എന്റെ കാമുകനായിരിക്കയാൽ….

ഒരുപക്ഷേ.. അതെന്റെ സ്വാർത്ഥവാക്യം ആയിരിക്കാം..
എന്നിരിക്കിലും ആവർത്തിക്കട്ടെ…
എന്റെ കാമുകനായിരിക്കയാൽ..
പ്രണയിതാവിലുണ്ടായ പ്രധാനമാറ്റമെന്തെന്നാൽ..
ഹൈക്കുകവിയായിരുന്നയാൾ
പരന്നകടൽത്തിരമാല കണക്കേ…
കഥകളിൽ നുരഞ്ഞുപൊന്തുവാൻ
തയ്യാറെടുത്തുവെന്നതാണ്..
എന്റെ കാമുകന്റെ കഥയെഴുത്തുകളിൽ
എന്റെ പ്രേമത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു..
അത് ഉണങ്ങിയ റോസാദളങ്ങളുടെ ഗന്ധമാണ്..
വെറുതേ നാസിക വിടർത്തി ഗന്ധം തിരയുന്ന മനുഷ്യർ
അതിന്റെ ഗന്ധത്തിൽ അജ്ഞരായിരിക്കും..
 പൂവിതളുകളിൽ രഹസ്യമായി പ്രണയിതാവിന്റെ പേര് പകർത്തിയെഴുതുന്നവർക്കേ ആ ഗന്ധത്തെക്കുറിച്ച് അറിവുണ്ടാകൂ..
എന്റെ നാസികയ്ക്കത് പരിചിതമാണ്..
ഓഹ്..
എന്റെ പ്രേമം ഒരുവന്റെ കഥയെഴുത്തിന്റെ
മഷിയാകുകയോ..?
അതായത്.. എന്റെ പ്രണയിതാവ് തന്റെ സൃഷ്ടിയുടെ മാതൃത്വം നുകരുമ്പോൾ..
എന്റെ മുലക്കണ്ണുകളും
ആഹ്‌ളാദം ചുരത്തുകയോ..?
നോക്കൂ..
പ്രപഞ്ചമാകെയൊരു പ്രേമച്ചുവപ്പ് പടർന്നിരിക്കുന്നു..
പടയാളികൾ തങ്ങളുടെ ആയുധം ഉപേക്ഷിക്കുന്നു..
പ്രേമം ദൈവികമായി ഒഴിഞ്ഞ
പാനപാത്രങ്ങൾ നിറയ്ക്കുന്നു..
യുദ്ധങ്ങൾ ഇല്ലാതാകുന്നു..
മനുഷ്യർ അന്യോന്യം ചുംബിക്കുന്നു..
നഗരം കത്തിയെരിയുന്നതിനു പകരം
ഷേക്സ്പിയർഗീതകങ്ങൾ ആലപിക്കുന്നു..!
വിശന്നുവലഞ്ഞ കുഞ്ഞിന്റെ കണ്ണുകൾക്ക്
റൊട്ടി നൽകിയ ആനന്ദവും ഏതാണ്ട് ഇതുപോലെയായിരുന്നു..
നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ…?
ഞാൻ അവന്റെ കഥകൾക്കുള്ളിൽ
ഉറങ്ങുകയാണ്.. !
അത് ഞാൻ തന്നെയാണ്..
വിശപ്പുമാറിയ ആ കുഞ്ഞ്
ഞാൻ തന്നെയാണ്…!
ഹരിത. ആർ.

അനുരാഗഗാനം പോലെ…

മലയാളികളുടെ മനസ്സിന്റെ അറിയാത്തൊരിടം കവർന്ന ഭാവഗായകന് വിട. അനുരാഗഗാനം പോലെ പറഞ്ഞറിയിക്കാനാകാത്ത ഏതോ സുരലോകാനുഭൂതി നൽകിയ ഗാനങ്ങൾ പാടി ആ ഗന്ധർവ്വൻ ദേഹം വെടിഞ്ഞു. സ്വർഗ്ഗീയഗാനങ്ങൾ മാത്രം ബാക്കിയായി.

ജയചന്ദ്രനെ കേൾക്കുമ്പോൾ കേൾവിക്കാരുടെ മനസ്സ് അലിഞ്ഞില്ലാതാകുന്നു, കാവ്യഭാവനയിലെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തംപോലെ. ഭാവഗായകനെയോർക്കാൻ ശ്രീ യേശുദാസിൻ്റെ പാട്ടിലെ വരികളിൽ തന്നെ തുടങ്ങണം. അതങ്ങനെയാണ്. കത്തിജ്ജ്വലിക്കുന്ന സൂര്യൻ്റെമുന്നിൽ മനസ്സലിയിക്കുന്ന ചന്ദ്രപ്രഭയാൽ മയക്കിയ ജയചന്ദ്രനെയോർക്കാൻ ഈ താരതമ്യം വേണം. സൂര്യനില്ലായിരുന്നെങ്കിൽ ചന്ദ്രനെ ആരോർക്കാൻ? സൂര്യനെക്കാൾ ചന്ദ്രനെക്കുറിച്ചു കവികൾ പാടിപ്പുകഴ്ത്തിയതെന്തിനാകും? ആ ഭാവം, സൗന്ദര്യം, ലയം, സ്വർഗ്ഗീയാനുഭൂതി, അനുരാഗം.

ആ വെള്ളിനിലാവിൻ്റെ സൗന്ദര്യത്തിൽ അലഞ്ഞുപോയ ചന്ദ്രകാന്തം ഞാനും നിങ്ങളുമായിരുന്നു. നമ്മുടെ മനസ്സിൻ്റെ അറിയാത്തൊരിടം. അത് മാത്രമാണയാൾ ആ ശബ്ദമാധുരിയിൽ കവർന്നെടുത്ത്….ജയചന്ദ്രനെക്കുറിച്ചു ഓർമ്മക്കുറിപ്പെഴുതാനാകില്ല. മരിക്കുന്നവർക്കാണല്ലോ ഓർമ്മക്കുറിപ്പുകൾ. മരണമില്ലാത്തവർക്ക് എന്താണ് വേണ്ടത്? ആസ്വാദനം. അതെ, അതുതന്നെയാണ് ഇവിടെ ഞാൻ കുറിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ചില നന്മകൾക്കും, സ്വാതന്ത്യത്തിനും, സന്തോഷത്തിനും ഇടനൽകിയ കുറേ നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്. നമ്മുടെ ജീവിതത്തിൽ യേശുദാസിന്റെയും ജയചന്ദ്രന്റെയുംമൊക്കെ പാട്ടുകൾ കൂടിയില്ലായിരുന്നെങ്കിൽ!

ജയചന്ദ്രന്റെ പാട്ടുകൾ രണ്ട് കാലഘട്ടത്തിലാണ് മനസിലാക്കേണ്ടത് എന്ന് തോന്നുന്നു. രണ്ടായിരത്തിനു മുൻപും, ശേഷവും. രണ്ടായിരത്തിനു മുൻപിലെ ജയചന്ദ്രൻ യേശുദാസിന് കുറച്ചു പുറകിൽ ആയിരുന്നെന്ന് എന്റെ മാത്രം തോന്നലാണ്. പക്ഷെ രണ്ടായിരത്തിനു ശേഷമുള്ള ജയേട്ടൻ യേശുദാസിനും റാഫിസാഹെബിനും മുന്നിലായിരുന്നെന്നു ഞാൻ പറയും. എന്റെ തോന്നലാകും. തെറ്റായിരിക്കും. പക്ഷെ അവയൊക്കെ 55 കഴിഞ്ഞ ജയചന്ദ്രൻ പാടിയാതെയാണെന്നോരോർക്കുമ്പോൾ സ്നേഹം കൂടും.

ആ ശബ്ദത്തിന്റെയും ലയത്തിന്റെയും ശരിക്കും ആഴത്തിലെത്തിയത് രണ്ടായിരത്തിനുശേഷമുള്ള ഒരിരുപതു വർഷമായിരുന്നു. മുൻപുപാടിയതൊന്നും മോശമെന്നല്ല. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്തൊരാഴവും പരപ്പുമുണ്ടായി. പിന്നെ പാടിയതൊക്കെ മറ്റാർക്കും കഴിയാത്ത മനോഹരമാം രത്നങ്ങളായിരുന്നു എന്നതാണ് സത്യം. യുഗ്മഗാനങ്ങൾ പ്രത്യേകിച്ചും!

കഴിവുകൾ പലതുമേ ജന്മനായുണ്ടായിട്ടും അതിനെയൊക്കെ രാവിയുരച്ചു സ്ഫുടംചെയ്തെടുത്തില്ല ടിയാൻ. ഒന്നിനും വേണ്ടി മിനക്കെട്ടില്ല. കിട്ടിയസമയം മുഴുവൻ മറ്റുള്ളവരുടെ പാട്ടുകൾ കേൾക്കാനും അവരെ പാടിപ്പുകഴ്ത്താനും ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയിൽ സ്വയം എന്തൊക്കയോ പാടിയെന്നു വരുത്തി. സ്വന്തം പാട്ടുകൾ നന്നായെന്ന് എവിടെയും അവകാശപ്പെട്ടില്ല. സുശീലാമ്മയെയും, യേശുദാസിനെയും, റാഫിസാഹബിനെയും, എം. എസ്. വിശ്വനാഥനെയും, ദേവരാജൻമാസ്റ്ററെയും കുറിച്ച് മതിവരാതെ സംസാരിച്ചു.
തനിക്കു വട്ടാണെന്ന് സ്വയം പറഞ്ഞികഴ്ത്തി. മറ്റുള്ളവരെ മതിയാകാതെ പുകഴ്ത്തി. സ്വന്തം പ്രതിഭയോട് നീതികാണിച്ചില്ല. എന്നിട്ടും വിടവാങ്ങിയപ്പോൾ മലയാളി വിങ്ങിപ്പൊട്ടിയതു ഇനിയിതുപോലൊരാൾ ഈ വഴി വന്നേക്കില്ലറിഞ്ഞുകൊണ്ടുതന്നെയാണ്.

ഇടക്ക് അഭിനയത്തിലും ഒരു കൈനോക്കി. മൃദംഗവാദനവും, ചെണ്ടകൊട്ടും പോലെ അതും തുടർന്നുപോയില്ല. ‘നഖക്ഷതങ്ങളിലെ’ എല്ലാത്തിലും കൈവച്ചു ഒന്നും മുഴുമിപ്പിക്കാത്ത നമ്പൂതിരി കഥാപാത്രം ജയചന്ദ്രന്റെ തനിപ്പകർപ്പാണെന്നു അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

ഒരാസ്വാദകനായിരുന്നു ജയചന്ദ്രൻ, പാട്ടുക്കാരനേക്കാൾ. ഇത്രയധികം സംഗീതം ശ്രവിച്ചയാളുണ്ടാകുമോ? വാക്കുകളുടെ ഉള്ളറിഞ്ഞയാളുണ്ടോ? വാക്കുകൾക്കകത്തെ സംഗീതത്തെ പുറത്തുകൊണ്ടുവരുന്ന വല്ലഭനായിരുന്നു അദ്ദേഹം. പാടുമ്പോൾ വാക്കുകളെ ഇത്രമേൽ സ്നേഹിക്കുന്ന, ലാളിക്കുന്ന, അർത്ഥവത്താക്കുന്ന, വികാര തരളിതമാക്കുന്ന, ഭാവതരളമാക്കുന്ന മറ്റൊരുഗായകനുണ്ടോ? ജന്മവാസനയുള്ള ആർക്കും നല്ലപാട്ടുകൾ കേട്ടുവളർന്നാൽ ഭാവഗായകനാകാമെന്നു കൂടി പഠിപ്പിച്ചു നമ്മെ.

ഈ എഴുത്തിൽ ജയചന്ദ്രന്റെ ഒരു പാട്ടിനെക്കുറിച്ചും പറഞ്ഞില്ല. പക്ഷെ നിങ്ങൾ പലതും കേട്ടുവെങ്കിൽ അതാണ് ജയചന്ദ്രൻ ഉപേക്ഷിച്ച ദേഹം ബാക്കിയാക്കിയത്. മലയാളവും തമിഴും പറയുന്നവരും, സംഗീതം കേൾക്കുന്നവരും ഇതോർത്തുകൊണ്ടേയിരിക്കും. ഓർമ്മ നിലക്കുന്നതുവരെ. അറിയാതെ…അറിയാതെ…അനുരാഗ ഗാനം പോലെ….

സുമേഷ് രാമചന്ദ്രൻ