ദയയില്ലാത്ത ഞണ്ട്

ഈ മുറിയിലെ തണുപ്പ് പുതപ്പിനുള്ളിലൂടെ അരിച്ചരിച്ച്, എന്റെ എല്ലുകളിൽ കയറി താമസമാക്കുന്നത് പോലെ തോന്നി. കിടക്കയുടെ വലതുവശത്തെ ചെറിയ ടീപ്പോയിൽ ഇരിക്കുന്ന, ടൈം പീസിൽ നോക്കാതെ തന്നെ എനിക്കിപ്പോൾ സമയമെത്രയായിയെന്ന് അറിയാം. കൃത്യമായ സമയമല്ല. ഏകദേശം ഒരു ഊഹം. ഏതാണ്ട്, മൂന്ന് മണിയോളം ആയിട്ടുണ്ടാകും. ഞാൻ, പ്രതീക്ഷിച്ചത് പോലെ തന്നെ, അഞ്ചോ പത്തോ മിനിറ്റുകൾക്ക് ശേഷം, എന്റെ മൊബൈലിൽ അമ്മയുടെ നമ്പർ തെളിഞ്ഞു.

” നീ, ടെൻഷൻ ഒന്നും ആവണ്ട. അവള് പോയി. ”

ഞാൻ, മറുപടി ഒന്നും പറയാതെ ഫോൺ വെച്ചു. എനിക്കെന്ത് ടെൻഷൻ? ഞാൻ ഈ ഫോൺ വിളി പ്രതീക്ഷിക്കുകയായിരുന്നു. ഇത് വന്നില്ലായിരുന്നുവെങ്കിൽ ഈ ദിവസത്തെ കുറിച്ചുള്ള എല്ലാ പ്ലാനിങ് ഉം തെറ്റിപ്പോകുമായിരുന്നു. എന്റെ അടുത്ത് കിടന്നുറങ്ങുന്ന പ്രദീപിനെ നോക്കി. അയാൾ ഉറങ്ങട്ടെ. ഇപ്പോൾ പറയണ്ട. പറഞ്ഞാലും,

” ആണോ?” എന്ന് തീരെ ഞെട്ടൽ ഇല്ലാതെ ചോദിച്ചേക്കും. രണ്ട് നിമിഷങ്ങൾ കൂടി അയാളെ നോക്കി. കലണ്ടറിൽ ഇന്നത്തെ ദിവസം വട്ടം വരച്ച് ഇട്ടിരുന്നു. ഈ മരണം അത്ര ആകസ്മികമൊന്നുമല്ല. എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്റെ കല്യാണമോതിരം ഊരി വെച്ചുകൊണ്ട് ഞാൻ ഷവറിന് കീഴിലായി നിന്നു.

” അവര്, പെണ്ണുകാണാൻ വരും അല്ലേ? നീ ഭാഗ്യവതിയാണ്. സ്നേഹിച്ച ആളേ തന്നെ വിവാഹം ചെയ്യുവാൻ കഴിഞ്ഞല്ലോ. ങ്ഹാ “.

രണ്ടുവർഷങ്ങൾക്ക് മുൻപ് അവൾ ഉതിർത്ത ആ നെടുവീർപ്പിന്റെ ശബ്ദം, എന്റെ കാതുകളെ വരിഞ്ഞുമുറുക്കി.

” അയാള് ഇല്ലേ? ഒരൂസം എനിക്കൊരു മെസ്സേജ് അയച്ചിരുന്നു. എന്നെ മറന്നിട്ടില്ലയെന്നും, എന്നെ ഓർക്കുന്നുണ്ടെന്നും, സുഖമായിരിക്കുന്നുവെന്ന് കരുതുന്നുവെന്നും പറഞ്ഞു. മൂന്നേ മൂന്ന് വാചകം. ”

എനിക്കൊട്ടും ദുഃഖം തോന്നിയില്ല. ചേച്ചിയ്ക്ക് അതുകൊണ്ട്, നല്ലൊരു ഭർത്താവിനെ കിട്ടിയല്ലോ. പിന്നെ, വീട്ടുകാരുമായുള്ള വഴക്ക്. അതിപ്പോൾ ഭർത്താവ് വിചാരിച്ചാൽ മാറാവുന്നതേ ഉള്ളൂ. അതല്ലെങ്കിലും, വിനോദേട്ടനും ലക്ഷ്മി ചേച്ചിക്കും, ചേച്ചിയുടെ വീട്ടിൽ നിൽക്കാമല്ലോ. പുള്ളിക്കാരി ഒറ്റ മകളല്ലേ?

പുറത്ത്, ചെറിയൊരു ചാറ്റൽ ഉണ്ട്. ടർപ്പായ നന്നായി വലിച്ചു കെട്ടിയിട്ടില്ലെന്നു തോന്നുന്നു. ഇന്നത്തെ ദിവസം എനിക്ക് ഓർമ്മയുണ്ട്. ഇന്ന് നക്ഷത്രം ചിത്തിരയാണ്‌. എന്റെ അമ്മ പോലും അത് ഓർമ്മിക്കാത്തതിൽ എനിക്ക് അരിശം തോന്നി. കരഞ്ഞുകലങ്ങി, ഒരു പുഴ അടുത്തുകൂടെ ഒഴുകുന്നുണ്ട്. മുറ്റത്തെ ഏക വെള്ളച്ചാമ്പയിൽ നിറയെ ചാമ്പങ്ങ ഉണ്ട്.

” എനിക്ക് ഒറ്റയ്ക്ക് കളിക്കാൻ ആണ് ഇഷ്ടം. നീ നിന്റെ വീട്ടിൽ പോ ”

ലക്ഷ്മി ചേച്ചി, എനിക്കൊരു ഉന്തു തന്നതും ഞാൻ വീണതും, പിന്നെ അമ്മാവൻ ചാമ്പങ്ങ പൊട്ടിച്ചു തന്നു കരച്ചിൽ മാറ്റിയതുമെല്ലാം ഓർത്തു. അന്നും എന്റെ പിറന്നാൾ ആയിരുന്നു. എന്റെ പത്താം പിറന്നാളിനും, ഇരുപത്തിരണ്ടാം പിറന്നാളിനും എന്നെ കൃത്യമായി കരയിച്ചവൾ കിടക്കുന്നത് കണ്ടില്ലേ?

” ദെണ്ണം ആയിരുന്നൂലോ, കൊറേ സ്ഥലത്ത് ഒക്കെ കൊണ്ടോയി, ഒരു കൊച്ചുപോലും ഇല്ലാത്തതാ കഷ്ടം. പാവം, ഒരു ചെറുപ്പക്കാരന്റെ ജീവിതം പോയി. ”

” ഗർഭം ണ്ടായിരുന്നൂലോ, ന്നട്ടോ? ”

” എട്ടാം മാസം ആയപ്പോൾ ഓപ്പറേഷൻ ചെയ്തു കളഞ്ഞില്ലേ? മൂന്നാമത്തെ ആയിരുന്നു. അപ്പൊ ആണത്രേ രോഗം അറിഞ്ഞേ ”

എന്റെ കണ്ണു വീണ്ടും അവളുടെ കൈകളെ പരതി. അതിൽ മീൻ വരയുന്നത് പോലെ കൃത്യമായി അഞ്ച് വരകൾ ഉണ്ടായിരുന്നു. ആ വയനാടുകാരനെ കല്യാണം കഴിച്ചേ പറ്റൂന്നു പറഞ്ഞു പ്രശ്നം ഉണ്ടാക്കിയ അവൾ വലിയ ധൈര്യക്കാരി ആയിരുന്നു. പതിനെട്ടിന്റെ ധൈര്യം, ഇരുപത്തിയെട്ടിൽ ഉണ്ടാകണമെന്ന് നിർബന്ധം ഇല്ലെന്ന് അവളെന്നോട് ചിരിക്കുന്നത് പോലെ തോന്നി. എന്റെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞുവന്നു. അവളുടെ മൂക്കിന്മേൽ എന്താണ് ഒരു പ്ലാസ്റ്റിക്ക് കെട്ട്? ഞാൻ സൂക്ഷിച്ചു നോക്കി, കടുത്ത മഞ്ഞ നിറത്തിൽ പഴുപ്പ് അടിഞ്ഞിരിക്കുന്നതാണ്. അവൾ സുന്ദരിയായിരുന്നു. അതോർത്തപ്പോൾ മാത്രം എന്റെ കണ്ണുകൾ നനഞ്ഞു.

” നീ, ഇത് കണ്ടോ? ടി ടി സി യ്ക്കും ണ്ട്, ഇങ്ങനെ കുറെ നൂലാമാലകൾ. ഇതു കണ്ടോ, ഇത് മീനിന്റെ ചെതുമ്പൽ കൊണ്ട് ഉള്ളതാണ്.”

അവസാനം കാണുമ്പോൾ എന്നോട് പറഞ്ഞതാണ്. എനിക്ക് ആവശ്യം ഇല്ലെങ്കിൽ കൂടിയും ഞാൻ വെറുതേ അന്നതിന്റെ ഫോട്ടോസ് എടുത്തു വെച്ചു. ആ ഫോട്ടോസ് ഒന്നു കൂടി നോക്കുവാൻ മനസ്സ് പറഞ്ഞു. അമ്മായി ഒഴികെ മറ്റാരും ആർത്തലച്ചു കരയുന്നൊന്നും ഇല്ല. കിടന്നു നരകിക്കുന്നതിലും നല്ലതല്ലേ എന്നൊരു ധ്വനി എല്ലാവരുടെയും കണ്ണിലും മുഖത്തും ഉണ്ടായിരുന്നു.

” നീ, വെഷമിക്കണ്ട ലക്ഷ്‌മി, ഇതൊക്കെ മാറും. എത്രയോ പേര് ഇപ്പോഴും മാറി സുഖായി ജീവിക്കുന്നു. മ്മടെ അജയൻ ചേട്ടന്റെ ഓപ്പോൾടെ കാര്യം എടുത്തൂടെ? മൊല മുറിക്കെന്ടിം വന്നു. ന്നാലും ജീവനോടെ ണ്ടല്ലോ. ”

” ഹേയ്, ഞാൻ രക്ഷപെടൽ ഒന്നും ണ്ടാവില്ല അമ്മായി. ഈ ജന്മം ഇങ്ങനെ വേദന തിന്നു തീരും. ”

അമ്മയുടെ അടക്കിപ്പറച്ചിലുകളിൽ ഇതൊക്കെ എനിക്കും കേൾക്കാം. ചിത കൂട്ടുന്നത്, ഞാൻ വെറുതേ നോക്കി. എന്റെ ദഹനം ആണവിടെ സംഭവിക്കുന്നതെന്നോർത്തു. ഉള്ളിൽ ഒരു ഭയം. എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

” ഇനി, ആരേലും ണ്ടോ? എള്ളും പൂവും ഇടാൻ. ”

ആരോ വിളിച്ചു ചോദിച്ചു. ഞാൻ എള്ളും പൂവുമിട്ടു, വലംവെച്ചു. കൈകൂപ്പി, ഒന്നും പ്രാർത്ഥിച്ചില്ല. അയാൾ, അറിഞ്ഞോയെന്ന്, ആ മുഖം വീണ്ടും തിരക്കുന്നത് പോലെ തോന്നി.

” എടി കുക്കൂ, നമുക്ക്, അടുത്ത തവണ നീ വരുമ്പോ, ചേലാമറ്റത്ത് പോണം. ന്തോ, രമേശമ്മാമനെ സ്വപ്നം കാണുന്നു. ”

അച്ഛനെ ഞാൻ കണ്ടിട്ട്, ഒത്തിരിയായി. അച്ഛനോട് പറയുവാൻ ഭയപ്പെട്ടിരുന്നതൊക്കെ, ലക്ഷ്മി ചേച്ചിയോട് പറഞ്ഞു വിടാമായിരുന്നു. അതെങ്ങനെ? അന്നു ഫോട്ടോ എടുത്തു പോന്നതിൽ പിന്നെ ഞാൻ ആളേ കണ്ടിട്ടേ ഇല്ല.

” ദീപ്തി, വാ നമുക്ക് ഇറങ്ങാം. എനിക്ക് തിരക്കുണ്ട്. ”

പ്രദീപ് വന്നു വിളിച്ചു. അമ്മായിയുടെ കൈയിൽ വെറുതേ മുറുക്കെ പിടിച്ചു. പോകുന്നു, എന്നൊന്നും പറയാൻ തോന്നിയില്ല. പ്രദീപ് ഫോണിൽ തന്നെ ആയിരുന്നു. കനപ്പെട്ടു നിന്ന ആകാശം ഇനി വയ്യെന്ന് പറഞ്ഞു, ഉറക്കെ കരഞ്ഞു തുടങ്ങി. എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി.
ഞാൻ പ്രദീപിനെ നോക്കി. അയാൾ, അന്നു വൈകുന്നേരം, കമ്പനി നടത്തുവാനിരിക്കുന്ന പാർട്ടിയെ കുറിച്ച് ഫോണിൽ സംസാരിക്കുകയായിരുന്നു.

” നിന്റെ, ഭാഗ്യം. ഇഷ്ടപ്പെട്ട ആൾക്കൊപ്പം കഴിയാൻ പറ്റിയില്ലേ? ”

ലക്ഷ്മിചേച്ചി, എനിക്ക് പുറകിൽ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഈ മഴ അവസാനിക്കരുതേയെന്ന് മാത്രം ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവളുടെ ദേഹം ഇപ്പോൾ ചാരമായിക്കാണും. ഞാൻ ഓർത്തുകൊണ്ടിരുന്നു. എനിക്ക് അപ്പോഴാണ് മറ്റൊന്ന് ഓർമ്മ വന്നത്. ആ ചിത യുടെ തൊട്ടരികിൽ ഒരു ഞണ്ട് ഉണ്ടായിരുന്നു. ചൂട് ഭയമില്ലാത്ത, ആരേയും ഞെരുക്കി കൊല്ലുവാൻ പാകത്തിന് കരുത്തുള്ള ഒരു കറുത്ത ഞണ്ട്.

ഹരിത. ആർ.

Leave a Reply

Your email address will not be published. Required fields are marked *