

നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ നഷപ്പെട്ടവരെയോർത്തുകൊണ്ട് തുടങ്ങട്ടെ. ഇപ്പോഴും ആരാലും കണ്ടെത്തപ്പെടാനാകാതെ ഭൂമിയുടെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ഹതഭാഗ്യർ. അവർക്കുവേണ്ടിയാണീ എഴുത്ത്. മഴപെയ്യുമ്പോൾ പരവേശപ്പെട്ട പാവങ്ങൾ. ജീവിക്കാൻ വേണ്ടി മലകളിലും താഴ്വരകളിലും കൃഷിചെയ്തു മണ്ണിനോട് പടവെട്ടി ഒരുരാത്രി ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിനടിലായിപ്പോയ പച്ചമനുഷ്യർ. ഒരിക്കലും കണ്ടെത്തപ്പെടാനാകാതെ, സ്വന്തം വീടുതന്നെ കല്ലറയാക്കേണ്ടിവന്നവർ.
അവർ മാധവ ഗാഡ്‌ഗിലിൻ്റെ റിപ്പോർട്ട് വായിച്ചിട്ടുണ്ടാവില്ല. ഗാഡ്‌ഗിലിനെയും കസ്തൂരിരംഗനെയും മാറിമാറി തെറിവിളിക്കുന്ന രാഷ്ട്രീയക്കാരുടെ കാര്യപരിപാടികളെക്കുറിച്ചു ചിന്തിക്കാനും സമയം കിട്ടിയിട്ടുണ്ടാവില്ല. പള്ളിയുടെയും പട്ടക്കാരുടെയും കൂടെനിന്നിട്ടുമുണ്ടാകാം. ക്വാറികളിലേക്കു പോയിവരുന്ന ട്രക്കുകൾ കൂടിവരുന്നത് കാണുമ്പോൾ, കൗതുകത്തിൽ കൂടുതൽ ഒന്നും കിട്ടിയിട്ടുണ്ടാകില്ല. അവരുടെ നാട്ടിൽ ഓരോവർഷവും പുതുതായി പൊങ്ങിവരുന്ന വമ്പൻ റിസോർട്ട് ഹോട്ടലുകളും, അവിടുത്തെ കൃത്രിമ തടാകങ്ങളും കണ്ട് നാടിൻ്റെ വികസനത്തെയോർത്ത് അഭിമാനം കൊണ്ടിരിക്കാം. പത്തുമിരുപതും മണിക്കൂറുകൾ കൊണ്ട് പെയ്തിതിറങ്ങിയിരുന്ന മഴമേഘങ്ങൾ, ഇപ്പോൾ തിടുക്കത്തിൽ അരമണിക്കൂറുകൊണ്ട് പെയ്തുപോകുന്നതെന്ത് എന്നറിയാത്തവരായിരുന്നിരിക്കാം.
മാധവ ഗാഡ്‌ഗിലും കൂട്ടരും പറഞ്ഞ പരിസ്ഥിതി അതിലോല മേഖലകളിലേതിലാണ് തൻ്റെയും കുടുംബത്തിൻ്റെയും വാസം എന്നും തിട്ടമില്ലാതെ, ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടിയിരുന്ന സാധുക്കൾ. ദുരന്തങ്ങളെ അവസരങ്ങളാക്കുന്നവരെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരിക്കാം, നേരിട്ടറിയാൻ വഴിയില്ല. കാരണം അവരിപ്പോൾ മണ്ണിനടിയിലായ വീടുകൾക്ക് കൂട്ടുകിടക്കുകയാണല്ലോ. ജീവൻ രക്ഷപെട്ടു മുകളിൽ നിന്ന് എല്ലാ ആശയുംനശിച്ചു വാവിട്ടുകരയുന്നവർക്കും അതുകാണാൻ മനസ്സുണ്ടാവില്ല, സമയവും.
തങ്ങൾ മരിച്ചു മരവിച്ചു കിടക്കുന്ന വീടുകൾക്കും, മണ്ണിനും, കല്ലിനും, കോൺക്രീറ്റ് കൂനകൾക്കും, ഉടഞ്ഞ വാഹങ്ങൾക്കും മുകളിൽ വിവാദങ്ങളൊഴിയാത്തത് അവർ അറിയുന്നുണ്ടാവില്ല. കുറച്ചുനാളുകൾക്കുശേഷം എല്ലാം മറന്നു, വീണ്ടും ജീവിക്കാനുള്ള പെടാപ്പാടിൽ, കൊണ്ടും, വാങ്ങിയും, കരഞ്ഞും, മഴവന്നാൽ ഉള്ളുരുകി പ്രാർത്ഥിച്ചും, ജീവിക്കാൻ പോകുന്ന, ദുരന്തംകണ്ടു മരവിച്ചുനിൽക്കുന്ന വെറും മനുഷ്യരെക്കുറിച്ചും അവരെന്തു ചിന്തിക്കാൻ? തനിക്കു താഴെ ഇതുപോലെ പല നിലകളിൽ മണ്ണിൽ വീടോടെയലിഞ്ഞുപോയവരെക്കുറിച്ചും അറിയുന്നുണ്ടാവില്ല. അവരിപ്പോഴും ഉറക്കത്തിലാണെന്നു വിചാരിച്ചുകൊള്ളും. ഒരിക്കലും ഉണർന്നു കാണാൻ കൊള്ളില്ലാത്ത വിവാദങ്ങൾക്കു നേരെ അവരെന്തിന് കണ്ണുതുറക്കണം.
സുരക്ഷിതമായ നഗരങ്ങളിലും, ഭരണസിരാകേന്ദ്രങ്ങളിലെ കുളിരുകോരുന്ന ഓഫീസ് മുറികളിലുമിരുന്നു ദുരന്തനിവാരണം നടത്തുന്നവരെ ക്കുറിച്ചു അവർക്കിനി ഓർക്കേണ്ട കാര്യമില്ല. നിങ്ങൾ പലതലമുറകളായി അടിയിലേക്ക് മൂടപ്പെടുമ്പോൾ അവർക്കു അവരുടെ വരും തലമുറകെളെക്കുറിച്ചു കൂടി ചിന്തിക്കണ്ടേ? “വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകുംവിധമുള്ള വികസനമാണ് സുസ്ഥിരവികസനമെന്ന” എന്നതത്വം അവരെക്കാളും നന്നായറിയുന്ന ആരുണ്ട്? അവർ ഒരു ചെറിയമാറ്റം മാത്രമേ ഈ നിർവചനത്തിൽ വരുത്തിയിട്ടുള്ളൂ. ‘നിയന്ത്രിക്കുന്ന’ എന്ന ഒറ്റവാക്ക് അങ്ങ് എടുത്തുമാറ്റി.
അവർക്കിനിയിതൊന്നും ഓർത്തു കരയേണ്ട കാര്യമില്ല. അവർ ഉറങ്ങിക്കോട്ടെ.
***************************
എല്ലാ രാഷ്ട്രീയ കക്ഷികളും (പി. റ്റി. യെ ഓർത്തുകൊണ്ടു തന്നെ) ഒരുപോലെ എതിർക്കണമെങ്കിൽ മാധവ ഗാഡ്‌ഗിലും കൂട്ടരും ഉണ്ടാക്കിയ 500 പുറങ്ങളിലെ ആ റിപ്പോർട്ട് സത്യങ്ങളുടെ ഒരു കൂമ്പാരമാകണം. ആ കൂമ്പാരത്തെ എതിർത്ത്, മണ്ണിന്റെയും കല്ലിന്റെയും പ്രളയക്കൂമ്പാരമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് നേരെ കണ്ണടച്ചുകൊണ്ടു, ഇരുട്ടുമാത്രം കണ്ടുകൊണ്ടു സംസാരിക്കുന്ന, ആ വയോവൃദ്ധൻ പ്രൊഫസർ, ഗാഡ്‌ഗിലിനെ ഈയടുത്തകാലത്തു ടിവിയിൽ കണ്ടു. എന്തൊക്കയോ സത്യങ്ങൾ വീണ്ടും വിളിച്ചുപറയുന്നു. കണ്ണടച്ച് സംസാരിക്കുന്ന അയാൾ പറയുന്നത് കേൾക്കുന്ന ഏതു കുഞ്ഞിനും മനസ്സിലാകും ആരാണ് ശരിക്കും കണ്ണടച്ചു ഇരുട്ടാക്കുന്നതെന്ന്.
ഇനിയെന്ത്? ഇനിയെന്താകാൻ? സാധാരണ മനുഷ്യർ വീണ്ടും മരിക്കും. വിവാദങ്ങൾ വീണ്ടും വരും, പോകും. രണ്ടുമൂന്നാഴ്ചകൾ മാധ്യമങ്ങൾ ദുരന്തകഥകൾ പറഞ്ഞു പൊലിപ്പിക്കും. കീർത്തിമാന്മ്മാരും കീർത്തിമതികളും മതിയാവോളം അവിടെ വരും, കോടികൾ കൊടുക്കും. ദുരന്തത്തിൽപ്പെട്ട, ഉറ്റവരെ നഷ്ടപ്പെട്ട, ഭൂമിയും സ്വത്തും സത്വവും നഷ്ടപ്പെട്ടവരെ തോളോടു ചേർക്കും, മാറോടു ചേർക്കും. ബാക്കിയുള്ളവരൊക്കെ പുതിയ വാർത്തകൾക്കും ദുരന്തങ്ങൾക്കും പുറകേ പോകും. ദുരന്തനായകർ വീണ്ടും തിരഞ്ഞെടുക്കപ്പെടും.
നാട്ടിലെ സാധാരണ മനുഷ്യർ മാത്രം തങ്ങളുടെ സഹജീവികളെ അകമഴിഞ്ഞ് സഹായിക്കും. അവർ സർക്കാർ കണക്കുകൾ ചിലപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കില്ല. കണക്കുവായിക്കുന്ന സമയമുണ്ടെങ്കിൽ ഒരു ജീവൻ രക്ഷിക്കാം. അവർക്കു ഗാഡ്‌ഗിലിന്റെയും കസ്തൂരിരംഗൻറെയും റിപ്പോർട്ടുകൾ വായിക്കാൻ ചിലപ്പോൾ സമയം കിട്ടില്ല, ആ സമയമുണ്ടെങ്കിൽ അച്ഛനെയും അമ്മയെയും കാണണം എന്നുപറഞ്ഞു അലറിക്കരയുന്ന രണ്ടുകുട്ടികൾക്കു കൂട്ടിരിക്കാം, എന്തെങ്ങിലും പറഞ്ഞവരെ സമാധാനിപ്പിക്കാം.
പക്ഷെ അവർക്കൊന്നറിയാം. ഇനിയും ഉരുൾപൊട്ടും. മഴവന്നാൽ അവരുടെ നെഞ്ചുകൾ കൂടുതൽമിടിക്കും. അടുത്ത മഴ വരുന്നതും കാത്തു നെടുവീർപ്പിടുന്ന സാധാരണക്കാരാണവർ. മരിക്കുന്നതുവരെ അവർക്കും ജീവിക്കണ്ടേ?
സുമേഷ് രാമചന്ദ്രൻ




