ആത്മാവിഷ്കാരത്തിന്റെ അനശ്വരത: ഒടുവിലത്തെ പ്രേമം

ആത്മാവിഷ്കാരത്തിന്റെ അനശ്വരത – ഒടുവിലത്തെ പ്രേമം (നിരൂപണപഠനം) 

പ്രപഞ്ചശക്തിയുടെ മഹാവിസ്ഫോടനഫലമെന്നോണം സൃഷ്ടി മുതൽ കല്പാന്തംവരെ ഭൂമിയൊരു പ്രണയഗോളമായി രൂപവത്കരിക്കപ്പെടുന്നു. സർവ്വചരാചരങ്ങളും ഓരോ ഋതുവിലും സ്നേഹത്തെ എടുത്തണിയുന്നവരാകുന്നു. പൂവും പുഴുവും, സൂര്യനും ചന്ദ്രനും കാറ്റും ഇലകളും പോലും പ്രണയത്തിന്റെ പങ്കാളികളായി മാറുന്നു. കവിഭാവനകളുടെ ഉന്മാദമായ വിഷയമായി പ്രണയം ( പ്രേമം) ഉടലെടുത്തിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ഓരോ ഋതുഭേദങ്ങളും പ്രണയത്തിന്റെ പുതിയ ഭാവങ്ങളുമായി പുനർജ്ജനിക്കുന്നു.
കവിതകൾ, ചെറുകഥകൾ, നോവലുകൾ കവിഞ്ഞൊഴുകി ആസ്വാദകവൃന്ദത്തിന്റെ സ്നേഹോഷ്മളമായ ഹൃദയാടിത്തട്ടിലേക്ക് പ്രണയം പരന്നൊഴുകിക്കൊണ്ടിരുന്നു.

” ഒടുവിലത്തെ പ്രേമം ” പ്രണയമാനങ്ങളിൽ….”

ഒടുവിലത്തെ പ്രേമം അഥവാ ഒരു ആത്മസ്നേഹപദ്ധതി.

സമകാലിക നോവലുകളുടെ പ്രമേയങ്ങളെ പരിശോധനാവിധേയമാക്കുമ്പോൾ അവയെല്ലാം ആത്മസ്നേഹം അഥവാ അവനവനോടുള്ള സ്നേഹമെന്നുള്ള
നൂതന ചിന്താപദ്ധതിയുടെ രൂപരേഖ കൂടിയാണെന്ന് തിരിച്ചറിയുവാൻ സാധിക്കും. സ്വാർത്ഥത എന്നതിലുപരി അതിനൊരു മനഃശാസ്ത്രപരമായ മാനം വന്നു ചേർന്നതായി വീക്ഷിക്കുവാൻ സാധിക്കും. “ദിവ്യ അനു അന്തിക്കാട് ” എഴുതിയ
” ഒടുവിലത്തെ പ്രേമം” മുന്നോട്ടുവെയ്ക്കുന്ന തത്വവും പ്രണയത്തിന്റെ ഭാഗമായി മാറുന്ന സ്വയംസ്‌നേഹത്തെ തന്നെയാണ്.

‘ഒടുവിലത്തെ പ്രേമം’ കഥാപാത്രവിസ്താരത്തിൽ പരിമിതമായൊരു നോവൽ സങ്കേതമാണ്. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെയാണ് നോവൽ അവതരിപ്പിക്കപ്പെടുന്നത്.

കഥാപാത്രവിശകലനം

രേണുക

” ഒടുവിലത്തെ പ്രേമം ” പ്രധാനകഥാപാത്രമായ രേണുകയിലൂടെയാണ് എഴുത്തുകാരി ആവിഷ്കരിച്ചിരിക്കുന്നത്. രേണുക വിവാഹിതയാണ്, അമ്മയാണ്. ഭർത്താവിന്റെ ആക്ഷേപങ്ങളും ഉപദ്രവങ്ങളും ദിനേനയെന്നോണം ഏറ്റുവാങ്ങി തന്നിലെ സ്ത്രീത്വം പാഴായി ഒടുങ്ങിയേക്കുമെന്ന് ഭയപ്പെടുന്ന, നിരന്തരമായി സ്നേഹത്തിനുവേണ്ടി മോഹിക്കുന്ന ഒരു സ്ത്രീ. ബാല്യവും കൗമാരവും ഏല്പിച്ച മുറിവുകളെ സ്വയം ഊതിയുണക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരുവൾ. അതിൽ പരാജയപ്പെട്ടു പോകുമ്പോഴും ആത്മഹത്യയുടെ തച്ചുടയ്ക്കപ്പെടലുകളിൽ നിന്നും ജീവിതത്തെ മുറുകേപ്പിടിക്കുന്നവൾ.
രേണുകയുടെ ജീവിതത്തിൽ സംഭവിച്ച അവിചാരിതവും അവിസ്മരണീയവുമായ പ്രണയഗാഥ കൂടിയാണ് ഈ നോവൽ.

മനു

രേണുകയുടെ ആദ്യത്തെ കാമുകൻ. അവിവാഹിതൻ. മൂന്ന് സ്ത്രീകൾ തന്റെ ജീവിതത്തിൽ വന്നുപോയിട്ടുണ്ടെങ്കിലും പ്രണയം ജീവിതത്തിന്റെ അനിവാര്യതയാണെന്നുള്ള ബോധത്തോടെ രേണുകയെ തന്റെ കാമുകിയായി പ്രതിഷ്ഠിക്കുന്നയാൾ. പ്രണയത്തിന്റെ അനിർവചനീയമായ കാല്പനികതകളിലെല്ലാം അഭിരമിക്കുന്ന കഥാപാത്രം. പുസ്തകം, കവിതകൾ, ചലച്ചിത്രം, സ്പോർട്സ്, രാഷ്ട്രീയം തുടങ്ങി എന്തിനേയും കുറിച്ച് വാതോരാതെ സംസാരിക്കുവാൻ പ്രാപ്തനായ ഒരാൾ. രേണുകയിലേക്ക് അയാൾ പ്രവേശിക്കുന്നത് ഒരു വിവാഹിതയായ സ്ത്രീയോടുള്ള വെറുമൊരു മോഹത്തിനാൽ മാത്രമല്ല. ആത്മസ്നേഹമെന്ന തത്വത്തിനോടുള്ള അഭിനിവേശത്തിനാൽക്കൂടിയാണ്.

ആനന്ദ്

അവിചാരിതമായി ഒരു കാശി യാത്രയിൽ രേണുകയെ പരിചയപ്പെടുന്ന സ്നേഹരാഹിത്യത്തിന്റെ കുരുക്ക് കഴുത്തിൽ മുറുകുന്നവളാണ് അവളെന്നു മനസ്സിലാക്കി തന്നോട് ചേർത്തു പിടിക്കുവാൻ ശ്രമിക്കുന്ന കഥാപാത്രം. അയാൾ ഒരു പ്രണയപരാജയത്തിന്റെ വേവുകൾ അനുഭവിച്ചറിയുന്നവൻ കൂടിയാണ്. പൊള്ളുന്നവന് തീയുടെ ചൂട് അറിയാമെന്നതുവണ്ണം അയാൾ രേണുകയുടെ ഒടുവിലത്തെ പ്രേമത്തിന്റെ അവകാശിയാകുന്നു.

ഇതിവൃത്തം

വിവാഹിതയും അമ്മയുമായ രേണുകയെന്ന സ്ത്രീയുടെ ജീവിതത്തിൽ അവിചാരിതമായി കടന്നുവരുന്ന ഒരു പ്രണയം. ദാമ്പത്യജീവിതത്തിന്റെ കയ്പ്പുകൾക്കിടയിൽ അത് അവളുടെ സമാധാനം ആകുന്നു. മുപ്പത്തിയാറുകളിൽ വൃദ്ധയായിപ്പോയവൾ പ്രണയത്തിനാൽ പുനർജ്ജനിക്കുന്നു. എന്നാൽ വിധി അവൾക്ക് കാത്തുവെച്ചത്, സ്നേഹരാഹിത്യത്തിന്റെയും അവഗണനയുടെയും പടുകുഴി തന്നെയായിരുന്നു. ഇതാവാം തന്റെ നിയതിയെന്നു കരുതുമ്പോഴും പ്രണയമില്ലാകാലത്തിലേക്ക് മനസ്സില്ലാമനസ്സോടെ അവൾ സഞ്ചരിക്കുവാൻ തയ്യാറെടുക്കുകയും, കാശിയിലേക്കുള്ള ആ യാത്രയുടെ മധ്യത്തിൽ ആനന്ദ് അവളുടെ ജീവിതത്തിന്റെ കൂട്ടാവുകയും ഒടുവിലത്തെ പ്രേമമായി അയാളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ പ്രേമം സ്നേഹരാഹിത്യമെന്ന രോഗത്തെ പ്രണയജലത്തിനാൽ ശുശ്രൂഷിക്കുന്ന നോവലാകുന്നു.

പ്രേമം ഒരു ആനന്ദതത്വമെന്നുള്ള നിലയിൽ

ഫ്രോയിഡിയൻ മനഃശാസ്ത്ര സമീപനത്തിൽ മനുഷ്യഭാഗധേയം നിർണ്ണയിക്കുന്ന മൂന്ന് മനോമണ്ഡലങ്ങളെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ. ഇതിൽ ഇദ്ദ് – ന്റെ ആനന്ദതത്വത്തിൽ നിന്നും ആരംഭിച്ചു കൊണ്ട് ഈഗോ യുടെ യാഥാർത്ഥ്യ വഴികളിലൂടെ സൂപ്പർ ഈഗോ യുടെ ധാർമ്മിക തത്വത്തിലേക്ക് നീങ്ങുന്ന കഥാപാത്ര മനോവിചാരങ്ങളിലൂടെ ” ഒടുവിലത്തെ പ്രണയം ” പഠനവിധേയമാക്കാവുന്നതാണ്.

” ജീവിതത്തിന്റെ തിക്തതകളിൽ നിന്നുള്ള താത്കാലികവിമുക്തിയാണ് കലയിലൂടെ കലാകാരൻ സാധ്യമാക്കുന്നത് ”

എന്നതാണ് ഫ്രോയിഡിയൻ മനഃശ്ശാസ്ത്ര നിരൂപണത്തിന്റെ സൂഷ്മതലം. എഴുത്തുകാരിയുടെ ആത്മാവിഷ്കാരമാകണമെന്നില്ല ഒരു ഫിക്ഷൻ എന്നുള്ള വാദം പൂർണ്ണമായി മാറ്റിനിർത്തിയാലും ഫ്രോയിഡിയൻ സമീപനത്തെ ഇതിലെ പ്രധാനകഥാപാത്രമായ രേണുകയിലേക്ക് സംയോജിപ്പിച്ചു വ്യാഖ്യാനിക്കുവാൻ സാധിക്കുന്നതാണ്. കലാസിദ്ധാന്തങ്ങളെ കലാകാരൻ എന്നുള്ള ചട്ടക്കൂട്ടിൽ നിന്നും കഥാപാത്രങ്ങളിലേക്കുകൂടി വികസിപ്പിച്ചുകൊണ്ടുള്ള നിരീക്ഷണത്തിനും ഒരു സാധ്യതയുള്ളതിനാൽ ഇത്തരത്തിൽ ഈ സമീപനം സ്വീകരിക്കാവുന്നതാണ്.

” ഒടുവിലത്തെ പ്രേമത്തി”- ലെ മുഖ്യകഥാപാത്രമായ രേണുക അസന്തുഷ്ടമായ ഒരു വൈവാഹികജീവിതത്തിന്റെ ഇരയാണ്. സ്ത്രീയും പുരുഷനും അടുത്ത തലമുറയുടെ സൃഷ്ടിയുടെ വക്താക്കൾ മാത്രമായിമാറുകയും ഒരു കൂരയ്ക്കുകീഴിൽ ചേർച്ചയേതുമില്ലാതെ പരസ്പരം പൊരുതുകയും ചെയ്യുന്ന ഒരു യുദ്ധമായി വിവാഹമെന്നുള്ള സ്ഥാപനം മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ശൈഥില്യമാകുന്ന കുടുംബപശ്ചാത്തലം കുട്ടികൾ ഉൾപ്പെടെയുള്ളവരെ നിഷേധാത്മകമായി മാത്രമേ ബാധിക്കുകയുള്ളു. അവിടെ നിന്നും രേണുക യെന്നുള്ള സ്ത്രീ തന്റെ സ്വത്വബോധത്തെ തിരിച്ചറിയുകയും അസ്തിത്വബോധത്തിൽ ഊന്നി നിന്നുകൊണ്ട് മാനസികാരോഗ്യത്തെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യത്തെ തിരിച്ചറിയുകകൂടിയാണ് ചെയ്യുന്നത്. ജീവിതത്തോട് വ്യഗ്രത കാണിക്കുന്ന ഒരു മനുഷ്യന്റെ സ്വാഭാവികപ്രതികരണം കൂടെയായി അവർ മാറുന്ന സന്ദര്ഭങ്ങളും നോവലിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.

ഇടയ്ക്കെങ്കിലും സ്വയം കണ്ണാടിയിൽ നോക്കി സമാധാനിപ്പിച്ചു. സ്വയം കെട്ടിപ്പിടിച്ചു. എനിക്കുതന്നെ സത്യം ചെയ്തുകൊടുത്തു, ഇനിയുമെന്ത് വേദന അനുഭവിച്ചാലും ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ചു പോകില്ലെന്ന്. ആയിടയ്ക്കാണ് ജോലിക്കുപോവുക എന്ന ഏറ്റവും വലിയ തീരുമാനത്തിലേക്കു ഞാനെത്തിച്ചേർന്നത്. ( page: 15)

എത്ര വേദനയിലും ജീവിതത്തെ കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്ന രേണുകയുടെ സ്വത്വബോധത്തിന്റെ ആദ്യത്തെ ചവിട്ടുപടിയായിരുന്നു സാമ്പത്തിക സ്വാതന്ത്ര്യം എന്നുള്ളത്. ഭർത്താവ് എതിർക്കുമ്പോഴും പുതിയ കുടുംബപ്രശ്നങ്ങളുടെ ഹേതുവായി അത് മാറുമ്പോഴും അവർ തന്റെ തീരുമാനത്തെ സധൈര്യം നേരിടുന്നുണ്ട്. ആത്മഹത്യ ചെയ്യുകയില്ലെന്നും ഏതു കഠിനമായ വേദനയിലും ജീവിതത്തിൽ ഒരു മിന്നാമിനുങ്ങുവെളിച്ചത്തിന്റെ പ്രതീക്ഷ തേടുന്നവളാണ് രേണുക.

ഒരുപാട് ദൂരം നടന്നു ക്ഷീണിച്ച അവസ്ഥയിൽനിന്നും ജോലിയിലേക്കു കയറിയതും വർഷങ്ങൾ പിറകോട്ടു നടന്ന് ജീവിതം കുറച്ചു കൂടി ചെറുപ്പമായി തോന്നിച്ചു. പരാതികളും കുറ്റപ്പെടുത്തലുകളും വലിയ തോതിൽ ബാധിക്കാതായിത്തുടങ്ങി. (Page: 16)

ഈ നോവലിലെ സ്ത്രീസ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ആദ്യത്തെ വസ്തുതാപരമായ നിരീക്ഷണമായി മുകളിൽ നൽകിയ സന്ദര്ഭത്തെ വിശകലനം ചെയ്യാം. ഭർത്തൃമതിയെന്നും മാതാവെന്നും കുടുംബം അതിന്റെ നാലുചുവരുകൾക്കുള്ളിൽ നിരന്തരമായി വിധേയപ്പെടുവാൻ നിർബന്ധിക്കുമ്പോഴും താനൊരു വ്യക്തിയാണെന്നുള്ള ആത്മബോധത്തിന്റെയും സ്വാതന്ത്ര്യം തന്റെ അവകാശം ആണെന്നുള്ള ഉറച്ച വിശ്വാസത്തിന്റെയും വേരുറവകളെക്കൂടി
” ഒടുവിലത്തെ പ്രേമം” പരിശോധനാവിധേയമാക്കുന്നു.

വീണ്ടും ഫ്രോയിഡിയൻ നിരൂപണരീതിയിലേക്കു സംയോജിപ്പിക്കുമ്പോൾ
ഒരു കൃതിയിൽ മറഞ്ഞിരിക്കുന്ന രോഗവും രോഗലക്ഷണങ്ങളും കണ്ടെത്തുന്നുവെന്നുള്ള ആക്ഷേപരൂപമായ നിരൂപണമനഃശ്ശാസ്ത്ര പദ്ധതിയെന്നുള്ള തലത്തെ മുൻനിർത്തി വീക്ഷിച്ചാൽപോലും രോഗത്തിനുള്ളിൽ രോഗപ്രതിവിധിയും കല്പിക്കുവാൻ കഴിവുള്ള കഥാപാത്രപരകായത്തിലേക്ക് എഴുത്തുകാരി കടക്കുമ്പോൾ അവിടെ രോഗം ഒരു തെറ്റല്ല എന്നുള്ള തരം വിശകലനസാധ്യതയും വന്നു ഭവിക്കുന്നുണ്ട്.

തന്റെ മാനസികാരോഗ്യത്തെ പരിഗണിക്കുന്ന രേണുക, തന്റെ പ്രശ്നം തിരിച്ചറിയുകയും അതിനുള്ള പ്രതിവിധികളെ കണ്ടെത്തുവാൻ തുടങ്ങുകയും ചെയ്യുന്നുണ്ട്. അവളുടെ തൊഴിൽ കണ്ടെത്തലും അതിൽ നിന്നുമുള്ള സ്വസ്ഥതയും ഇതിനു ഉദാഹരണമാണ്. സ്നേഹരാഹിത്യമാണ് തന്റെ പ്രശ്നമെന്ന് രേണുക തിരിച്ചറിയുന്നത് അവളിലേക്ക് സ്‌നേഹത്തിന്റെ അവിചാരിതമായ ഒഴുക്ക് സംഭവിക്കുമ്പോൾ തന്നെയാകാം.

രേണുകയുടെ ബാല്യമോ കൗമാരമോ യൗവ്വനമോ നോവലിൽ പൂർണ്ണമായും അനാവരണം ചെയ്യുന്നില്ലയെങ്കിൽകൂടിയും
“അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞ് “, “ചിതലരിക്കുന്ന ജീവിതം ” തുടങ്ങിയ ബിംബങ്ങളും താൻ പ്രണയത്തിലായിരിക്കുന്ന പുരുഷൻ തന്റെ വീടാണെന്നുള്ള അവളുടെ ആവർത്തനഭാഷണങ്ങളും ബാല്യവും കൗമാരവും യൗവ്വനവും നൽകിയ / നൽകിക്കൊണ്ടിരിക്കുന്ന മുറിവുകളുടെ പ്രതീകങ്ങൾ ആകുകയും അത്തരം മുറിവിലേക്കുള്ള സ്‌നേഹത്തിന്റെ നൈസർഗ്ഗികമരുന്നാണവൾ തേടുന്നതെന്നും വ്യക്തമാകുന്നു. ബാല്യ- കൗമാര നോവുകൾ കൊണ്ടു നെയ്തെടുത്തൊരു സ്ത്രീയുടെ അപകർഷതാബോധത്തെ സ്നേഹരാഹിത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് അവളുടെ സ്വത്വബോധത്തെ അഭിമാനപൂർവ്വം നിലനിർത്തുവാൻ കഴിയുന്നതരം പ്രണയത്തിന്റെ അന്വേഷണങ്ങളാണ് നോവലിലുടനീളം രേണുകയെന്നുള്ള കഥാപാത്രത്തിലൂടെ സംഭവിക്കുന്നത്.

ദാമ്പത്യം ഒരു സമൂഹനിർമ്മിത ചട്ടക്കൂട്.

രേണുക കടന്നുപോകുന്നത് അസന്തുഷ്ടമായ ദാമ്പത്യജീവിതപശ്ചാത്തലത്തിലൂടെയാണ്. ദാമ്പത്യം ഒരു സമൂഹനിർമ്മിത ചട്ടക്കൂട് ആയതിനാൽ തന്നെ, അതിനകത്തു സംഭവിക്കുന്ന നീതി നിഷേധങ്ങൾ പോലും ഹിതകരമാകുകയും, സ്വാഭാവികവത്കരിക്കപ്പെടുകയും ചെയ്യുന്നു.
അതിന്റെ ചട്ടക്കൂടുകൾക്ക് പുറത്തുനിൽക്കുന്ന പ്രണയബന്ധം ലിംഗഭേദങ്ങൾക്കധീതമായി മാനസികാരോഗ്യത്തെ സംരക്ഷിക്കുന്ന അവസ്ഥ സംജാതമായാൽ കൂടിയും അത് അവിഹിതങ്ങളുടെ ഗണത്തിലാണ് സമൂഹം ഉൾക്കൊള്ളിക്കുക.
അവിഹിതമെന്ന് സമൂഹം മുദ്ര കുത്തിയിരിക്കുന്ന ബന്ധങ്ങളുടെ മഹത്വവത്കരണമല്ല ഈ നോവൽ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്, അനുഭവിക്കുന്ന മൃഗീയത ഹിതവും അവകാശങ്ങളായ സ്നേഹവും പരിഗണനയും അവിഹിതവുമാകുന്ന കപട സദാചാരനയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം കൂടിയാണ് ” ഒടുവിലത്തെ പ്രേമം ” ചർച്ച ചെയ്യുന്നത്.

ഭർത്താവിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്ന സമൂഹത്തിലും മരണം ഹിതവും ജീവിച്ചിരിക്കാനുള്ള കാരണം അവിഹിതവുമാകുന്ന അവസ്ഥാവിശേഷം ട്രാജിക് തന്നെയാണ്. സ്നേഹം, വിശ്വാസം, ഇതൊക്കെ നിർവചിക്കപ്പെടേണ്ടത് ഒരു സ്ത്രീയും പുരുഷനും പരസ്പരം സ്വാതന്ത്ര്യബോധത്തോടെ ആഹ്ലാദകരമായി ജീവിതം നയിക്കുന്ന ഇടങ്ങളിൽ മാത്രമാണ്.

പരസ്പരം പൊരുത്തമില്ലാതെ രണ്ടു മനുഷ്യർ സമൂഹത്തിന്റെ ജീർണ്ണിച്ച വ്യവസ്ഥിതികൾക്കുള്ളിൽ ഞെരുങ്ങി ജീവിക്കേണ്ടി വരുന്നൊരു അവസ്ഥയിൽ നിന്നുമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഇരകളാകുന്നത് കുട്ടികൾ കൂടിയായിരിക്കും. ഒരു തകർന്ന കുടുംബത്തിന്റെ അടരുകൾ കുഞ്ഞുങ്ങളുടെ ബാല്യത്തിലേക്ക് പടരാതിരിക്കുവാൻ അവരുടെ മാതാപിതാക്കളായിരിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

നിരന്തരമായി ആക്ഷേപങ്ങളും ഉപദ്രവങ്ങളും ഏറ്റുവാങ്ങിയിരുന്ന കഥാപാത്രമായ രേണുക അവളുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയത്തിന് ശേഷം വിവരിക്കുന്ന ഒരു സന്ദർഭം ഇങ്ങനെയാണ്.

ഞാനും ഭർത്താവും തമ്മിൽ പിണക്കങ്ങളോ വഴക്കുകളോ ഇല്ലാതായിത്തുടങ്ങിയിരിക്കുന്നു. വഴക്കുകളിൽനിന്ന് വഴിമാറി വീട് നിശബ്ദമായിത്തുടങ്ങിയിരുന്നു. ഒരു ദിവസം ഭർത്താവ് ശബ്ദമുയർത്താതെ ആദ്യമായി വളരെ മൃദുവായി എന്നോട് സംസാരിച്ചു. ( page :41)

വീട് നിശബ്ദമായെന്നും രണ്ടുപേരും പരസ്പരസമ്മതത്തോടെ പിരിയുവാൻ തയ്യാറെടുക്കുന്നതും അവരുടെ പക്വതയാർന്ന മനസ്സിലാക്കലിന്റെ തീരുമാനമെന്നുള്ള നിലയിൽ തന്നെ വായിച്ചെടുക്കാം. നിശബ്ദതയാണ് പൊട്ടിചിതറലുകളേക്കാൾ കുട്ടികളുടെ മാനസികാരോഗ്യത്തിനു നല്ലതെന്ന് കണ്ടെത്തുവാൻ സാധിക്കുമ്പോൾ സ്‌നേഹത്തിന്റെ അവകാശങ്ങൾ ഖണ്ഡിക്കപ്പെടുന്നില്ല. ബാല്യകാലമുറിവുകൾ ഇല്ലാതിരിക്കൽ തന്നെയാണ് അടിസ്ഥാനസ്നേഹാവകാശം.

ഇവിടെ ലിംഗഭേദവർഗ്ഗീകരണങ്ങൾക്ക് ബാധകമാകാത്ത മനുഷ്യർ അവരുടെ ആത്മാവിന്റെ സംതൃപ്തിയ്ക്ക്, മാനസികാരോഗ്യത്തിലേക്ക്, സ്വയം ആഹ്ലാദിപ്പിക്കുന്ന സംഗതികളിലേക്ക് തന്റെ ശ്രദ്ധയെ തിരിച്ചുവിടുകയും ജീവിച്ചിരിക്കുന്നതിന്റെ കല ആസ്വദിക്കുകയുമാണ്. അത്തരത്തിൽ ഈ നോവൽ മുന്നോട്ട് വെയ്ക്കുന്ന സംഗതി പ്രണയമാണ്.

ജീവിതം അതിന്റെ ആത്മാവിനെ തൊട്ടതുപോലെ ഞാൻ സന്തോഷിച്ചു. വിഭവസമൃദ്ധമായ സദ്യപോലെയല്ല, ഒരു നേരത്തെ അന്നത്തിന് വകയില്ലാതിരുന്നിടത്തു നിന്ന് മൂന്നുനേരവും ഉപ്പിട്ട കഞ്ഞിവെള്ളം കിട്ടുന്ന ഒരുതരം സന്തോഷമില്ലേ. ജീവൻ നിലനിൽക്കാൻ പാകത്തിന് ഊർജ്ജം കിട്ടുന്ന കഞ്ഞിവെള്ളം അതിന്റെ മൂല്യത്തോടെ ഞാൻ കുടിച്ചു. (Page: 18)

ഈ നോവൽ സന്ദർഭം ഉദാഹരണം.

അതോടൊപ്പം തന്നെ സ്ത്രീയുടെ ശരീരത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തുന്ന വീക്ഷണവും നോവൽ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

വേരില്ലാത്ത മരം കണക്കേ വരൾച്ച ബാധിച്ച ഒരുവൾ.

വിത്ത് വിതച്ചിട്ടും നനച്ചിട്ടും വിളയാത്ത ഭൂമി കണക്കേ വരണ്ടതും അടർന്നതുമായ ശരീരമുള്ളവൾ.

ഇത്തരം ബിംബങ്ങളും ഉപമകളും പ്രേമത്തിന് മുൻപ് / ശേഷം എന്ന് വിഭജിക്കപ്പെടുന്നുണ്ട്.

രേണുകയെന്നുള്ള കഥാപാത്രത്തെ എഴുത്തുകാരി പോർട്രൈറ്റ് ചെയ്തിരിക്കുന്നത് അവർ സ്നേഹത്തിന്റെ ഒരു ചെറുതരിയെങ്കിലും ബന്ധങ്ങളിൽ കണ്ടെത്തുന്ന സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ്. തനിക്കു നേരെ നീളുന്ന കരതലത്തിൽ സ്‌നേഹത്തിന്റെ ചെറുകണികപോലും അവർ ശ്വസിക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ്.

അസന്തുഷ്ടത മാത്രം പ്രകടിപ്പിക്കുന്ന ഭർത്താവിന്റെ ലൈംഗികചോദനയെ അവൾ വിവരിക്കുന്ന സന്ദർഭം. “ഇരുട്ട് വീണാൽ സ്നേഹം നിറയുന്നു.” എന്നുള്ള വാചകത്തിനാലാണ്. അതൊരു വിരോധാഭാസമാണെന്ന് സ്വയം ബോധ്യമുള്ളപ്പോഴും അതിനേയും സ്നേഹം കൊണ്ടു വിവക്ഷിക്കുവാനുള്ള ബോധപൂർവ്വമോ അല്ലാത്തതോ ആയിട്ടുള്ള ത്വരയെ സ്നേഹത്തിനോടുള്ള അഭിനിവേശത്തിന്റെ ഉന്നതതലമായി നിർവചിക്കുവാൻ കഴിയുന്നു. സ്നേഹരാഹിത്യങ്ങൾ പ്രതീക്ഷകൾ അസ്തമിപ്പിക്കും എന്നുള്ള ബോധ്യം തന്നെയുമാകാം.
ബന്ധങ്ങളെ , അഥവാ അതൊരല്പം വക്രിച്ചിരുന്നാൽപോലും സമൂഹത്തിന്റെചട്ടക്കൂടുകൾ ഹിതമെന്ന് നൽകിയത് ആണെങ്കിൽ നേർരേഖയിലൂടെ മാത്രം അതിനെ വീക്ഷിക്കുകയെന്നുള്ള സങ്കല്പങ്ങൾക്കധീതമായി അടിമയും ഉടമയും തമ്മിലുള്ള ബന്ധമൊരിക്കലും സ്നേഹത്തിന്റേതല്ലയെന്നും സ്നേഹത്തിന്റേത് ആവുകയില്ലയെന്നുമുള്ള സാമാന്യബോധത്തിലൂന്നി നിന്നുകൊണ്ട് വായനക്കാരിൽ ഒരു കഥാർസിസ് നടത്തുവാൻ ” ഒടുവിലത്തെ പ്രേമം ” പര്യാപ്തമാണ്.

പ്രേമമാണ് വിഷയമെന്നതിനാൽമാത്രം പൈങ്കിളിവത്കരിക്കുകയോ കാല്പനികത വെറുമൊരു ഭോഷ്കാണെന്ന് വിധിപ്രഖ്യാപിക്കുകയോ ചെയ്യുന്നത് ഉത്തമമല്ല. ഹിതമല്ലാത്ത വിഷം മരുന്നായി വർത്തിക്കുന്നതുപോലെ നിതാന്തമായി ജീവിതത്തെ നയിക്കുന്ന ഒന്നായി പ്രണയം മാറുന്നുവെന്നുള്ള അവസ്ഥാവിശേഷംകൂടി ഇതിനുണ്ട്. ജീവിച്ചിരിക്കാൻ കാരണമാകുന്നൊരു അമൃത് തന്നെയാകുന്നു അത്.

അസന്ദിഗ്ദ്ധമായി തുടരുന്ന പ്രേമം.

പ്രപഞ്ചമാകെ ഇനിയുമിനിയും പൊള്ളിയടർന്നു പുനർജ്ജനിക്കുമ്പോഴും പ്രേമം അസന്ദിഗ്ദ്ധമായി തുടരുക തന്നെ ചെയ്യും. തന്റെയുള്ളിലെ പ്രണയത്തിന്റെ നിർവചനം പൂർണ്ണമാകാതെ ആദ്യപ്രണയത്തിൽ നിന്നും പുറത്തിറങ്ങി നില്ക്കുന്ന സ്ത്രീയെ ഒരുതരം അസംതൃപ്തി ചൂഴ്ന്നു നിൽക്കും. ഒടുവിലത്തെ പ്രേമത്തിലേക്കുള്ള അവളുടെ പ്രയാണം ബോധപൂർവ്വമോ അല്ലാതെയോ സംഭവിക്കും.

രേണുക പതിനേഴിന്റെ ചെറുപ്പമായിരുന്നില്ല. എങ്കിലും മനുവിനാൽ പ്രണയിക്കപ്പെടുന്നതിനുമുന്പേ അവൾ വൃദ്ധയാക്കപ്പെട്ടിരുന്നുവെന്ന് പറയുന്നുണ്ട്.

സാധാരണ പെൺകുട്ടികൾക്കോ സ്ത്രീകൾക്കോ ഉണ്ടാവുന്നവിധം മിനുമിനുത്തതായ കൈകളോ കാലുകളോ എനിക്ക് ഇല്ലായിരുന്നു. ( page: 31)

അവളുടെ ഇത്തരം അപകർഷതകളുടെ വേരുകളെകൂടിയാണ് മനുവിന്റെ പ്രണയം ഒരു പിയാനോ മാന്ത്രികന്റെ മാജിക്കുകളോടെ ഇല്ലാതാക്കിയത്. അതേ പ്രേമം നൽകിയ സുരക്ഷിതത്വത്തിന്റെ വിരലുകൾ അയഞ്ഞു തുടങ്ങിയത് അവളിൽ സൃഷ്‌ടിച്ച വേദനകളുടെ ആഴത്തെ മുറുകേ പുണർന്നതും തളിരിട്ട കുഞ്ഞില വാടിത്തളർന്നുപോയതുപോലെ അവൾ വീണുപോയതും ഇതേ കാരണം കൊണ്ടുതന്നെയാവാം. പ്രേമത്തിനാൽ എത്ര തളിർത്തുവോ എത്രമാത്രം മതിക്കപ്പെട്ടുവോ അത്രതന്നെയവൾ വാടിക്കരിയുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന സന്ദര്ഭത്തിലാണ് അവൾ മനുവിൽ നിന്നും ഇറങ്ങി നടക്കുന്നത്.

ഒടുവിലത്തെ പ്രേമത്തിന്റെ മുകുളം

ആനന്ദുമായി സംഭവിക്കുന്ന പ്രണയത്തെ നിയോഗമെന്ന് കണക്കാക്കുന്ന രേണുക, അതിനെ തന്റെ ഒടുവിലത്തെ പ്രേമം എന്ന് നിർവചിക്കുന്നത് അവളുടെയുള്ളിലെ പ്രണയത്തിന്റെ പൂർണ്ണമായ സാക്ഷാത്കാരംകൂടിയാണ്.
” അച്ഛൻ നഷ്ടപ്പെട്ട കുഞ്ഞിൽ നിന്നും ” ” അയാൾ പ്രസവിച്ച കുഞ്ഞെന്നതുപോലെ ” തുടങ്ങിയ രൂപാത്മക ഉപമകളിലൂടെ രേണുകയെന്ന കഥാപാത്രത്തിന്റെ ജീവിതചക്രത്തിന്റെ പൂർണ്ണതകൂടി ദർശിക്കുവാൻ സാധിക്കുന്നു. രേണുകയിൽ ഉണ്ടായിരുന്നത് പ്രണയത്തിന്റെ ആത്മീയത കലർന്ന അന്വേഷണം കൂടിയായിരുന്നുവെന്നത് എഴുത്തുകാരി വെളിപ്പെടുത്തുന്നതും ഇത്തരം രൂപാത്മക ഉപമകളിലൂടെയാണ്. കാശി പരിസരമാകുന്നതും ഒടുവിലത്തെ പ്രേമത്തിന്റെ കണ്ടെത്തലിടം ആകുന്നതും നോവലിൽ സംഭവിക്കുന്നതിലൂടെ പ്രേമത്തിന്റെ ആത്മീയമായ അതീവ ശ്രേഷ്ഠമായ സ്വാസ്ത്യം എഴുത്തുകാരി മുന്നോട്ട് വെയ്ക്കുന്നു.

ശാരീരികമായ പ്രേമത്തെ കേവലം ലിംഗയോനീബന്ധത്തിനോട് ഇണക്കിച്ചേർക്കാതെ, അതിനെ ഏറ്റവും ആത്മീയമായ ഊർജ്ജമായി കണക്കാക്കിയ മുൻഗാമികളായ എഴുത്തുകാരുടെ പാതയെ തന്നെയാണ് ഒടുവിലത്തെ പ്രേമവും പിന്തുടരുന്നതെന്നുള്ള വസ്തുതയും മനസ്സിലാക്കുവാൻ സാധിക്കും.

ലൈംഗികതയും സ്ത്രീയുടെ അവകാശമാണെന്നും പരിപൂർണ്ണമായി പ്രേമത്തിലൂടെ അത് അനുഭവിക്കുന്നുവെന്നും അടയാളപ്പെടുത്തുന്നതിലൂടെ ഒടുവിലത്തെ പ്രേമം പൂർണ്ണമാകുകയാണ്. ആനന്ദിനെ കണ്ടെത്തി, പ്രണയത്തിൽ പൂർണ്ണമായ സംതൃപ്തി നേടുന്ന രേണുക, മനു നൽകിയ പ്രേമത്തിനെയും പരിഗണനയേയും ഒരുപക്ഷേ മനുവിനെപ്പോലും വെറുപ്പിന്റേതായ യാതൊരു മാനദണ്ഡങ്ങളിലേക്കും കടത്തിവിടാതെ എല്ലാവിധ നന്ദിയോടും കൂടി അയാളിൽ നിന്നും ഇറങ്ങുകയാണ്. തന്റെ ജന്മസാഫല്യം സാക്ഷാത്കൃതമായ സ്ത്രീയുടെ സർവ്വവിധ ആനന്ദങ്ങളും വന്നുഭവിക്കവേ , എല്ലാവിധ വിടവാങ്ങലുകൾക്കും ആത്മീയമായ, മാനുഷികപരവുമായ ഒരു തലം വന്നെത്തുന്നുണ്ട് എന്നും എഴുത്തുകാരി ഒടുവിലത്തെ പ്രേമത്തിലൂടെ പറഞ്ഞു വെയ്ക്കുന്നു.

നോവലിലെ നിറംമങ്ങൽ അഥവാ പോരായ്മാശാസ്ത്രം.

ഭാഷാപരമായ സൗന്ദര്യവത്കരണ സാധ്യതകളുടെ ചിന്തകളിലേക്ക് പൂർണ്ണമായും പ്രവേശിക്കുവാൻ എഴുത്തുകാരിയുടെ വൈകാരികതയ്ക്ക് സാധ്യമായിട്ടില്ല എന്നുള്ളത് ഒരു പോരായ്മയാണ്.

എങ്കിലും അതേ പൊട്ടചിന്തകൾ മനസ്സിലേക്ക് ഓടിയെത്തി. ( Page : 26)

ഇത്തരം വാക്യങ്ങളുടെ നിർമ്മാണങ്ങൾ നോവലിന്റെ ഭാഷയെ സാരമായതരത്തിൽ ബാധിച്ചിട്ടുണ്ട്.

മറ്റൊന്ന് പൂർണ്ണമാകുന്ന പ്രണയത്തിന്റെ ആഹ്ലാദപ്രകടനങ്ങളിൽ വാക്യങ്ങളുടെ ആവർത്തനങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരേ ആശയത്തെത്തന്നെ വിവിധ രൂപത്തിൽ പ്രകടമാക്കുന്ന സന്ദര്ഭങ്ങൾ കണ്ടെടുക്കാമെങ്കിലും വായനയുടെ ഒഴുക്കിനെ സാരമായി ബാധിക്കുന്നവയായി അത് മാറുന്നില്ല എന്നതും വസ്തുതയാണ്.

എഴുത്തുകാരിയുടെ പ്രഥമ പുസ്തകമെന്ന പരിഗണനയുടെ വീക്ഷണകോണിലൂടെ നോക്കുമ്പോൾ ഒരു ആശയത്തെ മാനുഷികവും സാമൂഹികവുമായ തലങ്ങളിൽ നിന്നുകൊണ്ട് മിതമായ പേജുകളിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞത് അഭിനന്ദനം അർഹിക്കുന്നു.

ലളിതമായി പ്രേമത്തെ പകർത്തിയിരിക്കുന്നുവെന്നു മാത്രം ആദ്യത്തെ വായനയിൽ തോന്നാമെങ്കിലും ” ഒടുവിലത്തെ പ്രേമം ” മുന്നോട്ട് വെയ്ക്കുന്ന വായനാസാധ്യതകൾ ഗഹനമാണ്. ഒരു വിഷയത്തെ കുറുക്കിയെടുത്ത് വായനാസാധ്യതകളുടെ വലിയൊരു പരിസരത്തെ പ്രത്യക്ഷവത്കരിക്കപ്പെടാതെ ” ഒടുവിലത്തെ പ്രേമം ” ലളിതവും അതേസമയം വിവേകപൂർണ്ണവുമായ നോവൽ ആയി മാറുന്നു.

പ്രസിദ്ധനായ അമേരിക്കൻ മനശാസ്ത്രജ്ഞനായിരുന്ന അബ്രഹാം ഹരോൾഡ് മാസ്ലോ യുടെ ” ആവശ്യങ്ങളുടെ പദവിക്രമ സിദ്ധാന്തം” [MASLOW’S HIERARCHY OF NEEDS] ഫിക്ഷനിൽ എങ്ങനെ അവതരിപ്പിക്കാൻ സാധിക്കുമെന്നുള്ളതിന്റെ ഒരു മാതൃകകൂടിയാണ് ” ഒടുവിലത്തെ പ്രേമം”.

ശാരീരിക ആവശ്യങ്ങൾ
സുരക്ഷ ആവശ്യങ്ങൾ
സാമൂഹികാവശ്യങ്ങൾ
ആത്മബഹുമാനം
സ്വയം സാക്ഷാത്കാരം.

ഈ ശ്രേണിയെ ഒരു മനുഷ്യനിലെ സ്നേഹമെന്നുള്ള ആശയത്തെ മുൻനിർത്തി ഘട്ടം ഘട്ടമായി ഒടുവിലത്തെ പ്രേമം പറഞ്ഞുവെയ്ക്കുന്നത് ദർശിക്കുവാൻ സാധിക്കുന്നു.

പ്രണയമെങ്ങനെ മാനുഷികമായ പരിഗണനയായി മാറുന്നു , സ്വയം സാക്ഷാത്കാരത്തിന്റെ അത്യുന്നതമായ ശ്രേണി കീഴടക്കുന്നു എന്നതെല്ലാം ” ഒടുവിലത്തെ പ്രേമം ” ആസ്വാദകരോട് സംവദിക്കുന്നു.

ദൈവമേ… ഇനിയൊരാളുടെ ഗന്ധവും എനിക്ക് വേണ്ട, ഇനിയൊരാളുടെ പ്രേമവും എനിക്ക് വേണ്ട, എന്റെ ശരീരവും മനസ്സും അയാൾക്ക് പ്രേമിച്ചുതീർക്കാനുള്ള മാർഗ്ഗമായി മാത്രം നിലനിർത്തുക. ഇതിനുമപ്പുറം മറ്റൊരാൾക്ക്‌ ഒന്നുമൊന്നും എനിക്കുവേണ്ടി ചെയ്യാനില്ല.
( ഒടുവിലത്തെ പ്രേമം- ദിവ്യ അനു അന്തിക്കാട്)

തയ്യാറാക്കിയത്: ഹരിത. ആർ.

 

എഴുത്തുകാരോട് ഖേദപൂർവ്വം…

ഓടുപാകിയ സ്കൂൾ കെട്ടിടത്തിന്റെ ഒരു വലിയ മുറി നിറയേ പുസ്തകങ്ങൾ ആയിരുന്നു. ഒരു വെള്ളിയാഴ്ച ഉച്ചനേരം അവിടുത്തെ അധ്യാപിക ആ അത്ഭുതലോകത്തിലേക്ക് ഞങ്ങൾ കുറച്ചു കുട്ടികളെ കൈപിടിച്ചിരുത്തി. ആദ്യം കണ്ണുകൾ ബാലരമയിലേക്കും പിന്നീട് കുഞ്ഞുകുഞ്ഞു ബാലസാഹിത്യ പുസ്തകങ്ങളിലേക്കും ചിതറിത്തെറിച്ചു വീണു. ബാലരമ മാറ്റിവെച്ച്, ആദ്യം കൈയ്യിൽ എടുത്ത പുസ്തകം.
” നാഗമാണിക്യത്തിന്റെ കഥ ” യാണ്‌. ശേഷം അത് ” ദീപു ” വിലേക്ക്..! അങ്ങനെ ഒരു ദിവസം അതേ അധ്യാപിക എടുത്തു തന്ന പുസ്തകമാണ് ,
” ഒരു കുടയും കുഞ്ഞുപെങ്ങളും ” പെരുമഴയത്ത് കൂട്ടുകാരിയുടെ കുടയിലേക്ക് ഓടിക്കയറുകയും, ” നിന്നെ കേറ്റുകേല ” എന്ന് കേട്ടു കരഞ്ഞു നിന്നതും, നനഞ്ഞൊലിച്ച് ലില്ലി ക്ലാസ്സിൽ എത്തുന്നതും ഒരു എട്ടു വയസ്സുകാരിക്ക് വായിച്ച് മനസ്സിലാക്കുവാനും, പിന്നീട് ഒരുപാട് മഴയിൽ അവളെ ഓർത്തിരിക്കാനും അതൊരു തുടക്കമായി.

അമ്മയുടെ വീട്ടിൽ പോകുമ്പോൾ അമ്മാവൻ ലൈബ്രറി യിൽ നിന്ന് കൊണ്ടുവെച്ചിരുന്ന പുസ്തകങ്ങൾ വീണ്ടും വായനയിലേക്കു തന്നെ കൈപിടിച്ച് കൊണ്ടുപോയിരുന്നു. നാലുകെട്ട് വായിക്കുന്നത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഇതുവരേം പുനർവായന നടത്തിയിട്ടില്ലെങ്കിൽ പോലും അപ്പുണ്ണി പെറുക്കിവെച്ച് എണ്ണിക്കൊണ്ട് ഇരുന്ന കല്ലുകളും ഉള്ളി മൂപ്പിച്ച ചോറും എന്റെ ഓർമ്മകളിൽ അങ്ങനെ തന്നെയുണ്ട്.

വായന ഒരു വിനോദം മാത്രമാണെന്ന് കരുതിയിരുന്ന കുട്ടി എന്റെയുള്ളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഒരുപക്ഷേ അതെന്റെ ജീവിതത്തിന്റെ ഏറ്റവും വലിയൊരു ഭാഗമായി മാറിയത് കൊണ്ടാവും. മാധവിക്കുട്ടി യിലേക്ക് ചേക്കേറിയ കാലം വർഷങ്ങൾ എന്നെ അവരിൽ തളച്ചിട്ടു. സ്കൂൾ – കോളേജ് ലൈബ്രറി കളിൽ കയറിയിറങ്ങി ഞാൻ അവരെ വായിച്ച് രസിച്ചു കൊണ്ടിരുന്നു.
അങ്ങനെ വായന, ഇഷ്ടപ്പെട്ട വളരെ കുറച്ചു എഴുത്തുകാരിൽ ഒതുങ്ങി… എളുപ്പം വായിച്ച് തീർക്കാവുന്ന പുസ്തകങ്ങളേ തേടി ഒരുകാലത്തും അലഞ്ഞിട്ടില്ല എന്നതാണ് ഓർമ്മ.

ആവർത്തിച്ചാവർത്തിച്ച് പറയാറുള്ളത് പോലെ പുസ്തകങ്ങൾ വായിച്ചു വായിച്ചാണ് ഞാൻ വായനക്കാരന്റെ വിശാലമായ ലോകത്തിലേക്ക് പ്രവേശിക്കുന്നത്.

” മഹത്തായ ഗ്രന്ഥങ്ങൾ വായിക്കുവാൻ ആരംഭിക്കുന്ന വായനക്കാരനിൽ വിമർശനാത്മകമായ ഒരു ബോധം പതിയേ തെളിഞ്ഞു വരും ”

എന്നോട് ഒരു സുഹൃത്ത് പറഞ്ഞതിന്റെ ആഴം പതിയെ മനസ്സിലാക്കുവാൻ തുടങ്ങിയപ്പോൾ, അതല്ലെങ്കിൽ ഗൗരവപൂർണ്ണമായ വലിയൊരു നിരൂപകനെ ( കെ. പി. അപ്പൻ ) വായിച്ച് പൂർത്തിയാക്കിയപ്പോൾ, ( എന്നും വായിക്കും. ) സാഹിത്യമേഖല യിൽ പ്രചരിക്കുന്ന ഒരുപാട് കാര്യങ്ങളിൽ വിയോജിപ്പ് തോന്നിത്തുടങ്ങി.

നിരന്തരമായ വായനകൾക്ക് നമ്മുടെ ബൗദ്ധികതലത്തിൽ മാറ്റങ്ങൾ ഒന്നും സൃഷ്ടിക്കുവാൻ കഴിയുന്നില്ല എങ്കിൽ വായനകൾ പ്രയോജനപ്പെടുന്നില്ല എന്നും അർത്ഥമാക്കാമല്ലോ.

ഏത് ഴോണറിലുള്ള പുസ്തകങ്ങൾക്കും ഇവിടെ വായനക്കാർ ഉണ്ടായിരിക്കും. ഒരുപക്ഷേ ആരാധകരും. എന്നിരുന്നാൽ പോലും വായിച്ച് മറക്കാവുന്ന പുസ്തകങ്ങളെ ആവശ്യമേ ഇല്ലാത്ത ഹൈപ് കലർത്തി, വിപണിയിൽ വിറ്റഴിക്കുമ്പോൾ ഇതാണ് വായനക്കാർക്ക് ആവശ്യം എന്ന് മികച്ചതായി എഴുതുന്ന എഴുത്തുകാർ പോലും കരുതുകയോ, അതല്ലെങ്കിൽ അവർ അതിലേക്ക് ചുരുങ്ങുവാൻ നിർബന്ധിതർ ആകുകയും ചെയ്യുന്നുണ്ടോ എന്നുള്ളത് ഒരു സംശയമാണ്.

നിങ്ങളുടെ എഴുത്തും സാഹിത്യവും തമ്മിൽ ബന്ധമില്ല, എന്റെ പുസ്തകത്തിൽ മലയാള സാഹിത്യത്തിനു വേണ്ടി ഒന്നുമില്ലെന്നുമൊക്കെ പരസ്യമായി പ്രഖ്യാപിക്കുന്നതിലെ വിഡ്ഢിത്തം എന്തുകൊണ്ടാണ് എഴുത്തുകാർ തിരിച്ചറിയാത്തത്.? എഴുതുക എന്നൊരു ഉദ്യമത്തിൽ നിങ്ങൾ ഏർപ്പെടുന്നുവെന്നാൽ നിങ്ങൾ സാഹിത്യത്തെ തിരഞ്ഞെടുക്കുന്നുവെന്ന് തന്നെയല്ലേ അർത്ഥം. നിങ്ങൾക്ക് സാഹിത്യത്തോടും നിങ്ങളുടെ വായനക്കാരോടും ഉത്തരവാദിത്വം ഉണ്ടെന്ന് തന്നെയല്ലേ അർത്ഥം.

ക്ലാസ്സിക്‌ പുസ്തകങ്ങൾ എന്നൊരു ഗണത്തിൽ നിലനിൽക്കുന്ന പുസ്തകങ്ങൾ എഴുതപ്പെടുമ്പോൾ..

” ഞാൻ ഇതാ ക്ലാസ്സിക്‌ എഴുതാൻ പുറപ്പെടുന്നു ”

എന്നൊരു പ്രഖ്യാപനമൊന്നും ആരും നടത്തിയിട്ടുണ്ടാവില്ല. പുസ്തകങ്ങൾക്ക് ലഭിക്കുന്ന ക്ലാസ്സിക്‌ പദവി എന്നത് അവരുടെ പ്രതിഭ യാണ്‌. അതിനുമപ്പുറം അവരുടെ രചനയിലെ ഉത്കൃഷ്ഠതയാണ്‌. അതിലെ വിഷയത്തിന്റെ വർഷങ്ങൾക്ക് അപ്പുറവും നിലനിൽക്കുന്ന കാലിക പ്രസക്തിയാണ്‌. അതിനെല്ലാം പുറമെ അവരുടെ രചനകൾക്ക് മനുഷ്യരുടെ ആത്മാവിനെ സ്പർശിക്കുവാൻ കഴിവുണ്ട് എന്നതാണ്.

“കാരമസോവ് സഹോദരന്മാർ ” എഴുതപ്പെട്ടിട്ട് നൂറു വർഷങ്ങൾക്കു ശേഷം അത് വായിക്കുമ്പോൾ അത്ഭുതപ്പെടുത്തിയത് ഏതോ രാജ്യത്തെ ഏതോ ഗ്രാമത്തിലെ ഏതോ ഒരു കഥ എങ്ങനെ ഒരു മാനവസമൂഹത്തെ ഇത്രയും കൃത്യമായി പ്രതിനിധാനം ചെയ്യുന്നുവെന്നുള്ളതാണ്.
മനുഷ്യനാണ് മനുഷ്യന്റെ ശുഷ്രൂഷകൻ എന്നുള്ള തത്വത്തെ നൂറു വർഷങ്ങൾ മുന്പേ എഴുതപ്പെട്ടിരിക്കുന്നു. ഇന്നും അതിന് പ്രാധാന്യം ഉണ്ടാകുന്നു.

സാഹിത്യമൊരു തൊഴിലായി മാറിയ കാലത്തിന്റെ പ്രശ്നവും ഇതിലുണ്ടെന്നാണ് തോന്നുന്നത്. സാഹിത്യകാരൻ ആണെന്ന് പറയാതെ, പത്രത്തിൽ ജോലി ചെയ്യുന്നുവെന്ന് പറയുവാൻ ആയിരുന്നു തനിക്ക് താല്പര്യം എന്ന് എം. ടി പറഞ്ഞിട്ടുള്ളത് വായിച്ചിട്ടുണ്ട്. ഇപ്പോൾ സാഹിത്യം തൊഴിൽ ആകുമ്പോൾ അങ്ങനെ പരിഗണിക്കുമ്പോൾ വിപണിക്ക് വേണ്ടി എഴുതുന്ന എഴുത്തുകാരെ കുറ്റം പറയുവാനേ കഴിയില്ല. അവർക്ക് അവരുടെ തൊഴിൽ ചെയ്യണമല്ലോ. ( അതിൽ നിന്നും ലഭിക്കുന്ന വരുമാനം / തുക കൈപ്പറ്റേണ്ടതില്ല എന്ന് ഈ പറഞ്ഞതിന് അർത്ഥം ഇല്ല. )

നേരെ മറിച്ച് ഒരു വായനക്കാരി എന്നുള്ള തലത്തിൽ, എനിക്ക് സാഹിത്യമൊരു സംസ്കാരം ആണെന്നാണ് തോന്നിയിട്ടുള്ളത്. ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് അത് പകർത്തപ്പെടണം. ബൗദ്ധികമായി പ്രചോദനം നൽകണം. വായിക്കുന്ന പുസ്തകം ചിന്തിപ്പിക്കുകയും, വേണം.

സേതു എന്നുള്ള എഴുത്തുകാരന്റെ കൃതികളുടെ ഏറ്റവും മഹത്തരമായ പ്രത്യേകതയായി തോന്നിയിട്ടുള്ളത്, അദ്ദേഹം പൂർത്തിയാക്കുവാൻ വായനക്കാരന് അവസരം നൽകുന്നു എന്നുള്ളതാണ്. വായിച്ചു മറക്കുവാൻ വേണ്ടി ആവരുത് വായന എന്നുള്ള നിർബന്ധം എഴുത്തുകാരന് ഉണ്ടായിരിക്കേണ്ടതുണ്ട്.

എല്ലാവർക്കും എം ടി യോ, സേതുവോ, ഡോസ്റ്റോയെവ്സ്കിയോ, ഒ. വി യോ ആകുവാൻ കഴിയുകയില്ലായിരിക്കാം. നിങ്ങളും അവരും തമ്മിലുള്ള പ്രധാന സാമ്യം മനസ്സിലാക്കിയിട്ടുണ്ടോ? അവിടെയാണ് അതിൽ കാര്യം.

ഒരു കുടയും കുഞ്ഞുപെങ്ങളും വായിച്ച എട്ടു വയസ്സുകാരിയുടെ അതേ ഹൃദയനൊമ്പരത്തോടെ എനിക്കിപ്പോഴും ആ പുസ്തകം വായിക്കുവാൻ സാധിക്കുമെന്നതാണ് . അങ്ങനെ പുസ്തകം നിലനിൽക്കപ്പെടണം എന്നതാണ് പറയുന്നത്.

സത്യത്തിൽ എത്രയോ അനവധി വർഷങ്ങൾ ഇവിടെ ആരും എഴുതാതിരുന്നാൽ പോലും വായിച്ച് തീർക്കുവാൻ പുനർവായന നടത്തുവാൻ പാകത്തിന് പുസ്തകങ്ങൾ നമുക്ക് ഇപ്പോഴേ ഉണ്ട്‌.

ജെ. ദേവിക മാഡത്തിന്റെ ഒരു ഇന്റർവ്യൂ വിൽ അവർ പറഞ്ഞത്, ഒരുകാലത്ത് നിലനിന്നിരുന്ന പ്രതിസന്ധികൾ ഒന്നും തന്നെ ഇപ്പോൾ ഇല്ലെന്നും എല്ലാവരും ഏറ്റവും സേഫ് സോണിൽ ഇരുന്നാണ് കഥകൾ സൃഷ്ടിക്കുന്നത് എന്നുമാണ്. അതിൽ വാസ്തവം ഇല്ലാതില്ല. എന്നാൽ, പ്രതിസന്ധികളും, ആത്മസംഘർഷങ്ങളും പിടിമുറുക്കുന്ന മനുഷ്യരുടെ സങ്കീർണ്ണതകൾ ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നേർക്ക് ചോദ്യങ്ങൾ ചോദിച്ച്, പരിഹാരങ്ങൾക്ക് കൈനീട്ടി, ഒടുവിൽ ആത്മഹത്യാ മുനമ്പ് തേടുന്ന മനുഷ്യർ ഇന്നും ഉണ്ട്‌.

കഥകൾ സൃഷ്ടിക്കുന്നവനല്ല , ചുറ്റുമുള്ള മനുഷ്യരുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് അത് കണ്ടെത്തി അവതരിപ്പിക്കുന്നവനാണ് എഴുത്തുകാരൻ. കള്ളനും, കൊലപാതകിയും, വേശ്യയും, കുട്ടികളും, വൃദ്ധനും, പ്രേമവും, കൊലയും, കൊള്ളയും, രോഗവും, ദാരിദ്രവും നിരക്ഷരതയും, മലിനീകരണവുമെല്ലാം ഇന്നും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്.
അതിന്റെ ശരിതെറ്റുകളെ, അവസ്ഥകളെ, പരിഹാരങ്ങളെ അക്ഷരങ്ങളിൽ പകർത്തുവാൻ എഴുത്തുകാർ നിങ്ങൾ ഉണ്ടായല്ലേ മതിയാവൂ. അത് ഒരു സമൂഹത്തിന്റെ ഭാഗമായ സാഹിത്യത്തിന്റെ കടമകൂടിയാണ്.

വായിക്കപ്പെടുന്ന പുസ്തകവും വിൽക്കുന്ന പുസ്തകവും രണ്ടും രണ്ടു തലങ്ങളിൽ നിലനിൽക്കുന്നതാണ്. ഒരുപാട് വിൽക്കുന്ന പുസ്തകം നല്ല പുസ്തകം ആവണമെന്നില്ല. നല്ലത് എന്നുള്ളതിന്റെ അർത്ഥം വന്നു നിൽക്കുന്നത്, വായിക്കുന്ന മനുഷ്യന് പുതിയത് എന്തെങ്കിലും നൽകുക, ചിന്തിപ്പിക്കുക എന്നുള്ള അർത്ഥത്തിൽ തന്നെയാണ്. ഏറ്റവും പ്രധാനപ്പെട്ടത് പുസ്തകം വെറും നേരംകൊല്ലി ഉപാധി മാത്രമല്ലാതിരിക്കുക എന്നതും.

ലിറ്ററേച്ചർ ഫെസ്റ്റുകൾ കാലാഹരണപ്പെട്ട ചർച്ചകൾ ഒഴിവാക്കി,[ ( like സ്ത്രീകളെ എഴുത്തിൽ വിലക്കുന്നത് ആര് എന്നൊക്കെ ഉള്ളത്. ( വെറുതേ ഒരു ഉദാഹരണം ) ]

ലേഖനങ്ങളെ കുറിച്ചും, കവിതകളെ കുറിച്ചും നിരൂപണങ്ങളെ കുറിച്ചും ലോകസാഹിത്യങ്ങളെ കുറിച്ചും, വിവർത്തനങ്ങളെ കുറിച്ചുമൊക്കെ കൂടുതൽ സമയം കൊടുത്ത് ചർച്ചകൾ സംഘടിപ്പിക്കേണ്ടതുണ്ട്. നിരൂപണം പാടെ ഇല്ലാതാകുകയും നിരൂപകൻ എഴുത്തുകാരന്റെ ശത്രു ആകുകയും ചെയ്യുന്ന കാലമല്ല പകരം നിരൂപണത്തിലൂടെ മികച്ച സൃഷ്ടികൾക്ക് പ്രചോദനം ആകുക എന്നുള്ള ഉദ്യമത്തെ കുറിച്ചാണ്‌ പറയുന്നത്.

ആരെങ്കിലും ഒരു പുസ്തകം നന്നായിട്ടില്ല എന്ന് പറഞ്ഞാൽ അതേ കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നെങ്കിലും ചിന്തിക്കാവുന്ന തലത്തിലേക്ക് വായനയും എഴുത്തും മാറേണ്ടതുണ്ട്.

മറ്റൊരു കാര്യം സിലബസ് മെറ്റീരിയൽ ആകുമ്പോൾ….

ഏറ്റവും കൂടുതൽ പ്രചാരത്തിൽ വന്നുവെന്നുള്ള മാനദണ്ഡത്തിൽ അല്ല, ഒരു പുസ്തകവും സിലബസ് ൽ ഉൾപ്പെടുത്തേണ്ടത്. വെറുതേ വായിച്ച് വിടാൻ തന്നെ ഇല്ലാത്ത ഒരു പുസ്തകം എടുത്തു പഠിക്കാൻ പറഞ്ഞു കൊടുക്കുന്നതിലെ വസ്തുത തീരേയും മനസ്സിലായിട്ടില്ല. എളുപ്പം പഠിക്കാം എന്നത് അല്ല യൂണിവേഴ്സിറ്റി തലത്തിൽ വിഷയത്തിന്റെ സ്ഥാനം. എങ്ങനെയൊക്കെ റഫർ ചെയ്ത്, ഗവേഷണം ചെയ്തു പഠിക്കാം എന്നതിലേക്കാണ് പഠനം നീങ്ങേണ്ടത്. അധ്യാപകർ അതിന് പ്രാപ്തർ ആകേണ്ടതുമുണ്ട്.

എളുപ്പം വായിക്കാം, എളുപ്പം പഠിക്കാം, പരീക്ഷ എഴുതാം. എന്നത് ആയിരിക്കരുത് ഒരിക്കലും ഉന്നതപഠനങ്ങളുടെ ലക്ഷ്യം.

ഒ. വി യുടെ ഖസാക്കിന്റെ ഇതിഹാസത്തെ ഇന്നും വിശകലനം ചെയ്തു പഠിക്കുന്നു. പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തുന്നു. തരിശുഭൂമി പോലെ പഠനസാധ്യതയുള്ള കവിതകൾ, അതിന്റെ ചർച്ചകൾ ഇതൊക്കെയും സംഘടിപ്പിക്കേണ്ടത് ഉണ്ട്‌.

ഇന്നത്തെ പുസ്തകങ്ങൾ അങ്ങനെ അല്ല എന്നുള്ളതിലേക്ക് അല്ല പറഞ്ഞുവരുന്നത്, ഇനി വരുന്ന പുസ്തകങ്ങൾ അങ്ങനെ കൂടി ആവണം എന്നതാണ്.

എഴുത്തുകാർ വായനക്കാർ കൂടി ആയിരിക്കേണ്ടത് ( അങ്ങനെ അല്ലെന്നല്ല ) വളരെ വളരെ അത്യാവശ്യം ആണ്.

വിപണി സാധ്യത മാത്രം നോക്കിയാൽ നിങ്ങളുടെ പുസ്തകം വിറ്റു പോകും. നിങ്ങൾക്ക് പണം ലഭിക്കും. വായനയ്ക്ക് ആളുണ്ടാവും. ഒരു പുനർവായന ഇല്ലാതെ നിങ്ങളുടെ പുസ്തകം മറവിയിൽ ആണ്ട് പോകും.

നിലവിലെ വിപണിയുടെ പുറകേ ഓടാതെ വിപണിയെ ഒന്ന് മാറ്റിമറിക്കുന്ന പുസ്തകം എഴുതാൻ ശ്രമിക്കൂ. അത് നിങ്ങളെ ചരിത്രത്തിൽ അടയാളപ്പെടുത്തും.

നൂറു വർഷങ്ങൾക്ക് അപ്പുറം ഭൂമി ഒരുപക്ഷേ ഇല്ലാതാവട്ടെ, കത്തി നശിക്കട്ടെ, അതിനപ്പുറം വീണ്ടും പുതുതായി രൂപം കൊള്ളട്ടെ.. മനുഷ്യർ ഉണ്ടെങ്കിൽ അവിടെ സങ്കീർണ്ണതകൾ ഉണ്ടായിരിക്കും. അവിടെ വിഷയങ്ങളും പ്രശ്നങ്ങളും പ്രശ്നപരിഹാരങ്ങളും ഉണ്ടായിരിക്കും.

മരുഭൂമികൾ ഉണ്ടായത് എന്നുള്ള നോവലിൽ ആനന്ദ് കൊണ്ടുവന്നിരിക്കുന്ന ഒരു concept , ഇന്ന് ഇലുമിനാന്റി യെന്ന പേരിൽ വ്യാപകമാണ്. അത് എന്ന് എഴുതി എന്ന് നിലനിൽക്കുന്നു. ആ ഒരു ദീർഘവീക്ഷണം എഴുത്തുകാരന് ഉണ്ടായിരിക്കണം. നാളെ മരിക്കും എന്ന് കരുതി, ഇന്നിനെ ആസ്വദിക്കാതെ വിടേണ്ടത് ഇല്ല. നാളെ എന്നെ ആരും വായിക്കില്ല എന്ന് കരുതി ഇന്ന് എഴുതാതെ ഇരിക്കുകയും വേണ്ട. നിങ്ങളുടെ എഴുത്ത്, നാളെയെ കൂടി വായിപ്പിക്കുന്നത് ആയിരിക്കട്ടെ…

എഴുത്തുകാരൻ ഒരു കഥ പറയുമ്പോൾ, കേൾക്കുന്ന വായനക്കാരൻ അതുപോലെ പത്ത് കഥകൾ വായിച്ചിട്ടാണ് ഇരിക്കുന്നത്.

പുതിയ പുസ്തകങ്ങൾ ഉണ്ടാകുമ്പോൾ, ഞാൻ ഇപ്പോഴും ആ എട്ടുവയസ്സുകാരിയുടെ കണ്ണിലൂടെ അവളുടെ അത്ഭുതത്തോടെയാണ്‌ അതിനെ നിരീക്ഷിക്കുന്നത്… നിരാശ ഉണ്ടാവാതിരിക്കാൻ എനിക്ക് ഇനിയും ഒരുപക്ഷേ നിങ്ങളോട് തർക്കിക്കേണ്ടി വന്നേക്കാം..

പ്രിയപ്പെട്ട എഴുത്തുകാരേ ക്ഷമിക്കുക….!

ഹരിത. ആർ.

“ബൊഗയ്ൻവില്ല “

തീയേറ്ററിൽ തന്നെ കാണുവാൻ മോഹിച്ചിരുന്നുവെങ്കിലും നടക്കാതിരുന്നത് കൊണ്ട് OTT റിലീസ് നു കാത്തിരിക്കുകയായിരുന്നു. കാരണങ്ങൾ ധാരാളം ഉണ്ട്.

* ക്രൈം ത്രില്ലർ വായിക്കുവാൻ തുടങ്ങിയ കാലത്ത് പിടിച്ചിരുത്തിയ ബോറടിപ്പിക്കാതിരുന്ന എഴുത്തുകാരൻ ലാജോ ജോസ് ന്റെ പുസ്തകത്തിന്റെ മൂലകഥ ആയത് കൊണ്ട്.
* അമൽ നീരദ് സിനിമ ആയത് കൊണ്ട്
* വളരെയേറെ ആരാധന തോന്നിയ അഭിനേത്രിയായ, ജ്യോതിർമയിയുടെ തിരിച്ചുവരവ്..

കഥ ഏതാണ്ട് ഒക്കെ കുറേ അറിയാമായിരുന്നു. എന്നിട്ടും, ഇടയ്ക്ക് ഒരു ബ്രേക്ക് എടുക്കാതെ മുഴുവനും കണ്ടുതീർക്കുവാൻ കഴിഞ്ഞു എന്നുള്ളതിൽ സിനിമ കാത്തിരുന്ന ആളെന്നുള്ള നിലയിൽ സന്തോഷം ഉണ്ട്..
എന്റെ wow factor ഉറപ്പായും ജ്യോതിർമയ് തന്നെ ആയിരുന്നു. ”

റൂത്തിന്റെ ലോകം ” വായിക്കുമ്പോൾ ആശ്ചര്യപ്പെട്ട കാര്യം റൂത്തിനുള്ളിലേക്ക് വായനക്കാരെ ആകർഷിക്കുവാൻ എഴുത്തുകാരന് കഴിയുന്നുണ്ടല്ലോ എന്ന് തന്നെ ആയിരുന്നു. അതേ എഫക്ട് നൽകുവാനും റീത്തു ( സിനിമയിലെ പേര് ) വിന് ഇനി വേറെ ഒരു മുഖവും ചേരുകയില്ല എന്ന് തോന്നിപ്പിക്കുംവിധം ജ്യോതിർമയ് അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്.

മിക്കവാറും തോന്നാറുള്ളതും അങ്ങനെ തന്നെയാണ്. ഒരാൾ ചെയ്തു വെച്ച കഥാപാത്രത്തിന് പകരം ഇനി ആരും ഇല്ലെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുംവിധം ആയിരിക്കണം, cast selection ഉം, അഭിനയവും.
എന്ന് പറയുമ്പോൾ, തന്നെ പറയേണ്ട മറ്റൊരു കാര്യം, ഫഹദ് ഫാസിൽ അവതരിപ്പിച്ച പോലീസുകാരന്റെ റോൾ. അത് അദ്ദേഹം തന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നി. അതേ തോന്നൽ കുഞ്ചാക്കോബോബൻ അവതരിപ്പിച്ച കഥാപാത്രത്തിനും തോന്നി.

വില്ലനിലെ വില്ലനിസം അവതരിപ്പിക്കുന്നതിൽ അത്ര നന്നായില്ലയെന്നും തോന്നി. അതുപോലെ തന്നെ Background score. “സ്തുതി” എന്നുള്ള പാട്ടിനു ഉണ്ടായിരുന്ന ഒരു ഫീൽ സിനിമയിൽ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നത് ഒരു സംശയം ആയിരുന്നു.

സിനിമ കണ്ടു കഴിഞ്ഞ ഉടനെ, ഒരിക്കൽ കൂടി ” റൂത്തിന്റെ ലോകം ” വായിക്കാൻ ആണ് തോന്നിയത്. വീണ്ടും അത് വായിക്കുകയും ചെയ്തു. സിനിമ കണ്ടിട്ട് പുസ്തകം വായിച്ചപ്പോൾ എന്തെല്ലാം മാറ്റങ്ങൾ ആണ് തിരക്കഥയിൽ ഉണ്ടായതെന്ന് ശ്രദ്ധിച്ചു വായിക്കുന്നതിൽ ഒരു പുതിയ വായനാനുഭവം ഉണ്ടായിരുന്നു..!

ചെകുത്താൻ സൃഷ്ടിക്കുന്ന ഇല്ലായ്മ യുടെ വിശ്വാസ്യത ഉണ്ടാക്കുന്ന നിശബ്ദതയുണ്ടല്ലോ അത് സൃഷ്ടിക്കാൻ റീത്തു ( റൂത്ത് )ന് കഴിഞ്ഞിട്ടുണ്ട്….!
ഹൈഡ്രേഞ്ചിയയും കോഫീഹൗസ് ഉം ഒക്കെ സിനിമ ആയേക്കുമെന്നുള്ള പ്രതീക്ഷയോടെ….

ഹരിത. ആർ.

വസൂരി – കാക്കനാടൻ

ജീവിതദുരിതത്തേയും രതിഭാവത്തെയും ബന്ധപ്പെടുത്തി ലൈംഗികതയെ മനുഷ്യദുരന്തത്തിന്റെ ബാഹ്യമായ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നത് കാണാം. മനുഷ്യരെ തങ്ങളിൽ തങ്ങളിൽ, തങ്ങളിൽ, അപരിചിതരാക്കുന്ന വസൂരി മരണമായി മാറുന്നതും, മരണത്തിന് വിധിക്കപ്പെട്ട മനുഷ്യൻ ദുരന്തത്തിന്റെ നിഴലിൽ കിടന്ന് പാപം ചെയ്തു പോകുന്നതും ഈ നോവലിൽ നാം കാണുന്നു.      – കെ. പി. അപ്പൻ.

മനുഷ്യരെ തങ്ങളിൽ തങ്ങളിൽ അപരിചിതരാക്കുന്ന ഭീതി പരത്തുന്ന വസൂരിവിത്തുകൾ ഉഗ്രതാണ്ഡവം, തുടങ്ങുന്നതിനു മുമ്പ് ഒരു ഗ്രാമമുണ്ട്. വീടുകളിൽ ധൈര്യപൂർവ്വം കയറിച്ചെല്ലുന്ന, പരസ്പരം നേരമ്പോക്ക് പറയുന്ന, സ്നേഹമുള്ള, ഉപകാരം ചെയ്യുവാൻ മനസ്സുള്ള മനുഷ്യരുണ്ട്. വസൂരിക്ക് ശേഷമൊരു ഗ്രാമമുണ്ട്. അഥവാ ഗ്രാമത്തിന്റെ യാതൊരു സവിശേഷതകളും തീണ്ടാത്ത ഗ്രാമത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന ഒരു ജഡം. അഥവാ ഒരു നിഴൽ.

വസൂരി പടർന്നു പിടിക്കുന്നതുപോലെ സ്നേഹമില്ലായ്മയും അപരിചതത്വവും വിദ്വേഷവും തിന്മകളും പടർന്നുപിടിക്കുന്നുണ്ട്. എങ്കിലും ആ ഗ്രാമത്തിന്റെ വികൃതമായ വസൂരിക്കലകൾക്ക് മേലെ വീഴുന്ന വെളിച്ചമായി ഒരു വേശ്യയും ഒരു തെമ്മാടിയുമുണ്ട്. ജാനകിയും, കൃഷ്ണൻകുട്ടിയും. എന്തിനായിരിക്കും അവളൊരു വേശ്യയുടെ വേഷം സ്വയം സ്വീകരിച്ചതെന്ന ചോദ്യം വായനക്കാരനിൽ ഉയർന്നു വരത്തക്കവിധമുള്ള പാത്രസൃഷ്ടികൂടിയാണ് ജാനകി. ഗോപാലകൃഷ്ണപിള്ള സാറിന്റെ സുന്ദരിയായ മകൾ രാധയയെയോർക്കുമ്പോഴുണ്ടാകുന്ന വികാരത്തെ അടക്കുവാൻ ജാനകിയെത്തേടിയെത്തുന്ന രാജാഗോപാലൻനായരോട് ‘ തനിക്ക് സുഖമില്ല ‘ യെന്ന് കള്ളം പറയുകയും അയാൾ പോകുമ്പോൾ, ‘ ശവം ‘ എന്നവൾ അയാളെ നോക്കി തുപ്പുകയും ചെയ്യുന്നുണ്ട്. ഒരു വേശ്യയ്ക്ക് സമൂഹം പതിച്ചു നൽകിയിട്ടുള്ള സീമകൾ താണ്ടി നിലനിൽക്കുന്നവളാണ് ജാനകി.

കൃഷ്ണൻകുട്ടിയെ മാത്രം സ്നേഹിക്കുന്ന അയാളുടെ മാത്രം പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണിനെ ജാനകിയിൽ കാണാം. എന്നാൽ അതേസമയം അവൾ വീണ്ടും പണത്തിനു വേണ്ടി തന്റെ തൊഴിൽ തുടരുന്നുണ്ട്. പിന്നീട് ഒരു അവസരത്തിൽ കൃഷ്ണൻകുട്ടി മറ്റൊരു വേശ്യാസ്ത്രീയ്ക്ക് ഒപ്പം പോയത് കേൾക്കുമ്പോൾ അവൾ അയാളോടുള്ള ദേഷ്യം കൊണ്ടല്ല, മറിച്ച്, കുറ്റബോധം കൊണ്ടും വ്യഥകൾ കൊണ്ടും നീറുകയും ചെയ്യുന്നതായി കാണാം.

ഒടുവിൽ വസൂരി പടർന്നുപിടിക്കുന്ന ഗ്രാമത്തിലെ ഏറ്റവും വലിയൊരു വീട്ടിൽ ( ഗോപാലപിള്ളയുടെ ) ജോലിക്കാരിയായി പോകുന്നത്പോലും കൃഷ്ണൻകുട്ടിക്ക് വേണ്ടിയാണ്. അയാൾക്ക് വേണ്ടി മരിക്കുവാൻവരെ അവൾ തയ്യാറാകുന്ന ഒരു സ്ഥിതിയെ കാണിക്കുന്നുണ്ട്. ഗോപാലപിള്ള, അവളെ എല്ലാം അറിഞ്ഞുകൊണ്ടു ഒരു മകളെപ്പോലെയും രാധ അവളെ ചേച്ചിയെപ്പോലെയും കണക്കാക്കുമ്പോൾ ആരും കയറിവരാനില്ലാതെ ഒറ്റപ്പെടുന്ന മനുഷ്യരുടെ സ്വാഭാവങ്ങളിലെ മാറ്റം തന്നെയാണ് ഇവിടെ പ്രതിഫലിക്കുന്നത്. എന്നിട്ടും തന്നെ തെറ്റായി സ്പർശിച്ച ഗോപാലപിള്ളയോട് അവൾക്ക് സഹതാപം തോന്നുന്നതും അയാൾക്ക് ആവശ്യമെങ്കിൽ വീണ്ടും തിരികേ തന്റെ തൊഴിലിനെ സ്വീകരിക്കുവാനും അഥവാ തന്റെ തൊഴിലിനെക്കുറിച്ച് ബോധം ഉണ്ടാവുകയും ചെയ്യുന്ന ജാനകി ഈ നോവലിലെ ഒരു സമസ്യയാണ്‌.

കൃഷ്ണൻകുട്ടിയാണ്‌ ആ ഗ്രാമത്തിലെ വസൂരിക്കലയുടെ മേലെ വീഴുന്ന തെമ്മാടിയായ മറ്റൊരു വെളിച്ചം. അയാൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചവനാണ്. തെമ്മാടിയും, മദ്യപാനിയും, വേശ്യകളുടെ അരികിൽ സുഖം തേടി പോകുന്നവനുമാണ്. വിവാഹപ്രായമെത്തിയ തന്റെ മകൾക്ക് പേരുദോഷമുണ്ടായേക്കുമെന്ന് ഭയന്ന് ഗോപാലപിള്ള അയാളെ വീട്ടിൽ നിന്നും ഇറക്കിവിടുന്നുണ്ട്. രാധ വസൂരിക്കിടക്കയിൽ കിടന്ന് മോഹിക്കുന്നത് അയാളെയാണ്. തന്നോട് സ്നേഹമാണെന്നും ജീവനാണെന്നും പറഞ്ഞിരുന്ന രാജഗോപാലൻനായർ രോഗക്കിടക്കയിൽ അവളെ ഉപേക്ഷിച്ചത്, അയാളിൽ വെറുപ്പ് ഉണ്ടാക്കുന്നുണ്ട്. രാജഗോപാലൻനായർ വിദ്യാസമ്പന്നനാണ്, അധ്യാപകനാണ്, ആ വിദ്യാസമ്പന്നതയുടെ ആധികാരികത അയാൾ പ്രദർശിപ്പിക്കുന്നുമുണ്ട്. രാധയെ കാണാൻ പോകാതിരിക്കുമ്പോഴും ഒടുവിൽ വസൂരിബാധയാൽ കൃഷ്ണൻകുട്ടി മരിക്കുമ്പോഴും അയാൾ അത് വ്യക്തമാക്കുന്നുണ്ട്.

// ഇതൊരുതരം ആത്മഹത്യയാണ്‌. വിഡ്ഢിയുടെ ആത്മഹത്യ. അവൻ വ്യാധിയെ വകവെയ്ക്കാത്തവനല്യോ? ആരേയും വകവെയ്ക്കാത്തത് പോലെ. വീരനാവാൻ നടന്നതാ. ഇതാണ് വീരന്മാരുടെ ഗതി. ഉപ്പു തിന്നാൽ വെള്ളം കുടിക്കാതെ പറ്റില്ല. //

വീണ്ടും കൃഷ്ണൻകുട്ടിയിലേക്ക് വരുമ്പോൾ, അയാൾ രാജഗോപാലൻനായർ വിശേഷിപ്പിക്കുന്നതു പോലെ വിവരമുള്ളവന്റെ വിഡ്ഢിയാണ്. വസൂരിയെ തെല്ലുപോലും ഭയപ്പെടാതെ ആദ്യത്തെ വീട് മുതൽ അയാൾ കയറിയിറങ്ങി നടക്കുന്നുണ്ട്. ആവശ്യങ്ങൾ തിരക്കുന്നുണ്ട്, സമാധാനപ്പെടുത്തുന്നുണ്ട്. ഫിലോമിനയെന്ന വേശ്യയ്ക്ക് ഒപ്പം പോകുന്നത് പോലും, ജാനകിയെ മറന്നിട്ടല്ല. (ജാനകി അയാൾക്ക് വെറുമൊരു വേശ്യയല്ല.)  ‘ ഞങ്ങളെ പട്ടിണിയാക്കല്ലേ ‘ എന്ന് അവൾ പറയുന്നത് കേട്ടിട്ടാണ്. തന്നെ എപ്പോൾ വേണമെങ്കിലും രോഗം പിടിപെട്ടേക്കാമെന്ന ബോധ്യം ഉണ്ടായിട്ടും അയാൾ ആ ഗ്രാമത്തിനു ആശ്വാസമായതും ഒടുവിലൊരു ഗ്രാമത്തിന്റെ മുഴുവൻ ശാപവും ( വസൂരി ) ഏറ്റെടുത്ത് മരണപ്പെടുമ്പോഴും അയാളെ വിശേഷിപ്പിക്കാം. വിഡ്ഢി.! വിഡ്ഢിതന്നെ.

വിമർശനാമാത്മകമായി ഈ കഥയിൽ പ്രതിഫലിക്കുന്നത് രതി ഒരു പാപമാണെന്നുള്ള തലത്തിൽ കൊണ്ടെത്തിക്കുന്ന ചിന്തകളാണ്. അത് സ്ത്രീകളിലൂടെ പുറത്ത് കൊണ്ടുവരുന്നുവെന്നുള്ളതാണ്. ഒരുപക്ഷേ അന്ന് തൊട്ടിന്നോളം നിലനിനിൽക്കുന്ന സമൂഹത്തിന് നേരെയുള്ള ആക്ഷേപവുമാകാം. ദിവാകരൻ ചാന്നാറിന്റെ ഭാര്യ രുഗ്മിണിയ്ക്ക് കൃഷ്ണൻകുട്ടിയോടു തോന്നുന്നത്, ഏലിക്കുട്ടിക്ക്, മരണത്തിന് മുൻപ് തന്റെ ശരീരം ആർക്കെങ്കിലും നൽകിയിരുന്നുവെങ്കിലെന്ന് രാധയ്ക്ക് തോന്നുന്നത്, ഇവരെല്ലാവരും അതിനെ ഒരു പാപമായി കാണുന്നു. പശ്ചാത്തപിക്കുന്നു. തങ്ങളുടെ വസൂരിക്ക് പോലും കാരണം ആ പാപചിന്തയാണെന്ന് കരുതുന്നു. അതേസമയം തന്നെ അതിലെ പുരുഷന്മാർ ഇതെല്ലാം തങ്ങളുടെ അവകാശം ആണെന്നുള്ള മട്ടിൽ പെരുമാറുന്നു. പാപം ലിംഗഭേദങ്ങളിലാണോ നിലനിൽക്കുന്നതെന്ന് ഒരുവേള ചിന്തിക്കാതിരുന്നില്ല.

ഈ നോവലിൽ കടന്നുവരുന്ന മറ്റൊരു വീക്ഷണം, മരണത്തിനോട് അടുക്കുമ്പോൾ അഥവാ ഇനി മരണം മാത്രമേ മുന്നിൽ ഉണ്ടാവുകയുള്ളൂയെന്ന് തിരിച്ചറിയുമ്പോൾ മനുഷ്യരിൽ മനുഷ്യത്വം ഇല്ലാതാവുകയും മൃഗതൃഷ്ണകൾ ഉടലെടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ്. മകന്റെ സ്ഥാനത്ത് നില്ക്കുന്ന ( മരുമകൻ )തോമാച്ചനോട് ഏലിക്കുട്ടിയ്ക്കും, മകൾ എന്ന് പോലും കരുതുന്ന ജാനകിയോട് ഗോപാലപിള്ളയ്ക്കും തോന്നുന്ന ലൈംഗികആഗ്രഹം ഇത്തരം സന്ദർഭത്തിന് ഉദാഹരണമാണ്. അവിടേയും പാപം ഒരു ഭീകരജന്തുവായി കടന്നു വരുന്നു. ഗോപാലപിള്ള പാപത്തിൽ നിന്നും സ്വമേധയാ മോചനം നേടുകയും, ഏലിക്കുട്ടി പാപത്തിനാൽ നരകപീഡ അനുഭവിച്ച് മരണപ്പെടുകയും ചെയ്യുന്നു. ലൈംഗികത മനുഷ്യദുരന്തത്തിന്റെ അടയാളമായി മാറുന്നതും അവിടെയാകാം.

കൃഷ്ണൻകുട്ടി, ജാനകി, നരകം, പാപബോധം ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ബൈബിളുമായി ഈ നോവലിനെ ബന്ധിപ്പിക്കുവാൻ സാധിക്കുന്നുണ്ട്. കൃഷ്ണൻകുട്ടിയും ജാനകിയും മഗ്ദലനമറിയവും യേശുക്രിസ്തുവുമായി മാറുന്നുണ്ട്. ജാനകിയെ സ്നേഹം കൊണ്ടു കൃഷ്ണൻകുട്ടി തന്റെ അനുയായിയാക്കുകയും, മരണത്തിന് മുൻപ് അവളെ ഭാര്യയായി സ്വീകരിച്ച് അവളുടെ തൊഴിലിൽ നിന്നും മോചിപ്പിക്കുകയും ഗോപാലപിള്ളയുടെ സംരക്ഷണത്തിലേക്ക് അവളെ ചേർത്തു നിർത്തുകയും ചെയ്യുന്നുണ്ട്. ക്രിസ്തു ഒരു സമൂഹത്തിന്റെ പാപഭാരം ചുമന്നുകൊണ്ട് കുരിശുമരണത്തിലേക്ക് നീങ്ങിയെങ്കിൽ കൃഷ്ണൻകുട്ടി തന്റെ ഗ്രാമത്തിന്റെ മുഴുവൻ വസൂരിയും പേറി മരണത്തിലേക്ക് നീങ്ങുന്നു. അയാളുടെ നന്മകളുടെ ഉയിർത്തെഴുന്നേൽപ്പ് വസൂരി വിട്ടുമാറുന്ന ഗ്രാമമായി ബിംബവത്കരിക്കപ്പെടുന്നു.

ഈ നോവലിൽ പ്രത്യക്ഷമാകുന്ന ഭ്രാന്തന്റെ ജല്പനങ്ങളാണ് വാസ്തവത്തിൽ എഴുത്തുകാരനും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്.

നൊന്തിട്ട് കരയുന്ന, കരഞ്ഞില്ലെങ്കിൽ മോശമാണെന്നു കരുതി കരയുന്ന, എല്ലാവരേയും അയാൾ പരസ്പരം അറിയാത്ത വിഡ്ഢികൾ എന്ന് വിളിക്കുന്നു..!
മനുഷ്യന്റെ മനസ്സിന്റെ വസൂരിവിത്തുകൾക്ക് നേരെ വീശുന്ന വെളിച്ചമാണ് കാക്കനാടന്റെ നോവൽ..

“വസൂരി “!!

 

ഹരിത. ആർ.

 

ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ

പുസ്തകം വായിച്ചു തുടങ്ങുന്നത് വരെ ഈ പുസ്തകത്തെ പറ്റിയോ ,ഇത് എഴുതിയ ആളെ കുറിച്ചോ ഞാൻ കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല .ഒരു സുഹൃത്ത് അയച്ചു തന്ന സ്നേഹോപഹാരം ,ഉപഹാരത്തെക്കാൾ സുഹൃത്തിനോടുള്ള പ്രതിബദ്ധത കാരണം വലിയ താല്പര്യമില്ലാതെ വായിച്ചു തുടങ്ങിയ ഒരു കുഞ്ഞു നോവൽ ,അതാണ് തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ

പക്ഷെ ,മുറിഞ്ഞ വായനക്കിടയിലും രണ്ടര ദിവസം കൊണ്ട് ഞാൻ ഈ നോവൽ വായിച്ചു തീർന്നു .ബെന്യാമിന്റെ ആടുജീവിതം പോലെ തന്നെ പ്രവാസത്തിന്റെ നൊമ്പരം പ്രമേയമാക്കിയ ഒരു കൃതിയാണിത്.

ഒരു ജീവിതം കെട്ടിപ്പടുക്കാനായി ഉള്ളതെല്ലാം വിറ്റ് പെറുക്കി ഗൾഫിൽ എത്തിപ്പെടുന്ന യുവാവ് .ആടുജീവിതത്തിലെ നജീബ് എത്തിപ്പെട്ട മസറ പോലെ അസീസ് എത്തിപ്പെടുന്നത് വലിയ ഒരു തക്കാളി തോട്ടത്തിൽ ആണ് .

മരുഭൂമിയിലെ ഏക്കറകണക്കിനു പ്രദേശത്തു നിലമൊരുക്കി തക്കാളി കൃഷി ചെയ്യുന്ന തൊഴിലാളികളിൽ ഒരാളായി മാറുന്ന അസീസിന്റെ മരുഭൂ അനുഭവങ്ങളാണ് ഈ നോവൽ .വിരഹം ,പ്രണയം ,സൗഹൃദം ,കലഹം തുടങ്ങി ഒരുപാട് വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ നമുക്കിതിൽ കാണാം .

വരണ്ട മണ്ണിൽ നിലമൊരുക്കി ,യഥാസമയം വെള്ളം നൽകി വളമിട്ട് പൊരിവെയിലിലും പാതിരാവിലും തോട്ടത്തിനു കാവൽ നിന്ന് മാസങ്ങളുടെ കഷ്ടപ്പാടിന് ശേഷം ചുവന്നു തുടുത്ത പാകമായ തക്കാളികൾ ദൂരെ വിൽക്കാൻ കൊണ്ട് പോകുന്ന ഒരു രംഗം നോവലിന്റെ അവസാന ഭാഗത്തു വിവരിക്കുന്നുണ്ട്.

ഒരു ഫുട്ബാൾ ഗ്രൗണ്ടിന്റെ വലിപ്പത്തിൽ മരുഭൂമിയിൽ ചുവന്ന കാർപ്പറ്റ് പോലെ തക്കാളികൾ വിതറിയിട്ടിരിക്കുന്നു .

ഒരു വലിയ റോളർ കൊണ്ട് അറബികളും തൊഴിലാളികരായ കാപ്പിരികളും വലിയ ആവേശത്തോടെ അതൊക്കെ ചതച്ചു നശിപ്പിക്കുകയാണ് നാറാണത്തു ഭ്രാന്തന്റെ പണി .

തലയിലൂടെ പച്ചചാണകവുമേന്തി നടന്നത് ,കൊടും ചൂടിൽ കമ്പിവേലികൾക്കിടയിലൂടെ മുട്ടിലിഴഞ്ഞു ചെടികൾക്ക് മരുന്ന് തെളിച്ചത് ,വളച്ചാക്കേറ്റി മുതുകു വളച്ചത് ,ഒരു കീടം പോലെ വരാതെ തക്കാളി ചെടികളെ സംരക്ഷിച്ചത് ,അങ്ങനെ ഒരു വർഷം നീണ്ട കഷ്ടപ്പാടിന്റെ ഫലമായി ഉണ്ടായ മുഴുത്ത തക്കാളികൾ ഒക്കെയും നല്ല വിലകൊടുത്തു വാങ്ങി അറബികൾ ഇതാ വലിയൊരാനന്ദത്തോടെ അതൊക്കെയും നശിപ്പിക്കുന്നു ..

എന്തിനിവർ തക്കാളി നശിപ്പിക്കുന്നു ?മരുഭൂമിയുടെ കേട്ട് പതിഞ്ഞ ഒരു കഥയിലും നമ്മൾ അങ്ങനെയൊന്നു അറിഞ്ഞതില്ലല്ലോ..

തക്കാളി കൃഷി ചെയ്തു നല്ലയിനം തക്കാളികൾ തിരഞ്ഞെടുത്തു അത്‌ കൂട്ടത്തോടെ നശിപ്പിക്കുന്നതിന് പിന്നിൽ യു എ ഇ പ്രെസിഡന്റിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള ഒരു പദ്ധതിയാണ്..

കൂടുതൽ പറഞ്ഞു നോവലിന്റെ രസം കളയുന്നില്ല ...




സുഹൈൽ സുഗു 

 

ആന ഡോക്ടർ : ജയമോഹൻ

”മനുഷ്യന്റെ അൽപ്പത്തം ഓരോ ദിവസവും കാണണമെങ്കിൽ കാട്ടിൽ കഴിയണം.”

കാട്ടിൽ വിനോദ യാത്രയായി വരുന്നവരിൽ മിക്കവാറും വിദ്യാഭ്യാസമുള്ളവർ. വലിയ പദവികളിലുള്ളവർ. നാട്ടിൽ നിന്ന് തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറു. വരുന്ന വഴി മുഴുവൻ തീറ്റയും കുടിയുമാണ്. നിർത്തി നിർത്തി ഛർദിച്ചു കൊണ്ട് കുഴഞ്ഞാടി തെറി പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരവ്.

നിശബ്ദത നിറഞ്ഞ കാടിന്റെ മടക്കുകളിൽ മുഴുവൻ ഹോണടിച്ചു മാറ്റൊലി നിറക്കും. അത്യുച്ചത്തിൽ കാറിന്റെ സ്റ്റീരിയോ ശബ്ദിക്കാൻ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. ഓരോ കാട്ടുമൃഗത്തെയും അവർ അപമാനിക്കും. പാതയോരത്തു കുത്തിയിരിക്കുന്ന കുരങ്ങുകൾക്ക് പഴങ്ങൾക്കുള്ളിൽ ഉപ്പോ മുളക് പൊടിയോ വെച്ച് കൊടുക്കും. ദാഹിച്ചു അടുക്കുന്നവർക്ക് മദ്യം ഒഴിച്ച് കൊടുക്കും. മാനുകളെ നോക്കി കല്ലെടുത്തെറിയും. ആനയെ കണ്ടാൽ ഹോണടിച്ചു നിലവിളിച്ചു ഓടിക്കും.

എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ളവർ, പക്ഷെ കാട്ടിലെത്തിയാൽ തനി ചെറ്റകളാണ്.  കേരളാ സംസ്കാരത്തിന് തന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധം ഉണ്ട് എന്ന് തോന്നും.

കാട് എന്ന വാക്ക് തന്നെ മലയാളത്തിൽ നന്മക്ക് എതിരായ പൊരുളിൽ ആണ് ഉപയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക കാടു കയറുക, കാടൻ,കാടത്തം എന്നൊക്കെ മലയാളികൾ പറയുമ്പോഴാണ് അവരുടെ പ്രവർത്തിയെ ഞാൻ മനസ്സിലാക്കി തുടങ്ങിയത്. അവർ കാട്ടിൽ എത്തിയാൽ വിജയം ആഘോഷിക്കുകയാണ് ഏറ്റവും നീചമായ പ്രവർത്തി ഒഴിഞ്ഞ ബിയർ കുപ്പികൾ കാടിനുള്ളിൽ വലിച്ചെറിഞ്ഞു പൊട്ടിക്കലാണ്”

*ജയമോഹൻ*

ആ ഒരു പേര് കണ്ടതിനാൽ മാത്രം വായിച്ചു തുടങ്ങിയ പുസ്തകം. നൂറു സിംഹസനങ്ങൾ ഇപ്പോഴും മനസ്സിൽ കിടന്ന് വിങ്ങുന്നതിനാലാകും ജയമോഹനെന്നെ പേരിൽ ഞാൻ പെട്ടെന്ന് വീണു പോയത്

പക്ഷെ ഈ പുസ്തകം വായിച്ചു തുടങ്ങി അവസാനിപ്പിച്ചപ്പോഴേക്കും ജയമോഹൻ എന്ന പേര് എന്റെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായി. പകരം ഡോക്ടർ വി കൃഷ്ണാമൂർത്തി എന്ന പേര് മാത്രം. ആനമലയിലെ ഡോക്ടർ കെ,

ആന ഡോക്ടർ!

ഈ കൊച്ചു പുസ്തകം ആനഡോക്ടറുടെ ജീവിതകഥയാണ്. തമിഴകത്തിലെ പ്രധാന മൃഗ ഡോക്ടറും വന സംരക്ഷകനുമായിരുന്ന വി കൃഷ്ണമൂർത്തി ആനമല കടുവ സങ്കേതത്തോട് ചേർന്ന ടോപ്സ്ലിപിൽ താമസിച്ചു ആനകൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഡോക്ടറാണ്.

കാടിൽ മരിച്ചു വീഴുന്ന എല്ലാ മൃഗങ്ങളെയും പോസ്റ്റ്‌ മോർട്ടം ചെയ്യണം എന്ന നിയമം കൊണ്ട് വരാൻ വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. അത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കാടകത്തിൽ ‘സ്വാഭാവിക മരണം’ സംഭവിക്കുന്ന ജീവികളിൽ ഭൂരിഭാഗവും മനുഷ്യന്റെ ക്രൂരവിനോദങ്ങളുടെ ഇരയാണ് എന്ന് മനസ്സിലാകുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റ് ഭക്ഷിച്ചു അത് വയറ്റിൽ ദഹിക്കാതെ കിടന്നു വയറു പഴുത്തു മരിക്കുന്നവ, ബിയർ കുപ്പികൾ കാലിൽ തുളഞ്ഞു കയറി വൃണം പഴുത്തു ദാരുണന്ത്യം സംഭവിക്കുന്നവ… അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

ഡോക്ടർ കെ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാടിന്റെ നിയമം അറിഞ്ഞു കാട്ടിൽ ജീവിച്ച ആ മനുഷ്യൻ പുതിയൊരു കാടൻ സംസ്കാരം നമുക്ക് മുൻപിൽ വെക്കുന്നു. ടോപ് സ്ലിപ്പിൽ അദ്ദേഹത്തിന്റെ കൂടെ കുറച്ചു ദിവസം താമസിക്കേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ ഡോക്ടറുടെ കഥ പറയുകയാണ് ഈ കൃതിയിൽ

2002 ൽ മരണപ്പെട്ട ഡോക്ടറെ പറ്റി അധികമൊന്നും ചർച്ച ചെയ്തു കണ്ടിട്ടില്ല. ഒരു മനുഷ്യായുസ്സ് മുഴുവൻ വലിയ ബഹളങ്ങളോ അവകാശ വാദങ്ങളോ ഇല്ലാതെ ഇത്തരത്തിൽ ആത്മാർത്ഥമായി ജോലി ചെയ്ത ഒരു പറ്റം മൃഗ സ്നേഹികൾ കൂടി നമുക്ക് ചുറ്റും ജീവിച്ചിരുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം..

സാംസ്കാര സമ്പന്നരായ നമ്മൾ മലയാളികൾ കാട്ടിൽ പോകുമ്പോയെങ്കിലും നമ്മുടെ പരിപാവനമായ സംസ്കാരം മാറ്റി വെച്ച് ‘കാടൻമാർ’ ആകാൻ ശ്രദ്ധിക്കണം എന്ന സന്ദേശം കൂടി അദ്ദേഹം ബാക്കി വെക്കുന്നു

ഓരോ കൃതിയും ഓരോ യാത്രകളുടെ തുടക്കമാണെന്ന് പറയാറുണ്ട്.

ഈ പുസ്തകത്തിനൊടുവിൽ അത്തരമൊരു യാത്ര ഞാൻ ഇപ്പോൾ മനസ്സിൽ കാണുന്നു. ജീവിച്ചിരുന്ന ആനഡോക്ടറെ കാണാൻ സാധിച്ചില്ല. അദ്ദേഹം താമസിച്ച ടോപ്സ്ലിപ്പിലെ സർക്കാർ വീട് ഇപ്പോൾ ഡോക്ടറുടെ സ്മാരകമാണ്.

 

സുഹൈൽ സുഗു

എതിര് : ആത്മകഥ… എം. കുഞ്ഞാമൻ.

ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം 

ജീവിതത്തോടു പൊരുതി ജയിച്ച ആൾ എന്നു സമൂഹം വിലയിരുത്തിയപ്പോൾ ,പൊരുതി തോറ്റു പോയ ആളാണ് ഞാനെന്ന് അദ്ദേഹം സ്വയം വിധിയെഴുതി 3.12.2023 ന് ആത്മഹത്യ ചെയ്തു. ജീവിതം നൽകിയ ദു:ഖാനുഭവങ്ങളെ അദ്ദേഹം കുടഞ്ഞു കളഞ്ഞില്ല. അവസാന നിമിഷം വരെ കൂടെ നിർത്തി. മറന്നു പോയെങ്കിലോ എന്നു കരുതി അരുമയോടെ താലോലിച്ചു .അത്തരമൊരു താലോലിക്ക ലാ ണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ .അനീതിയ്ക്കു മുമ്പിൽ അനുസരണയോടെ തല കുനിച്ചു നിൽക്കുകയല്ല വേണ്ടത്, എതിർത്ത് തോൽപ്പിക്കാൻ ശ്രമിക്കണം എന്ന് അദ്ദേഹം വരും തലമുറയെ ഓർമപ്പെടുത്തുന്നു.

ഇരുട്ടും പേടിയും വിശപ്പും നിറഞ്ഞൊരു ഭൂതകാലമുണ്ട് കുഞ്ഞാമൻ്റെ മനസിൽ.പട്ടാമ്പിക്കടുത്ത് വാടാനം കുറിശ്ശിയിലാണ് കുഞ്ഞാമൻ്റെ വീട്. വീടെന്നു പറയരുത്, അതൊരു ചാളയെന്ന് കുഞ്ഞാമൻ. അച്ഛൻ കന്നുപൂട്ടാൻ പോകും.സമുദായത്തിൻ്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീടുകളിൽ സദ്യയും അടിയന്തരവുമുണ്ടാകുമ്പോൾ ഇലമുറിച്ചു കൊടുക്കും.സദ്യ കഴിഞ്ഞാൽ എച്ചിൽ എടുക്കും.സഹപാഠികൾ കാൺകെ എച്ചിലെടുക്കുന്നതും കഴിക്കുന്നതും അപകർഷതയുണ്ടാക്കി.വിശപ്പിനു മുമ്പിൽ അഭിമാനം കീഴടങ്ങും. പതിനാലു വയസ്സുള്ളപ്പോഴാണ് ഒരു ജന്മി കുടുംബത്തിൻ്റെ അരികുപറ്റി നിന്നു.കഞ്ഞിക്കാണ്‌. അവർ മുറ്റത്തിനു വെളിയിൽ കുഴി കുത്തി ഇലയിട്ട് കഞ്ഞി അതിൽ ഒഴിച്ചു കൊടുത്തു.മറ്റൊരാൾകൂടി കഞ്ഞിക്കായി കാത്തിരുപ്പുണ്ടായിരുന്നു. ഒരു തടിയൻ പട്ടി.പട്ടി കുഞ്ഞാമനെ കടിച്ചു മാറ്റി കഞ്ഞി കുടിച്ചു.വിശപ്പ്‌ രണ്ടുപേർക്കും ഒരു പോലെയാണ്.കുഞ്ഞാമൻ സ്വയം ആശ്വസിച്ചു.

പുസ്തകവും സ്ളേറ്റുമില്ലാതെ.ഒരുഷർട്ടുപോലുമില്ലാതെയാണ് സ്ക്കൂളിൽ പോയിരുന്നത്‌. സ്ക്കൂളിൽ ചില ദിവസങ്ങളിൽ കഞ്ഞിയുണ്ടാകും. ആ കഞ്ഞിയാണ് സ്കൂളിലേക്കാകർഷിക്കുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. അധ്യാപകൻ പാണൻ എന്ന ജാതിപ്പേരാണ് വിളിക്കുക.. സാർ എന്നെ ജാതിപ്പേർ വിളിക്കരുത്. കുഞ്ഞാമൻ എന്നു വിളിക്കണം .. മൂന്നാം ക്ലാസുകാരൻ പ്രതിഷേധിച്ചു. അധ്യാപകൻ മുഖത്തടിച്ചു.കഞ്ഞി’ കുടിക്കാൻ മാത്രമാണ് വരുന്ന തെന്ന് അധിക്ഷേപിച്ചു.കുഞ്ഞാമൻ പിന്നീട് ആ സ്കൂളിൽ നിന്നു കഞ്ഞി കുടിച്ചില്ല. ഉച്ച സമയത്ത് മറ്റു കുട്ടികൾകഞ്ഞി കുടിക്കുമ്പോൾ പ്ലാവിൻ്റെ തണലിൽ പോയി ഇരുന്നു. അടിച്ച അധ്യാപകൻ തന്നെ നിർബ്ബന്ധിച്ചു.. കുഞ്ഞാമാ കഞ്ഞി കുടിക്ക് ..
“വേണ്ട സാർ.ഇനിയെനിക്ക് കഞ്ഞി വേണ്ട.” കുഞ്ഞാമൻ്റെ തീരുമാനം ഉറച്ച തായിരുന്നു.

സ്കൂളിൽ ഉപ്പുമാവുണ്ടാക്കുന്ന ലഷ്മിയേടത്തി കുറച്ച് ഉപ്പുമാവ് കടലാസിൽ പൊതിഞ്ഞ് ആരും കാണാതെ കുഞ്ഞാമനു കൊടുക്കും. കുഞ്ഞാമൻ മൂത്രപ്പുരയിൽ പോയിരുന്ന് അത് കഴിക്കും.ഹൈസ്കൂളിൽ പഠിക്കുന്ന കുഞ്ഞാമന് ഉപ്പുമാവിന് അർഹതയില്ലായിരുന്നു.
കഞ്ഞി കുടിക്കാനാണോ സ്കൂളിൽ വരുന്ന തെന്ന ചോദ്യം ഒരു മുറി വായി കുഞ്ഞാമൻ്റെ മനസിൽ കിടന്നു.കഞ്ഞി കുടിക്കാനല്ല’: പഠിക്കാനാണ് വരുന്ന തെന്ന് കുഞ്ഞാമന് സ്വയം ബോധ്യപ്പെടുത്തേണ്ടിയിരുന്നു .വാടാനം കുറിശ്ശിയിലെ വായനശാലയിൽ നിന്നു പുസ്തകങ്ങൾ എടുത്തു വായന തുടങ്ങി.പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി.ഒരു കഴുതയെപ്പോലെ ഞാൻ അധ്വാനിക്കുകയായിരുന്നു എന്ന് കുഞ്ഞാമൻ ഓർത്തെടുക്കുന്നു.
പാലക്കാട് വിക്ടോറിയ കോളേജിൽ തുടർ പഠനം. അക്കാലത്ത് സഹായിച്ചവരും ആക്ഷേപിച്ചവരുമുണ്ട്. ഹോസ്റ്റലിൽ മുറിയിൽ കൂടെ താമസിക്കുന്ന കുട്ടിയോട് കാസർഗോഡു നിന്നു വന്ന പെൺകുട്ടി ചോദിക്കുന്നു .. ആ ബെഗ്ഗറുടെ കൂടെയോ? കുഞ്ഞാമൻ ആ പെൺകുട്ടിയെ കണ്ടു പറഞ്ഞു “കുട്ടി പറഞ്ഞതു ശരിയാണ്. ഞാൻ മാത്രമല്ല എൻ്റെ സമുദായം മുഴുവൻ ബെഗ്ഗേഴ്സ് ആണ്. പ്രീഡിഗ്രിയ്ക്ക് ക്ലാസുണ്ടായിരുന്നു.ബി എ കഴിഞ്ഞ് എം.എയ്ക്കു അവിടെത്തന്നെ പഠിച്ചു.ഒന്നാംറാങ്കോടെ പാസായി. അന്നു കിട്ടിയ സ്വർണ മെഡൽ പിറ്റേ ദിവസം തന്നെ പണയം വെച്ചു. അധികം വൈകാതെ വിൽക്കേണ്ടിയും വന്നു. കുഞ്ഞാമൻ പറയുന്നു .. എൻ്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളാണ്.. ദാരിദ്ര്യം. ഭയം.. അപകർഷത .. ആത്മവിശ്വാസമില്ലായ്മ .. ധൈര്യമില്ലായ്മ ..

അദ്ദേഹത്തിൻ്റെ ചില നിരീക്ഷണങ്ങൾ

1. ഉയർന്ന ജാതിക്കാർക്ക് ജാതി എപ്പോഴും മേൽക്കോയ്മയുടെ അടയാളമായിരിക്കും. താഴ്ന്ന ജാതിക്കാർക്ക് അത് അപമാനത്തിൻ്റെയും അപകർഷതയുടെയും .
2. ആനുകൂല്യം ശക്തൻ അശക്തനു കൊടുക്കുന്ന ദാക്ഷിണ്യമാണ്‌
3. നീതിന്യായ വ്യവസ്ഥ എന്നാൽ നീതിക്കുള്ള വ്യവസ്ഥയല്ല, ന്യായത്തിനുള്ള വ്യവസ്ഥയാണ്.
4. ഞങ്ങൾക്കു ലഭിച്ചത് ചില ആനുകൂല്യങ്ങളാണ്.മറ്റുള്ളവർക്കു ലഭിച്ചത് അവകാശങ്ങളാണ്.
5. ചിലർ നിയമ വ്യവസ്ഥയ്ക്കു വിധേയരാണ്.മറ്റു ചിലർ അതീതരാണ്. വേറെ ചിലർ നിയമ രഹിതമായി നിയന്ത്രിക്കപ്പെടുന്നു.

കുഞ്ഞാമൻ തിരുവനന്തപുരത്ത് സി ഡി എസ്സിൽ എം.ഫിലിനു ചേരുമ്പോൾ സി ഡി എസ് മേധാവിയായിരുന്ന ഡോ.കെ.എൻ.രാജിനോടു പറയുന്നുണ്ട്… താങ്കൾ എൻ്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്കൂൾ ഫൈനൽ പാസാവില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്ത് യി രുന്നെങ്കിൽ നോബൽ സമ്മാന ജേതാവാകുമായിരുന്നു ..

അഞ്ചിലധികം പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവായിരുന്നു കുഞ്ഞാമൻ.27 വർഷം കാര്യവട്ടം കാമ്പസിൽ അധ്യാപകൻ .. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രൊഫസർ .. എല്ലാ നേട്ടങ്ങൾക്കുമിടയിലും നൈരാശ്യവും ആത്മഹത്യാ പ്രേരണയും ഇടയ്ക്കു തല നീട്ടി.ആരോടും പരിഭവമില്ലാതെ.. ആർക്കുമിതിൽ പങ്കില്ലെന്നു പറഞ്ഞ് ജീവിതത്തോടു വിടപറഞ്ഞു..

 

വിലാസിനി രാജീവൻ

നിങ്ങളുടെ സാഹിത്യം ബുദ്ധനോ സിദ്ധാർത്ഥനോ?

“ഒരു മഹാകാഥികന്റെയോ മഹാകവിയുടെയോ പുസ്തകമിറങ്ങുന്ന ദിവസം ബുക്ക്സ്റ്റാളിന്റെ മുന്നിൽ ബോക്സോഫീസ് തകർക്കാനൊരുങ്ങി നില്ക്കുന്ന ഒരു ജനക്കൂട്ടം, അവരെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ പിരിച്ചു വിടാനും ചൂരൽവടികളുമായി പോലീസുകാർ – ഇതൊന്നും ഉണ്ടായിട്ടില്ല.; ഉണ്ടാവില്ല.”         –     എം.ടി (കാഥികന്റെ പണിപ്പുര)

ഈ വാചകത്തിൽ നിന്നും ആരംഭിക്കാം. അതായത്, ഒരു പുതിയ പുസ്തകം (ഏത് എഴുത്തുകാരന്റെ ആയാലും) സമൂഹത്തിനിടയിലേക്ക് വരുന്നു എന്ന് പറയുന്നത് പ്രത്യക്ഷമായ ചലനം സൃഷ്ടിക്കുന്നില്ല എന്ന് തന്നെ അർത്ഥം. എന്റെ ചോദ്യം ആരംഭിക്കുന്നത്, എന്തുകൊണ്ട് സൃഷ്ടിക്കുന്നില്ല?? എന്നുള്ളതിൽ നിന്നുമാണ്. ശരിയായിരിക്കാം. എഴുത്തുകാരന്റെ മനോവ്യാപാരങ്ങളിൽ കുടുങ്ങുന്ന കളിമണ്ണ് പോലെ മാത്രമുള്ള അസംസ്കൃത വസ്തുക്കളെ ചേർത്ത്, ഒരു കഥ അയാൾ സൃഷ്ടിക്കുന്നതിന്റെ ആദ്യത്തെ ഉദ്ദേശമെന്നത്, ആത്മരതി തന്നെയാവാം.

എന്നാൽ അത് സഞ്ചരിക്കേണ്ട വഴി വായനക്കാരനിലൂടെ തന്നെയല്ലേ? അവന്റെ മനസ്സിലെ കെട്ടുപോയ വിളക്കിൽ ഒരു പ്രകാശമെന്നോണം തന്നെയല്ലേ സാഹിത്യം തെളിയേണ്ടത്? ഞാൻ എഴുതുന്ന ഭൂമികയിലെ മനുഷ്യർ, അത് എഴുതപ്പെട്ടത് അവർക്ക് വേണ്ടിയാണെന്ന് അറിയണമെന്ന് നിർബന്ധമില്ലാത്ത യന്ത്രമായി എഴുത്തുകാർ മാറുന്നുണ്ടോ…???

സാഹിത്യം ബുദ്ധനോ..? സിദ്ധാർത്ഥനോ?

സാഹിത്യത്തിനും കാലപരിണാമങ്ങൾ കൈവന്നിരിക്കുന്നുവെന്ന് വിശ്വസിക്കുമ്പോൾ, ഇന്നത്തെ സാഹിത്യം ബുദ്ധനിൽ നിന്നും സിദ്ധാർത്ഥനിലേക്ക് തിരിച്ചു നടന്നുവെന്ന് കൂടി വിശ്വസിക്കേണ്ടി വരും.

എഴുത്തുകാരനായ, ശ്രീ. അബ്ബാസ് മുഹമ്മദ് ഫേസ്ബുക്കിൽ അടുത്തിടെ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധിച്ചു. വര്ഷങ്ങളായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഒരു മനുഷ്യന് അവിടെത്തന്നെ വർഷാവർഷങ്ങളിൽ അരങ്ങേറുന്ന KLF എന്താണെന്ന് അറിയുന്നില്ല. അന്നം തേടി ഓടുന്നവന് എന്ത് സാഹിത്യം? എന്ത് KLF? അതൊക്കെ ചുമ്മാ ഇരിക്കുന്നവർക്ക് കൊള്ളാം സാറേ എന്നായിരുന്നിരിക്കുമോ അയാളുടെ ആത്മഗതമെന്ന് ഞാൻ വെറുതേ ആലോചിച്ചു നോക്കി. അതോ ഒരുപക്ഷേ, സാഹിത്യം ചുറ്റും ഭീമാകാരമായ മതിലുകളുള്ള, കാവൽക്കാരുള്ള ഒരു വലിയ മാളികയിൽ, സിദ്ധാർത്ഥനായി ( രാജാവായി )വസിക്കുകയാണോ? ഞാൻ സംശയിച്ചു.

ആർക്ക് വേണ്ടിയാണ് സാഹിത്യങ്ങൾ എഴുത്തുകാരന്റെ തൂലികയുടെ പുറംതോടുകൾ ഭേദിച്ചു പുറത്തേക്ക് വരേണ്ടത്? അമ്മയുടെ ഗർഭത്തിൽ നിന്നും പുറത്തു വരുന്നത് വരെ മാത്രമേ കുഞ്ഞ് അമ്മയുടെ സ്വകാര്യഅവകാശം ആകുന്നുള്ളൂ. അതിന് ശേഷം ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്. അവന്റെ നിലനിൽപ്പ് ആ സമൂഹത്തിലാണ്. അവൻ പരുവപ്പെടേണ്ടത് ആ സമൂഹത്തിലേക്ക് കൂടിയാണ്. ഇത് തന്നെയാണ് സാഹിത്യത്തിന്റെ പിറവിയിലും ഉണ്ടാവേണ്ടത്.

ഓരോ എഴുത്തുകാരനിൽ നിന്നും ഉതിർന്നു വീഴുന്ന പുസ്തകത്തെ,
” അതാ, നമുക്ക് വേണ്ടി കൂടി ” യെന്ന് സമൂഹം ചേർത്തു പിടിക്കുമ്പോഴേ അതൊരു യഥാർത്ഥ സാഹിത്യമായി മാറുന്നുള്ളൂ. സാഹിത്യത്തിനെ ഏതോ ഒരു പ്രത്യേകവിഭാഗത്തിന്റെ സംസ്കാരം എന്നുള്ളതിന് പകരം ഒരു സമൂഹത്തിന്റെ, രാജ്യത്തിന്റെ ലോകത്തിന്റെ തന്റെ നിലനില്പ് എന്ന് പരിഭാഷപ്പെടുത്തുകയാണ് ഓരോ സാഹിത്യകാരന്മാരും, സാഹിത്യോത്സവങ്ങളും സാധാരണക്കാരന് വേണ്ടി ചെയ്യേണ്ടത്.

സാഹിത്യം സിദ്ധാർത്ഥനിലേക്ക് തിരിച്ചു പോയതാണോ? അതോ ഇതുവരേയും ബുദ്ധനിലേക്ക് എത്താത്തതാണോയെന്നും ഞാൻ ചിന്തിച്ചു. അതേ നിമിഷം ആ ചിന്തയുടെ അടുത്ത് ആദ്യം വന്ന പേര്, കടപ്പുറത്തെ മനുഷ്യരെ എഴുതിയ ശ്രീമാൻ തകഴിയുടെ ” ചെമ്മീൻ ” എന്നുള്ള കൃതിയാണ്.
” ആ കൃതി, കടലോര നിവാസികളായ ഞങ്ങളെ കുറിച്ചാണെന്നും അത് എഴുതിയത് തകഴി ശിവശങ്കരപ്പിള്ള ആണെന്നും അവർ അറിഞ്ഞിരിക്കുമോ? ”

ഈ സംശയത്തിന്റെ നിവാരണത്തിനായി ഞാൻ സമീപിച്ചത്, എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ, ശ്രീ. പി. ജെ. ജെ ആന്റണി സാറിന്റെ അടുത്താണ്.

” മീൻപിടുത്തക്കാരുടെ ഇടയിലാണ് എന്റെ വീട് . പഴയ തലമുറയിലെ എല്ലാവർക്കും ചെമ്മീനും തകഴിയും സുപരിചിതം. പുതുതലമുറ അത്രയും അറിയുന്നില്ല. പാപബോധം മതബോധം കുറഞ്ഞ്വരുന്നു. പ്രണയത്തെ പുനർ നിർവചിച്ചിരിക്കുന്നു സമകാലം. വള്ളത്തിൽ പോയി ഇന്ന് മീൻ പിടിക്കുന്നില്ല. ബോട്ടും ചെറുകപ്പലുകളും ഇന്ന് പ്രിയം. ”

എനിക്കുള്ളിൽ ഇതേ ഉത്തരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. സാഹിത്യത്തിനും കാലത്തിനും ഇടയിൽ ഒരുപക്ഷേ നികത്തുവാൻ കഴിഞ്ഞേക്കാവുന്ന ഒരു വിടവ് സംഭവിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. ആ വിടവ് സാഹിത്യകാരന്മാരുടേയും ഉത്തരവാദിത്വം കൂടിയാണ്. നിങ്ങൾ, നിങ്ങളെ ക്കുറിച്ച് എഴുതുന്നത്, നിങ്ങൾ അറിയാതെ പോകരുതല്ലോയെന്ന് തന്നെയാണ് പറയുന്നത്.

സാഹിത്യകാരനെ അറിഞ്ഞില്ലയെങ്കിലും സാഹിത്യത്തെ അറിയേണ്ടതുണ്ട്. നിങ്ങൾക്ക് വേണ്ടി കൂടിയാണ് എന്റെ പേന ശബ്ദിക്കുന്നതെന്ന് പറയുവാൻ, സാഹിത്യം, സിദ്ധാർത്ഥകുമാരനിൽ നിന്നുമിറങ്ങി, ബുദ്ധന്റെ ബോധോദയത്തിലേക്ക് എത്തേണ്ടത് കൂടിയുണ്ട്.

” അഷിത ” യെന്ന പേര് കണ്ടമാത്രയിൽ
” അവർ ഇസ്ലാമാണോ? ഇസ്ലാമുകൾ, ശിവേന സഹനർത്തനമെന്ന് എഴുതുമോ? അവർക്ക് അതൊക്കെ പുച്ഛമല്ലേ? ” യെന്ന് എന്നോട് ചോദിച്ച ഒരു വ്യക്തിയെ ഈ നിമിഷം ഓർക്കുന്നു.

” ശിവേന സഹനർത്തനത്തിന്, ” ഹിന്ദുവുമായിട്ടല്ല മനുഷ്യനുമായിട്ടാണ് ബന്ധമെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ നിൽക്കാതെ അയാളെ ഞാൻ ഒഴിവാക്കിയതിൽ, ലളിതമായ ഒരു യുക്തിയുണ്ട്.

” മുറിഞ്ഞാൽ ചുവന്നചോര ഒരേപോലെ വരുന്നവർ സഹജീവികൾ ആണെന്നുള്ള അവരുടെ വേദന ഒരുപോലെ തന്നെ ആയിരിക്കുമെന്നുള്ള സാമാന്യബോധം ഇല്ലാത്തവരെ ഭരിക്കുന്നത്, വെറുപ്പും വിദ്വേഷവും, മതവും ( മദം ) തീവ്രവാദമനോഭാവങ്ങളും മാത്രമായിരിക്കും. അങ്ങനെയുള്ളവരെ തിരുത്തുവാൻ കഴിയില്ല. തർക്കിക്കുവാൻ തീരെയും കഴിയില്ല. ഉപേക്ഷിക്കുവാൻ മാത്രമേ കഴിയൂ”.

മനസ്സിൽ വീണ്ടും ആർക്ക് വേണ്ടിയാണ് സാഹിത്യം ഉണ്ടാവേണ്ടത് എന്നുള്ള ചോദ്യം.

അടുക്കളയിൽ പച്ചക്കറി നുറുക്കുന്ന ഒരാൾ, പുഴയിൽ നിന്നും മത്സ്യം പിടിക്കുന്നൊരാൾ, സവാരികൾക്ക് വേണ്ടി വരുന്നവരുടെ, ജാതി, മതം, രാഷ്ട്രീയം ( പേര് പോലും ) തിരക്കാത്ത ഒരാൾ. ഇവരൊക്കെ തന്റെ ജോലികൾക്കിടയിലും കവിതകൾ മൂളുന്ന, കഥകൾ സ്വരുക്കൂട്ടുന്ന കാലം ഉണ്ടാകുമെന്നും സാഹിത്യസിദ്ധാർത്ഥൻ മാളിക വിട്ട്, ബുദ്ധനായി പരിണമിക്കുമെന്നും സാഹിത്യം അതിന്റെ പൂർവ്വകാല വേരുകളിൽ പൊട്ടിക്കിളിർക്കുമെന്നും പ്രത്യാശിക്കാം.

ഹരിത. ആർ.

നന്ദി : ഈ ലേഖനത്തെ കുറിച്ചുള്ള ചിന്ത പകർന്നു നൽകുവാൻ സഹായിച്ച, ശ്രീ. മുഹമ്മദ് അബ്ബാസ് സാറിനും. സംശയനിവാരണം നൽകിയ ശ്രീ. P.J. ആന്റണി സാറിനും.

ആസാദി : അരുന്ധതി റോയി

ആസാദി : അരുന്ധതി റോയി
സ്വാതന്ത്ര്യം .. ഫാസിസം.. സാഹിത്യം ..
വിവർത്തനം : ജോസഫ്.കെ.ജോബ്.

(അരുന്ധതി റോയിയുടെ ലേഖന സമാഹാരമായ ആസാദിക്കു നാൽപ്പത്തി അഞ്ചാമതു യൂറോപ്യൻ എസേ പ്രൈസ് ലഭിച്ചു. പുസ്തകത്തിൻ്റെ ഫ്രഞ്ചു പരിഭാഷയ്ക്കാണ് അംഗീകാരം.)

 

ഒരു മനുഷ്യൻ സ്വതന്ത്രമാക്കപ്പെടേണ്ടത് എന്തിൽ നിന്നൊക്കെയാണ്? തന്നെ ബന്ധിച്ചിടുന്ന എന്തിൽ നിന്നും! എൻ്റെ ജാതി, എൻ്റെ മതം.. എൻ്റെ ഭാഷ.. എൻ്റെ രാജ്യം .. ഇതിൽ നിന്നെല്ലാം വിടുതൽ നേടി വിശ്വമാനവികതയിലേക്ക് മനുഷ്യൻ ഉയരണം. ഈ പുസ്തകത്തിലെ ആദ്യ ലേഖനം ഭാഷാഭിമാനത്തിനെതിരെ ഉയർത്തുന്ന ചില ചോദ്യങ്ങളാണ്.

ആദ്യ നോവൽ ഗോഡ് ഓഫ് സ്മോൾ തിങ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഒരാൾ ചോദിച്ചു: എന്തുകൊണ്ട് ആദ്യ നോവൽ മാതൃഭാഷയിലെഴുതിയില്ല? ഏതാണെൻ്റെ മാതൃഭാഷ ?അരുന്ധതി റോയി കുഴങ്ങിയിട്ടുണ്ടാകണം. ആദ്യ വാക്കുകൾ ഉച്ചരിക്കാൻ പഠിച്ചത് അസമിലെ തോട്ടം തൊഴിലാളികളിൽ നിന്നാണ്‌.ശ്ലീലമല്ലാത്ത വാക്കുകൾ.. ലൈംഗികാവയവങ്ങളുടെ പേരു ചൊല്ലിയുള്ള തെറി വാക്കുകൾ ഒക്കെ കുട്ടിക്കാലത്തു പഠിച്ചു വെച്ചു. അച്ഛൻ്റെ ഭാഷ ബംഗാളിയും അമ്മയുടെ മാതൃഭാഷ മലയാളവും അവരുടെ സംസാരഭാഷ ഇംഗ്ലീഷും.മലയാളം പഠിക്കാനുള്ള ശ്രമത്തിൽ നിന്ന് തെന്നിമാറി ഹിന്ദിയിലേക്കു കടന്നു.വിദേശത്ത് താമസമാക്കിയതോടെ ഇംഗ്ലീഷിൻ്റെ നിയന്ത്രണത്തിലായി.

ഏതാണ് ശ്രേഷ്ഠ ഭാഷ എന്നു ചോദിച്ചാൽ നമ്മുടെ മനസിലെ വികാരം ഏറ്റവും വ്യക്തമായി മറ്റൊരാളിലേക്കു പകരാൻ കഴിയുന്നതാണ് ശ്രേഷ്ഠ ഭാഷ എന്നു പറയേണ്ടി വരും.അതൊരു മൃദുമന്ദഹാസമാകാം, നിറകണ്ണുകളാകാം ഒരു കുഞ്ഞിൻ്റെ ചുണ്ടിൽ വിടരുന്ന ആദ്യ വാക്കുകളാകാം. ആയിരം മൃതവാക്കുകളെ സൂക്ഷിച്ചു വെച്ചു എന്നതുകൊണ്ട് ഒരു ഭാഷ ശ്രേഷ്ഠമാകുന്നില്ല.

മനുഷ്യനിർമ്മിത അതിരുകൾക്കുള്ളിൽ രാജ്യ സ്നേഹത്തെ വളർത്തിയെടുത്ത് അഹങ്കരിക്കുകയാണ് മനുഷ്യർ. അതിരുകൾ മാറുന്നില്ലായിരിക്കാം എങ്കിലും അവിടെ വസിക്കുന്നവർ മാറിക്കൊണ്ടേയിരിക്കും. എൻ്റേതാണെന്ന ചിന്ത മരണത്തോടെ അവസാനിക്കുന്നു. എൻ്റേതാണെന്നു കരുതിയിരുന്നതെല്ലാം പിന്നീടു മറ്റു പലരുടേതുമായി മാറുന്നു.

പുസ്തകത്തിലെ ചില ഇഷ്ടഭാഗങ്ങൾ ..

“ഒരേ ഭാഷ സംസാരിക്കുന്നവരെല്ലാം പരസ്പരം മനസിലാക്കുന്നവരായിരിക്കണം എന്നില്ല.”

“നമുക്ക് ഭാഷയ്ക്കു പുറത്തു താമസിക്കാൻ കഴിയുമോ? ഈ ചോദ്യം വാക്കുകളായോ വാക്യമായോ അവളിലേക്കു വന്നതല്ല. നിശബ്ദമായ, അവികസിതമായ രോദനമായി അവളിലേക്ക് അതു വന്നു ചേർന്നു.”

“പീഡിത നഗരങ്ങളുടെ മേൽ ഏതു ഭാഷയിലാണ് മഴ പെയ്യുന്നത്? ചോദ്യം പാബ്ലോ നെരൂദയുടേതാണ്.”

ആദ്യ ലേഖനം കഴിഞ്ഞാൽ പിന്നീടുള്ള വ രാഷ്ട്രീയ അപഗ്രഥനങ്ങളാണ്. അറിഞ്ഞു കൊണ്ടു തന്നെ ഞാനതിൽ നിന്നു വിട്ടു നിൽക്കുന്നു. എങ്കിലും വാചക ഭംഗികൊണ്ട് ആകർഷിച്ച ഏതാനും വാചകങ്ങൾ ..

“നോട്ടു നിരോധനം വെറുമൊരു സാമ്പത്തിക കാര്യമായിരുന്നില്ല. അതൊരു വിധേയത്വപരീക്ഷണമായിരുന്നു.മഹാനായ നേതാവ് നടത്തിയ ഒരു സ്നേഹപരീക്ഷ! നാം അദ്ദേഹത്തെ അനുഗമിക്കുമോ .. എന്തു വന്നാലും അദ്ദേഹത്തെ നാം സ്നേഹിക്കുമോ എന്നതിൻ്റെ യൊക്കെ പരീക്ഷണം. വർണച്ചിറകുവിരിച്ച് നാം നമ്മുടെ സ്നേഹാ തിരേകം പ്രകടിപ്പിച്ചു നോട്ടു നിരോധനത്തെ കൈ നീട്ടി സ്വീകരിച്ച് സ്വേച്ഛാധിപത്യത്തിനു മുന്നിൽ അരുമക്കിടാങ്ങളായി നാം മുട്ടുകുത്തി നിന്നു.”

“അവകാശങ്ങൾക്കു വേണ്ടിയുള്ള അവകാശമാണ് പൗരത്വമെന്ന് ഹന്നാ ആ റെൻഡ്”

“കാശ്മീർ തുറക്കപ്പെട്ട നിലയ്ക്ക് ഇനി നമുക്ക് അവിടെ നിന്നു പുത്രവധുക്കളെ കൊണ്ടുവരാം.” ഒരു രാഷ്ട്രീയ നേതാവിൻ്റെ അഭിപ്രായ പ്രകടമാണ്.ഈ ആഭാസത്തിമിർപ്പുകളുടെ ആരവങ്ങൾക്കിടയിലും ഉയർന്നു കേൾക്കുന്നത് ഒരു ജനതയുടെ നിശബ്ദതയാണ്.പുത്രവധുക്കളായി വരണമോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ എന്ന ചോദ്യം ഭയം കൊണ്ട് നിശബ്ദമാക്കപ്പെടുന്നു….

വിലാസിനി രാജീവൻ

ഗുരുസാഗരം : ഒ.വി.വിജയൻ.

വയലാർ അവാർഡും കേന്ദ്ര … കേരള സാഹിത്യ അക്കാദമി അവാർഡുകളും നേടിയ നോവൽ.

പ്രപഞ്ചം ആവർത്തനം കൊണ്ട് നിറഞ്ഞിരിക്കുന്നു. കാലവും ദേശവും കടന്ന് ഓരോ സംഭവവും വീണ്ടും ആവർത്തിക്കുന്നു. പ്രകൃതിയിലെ ചൈതന്യ രൂപികളൊക്കെ ജന്മാന്തരങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. ഓർമത്തെറ്റു പോലെ പാതി വഴിയിൽ വഴി മുടങ്ങി നിന്നു പോകുന്നു.

ബംഗ്ലാദേശിലെയുദ്ധം റിപ്പോർട്ടു ചെയ്യാനെത്തുന്ന കുഞ്ഞുണ്ണി യുദ്ധത്തിൻ്റെ അർഥശൂന്യതയും നിരർഥകതയുമാണ് ഓർത്തു പോകുന്നത്‌. താൽക്കാലിക വിജയാരവങ്ങൾക്കപ്പുറം പരന്നൊഴുകുന്ന കണ്ണീരിൻ്റെ സമുദ്രമാണ് കാണുന്നത്. മാനം നഷ്ടപ്പെട്ട സ്ത്രീകൾ, ജീവൻ നഷ്ടപ്പെടുന്ന ശിശുക്കൾ നാടും നഗരവും വിട്ട് പാലായനം ചെയ്യേണ്ടി വരുന്ന ജനങ്ങൾ … എല്ലാം ഒഴിവാക്കാമായിരുന്ന ദുരന്തങ്ങൾ. മുൻ കാല ചരിത്രങ്ങളും കഥകളും നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്ന സത്യങ്ങൾ.

യുദ്ധത്തിനു മുമ്പും പിമ്പും ആദ്യം കൈവെക്കുന്നത് പെണ്ണിൻ്റെ ഉടുവസ്ത്രത്തിലാണ്. കുഞ്ഞുണ്ണി മഹാഭാരതത്തോളം പിറകോട്ടു സഞ്ചരിച്ചു. അഴിച്ചെടുക്കുന്ന വസ്ത്രത്തുമ്പിൽ പിടിച്ച് അലമുറയിടുന്ന പാഞ്ചാലി. ധർമം രക്ഷിക്കപ്പെടണമെന്നു പറഞ്ഞു തുടങ്ങിയ യുദ്ധത്തിലുടനീളം അധർമത്തിൻ്റെ തേർവാഴ്ച’. സകലതും നഷ്ടപ്പെടുത്തി നേടിയ ജയത്തിൻ്റെ ദൈന്യ വിലാപം. അതു തന്നെയാണ് പിന്നെയും പിന്നെയും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്‌.

ബംഗ്ലാദേശിലും താൻ റിപ്പോർട്ടു ചെയ്യാൻ പോകുന്നത് ഇത്തരം ദീന വിലാപങ്ങളെ ത്തന്നെയാണ്. എഴുതുന്ന താനും വായിക്കുന്നവരും അറിയാതെ തന്നെ ഒരു തരം സുരതാനന്ദം അനുഭവിക്കുകയാണ്.

കുഞ്ഞുണ്ണിയുടെ സ്റ്റെനൊ ലളിതയുടെ സഹോദരൻ പട്ടാളത്തിലായിരുന്നു. നാഥനില്ലാത്തൊരു കറുത്ത പെട്ടി അച്ഛാ എന്ന വിലാപവുമായി അതിൻ്റെ വീടന്വേഷിച്ചു വന്ന ദിവസം.. ലളിത പഠിപ്പു നിർത്തി. ജോലിയന്വേഷിച്ചു ദില്ലിക്കു വന്നു. പാരായണജപങ്ങൾ മറന്നു. താളിയോലകൾ മറന്നു.: സാമീപ്യത്തിൻ്റെ നിമിഷത്തിൽ, സാമീപ്യത്തിൻ്റെ സമൃദ്ധമായ വിഷാദത്തിൽ, നമ്രശിരസ്കയായി നിന്ന പെൺകുട്ടിയുടെ ഉൾത്തലങ്ങളിൽ സങ്കീർത്തനത്തിൻ്റെ മൗന ധ്വനികൾ ഉയർത്തി കുഞ്ഞുണ്ണി നിന്നു.

ഒരു പിടി ധർമസങ്കടങ്ങളുടെ ആകെത്തുകയാണ് കുഞ്ഞുണ്ണിയുടെ ജീവിതം. തലയിണയ്ക്കടിയിൽ നിന്ന് കല്യാണിയുടെ കത്തെടുത്ത് കുഞ്ഞുണ്ണി ഒരിക്കൽക്കൂടി വായിച്ചു. പിനാകിയമ്മാവൻ വരുമ്പോളൊക്കെ അയാളുടെ നായയെയും കൂടെ കൊണ്ടുവരും. എനിക്ക് ആ നായയെ ഇഷ്ടമല്ല. അമ്മ വരില്ലെങ്കിൽ വേണ്ട എന്നെ തനിച്ചു വരാൻ സമ്മതിച്ചാലെന്താ..

തകർന്നു പോയൊരു വിവാഹ ജീവിതത്തിൻ്റെ നിഴൽ പരക്കുന്നുണ്ട് കുഞ്ഞുണ്ണിയുടെ ജീവിതത്തിൽ. ഒരുമിച്ചു കഴിയാൻ ആഗ്രഹിക്കുന്ന അച്ഛൻ്റേയും മകളുടെയും നിസ്സഹായതയും.

ബംഗ്ലാദേശിലേക്കു പുറപ്പെടുന്നതിനു മുമ്പായി കുഞ്ഞുണ്ണി ഭാര്യ ശിവാനിയേയും മകളേയും സന്ദർശിക്കുന്നു. ശിവാനിക്കു മാത്രമറിയാവുന്ന ചില കാരണങ്ങളാൽ അവൾ കുഞ്ഞുണ്ണിയെ ഒഴിവാക്കുന്നുണ്ട്. ഒരു പകൽ അത്രയും മകളോടൊപ്പം കഴിഞ്ഞ് കുഞ്ഞൂണ്ണി സ്വന്തം റൂമിൽ തിരിച്ചെത്തുന്നു. പോകുന്നതിനു മുമ്പ് മകൾക്ക് പനിയാണെന്നും സാരമാക്കാനില്ലെന്നും ശിവാനി കുഞ്ഞുണ്ണിയോടു പറയുന്നുണ്ട്.

യുദ്ധഭൂമിയിൽ വെച്ച് പരിക്കേറ്റ കുഞ്ഞുണ്ണിക്ക് മാസങ്ങൾക്കു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. സ്വന്തം ശരീരം ഇഷ്ടത്തിനനുസരിച്ച് ചലിപ്പിക്കാൻ വീണ്ടും മാസങ്ങൾ വേണ്ടിവന്നു. പരിക്ഷീണത വകവെക്കാതെ കല്യാണിയുടെ അടുത്തെത്തിയപ്പോൾ മകൾ മരണത്തോട് വളരെയധികം അടുത്തിരുന്നു. കല്യാണിയുടെ നെറുകയിൽ ചുംബിക്കാൻ കുനിഞ്ഞപ്പോൾ പിനാകി കുഞ്ഞുണ്ണിയെ വിലക്കി. അരുത്. സ്പർശം കുട്ടിക്ക് വേദനയായിരിക്കും. അവൾക്ക് രക്താർബ്ബുദമാണ്. നീണ്ടു നിന്ന പുത്രീ ധ്യാനത്തിനു ശേഷം കുഞ്ഞുണ്ണി തിരിഞ്ഞ് പൂറത്തെ ഇടനാഴിയിലേക്കു വന്നു.

‘രോഗത്തിൻ്റെ ഇടവേളകളിൽ കല്യാണി താങ്കളെ അന്വേഷിച്ചു കൊണ്ടിരുന്നു.’ പിനാകി സെൻഗുപ്ത പറഞ്ഞു.
അച്ഛൻ അരികിലിരുന്നിട്ടും കല്യാണി അത് അറിഞ്ഞില്ല. ബോധത്തിലേക്കു തിരിച്ചുവരാതെ അവൾ മരണത്തോടൊപ്പം പോയി.

ഹോട്ടലിലെത്തി. ശിവാനിയുടെ മുറിയിൽ കടലോരത്തെ മൗനം. ആ മൗനം തുടർന്ന്‌ ഇപ്പോൾ അസഹ്യമായിത്തീർന്നു. ശിവാനി കുഞ്ഞുണ്ണിയുടെ മുമ്പിൽ മുട്ടുകുത്തി.

‘കല്യാണി പോവുകയാണ്’.. ശിവാനി പറഞ്ഞു “യാതൊരു ഭാരവും നാം അവളുടെ മേൽ ഏൽപ്പിച്ചു കൂടാ.
“ശിവാനി എന്താണ് പറയുന്നത്?”
“അങ്ങ് കല്യാണിയെ വെറുക്കരുത്. ആ ഭാരവും കൊണ്ട് അവൾ പോയിക്കൂടാ.കല്യാണി അങ്ങയുടെ കുട്ടിയല്ല. അവൾ പിനാകി യുടെ കുട്ടിയാണ്.”

കടലിൻ്റെ വിസ്തൃതിയിൽ ഇപ്പോൾ ഗുരുപ്രസാദം നിറഞ്ഞൂ.കടലിനു മുകളിൽ കുഞ്ഞുണ്ണി കല്യാണിയുടെ ശബ്ദം കേട്ടു.
അച്ഛാ.. അച്ഛൻ ഖേദിക്കുന്നുവോ?
അതെ മകളെ.
ജൈവ ധാരയുടെ നിരന്തര തയെക്കുറിച്ച് അച്ഛൻ്റെ പൂച്ച പരീക്ഷിത്ത് അച്ഛന് ഉപദേശം തന്നില്ലേ?
തന്നു
ഈ ജന്മത്തിലല്ലേ ഞാൻ അച്ഛൻ്റെ മകളല്ലാതായിരുന്നിട്ടുള്ളു.പി റ കോട്ട് തിരിഞ്ഞു നോക്കൂ.. അച്ഛന് ഓർമയില്ലേ.. ഞാൻ ശുകനും അച്ഛൻ വ്യാസനുമായിരുന്നത് ..
നിസ്സാന്ത്വനമായ തൻ്റെ മടക്കയാത്രയിൽ കുഞ്ഞുണ്ണി വിളിച്ചു പ്രലപിച്ചു’; ശുകാ.. ശുകാ.. മകനേ..
വിശ്വ പ്രകൃതി ചെകി ടോർത്തു. ശത കോടി ദലസ്വരങ്ങൾ ഇപ്പോൾ സമൂർത്തങ്ങളായി കല്യാണിയുടെ ശബ്ദത്തിൽ വിളി കേട്ടു .അച്ഛാ.. അച്ഛാ…

വിലാസിനി രാജീവൻ

അഭയാർഥികൾ : ആനന്ദ്

 

വായനയിലേക്ക് ക്ഷണിച്ചു കൊണ്ടു പോകുന്ന നോവലുകളുണ്ട്. അവസാന വരിയും വായിച്ചു കഴിയാതെ താഴെ വെക്കാൻ കഴിയാത്ത വ. വായനകഴിഞ്ഞ് മടക്കി വെച്ചാൽ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കാത്തവ. ആനന്ദിൻ്റെ നോവലുകൾ നമ്മെ വായനയിലൂടെ ഒഴുക്കി കൊണ്ടു പോകുന്നില്ല. പർവ്വതാരോഹണം പോലെ കുറച്ചു ക്ലേശം നിറഞ്ഞതാണ് ആ വായന. വായിച്ചു കഴിഞ്ഞാൽ വീണ്ടുമെന്തൊക്കയോ മനസിലാക്കാൻ ബാക്കി വെച്ചതു പോലെ, വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവ. ഒരിക്കൽ മാത്രം പൂത്തുപട്ടു പോകുന്ന ചെറു തൈകളല്ല ആ നോവലുകൾ. കാലികമായി പൂത്തു കൊണ്ടേയിരിക്കുകയും ചിന്തകളിൽ പുഷ്പ വർഷം നടത്തുകയും ചെയ്തു കൊണ്ടിരിക്കും.

വായിച്ചു കഴിഞ്ഞിട്ടും മനസിൽ നിന്നു മായാൻ കൂട്ടാക്കാതെ കിടക്കുന്ന ഏതാനും വരികൾ മാത്രമേ ഇവിടെ കുറിക്കുന്നുള്ളൂ .. എൻ്റെ ഇഷ്ടങ്ങൾക്കപ്പുറത്തും വേറെ ഇഷ്ടങ്ങളുണ്ടെന്ന തിരിച്ചറിവോടെ.

ഗംഗയുടെ തീരത്ത് നിർമ്മാണ പ്രവർത്തികൾ നടത്തുന്നവരുടെ കൂട്ടത്തിൽ ഗൗതമനും ഉണ്ട്. ഓരോ കിളപ്പാടിലും അവർ കണ്ടെത്തുന്നത് മൺമറഞ്ഞു പോയ പുരാതന സംസ്ക്കാരത്തിൻ്റെ ചിതറിയ ശിലാഖണ്ഡങ്ങളെയാണ്‌. അന്നത്തേതുപോലെ ഇന്നും മനുഷ്യർ കൈകളിലേന്തിയ ഗംഗാജലവുമായി കിഴക്കോട്ടു തിരിഞ്ഞു നിന്നു സൂര്യനെ വന്ദിക്കുന്നു.ഗംഗാസ്നാനം ചെയ്ത് മുജ്ജന്മത്തിൻ്റെ ചരട് അറക്കുന്നു. ജ്യോതിസിൽ നിന്നു തമസ്സിലേക്കു ഒഴുകിയൊടുങ്ങുന്ന ഓരോ ദിന ന്തത്തിലും മൃതിയിൽ നിന്നു മൃതി മാത്രം നേടിയ വരുടെ ചിതകളുടെ നീണ്ട നിര ഗംഗാതീരത്തെ പ്രോജ്വലമാക്കുന്നു.

“നമുക്കൊരു പുതിയ ഗംഗയെ കൊണ്ടുവരണം” സുമൻ വാദിച്ചു. “മരിച്ചു പോയവരുടെ പിതൃക്കൾക്കുമോക്ഷം നൽകുന്ന ഗംഗയല്ല .ജീവിച്ചിരിക്കുന്നവരെ മരണത്തിൽ നിന്നു മോചിപ്പിക്കുന്നതുമല്ല. ജനിക്കാനിരിക്കുന്ന തലമുറയ്ക്കു ജീവൻ വാഗ്ദാനം ചെയ്യുന്നത് ”
ഒരു ദിവസം സുമനും അവരിൽ നിന്നു വഴിമാറി നടന്നു, ദു:ഖമില്ലാതെ സ്നേഹമില്ലെന്ന വിശ്വാസം അവശേഷിപ്പിച്ചു കൊണ്ട്.

“ചരിത്രം തെറ്റുകളെ തിരുത്തുന്നില്ല. തെറ്റുകളെ പഴക്കം കൊണ്ട് ശരികളാക്കി മാറ്റുന്നതേയുള്ളൂ.”
” കാലം മാത്രമല്ല, ഗൗതമൻ തെറ്റുകളെ ശരികളാക്കി മാറ്റുന്നത് ..വിശ്വാസങ്ങൾ കൂടിയാണ്.വിശ്വാസങ്ങളുടെ .പ്രമാണങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ പേരിലാണ് നടക്കുന്നതെങ്കിൽ എല്ലാം ശരിയാകുന്നു. അതാ തു കാലത്തെ വിശ്വാസങ്ങളും പ്രമാണങ്ങളുമാകുന്നു ശരി. ”

“സംസ്കാരത്തിൻ്റെ ആരംഭം തൊട്ടിങ്ങോട്ട് എക്കാലത്തെഴും ഏറ്റവും വലിയ വ്യവസായം യുദ്ധമായിരുന്നു.മറ്റൊരു വഴിക്കും ചെലവാക്കാത്തത്ര പണം ഗവേഷണത്തിലും പരിശീലനത്തിലുമായി ചെലവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതൊരു പരിശീലനത്തെയും സാരവത്താക്കൂന്നത്, പഠിച്ചതു പ്രയോഗത്തിൽ നിന്നു കിട്ടുന്ന സംതൃപ്തിയാണ്. പക്ഷേ ,ഇവിടെയാ കട്ടെ .. പരിശീലനം സിദ്ധിച്ച ഒരു പട്ടാളക്കാരൻ അതു പ്രയോഗിക്കാനുള്ള സന്ദർഭം വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു സൈനികൻ തൻ്റെ വഴിമുഴുവൻ ലക്ഷ്യവുമായി വഴക്കടിക്കുന്നു.”

“നിർജീവമായ പാറയിൽ നിന്നു പിരിഞ്ഞു പോന്ന ആദ്യത്തെ ജീവാണു വിന് ജീവിതം കൈമുതലായി കൊടുത്തത് അതിൻ്റെ ഏകാന്തതയും നിസ്സഹായതയും മാത്രമായിരുന്നു. അതു നഷ്ടപ്പെട്ടാൽ പിന്നെ ജീവിതമില്ല’ ”

“ചരിത്രത്തിൻ്റെ മൂക മേരുക്കൾക്കുമീതെ പുറത്തു കാണുന്നത് വിജയത്തിൻ്റേയും ആഹ്ലാദത്തിൻ്റെയും പൂക്കളായിരിക്കാം.പക്ഷേ അവയ്ക്കടിയിൽ കിടക്കുന്നത് കുടത്തിലാക്കപ്പെട്ട വിത്തുകൾ പോലെ മുളയ്ക്കാന രു താത്ത മൂകവേദന കളാകുന്നു.”

“ഏതു കാലത്തും, എവിടെയും ജീവിച്ചിരുന്നവരുടെയിടയിൽ മുക്കാൽ ഭാഗവും അടിമകളൂംചൂഷിതരുമായിരുന്നു. അവരുടെ പേര് ചരിത്രത്തിൽ കാണുകയില്ലെങ്കിലും അവർ പൊരുതാതിരുന്നിട്ടില്ല. അവർ പൊരുതുകയും കഴുവിലും കുരിശിലുമേറ്റപ്പെടുകയും കല്ലെറിഞ്ഞോടിക്കപ്പെടുകയും ചെയ്‌തു. പതുക്കെപ്പതുക്കെയാണെങ്കിലും പേരുകളില്ലാത്ത മനുഷ്യരല്ലേ ചരിത്രത്തെ രൂപപ്പെടുത്തിയത്? ഒറ്റയ്ക്കൊറ്റയ്ക്കുള്ള പരാജയപ്പെട്ട കൊച്ചു കൊച്ചു കലാപങ്ങളിൽക്കൂടി ?”

“ജീവിതത്തിൻ്റെ ഏതു ദിശയിലാണ്.. സംഘർഷത്തിൻ്റെ ഏതളവിലാണ്.. ബോധത്തിൻ്റെ ഏതു തിരി വിലാണ്.. സാധാരണ മനുഷ്യൻ അഭയാർഥിയായി മാറുന്നത്? ജനിച്ചു വളർന്ന വീടും നാടും വിട്ട് , വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ച് .ഭൂതകാലത്തെ പിന്നിൽ വിട്ട്. അറിയപ്പെടാത്ത ദിക്കുകളിലേക്കും ശൂന്യമായ ഭാവിയിലേക്കും ഇറങ്ങിത്തിരിക്കുന്നത്? ഗൗതമനു പറയാനാകുന്നില്ല. എന്നിട്ടും എവിടെയും എപ്പോഴും ഇറങ്ങിത്തിരിച്ചു കൊണ്ടേയിരുന്ന ഈ മനുഷ്യരുടെ ഇളകുന്ന അടിത്തറയിന്മേലാകുന്നു നൂറ്റാണ്ടുകളോളം ഇളകാതെ വാണ സംസ്ക്കാരങ്ങൾ പടുത്തുയർത്തപ്പെട്ടത്.”

അഭയം തേടി അലയുന്നവർ വേറെയുമുണ്ട് നോവലിൽ .നമ്മൾ കാഴ്ചക്കാരായി വെറുതെ നോക്കി നിൽക്കുന്നു…

വിലാസിനി രാജീവൻ

 

നീലപ്പരുന്ത്‌ : ഹരിത ആർ.

ഈ പുസ്തകത്തിലേക്കു ഞാൻ എത്തി ചേരുവാൻ ആയി എടുത്തിട്ടുള്ളത് ഒന്നര വർഷത്തോളം സമയം ആയിരുന്നു.. കെട്ടറിഞ്ഞതു എല്ലാം തന്നെ വായനയിലേക്കു കൊണ്ടുവരുവാൻ ആയി വീണ്ടും കുറെ നാളുകൾ..

ഒടുവിൽ ഇന്ന് വായിച്ചറിഞ്ഞപ്പോൾ, ഈ നോവലിനെ കുറിച്ചു കേട്ടറിഞ്ഞ പോസറ്റിവും നെഗറ്റിവും ആയ വസ്തുതകളിൽ ചിലതെല്ലാം ശരിയും ചിലതെല്ലാം തെറ്റും ആയിരുന്നെന്ന് കൂടെ അറിഞ്ഞു..

പൂർണ്ണമായും ഇതൊരു സ്ത്രീ പക്ഷ നോവലോ പുരുഷ വിദ്വേഷ നോവലോ ആയിരുന്നില്ല, പകരം പ്രണയത്താൽ മുറിവേറ്റ ഒരു പെണ്ണിന്റെ തീരാ പകയുടെ ബാക്കി ചിത്രം ആയിരുന്നു.. അതിലേക്കു അവളെ നയിച്ച ഘടകങ്ങളും അവസ്ഥകളും സർവോപരി അവളിലെ സ്ത്രീത്വവും… ഒപ്പം ഒരു പറ്റം ദുരൂഹമായ കെട്ടുകഥകളും…

ഏറ്റവും അടുത്ത ഒരു സുഹൃത്ത് ഈ പുസ്തകം എനിക്ക് മുൻപേ വായിച്ചറിഞ്ഞതിനു ശേഷം പറഞ്ഞതു, ഒരു ഫെമിനിസ്റ്റ് ചിന്താഗതികാരിയുടെ എഴുത്തു രൂപം എന്നായിരുന്നു. പക്ഷെ എത്ര കണ്ടു അതു ശരിയാണെന്ന് ഞാൻ ഇപ്പൊ പറയുന്നില്ല..

പുസ്തകത്തിൽ പുരുഷ വിദ്വേഷ പരാമർശം ഉണ്ടെങ്കിൽ കൂടെ, അതു നോവലിന്റെ സുഖമമായ സഞ്ചാര പാതക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത പോലെ ആണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.. ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ ആസ്വാദനം ഉണ്ടാവുക..

അതേ സമയം അന്ധമായ പ്രണയത്തിനാൽ മുറിവേറ്റ ഒരുവളെയും ഞാൻ കണ്ടിരുന്നു..

നോവലിന്റെ സ്വഭാവം എടുത്തു വെച്ചാൽ, തീക്ഷ്ണമായ അതിനേക്കാൾ ദുരൂഹമായ ഒരു ലക്ഷ്യത്തിനു വേണ്ടി ഉള്ള ചിലരുടെ യാത്രകൾ, അതിൽ പാതി വഴിയിൽ വീണു പോയവരും, ആ വീഴ്ചയിൽ നിന്നു ഉയർത്തെഴുനേറ്റവരും ഉണ്ടായിരുന്നു.. ചിലരെല്ലാം ധൂമം പോലെ മായ്ഞ്ഞു പോയിട്ടും ഉണ്ടായിരുന്നു.. അവരിലേക്കുള്ള അന്വേഷണം എന്നു കൂടെ വേണമെങ്കിൽ പറയാം..

ഇതിക ദൂദ് എന്നു പേരുള്ള ഒരു അഭിസാരികയുടെ ജീവിതത്തെ കുറിച്ചു പഠിച്ചു പ്രബന്ധം തയ്യാറാക്കുവാൻ എത്തുന്ന കുറച്ചു കോളേജ് കുട്ടികളിൽ കൂടെ ആയിരുന്നു നോവൽ ആരംഭിക്കുന്നത്..

അവരുടെ ജീവിതത്തിൽ നിന്ന് തങ്ങൾക്കു ആവശ്യമുള്ള കണ്ടെന്റ് കിട്ടില്ല എന്നു ഉറപ്പാവുന്ന കുറച്ചു കുട്ടികൾ പാതി വഴിക്ക് വെച്ചു പിന്മാറുന്നു, എന്നാൽ നൈനിക എന്ന വിദ്യാർത്ഥി മാത്രം ആ പഠനത്തിൽ തുടർന്നും നില കൊള്ളുന്നു..

ഒരു സ്ത്രീയെ ഒരിക്കലും ഒരു പുരുഷന് പൂർണ്ണമായും മനസിലാവില്ല എന്ന തത്വത്തിൽ നിന്നും ആണ് തുടർന്നുള്ള നോവലിന്റെ യാത്ര..

അതു ചെന്നെത്തി നിൽക്കുന്നത് ലിപിക നേത്ര എന്ന ലേഖികയിലേക്കും..
അവളുടെ പ്രണയം ആയിരുന്ന അനിരുദ്ധനിലേക്കും..

അവിടെ തീവ്രമായ ഒരു പ്രണയത്തിന്റെ ചിത്രം നിർമ്മിതമാവുന്നത് കാണുകയും, ഒരേ സമയം പരിഗണിക്ക പെടാത്ത ഭാര്യ എന്ന പദവിയും, മറ്റൊരുവനാൽ പ്രണയിക്കപ്പെടുന്ന സ്ത്രീ ആയും ലിപിക ജീവിക്കുന്നു..

അവിടെ നിന്നും നൈനിക എന്ന വിദ്യാർഥിനിയിലേക്കു ചെന്നെത്തി നിന്നാൽ, അവളുടെ ഗവേഷണം എന്നതിന് പിറകിൽ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു..

ഒരു പക്ഷെ ആകാശത്തെ ചുറ്റി വട്ടമിട്ടു പറക്കുന്ന നീലപരുന്തിനെ കെണി വെച്ചു പിടിക്കുക എന്ന പോലെ..
മുറിവേറ്റ മനസിൽ നിന്നു പുറപ്പെടുന്ന തീരുമാനങ്ങളിൽ ദൈവത്തിനു പോലും കൈ കടത്താൻ അവകാശമില്ലന്നു ഓർമിപ്പിക്കുക കൂടെ ആയിരുന്നു തുടർന്നങ്ങോട്ടുള്ള നോവലിന്റെ സഞ്ചാര പാതയിൽ കൂടെ എഴുത്തുകാരി…

ഇടക്ക് മാധവി കുട്ടിയുടെ എഴുത്തുകളിലൂടെയും ചാരുലതയിൽ കൂടെയും നോവൽ സഞ്ചരിച്ചപ്പോഴും, അളവിൽ അധികമായി കടന്നു വന്ന ലൈംഗികതയും ഒട്ടും മുഷിപ്പിക്കുന്നില്ലയിരുന്നു…
പകരം അവയെല്ലാം അവളുടെ മനസിന്റെ പ്രതികാര ഭാവത്തെ ആയിരുന്നു മുൻ തൂക്കം നൽകി പ്രദർശിപ്പിച്ചത്…

ഒടുവിൽ ക്ളൈമാക്സിൽ വന്ന ട്വിസ്റ്റും, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലും മികവുറ്റ അനുഭവവും തന്നെ നൽകി എന്നു പറഞ്ഞു നിർത്തട്ടെ…

ഒരു പക്ഷെ ഈ നോവൽ എനിക്ക് മുൻപ് തന്നെ നിങ്ങൾ എല്ലാരും വായിച്ചറിഞ്ഞിട്ടുണ്ടാകും, എന്നാലും ഒരാളെങ്കിലും വായിക്കാതെ ഉണ്ടെങ്കിൽ അയാൾക്ക്‌ ഈ പുസ്തകം വായിക്കുവാൻ ഈ കുറിപ്പു ഉപകാരപ്പെടുമെങ്കിൽ ….

ജാമി

ഐഡന്റിറ്റി : മിലൻ കുന്ദേര

“എഴുത്തുകാരനാകുകയെന്നാൽ സത്യത്തിന്റെ ഉദ്ഘോഷകനാവുക എന്നല്ല അർഥം. സത്യം കണ്ടെത്തുന്നവനാകുക എന്നാണ്.”

എഴുത്തിനെ ഈ വിധം നിർവചിച്ച ഒരു മഹാമേരു, ശരീരത്താൽ അസ്തമിച്ചിരിക്കുന്നു. തന്റെ പുസ്തകങ്ങളിലൂടെ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് നിർബാധം സഞ്ചരിക്കുന്ന ആ എഴുത്തുകാരന് , മിലൻ കുന്ദേരയ്ക്ക് പ്രണാമം.

മിലൻ കുന്ദേരയുടെ മെറ്റാ തീമുകളിലൂടെ കടന്നുപോകുന്ന, മികച്ച ഒരു നോവലായ “ഐഡന്റിറ്റി” യുടെ ആസ്വാദനമാണ് ഇതിൽ കുറിക്കുന്നത്. സർറിയലിസത്തിന്റെയും, സ്വപ്നാടനത്തിലേയ്ക്കും, ആസ്വാദകന്റെ മനസ്സിനെ പായിച്ചു വിടുന്ന മനോഹരമായ കൃതിയാണ് ഐഡന്റിറ്റി എന്ന് ആദ്യമേ പറയട്ടെ.

കഥ, രണ്ടുപേരിൽ തുടങ്ങുന്നു. ഷാന്റലിനും ഷോൺ മാർക്കും! അവരിൽ തുടങ്ങി, ഇടയിൽ കടന്നു വരുന്ന മനുഷ്യരെ അതിന്റെ surface ൽ മാത്രം പറഞ്ഞു വെച്ചുകൊണ്ട്, അവരിൽ തന്നെ കഥ അവസാനിക്കുന്നു.

ഷാന്റലിൻ, വിവാഹമോചിതയായ, തന്റെ കുഞ്ഞ് മരണപ്പെട്ടത് ഓർത്ത്, നീറുന്ന, ഏറ്റവും സെൻസിറ്റീവ് ആയ എന്നാൽ, ഏറ്റവും ശക്തയായ സ്ത്രീയാണ്. വയസ്സിൽ തന്നെക്കാൾ ചെറുപ്പമായ ഷോൺ മാർക്കിന്റെ മനസ്സിനെ എത്ര ഗാംഭീരമായിട്ടാണ് അവൾ കൊരുത്തിട്ടിരിക്കുന്നത്. ഷോൺ മാർക്ക് അവളെ വല്ലാതെ പ്രണയിക്കുന്നുണ്ട്. ഒരുപക്ഷേ, ഇടയിൽ എപ്പോഴോ അവൾക്ക് അവനെ മടുത്തെന്നു തോന്നിപ്പിക്കും.
അതിനുദാഹരണമാണ്, വളരെ നാളുകൾക്ക് ശേഷം, കാമുകനെ കാണുന്ന അവൾ

” ആണുങ്ങൾ, ഇപ്പോൾ എന്നെ കണ്ടാൽ നോക്കാറില്ല ”

എന്ന് അവനോട് പറഞ്ഞു വെയ്ക്കുന്നത്. തന്റെ കാമുകൻ തന്നെ പൂർണ്ണമായും പ്രണയിക്കുന്നുവെന്ന് ഉറപ്പുള്ള സ്ത്രീയ്ക്ക്, മറ്റു പുരുഷന്മാരുടെ ദർശനം തീർച്ചയായും ആവശ്യമുണ്ടായിരിക്കില്ല. അവളുടെ ആ തോന്നലിനെയാണോ, അതോ, അവൾക്ക് തന്റെ പ്രണയം മടുപ്പുളവാക്കികൊണ്ടിരിക്കുന്നുവെന്നുള്ള തോന്നലിനെയാണോ ഇവിടെ ഉദ്ദേശിക്കുന്നതെന്നു, ഷോൺ മാർക്കിനെ പോലെ, വായനക്കാരനും ചിന്തിക്കുന്നു.

ശേഷം, ഷോൺ മാർക്ക്, ഒരു അജ്ഞാതനെന്ന പോലെ അവൾക്ക് കത്തുകൾ എഴുതുന്നു. തന്റെ ബ്രായുടെ കൂമ്പാരങ്ങൾക്കുള്ളിൽ അവളത് ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട് ഷോൺ മാർക്ക് തന്നെയാണ് അതിന്റെ ഉടമസ്ഥൻ എന്ന് തിരിച്ചറിയുന്നത്, അവളെ അത്ഭുതപ്പെടുത്തുന്നു.

” ഇല്ലില്ല, ഒരു പ്രണയവും മൂകതയെ അതിജീവിക്കില്ല ”

ഈ വാചകത്തിന് നോവലിൽ ഉടനീളം പ്രസക്തിയുണ്ട്. ഇതിലെ മറ്റൊരു ഭംഗിയുള്ള കഥാപാത്രമാണ്, ഇടയ്ക്കിടെ, ആ തെരുവിൽ കാണുന്ന ഒരു പിച്ചക്കാരൻ. അയാളുടെ ലൈംഗികജീവിതം എങ്ങനെയായിരിക്കുമെന്ന് ഷാന്റലിൻ ചിന്തിക്കുന്നുണ്ട്. അത് ഷോൺ മാർക്കിനോട് പറയുന്നുമുണ്ട്. അതു കൂടാതെ അവളുടെ സ്വപ്നങ്ങൾ നെയ്തുപോകുന്നതിനെ എഴുത്തുകാരൻ, രൂപപ്പെടുത്തിയിരിക്കുന്നത് പോലും വായനക്കാരനെ ഒരു dream home ലേയ്ക്ക് കൊണ്ടുപോകുന്നതിനു തുല്യമായിട്ടാണ്.

രതിയുടെ ബിംബങ്ങളെയും പരമപ്രധാനമായി ഐഡന്റിറ്റി വിളിച്ചു പറയുന്നു. എങ്കിലും ചുണ്ടകൾക്കിടയിലെ നാവുകൾ തമ്മിൽ പരസ്പരം കെട്ടുപിണയുന്നതിനെ വെറുക്കുന്ന ഷാന്റലിൻ, തന്റെ രതിയിലുള്ള ഫാന്റസികൾ വേറെ ആണെന്ന് പറയാതെ തന്നെ അടയാളപ്പെടുത്തുന്നുണ്ട്.

എല്ലാ സ്വപ്നാടനങ്ങൾക്കും ഒടുവിൽ,

” രാത്രി മുഴുവൻ, ഞാൻ ഈ വിളക്ക് തെളിച്ചിടാൻ പോകുന്നു മതി ഇനിയെല്ലാ രാത്രികളിലും ”

എന്ന് അവൾ പറയുന്നിടത്ത്, ഐഡന്റിറ്റി അവസാനിക്കുമ്പോൾ, വായനക്കാരനും ചിന്തിക്കും, ഏത് മനുഷ്യനാണ്, മറ്റൊരു ഐഡന്റിറ്റിയിൽ സ്വപ്നത്തിൽ എങ്കിൽ പോലും ജീവിക്കുവാൻ കൊതിക്കാത്തത് എന്ന്.

മനുഷ്യന്റെ പ്രണയത്തേയും കാമനകളേയും, ആഴത്തിൽ തൊടുന്ന, പറഞ്ഞതിലേറെ ആഴമുള്ള ചെറുനോവൽ ആണ്, ഐഡന്റിറ്റി. ഡി. സി ബുക്സ് പബ്ലിഷ് ചെയ്തിരിക്കുന്ന പുസ്തകത്തിന്റെ മനോഹരമായ വിവർത്തനം നടത്തിയിട്ടുള്ളത്
അനൂപ് ചന്ദ്രൻ ആണ്.

ഹരിത. ആർ

അന്ധകാരനഴി : ഇ. സന്തോഷ് കുമാർ.

 

 

     

“ജീവിതത്തിൻ്റെ വിജയത്തെ അളക്കേണ്ടത് നാം സ്വയം നിശ്ചയിക്കുന്ന ലക്ഷ്യത്തെ ആസ്പദമാക്കിയാണ്”  സി.ആർ.പരമേശ്വരൻ.
ആ ലക്ഷ്യത്തിലേക്കുള്ള മാർഗത്തെ ലക്ഷ്യമാണ് ന്യായീകരിക്കേണ്ടത്. ലക്ഷ്യത്തിലെത്താതെ, പാതി വഴിയിൽ യാത്ര നിലച്ചാൽ അവരുടെ മാർഗത്തെ ന്യായീകരിക്കാൻ പരാജയപ്പെട്ടു പോയ ആ ലക്ഷ്യത്തിനു കഴിയുമോ? കഴിയില്ല.ലക്ഷ്യവും മാർഗവും പിഴച്ചു പോയി വഴിയിൽ കൊഴിഞ്ഞു പോയ എത്രയെത്ര ജന്മങ്ങൾ! അവരിൽ അധികവും ഭാവനയിൽ വസന്തം കണ്ട സാഹിത്യകാരന്മാരായിരുന്നു. തോൽപ്പിക്കപ്പെട്ട സൈന്യത്തെപ്പോലെ ശൂന്യതയിലേക്കു നീങ്ങിപ്പോയവർ…ജനാധിപത്യവത്കരണത്തിനുള്ള ഈ നൂറ്റാണ്ടിലെ രാഷ്ട്രീയത്യാ ഗ ങ്ങൾ വ്യർഥമായിപ്പോയി എന്നു പരിതപിക്കേണ്ടി വന്നവർ.. സമകാലീനമായ വിപ്ലവ ധർമ നീതിയുടെ ബലതന്ത്രം മനസിലാക്കാതെ കൈയും കാലും തളർന്ന് അകർമണ്യതയുടെ തേർത്തട്ടിൽ തളർന്നിരുന്നു പോയവർ… അന്ന് ഈ പരാജിതർ ഉണ്ടായിരുന്നില്ലെങ്കിൽ പൊതു ജീവിതത്തിലെ സംശുദ്ധി എന്തെന്നു നാം മറന്നു പോയേനെ. ആ മനുഷ്യരിൽ പലരും പുതിയ ജീവിതത്തോടു പൊരുത്തപ്പെടാനാകാതെ ,ഒരാവേശവും ബാക്കിയില്ലാതെ എന്നാൽ ഇന്നും അകളങ്കിതരായി, അജ്ഞാതരായി നമുക്കിടയിൽ ജീവിച്ചിരിക്കുന്നു.
പ്രത്യയശാസ്ത്രത്തിൻ്റെ പ്രയോഗ വൈകല്യങ്ങൾക്കു പോലും ന്യായീകരണങ്ങൾ തീർത്ത് അന്ധകാരത്തിൻ്റെ തുരുത്തിൽ അഭയം തേടിയ വിപ്ലവകാരിയാണ് ശിവൻ.ശിവൻതേടിച്ചെന്നത് പുല്ലാനിത്തുരുത്തിലെ കരടിയച്ചാച്ചനെയാണ്.കരടിയച്ചാച്ചൻ ഉണ്ടായിരുന്നു എന്ന കേട്ടറിവുകൾക്കപ്പുറത്തേക്ക് ശിവൻ്റെ അന്വേഷണം നീളുന്നില്ല. ആ സക്തിയുടെ തുരുത്തിൽ ആത്മനിന്ദയോടെ അയാൾ അകപ്പെട്ടു പോവുകയാണ്.
ശിവനെ തിരക്കി അയാളെ ആ തുരുത്തിലെത്തിച്ച അച്ചു എന്ന വിപ്ലവകാരി വരുന്നുണ്ട്. അയാൾ ചോദിക്കുന്നുണ്ട്: “സഖാവേ .നിങ്ങൾക്കിനിയും ഒരു പാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.മടങ്ങി വരാൻ സാധിക്കുമോ” ?
” ഒരിക്കലും വരില്ല”.ശിവൻ്റെ മറുപടി.
“വർഗശത്രു വിനേക്കാൾ അധമനാണ് വർഗ വഞ്ചകൻ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത് ”
” പുസ്തകത്തിൽ വായിച്ചതായിരിക്കും.ഏട്ടിലെ പശുക്കൾ “
“എന്നാൽ ചിലപ്പോൾ അതു പുറത്തു വരും.പുല്ലു മാത്രമല്ല, രക്തവും മാംസവും ഭക്ഷിക്കും. വർഗ വഞ്ചകർക്കെതിരെ കലാപം നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് കാലം അവരോടു പറയും. നിലത്തു വീണ രക്തം തിരിച്ചു മുറിവുകളിലേക്കു പോവുകയില്ല..
വിപ്ലവ സ്വപ്നങ്ങളോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ ദുർബ്ബലമനസ്കൻ കവി ശ്രീനിവാസൻ. പോലീസിനോടൊപ്പം പോയ കവിയെ പിന്നീട് ഭാര്യ ശകുന്തള കാണുന്നത് മർദ്ദനമേറ്റ് ചതഞ്ഞ ഉടലോടെ, അല്പവസ്ത്രധാരിയായി പോലീസ് ക്യാമ്പിൻ്റെ പിന്നാമ്പുറത്ത് നിൽക്കുന്നതാണ്. അയാൾ ശ്രീനിവാസൻ തന്നെയായിരുന്നോ? ആണെന്നും അല്ലെന്നും ശകുന്തളയുടെ മനസു പറയുന്നു. അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു പോയെന്നും പോലീസ് പറയുന്നു. ജീവനോടെയുണ്ടോ .. അതറിഞ്ഞാൽ മതി. ശകുന്തളയുടെ അന്വേഷണം തുടരുകയാണ്.പത്രമാഫീസിൽ ,ഭരണാധികാരികളുടെ അടുത്ത്, ഭ്രാന്താശുപത്രിയിൽപ്പോലും അവൾ തിരക്കിപ്പോകുന്നു. മകൻ ശശി വളർന്നപ്പോൾ തീരുമാനമാകാത്ത ഒരു ജീവിതത്തിൻ്റെ മറുകരയിലാണ് അവൻ എത്തി നിൽക്കുന്നതെന്ന് ശകുന്തള മനസിലാക്കുന്നു.
കരടിയച്ചാച്ചനെ തേടി പുതിയ സംഘം വീണ്ടും പുറപ്പെടുകയാണ്. അവരെ അതിലേക്കു നയിക്കുന്നവർ പാതി വഴിയിൽ പിന്തിരിഞ്ഞു പോവുകയാണ്… നിഷ്ഫലമാകാവുന്ന രാഷ്ട്രീയ വേനലുകളെക്കുറിച്ച് ഓർമപ്പെടുത്താതെ …

 

വിലാസിനി രാജീവൻ