പോക്കറ്റിൽ പ്രതാപത്തിന്റെ പ്രതീകമായ പാർക്കർ പെന്നും.
മീഡിയകളിൽ എന്നും കാണുന്ന സാമൂഹിക പ്രവർത്തകൻ. കൂടെയുള്ളത് കാഴ്ചകൾ മുറിച്ചും തിരുകി കയറ്റിയും കാണുന്നവന്റെ ഹൃദയങ്ങളിൽ കാരുണ്യത്തിന്റെ ആർദ്രത നിറക്കാൻ സാധിക്കുന്ന മന്ത്രിക വിദ്യ പഠിച്ച മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്ന അദ്ദേഹത്തിൻറെ ക്യാമറാമാൻ. മെഡിക്കൽ കോളേജിൽനിന്നും ഇറങ്ങിവരുന്ന വരവാണ്.
“എടോ, ആ ഉമ്മ കുഞ്ഞിന്റെ വൃക്ക മാറ്റിവയ്ക്കണം, ഭർത്താവ് ഈ ഭാരങ്ങളിൽനിന്നും ഒഴിഞ്ഞുമാറി എവിടെയോ പോയി, സഹായിക്കാൻ ആരുമില്ല, എന്ന് പറയുന്ന ഭാഗത്തൊക്കെ കരയുന്ന അമ്മ മുഖം ഇടയ്ക്കിടയ്ക്ക് ക്ലോസപ് കാണിക്കണം… ആ കൊച്ചിന്റെ കരച്ചിലും പൂട്ടിനിടക്ക് തേങ്ങാപ്പീര പോലെ ഇടയ്ക്കിടയ്ക്ക് ചേർത്തോ. സങ്കടം തോന്നിക്കുന്ന മ്യൂസിക് പുറകിൽ ചേർക്കാൻ മറക്കരുത്. പിന്നെ പ്രധാന കാര്യം എൻ്റെ അക്കൗണ്ട് നമ്പർ പ്രധാന വാർത്തകൾ എന്നതുപോലെ താഴെ കാണിച്ച് കൊണ്ടിരിക്കണം…”
“ആ ഉമ്മയും കൊച്ചും തികച്ചും ഒറ്റപ്പെട്ടവരാണ്. സഹായിക്കാൻ പോയിട്ട് ഒന്ന് കണ്ട് നിൽക്കാൻ പോലും ആരുമില്ല. അവരുടെ തേങ്ങൽ ഉള്ളിൽ എവിടെയൊക്കെയോ മുറിവേൽപ്പിക്കുന്നു ടോ… അവരുടെ കണ്ണീര് വിറ്റ കാശ്, അവരുടെ ചികിത്സാ സഹായ ഫണ്ടിൽനിന്നും ഒരു രൂപ പോലും എടുത്താൽ പാപമാകും…”
ക്യാമറാമാൻ്റെ വികാരവിക്ഷോഭങ്ങൾക്ക് തെല്ലും ഭാവവ്യത്യാസമില്ലാതെ അയാൾ പറഞ്ഞു:
“ഇവറ്റകളെ ഒക്കെ ആര് അറിയാൻ, ആര് സഹായിക്കാൻ… സഹായം അഭ്യർത്ഥിക്കുന്നത് എൻ്റെ പേരിൽ ആവുമ്പോൾ അവരുടെ ചികിത്സയും നടക്കും എന്റെയും നിന്റെയും കുടുംബവും കഴിയും. കൂടുതലൊന്നും ചിന്തിക്കേണ്ട കേട്ടോ…”
കവലയുടെ നാലാമത്തെ ഭാഗത്തെ ക്ഷേത്രത്തിൽ നിന്നാവണം രണ്ട് സ്ത്രീകൾ വരുന്നുണ്ട്. അന്നത്തെ കാഴ്ചകളുടെ വർണ്ണനകളുമായി പാലത്തിനരിക് ചേർന്ന് നടപ്പാതയിലൂടെ നടന്നു. വഴിചോദിക്കാൻ എന്ന ഭാവേന എത്തിയ ബൈക്കുകാരൻ ഒരാളുടെ മാല പരുന്തിന്റെ കൗശലത്തോടെ റാഞ്ചി എടുത്ത് പറന്നു.
“കള്ളൻ… കള്ളൻ…” എന്ന വിളിയിൽ നാട്ടുകാരും പോലീസുകാരും കൂടി. കള്ളനെകണ്ടെത്താനുള്ള തിരച്ചിലിനായി അവർ ഞാൻ കണ്ട കാഴ്ചകളെ ചില ബട്ടണുകൾ അമർത്തി വേഗത്തിലും, പതുക്കെയും, നിർത്തിയും ഒക്കെ കണ്ടു.
വവ്വാലിനെപ്പോലെ തൂങ്ങിക്കിടന്ന് തലതിരിഞ്ഞ് ഞാൻ കണ്ട കാഴ്ചകൾ മതിയാകാതെ അവർ പല വഴിക്ക് പറഞ്ഞു.
മൂന്ന് ദിവസങ്ങൾക്കുശേഷം ദൂരെ ആരോ പറയുന്നത് കേട്ടു.
“പിലാത്തോസിന്റെ ശവം മുളവൻ കുളത്തിൽ പൊങ്ങിയേ…”
പരിധിക്കുള്ളിലെ കാഴ്ചകളിൽ കണ്ണപ്പന്റെ ചോര പുരണ്ട കൈകൾ മാത്രം ചലിച്ചുകൊണ്ടിരുന്നു.
ലതിക അങ്ങേപ്പാട്ട്