മീ ടൈം

“ഓ..പേടിച്ചു പോയല്ലോ! നീ എന്താണ് ഈ രാവിലെ തന്നെ മുഖത്ത് വാരി പൊത്തിയേക്കുന്നത്?”

ഒരു ഗ്ലാസ്സ് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് കയറി വന്ന ഭർത്താവ് എന്നെ തുറിച്ചു നോക്കി.

“ഇത്തിരി കസ്തൂരി മഞ്ഞളും രക്തചന്ദനവും കൂടി ചാലിച്ചത് ”

അദ്ദേഹത്തിന്റെ തുറിച്ചു നോട്ടം കണ്ടില്ലെന്നു നടിച്ച് ഞാൻ അലസമായി പറഞ്ഞു. എന്റെ കൈ കൊണ്ട് ഞാൻ അരച്ച് എന്റെ മുഖത്ത് ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഞാൻ തേച്ചു പിടിപ്പിച്ചിരിക്കുന്ന അരപ്പ് കണ്ട് ഇങ്ങേർക്കെന്തിന് ഹാലിളകുന്നു?

ഞാൻ ഉണങ്ങിയ മൈലാഞ്ചി പൊടിച്ചതിലേക്ക് കടുപ്പത്തിലുള്ള കട്ടൻ ചായ ഒഴിച്ചു.

“ഉമ്മിക്ക് കയ്യിൽ മൈലാഞ്ചിയിടാൻ ഇന്നലെ നേരം കിട്ടി. ഞാനെന്റെ സൽവാറൊന്നു ഹാൻഡ് വാഷ് ചെയ്തു തരാൻ പറഞ്ഞിട്ട് അതിന് പറ്റൂല്ല, സമയോം ഇല്ല ”

അലക്കു കല്ലിനരികിലേക്ക് നടക്കും വഴി മോളെന്നെ അടിമുടി നോക്കി.

“ഈ പത്തമ്പത് വയസ്സാകാറായപ്പോൾ നിനക്ക് നാണമാകില്ലേ മൈലാഞ്ചിയൊക്കെ ഇട്ടോണ്ട് നടക്കാൻ… കഷ്ടം!'”

ആകെ ചൊറിഞ്ഞു നിൽക്കുന്ന കെട്ട്യോൻ എന്റെ കൈ നഖങ്ങളിലേക്ക് നോക്കി.

“എന്റെ കൈ, എന്റെ വിരൽ, എന്റെ നഖം. ഞാനെന്തിന് നാണിക്കണം. തുണിയുടുക്കാതെയൊന്നും അല്ലല്ലോ ഞാൻ നടക്കുന്നത്?”

അദ്ദേഹം ഒന്നും മിണ്ടാതെ അവിടുന്നും പോയി.

അല്ല പിന്നെ… ഇവർക്കൊക്കെ ഇത് എന്തിന്റെ കുഴപ്പമാണ് ഞാൻ ഹെന്നയിലേക്ക് ചേർക്കാനായി നാരങ്ങ മുറിക്കുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്.

മീനാക്ഷിയാണ്…

“എടി… നീ ഇന്നലെ ലോക മലയാളീ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത ആ ഫോട്ടോസ് കാണാൻ എന്ത് ഭംഗിയാ! കുറേ ലൈകും കിട്ടീട്ടുണ്ടല്ലോ?”

മുഖവുരയൊന്നുമില്ലാതെ അവൾ എന്നോട് പറഞ്ഞു. ഞാനൊന്നു ചിരിച്ചു. കാര്യം ഇമ്മിണി ലൈക്ക് കിട്ടിയാൽ പുഴുങ്ങി തിന്നാൻ പറ്റുമോന്നൊക്കെ ആൾക്കാരു ചോദിക്കും. അതിനൊന്നും പറ്റില്ല… പക്ഷേ അതൊരു സന്തോഷമാണ്. ഞാനും ഈ ലോകത്തിൽ ജീവിച്ചിരിക്കുന്നുണ്ടെന്നും ഞാനും ഈ വ്യവസ്ഥിതിയുടെ ഒരു ഭാഗമാണെന്നും എന്നെ തന്നെ ബോധ്യപ്പെടുത്തി ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള ഒരു കുറുക്കു വഴി.

അവൾ തുടർന്നു.

“എടി…ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ.കുറച്ചായിട്ട് എനിക്ക് ഒരു രസോമില്ല.ആകെപ്പാടെ ഒരു പരവേശം. വല്ലാത്ത ദേഷ്യം, മടി . ചില നേരം എല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് തോന്നും. ഇന്നിപ്പോ രാവിലെ മോനോട് ദേഷ്യപ്പെട്ടു. പിള്ളേരു വലുതായില്ലേ. അവൻ എന്നോടും കയർത്തു. എനിക്കാകെ സങ്കടമായി. ആരും എന്നെ മനസ്സിലാക്കുന്നില്ല. അവർക്ക് എല്ലാ കാര്യത്തിനും ഞാൻ വേണം. പക്ഷേ നമ്മുടെ ഇമോഷൻസ് ഒന്നും ആരും മനസ്സിലാക്കില്ല.എല്ലാം പോരാഞ്ഞ് ഭയങ്കര ചൂടും വിയർപ്പും. ഒക്കെ ഊരി പറിച്ച് എറിഞ്ഞു കളയാൻ തോന്നും ചില നേരത്ത് ”

ഇടറിയും മുറിഞ്ഞും മടുപ്പും സങ്കടവും കലർന്ന ശബ്ദത്തിൽ അവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു നിന്നു. എന്ത് മിടുക്കിയായിരുന്നു അവൾ! എത്ര സുന്ദരിയായിരുന്നു. അവളുടെ അറ്റം ചുരുണ്ട ആ മുടി എനിക്ക് വല്യ ഇഷ്ടമായിരുന്നു. കുഞ്ഞു നാള് മുതലേയുള്ള കൂട്ടുകാരാണ് ഞങ്ങൾ. എന്നേക്കാൾ പഠിപ്പിലും അവളായിരുന്നു മിടുക്കി.

അവൾ തുടർന്നു

” നീ ഒന്ന് ഓർത്തു നോക്ക്. നമ്മൾ എന്ത് കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് നമുക്കൊരു ജോലിയൊക്കെ കിട്ടിയത്. എന്നിട്ടോ അതിന്റെയൊക്കെ ആ സുഖവും സന്തോഷവും നമുക്ക് നന്നായി അനുഭവിക്കാൻ പറ്റുന്നുണ്ടോ? എന്ത് തിരക്കാണ് എപ്പോഴും! ജോലിക്ക് പോയുള്ള ശമ്പളോം ആനുകൂല്യോം ഒക്കെ എല്ലാർക്കും വേണം. പക്ഷേ ജോലി സ്ഥലത്തോ അല്ലാതെയോ നമുക്ക് ഉണ്ടാകുന്ന സ്‌ട്രെസ്സ് വല്ലതും ഇവരുമായി ഷെയർ ചെയ്യാൻ പറ്റുമോ? എന്തെങ്കിലും പറഞ്ഞാൽ പറയും ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന്. എനിക്ക് മടുത്തു. അതിനൊപ്പം പിരീഡും വ്യത്യാസം. ഇടക്ക് ഒരു തരം വിറയൽ, ഭയങ്കര മറവി… എനിക്ക് വയ്യ ”

അവളുടെ വർത്തമാനത്തിൽ തേങ്ങൽ കലർന്ന് ശബ്ദം ചിലമ്പിച്ചു.

” നീ വിഷമിക്കേണ്ട. നമുക്ക് മെനോപോസിനുള്ള സമയം ആയില്ലേ? കുറച്ചൊക്കെ അതിന്റെ ഹോർമോൺ വേരിയേഷൻസും ഉണ്ടാകും ”

അവളുടെ ആദ്യ കുഞ്ഞിനെ പ്രസവിച്ചു കിടന്നപ്പോൾ അവൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നത് ഓർത്തുകൊണ്ട് ഞാൻ അവളെ അലിവാർന്ന ശബ്ദം കൊണ്ട് ചേർത്തു പിടിച്ചു.പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ അനുഭവിച്ചിട്ടുള്ളവർക്ക് ആർത്തവ വിരാമത്തോട് അനുബന്ധിച്ച് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് ഒരിക്കൽ ഞാൻ വായിച്ചിട്ടുണ്ട്.

“ഉം… ”

അവളൊന്ന് അമർത്തി മൂളി. പിന്നെ തുടർന്നു.

“അതിന്റെ കുറേ പ്രോബ്ലെംസ് ഉണ്ട്. ഒരിക്കൽ അതേ കുറിച്ച് പുള്ളിയോട് പറഞ്ഞപ്പോൾ “നിനക്ക് മാത്രമാണല്ലോ ഇങ്ങനത്തെ എടങ്ങേറ്” എന്നും ചോദിച്ച് എന്റെ നേരെ കണ്ണു മിഴിച്ചു. വല്യ അറിവും വായനേം എഴുത്തും കുത്തും ഒക്കെയുണ്ട്. പക്ഷേ കൂടെ ജീവിക്കുന്നവളെ അശേഷം മനസിലാക്കുകയോ ചേർത്തു പിടിക്കുകയോ ചെയ്യില്ല. പുറത്തു നിന്നും നോക്കുന്നവർക്ക് എന്താ കുഴപ്പം… രണ്ടു പേർക്കും നല്ല ജോലി മക്കൾ വീട് വണ്ടി എല്ലാം ഉണ്ട്. പക്ഷേ എനിക്കെന്തോ മടുപ്പിന്റെ വിഷവായു എന്റെ ചുറ്റും തങ്ങി നിൽക്കുന്ന പോലെ തോന്നുന്നു ”

അവളുടെ ശബ്ദത്തിൽ രോഷത്തിന്റെ ചൂട് പടരുന്നത് ഞാൻ അറിഞ്ഞു. എനിക്കുമുണ്ട് ഈ പറഞ്ഞ ആധിയും വ്യാധിയുമൊക്കെ. ഇന്നോളം എല്ലാ നോവും ഞങ്ങൾ പങ്കു വച്ചിട്ടുള്ളത് കൊണ്ട് തന്നെ എനിക്കവളെ എളുപ്പം മനസ്സിലാകുകയും ചെയ്യും. ഞാനെന്റെ ശബ്ദം കഴിയുന്നതും ആർദ്രമാക്കി അവളോട്‌ പറഞ്ഞു.

“നീ ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ എനിക്കുമുണ്ട്. നമുക്ക് ഈ പ്രായം വന്നോർക്കു മാത്രമല്ല ചെറുതിലേ പല അസുഖങ്ങളാൽ യൂട്രെസ് ഓവറി റിമൂവൽ സർജറി ചെയ്തിട്ടുള്ളവർക്കും ബുദ്ധിമുട്ട് കൂടുതൽ ആയിരിക്കും. അല്ലെങ്കിൽ തന്നെ നീയൊന്ന് ഓർത്തു നോക്കിയേ നമ്മുടെ അമ്മമാർ ഇതൊക്കെ അനുഭവിച്ചിട്ടുള്ള ആ കാലം. അവരൊക്കെ വീട്ടമ്മമാർ ആയതു കൊണ്ട് ഇതൊന്നും മിക്കവാറും ആരോടും പറഞ്ഞിട്ടും ഉണ്ടകില്ല. ഈസ്ട്രജൻ ഉത്പാദനം കുറയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നോ മെനോപോസ് എന്നൊരു സംഭവം ഉണ്ടെന്നോ അവർ അറിഞ്ഞിട്ടും കൂടി ഉണ്ടാകില്ല..അന്നൊന്നും നമ്മൾ ഇതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. പാവങ്ങൾ… ആരോരും മനസ്സിലാക്കാതെ അവർ പോലും അറിയാതെ എന്തെല്ലാം അവരും തരണം ചെയ്തിട്ടുണ്ടാകും”

അല്പ സമയം ഞങ്ങൾ ഇരുവരും നിശ്ശബ്ദരായി.

“ഞാൻ നിന്നെ സമാധാനിക്കാൻ വേണ്ടി പറയുന്നതല്ല. ചില നേരം എനിക്ക് ദേഷ്യം കൊണ്ട് കണ്ണു കാണാൻ പറ്റാതാകും. പിന്നെ ചില നേരം വെറുതെയങ്ങ് ആർത്തലച്ചു കരയാൻ തോന്നും. ഇടക്ക് ഉയർന്ന നെഞ്ചിടിപ്പു പോലെ തോന്നും. ആദ്യമൊക്കെ എനിക്ക് എന്തേലും വിഷമം വന്നാൽ ഞാൻ ഇവരോടൊക്കെ സങ്കടം പറഞ്ഞു നടക്കും. പിന്നെപിന്നെ എനിക്ക് മനസ്സിലായി എനിക്ക് ഏറ്റവും വലിയ താങ്ങും തണലുമാകേണ്ടത് ഞാൻ തന്നെയാണെന്ന്. നമ്മളെ നമുക്ക് അറിയാവുന്നതു പോലെ മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ല.ആ തിരിച്ചറിവിൽ നിന്നും ഞാൻ എന്നെ സ്നേഹിക്കാനും എന്നെ പരിചരിക്കാനുമായി കുറച്ചു സമയം നീക്കി വെച്ചു. ഇപ്പോൾ എനിക്കൊരു സന്തോഷമൊക്കെയുണ്ട് ”

ഞാൻ പറഞ്ഞു നിറുത്തി. അവളൊന്നു നേർമ്മയായി നിശ്വസിച്ചു. പിന്നെ പറഞ്ഞു.

“എവിടെയാണ് എനിക്കതിനൊക്കെ സമയം. ഇവിടുത്തെ കാര്യങ്ങളും ഓഫീസിലെ തിരക്കും കൂടി കഴിഞ്ഞാൽ പിന്നേ ഒന്നിനും നേരം കിട്ടില്ല. മക്കളായിട്ട് ഉള്ളതാണെങ്കിൽ രണ്ട് ആൺപിള്ളേരും. എല്ലാം ഞാൻ ചെയ്തു കൊടുക്കണം ”

“അതെന്താ അവർക്ക് കൈക്കും കാലിനും എന്തെങ്കിലും തകരാറുണ്ടോ. എന്റെ അറിവിൽ കുഴപ്പമൊന്നും ഇല്ലല്ലോ?”

“നീ ഒന്നു പോയെ… തമാശ പറയാതെ ”

അവൾ ചിണുങ്ങി. ഞാൻ ഫോൺ ചെവിയോട് ചേർത്തു കൊണ്ട് തന്നെ ഹെന്നയിലേക്ക് നാരങ്ങ നീര് മിക്സ്‌ ചെയ്ത് ഒരു വശത്തേക്ക് അത്‌ ഒതുക്കി വെച്ചു.ശേഷം മുൻവശത്തെ സെറ്റിയിൽ പോയി ഇരുന്നു.

“ഞാൻ തമാശ പറഞ്ഞതല്ല. ഇനിയെങ്കിലും അവരുടെ കാര്യങ്ങൾ അവരേം കൊണ്ട് ചെയ്യിപ്പിക്ക്. എന്നിട്ട് നിന്റെ കാര്യങ്ങൾക്കായി സമയം കണ്ടെത്ത്. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. അല്ലാതെ നീ സന്തോഷിച്ചോ എന്നും പറഞ്ഞ് അതാരും നമ്മുടെ കയ്യിൽ കൊണ്ടുതരില്ല. നിന്നെ സ്നേഹിക്കാനും നിന്റെ ഇഷ്ടങ്ങൾ ചെയ്യാനുമായി നീ ഇത്തിരി സമയം കണ്ടെത്തി നോക്ക്. അത്ഭുതങ്ങൾ സംഭവിക്കും നിന്റെ മനസ്സിലും ശരീരത്തിലും”

ഞാനെന്റെ മൈലാഞ്ചി അണിഞ്ഞ നഖങ്ങളിലേക്കു നോക്കി അല്പനേരം മിണ്ടാതിരുന്നു.പിന്നെ തുടർന്നു.

“മി ടൈം എന്നു കേട്ടിട്ടില്ലേ നീ?

അത്‌ തന്നെ… നമുക്ക് സ്ത്രീകൾക്ക് ഇല്ലാതെ പോകുന്നതും ഈ “ഞാൻ സമയം” തന്നെയാണ്. പിന്നെ നല്ല നാരുള്ള ഭക്ഷണം കഴിച്ചും, വ്യായാമം ചെയ്തും, കുഞ്ഞു വിനോദങ്ങളിൽ ഏർപ്പെട്ടും നീയൊന്ന് ഉഷാറാക്. യാത്രകൾ നിനക്ക് ഇഷ്ടമല്ലേ?… വേണമെങ്കിൽ നമുക്കൊന്നിച്ചൊരു യാത്ര പോകാം. വീട് കുട്ടി പ്രാരാബ്ധങ്ങൾ ഒന്നുമില്ലാതെ ”

“നമ്മൾ തനിച്ചോ… ആളുകളെന്ത്‌ പറയും?”

അവൾ ആശ്ചര്യപ്പെട്ടു.

“ഏയ്‌ തനിച്ചല്ല.. ആ കവലയിൽ നിന്നും അഞ്ചാറു പേരെ വിളിക്കാം ”

“നീ പോ പെണ്ണേ…”

അവൾ പൊട്ടി ചിരിച്ചു.സന്തോഷത്തോടെ ഞാൻ തുടർന്നു.

“എടി നമ്മൾ ഒളിച്ചോടി പോകുന്നത് ഒന്നും അല്ലല്ലോ. ഒരു പകൽ സമയ ട്രിപ്പ്‌. നമ്മുടെ കെട്യോൻമാര് പോകുന്ന പോലെ ഒരാഴ്ചത്തേക്കൊന്നും നമുക്ക് പോകേണ്ട. അത്‌ പിന്നെ ആലോചിക്കാം ”

“എനിക്കിപ്പോ എന്തോ ആശ്വാസം തോന്നുന്നു. ഞാൻ എനിക്കായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടേം സൗകര്യം നോക്കിയാണ് ഒന്നുറങ്ങുക പോലും ചെയ്യുന്നത്. ഇനി ഞാനും ഒന്നു പരീക്ഷിക്കട്ടെ ഈ മി ടൈം ”

അവൾ ചുണയോടെ പറഞ്ഞു.

“അല്ല പിന്നെ… അൻപത് വയസ്സും മെനോപോസുമൊക്കെ ആയി എന്നു കരുതി നമുക്കും ജീവിക്കേണ്ടേ. പിന്നൊരു കാര്യം ഇതൊക്കെ ചെയ്തിട്ടും സഹിക്കാൻ കഴിയാത്ത മാനസിക ശരീരിക പ്രശ്നങ്ങൾ നിനക്ക് ഉണ്ടെങ്കിൽ നമുക്കൊരു ഡോക്ടറെ കാണാം… ട്ടോ. എന്തിനും പരിഹാരമുണ്ടെന്നേ…!”

“ശരിയെടി… ഞാൻ പിന്നെ വിളിക്കാം ”

സന്തോഷത്തോടെ അവൾ എന്നോട് ബൈ പറഞ്ഞു.ഒരു ചെറു ചിരിയോടെ ഹെന്ന പാക്കിനടുത്തേക്ക് നടക്കുമ്പോൾ അടുത്ത് നിൽക്കുന്ന മകൾ കേൾക്കാൻ പാകത്തിൽ ഞാൻ അല്പം ഉറക്കെ പറഞ്ഞു…

“വാരാന്ത്യം അല്ലേ… ഇന്നെന്തായാലും എണ്ണ തേച്ചൊന്നു കുളിക്കണം.അതു കഴിഞ്ഞ് അല്പം ഒന്നുറങ്ങണം.പുറത്തു നല്ല മഴയുണ്ടല്ലോ! മൂടി പുതച്ചുറങ്ങാൻ നല്ല സുഖമായിരിക്കും ”

സൗമ്യ മുഹമ്മദ്‌

രോഹിണി

കണ്ണൂർ  സെൻട്രൽ ജയിലിൽ  പുലർച്ചെ അഞ്ചുമണിയുടെ സൈറൺ മുഴങ്ങി. വാർഡന്റെ  പതിവ് സന്ദർശനം  ഓരോ റൂമിനു  മുന്നിലും  തുടങ്ങി.

തടവുകാർ  പ്രഭാതകൃത്യങ്ങളിലെക്കു തിരഞ്ഞു. നൂറ്റിപ്പത്താം റൂമിൽ മാത്രം അനക്കമില്ല.  അതു രോഹിണിയുടെ  റൂമാണ്.  വാർഡൻ വന്നു അഴിയിൽ രണ്ടു തവണ തട്ടി.

“സൈറൺ മുഴങ്ങിയത് കേട്ടില്ലേ രോഹിണി..എന്തെടുക്കുവാ പള്ളിയുറക്കം കഴിഞ്ഞില്ലേ? ”

അവളോർത്തു പള്ളിയുറക്കം  ഉറങ്ങാൻ  മാത്രം രാത്രി  താൻ  ഉറങ്ങാറുണ്ടോ. ഉറക്കം നഷ്ടമായി വർഷങ്ങൾ  കഴിഞ്ഞു.

രോഹിണി മുകളിലെ ഭിത്തിയിൽ  കണ്ണുറപ്പിച്ചു   കിടക്കുകയാണ്.

പന്ത്രണ്ട് വർഷം  ആയി തന്റെ സ്വപ്നങ്ങൾ  നഷ്ടമായിട്ട്.  പന്ത്രണ്ടു വർഷം എത്ര വേഗം  പോയി.  കോടതി  വിധിച്ച  ജീവപരന്ത്യകാലയളവ്.

അവളുടെ  ആ  ഓർമ്മകൾ  പിന്നിലേക്ക്  പോയി.  അന്നത്തെ ആ  ദിവസം..

വലിയൊരു  സ്കൂൾ.  അതിലെ  ക്ലാസ്സ്‌ റൂമിൽ  രോഹിണി  ക്ലാസ്സ്‌ എടുക്കുകയാണ്. കുട്ടികൾ  എല്ലാം അവളെ  നോക്കി  ഇരിക്കുന്നു..

“എടി  രോഹിണി എണീക്ക്  നേരം  പരപരാ വെളുത്തത്  കണ്ടില്ലേ ?”

അവൾ  ഞെട്ടി  ഉണർന്നു.  അപ്പോൾ സ്കൂൾ  എവിടെ?  ഹോ…സ്വപ്നം ആയിരുന്നോ?

തന്റെ  ജീവിതം  ജയിലിൽ  ആണെന്ന  കാര്യം  അവൾ  മറന്നു.  ജീവിതം ഇവിടെ  എത്തിയ  നാൾവഴികൾകളാണ്  അവളുടെ ഓർമ്മയിൽ.

“അമ്മേ  രാത്രി മൊത്തം  പഠിക്കുകയായിരുന്നു.  ലാസ്റ്റ് എക്സാം  ആണമ്മേ അടുത്ത ആഴ്ച .  വെളുപ്പിനാ ഉറങ്ങീത്.  ”

“എടി കിണ്ണാണ്ണം  പറയാതെ.  എണിറ്റു  മുറ്റമടിക്ക്.  നീയൊക്കെ  പഠിച്ചു  എന്ത് ആവാനാ?  ”

“അമ്മേ എനിക്കു പഠിച്ചു  ടീച്ചർ ആവണം.. ”

രോഹിണി  ടി ടി സി  പഠിക്കുകയാണ്..

“മിണ്ടാതെ  ഇരിക്ക്  പെണ്ണേ അവളുടെ  ഒരു  ടീച്ചർ. നാളെ  മുതൽ എന്റെ കൂടെ പണിക്കു  പോരണം ”

അവളുടെ  അമ്മക്ക്  അവൾ പഠിക്കുന്നതു  തീരെ   ഇഷ്ടമല്ല.

“എടി എനിക്കിന്ന്  ദൂരെയാണ് പണി.  നേരത്തെ പോകണം.  വേഗം മുറ്റമടിച്ചു   കഞ്ഞി വച്ചു മുത്തശ്ശിക്കു കൊടുക്ക്. ”  അതു പറഞ്ഞു അവർ പണിക്കു ഇറങ്ങി.

രോഹിണിക്ക്  അമ്മയും  മുത്തശ്ശിയും  മാത്രമേയുള്ളൂ.  അച്ഛൻ  ആരാന്നു കൂടി  അറിയില്ല.  അമ്മ പണിക്കു പോയിടത്തെ  കൂടെ പണി ചെയുന്ന ആളുമായ്  ലോഹ്യത്തിലായി.  അങ്ങനെ ജനിച്ചത്  എന്നാണ് കേട്ടറിവ്.  അമ്മയുടെ  സ്വഭാവം  കാരണം  വിട്ട്  പോയി എന്നും.  അച്ഛനെ പറ്റി അവൾ ചോദിക്കാറുമില്ല.

അമ്മ പോയതിനുശേഷം  അവള്‍  മറ്റു  ജോലികളിലേക്കു  കടന്നു. പണിയൊക്കെ  ഒതുക്കി  കിടപ്പിലായ   മുത്തശ്ശിയുടെ ദേഹം തുടച്ചു.  നല്ല മുണ്ട്  ഉടുപ്പിച്ചു.  കഞ്ഞിയും കൊടുത്തു കിടത്തി.

ക്ലാസ്സ് കഴിഞ്ഞാൽ  അമ്മയുടെ കൂടെ പണിക്കു ചെല്ലാ‍നാണ് അമ്മ പറഞ്ഞിട്ടുള്ളത്.  എങ്ങനെയും എക്സാം കഴിഞ്ഞു  റിസൾട്ട്  വന്നാൽ മതിയായിരുന്നു.

ലക്ഷ്മിമിസ്സ്‌  തന്റെ  അവസ്ഥ  കണ്ടിട്ട്  നഗരത്തിലെ  പ്രൈവറ്റ്   സ്കൂളിൽ കേറാൻ  സഹായിക്കാം  എന്ന്  ഉറപ്പ് പറഞ്ഞിട്ടുണ്ട്.  അവിടെ തന്നെ ഹോസ്റ്റലിൽ  നിൽക്കുകയും  ചെയ്യാം.

അമ്മ വാർക്കപ്പണിക്കാണ്  പോകുന്നത്.  ജോലിക്കു  പോകാൻ  തനിക്കു മടിയില്ല.  പക്ഷെ, അമ്മയുടെ കൂടെ എങ്ങിനെയാ?  അമ്മ ചീത്തയാണെന്നാണ്   എല്ലാവരും   പറയുന്നത്.  അമ്മയുടെ  കയ്യിൽ എപ്പോഴും നിറയെ കാശുണ്ടാവും,  കൂലിപ്പണിക്കു  പോയാൽ  ഇത്രയും  പൈസ  കിട്ടോ?

അറിയില്ല. തനിക്ക്  വിലകൂടിയ  ഡ്രസ്സുകൾ  നല്ല ഭക്ഷണം,  എല്ലാം അമ്മ തരും. അടുത്ത വീട്ടിലെ ചേച്ചിമാരോട്  ഒന്നും  അമ്മ കൂടൂല്ല,  പക്ഷെ, മിക്ക ചേട്ടന്മാരുമായും അമ്മ കൂട്ടാണ്.

രാത്രി, ഭക്ഷണം  കഴിഞ്ഞാൽ  മുത്തശ്ശിയുടെ  മുറിയിൽ  പോയി  കിടക്കും, അമ്മ  ആ  മുറി  പുറത്തുനിന്നു  പൂട്ടുകയും  ചെയ്യും.  പിന്നെ  ഇപ്പുറത്ത് ആരുടെയൊക്കെയോ  അടക്കി  പിടിച്ച  സംസാരം കേൾക്കാം, പക്ഷെ  നേരം വെളുത്ത് കഴിഞ്ഞാൽ ആരെയും കാണുകയുമില്ല.

ആരൊക്കെയാണാവോ?  ഒരാളെ  തനിക്ക്  അറിയാം.  രാഘവൻ ചേട്ടൻ, അമ്മയുടെ  ഏറ്റവും  അടുത്ത  കൂട്ടുകാരൻ.   ഇവിടെ  അടുത്ത്  തന്നെയാണ് താമസം.  നാട്  വേറെങ്ങോ  ആണ്.

വാർക്ക പ്പണിയുടെ  കോൺടാക്ർ  ആണ്.  പക്ഷെ, രാഘവൻ  ചേട്ടനെ തനിക്കിഷ്ടമല്ല.  കട്ടി മീശയും,  ചോരച്ച  കണ്ണുകളും,  മദ്യത്തിന്റെ നാറ്റവും. അമ്മയെ  കാണാനാണ്  എന്നും  പറഞ്ഞ് എപ്പോഴും  വരും,  കൂടുതലും അമ്മയില്ലാത്ത  സമയം  നോക്കിയെ  വരൂ.  വന്നാൽ  പിന്നെ  പോവേമില്ല. വീട്ടിൽ  അധികാരത്തോടെ  കയിറി  ഇരിക്കും.

അമ്മയുണ്ടെങ്കിൽ തന്നെ,  തന്നെയായാണ്  നോട്ടമിടുന്നത്, അറിയാതെയെങ്ങാനും  അടുത്ത്  ചെന്നുപെട്ടാൽ  തീർന്നു,  പിന്നെ  നല്ല ‘വാത്സല്യം’ ആയിരിക്കും,  ഇതൊക്കെ  കണ്ടാലും  അമ്മ  അയാളെ  ഒന്നും പറയില്ല, നിന്നു ചിരിക്കെയുള്ളു.  പിന്നെ  തനിക്ക്  ആകെ  ഒരു  ആ‍ശ്രയം, കണ്ണുകാണാത്ത  കിടപ്പിലായ മുത്തശ്ശി  മാത്രമാണ്. അയാൾ വന്നാൽ താൻ മുത്തശ്ശിയുടെ  അടുത്ത്  തന്നെയായിരിക്കും.

അങ്ങനെ  ഓരോന്ന്  ചിന്തിച്ചു  ഇരിക്കുമ്പോൾ  ആണ്  അന്ന്

” രോഹിണിക്കുട്ടി ഉറങ്ങുകയാണോ”

ഒരു ചോദ്യവും,  ഇരുതോളിലും  പിടിച്ച്  ഒരു  കുലുക്കലും.

രോഹിണി ഞെട്ടിയുണർന്നു.  രാഘവൻ  ചേട്ടനാണ്, ഇയാളെപ്പോൾ എത്തി?  അവൾ ചാടിയെണീറ്റു, അവളെ  ചെറുതായി  വിറക്കാൻ തുടങ്ങി, അമ്മയില്ലാത്ത  സമയം  നോക്കിയാണ്  വന്നിരിക്കുന്നത്,  അമ്മക്കിന്ന് ദൂരെയാണ് ജോലി.  അറിഞ്ഞു കൊണ്ടു തന്നെ ആണ് വരവ്.

“അമ്മ  ഇവിടെയില്ല.  പണിക്ക് പോയി ”

“അയ്യോ, അമ്മയില്ലേ?  ഞാൻ അമ്മയോടൊരു  കാര്യം  പറയാൻ  വന്നതാണ്.. ഇനിയെന്തുചെയ്യും?”

അയാൾ വല്ലാത്തൊരു നഷ്ടബോധത്തോടെ  അടുത്തു കണ്ട  കസേരയിലേക്ക് ഇരുന്നു,  രോഹിണിയെ  ആകെയൊന്നു  നോക്കി,  പാവാടയും  ബ്ലൗസുമാണ് അവളുടെ വേഷം.  അതിലവൾ വളെരെ സുന്ദരി ആയിരിക്കുന്നു.  അയാളുടെ മുഖത്ത്  വല്ലാത്തൊരു  തിളക്കം.

കെണിയിൽ പെട്ട ഇരയെ കണ്ട  വേട്ടക്കാരന്റെ  കണ്ണിലെ  തിളക്കം.

“രോഹിണിക്കുട്ടി പോയിട്ട്  ഇത്തിരി  സംഭാരം  എടുത്തോണ്ട്  വാ വല്ലാത്ത ദാഹം  എന്തൊരു  ചൂടാണ്  പുറത്ത് ”

അവൾ അടുക്കളയിലേക്കു നടന്നു,  അടുക്കളയിൽ  കടന്ന്  വാതിൽ  അടച്ചു സാക്ഷയിട്ടു.  അവളെ  വല്ലാതെ  വിറയ്ക്കുന്നുണ്ടായിരുന്നു,  ദൈവമേ,  എന്തു ചെയ്യും, അയാളുടെ  ഈ  വരവ്  വെറുതെയല്ല,  കരുതിക്കൂട്ടി  തന്നെയുള്ള വരവാണ്,  മുത്തശ്ശിയാണെങ്കിൽ,  മരുന്ന് കഴിച്ചതുകൊണ്ടുള്ള മയക്കത്തിലും,  പെട്ടന്നൊന്നും  ഉണരേമില്ല,  ഉണർന്നാൽതന്നെ  കണ്ണ് കാണാതെ  കിടപ്പിലായ മുത്തശ്ശി  എന്തുചെയ്യാനാണ്?

ആരേലും വന്നെങ്കിൽ,  അവൾ അടുക്കളവാതിൽ തുറന്നു പിന്നിലൂടെ പുറത്തു ഇറങ്ങി.  അപ്പുറത്തെ വീട്ടിൽ പോകാം അവിടെ രാധേച്ചി ഉണ്ടാകും. അവിടെ പോയിരിക്കാം.

അടുക്കള വാതിൽ തുറന്നു പുറത്തു നോക്കിയ അവളൊന്നു ഞെട്ടി പുറത്തു മുന്നിൽ രാഘവൻ ചേട്ടൻ  നിന്നു  ചിരിക്കുന്നു..

“അല്ല രോഹിണിക്കുട്ടി  ഇതെന്താ സംഭാരം  ചോദിച്ചാൽ ൽ വാതിൽ അടച്ചേ?”

അവൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് ആഞ്ഞു.  പെട്ടന്നയാളുടെ ബലിഷ്ഠമായ കൈകൾ  അവളെകോരി എടുത്തു അകത്തെക്ക്  നടന്നു.

“അയ്യോ അമ്മേ ഓടി വരൂ ”

അവൾ വിളിച്ചു കൂവി

“ഒരാളും  വരില്ല രോഹിണിക്കുട്ട്യേ  കിടന്നു  കൂവണ്ട  വാ രാഘവേട്ടൻ  ഒരൂട്ടം പറയട്ടെ ”

“അയ്യോ എന്നെ  വിടൂ ”  അവൾ  കൈലാലിട്ടടിച്ചു

“നിന്റെമ്മ   സമ്മതിച്ചു  തന്നെയാണ്  വന്നത് ”  അയാളൊരു  വഷളൻ ചിരി ചിരിച്ചു .

അമ്മ  തന്നെ  ഇയാളെ  പറഞ്ഞയച്ചത്  എന്നോ ദൈവമേ തന്റെ  അമ്മ  ഇത്ര വൃത്തികെട്ടവളാണോ? അവളുടെ മനസ്സിൽ  അമ്മയോട്  വെറുപ്പ് കുമിഞ്ഞു കൂടി

അയാളവളെ  എടുത്തു  ബെഡിലേക്കിട്ടു.

പേടിച്ച മാൻപേടയെപോലെ  അവൾ  മൂലയിൽ  ചുരുണ്ടു  കൂടി.

അയാൾ  അവളുടെ  മേലേക്ക്  ചാഞ്ഞു.

പെട്ടന്ന്  ആണ്  അവൾക്ക്  ഓർമ്മ  വന്നത്  തലയണക്കടിയിൽ  ഇയാളെ പേടിച്ചു  വച്ചിരുന്ന  വാക്കത്തിയെ പ്പറ്റി.  അവളത് എടുത്തു ആഞ്ഞൊരു വെട്ട്. അയാളുടെ തോളിൽ തന്നെ. പിന്നെ  അവിടെ  നടന്നത്  ദാരികനെ  കൊന്ന ഒരു  ഭദ്രകാളി താണ്ഡവമായിരുന്നു.  അവളാകെ ചോരയിൽ കുളിച്ചു.

അവസാനം  അവൾ  തളർന്നു  നിലത്തിരുന്നു.  കൂടെ  അവളുടെ  മോഹങ്ങളും സ്വപ്നങ്ങളും.  ശൂന്യമായ മനസ്സോടെ.

“അല്ല ഇതു വരെ എണീറ്റില്ലേ ”

വാർഡന്റെ  ശബ്ദം  വീണ്ടും  ചിന്തകളെ മുറിച്ചു  കൊണ്ടു മുഴങ്ങി.

അവൾ  വേഗം  തന്നെ എഴുന്നേറ്റു പുറത്തേക്ക്  നടന്നു.

“രോഹിണി ഒന്ന്  നിന്നെ ഒരു കാര്യം  പറയാൻ  ഉണ്ട് ”

ജയിൽ വാർഡൻ പിന്നാലെ എത്തി.

“രോഹിണി ഇന്ന്  പത്തു മണിക്ക്  നിന്നെ  വിട്ടയ്ക്കുകയാണ് . മറന്നു പോയോ? സന്തോഷം ആയില്ലേ? ”

വാർഡൻ  രമണി  ഓർഡർ നീട്ടി കാണിച്ചു.

“അനാഥ ആയ ഞാൻ  എങ്ങോട്ട്  പോകാൻ  ആണ്  രമണി സാറെ ?  ”

“എങ്ങനെ ആയാലും ഇവിടെ നിന്ന് പോയല്ലെ പറ്റു ?”

പത്തു മണിക്ക്  അവളുടെ  സാധങ്ങൾ,  ജയിലിൽ ഇതുവരെ  ജോലി  ചെയ്ത പൈസ എല്ലാം തിരിച്ചു  കൊടുക്കുമ്പോൾ  രമണി പറഞ്ഞു.

“നിന്നെ കാത്തൊരു ആൾ പുറത്ത് നിൽക്കുന്നുണ്ട് ”

“ആരാണ് സാറേ?”

“രാജശേഖരൻ  എന്നാണ്  പേര് . ആരാ  ഒന്നും  പറഞ്ഞില്ല. ”

ആരാണ്  രാജശേഖരൻ?  അങ്ങനെ  പേര്  കേട്ടിട്ടില്ലല്ലോ  അവളാ  പേര് എവിടെയെങ്കിലും  കേട്ടിട്ടുണ്ടോയെന്ന്   ഓർത്തെടുക്കാൻ  ശ്രമിച്ചു. ഇനിയിപ്പോ അമ്മ  എന്ന സ്ത്രീ  പുതിയ  ആളെ പറഞ്ഞയച്ചോ?.

വരട്ടെ  എന്നാപ്പിന്നെ  ഇവിടെ  തന്നെ  ജീവിതകാലം  കഴിയാലോ..

പുറത്തു  കടന്നപ്പോൾ  അവളെയും  കാത്ത് നിൽക്കുന്ന  മധ്യവയസ്സുള്ള അയാളെ  അവൾ  കണ്ടു….

“മോളെ”  അയാൾ വിളിച്ചു.

അവളെ  കൊണ്ടു  പോകാൻ വന്ന  രാജശേഖരനെന്ന  ആ  മനുഷ്യൻ  അവളുടെ  അച്ഛനായിരുന്നു. അവളെ  അറിഞ്ഞു വന്ന  അവളൊരിക്കലും കാണാത്ത  അവളുടെ  അച്ഛൻ .

“മോളെ  അച്ഛൻ  എല്ലാം  അറിയാൻ  വൈകിപ്പോയി. അമ്മയുയുടെ  ദുർനടപ്പ് കാരണം  ആയിരുന്നു  അച്ഛൻ  അമ്മയെ വിട്ടു  പോയത്.   ഇപ്പോൾ  വീണ്ടും ഈ നാട്ടിൽ എത്തി അമ്മയെ അന്വേഷിച്ചു വന്നപ്പോൾ  ആണ്  എല്ലാം അറിഞ്ഞത്. മോൾ അച്ഛന്റെ കൂടെ വരണം.  അച്ഛന്റെ മോളായി  വരൂ  പോകാം”.

അവൾ  പതുക്കെ  തലയാട്ടി.  അദ്ദേഹത്തിന്റെ പിന്നാലെ നടന്നു.

 

ഉമാ എസ് നാരായണൻ

ഞാൻ മരിച്ചു എന്ന് ഞാനെങ്ങനെ നിന്നോടു പറയും …

സമയമപ്പോൾ രാവിലെ എട്ടു മണിയായിരുന്നു.മുറ്റത്തിന്റെ അരികു പറ്റി വളരുന്ന മാവിൻ കൊമ്പിലിരുന്ന് കാക്കകൾ പലവട്ടം വിളിച്ചിട്ടും രജീഷ് കണ്ണു തുറന്നില്ല.അടുത്ത മുറിയിൽ പക്ഷാഘാതം വന്ന് തളർന്നു കിടക്കുന്ന അമ്മയും പല ശബ്ദത്താൽ രജീഷിനെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.പത്രം മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് പത്രക്കാരൻ പോയി. സൊസൈറ്റി പാലുമായി പോകുന്ന വണ്ടി ഹോണടിച്ചെങ്കിലും കതകു തുറക്കപ്പെട്ടില്ല. ഫോൺ മാത്രം മായ്ച്ചു കളയാൻ കഴിയാതെ പോയ സന്ദേശങ്ങളുടെ ഭാരമേറ്റു തളർന്നു..

………………………………………………………………………………………………………………………………………………

രജീഷേട്ടാ,ഏട്ടൻ പറയുന്നതെല്ലാം എനിക്കു മനസ്സിലാകും. വീട്ടിൽ ഏട്ടനും തളർന്നു കിടക്കുന്ന അമ്മയും മാത്രമേ ഉള്ളു , ഓട്ടോ റിക്ഷ ഓടിക്കുന്ന ഒരാളുടെ വരുമാനമേയുള്ളു, ഡി പ്രഷനു മരുന്നു കഴിക്കുന്ന ആളാണ് ഏട്ടൻ, പ്രായവും നാല്പതിനു മേലായി ഇതൊക്കെയല്ലേ..എനിക്കും ഞാനും അമ്മയും മാത്രമല്ലേയുള്ളു.അമ്മയെ തനിച്ചാക്കാനുള്ള മടി കൊണ്ടാണ് ഞാനും ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നത്. ഈയിടെ അമ്മയ്ക്കെന്തോ ഭയം.അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ തനിച്ചാ വില്ലേയെന്ന് . വിവാഹത്തേക്കുറിച്ചാലോചിച്ചാൽ എനിക്ക് രജീഷേട്ടനെയല്ലാതെ മറ്റാരേയും ഓർക്കാൻ കഴിയില്ല.

രജീഷ് ആ സന്ദേശത്തിലേക്ക് കുറച്ചു സമയം നോക്കിയിരുന്നു. സായാഹ്നമായിരുന്നു.പട്ടണത്തിൽ തിരക്കേറിയ സമയം. പാർക്കിലേക്കും പാർക്കിൽ നിന്നു തിരിച്ചും ജനം സഞ്ചരിക്കുന്ന സമയം.

രജീഷിന്റെ ഓട്ടോയിലും ഒരാൾ വന്നു മുട്ടി വിളിച്ചു.
“പാർക്ക് ”
ഫോൺ ഓഫാക്കി പോക്കറ്റിലിട്ട് തിരക്കിനിടയിലൂടെ രജീഷ് സാവകാശം ഒട്ടോ ഓടിച്ചു.
“അസ്തമയം കാണാൻ കഴിയില്ല അല്ലേ.കുറച്ചു നേരത്തേ ഇറങ്ങേണ്ടതായിരുന്നു.” രജീഷ് അതിനു മറുപടി പറഞ്ഞില്ല.
” വീട്ടിൽ കാറുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.. ടൗണിലെത്തിയാൽ എവിടെയും പാർക്കു ചെയ്യാനാവില്ല.അവസാനം ബസിനു വരേണ്ടി വന്നു.”
അതിനും രജീഷ് മറുപടി പറഞ്ഞില്ല.

പോക്കറ്റിലെ ഫോൺ അപ്പോഴും രജീഷിനുള്ള സന്ദേശത്തെക്കുറിച്ച് അറിയിപ്പു കൊടുത്തു കൊണ്ടിരുന്നു.കടൽത്തീരത്തിനടുത്തുള്ള മരച്ചുവട്ടിൽ ഓട്ടോ നിർത്തി രജീഷ് തിരിഞ്ഞു നോക്കി. മൗനമായി ഒന്നു തലയിളക്കി രണ്ടു പേരും യാത്ര പറഞ്ഞു.

രജീഷ് ഫോണെടുത്തു നോക്കി.
“എന്തെങ്കിലുമൊന്ന് പറയൂ.” പ്രമീള.
എന്തു പറയണമെന്നറിയില്ല.എങ്കിലും അവളുടെ സന്ദേശം ഒരു സന്തോഷമാണ്. നടക്കാത്ത സ്വപ്നങ്ങൾക്കു പിന്നാലെ നടക്കുകയാണെന്നറിയാമെങ്കിലും ആ നടത്തത്തിന്റെ ക്ഷീണമയാളെ ഉറക്കുന്നുണ്ട്.

“പ്രമീളേ ..എനിക്കാഗ്രഹമുണ്ട്. സാഹചര്യം നിനക്കറിയാമല്ലോ. ”
” ഞാനൊരു ഭാരമാവില്ല രജീഷേട്ടാ.അത്യാവശ്യം തുന്നലൊക്കെ എനിക്കുണ്ട്. ഞാനതു കൊണ്ട് ജീവിച്ചു കൊള്ളാം.:
“അതു മാത്രമല്ലല്ലോ.”
” പ്രായം? നാല്പതു കഴിഞ്ഞതല്ലേയുള്ളു.”
“അതും മാത്രമല്ല.”
“ഡി പ്രഷൻ?മരുന്ന്?”
“മനോരോഗിയെന്ന് മുദ്ര ചാർത്തപ്പെട്ട വനാണു ഞാൻ. ഡോക്ടർ പറയും എനിക്കു തുറന്നു സംസാരിക്കാൻ ഒരാളെയാണു വേണ്ടതെന്ന്.പക്ഷേ അതിനു നിന്റെ ജീവിതം ചോദിക്കാൻ പാടില്ലല്ലോ.ഇതിങ്ങനെ പോകട്ടെ.”

രജീഷന്റെ കണ്ണിലെ വിളക്കണഞ്ഞതു പോലെ ഒരു നിമിഷം തോന്നി.കൈകൾ വിറയ്ക്കുന്നു.ആരോ വന്ന് തട്ടി വിളിച്ചിട്ടു. ഓട്ടം പോകുന്നില്ലെന്നു പറഞ്ഞ് രജീഷ് തല കുമ്പിട്ടിരുന്നു.

ഏറെ നേരം കഴിഞ്ഞപ്പോഴാണ് രജീഷ് അമ്മയെക്കുറിച്ചോർത്തത്.പകൽ അമ്മയെ നോക്കാമെന്ന് ഏറ്റ സ്ത്രീ ഇപ്പോൾ പോയിട്ടുണ്ടാകും.അയാൾ ഓട്ടോ സ്റ്റാർട്ടു ചെയ്തു.പട്ടണമപ്പോഴും തിരക്കിൽ തിളച്ചു കൊണ്ടിരുന്നു.
വൈകിയതിന് അമ്മയ്ക്കു നീരസം തോന്നുമെന്നാണ് രജീഷ് കരുതിയത്.അമ്മയുടെ കണ്ണിൽ പരിഭവമില്ലായിരുന്നു.പതിവില്ലാത്ത വിധം രജീഷിന്റെകൈ പിടിച്ച് അമ്മ രജീഷിനെത്തന്നെ നോക്കിയിരുന്നു.എന്താണെന്ന ചോദ്യത്തിന് ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു മറുപടി.

കുളിച്ച് വസ്ത്രം മാറി രജീഷ് വീണ്ടും ഫോൺകൈയിലെടുത്തു.പ്രമീള അയച്ച ചില സന്ദേശങ്ങളിലൂടെ വീണ്ടും കണ്ണോടിച്ചു.
…… ജീവിതത്തിന്റെ നിറമില്ലാത്ത ഏടുകൾ മറച്ചു മറച്ചു പോകുമ്പോൾ ചിലപ്പോഴെങ്കിലും അതിൽ നിറം കലർത്താൻ നമ്മൾ ആഗ്രഹിക്കാറുണ്ട്.ആദ്യത്തെ പരിചയപ്പെടൽ തൊട്ട് എല്ലാം മറക്കാതെ മനസ്സിൽ കിടക്കുന്നു.ഇതു പോലെ രജീഷേട്ടൻ ജീവിതത്തോട് ഒട്ടി നിൽക്കും എന്നു ഞാൻ അന്നു കരുതിയതേയില്ല. സ്നേഹ വാക്കുകൾ അധികം പറഞ്ഞിട്ടില്ല.എന്നിട്ടും മനസ്സിനെ പൂർണമാക്കാൻ കഴിയുന്ന എന്തൊക്കയോ രജീഷേട്ടനിൽ ഉണ്ടെന്നു എനിക്കു തോനി.രജീഷേട്ടനുമാത്രം നൽകാൻ കഴിയുന്ന സ്നേഹം. സ്നേഹിക്കപ്പെടുന്നത് എങ്ങനെയെന്ന് ഞാനറിഞ്ഞു….

ഹൃദയത്തിൽ തൊട്ടു വിളിക്കും പോലെ രജീഷ് പ്രമീളയ്ക്കു മെസേജയച്ചു
…പ്രമീ…  ആ വിളിക്ക് പ്രമീളയും കാത്തിരിക്കുകയായിരുന്നു.
“ദുരിത ജീവിതത്തിലേക്കാണ് വിളിക്കുന്നതെന്ന് എനിക്കറിയാം. വേദനിക്കുന്ന രണ്ടു മനസുകൾകൈകോർത്ത് ഒരു യാത്ര ജീവിതത്തിന്റെ അവസാനമെന്തെന്ന് അറിഞ്ഞ് ജീവിച്ചവരാരുമില്ലല്ലോ..”
രജീഷ് അയച്ച അവസാന സന്ദേശം അതായിരുന്നു.

വിലാസിനി രാജീവൻ

 

പച്ചവിറക്

കത്താൻ മടിച്ച പച്ച വിറക് അടുപ്പിനുള്ളിലേക്ക് ഒന്നൂടെ തള്ളി വെച്ച്, നിർത്താതെ ആഞ്ഞാഞ്ഞു ഊതിയെങ്കിലും വിറകും തീയും അവളെയും അവളുടെ ഭർത്താവിനെയും പോലെ പരസ്പരം പോരടിച്ചു നിന്നതേ ഉള്ളൂ. ഒടുവിൽ, എന്നത്തേയും പോലെ അവളുടെ കണ്ണുനീരിനാൽ തന്നെ അടുപ്പിലെ തീ കെട്ടു.

“എടിയേ… ജോലിക്ക് പോകാൻ സമയമായി. ചോറ് എന്തിയേ?”

“അമ്മേ… ഞങ്ങൾക്കും സ്കൂളിൽ പോകാൻ സമയമായി. എവിടെ ചോറും പാത്രം?”

ഒരു നെടുവീർപ്പിനാൽ അവൾ ഉത്തരം പറഞ്ഞത് അവരാരും കേട്ടില്ല. അല്ലെങ്കിൽ, കേട്ടതായി ഭാവിച്ചില്ല. പണ്ടേ, അവളുടെ ഒച്ച അടുക്കളയുടെ വെളിയിലേക്ക് ആർക്കും കേൾക്കാറില്ലായിരുന്നല്ലോ.

ഇനിയും വൈകിയാൽ ശരിയാവില്ല എന്ന് തോന്നിയ അവൾ ഒരു കറി കത്തി എടുത്തു തന്റെ ശരീരത്തിൽ നിന്നു ഓരോ കഷ്ണം മാംസം അരിഞ്ഞെടുത്ത് പാത്രത്തിലാക്കി മക്കൾക്കും ഭർത്താവിനും കൊടുത്തു വിട്ടു…

 

സെബിൻഈരേശ്ശേരീൽ

 

പീലാത്തോസിന്റെ പലായനം

 

നരച്ച ആകാശത്തിന് കീഴെ ദിശാബോധം തെറ്റിയ കുറെ കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടാൻ ഒരു ശ്രമം നടത്തുന്നുണ്ട്. എവിടെയോ തിമിർത്തുപെയ്ത് ഭൂമിയെ തണുപ്പിച്ച ശേഷം ഉള്ള യാത്രയിൽ ആവാം അവർ. നേരം സന്ധ്യയോട് അടുക്കുന്നേ ഉള്ളൂ. എങ്കിലും, കാർമേഘങ്ങൾ ആകാശമുറ്റമാകെ ഇരുട്ടിൻ്റെ കമ്പളം പുതപ്പിച്ച് തുടങ്ങി. ഇന്നലെ പെയ്ത തുലാവർഷം കാഴ്ചകൾക്ക് ചെറിയതോതിൽ മങ്ങൽ ഏല്പിച്ചിട്ടുണ്ട്. എങ്കിലും ചിരപരിചിതമായ പല ചിത്രങ്ങൾക്കും കാഴ്ചയുടെ ആവശ്യമില്ലല്ലോ.

മുളവൻകാട് ഭാഗത്തുനിന്നും പീലാത്തോസും മൂന്ന് അനുയായികളും വരുന്നുണ്ട്. പാടവരമ്പിന് അപ്പുറത്തുള്ള ജംഗ്ഷനിൽ ഇരുന്നൂറോളം പദയാത്രികരുമായുള്ള മുദ്രാവാക്യം വിളികളും പ്രസംഗവും കഴിഞ്ഞ് പാടവരമ്പിലൂടെ കവല ലക്ഷ്യമാക്കിയാണ് നടത്തം.

1980കളിൽ കലശലായ കലാലയ പ്രണയത്തിൽ വീടുവിട്ട് ഇറങ്ങിവന്ന നമ്പ്യാർ പെണ്ണിനെ അപ്പനും പട്ടക്കാരും സമുദായവും സമ്മതിക്കുകേല എന്നുപറഞ്ഞ് ഒഴിവാക്കിയ തോമസിന് അന്ന് കിട്ടിയ പേരാണ് പിലാത്തോസ്.

“എന്നാലും എൻ്റെ തോമസേ.. നീയാ നങ്യാർ പെണ്ണിന്റെ കാര്യത്തിൽ പിലാത്തോസിനെ പോലെ കൈ കഴുകിയല്ലോ…”
“ആ പീലാത്തോസിന് പ്രേമിക്കുമ്പോൾ അറിയില്ലായിരുന്നോ പട്ടവും അച്ഛനും ഒന്നും സമ്മതിക്കുകേലെന്ന്…”

അന്നത്തെ ജനരോഷം ഉച്ചകോടിയിൽ എത്തിയത് ആ നങ്ങ്യാർ പെണ്ണ് മുളവൻ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു എന്ന വാർത്തയിൽ ആയിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങിയ തോമസിനെ ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാർ പിലാത്തോസ് എന്ന് തന്നെ വിളിച്ചു.
“തോമസേ ഇന്നലെ എന്താണ് പള്ളി പെരുന്നാൾ മുറ്റത്ത് നടന്നത്..?”
രണ്ടാമൻ ചോദിച്ചു.

പാടവരമ്പിലൂടെ നാലുപേർ ഒന്നിനുപിറകെ ഒന്നായി നടന്ന യാത്രയിൽനിന്നും അവർ ഒരു റോഡിലേക്ക് കയറി. മുന്നേ നടന്ന തോമസ് തല പുറകിലേക്ക് തിരിച്ച് പറഞ്ഞു: “മന:പ്പൂർവ്വം പ്രശ്നം ഉണ്ടാക്കല് തന്നെയായിരുന്നു അവന്റെ ഉദ്ദേശം. അല്ലെങ്കിൽ പുലയന് എന്താ പള്ളിപ്പറമ്പിൽ കാര്യം..?”
“ഈ ജാതിപ്പേര് പറഞ്ഞതിനല്ലേ തോമസേ, അവനുമായി നിൻ്റെ വഴക്ക്…”
മൂന്നാമൻ ചോദിച്ചു.
“പുലയനെ പുലയൻ എന്നല്ലാതെ തമ്പ്രാൻ ന്ന് വിളിക്കാൻ പറ്റ്വോ..? ഇത് നല്ല കാര്യം…” പരിഹാസച്ചിരിയോടെ പിലാത്തോസ് പറഞ്ഞുനിർത്തിയത്.

പിന്താങ്ങിക്കൊണ്ട് മൂവർ സംഘത്തിന്റെ പൊട്ടിച്ചിരി ഉയർന്നു. ഉയർന്ന ചിരി താഴുന്നതിനുമുന്നേ കല്ലേറ് തട്ടിയ കടന്നൽ കൂട്ടം കണക്ക് ആവേശത്താൽ ഒരുപറ്റം ജനത, അവന്റെ കറുത്ത വർഗം ചാടിവീണു.
“ജാതി പറഞ്ഞ് കളിക്കുന്നോടാ കള്ള പിലാത്തോസേ..?”

അവരിൽ ചുണക്കുട്ടി ആയ ഒരുത്തന്റെ മുഷ്ടി കൃത്യം പിലാത്തോസിന്റെ മൂക്കിൻ ഭിത്തിയെ ഒടിച്ചുകളഞ്ഞു. അടിച്ചമർത്തപ്പെട്ട ആത്മബോധം തിളച്ചുപൊങ്ങി. “പള്ളിപ്പറമ്പിലും ഉത്സവ മുറ്റത്തും ജാതിപ്പേര് പറയാൻ നിനക്ക് ആരെടാ അധികാരം തന്നത്..?”

പിതൃക്കൾ ഉള്ള കാലം മുതൽക്കേ ഒതുക്കി വെക്കപ്പെട്ട അവരുടെ പൗരബോധം ഉണർന്നു. സാധാരണ ഉന്തലിലും തള്ളലിലും തുടക്കം കുറിച്ച പോരിന് അവസാനം തീർത്തത് കോരന്റെ മകൻ കണ്ണപ്പനായിരുന്നു.

തുറന്നുപിടിച്ച കണ്ണപ്പന്റെ കഠാരയിൽ ചോര പുരണ്ടിട്ടുണ്ട്. പിലാത്തോസിന്റെ കാലുകളിൽ പിടിമുറുക്കിയ കണ്ണപ്പന്റെ കയ്യുകൾ അയാളെ വലിച്ചിഴച്ച് ദൃഷ്ടിയിൽനിന്നും മാറ്റി.

മകന്റെ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള തടിച്ച ഗൈഡ്, മൂത്തമകൾക്കുള്ള സാനിറ്ററി പാഡ്, രക്തക്കുറവുള്ള അവൾക്ക് കഴിഞ്ഞദിവസം ഡോക്ടർ നിർദ്ദേശിച്ച മാതളങ്ങ, പപ്പായ, ഉറങ്ങാതെ അമ്മൂമ്മയോടൊപ്പം അച്ഛനും അമ്മയ്ക്കുമായി കാത്തിരിക്കുന്ന ഉണ്ണിക്കുട്ടനുള്ള കളിപ്പാട്ടങ്ങൾ എല്ലാം ചുരുക്കി മടിയിൽ വെച്ച് പാറുന്ന സാരി തുമ്പിനെ മറുകയ്യിൽ പിടിച്ച്, തലയിലെ ഹെൽമറ്റിന്റെ ഭാരവും, എതിരെ വീശുന്ന പടിഞ്ഞാറൻ കാറ്റും, കണ്ണിനുമുന്നിൽ ചിലന്തിവല തീർക്കുന്ന ഈയാംപാറ്റയും…

നന്ദൻ മാഷുടെ കൂടെ ബൈക്കിൽ ഉള്ള യാത്ര ബീന ടീച്ചർക്ക് യുദ്ധഭൂമിക്ക് സമാനമാണ്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടു നീങ്ങണമല്ലോ, അതാണല്ലോ ജീവിതം.

യുദ്ധഭൂമിയിലൂടെ അല്ല ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെ പടിഞ്ഞാറൻ കാറ്റിന് അഭിമുഖമായി നന്ദൻ മാഷുടെ ബൈക്ക് മുന്നോട്ടുവന്നു.

പുറകിലുള്ള ബസ് ഹോൺ അടിക്കുന്നുണ്ട്. മത്സര വേഗത്തിൽ അവന് മുന്നേ എത്തണം. തൊട്ടുമുന്നിലെ ഗട്ടർ മറികടന്നാൽ സൈഡ് നൽകാനുള്ള ഉദ്ദേശത്തിൽ നന്ദൻ മാഷും. അനുവാദമില്ലാതെ എതിരെ വന്ന ലോറി മുന്നോട്ട് പാഞ്ഞതും നന്ദൻ മാഷും ബീന ടീച്ചറും ഗട്ടറിൽ വീണതും കണ്ടു.

കണ്ണടച്ച് തുറക്കുന്ന നേരത്തിനിടയിൽ ഇടിച്ച് നിൽക്കുന്ന ബസ്സിനും ലോറിക്കും ഇടയിലായി രക്തംപുരണ്ട മാതളങ്ങയും കളിപ്പാട്ടങ്ങളും ഉരുണ്ടുകിടക്കുന്നു. നിമിഷാർദ്ധത്തിൽ ശരവേഗം ദേഹിയെ ഉപേക്ഷിക്കുന്ന മനുഷ്യദേഹങ്ങൾ… ദുരിതക്കാഴ്ച്ചക്ക് കണ്ണടക്കാൻ ആവാതെ ഞാനും.

കവലയിലേക്ക് രണ്ടുപേർ നടന്നടുക്കുന്നു. വളരെ മാന്യമായ വസ്ത്ര ധാരണം. മുണ്ടും കരയുടെ നിറത്തിലുള്ള അലക്കിത്തേച്ച ഷർട്ടും, ഷർട്ടിന്റെ പോക്കറ്റിൽ പ്രതാപത്തിന്റെ പ്രതീകമായ പാർക്കർ പെന്നും.

മീഡിയകളിൽ എന്നും കാണുന്ന സാമൂഹിക പ്രവർത്തകൻ. കൂടെയുള്ളത് കാഴ്ചകൾ മുറിച്ചും തിരുകി കയറ്റിയും കാണുന്നവന്റെ ഹൃദയങ്ങളിൽ കാരുണ്യത്തിന്റെ ആർദ്രത നിറക്കാൻ സാധിക്കുന്ന മന്ത്രിക വിദ്യ പഠിച്ച മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്ന അദ്ദേഹത്തിൻറെ ക്യാമറാമാൻ. മെഡിക്കൽ കോളേജിൽനിന്നും ഇറങ്ങിവരുന്ന വരവാണ്.

“എടോ, ആ ഉമ്മ കുഞ്ഞിന്റെ വൃക്ക മാറ്റിവയ്ക്കണം, ഭർത്താവ് ഈ ഭാരങ്ങളിൽനിന്നും ഒഴിഞ്ഞുമാറി എവിടെയോ പോയി, സഹായിക്കാൻ ആരുമില്ല, എന്ന് പറയുന്ന ഭാഗത്തൊക്കെ കരയുന്ന അമ്മ മുഖം ഇടയ്ക്കിടയ്ക്ക് ക്ലോസപ് കാണിക്കണം… ആ കൊച്ചിന്റെ കരച്ചിലും പൂട്ടിനിടക്ക് തേങ്ങാപ്പീര പോലെ ഇടയ്ക്കിടയ്ക്ക് ചേർത്തോ. സങ്കടം തോന്നിക്കുന്ന മ്യൂസിക് പുറകിൽ ചേർക്കാൻ മറക്കരുത്. പിന്നെ പ്രധാന കാര്യം എൻ്റെ അക്കൗണ്ട് നമ്പർ പ്രധാന വാർത്തകൾ എന്നതുപോലെ താഴെ കാണിച്ച് കൊണ്ടിരിക്കണം…”

“ആ ഉമ്മയും കൊച്ചും തികച്ചും ഒറ്റപ്പെട്ടവരാണ്. സഹായിക്കാൻ പോയിട്ട് ഒന്ന് കണ്ട് നിൽക്കാൻ പോലും ആരുമില്ല. അവരുടെ തേങ്ങൽ ഉള്ളിൽ എവിടെയൊക്കെയോ മുറിവേൽപ്പിക്കുന്നു ടോ… അവരുടെ കണ്ണീര് വിറ്റ കാശ്, അവരുടെ ചികിത്സാ സഹായ ഫണ്ടിൽനിന്നും ഒരു രൂപ പോലും എടുത്താൽ പാപമാകും…”

ക്യാമറാമാൻ്റെ വികാരവിക്ഷോഭങ്ങൾക്ക് തെല്ലും ഭാവവ്യത്യാസമില്ലാതെ അയാൾ പറഞ്ഞു:

“ഇവറ്റകളെ ഒക്കെ ആര് അറിയാൻ, ആര് സഹായിക്കാൻ… സഹായം അഭ്യർത്ഥിക്കുന്നത് എൻ്റെ പേരിൽ ആവുമ്പോൾ അവരുടെ ചികിത്സയും നടക്കും എന്റെയും നിന്റെയും കുടുംബവും കഴിയും. കൂടുതലൊന്നും ചിന്തിക്കേണ്ട കേട്ടോ…”

കവലയുടെ നാലാമത്തെ ഭാഗത്തെ ക്ഷേത്രത്തിൽ നിന്നാവണം രണ്ട് സ്ത്രീകൾ വരുന്നുണ്ട്. അന്നത്തെ കാഴ്ചകളുടെ വർണ്ണനകളുമായി പാലത്തിനരിക് ചേർന്ന് നടപ്പാതയിലൂടെ നടന്നു. വഴിചോദിക്കാൻ എന്ന ഭാവേന എത്തിയ ബൈക്കുകാരൻ ഒരാളുടെ മാല പരുന്തിന്റെ കൗശലത്തോടെ റാഞ്ചി എടുത്ത് പറന്നു.

“കള്ളൻ… കള്ളൻ…” എന്ന വിളിയിൽ നാട്ടുകാരും പോലീസുകാരും കൂടി. കള്ളനെകണ്ടെത്താനുള്ള തിരച്ചിലിനായി അവർ ഞാൻ കണ്ട കാഴ്ചകളെ ചില ബട്ടണുകൾ അമർത്തി വേഗത്തിലും, പതുക്കെയും, നിർത്തിയും ഒക്കെ കണ്ടു.

വവ്വാലിനെപ്പോലെ തൂങ്ങിക്കിടന്ന് തലതിരിഞ്ഞ് ഞാൻ കണ്ട കാഴ്ചകൾ മതിയാകാതെ അവർ പല വഴിക്ക് പറഞ്ഞു.

മൂന്ന് ദിവസങ്ങൾക്കുശേഷം ദൂരെ ആരോ പറയുന്നത് കേട്ടു.
“പിലാത്തോസിന്റെ ശവം മുളവൻ കുളത്തിൽ പൊങ്ങിയേ…”

പരിധിക്കുള്ളിലെ കാഴ്ചകളിൽ കണ്ണപ്പന്റെ ചോര പുരണ്ട കൈകൾ മാത്രം ചലിച്ചുകൊണ്ടിരുന്നു.

ലതിക അങ്ങേപ്പാട്ട്

സമാന്തരങ്ങൾ

പാർക്ക് വിജനമായിരുന്നു. സായാഹ്നത്തിൻ്റെ വിഷാദം കലർന്ന നീണ്ട നിഴലുകൾ ഇരുട്ടിലേക്ക് ഒഴുകിയെത്തിത്തുടങ്ങി..ബോഗൻ വില്ലയുടെ അരികുപറ്റി സിമൻ്റ് ബെഞ്ചിലിരുന്ന് അയാൾ ഫോണെടുത്ത് കുറച്ചു സമയം ആലോചനയിലാണ്ടു.

‘തൻ്റെ സന്ദേശങ്ങൾക്ക് മറുപടിയില്ലാതായിട്ട് ഒരു മാസമായിരിക്കുന്നു. അവസാനമായി കണ്ടു മുട്ടിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ അയാൾ ഒരു ശ്രമം നടത്തി.

‘അതും ഈ പാർക്കിൽ വെച്ചായിരുന്നു. അന്നു പാർക്ക് ഇതുപോലെ നിശബ്ദമായിരുന്നില്ല. പാർക്കിനെ ചുറ്റിയുള്ള പാതയിലൂടെ കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു ദൂരെയുള്ള ഒരു വൃക്ഷം ചൂണ്ടി ആതിരപറഞ്ഞു: നിറയെ പൂക്കൾ മാത്രം .ഇലകളുണ്ടെന്നു തോന്നുകയേയില്ല. ആകെ പിങ്കു വർണ്ണം. അതിൻ്റെ ചുവട്ടിലും കുങ്കുമം വിതറിയതു പോലെ പൂക്കൾ വീണിട്ടുണ്ട്. പക്ഷേ ദൂരക്കാഴ്ചയിലെ ഭംഗി അടുത്തു ചെന്നാൽ കാണില്ല. ചില ജീവിതങ്ങൾ പോലെ…

“എന്തു പറ്റി?” ഒന്നുമില്ലെന്ന വൾ തലയിളക്കി.

“സുരക്ഷിതമായൊരു ജീവിതം ആരു തന്നാലും അയാളൊടൊപ്പം പോകാൻ ഞാൻ ഒരുക്കമാണ്. പ്രായം.. സൗന്ദര്യം .. മതം ..ഒന്നും എനിക്കു പ്രശ്നമല്ല.സാമ്പത്തികം പോലും പക്ഷേ എന്നെ ആശ്രയിച്ചു ജീവിക്കുന്ന ആളാകരുത്.”

“ആരതി എന്നെ വിട്ടു പോകുന്നത് എനിക്കു ചിന്തിക്കാൻ പോലും കഴിയുന്നില്ല.” അയാൾ അവളെ നോക്കി മന്ദഹസിച്ചു.

തോളറ്റം മുറിച്ചിട്ട മുടി. ഇരുനിറം സൗമ്യമായ വാക്കും ചിരിയും. കൂടാതെ ..എന്താണു പറയേണ്ടതെന്ന് അയാൾക്കറിയില്ല.. ഒരു വിജ്ഞാനിയുടെ പ്രകാശം നിറഞ്ഞ മുഖവും.. അങ്ങനെയാണ് അപ്പോൾ തോന്നിയത്.

“നമുക്ക് ലിവിംഗ് ടുഗതറിനെക്കുറിച്ച് ആലോചിച്ചു കൂടെ?” നിയമാനുസൃതമായൊരു വിവാഹം എളുപ്പമല്ലെന്ന് അയാൾക്കറിയാമായിരുന്നു.

“നോ.. നെവർ. ഉത്തരവാദിത്വ മൊന്നുമില്ലാതെ പെണ്ണുടലിനെ ഉപയോഗപ്പെടുത്താൻ ആണുങ്ങൾ കണ്ടു പിടിച്ചതാണ് അത്. ” ആരതി ദൃഢമായ സ്വരത്തിൽ പറഞ്ഞു.

”ലിവിംഗ് ടുഗതർ ഇഷ്ടപ്പെടുന്ന പെണ്ണുങ്ങളുമുണ്ടല്ലോ ”
“അതൊരു പക്ഷേ ആണധികാരത്തിൽ നിന്നു മാറി നിൽക്കാനാകും. ആണധികാരം അതിരുലംഘിക്കാതെ നോക്കാൻ എനിക്കറിയാം.”

“രണ്ടു പേരും ഏറെ നേരം നിശബ്ദരായിരുന്നു. അയാൾക്കൊരു ഭാര്യയുണ്ടെന്നും വലിയ കുഴപ്പമില്ലാത്ത ഒരു വിവാഹ ജീവിതമാണ് അയാളുടേതെന്നും ആരതിയ്ക്കറിയാം .ജീവിതത്തിൻ്റെ ഏതു വളവിൽ വെച്ചാണ് അവർ ഒരു പ്രണയച്ചുഴിയിൽ പെട്ടതെന്ന് അറിയില്ല. കാലുകൾ നിലത്തുറപ്പിക്കാൻ രണ്ടു പേരും ശ്രമിച്ചതാണ്. പക്ഷേ ഉണർന്നിരിക്കുന്ന നിമിഷങ്ങളിലെല്ലാം ഹൃദയതാളം പോലെ പ്രണയം പിടഞ്ഞു കൊണ്ടിരുന്നു.

ഫോണെടുത്ത് ആതിരയെ ഒരിക്കൽക്കൂടി വിളിച്ചു നോക്കിയാലോ എന്നാലോചിക്കുമ്പോഴാണ് മറ്റൊരു നമ്പർ കണ്ണിൽ പെട്ടത്.പണം കൊടുത്താൽ ആരെ വേണമെങ്കിലും കൊന്നു തരുന്നൊരു ക്വട്ടേഷൻ സംഘത്തിൻ്റേതായിരുന്നു ആ നമ്പർ.

മന്ത്‌ലി കോൺഫറൻസുകഴിഞ്ഞ് ഈർഷ്യയും നൈരാശ്യവും ഉള്ളിലൊതുക്കി ഉച്ചവെയിലിൽ നടക്കുമ്പോൾ സഹപ്രവർത്തകൻ പറയുകയായിരുന്നു .. അവർക്കു വേണ്ടത് ബിസിനസ്സിൽ മുന്നേറ്റവും ലാഭവും. നമ്മുടെ ജീവിതം അവർ വിലക്കെടുക്കുകയാണ്. ഇങ്ങനെയുള്ളവരെ ചിലപ്പോൾ കൊന്നു കളയാൻ പോലും തോന്നിയിട്ടുണ്ട്. എൻ്റെ കൈയിൽ അങ്ങനെയൊരു നമ്പറുണ്ട്.

പറഞ്ഞത് തമാശയായിട്ടാണെങ്കിലും ആവശ്യം വരുമെന്നു പറഞ്ഞ് മഹേശ് ആ നമ്പർ തൻ്റെ ഫോണിൽ സേവു ചെയ്തു വെക്കുകയായിരുന്നു. ആ വ ശ്യം വന്നിട്ടില്ല: വരികയുമില്ലെന്ന് അയാൾക്ക് ഉറപ്പാണ്. എന്നിട്ടും അറിയാതെ ആ നമ്പറിൽ വിരലമർത്തി.

മറുഭാഗത്തു നിന്നൊരു കിളിനാദമുയർന്നു. “കോൻ ഹേ ?”

“ഞാൻ….” മഹേശൊന്നു പതറി.

“രണ്ടു ദിവസം കഴിഞ്ഞു വിളിക്കൂ.” ഫോൺ കട്ടായി .

എന്താണു ചെയ്തതെന്ന് ഓർത്ത് ഒരു നിമിഷം അയാൾ വിറങ്ങലിച്ചിരുന്നു.ഒരു ശത്രു വിനെ നോക്കുന്നതു പോലെ ഫോണിൽ വെറുപ്പോടെ നോക്കി ആ നമ്പർ മായ്ച്ചുകളഞ്ഞു.

ആ സംഭവത്തിനു ശേഷം ആരതി അയാളുടെ മനസിലെ പിടി അയച്ചു തുടങ്ങി. വേണമെന്നു കരുതിയാലും ഓർമ്മകൾ അധികനേരം മനസിൽ തങ്ങിനിൽക്കാതെയായി. അപ്പോഴാണ് ആ ഫോൺ കോൾ വീണ്ടും വന്നത്. വിളിക്കുന്നത് ആരാണെന്ന അയാളുടെ ചോദ്യത്തിനു മറുപടി ഇങ്ങനെയായിരുന്നു ..

“നിങ്ങളുടെ പേര് മഹേശ് കുമാർ. അടുപ്പമുള്ളവർ മഹിഎന്നു വിളിക്കും.നിങ്ങൾ ക്രിസ്റ്റൽ ക്ലിയർ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. റാംനഗറിൽ പത്താം നമ്പർ സ്ട്രീറ്റിൽ, കോവിലിനു സമീപം ലോട്ടസ് അപ്പാർട്ടുമെൻ്റിൽ താമസിക്കുന്നു. ഭാര്യ മാലതി. ഈ അടുത്ത കാലത്ത് ആരതിയെന്നൊരു സ്ത്രീയുമായി അടുപ്പത്തിലാണ്‌. അവർക്കു വേണ്ടി നിങ്ങൾ ഭാര്യയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചാർജ് അഞ്ചു ലക്ഷമാണ്. മൂന്നു മാസമാണ് കൃത്യനിർവ്വഹണത്തിന് ഞങ്ങളാവശ്യപ്പെട്ടുന്ന സമയം. ഒ.കെ. ഫോൺ കട്ടായി .

തിരിച്ചുവിളിക്കാനും എനിക്കു നിങ്ങളുടെ സേവനം ആവശ്യമില്ലെന്നും അറിയിക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വെറുതെയായി. ഓരോ വിളിയും അങ്ങനെയൊരു നമ്പർ നിലവിലില്ലെന്നു അയാളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. മനുഷ്യ ജീവിതത്തിനു മീതെ മനുഷ്യാതീതമായൊരു ശക്തിയുടെ ഇടപെടൽ. അങ്ങനെയാണ് അയാൾക്കു തോന്നിയത്..

ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന അവസരത്തിലാണ് മഹേശിനെ അന്വേഷിച്ച് ഒരാൾ അവിടെ വന്നത്. മഹേശിനെ ഒന്നു നോക്കി ഒന്നും പറയാതെ അയാൾ പോവുകയും ചെയ്തു. അയാൾ പോയ ഉടനെ പ കുതി ദിവസത്തെ അവധിയെടുത്ത് മഹേശ് തൻ്റെ അപ്പാർട്ടുമെൻ്റിലേക്കു കുതിച്ചു. അവിടെ ബാൽക്കണിയിൽ അയാളുണ്ടായിരുന്നു. ഏതാനും യൂക്കാലിപ്റ്റ്സ് കുപ്പികൾ നിരത്തി വെച്ച് അയാൾ ഭാര്യയുമായി വിലപേശുകയാണ് ..

അന്നു രാത്രി ഭക്ഷണം കഴിഞ്ഞ് ഒരു മിച്ചൊരു ബെഡ്ഡിൽ കിടക്കുമ്പോൾ ഏറെ കാലത്തിനു ശേഷം അയാൾ ഭാര്യയ്ക്കഭിമുഖമായി കിടന്നു.മനസിനെ ഞെരിക്കുന്ന വേദനയെ അയാൾ ചുംബനങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ ഉറക്കത്തിനു തൊട്ടു മുമ്പായി അയാൾ പറഞ്ഞു.

“നാളെ രാവിലെ മാലതിനാട്ടിലേക്കു പോകുന്നു.”

“ഇത്ര പെട്ടെന്ന് ?”

“നീ ഇവിടെ സുരക്ഷിതയല്ലെന്നൊരു തോന്നൽ.”.

രാവിലെ കലാശിപ്പാളയത്തിൽ നിന്നും വടകരയ്ക്കുള്ള ബസിൽ അയാൾ അവളെ യാത്രയാക്കി. അയാൾ പറഞ്ഞു കൊണ്ടിരുന്നു…. ഭക്ഷണം കഴിക്കാൻ നിർത്തുമ്പോൾ കൂടെയിറങ്ങി ഭക്ഷണം കഴിക്കണം. അടുത്തിരിക്കുന്ന സ്ത്രീ തലശ്ശേരിക്കാണ്‌. പേടിക്കാനൊന്നുമില്ല. ആറു മണിക്കൂമുമ്പ് ബസ് ഇരിട്ടിയിലെത്തും.. അവൾ എല്ലാറ്റിനും തല കുലുക്കി സമ്മതമറിയിച്ചു. മഹേശ് ബസിൽ നിന്നിറങ്ങിയപ്പോൾ എത്ര ശ്രമിച്ചിട്ടും കണ്ണുകൾക്ക് പിന്തുടരാതിരിക്കാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ടു നീങ്ങിയപ്പോൾ തൻ്റെ കൈത്തണ്ടയിൽ മുഖം ചേർത്ത് മാലതിക ണ്ണടച്ചു കിടന്നു.പറയാൻ ബാക്കി വെച്ച രണ്ടു മൂന്നു വാക്കുകൾ ശിരസ്സറ്റതു പോലെ മനസിൽ പിന്നെയും പിന്നെയും പിടഞ്ഞു കൊണ്ടിരുന്നു. താൻ എത്ര മാത്രം സ്നേഹിച്ചു .. എത്ര മാത്രം വിശ്വസിച്ചു. എന്നിട്ടും ..തനിക്കൊന്നുമറിയില്ലെന്നാണ് മഹേശ് കരുതിയിരിക്കുന്നത്.ആ മുഖത്ത് വിരിയുന്ന അകാരണമായ ചിരിയുടേയും സന്തോഷത്തിൻ്റെയും കാരണം പോലും ഉള്ള കൊണ്ടറിയുന്നവളാണു താൻ ..

സിനിമയുടെ ആരവങ്ങളുമായി ബസ് മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.ചുരത്തിലെവിടെയോ റോഡു ബ്ലോക്കായി. അക്ഷമയോടെ യാത്രക്കാരെല്ലാം പൂറത്തിറങ്ങിയിട്ടും മാലതി തൻ്റെ സീറ്റിൽ തന്നെയിരുന്നു. അവൾക്ക് അക്ഷമയില്ലായിരുന്നു. തിരക്കും. വനത്തിലെ ഇരുട്ട് റോഡിലേക്കു പടരുന്നത് വെറുതെ നോക്കിയിരുന്നു.

ഇരിട്ടിയിലെത്തി ഒരു മിൽമാ ബൂത്തിനരികിലായി ബസ്‌ നിർത്തി. വെളിച്ചത്തിൻ്റെ ചെറിയ തുരുത്തുകളെ ഒഴിവാക്കി അന്ധകാരം നിറഞ്ഞൊഴുകി. ഭാരമുള്ള ബാഗ് കഷ്ടപ്പെട്ടാണ് മാലതി സ്റ്റെപ്പു വരെ വലിച്ചിറക്കിയത്. സ്റ്റെപ്പിലെത്തിയപ്പോൾ പിന്നിൽ നിന്നാരോ ബാഗെടുക്കാൻ സഹായിക്കുന്നത് മാലതിയറിഞ്ഞു. തിരിഞ്ഞു നോക്കിയില്ല. യൂക്കാലിയുടെ മണം അവളെ പൊതിഞ്ഞു. വളക്കൊന്ന യു ടെ ഇരുട്ടിൽ ഒതുക്കിയിട്ട ഓട്ടോയിലേക്ക് അവളെ നയിച്ചുകൊണ്ട് അയാൾ പറഞ്ഞു: ദീദിക്കു പോകേണ്ടത് എങ്ങോട്ടെന്ന് എനിക്കറിയില്ല; എനിക്കെൻ്റെ വഴിയേ അറിയൂ..

വിലാസിനി രാജീവൻ

കതാർസിസ്

 കത്തിയെരിയുന്ന ഒരു നഗരത്തിന്റെ അരികിലായിരുന്നു ഞാൻ. അല്ല, ഒരു കെട്ടിടത്തിനു മുകളിൽ. ആ കെട്ടിടം ആരുടേയോ വീടാണ്. ഞാൻ നിൽക്കുന്നത് ഒരു ബാൽക്കണിയിലാണ്. ഈ നഗരം എന്നന്നേക്കുമായി ഇല്ലാതാകുവാൻ പോകുകയാണ്.  ഒരു അറ്റത്തു നിന്നും കത്തിയെരിഞ്ഞു തുടങ്ങിയ നഗരത്തിന്റെ പുകപടലങ്ങൾ എന്നെ വീണ്ടും ഫെർണാണ്ടസിന്റെ സിഗരറ്റിനെ ഓർമ്മിപ്പിച്ചു. എന്നെ തഴഞ്ഞ് മറ്റൊരു സ്ത്രീയുടെ  നാവിൽ അയാളുടെ നാവ് കടത്തി അശ്ലീലമെന്ന് തോന്നിപ്പിച്ച ചേഷ്ടകളോടെ അയാൾ, അവളെ  ചുംബിക്കുമ്പോഴും അയാളുടെ കൈയിൽ നിന്നും താഴെ വീണ സിഗരറ്റ് , ഇതുപോലെയാണ് കത്തിയെരിഞ്ഞു കൊണ്ടിരുന്നത് . ഇത്ര വേഗത്തിൽ, ഇത്ര ആർത്തിയോടെ. എന്റെ പ്രണയത്തിന്റെ ശവസംസ്കാരമെന്നത് പോലെ.


ഓഹ്, അന്ന് ആദ്യമായി ഞാൻ നഗ്നയായി തെരുവിലൂടെ നടന്നു. ഒരു ലൈംഗികബന്ധത്തിന്റെ അവശേഷിക്കുന്ന അടയാളം മാത്രമാണ് ഞാനെന്ന് ആരെയൊക്കെയോ വിശ്വസിപ്പിച്ചു കൊണ്ടു തലയുയർത്തി നടന്നു. എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട്, ആരും എനിക്ക് വിലപേശിയില്ല. എന്റെ നഗ്നതയെ ചൂഴ്ന്നു നോക്കിയില്ല, എന്നെ കെട്ടിപ്പിടിച്ചില്ല, ചുംബിച്ചുമില്ല.   പിന്നെ അവർക്ക് എന്തായിരിക്കും തോന്നിയിട്ടുണ്ടാകുക..?  എന്ത് വേണമെങ്കിലും തോന്നട്ടെ. എനിക്കെന്താണ്..? എന്തായാലും എനിക്ക് ഭ്രാന്തില്ല. അപ്പോൾ ഇതെന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്..

" ഹാ, എന്റെ സ്വാതന്ത്ര്യപ്രഖ്യാപനം.!"

ആ നഗരത്തിൽ എനിക്ക് പരിചിതർ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ എനിക്കത് നന്നായെന്ന് തോന്നി. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അവരോട് എന്റെ നഗ്നതയുടെ കാരണം വെളിപ്പെടുത്തേണ്ടി വരുമായിരുന്നു. തിരികേ എന്റെ ഫ്ലാറ്റിൽ കടന്നതിനു ശേഷവും ഞാൻ നഗ്നതയിൽ തന്നെ തുടർന്നു. തുടകൾക്കിടയിൽ വളർന്ന ആരണ്യകത്തിലൊരു പൂവ് ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. തേൻ ഇല്ലാത്ത വെറുമൊരു കാട്ടുപൂവ്. എനിക്ക് അതിനോട് വെറുപ്പ് തോന്നിയതിനാൽ ഞാൻ എന്റെ രോമക്കുപ്പായം എടുത്തു അണിഞ്ഞു.

ഈ വീടും ഒരു വലിയ അശ്ലീലതയാണ്‌. അയാളുടെ ചുംബനത്തിനൊപ്പം ഉണ്ടായിരുന്ന ചേഷ്ടകൾ പോലുള്ള കനത്ത അശ്ലീലത. പ്രണയം ഇല്ലാത്ത, തോന്നിപ്പിക്കാത്ത നഗരങ്ങൾ അശ്ലീലതയുടേത് മാത്രമാണ്.  ദുഃസ്വപ്‌നങ്ങൾ മാത്രം അത്തരം വീടുകൾ സമ്മാനിക്കും. അതിലൊന്നായിരുന്നു. കത്തിയമർന്നു കൊണ്ടിരുന്ന ഈ നഗരം.  എന്നിട്ടും മുറിച്ചു മാറ്റപ്പെട്ടിട്ടും പച്ചയവസാനിക്കാത്ത വൃക്ഷമായി ഞാൻ ഇവിടെ തിരികേ വരില്ലെന്ന് ഉറപ്പുള്ള ആത്മഹത്യ ചെയ്ത  പൂക്കളുടെ ആത്മാക്കളെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.

 " മാലിനീ "

അസംതൃപ്തിയോടെ ഞാൻ മുഖമുയർത്തി നോക്കി. അച്ഛനെ പരിചരിക്കുന്ന ഹോംനേഴ്സാണ്.  അവരുടെ കറുത്തു മെല്ലിച്ച കഴുത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ബ്ലേഡിന്റെ  വരകൾ നിറഞ്ഞ ചിത്രങ്ങൾ. ഇല്ല എനിക്ക് തോന്നിയതാണ്.

" അച്ഛൻ, മാലിനിയെ അന്വേഷിക്കുന്നുണ്ട്. "

എഴുതുന്നതിനിടയിൽ ആരും കടന്നുവരുന്നത് പോലും ഇഷ്ടമില്ലാതിരുന്ന എന്നെ, എപ്പോൾ വേണമെങ്കിലും എഴുത്തുമേശ ഉപേക്ഷിച്ചു പോകുവാൻ പ്രേരിപ്പിച്ചത് അച്ഛന്റെ രോഗമാണ്.  തുടങ്ങി വെച്ച കഥയെ അവിടെ തന്നെ ഞാൻ ഉപേക്ഷിച്ചു. വര്ഷങ്ങളായി എനിക്കത് ശീലമാണ്. തുടങ്ങുക, ഉപേക്ഷിക്കുക, വീണ്ടും പൂർത്തിയാക്കാതെ മറ്റൊന്ന് തുടങ്ങുക. അച്ഛൻ, അന്വേഷിച്ചത് ഒരു ചായയിട്ട് കൊടുക്കുവാനായിരുന്നു.  അച്ഛന്റെ ചുണ്ടിന്റെ വശങ്ങളിലായി ഒരു ചെറിയ വിള്ളൽ ഉണ്ടായിരുന്നു. അതിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ പൊട്ടിയർന്ന ഏതോ കനാലിന്റെ വഴികളെ ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, അച്ഛന്റെ ആവശ്യങ്ങളുടെ ശബ്ദത്തിന് വേണ്ടുവോളം ഘനം ഉണ്ടായിരുന്നു.

ചായ  തിളപ്പിക്കുവാനുള്ള പാത്രം കഴുകി എടുക്കുമ്പോൾ അപ്രതീക്ഷിതമായി സിങ്കിൽ വന്നു വീണൊരു പല്ലിയെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വഴുവഴുപ്പിലൂടെ രക്ഷപ്പെടലിന്റെ ഒരറ്റം കിട്ടുവാൻ അത് ഉഴറുന്നത് കണ്ടു. ഞാൻ ആ പല്ലിയെ രക്ഷപ്പെടുത്തിയില്ല. രക്ഷപ്പെടുന്നത് കാണുവാൻ നിന്നതുമില്ല. എന്റെയുള്ളിൽ എഴുതിക്കൊണ്ടിരുന്ന കഥയുടെ വൈറസ് പെരുകിക്കൊണ്ടിരുന്നു.  എനിക്ക് വായനക്കാർ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ ഈ കഥകൾ അവർക്ക് വേണ്ടി പൂർത്തിയാക്കുമായിരുന്നു. നിർഭാഗ്യവശാലോ, ഭാഗ്യവശാലോ, എനിക്ക് വായനക്കാർ ഉണ്ടായിരുന്നില്ല. " സിമോണ " അതായിരുന്നു എന്റെ കഥയിലെ ആ സ്ത്രീയുടെ പേര്.  സിമോണയുടെ ആത്മഹത്യാ തയ്യാറെടുപ്പുകൾ എന്റെ മനസ്സിൽ ഈ ചായ പോലെ തിളച്ചു പൊന്തുന്നുണ്ടായിരുന്നു.  ചായ തിളച്ചു പൊന്തുന്നത് തിരമാലകൾ കടലിലേക്ക് പിൻവാങ്ങുന്നത് പോലെയാണ്. അടുത്ത നിമിഷം അത് തണുപ്പിക്കണം. സ്വപ്നം കണ്ടു നിന്ന്, എത്രയോ ചായസുനാമികൾ എന്റെ അടുക്കള നേരിട്ടിരിക്കുന്നു.

അതുവരേയും , സ്വന്തമാണെന്ന് കരുതിയ വിത്തുകൾ പൊട്ടിച്ചിതറി, തന്നെ വിട്ടു പറന്നു പോകുന്നത് നോക്കി നിൽക്കേണ്ടി വന്ന അപ്പൂപ്പൻതാടി മരത്തെപ്പോലെ ഞാൻ ഈ നഗരത്തിന്റെ ഏകാന്തമായ രാത്രികളേയും പകലുകളേയും നേരിടുന്നു. ഫെർണാണ്ടസിന്റെ സിഗരറ്റ് എരിഞ്ഞു കൊണ്ടേയിരിക്കുകയാണ്.

എന്റെ കഥകൾ എനിക്ക് പരിചയം ഇല്ലാത്ത നഗരത്തിന്റേയും ഞാൻ സൃഷ്ടിക്കുന്ന മനുഷ്യരുടേതുമാണെന്ന് എപ്പോഴും അടിയുറച്ചു വിശ്വസിച്ചു. ആയതിനാൽ കാണുന്ന സ്വപ്‌നങ്ങൾ മറക്കാത്തത് പോലെ, എഴുതിവെയ്ക്കാറുള്ളത് പോലെ ചായ കുടിക്കുമ്പോഴും തുണികൾ നനച്ചിടുമ്പോഴും, മീൻ മുറിക്കുമ്പോഴും അവരെനിക്ക് ഒപ്പം തന്നെ നിന്നു. ഇത് എന്റെ നാലാമത്തെ ചായയാണ്‌. ഇന്നത്തെ എന്റെ മധ്യാഹ്നവെയിലിന് ഉഷ്ണം കുറവായിരുന്നു.

അപരാഹ്നത്തിൽ, മൂന്ന് മണികൾക്കും നാലു മണികൾക്കും ഇടയിൽ ഒരു സമയമുണ്ട്. അതേ  സമയത്തിലാണ് പൂവുകൾ ആത്മഹത്യ ചെയ്യുന്നതെന്ന് ഞാൻ കണ്ടുപിടിച്ചിരുന്നു.  ജീവിതം മടുത്തുവെന്ന് പ്രഖ്യാപിക്കുന്ന, ചില മനുഷ്യരുടെ സ്വാതന്ത്ര്യമാണ് ആത്മഹത്യ. അങ്ങനെ തന്നെ ആത്മഹത്യ ചെയ്യുന്ന പൂവുകളും ഉണ്ട്. എന്നിരുന്നാലും സമാധാനത്തിന്റെ വേരുകൾ, ആത്മഹത്യ ചെയ്യുവാൻ വിതുമ്പുന്ന പൂക്കളുടെ മഞ്ഞകളിലാണ്. അവിടെ നിന്നുമൊരു വിത്ത് ശേഖരിക്കുക, നാളെയുടെ സമാധാനത്തെ പുനഃസ്ഥാപിക്കുക.

ഫെർണാണ്ടസിന്റെ കൈയ്യിൽ നിന്നും വീണ് എരിഞ്ഞടങ്ങിയ സിഗരറ്റ്.

സിങ്കിൽ വീണുപോയ പല്ലി.

കാമുകനാൽ ഉപേക്ഷിക്കപ്പെട്ട സിമോണ.

മൂന്നുമണികൾക്കും നാലു മണികൾക്കും ഇടയിൽ വീഴുന്ന പൂവുകൾ.

ഹാ, വൈവിധ്യമാർന്ന ആത്മഹത്യയുടെ തലങ്ങൾ.!  ഓറഞ്ച് നിറമുള്ള ഒരു ദലത്തിന്റെ ആത്മഹത്യാശ്രമം കൂടി ഇന്നേ ദിവസം തീരുന്നതിനു മുൻപ് ഞാൻ കണ്ടു.

എന്റെ പച്ചക്കറിത്തോട്ടം തഴച്ചു വളരുന്നുണ്ടായിരുന്നു. ഞാൻ തന്നെ അവയെ പരിചരിച്ചു.   അവയ്ക്ക് വെള്ളം ഒഴിക്കുമ്പോൾ മുലയൂട്ടുന്ന അമ്മയുടെ ചാരിതാർഥ്യം ഞാൻ അനുഭവിച്ചു പോന്നിരുന്നു. കിണറിൽ നിന്നും വെള്ളം കൊണ്ടുവന്നു ഒഴിക്കുന്നതിനിടയിൽ വെണ്ടകൾക്കിടയിൽ ഒരു ചേരയെ കണ്ടു.  വിഷമുള്ള പാമ്പുകളേക്കാൾ അസാധാരണമായ ചേരയുടെ നീളം എപ്പോഴുമെന്നെ ഭയപ്പെടുത്തി. ഒരു നിമിഷം കൊണ്ടു അതെന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കി എന്നെ കൊലപ്പെടുത്തുന്നതായി നിന്ന നിൽപ്പിൽ ഞാൻ സ്വപ്നം കണ്ടു.  എന്നിട്ടും അത് ഇഴഞ്ഞു നീങ്ങിപ്പോകുന്നത് നോക്കി ഞാൻ അവിടെ നിന്നു. അതിന്റെ ശരീരത്തിലെ മഞ്ഞവഴുവഴുപ്പൻ ചാന്ത്  എനിക്ക് ഇഷ്ടമായിരുന്നു.

രണ്ടാമത്തെ കുടം വെള്ളമെടുക്കുവാൻ പോകുമ്പോഴാണ്, ഓറഞ്ച് നിറമുള്ള ഇലയുടെ ആത്മഹത്യാശ്രമം ഞാൻ കണ്ടത്.  കിണറിനു ചുറ്റും വലമൂടിയിരുന്നതിനാൽ, അത് മാറ്റുവാൻ ഒരാൾ വരുന്നത് വരെ ഇല കാത്തുകിടന്നു. എത്ര വിദഗ്ധമായിട്ടാണ് അതെന്റെ നീളൻ വിരലുകളിലൂടെ തൊട്ടിക്കുള്ളിൽ കയറിപ്പറ്റിയത്.  കണ്ണുകാണാത്ത അഥവാ കണ്ണുപോലും കാണാത്ത ഏതോ കുഞ്ഞൻഉറുമ്പിനെപ്പോലെ എന്റെ കണ്ണുവെട്ടിച്ചുകൊണ്ട് അത് തൊട്ടിയിൽത്തട്ടി കിണറ്റിലേക്ക് ചാടി. മൂന്നുതവണയും ഞാൻ അതിനെ കരയിലേക്ക് വലിച്ചുകയറ്റുവാൻ ശ്രമങ്ങൾ നടത്തി. മൂന്നാമത്തെ പ്രാവശ്യം എന്നെ പച്ചയ്ക്ക് പ്രാകിക്കൊണ്ട് അത് തൊട്ടിയിൽ കയറി. മണ്ണിലേക്ക് എടുത്തിട്ട് ഞാൻ അതിനെ പരിശോധിച്ചു. എവിടെയാണ് കൃത്രിമശ്വാസം നൽകുക,? എവിടെ അമർത്തിയാലാണ് കുടിച്ച വെള്ളം പുറത്തേക്ക് ചാടുക, കൈയ്യിൽ എടുത്ത് വീണ്ടും പരിശോധിച്ചു. അതിന്റെ ഞരമ്പുകൾ നനഞ്ഞിരുന്നു എന്നുള്ളതല്ലാതെ മറ്റൊരു കുഴപ്പവും പ്രത്യക്ഷത്തിലില്ല. ആത്മഹത്യ ചെയ്യുവാൻ തക്കവണ്ണം നിനക്ക് എന്തുണ്ടായിയെന്ന് ഞാൻ ചോദിച്ചു. രക്ഷിച്ചതിനു നന്ദി പറയാതെ അതെന്നെ വീണ്ടും തെറി വിളിച്ചു.

" മനുഷ്യരുടെ ആത്മഹത്യാ സിദ്ധാന്തം മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂവെന്ന് കരുതി, ഞങ്ങൾക്കും അതിന് അവകാശമുണ്ട്. ഞങ്ങൾക്കും നിരാശകളും, ആശയറ്റുപോയ പ്രതീക്ഷകളും ഉണ്ട്. ഇനി എല്ലാവരും എന്റെ ആത്മഹത്യാ ശ്രമം അറിയും. കാരണം തിരക്കും. ഉപദ്രവിക്കും. കഥകൾ മെനയും. നീ എന്തിനാണ് എന്നെ രക്ഷിച്ചത്? നിന്നോടാരാണ് സഹായം അഭ്യർത്ഥിച്ചത്.. ഇനി ഉണങ്ങി ഉണങ്ങി പൊടിഞ്ഞു തീരണം. "

നെടുവീർപ്പുകൾക്ക് ഒടുവിൽ ഇല പറഞ്ഞു നിർത്തി. ഞാൻ ഒരിക്കൽ കൂടി ആലോചിച്ചു. ആത്മഹത്യാസിദ്ധാന്തം എഴുതാം. ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്ന, വൈവിധ്യ   ദ( ത) ലങ്ങൾ എന്നുള്ള തലക്കെട്ട് കൊടുക്കാം. ഞാൻ ഇലയുടെ ആത്മഹത്യാശ്രമത്തിനോട് നന്ദി പറഞ്ഞു. വീണ്ടും എഴുതാൻ ഇരുന്നു.

" പത്മാ "

ഞാൻ സിമോണയേയും മാലിനിയേയും കുറിച്ച് എഴുതിക്കൊണ്ടിരുന്നതിൽ നിന്നും  മുഖമുയർത്തി നോക്കി. ഓഹ്, ഡേവിഡാണ്. അയാളുടെ കൈ ഞരമ്പു കളിൽ നിന്നും അപ്പോഴും രക്തം കിനിയുന്നുണ്ടായിരുന്നു. അയാൾ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്. ഞാൻ അയാളെ നോക്കിയിരിക്കേ അപ്പുറത്തെ മതിൽക്കെട്ടിനുള്ളിൽ ഒരു ആംബുലൻസ് വന്നു നിന്നിരുന്നു. കൂടിയിരുന്നവർ ആത്മഹത്യ ചെയ്തവന്റെ കാരണത്തിന്റെ കഥകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

സിമോണ, അന്ന് പുലർച്ചെ താൻ കണ്ട സ്വപ്നത്തെ ഇങ്ങനെ കുറിച്ചു വെച്ചു..



"കത്തിയെരിയുന്ന സിഗരറ്റ് ഒരു ഇലക്ട്രിക് കമ്പിയായി പരിണമിച്ചു. അത് പൊട്ടി വീണ് കിടന്നിരുന്നു. തൊട്ടരികിൽ എന്റെ ജഡവും. ഇതാ ഇപ്പോഴും എന്റെ കൈവെള്ളയിൽ ആത്മഹത്യയുടെ തണുപ്പാണ്. ശവത്തിന്റെ തണുപ്പ്."




ഹരിത. ആർ.

ചിലന്തി

പുലരിമഞ്ഞിൽ, താൻ നെയ്ത വലയിൽ ആദ്യ പ്രകാശമേൽക്കുമ്പോഴുള്ള ചാരുതയിൽ ഒരു നിമിഷം സ്വയം മറന്നിരിക്കുകയായിരുന്നു പെൺചിലന്തി. ഇര പിടിക്കാൻ താനൊരുക്കിയ കെണിയാണിതെന്ന് ഓർക്കാതിരിക്കാൻ അവൾ ശ്രമിച്ചു. ഇതിനെ പിന്നിലെ അധ്വാനവും തൻ്റെ കലാവിരുതും മാത്രമിപ്പോൾ ഓർക്കുക. അല്ലെങ്കിലും ഈ ക്ഷണിക ജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ വേണ്ടിവരും, അനുഭവങ്ങളുടെ കാര്യത്തിലായാലും ഓർമ്മകളുടെ കാര്യത്തിലായാലും. ഓർക്കാൻ ഇഷ്ടമല്ലാത്തവയെ അതിൻ്റെ പാട്ടിനു വിട്ടേക്കുക എന്നല്ലാതെ എന്തു ചെയ്യാൻ!

അപ്പോഴാണ് ഒരു ആൺ ചിലന്തി നൂലിഴ പൊട്ടി അവളുടെ അടുത്തേക്ക് ആടിയുലഞ്ഞ് എത്തിയത്. ഇര എന്നു തെറ്റിദ്ധരിച്ച് അവൾ ഓടി അടുക്കുക പോലും ചെയ്തു. ആദ്യം മനസ്സിൽ പിറന്നത് കുറച്ച് ശകാരവാക്കുകളാണ്. പിന്നീട് സ്വയം നിയന്ത്രിച്ചു. വാക്കുകൾ കൊണ്ട് മറ്റൊരാളെ വേദനിപ്പിക്കുന്നതിലുള്ള ആനന്ദം ഇനി വേണ്ട എന്നവൾ മുമ്പേ തീരുമാനിച്ചതാണ്‌. അതു കൊണ്ട് അവൾ കാരുണ്യ പൂർവ്വം ചോദിച്ചു: വലകെട്ടാൻ ഇതുവരെ പഠിച്ചില്ല അല്ലേ?

” ചാട്ടം പിഴച്ചു. എങ്കിലും ആ പിഴച്ച ചാട്ടത്തിൽ ഞാനിപ്പോൾ ദു:ഖിക്കുന്നില്ല. നിൻ്റെ അടുത്തെത്താൻ ഒരു വഴിപിഴക്കൽ ആവശ്യമായി വന്നു.”

പെൺചിലന്തി ഒരു നിമിഷം മൗനത്തിൽ ആണ്ടു പോയി. അപ്പോൾ അവളുടെ മുഖം ധ്യാനനിരതയായ ബുദ്ധ സന്യാസിനിയെ ഓർമ്മിപ്പിച്ചു.കാമനകളെ തടഞ്ഞ് ക്ഷണിക സുഖങ്ങളുടെ വലയിൽ പെടാതെ മോക്ഷമാർഗ്ഗത്തിലൂടെ അടി വെച്ചു നീങ്ങുന്ന ഒരു ബുദ്ധ സന്യാസിനി.

” എൻ്റെ അരികിൽ വരരുത്. ഞാൻ നിന്നെ വേദനിപ്പിക്കും.”

“വേദനയ്ക്കൊരു സുഖമുണ്ട്. അത് നിന്നിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും.”

” നീ ദുരന്തം ചോദിച്ചു വാങ്ങുകയാണ്.”

” ആൺ ചിലന്തി എന്ന നിലയിൽ ഞാനെൻ്റെ ജന്മനിയോഗം സ്വീകരിക്കുന്നു.”

“എന്നിൽക്കൂടി ?”

“മറ്റാരേക്കാളും നീയാകുന്നതാണിഷ്ടം.”

പെൺചിലന്തി ആലോചനയിലാണ്ടു. എത്ര തന്നെ മാറി നിന്നാലും കാമനകൾ തന്നെ ബന്ധിക്കും എന്നാണോ കരുതേണ്ടത് ..

“രതിയോടൊപ്പം മരണത്തെ ചേർത്തുവെച്ച മറ്റൊരാളെ നിനക്ക് ഓർക്കാൻ കഴിയുന്നുണ്ടോ?” പെൺചിലന്തി വലയിളക്കിക്കൊണ്ടു ചോദിച്ചു. ചോദ്യത്തിനും ഉത്തരത്തിനുമിടയിൽ ഒരു ചെറുപ്രാണി അവളെ കബളിപ്പിച്ചു പോവുകയും ചെയ്തു.

” ഞാൻ ഓർമ്മകളെ ചുമക്കാറില്ല. ഭൂതകാലത്തേയും.നമ്മൾ ചിലന്തികൾ ഈ നിമിഷം ജീവിക്കുന്നവരാണ് ”

പെൺചിലന്തി പറഞ്ഞു: “എട്ടാം ക്ളാസിലെ ചരിത്ര പാഠത്തിൽ ആരേയും മോഹിപ്പിക്കുന്ന ഒരു സുന്ദരിയെക്കുറിച്ച് പഠിച്ചിരുന്നു. ഈ ജിപ്ത് ഭരിച്ചിരുന്ന ടോളമി ഏഴാമൻ്റെ പുത്രി പന്ത്രണ്ടാമത്തെ ക്ലിയോപാട്ര. ഭോഗ സാമ്രാജ്ഞി എന്നു വിശേഷിപ്പിക്കപ്പെട്ടവൾ. വ്യഭിചരിച്ചാൽ പോലും പുരോഹിതർ ആശിർവദിച്ചു പോകുന്ന ചാരുത. ഷേക്സ്പിയറാണ് അങ്ങനെ വിശേഷിപ്പിച്ചത്. അവൾ വെളുത്ത പൂക്കളിൽ വിഷം പുരട്ടി തലയിലണിഞ്ഞാണ് കാമുകന്മാരെ സ്വീകരിച്ചിരുന്നത്‌. രതിയുടെ ആലസ്യത്തിൽ മയങ്ങുന്നവരെ തൻ്റെ നീല കേശത്താൽ ചുറ്റി വീർപ്പുമുട്ടിച്ചു കൊല്ലുമായിരുന്നു അവൾ. രതി അവളിൽ ജ്വലിച്ചതു പോലെ ക്രൂരതയും ജ്വലിച്ചു നിന്നു. വിഷ വീര്യം അളക്കാൻ അടിമകളായ ആഫ്രിക്കൻ യുവതികൾക്ക് അവൾ വിഷം കൊടുത്തിരുന്നു. അവരുടെ പിടച്ചിലിൽ അവൾ രതിമൂർഛ അനുഭവിച്ചു. രതി തന്നെ വിഷമാണല്ലേ?”

“സ്നേഹമില്ലാത്ത രതിയേ വിഷമാകുന്നുള്ളു. ഇന്നു രാത്രി പ്രണയത്തിൻ്റേതാണ്. പുലർച്ചെ ആദ്യ രശ്മി നിൻ്റെ വലയിൽ പതിക്കുന്നതിനു മുമ്പേ രതി പൂർത്തിയാക്കുക. എൻ്റെ ജീവചൈതന്യമത്രയും നിന്നിലേക്കൊഴുക്കുവാൻ എന്നെ അനുവദിക്കുക. എൻ്റെ നൂറു പുത്രന്മാർക്കു ജന്മം നൽകി എൻ്റേയും നിൻ്റെയും ജന്മനിയോഗങ്ങൾ പൂർത്തിയാക്കുക. നാളെ നീയും നിൻ്റെ വലയും ഞാനും എൻ്റെ സ്വപ്നങ്ങളും ഇവിടെയുണ്ടാകണമെന്നില്ല.”

എട്ടുകാലുകൾ എട്ടു കൈകളായി മാറിയ രാത്രി ..
രതി യുടെ ആനന്ദോത്സവം നിറഞ്ഞാടിയ രാത്രി ..

വെയിൽ വീണു തുടങ്ങിയപ്പോൾ പൊള്ളയായ ഒരു ഉടൽ കാറ്റിൽ ഇളകിയാടിക്കൊണ്ടിരുന്നു.

 

വിലാസിനി രാജീവൻ

ദയയില്ലാത്ത ഞണ്ട്

ഈ മുറിയിലെ തണുപ്പ് പുതപ്പിനുള്ളിലൂടെ അരിച്ചരിച്ച്, എന്റെ എല്ലുകളിൽ കയറി താമസമാക്കുന്നത് പോലെ തോന്നി. കിടക്കയുടെ വലതുവശത്തെ ചെറിയ ടീപ്പോയിൽ ഇരിക്കുന്ന, ടൈം പീസിൽ നോക്കാതെ തന്നെ എനിക്കിപ്പോൾ സമയമെത്രയായിയെന്ന് അറിയാം. കൃത്യമായ സമയമല്ല. ഏകദേശം ഒരു ഊഹം. ഏതാണ്ട്, മൂന്ന് മണിയോളം ആയിട്ടുണ്ടാകും. ഞാൻ, പ്രതീക്ഷിച്ചത് പോലെ തന്നെ, അഞ്ചോ പത്തോ മിനിറ്റുകൾക്ക് ശേഷം, എന്റെ മൊബൈലിൽ അമ്മയുടെ നമ്പർ തെളിഞ്ഞു.

” നീ, ടെൻഷൻ ഒന്നും ആവണ്ട. അവള് പോയി. ”

ഞാൻ, മറുപടി ഒന്നും പറയാതെ ഫോൺ വെച്ചു. എനിക്കെന്ത് ടെൻഷൻ? ഞാൻ ഈ ഫോൺ വിളി പ്രതീക്ഷിക്കുകയായിരുന്നു. ഇത് വന്നില്ലായിരുന്നുവെങ്കിൽ ഈ ദിവസത്തെ കുറിച്ചുള്ള എല്ലാ പ്ലാനിങ് ഉം തെറ്റിപ്പോകുമായിരുന്നു. എന്റെ അടുത്ത് കിടന്നുറങ്ങുന്ന പ്രദീപിനെ നോക്കി. അയാൾ ഉറങ്ങട്ടെ. ഇപ്പോൾ പറയണ്ട. പറഞ്ഞാലും,

” ആണോ?” എന്ന് തീരെ ഞെട്ടൽ ഇല്ലാതെ ചോദിച്ചേക്കും. രണ്ട് നിമിഷങ്ങൾ കൂടി അയാളെ നോക്കി. കലണ്ടറിൽ ഇന്നത്തെ ദിവസം വട്ടം വരച്ച് ഇട്ടിരുന്നു. ഈ മരണം അത്ര ആകസ്മികമൊന്നുമല്ല. എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്റെ കല്യാണമോതിരം ഊരി വെച്ചുകൊണ്ട് ഞാൻ ഷവറിന് കീഴിലായി നിന്നു.

” അവര്, പെണ്ണുകാണാൻ വരും അല്ലേ? നീ ഭാഗ്യവതിയാണ്. സ്നേഹിച്ച ആളേ തന്നെ വിവാഹം ചെയ്യുവാൻ കഴിഞ്ഞല്ലോ. ങ്ഹാ “.

രണ്ടുവർഷങ്ങൾക്ക് മുൻപ് അവൾ ഉതിർത്ത ആ നെടുവീർപ്പിന്റെ ശബ്ദം, എന്റെ കാതുകളെ വരിഞ്ഞുമുറുക്കി.

” അയാള് ഇല്ലേ? ഒരൂസം എനിക്കൊരു മെസ്സേജ് അയച്ചിരുന്നു. എന്നെ മറന്നിട്ടില്ലയെന്നും, എന്നെ ഓർക്കുന്നുണ്ടെന്നും, സുഖമായിരിക്കുന്നുവെന്ന് കരുതുന്നുവെന്നും പറഞ്ഞു. മൂന്നേ മൂന്ന് വാചകം. ”

എനിക്കൊട്ടും ദുഃഖം തോന്നിയില്ല. ചേച്ചിയ്ക്ക് അതുകൊണ്ട്, നല്ലൊരു ഭർത്താവിനെ കിട്ടിയല്ലോ. പിന്നെ, വീട്ടുകാരുമായുള്ള വഴക്ക്. അതിപ്പോൾ ഭർത്താവ് വിചാരിച്ചാൽ മാറാവുന്നതേ ഉള്ളൂ. അതല്ലെങ്കിലും, വിനോദേട്ടനും ലക്ഷ്മി ചേച്ചിക്കും, ചേച്ചിയുടെ വീട്ടിൽ നിൽക്കാമല്ലോ. പുള്ളിക്കാരി ഒറ്റ മകളല്ലേ?

പുറത്ത്, ചെറിയൊരു ചാറ്റൽ ഉണ്ട്. ടർപ്പായ നന്നായി വലിച്ചു കെട്ടിയിട്ടില്ലെന്നു തോന്നുന്നു. ഇന്നത്തെ ദിവസം എനിക്ക് ഓർമ്മയുണ്ട്. ഇന്ന് നക്ഷത്രം ചിത്തിരയാണ്‌. എന്റെ അമ്മ പോലും അത് ഓർമ്മിക്കാത്തതിൽ എനിക്ക് അരിശം തോന്നി. കരഞ്ഞുകലങ്ങി, ഒരു പുഴ അടുത്തുകൂടെ ഒഴുകുന്നുണ്ട്. മുറ്റത്തെ ഏക വെള്ളച്ചാമ്പയിൽ നിറയെ ചാമ്പങ്ങ ഉണ്ട്.

” എനിക്ക് ഒറ്റയ്ക്ക് കളിക്കാൻ ആണ് ഇഷ്ടം. നീ നിന്റെ വീട്ടിൽ പോ ”

ലക്ഷ്മി ചേച്ചി, എനിക്കൊരു ഉന്തു തന്നതും ഞാൻ വീണതും, പിന്നെ അമ്മാവൻ ചാമ്പങ്ങ പൊട്ടിച്ചു തന്നു കരച്ചിൽ മാറ്റിയതുമെല്ലാം ഓർത്തു. അന്നും എന്റെ പിറന്നാൾ ആയിരുന്നു. എന്റെ പത്താം പിറന്നാളിനും, ഇരുപത്തിരണ്ടാം പിറന്നാളിനും എന്നെ കൃത്യമായി കരയിച്ചവൾ കിടക്കുന്നത് കണ്ടില്ലേ?

” ദെണ്ണം ആയിരുന്നൂലോ, കൊറേ സ്ഥലത്ത് ഒക്കെ കൊണ്ടോയി, ഒരു കൊച്ചുപോലും ഇല്ലാത്തതാ കഷ്ടം. പാവം, ഒരു ചെറുപ്പക്കാരന്റെ ജീവിതം പോയി. ”

” ഗർഭം ണ്ടായിരുന്നൂലോ, ന്നട്ടോ? ”

” എട്ടാം മാസം ആയപ്പോൾ ഓപ്പറേഷൻ ചെയ്തു കളഞ്ഞില്ലേ? മൂന്നാമത്തെ ആയിരുന്നു. അപ്പൊ ആണത്രേ രോഗം അറിഞ്ഞേ ”

എന്റെ കണ്ണു വീണ്ടും അവളുടെ കൈകളെ പരതി. അതിൽ മീൻ വരയുന്നത് പോലെ കൃത്യമായി അഞ്ച് വരകൾ ഉണ്ടായിരുന്നു. ആ വയനാടുകാരനെ കല്യാണം കഴിച്ചേ പറ്റൂന്നു പറഞ്ഞു പ്രശ്നം ഉണ്ടാക്കിയ അവൾ വലിയ ധൈര്യക്കാരി ആയിരുന്നു. പതിനെട്ടിന്റെ ധൈര്യം, ഇരുപത്തിയെട്ടിൽ ഉണ്ടാകണമെന്ന് നിർബന്ധം ഇല്ലെന്ന് അവളെന്നോട് ചിരിക്കുന്നത് പോലെ തോന്നി. എന്റെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞുവന്നു. അവളുടെ മൂക്കിന്മേൽ എന്താണ് ഒരു പ്ലാസ്റ്റിക്ക് കെട്ട്? ഞാൻ സൂക്ഷിച്ചു നോക്കി, കടുത്ത മഞ്ഞ നിറത്തിൽ പഴുപ്പ് അടിഞ്ഞിരിക്കുന്നതാണ്. അവൾ സുന്ദരിയായിരുന്നു. അതോർത്തപ്പോൾ മാത്രം എന്റെ കണ്ണുകൾ നനഞ്ഞു.

” നീ, ഇത് കണ്ടോ? ടി ടി സി യ്ക്കും ണ്ട്, ഇങ്ങനെ കുറെ നൂലാമാലകൾ. ഇതു കണ്ടോ, ഇത് മീനിന്റെ ചെതുമ്പൽ കൊണ്ട് ഉള്ളതാണ്.”

അവസാനം കാണുമ്പോൾ എന്നോട് പറഞ്ഞതാണ്. എനിക്ക് ആവശ്യം ഇല്ലെങ്കിൽ കൂടിയും ഞാൻ വെറുതേ അന്നതിന്റെ ഫോട്ടോസ് എടുത്തു വെച്ചു. ആ ഫോട്ടോസ് ഒന്നു കൂടി നോക്കുവാൻ മനസ്സ് പറഞ്ഞു. അമ്മായി ഒഴികെ മറ്റാരും ആർത്തലച്ചു കരയുന്നൊന്നും ഇല്ല. കിടന്നു നരകിക്കുന്നതിലും നല്ലതല്ലേ എന്നൊരു ധ്വനി എല്ലാവരുടെയും കണ്ണിലും മുഖത്തും ഉണ്ടായിരുന്നു.

” നീ, വെഷമിക്കണ്ട ലക്ഷ്‌മി, ഇതൊക്കെ മാറും. എത്രയോ പേര് ഇപ്പോഴും മാറി സുഖായി ജീവിക്കുന്നു. മ്മടെ അജയൻ ചേട്ടന്റെ ഓപ്പോൾടെ കാര്യം എടുത്തൂടെ? മൊല മുറിക്കെന്ടിം വന്നു. ന്നാലും ജീവനോടെ ണ്ടല്ലോ. ”

” ഹേയ്, ഞാൻ രക്ഷപെടൽ ഒന്നും ണ്ടാവില്ല അമ്മായി. ഈ ജന്മം ഇങ്ങനെ വേദന തിന്നു തീരും. ”

അമ്മയുടെ അടക്കിപ്പറച്ചിലുകളിൽ ഇതൊക്കെ എനിക്കും കേൾക്കാം. ചിത കൂട്ടുന്നത്, ഞാൻ വെറുതേ നോക്കി. എന്റെ ദഹനം ആണവിടെ സംഭവിക്കുന്നതെന്നോർത്തു. ഉള്ളിൽ ഒരു ഭയം. എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

” ഇനി, ആരേലും ണ്ടോ? എള്ളും പൂവും ഇടാൻ. ”

ആരോ വിളിച്ചു ചോദിച്ചു. ഞാൻ എള്ളും പൂവുമിട്ടു, വലംവെച്ചു. കൈകൂപ്പി, ഒന്നും പ്രാർത്ഥിച്ചില്ല. അയാൾ, അറിഞ്ഞോയെന്ന്, ആ മുഖം വീണ്ടും തിരക്കുന്നത് പോലെ തോന്നി.

” എടി കുക്കൂ, നമുക്ക്, അടുത്ത തവണ നീ വരുമ്പോ, ചേലാമറ്റത്ത് പോണം. ന്തോ, രമേശമ്മാമനെ സ്വപ്നം കാണുന്നു. ”

അച്ഛനെ ഞാൻ കണ്ടിട്ട്, ഒത്തിരിയായി. അച്ഛനോട് പറയുവാൻ ഭയപ്പെട്ടിരുന്നതൊക്കെ, ലക്ഷ്മി ചേച്ചിയോട് പറഞ്ഞു വിടാമായിരുന്നു. അതെങ്ങനെ? അന്നു ഫോട്ടോ എടുത്തു പോന്നതിൽ പിന്നെ ഞാൻ ആളേ കണ്ടിട്ടേ ഇല്ല.

” ദീപ്തി, വാ നമുക്ക് ഇറങ്ങാം. എനിക്ക് തിരക്കുണ്ട്. ”

പ്രദീപ് വന്നു വിളിച്ചു. അമ്മായിയുടെ കൈയിൽ വെറുതേ മുറുക്കെ പിടിച്ചു. പോകുന്നു, എന്നൊന്നും പറയാൻ തോന്നിയില്ല. പ്രദീപ് ഫോണിൽ തന്നെ ആയിരുന്നു. കനപ്പെട്ടു നിന്ന ആകാശം ഇനി വയ്യെന്ന് പറഞ്ഞു, ഉറക്കെ കരഞ്ഞു തുടങ്ങി. എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി.
ഞാൻ പ്രദീപിനെ നോക്കി. അയാൾ, അന്നു വൈകുന്നേരം, കമ്പനി നടത്തുവാനിരിക്കുന്ന പാർട്ടിയെ കുറിച്ച് ഫോണിൽ സംസാരിക്കുകയായിരുന്നു.

” നിന്റെ, ഭാഗ്യം. ഇഷ്ടപ്പെട്ട ആൾക്കൊപ്പം കഴിയാൻ പറ്റിയില്ലേ? ”

ലക്ഷ്മിചേച്ചി, എനിക്ക് പുറകിൽ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഈ മഴ അവസാനിക്കരുതേയെന്ന് മാത്രം ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവളുടെ ദേഹം ഇപ്പോൾ ചാരമായിക്കാണും. ഞാൻ ഓർത്തുകൊണ്ടിരുന്നു. എനിക്ക് അപ്പോഴാണ് മറ്റൊന്ന് ഓർമ്മ വന്നത്. ആ ചിത യുടെ തൊട്ടരികിൽ ഒരു ഞണ്ട് ഉണ്ടായിരുന്നു. ചൂട് ഭയമില്ലാത്ത, ആരേയും ഞെരുക്കി കൊല്ലുവാൻ പാകത്തിന് കരുത്തുള്ള ഒരു കറുത്ത ഞണ്ട്.

ഹരിത. ആർ.