

പ്രബുദ്ധ കേരള രാഷ്ട്രീയത്തിൽ ഗർഭകഥകൾ സുലഭമാണ്. സ്ത്രീ വിഷയങ്ങൾ പൊളിറ്റിക്കൽ ക്യാമ്പയിനുകളിൽ മുഖ്യ യുദ്ധകൗശലവും തന്ത്രങ്ങളുമാകാറുണ്ട്. ഏത്ര സ്ത്രീ വിരുദ്ധത പറഞ്ഞാലും അതാണ് കേരള രാഷ്ട്രീയ ചരിത്രം. പേരുകളും, നേരുകളുമൊന്നും പറയുന്നില്ല. എല്ലാവർക്കും അറിയുന്നതുകൊണ്ട്.
പക്ഷെ ശൂന്യതയിൽ നിന്നും വരുന്ന ഗർഭങ്ങൾ കൗതുകതരമാണ്! ഒരുകാര്യത്തിൽ മാത്രമാണ് എല്ലാവർക്കും ഉറപ്പുള്ളത്. ഗർഭകാരകനെ എല്ലാവരും അറിയും. ആ കാര്യത്തിൽ ഒരു തർക്കവുമില്ല. ഗർഭിണികളെയാണ് കാണാൻ കിട്ടാത്തത്. അപ്പോൾപ്പിന്നെ ‘അർദ്ധ’ ഗർഭമാകാതെ തരമില്ല.
18 മുതൽ 60 വയസ്സുവരെയുള്ള ഗർഭിണികൾ ഉണ്ടെന്ന് കേൾക്കുന്നു. വെറുതെകേൾക്കുന്നതല്ല. പുകൾപെറ്റ പോലീസ് സേനയും, ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ ഈവക കാര്യങ്ങൾ ശ്രദ്ധിക്കുന്ന പത്രങ്ങളും ചാനലുകളും പറയുന്നതാണ്. ‘ഗർഭച്ഛിദ്രത്തിന് വിധേയരായത് രണ്ട് യുവതികൾ’ എന്നാണ് തലക്കെട്ടുപോലും. അപ്പോൾ സത്യമാകാതെ തരമില്ല. അതോ അർദ്ധസത്യങ്ങളോ? അറിയില്ല. ഗർഭകാലം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നു തോന്നുന്നു. അപ്പോഴേക്കും ഇലക്ഷനും വരുമല്ലോ!
ഈ പറയുന്നതിൽ സത്യം ഉണ്ടാകാം, ഇല്ലാതെയും ഇരിക്കാം. കാണാമറയത്തുനിന്നെത്തുന്ന ഈ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് നിറം പിടിപ്പിക്കുന്ന മാധ്യമ സിംഹങ്ങളെ കാണുമ്പോഴാണ് കഷ്ടം. എന്ത് നിറത്തിലാണ് വരക്കുന്നതെങ്കിലും മഞ്ഞ നിറം മാത്രമാണ് തെളിഞ്ഞു കാണുന്നത്. ഇവരൊക്കെയാണ് നാട്ടിലുള്ള ഓൺലൈൻ, യൂട്യൂബ്, മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാൻ നടക്കുന്നത്.
കാര്യങ്ങൾ അങ്ങനെയൊക്കെ ആയിരിക്കെ ഈ പറയുന്ന കഥകളൊക്കെ ശരിയാണെങ്കിൽപ്പോലും ഈ ‘ഭീകരൻ’ രക്ഷപെട്ടുപോകാനാണ് സാധ്യത. കാരണം ആ രീതിയിലാണ് പോലീസും പത്രങ്ങളും മറ്റു മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നത്. ഇതു കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ തലച്ചോർ മുഴുവനും കളിമണ്ണാകാൻ തരമില്ലല്ലോ.
തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്ന് വാദിക്കുമ്പോഴും, പുകയെക്കുറിച്ചു കഥയുണ്ടാക്കിയാൽ തീയണയില്ലല്ലോ! ഇരകളാക്കപ്പെട്ടവർ മാനസ്സികമായി കടുത്ത വ്യഥയിലാണെന്നാണ് അവരുടെ സുഹൃത്തുക്കളും അടുത്തറിയുന്നവരും പറയുന്നത്. അങ്ങനെയൊരു വസ്തുതയുണ്ടെങ്കിൽ കേസുകൾ രഹസ്യമായി കൈകാര്യം ചെയ്യാൻ ഇവിടെ നിയമസംവിധാനവും മറ്റും ഉണ്ട്. പരാതിപ്പെടാൻ എന്തിനാണ് മടിക്കുന്നത്? ഇങ്ങനെയുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടേ? അല്ലെങ്കിൽ, അവരും ഇതുപോലുള്ളവരും വീണ്ടും ഇതുതന്നെചെയ്യില്ലേ? എല്ലാകാര്യത്തിലും പാശ്ചാത്യ സംസ്കാരം അനുകരിക്കുന്നവർ ഈ കാര്യത്തിൽ മാത്രം എന്തിനാണ് പുറകിലോട്ടുപോകുന്നത്? ഇതിനെയൊക്കെ ധീരമായും ശക്തമായും നേരിടണ്ടേ? വേണം എന്നാണ് എനിക്ക് തോന്നുന്നത്. ഇരയാക്കപ്പെട്ട ഒരാളെങ്കിലും അതിനുള്ള ധൈര്യം കാണിക്കണം.
സമൂഹ മാധ്യമ വിചാരണയാണ് ഭയമെങ്കിൽ പോട്ട് പുല്ല് എന്ന് വിചാരിക്കണം. നാമോരോരുത്തരുമാണ് സമൂഹം. നമ്മളെല്ലാം കൂടിയാണ് ഈ മാധ്യമങ്ങളെ വളർത്തുന്നത്. ഇത്രയധികം വാർത്താ ചാനലുകളുടെ ആവശ്യമുണ്ടോ കേരളത്തിൽ? ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ കൊണ്ട് ചാനൽ റേറ്റിംഗ് ഉയർത്താൻ നോക്കുന്നവർ പൂട്ടികെട്ടി പോട്ടേ. അത്രയും കുറച്ചു അശ്ലീലം കേട്ടാൽ മതിയല്ലോ!
ചാനലുകൾ എണ്ണമില്ലാത്ത അന്തി ചർച്ചകൾ നടത്തിയ ഈ വിഷയത്തിൽ ഇതുവരെ വന്നതെളിവുകൾ കുറെ ഓൺലൈൻ ചാറ്റ് ഹിസ്‌റ്ററികളും പിന്നെ എന്തിനോ വേണ്ടി തിളച്ച ചില നാരീമണികളുടെ മറ്റാർക്കോ വേണ്ടിയുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലവുമാണ്. ഇന്നേവരെ ഒരു ഇരയോ, കേസോ, ഇല്ലാത്ത സംഭവമാണ് ‘ഗർഭശ്രീമാൻ്റെതു’. എന്നിട്ടും ടിയാനെതിരെ പല നടപടികളും ഉണ്ടായി. ഇപ്പോൾ വീട്ടിൽ കുത്തിയിരിപ്പാണ്. അതവിടെ നിൽക്കട്ടെ. ഉപ്പു തിന്നവൻ വെള്ളം കുടിച്ചു തന്നെയാകണം.
നാടുനീളെനടന്നു സർവത്ര ‘ശ്രീമാൻ’ മാരായിരുന്ന പലരും മാന്യരായി നടക്കുന്ന നാട്ടിലെ കാഴ്ചയാണിത്. ഇരക്കു ഇരയും, കേസിനു കേസും തെളിവിനു തെളിവും ഒക്കെയുണ്ടായിട്ടും, ഇതാണാവസ്ഥ. ഈ അവസ്ഥയിൽ ഇതൊന്നുമില്ലാത്ത ‘ഭീകരനെ’ ഇങ്ങനെ ദയാരഹിതമായി കൈകാര്യം ചെയ്യുന്നതിൽ മറ്റു പല ഉദ്ദേശങ്ങളും ഉണ്ടാകാം. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ഒക്കെച്ചേർന്നു ഒരുത്തനെ തകർക്കാൻ വിചാരിച്ചിറങ്ങിയാൽ ചിലപ്പോൾ തകർന്നു പോകും. അതിനിയെത്ര നല്ലവനായാലും, മോശപ്പെട്ടവനായാലും, തകരും. മോശപെട്ടവർ (ആർക്ക്?) തുലഞ്ഞു പോട്ടെ. നല്ലവർ രാഷ്ട്രീയം തുലഞ്ഞു പോട്ടെയെന്നു വിചാരിച്ചു മറ്റുജോലികൾ നോക്കിപ്പോണം.
ഏറ്റവും വലിയ കൗതുകം, ഇവർക്കൊന്നുമില്ലാത്ത വിഷമം നാട്ടുക്കാർക്കാണെന്നതാണ്. അതെന്തിനാണെന്നു ഇനിയും പിടികിട്ടിയിട്ടില്ല. പെണ്ണുകേസുമായി വന്നാൽ, സത്യം എന്തായാലും, അത് വിശ്വസിച്ചു അതിനുപുറകേ പായുന്ന നാട്ടുകാർ ആയിപ്പോയതെന്തുകൊണ്ടാണ് നാം? അതിനു കാരണം എന്തായാലും ആ കാരണം കൊണ്ടുതന്നെയാണ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഇതിനെ ചിലർ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. ഇതു ഇനിയും തുടരും.
ഇലക്ഷൻ കാലം വരുന്നതിനാൽ ഇപ്രാവശ്യവും ഇതൊക്കെത്തന്നെ ഉണ്ടാകും. കൂടുതലായി.
പീഡനവീരരുടെയും, ഗർഭശ്രീമാന്മാരുടെ പുതിയകഥകൾക്കായി നമുക്ക് ഇനിയും കാത്തിരിക്കാം.
“The public have an insatiable curiosity to know everything, except what is worth knowing.” – Oscar Wilde
സുമേഷ് രാമചന്ദ്രൻ


