വെറുതെ ഒരു കൊങ്കൺ റെയിൽ യാത്ര

പെട്ടെന്ന് ഇറങ്ങി തിരിച്ച, യാതൊരു ആസൂത്രണവും ചെയ്യാത്ത ഒരു യാത്രയെക്കുറിച്ചാണ് എഴുതി വയ്ക്കുന്നത്.

ട്രെയിനിൻ്റെ ഫൈനൽ ചാർട്ട് വരുന്ന ഏകദേശ സമയം കണക്കാക്കി ഒന്നു തിരഞ്ഞപ്പോൾ ഉഡുപ്പിയിലേക്ക് 14 ടിക്കറ്റ് പച്ചകത്തി കിടക്കുന്നു.

ഉഡുപ്പിയെങ്കിൽ ഉഡുപ്പി. വെറുതെയൊന്ന് അവിടം കറങ്ങി, പ്രസിദ്ധമായ മസാലദോശ കഴിച്ച് മടങ്ങാം.

കൊണ്ടുവരുമ്പോൾ ഗംഭീര ഭംഗിയും, മണവുമൊക്കെയുള്ള, തിന്നുതുടങ്ങി പകുതിയെത്തുമ്പോഴേക്കും വേണോ വേണ്ടേ എന്ന മട്ടിപ്പുണ്ടാക്കി, അവസാനം വരെ ആസ്വാദിച്ച് തിന്നാൻ പറ്റാത്ത ഒന്നാണ് എനിക്ക് ഇന്നത്തെ കാലത്തെ മസാലദോശ. അല്പം സങ്കടത്തോടെയാണെങ്കിലും പണ്ടത്തെ രുചിയോർത്ത് ഇന്നും ഇടയ്ക്ക് വാങ്ങിക്കും. പരാജയപ്പെടും. ഇത്തവണ ഉഡുപ്പിയിൽ നിന്നാകട്ടെ.

തൃശൂരിൽ നിന്ന് വെളുപ്പിന് 6.20ന് ഉഡുപ്പിക്ക് കയറി. ഷൊർണ്ണൂരെത്തിയപ്പോൾ അങ്കോള എന്ന സ്ഥലത്തെക്കുറിച്ച് ഒരു ചിന്ത കയറി കൊളുത്തി. അന്നാ അവിടെ വരെ ഒന്നു പോയാലോ?

കണക്ഷൺ ട്രെയിൻ ചുറ്റിക്കാനിടയുണ്ട്. ലേറ്റായാൽ മാറി കയറാനുള്ളത് കറക്റ്റ് സമയത്തെത്തും എന്ന പതിവും നിലനില്ക്കുന്നുണ്ട്.

ഒരു മണിക്കൂർ വ്യത്യാസത്തിൽ അങ്കോളയ്ക്ക് ഉഡുപ്പിയിൽ നിന്ന് സെക്കൻ്റ് ക്ലാസ് ടിക്കറ്റ് കിട്ടി.

ഇത് ലേറ്റായിരുന്നു. പക്ഷെ മംഗാലാപുരം കഴിഞ്ഞുള്ള ലൈനിൽ മൂപ്പിലാൻ കയറിയപ്പോൾ സമാധാനമായി. മറ്റവൻ ഈ ലൈനിൽ പിന്നിലേ വരൂ.

അങ്കോളയിലെത്തി. അവിടെയങ്ങനെ സ്ഥലം കാണാനുള്ള യാതൊരു ഉദ്ദേശ്യവുമില്ല. ഈ യാത്ര കൂടുതൽ സമയം ഇന്ത്യൻ റെയിവേക്കായി നീക്കിവച്ചിട്ടുള്ളതാണ്.. അവരോടൊപ്പമായിരിക്കും കൂടുതൽ നേരം.

വ്യത്യസ്തത എന്നെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവത്തതാണ്.

അങ്കോളയ്ക്കുള്ള യാത്രക്കിടയിൽ വരാൻ പോകുന്ന രണ്ടാമത്തെ അർദ്ധരാത്രിക്ക് ഉഡുപ്പിയിൽ നിന്ന് തൃശൂർക്ക് റിട്ടേൺ ടിക്കറ്റ് എടുത്തിട്ടു. വെയ്റ്റിംഗ് ലിസ്റ്റാണ്. കൺഫോം ആയികൊള്ളും.

അങ്കോളയിൽനിന്ന് കാരി ഇഷാദ് മാങ്ങ തേടി പിടിച്ചു. ഗംഭീരം. അത് തന്നെ ആണോന്ന് ഉറപ്പില്ല. അവിടെ അങ്ങനെയൊരു പ്രസിദ്ധ മാങ്ങയുണ്ടെന്നറിയാം.എന്തായാലും ടേസ്റ്റിയാണ്.

യാന ഗുഹലോകത്തേക്ക് ഒന്നു പോയാലോ എന്ന ഇടയ്ക്കു കയറി വന്ന ചിന്തയെ സൗത്ത് ഗോവയിലെ പാലോലം ബീച്ചും, ഗോകർണ്ണചിന്തയും ഒരുമിച്ച് വന്ന് തകർത്തു കളഞ്ഞു.

ഒന്ന് ഒഴിവാക്കിയാൽ രണ്ടു സ്ഥലത്തെത്താം. അങ്കോള, കുമ്ത, ഗോകർണ്ണം എന്ന സ്ഥലത്തു നിന്ന് ഏകദേശം തുല്ല്യ ദൂരമാണ് യാനഗുഹലോകത്തേക്ക്.

വായ്ത്താളം കൊണ്ട് കുറച്ച് അകലെയായി അങ്കോളയിൽ ഒരു മുറി തരപ്പെടുത്തി. അന്തിയുറങ്ങാൻ. ഇവിടെ നിന്നും വെളുപ്പിന് 4.20ന് ഗോകർണ്ണത്തേക്ക് ഒരു ട്രെയിനുണ്ട്. മാത്രമല്ല അങ്കോളയിൽ വേറെ സ്ഥലമെങ്ങാനും കണ്ടാൽ മാങ്ങ തിന്നാൻ വേണ്ടി മാത്രം തൃശൂരിൽ നിന്നെത്തിയ ആളെന്ന പേര് പോയ്കിട്ടും. അതേതായാലും വേണ്ട.

ഇടയിൽ വിട്ടുപോയ ഒന്നുണ്ട്. മംഗലാപുരത്തു നിന്ന് കോളേജിൽ പഠിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഒപ്പം സീറ്റിലുണ്ടായിരുന്നു. കന്നട ഭാഷക്കാർ. അവർ പാലിച്ച പൊതുമര്യാദ വളരെ ഇഷ്പ്പെട്ടു.
അവരുമായി ഒന്നു സംസാരിച്ചിരുന്നു. ഉഡുപ്പി എത്തിയപ്പോൾ ഒരു ചെറുപുഞ്ചിരി അവർക്കായി കൊടുത്ത് ഞാനിറങ്ങി. എന്നും തോന്നുന്ന മാനസികാവസ്ഥ. ഈ ജന്മത്തിലിനി അവരെ കാണാനിടയില്ല. കഴിഞ്ഞ ജന്മത്തിൽ ഒന്നിച്ച് പൂർത്തിയാക്കാതെ വിട്ടുപോയ ചിലരായിരിക്കും അടുത്ത് വന്ന് കുറേ നേരം ഇരുന്ന് ഇങ്ങനെ മാഞ്ഞു പോകുന്നത്.

ചിന്തകൾ എങ്ങോട്ടെക്കെയാണ് പാറി പറക്കുന്നത്. ഗോകർണ്ണത്ത് അതിരാവിലെ എത്തി. ഗോകർണ്ണത്തു നിന്ന് ബസ്സ് കിട്ടുന്നിടത്തേക്ക് 75 രൂപയെന്ന് ഓട്ടോക്കാർ പറഞ്ഞു. അവിടെ വിലപേശൽ ഏൽക്കില്ല എന്നു മനസ്സിലായി. പറ്റിക്കുന്നതിൽ അവർ ഒറ്റക്കെട്ടായിരിക്കും. അതിനെ മറികടക്കാൻ അവിടെ വിട്ട് കുറച്ചു ദൂരത്തേക്ക് നടക്കണം. വിജനമായിടത്തു നിന്ന് അവിടേക്ക് എത്ര ദൂരമെന്നറിയില്ലല്ലോ. അറിഞ്ഞു കൊണ്ട് വിട്ടുകൊടുക്കുന്നവൻ വിജയിക്കുന്നുവെന്നല്ലേ? ഒരുവട്ടം ഏതായാലും കയറാം. ഒരു റോഡിൽ എത്തിച്ച് അയാൾ മടങ്ങി. നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.

അവിടെ കുറച്ചധികം നേരം നില്ക്കേണ്ടി വന്നു.ബസ്സ് കിട്ടി ഗോകർണ്ണ സ്റ്റാൻ്റിലേക്ക്. അടച്ചിട്ട കടകൾക്കിടയിലൂടെ വലിയ ആൾബഹളമില്ലാത്ത ഗോകർണ്ണ തെരുവിലൂടെ വെറുതെ കുറെനേരം നടന്നു.
നിറയെ കടകളുള്ള സ്ഥലമാണ്. ആ നടത്തം പതിവുള്ളതാണ്. ഇടവഴികളുടെ അറ്റങ്ങൾ കണ്ടെത്തി മനസിലാക്കി വയ്ക്കും. ഓടി രക്ഷപ്പെടാനെങ്കിലും ഉപകരിയ്ക്കുമല്ലോ?

ഇടക്കിടെ മഴയുണ്ട്.ശക്തമായതും…നൂൽമഴയും.

100 മീറ്റർ അകലെയായി കടലാണ്. അവിടന്ന് ഇടത്തോട്ട് കുറച്ചധികം നടന്നാൽ ഒരു ക്ഷേത്രവുമുണ്ട്.

ഇനി ഗോകർണ്ണത്തു നിന്ന് കാനകൊണയിൽ എത്തണം. പാലോലം ബീച്ചിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. അവിടെ ട്രെയിൻ കാത്തിരിക്കുമ്പോഴാണ് ഗണപതിയുടെ വരവ്. ആളുകൾ ഒഴിഞ്ഞിടത്ത് ഇരിക്കുന്ന ശീലമുള്ള എൻ്റടുത്തേക്ക് ക്ഷണിക്കാതെ കയറിവന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ.

50 മിനിറ്റ് ലൈറ്റായെത്തുന്ന ട്രെയിൻ വരുന്നതുവരെ ഇയാളെ സഹിക്കേണ്ടതില്ല എന്നാണ് ചിന്തിച്ചത്.
എഴുന്നേല്ക്കാൻ ഒരുമ്പെടുമ്പോൾ അയാളുടെ ചോദ്യം. ‘തും… കേരള ആദ്മിയേ..”.

“ആ..”

ഗണപതിയുടെ നെറ്റിയൊക്കെ പൊട്ടിയിട്ടുണ്ട്.. വീർത്തിട്ടുണ്ട്.കണ്ടാൽ തന്നെയറിയാം ആൾ വെടിപ്പല്ല എന്ന്.
സാധാരണ ഇത്തരം ആളുകളെ ഒഴിവാക്കുകയാണല്ലോ ചെയ്യാറ്. എന്തോ ആ പാത പിൻതുടരാൻ തോന്നിയില്ല.
ഗണപതി തുടർന്നു. “ആ കാണുന്ന വീടിൻ്റെ പുറകിലുള്ളതാണ് എൻ്റെ വീട്.”
ഞാൻ നോക്കിയപ്പോൾ ആ റെയിൽവേ സ്റ്റേഷൻ്റെ മുന്നിലുള്ളത് ഒരു അർദ്ധവട്ടമെന്ന പോലെ മലയാണ്.
അതായത് ട്രാക്കിനും മലയ്ക്കും ഇടയിലായി കുറച്ചു വീടുകൾ. അതെനിക്ക് ഗണപതിയിൽ ഒരു വിശ്വാസമുണ്ടാക്കി. വേറൊന്നും കൊണ്ടുമല്ല. ഒരു വീടൊക്കെ ഉള്ളവനല്ലേ?

ഉരുൾപൊട്ടലിൻ്റെ സംഹാര താണ്ഡവം ദൃശ്യമാധ്യമങ്ങളിൽ കണ്ട ഭയപ്പാടുള്ളതുകൊണ്ട് ഇവിടെ എങ്ങനെ എന്ന് പെട്ടെന്ന് ചോദിച്ചു. “ഗംഗാവലി നദി. ഇതർ സേ കിത്തനാ ദൂർ ഹേ??” എൻ്റെ അന്നേരത്തെ ഭാഷയാണ്.
ലോറിപ്പെട്ട കാര്യം മേൽപറഞ്ഞ ഹിന്ദിയിൽ ഞാൻ ചോദിക്കുകയുണ്ടായി.

അവന് കന്നഡയേ അറിയൂ. ഹിന്ദി മുറിഹിന്ദിയാണ്. രണ്ടു പേർക്കും ഭാഷ പൊട്ടലും ചീറ്റലുമായി മാത്രം അറിയുന്നതുകൊണ്ട് ഇവിടെ വലിപ്പചെറുപ്പ പ്രശ്നമില്ല.

നെറ്റിയിലെ മുറിവ് അടിച്ചു വീലായി കാൽ തെറ്റി വീണ് ഉണ്ടായതാണെന്ന് പറഞ്ഞു. എങ്ങനെയാണ് വീണത് എന്ന് എനിക്കായി വീണ്ടും ആവിഷ്കരിക്കാനും ഗണപതി ശ്രദ്ധിച്ചു. വിശ്വസനീയം. അത് വിശ്വസിച്ചില്ലെങ്കിൽ ഞാൻ ജീവിച്ചിരിന്നിട്ട് കാര്യമില്ല.

മണ്ണിടിച്ചിലും, ലോറി അകപ്പെട്ടതും അവനറിയാം. ഇവിടെയല്ല ബൈന്ദൂരിനടുത്താണ് സംഭവം എന്നു പറയുകയുണ്ടായി. അത്യാവശ്യം വിവരമുള്ളവനാണ്. ജോലിയെന്താണെന്ന് ചോദിച്ചപ്പോൾ ഇവിടത്തെ റെയിൽവേയിലെ കാൻ്റീനിൽ ആണെന്ന്.

ഇടയ്ക്ക് കടന്നുപോയ അവിടത്തെ ജോലിക്കാരിലൊരാൾ സ്നേഹത്തോടെ അയാളെ ശാസിക്കുന്നുണ്ട് വീണതറിഞ്ഞ്. അയാൾ വളരെ കാര്യമായിതന്നെ ഗണപതിയെ പരിഗണിക്കുന്നതു കണ്ടപ്പോൾ, അതുവരെ ചെറിയ കൊമ്പത്തായിരുന്ന ഞാൻ താഴെയിറങ്ങി.

നല്ല വസ്ത്രധാരണത്തിനുള്ളിൽ,, മുഖങ്ങൾക്കിടയിൽ മൃഗീയ ചിന്തയുള്ളവരുണ്ടെങ്കിൽ,,
ഭംഗിയില്ലാത്ത വസ്ത്രധാരണത്തിനുള്ളിൽ,,മുഖങ്ങൾക്കിടയിൽ സത്യസന്ധരായ മനുഷ്യസ്നേഹികളും ഉണ്ടാകും. ജീവിതപശ്ചാത്തലം കണ്ട് അളന്നങ്ങനെ ചിട്ടപ്പെടുത്താൻ വരട്ടെ.

ഒരു മനുഷ്യായുസ്സിലെ ഏറ്റവും ചെറിയ മണിക്കൂർ ഞാൻ ചിലവഴിച്ച.. അല്ല ബോറടിപ്പിക്കാതെ കടത്തിവിട്ട ഗണപതിക്ക് നന്ദി. വീണുവീർത്ത മുഖം പഴയപോലെയായി, നല്ല വസ്ത്രമണിഞ്ഞ് ചിരിച്ചങ്ങനെ നില്ക്കുന്ന ഗണപതിയെ ഗോകർണ്ണത്തെ കാൻറീനിൽ വച്ച് എന്നെങ്കിലും കാണുമാറാകട്ടെ. അനുമതിയോടെ ഒരു ഫോട്ടോയുമെടുത്ത് കാനകൊണയിലേക്ക് ഞാൻ ട്രെയിൻ കയറി.

കൊറോണക്ക് ശേഷം ആളുകൾ തുമ്മുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന മനോരോഗം കൂടെയുള്ളതുകൊണ്ട് കൂടെയിരിക്കുന്ന ഒരുവൻ്റെ രണ്ടു തുമ്മൽ എന്നെ പതുക്കെ അവിടന്ന് എഴുന്നേല്പിച്ചു. പിന്നെയാണ് UKക്കാരൻ ചുളളൻ മുന്നിൽ വരുന്നത്. തുമ്മൽ ഇല്ല. കയറിയങ്ങ് പരിചയപ്പെട്ടു. യാത്രയിൽ എനിക്ക് കിട്ടാറുള്ള ആതിഥ്യമര്യാദ കുറച്ച് അദ്ദേഹത്തിനും വിളമ്പാം.
മുറിഇംഗ്ലീഷ് കൈവശമുണ്ടുതാനും.

ചുള്ളന് ഞാനൊരു ഉപദേശം കൊടുത്തു. യാതൊരു കാരണവശാലും ട്രെയിനിലെ ടോയ്‌ലെറ്റിലേയ്ക്ക് ഓടി കയറരുത്. ഒരു തഞ്ചത്തിലും താളത്തിലും അസ്വഭാവികമായ എന്തെങ്കിലും ഉണ്ടോന്ന് തിരഞ്ഞു വേണം കയറാൻ. ചുള്ളൻ ചിരിച്ചു. അനുമതിയോടെ ഒരു ഫോട്ടോ എടുത്തു.

പാലോലം ബീച്ച്. നല്ല വെയിലാണ്. നോർത്തിലെ കല്ലൻകുത്ത് ബീച്ചിനോളം മനോഹരമായി തോന്നിയില്ല.
തിരക്കിടം ഇഷ്ടപ്പെടാത്തവർക്ക് ചേരും. വിദേശികൾ ധാരാളമുണ്ട്. രണ്ടു കഷ്ണം ദേഹത്തുചുറ്റി കിടക്കുന്നവർക്കരികിലൂടെ 3 സെക്കൻ്റിനപ്പുറം അവരെ നോക്കാതെ കടന്നുപോകാൻ ഞാൻ ശ്രദ്ധിച്ചു.

അപ്പോഴാണ് വലയിൽ നിന്ന് മീനിനെ വേർപ്പെടുത്തുന്ന ചിലരെ കണ്ടത്. അസാധാരണ കാഴ്ചയൊന്നുമല്ല.
കിണറും, മീനും എവിടെ കണ്ടാലും ഒന്നു എത്തിനോക്കുന്ന സ്വഭാവമുള്ളതുകൊണ്ട് അങ്ങ് ഗോവയിലെ പാലോലം ബീച്ചിൽ നിന്ന് ഒരു ചിത്രം ഞാൻ പകർത്തി.. അയിലപിടുത്തം

വ്യത്യസ്തയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. അങ്കോളയിലെ കാരി ഇഷാദ് മാങ്ങയ്ക്ക് സൗത്ത് ഗോവയിലെ പലോലം ബീച്ചിലെ മീൻപിടുത്തം ചെക്ക്.

ചാൾസ് കെ എസ്.

നമുക്ക് മരുഭൂമികളിൽ ചെന്ന് രാപ്പാർക്കാം…

 

രാജസ്ഥാനിലെ ജൈസാൽമീരിൽ നിന്നും ഖുറി ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്. നേർരേഖ പോലെ തോന്നിക്കുന്ന നീണ്ട പാത, ജൈസൽമീർ നഗരത്തിൽ നിന്ന് അകന്നകന്നു പോകുന്തോറും വഴി കൂടുതൽ വിജനമായി മാറുന്നു. അസ്സഹനീയമായ ചൂടാണ്, ഉഷ്ണകാറ്റും പൊടിയും മുഖത്തേക്ക് അടിച്ചു വീശുന്നു.

റോഡിനിരുവശവും അധികം ഉയരം വെക്കാത്ത മുൾചെടികൾ അങ്ങിങ്ങായി കാണാം, ഒരൊറ്റ മനുഷ്യ ജീവിയെയും കാണാനില്ല.

വരണ്ട ഉഷ്ണകാറ്റ്‌ കൊണ്ടുള്ള ബൈക്ക് യാത്ര ഒരേ സമയം ആസ്വാദ്യവും അത് പോലെ ബുദ്ധിമുട്ടേറിയതുമാണ്. വഴിയരികിൽ വണ്ടി നിർത്തി വെള്ളം കുടിക്കാൻ പോലും ഒരു തണൽ മരം കാണാത്ത അവസ്ഥ.

മണിക്കൂറുകൾ നീണ്ട യാത്രകൊടുവിൽ ഒരു ഗ്രാമം എന്ന് തോന്നിക്കുന്ന ഒരിടത്തെത്തി. അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകൾ കാണാം. ഇവിടുത്തെ കെട്ടിടങ്ങൾക്കൊക്കെ ഒരേ ആകൃതിയും നിറവുമാണ്. സ്വർണ നിറമുള്ള കല്ലുകൾ ചെത്തിയെടുത്തു നിർമിച്ച മനോഹരമായ കൊച്ചു വീടുകൾ. ദൂരെ നിന്ന് നോക്കുമ്പോൾ തവിട്ട് കലർന്ന മഞ്ഞ നിറമുള്ള ഈ കെട്ടിടങ്ങൾ കാണാൻ നല്ല ഭംഗിയാണ്.

ഗ്രാമത്തിന് നടുവിൽ കണ്ട ഒരു കുഞ്ഞു മരത്തിനടിയിൽ ബൈക്ക് നിർത്തി കുറച്ചു സമയം വിശ്രമിച്ചു യാത്ര തുടരാൻ തീരുമാനിച്ചു. മരം എന്നൊന്നും പറയാൻ പറ്റില്ല, ഒരാൾ പൊക്കം മാത്രമുള്ള ഒരു മുൾ ചെടി..

ഖുലിയ എന്നാണ് ഈ ഗ്രാമത്തിന്റെ പേര്.ഇസ്ലാം മത വിശ്വാസികൾ കൂടുതലായി താമസിക്കുന്ന ഗ്രാമമാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.ഗ്രാമത്തിലെ വീടുകളുടെ മുകളിൽ മീലാദ് നബി എന്ന് അറബിയിൽ എഴുതിയ കൊടികൾ കാണാം. മൗലിദ് മാസം ആയതിനാലാവും.

മരത്തിനിടയിലെ ഞങ്ങളുടെ ഇരുപ്പ് കണ്ടു കുറച്ചു കുട്ടികൾ ചുറ്റും കൂടി. ബാഗിൽ ഉണ്ടായിരുന്ന മുട്ടായികൾ അവർക്ക് കൊടുത്തപ്പോൾ എല്ലാവർക്കും ഭയങ്കര സന്തോഷം. കുട്ടികളെല്ലാവരും മിടുക്കരാണ്, ചിലർ യൂണിഫോം ഇട്ടിരിക്കുന്നു, സ്കൂളിൽ എന്തോ പരിപാടി ആയതിനാൽ ഇപ്പൊ ക്ലാസ്സ്‌ ഇല്ല എന്നാണവർ പറഞ്ഞത്.ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ കേരളത്തെ പറ്റിയായി മക്കളുടെ ചോദ്യങ്ങൾ. ഇവിടുത്തെ കാലാവസ്ഥ, മഴ, കടൽ, മരങ്ങൽ, കാട് തുടങ്ങിയ കാര്യങ്ങളെല്ലാം മക്കൾ വലിയ അത്ഭുതത്തോടെ കേട്ടിരുന്നു.
ഭൂരിപക്ഷം കുട്ടികൾക്കും പഠിച്ചു അധ്യാപകർ ആവാനാണ് താല്പര്യം, ഡോക്ടർ ഒക്കെ ആവാൻ ഒരുപാട് പഠിക്കണം, അദ്ധ്യാപകൻ ആവാൻ കുറച്ചു പഠിച്ചാൽ മതി എന്നാണ് അവരുടെ വാദം.

ഖുലിയ ഗ്രാമവാസികൾ അധികവും കൽ പണിക്കാരും ഒട്ടക സഫാരിക്കാരുമാണ്. ഇവിടുത്തെ മിനുസമുള്ള കല്ലുകളിൽ അവർ മനോഹരമായ കൊത്തുപണികൾ നടത്തുന്നു. കുറച്ചു പേര് കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന സാം മണൽ പരപ്പിൽ സഞ്ചാരികൾക്കായി ഒട്ടക സഫാരിയും നിശാ ക്യാമ്പും സംഘടിപ്പിച്ചു ജീവിതമാർഗം കണ്ടെത്തുന്നു

ഖുലിയയിലെ മക്കളോട് സംസാരിച്ചിരുന്നു സമയം ഒരുപാടു വൈകി. എത്ര പെട്ടെന്നാണ് ഒരാത്മബന്ധം അവരുമായി ഉണ്ടായത്. വീണ്ടും വരാംഎന്ന ഭംഗി വാക്കും പറഞ്ഞു ഞങ്ങൾ ഖുറി ലക്ഷ്യമാക്കി നീങ്ങി.

ഖുറിയുടെ പേര് എഴുതിയ മൈൽ കുറ്റികളിൽ കിലോമീറ്ററുകൾ കുറഞ്ഞു കുറഞ്ഞു വന്നു . ഒടുവിൽ മൂന്നോ നാലോ കടകൾ മാത്രമുള്ള ഒരു ചെറിയ അങ്ങാടിയിൽ എത്തിച്ചേർന്നു.

ഇന്നത്തെ രാത്രി താമസിക്കാനുള്ള ബാധൽജിയുടെ വീട് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ബാധൽജി ഖുറി ഗ്രാമത്തിലെ ഒരു കർഷകനാണ്. വീടിനോട് ചേർന്ന് ചെറിയ ഹോംസ്റ്റെ നടത്തുന്നു. ബാധൾജിയുടെ വീട് തന്നെയാണ് ഹോം സ്റ്റെ ആയി മാറിയിരിക്കുന്നത്. വീടിനോട് ചേർന്നു തനത് രാജസ്ഥാൻ ശൈലിയിൽ മൺകുടിലുകൾ പണിതിട്ടുണ്ട്.

ബാധൽജി ഒരടിപൊളി മനുഷ്യനാണ്.ഒത്തിരി ആർഭാടങ്ങളൊക്കെയുള്ള മരുഭൂമിയിലെ ക്യാമ്പിങ് ടൂറിസത്തോടെ അദ്ദേഹത്തിന് വലിയ താല്പര്യം ഇല്ല. രാജസ്ഥാനിലേക്ക് വരുന്നവർ ഗ്രാമീണർക്കിടയിൽ താമസിച്ചു ഇവിടുത്തെ ജീവിതവും സംസ്കാരവുമെല്ലാം മനസ്സിലാക്കണമെന്നാണ് മൂപ്പരുടെ വാദം.

പ്രധാനമായും രണ്ട് തരത്തിലുള്ള താമസ സൗകര്യങ്ങയാണ് ബാദൽ ഹോമിൽ ഉല്ലത്. ഒന്നാമത്തേത് ബാധൽ ജിയുടെ വീട്ടിൽ, അതായത് മൺ കുടിലിൽ താമസിക്കാം, താല്പര്യമുണ്ടെങ്കിൽ കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന മരുഭൂമിയിലേക്ക് ഒട്ടക സഫാരി നടത്തി സൂര്യസ്ത്മയം കണ്ടു തിരികെയെത്താം. അവരുടെ വീട്ടിൽ വെച്ചുണ്ടാക്കിയ ഭക്ഷണമെല്ലാം കഴിച്ചു അന്ന് രാത്രിയവിടെ താമസിക്കാം.

രണ്ടാമത്തെ ഓപ്ഷൻ കുറച്ചു സഹസികമായതാണ്, ബാധൽ ഹോമിൽ നമ്മുടെ ബാഗുകൾ എല്ലാം വെച്ച് ഒരു രാത്രി മരുഭൂമിയിൽ തങ്ങാനാവശ്യമായ വസ്ത്രങ്ങളും പുതപ്പും പാചകത്തിനുള്ള പാത്രങ്ങളുമെല്ലാം എടുത്ത് ഒട്ടകപ്പുറത്തേറി മരുഭൂമിയിലേക്ക് പോകാം. സൂര്യസ്തമായതിനു മുന്നേ അവിടെയെത്തി, ഭക്ഷണം ഉണ്ടാക്കി അന്ന് രാത്രി മരുഭൂമിയിൽ കിടന്നുറങ്ങാം

വിജനമായ മരുഭൂമിയിൽ ഒരു രാത്രി, കൂട്ടിനു മറ്റാരുമില്ല. ഒരു സഹായത്തിനായി ഒട്ടക സഫാരിക്കാരൻ ആ പരിസരത്തു ഉണ്ടാകുമെന്ന് മാത്രം. അല്പം പേടി തോന്നിയെങ്കിലും ഞങ്ങൾ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു.

വിജനമായ മരുഭൂമിയിൽ , ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി മണൽ പരപ്പിൽ കിടന്നുറങ്ങുക. പരിമിതമായ സൌകര്യങ്ങൾ ഉപയോഗിച്ച് അവിടെ നിന്ന് ഭക്ഷണം ഉണ്ടാക്കുക,മരുഭൂമിയിലെ സൂര്യോദയം കണികണ്ടുണരുക.. എന്ത് സുന്ദരമായ അനുഭവം ആയിരിക്കുമല്ലേ!?

ആവശ്യ സാധനങ്ങളും പാത്രങ്ങളുമൊക്കെയെടുത്തു രണ്ട് ഒട്ടകപ്പുറത്തേറി ഞങ്ങൾ മരുഭൂമിയിലേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു പൊതു കിണറിനടുത്തു ഒട്ടകങ്ങളെ നിർത്തി നിർത്തി കന്നാസുകളിൽ വെള്ളം നിറച്ചു. തനി രാജസ്ഥാൻ ഗ്രാമീണ ജീവിതങ്ങളുടെ നേർ കാഴ്ച തന്നെയായിരുന്നു ആ പൊതു കിണർ.

കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും തലയിൽ കുടവുമെന്തി നടന്നു വരുന്ന സാരിത്തുമ്പ് കൊണ്ട് മുഖം മറച്ച രാജസ്ഥാനി സ്ത്രീകൾ. കുടങ്ങളിൽ വെള്ളം നിറച്ചു ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ കുടങ്ങൾ ഒന്നിന് മുഖളിൽ ഓരോന്നായി വെച്ച് അവരുടെ ദൂരെയുള്ള വീട്ടിലേക്ക് നടന്നു പോകുന്നു. കുടിവെള്ള ക്ഷാമത്തിന്റെ എറ്റവും മാരകമായ കാഴ്ച ഈ പൊതുകിണറിനടുത്തു നിന്നാണ് കണ്ടത്. ഇവരുടെ വീടിനടുത്തു ഇത്തരത്തിൽ പൊതു കിണറുകൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉണ്ടാക്കാൻ ശ്രമിക്കാമല്ലോ എന്നൊരാശയം ഗ്രീമീണനോട് പങ്കു വെച്ചപ്പോൾ ശുദ്ധജലം ലഭിക്കാൻ സാധ്യതയുള്ള ഇടങ്ങൾ വളരെ കുറവാണെന്നും വെള്ളം പെട്ടെന്ന് വറ്റിപോവാൻ സാധ്യതയുള്ളതിനാലാണ് പൊതുകിണറുകളിൽ മോട്ടോർ ഉപയോഗിച്ച് ജലവിതരണം നടത്താതെന്നും അദ്ദേഹം പറഞ്ഞു. റേഷൻ പോലെ കുടങ്ങളിൽ കുടിവെള്ളം ശേഖരിക്കുന്ന സ്ത്രീകളുടെ ദയനീയ മുഖങ്ങൾ നേർത്ത സാരിത്തുമ്പിനുള്ളിലൂടെ വ്യക്തമായി കാണാം.

ഞങ്ങളുടെ ഒട്ടകസഫാരിക്കാരൻ ഒരു ചെറിയ പയ്യനാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കും. പൊതുകിണറിനു അടുത്ത് ഒട്ടകങ്ങൾ നിർത്തി അവിടെയുള്ള സ്ത്രീകൾക്ക് വെള്ളം കോരി കൊടുത്താണ് അവൻ യാത്ര പുനരാരംഭിച്ചത് . ആ ഗ്രാമീണ സ്ത്രീകളുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് അവനു ചെറിയൊരിഷ്ടം ഉള്ളത് പോലെ അവന്റെ നോട്ടത്തിലും ഭാവത്തിലും തോന്നിയിട്ടുണ്ട്. ഒന്നും സംസാരിക്കാതെ ആ മേലുഞ്ഞുങ്ങിയ പെൺകുട്ടിക്ക്‌ നേരെ കണ്ണെറിഞ്ഞു അവൻ തന്റെ ഇഷ്ടം അറിയിക്കുന്നു.സഞ്ചാരികളോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന ആ യുവാവിനെ വലിയ ആരാധനയോടെ ആ പെൺകുട്ടി നോക്കി നിൽക്കുന്നു. പരസ്പരം സംസാരിക്കാതെ, ആ രണ്ട് ഗ്രാമീണ ജീവിതങ്ങൾ ഒരുപാടു കാലമായി ഇങ്ങനെ കണ്ണ് കൊണ്ട് പ്രണയിക്കുന്നുണ്ടാവാം.. ഒരുപക്ഷെ ഇതെല്ലാം എന്റെ തോന്നലുമാവാം.

സൂര്യസ്തമായതിനു തൊട്ട് മുന്നേ മരുഭൂമിയിൽ എത്തി.ഖുറിയിലെ മണൽപരപ്പുകൾ പൊതുവെ ശാന്തമാണ്. മണൽപരപ്പിലൂടെ ചീറിപായുന്ന വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളൊന്നുമില്ലാതെ തനിച്ചിരുന്നു മരുഭൂമി ആസ്വദിക്കാം..

ഞങ്ങൾ മാത്രം..

മരുഭൂമിയിലെ സൂര്യസ്തമയം ഒരടിപൊളി കാഴ്ച തന്നെയാണ്. ഒട്ടകങ്ങളുടെ പാശ്ചാത്തലത്തിൽ ചുവന്നു തുടുത്ത സൂര്യൻ മരുഭൂമിയിൽ നിന്നകന്നു മറയുന്നു

രാത്രി വെളിച്ചത്തിന് മൊബൈൽ ഫ്ലാഷ് ആയിരുന്നു ഉപയോഗിച്ചത്. പക്ഷെ സമയം പോവുന്തോറും മരുഭൂമി കൂടുതൽ തെളിഞ്ഞു വന്നു.പൂർണ ചന്ദ്രൻ ശോഭയിൽ രാത്രി കാഴ്ച വ്യകതമായി കാണാൻ സാധിക്കുന്നുണ്ട്.

അവിടെയിരുന്നു ഭക്ഷണം ഉണ്ടാക്കി ഒട്ടകക്കാരനോടൊപ്പം ഭക്ഷണം കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു.

പകൽ പോലെയല്ല, രാത്രിയിൽ ചെറിയ തണുപ്പൊക്കെയുണ്ട് . കൊണ്ട് വന്ന പുതപ്പ് നിലത്തു വിരിച്ചാണ് കിടപ്പ്. ആകാശത്തു നിറയെ നക്ഷത്രങ്ങൾ, പൂർണ ചന്ദ്രൻ, പാശ്ചാത്തലത്തിൽ ഒട്ടകങ്ങൾ തീറ്റ തേടി നടക്കുമ്പോൾ അവയുടെ കഴുത്തിൽ അണിഞ്ഞ മരകഷ്ണങ്ങൾ കൂട്ടിയിടുക്കുന്ന ശബ്ദവും. എഴുതി ഫലിപ്പിക്കാൻ പറ്റാത്തത്രയും മനോഹരമായ ഒരു രാത്രി

ഉറക്കം വരാതെ, ആകാശവും നോക്കി ഞങ്ങൾ അവിടെ കിടന്നു.. ഇടക്കെപ്പോഴോ ഉറങ്ങി വീണു. പലപ്പോഴും ഞെട്ടി എണീറ്റു, വീണ്ടും ഉറങ്ങാതെ മാനം നോക്കി കിടന്നു.

ഉദയ സൂര്യകിരണങ്ങൾ കണ്ണിൽ തട്ടിയപ്പോൾ പല്ല് തേപ്പും ചായ കുടിയും കഴിഞ്ഞു ഞങ്ങൾ തിരികെ പുറപ്പെട്ടു.
പ്രഭാതം കർമങ്ങൾ നിർവഹിക്കാൻ ബാധൽ ഹോമിൽ എത്തണം.തലേ ദിവസം പോയ വഴിയിലൂടെയല്ല രാവിലത്തെ പോക്ക്.പോകുന്ന വഴിയിൽ അവന്റെ പ്രേമഭാജനം ഒരു ഇഷ്ടിക കളത്തിലിരുന്നു തന്റെ സഹപ്രവർത്തകരോടൊപ്പം ട്രാക്റ്ററിലേക്ക് ഇഷ്ടിക പെറുക്കിയിടുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ അവരുടെ കണ്ണുകൾ ഒരിക്കൽ കൂടി ദയനീയ നോട്ടതിനാൽ തങ്ങളുടെ പ്രണയ സന്ദേശങ്ങൾ കൈമാറി.

മറ്റൊരു മരുഭൂദിനത്തെ വരവേൽക്കാൻ ഖുറി ഗ്രാമം തയ്യാറാവുകയാണ്..

 

സുഹൈൽ സുഗു

ഹേമജ്വാലം

തീപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രവ്യവസായത്തെകുറിച്ച്‌ കൂടുതൽ എന്തുപറയാനാണ്? അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നു കാലാകാലമായി കേട്ടുകൊണ്ടിരുന്നതെല്ലാം ഒരു റിപ്പോർട്ടായി എഴുതിവയ്ക്കപ്പെട്ടു എന്നത് മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പിന്നെ അതിനുശേഷമുള്ള വെളിപ്പെടുത്തലുകളും. മുൻപും വെളിപ്പെടുത്തലുകളും, കേസുകളും, അപവാദങ്ങളും, കുറ്റാരോപണങ്ങളും നടന്നിട്ടുണ്ട്. എന്നിട്ടെന്തായി? ആരെയെങ്കിലും ശിക്ഷിച്ചോ? പണവും, പവറും, പിടിയും ആവോളം കൂടെയുള്ളവർ എന്ത് പേടിക്കാനാണ്? കുറെ രാമൻപിള്ളമാരും, നരിമാൻമാരും, മുകുൾ റോഹ്‌തഗിമാരും കുറച്ചുകൂടി ധനികരാകും എന്നൊഴിച്ചാൽ, അധികമൊന്നും സംഭവിക്കാനിടയില്ല. ചിലതുകൂടി സംഭവിച്ചേക്കാം. ടി.വി. ചാനലുകൾ TRP റേറ്റിംഗ്‌കൂട്ടി പരസ്യവരുമാനം കൂട്ടും. ചില യൂട്യൂബ് ചാനലുകളും, യൂട്യൂബർമാരും കാശുണ്ടാക്കും. ശേഷം ചിന്ത്യം!

ചില ചോദ്യങ്ങൾ മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്? മേൽപ്പറഞ്ഞ കോലാഹലങ്ങളൊക്കെക്കൊണ്ട് സ്ത്രീസുരക്ഷ ഉറപ്പിക്കാമോ? സ്ത്രീകൾക്കു പേടികൂടാതെ തൊഴിലെടുക്കാൻ കഴിയുമോ? സിനിമാ വ്യവസായം നന്നാകുമോ?

‘ഇല്ല’ എന്നാണെനിക്കു തോന്നുന്നത്. കാരണം നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്. ദോഷം പറയുന്നതല്ല. നമ്മുടെ സാമൂഹിക, സാംസ്കാരിക, നിയമ, ഭരണരീതികളും, ഘടനയും ഒക്കെ അങ്ങനെയാണ്. ഒരുദാഹരണം പറയാം. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്‌ൻസ്‌റ്റെയ്‌നെതിരെ രണ്ടായിരത്തിപതിനേഴു ഒക്ടോബറിൽ പീഡന ആരോപണങ്ങളുണ്ടാകുന്നു. എൺപതോളം നടികൾ പരാതിയുമായെത്തി. കേസ് ആയി. മാർച്ച്‌ രണ്ടായിരത്തിൽ അയാളെ 23 വർഷം തടവിനായി ശിക്ഷിച്ചു. ഇപ്പോൾ ജയിലിൽ. മൂന്നുവർഷം കൊണ്ട് തീരുമാനമായി. മാതൃകാപരം. ഈ മാതൃക ഇവിടെ സ്വീകരിക്കപ്പെടുമോ? ഇല്ല എന്നാണുത്തരമെങ്കിൽ വീണ്ടും മേൽപ്പറഞ്ഞപോലെ ക്രിമിനൽ വക്കീലൻമ്മാരുടെടെയും, ടി.വി. ചാനലുകളുടെയും, യൂട്യൂബ് ചാനലുകളുടെയും ഉന്നമനം ഉണ്ടാകും. ഇതിനിടയിൽ നിയമത്തിനുമുന്നിൽ എത്തിപ്പെടേണ്ട തെളിവുകളൊക്കെ എങ്ങോട്ടോ അലിഞ്ഞുപോകും. മൊഴികൾ മാറിമറിയും. പത്തിരുപതു വർഷങ്ങൾകഴിഞ്ഞു തെളിവുകളില്ലാതെ ആരെ ശിക്ഷിക്കാനാണ്?

ചലച്ചിത്ര വ്യവസായം പണത്തിന്റെയും പവറിൻ്റെയും ഗ്ലാമറിൻ്റെയും ലോകമാണ്. അത് സമൂഹത്തിന്റെ നേർപരിഛേദമല്ല. പണത്തിനും പവറിനും ഗ്ലാമറിനും വേണ്ടി ഏങ്ങനെ മനുഷ്യൻ്റെ ചിന്തകളും ബുദ്ധിയും പ്രവർത്തിക്കുന്നോ, അതൊക്കെ അവിടെയുണ്ട്. പണവും, പവറും, ഗ്ലാമറും കൂടുമ്പോൾ ജീവിതത്തിൻ്റെ ലഹരിയും ആസ്വാദ്യതയും കൂടും. ലഹരികൂടുമ്പോൾ ചിന്തയും, വിവേകവും കുറയും. നാലുചുമരുകളുടെ സ്വകാര്യതയിൽ ആരും എന്തും ചെയ്യും. ആണും, പെണ്ണും. ചിലതു പുറത്തുവരും. ഇതു കേൾക്കാൻ ആളുകൾ മാധ്യമങ്ങളുടെ മുന്നിൽ അടയിരിക്കും. കുറച്ചു നാൾ. പുതിയൊരു വെളിപ്പെടുത്തൽ വരുന്നതുവരെ എല്ലാവരും എല്ലാം മറക്കും. ഇതിനുവേണ്ടി പോരാടുന്നവരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, അവസരങ്ങൾ ഇല്ലാതെയാകും. എല്ലാം വിസ്‌മൃതിയിലേക്കു മറയും. പിന്നെ പുതിയ തലമുറകളും, പുതിയ വിവാദങ്ങളും. ലോകാവസാനംവരെ ഇതുതന്നെയായിരിക്കാം.

അതിനു കാരണമെന്തായിരിക്കും?

നമ്മൾതന്നെയാണതിനു കാരണക്കാർ! നമ്മൾ ജീവിക്കുന്ന സമൂഹം തന്നെയാണ് ഇതിനൊക്കെ കുടപിടിക്കുന്നതും, തൃണവൽക്കരിക്കുന്നതും, മറന്നുകളയുന്നതും, പൂഴ്ത്തിവെക്കുന്നതും, ചിലപ്പോഴൊക്കെ ആഘോഷിക്കുന്നതും. സ്വന്തമായൊരു അനുഭവം വരുന്നതുവരെ ടിവിയിലും യൂട്യൂബിലുമൊക്കെ നിറംപിടിപ്പിച്ച കഥകൾ കണ്ടാസ്വദിക്കുന്നവരുമാണ് നാമെല്ലാം. അതുവരെ ഇതൊക്കെ മറ്റുള്ളവരുടെ കഥകളും, ദുർവിധിയുമായും മാത്രം നമ്മൾ കാണും. ചിലപ്പോൾ ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടും. വേറൊന്നും ചെയ്യാൻ വഴിയില്ല.

സ്ത്രീസുരക്ഷ ലോകത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. അത് ഹനിക്കപ്പെടുന്നത് ഗ്ലാമർകൂടിയ സിനിമാ രംഗത്തായതുകൊണ്ട്, അതിനെ വലുതാക്കിക്കാണാനോ ചെറുതാക്കിക്കാണാനോ പാടില്ല. എവിടെ നടക്കുന്നു എന്നതിലല്ല, എന്ത് നടക്കുന്നു എന്നതാണ് പ്രധാനം. വെളിപ്പെടുത്തലുകൾ നടത്തുന്ന സിനിമാ പ്രവർത്തകർക്കുണ്ടാകുന്നതുപോലെയോ, അതിൽ കൂടുതലോ അനുഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതൊക്കെ നാം സൗകര്യപൂർവ്വം മറന്നുപോകുന്നതെന്താണ്? അത് മറ്റുള്ളവരുടെ മാത്രം പ്രശ്നങ്ങളാകുന്നിടത്താണ്, ഇവയൊക്കെ വീണ്ടും ഉണ്ടാകുന്നതും നമ്മളിലേക്ക് എത്തുന്നതും. ഒരു സമൂഹമായി, ഒറ്റക്കെട്ടായി നാമെന്താണ് ഇതിനെതിരെ ശക്തമായി പ്രതികരിക്കാത്തത്‌?

പിഞ്ചുകുഞ്ഞുങ്ങളെ ബലാൽക്കാരം ചെയ്തു കെട്ടിത്തൂക്കുന്നവരുടെ ജാതിയും, മതവും, പാർട്ടിയും നോക്കി മാത്രം പ്രതികരിക്കുന്നവരാണ് നമ്മൾ. ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരായ യുവതികളെപ്പോലും പിച്ചിച്ചീന്തുന്നവരുടെ സ്റ്റേറ്റ് ഓഫ് മൈൻഡ് (State of Mind) അല്ല, സ്റ്റേറ്റ് (സംസ്ഥാനം) ആണ് നമ്മുടെ പ്രതികരണങ്ങളുടെ മാനദണ്ഡം. ഒരേ രീതിയിയിൽ നടക്കുന്നു സ്ത്രീചൂഷണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുമ്പോൾ മാത്രം അന്ധരാകുകയും അത് ഉത്തരേന്ത്യയിൽ നടക്കുമ്പോൾ കവിത ചമക്കുകയും, പാടുകയും ചെയ്യുന്നവരാകുന്നു നമ്മൾ. നമ്മളെങ്ങനെ നമ്മളായെന്ന് വല്ലപ്പോഴുമെങ്കിലുമോർത്തു നോക്കാം.

ഗ്ലാമർ കൂടുന്നിടത്തെ മാത്രം സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലരാകുന്നവരാകരുതു നമ്മൾ. അത് കുറഞ്ഞയിടങ്ങൾ മറന്നുപോകുകയുമരുത്. ടിവിയിലും യൂട്യുബിലും ചാനൽ ചർച്ചകൾ കണ്ടു പ്രബുദ്ധരാകുമ്പോൾ സ്വന്തം വീട്ടിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്നുകൂടി അന്വേക്ഷിക്കുന്നവരാകണം നമ്മൾ. നിങ്ങളുടെ കൂടെ ജോലിചെയ്യുന്ന സ്ത്രീകൾക്കും സുരക്ഷയുണ്ടോയെന്നു കൂടി ഉറപ്പുവരുത്തണം. നാട്ടിൽ സ്ത്രീസുരക്ഷയില്ലെങ്കിൽ അതിനു കാരണക്കാർ ഞാനും നിങ്ങളും കൂടിയാണെന്ന് മനസ്സിലാക്കണം.

നാട് നന്നാകണമെങ്കിൽ നാട്ടാരും നന്നാകണം. നിയമങ്ങൾ സമയബന്ധിതമായി നടപ്പിലാക്കപ്പെടണം. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. സുരക്ഷിതം അല്ലെന്നു അറിയാവുന്ന തൊഴിലിടങ്ങളിൽ ജാഗ്രത പാലിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ മറ്റുസുരക്ഷിതമായ തൊഴിലുകൾ നേടാനുള്ള അറിവും കഴിവും സമ്പാദിച്ചു മുന്നേറണം.

“I am no longer accepting the things I cannot change. I am changing the things I cannot accept.” — Angela Davis

സുമേഷ് രാമചന്ദ്രൻ