

പണം, രാഷ്ട്രീയം, മതം. ഇവമൂന്നും സമാസമം ചാലിച്ച് സ്വയം നേട്ടങ്ങളുണ്ടാക്കാൻ ചിലർ നടത്തുന്ന പൊറാട്ടുനാടകങ്ങൾ. അത് കാണാനും കൈതട്ടാനും നമ്മൾ. മാത്രവുമല്ല അവയെ ചെല്ലും ചെലവും സമയവും കൊടുത്തു പ്രോത്സാഹിപ്പിക്കുന്നതും നമ്മൾ. ആരൊക്കയോ എന്തൊക്കയോ നേടുന്ന കളിയിൽ ആർക്കോവേണ്ടി അലറിവിളിച്ചു തൊണ്ടപൊട്ടുന്ന, ആർത്തലച്ചു കണ്ണുപൊട്ടുന്ന, അലന്ന ആവലാതിയുള്ളവർ. നമ്മളെയെന്തുവിളിക്കണം? പൊതുജനമെന്നോ? അതോ? അതെ ഞാനും നിങ്ങളും ഉൾപ്പെട്ട ആ ആൾക്കൂട്ടത്തെക്കുറിച്ചാണിന്ന്. മുഖമില്ലാത്ത, തലയില്ലാത്ത, മൂളയില്ലാത്ത, വെറും ആൾക്കൂട്ടം. തമ്പുരാൻ പൊറുക്കട്ടെ!
ഒരു ചെറിയ ചോദ്യത്തിൽ തുടങ്ങാം! നിങ്ങൾ ഒരു സിനിമ കാണുന്നതെന്തിനാണ്? കുറച്ചു നേരം എല്ലാം മറന്ന് ഉല്ലസ്സിക്കാൻ. സമയം കളയാൻ. കല ആസ്വദിക്കാൻ. അതല്ലാതെ അതുനിർമ്മിച്ചവരെയും, അഭിനയിച്ചവരെയും നന്നാക്കാനോ, രാജ്യം നന്നാക്കാനോ, ചരിത്രം പഠിക്കാനോ, പാർട്ടി വളർത്താനോ, സ്വയം നന്നാവാനോ, ജാതിമതവർണ്ണങ്ങളെ ഉദ്ധരിക്കാനോ, വെട്ടാനോ, കൊല്ലാനോ അല്ല. ആണെങ്കിൽ ഇനിയങ്ങോട്ട് വായിക്കരുത്.
നിങ്ങളും ഞാനും സാധാരണഗതിൽ എങ്ങനെയാണ് ചിന്തിക്കുന്നതെന്നു നോക്കാം. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ ഒരുദാഹരണത്തിൽനിന്നും തുടങ്ങാം.
നിങ്ങൾ അടുത്തയിടക്ക് കണ്ട ഒരു ഹോളിവുഡ് ആംഗലേയ ചിത്രത്തെക്കുറിച്ചു ആലോചിച്ചു നോക്കൂ. മൂന്നുതരം അഭിപ്രായമേയുണ്ടാക്കാൻ തരമുള്ളൂ. നിങ്ങൾക്ക് ഒന്നുകിൽ ഇഷ്ടപ്പെട്ടു അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല, അല്ലെങ്കിൽ എല്ലാ മലയാളിയെയും പോലെ ‘കുഴപ്പമില്ലായിരുന്നു.’ നിങ്ങളിൽ ആരെങ്കിലും ആ ചിത്രത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ജാതിയും മതവും രാഷ്ട്രീയ നിലപാടും ചോദ്യം ചെയ്യുമോ? അതുമല്ലെങ്കിൽ അതിലെ കിടപ്പറ രംഗം നിങ്ങളുടെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് പരിതപിച്ചു സമൂഹമാധ്യമങ്ങളിൽ കഥയിലെ നായകൻ്റെയും നായികയുടെയും സംവിധായകൻ്റെയും അതെഴുതിയവൻ്റെയും തന്തക്കു വിളിക്കുമോ? അങ്ങനെയാരെങ്കിലും ചെയ്‌താൽ അയാൾക്കുവട്ടാണെന്നു നിങ്ങൾ പറഞ്ഞേക്കും. അങ്ങനയൊക്കെ റിവ്യൂ ചെയ്യുന്നവനെ അവഗണിക്കും. പിന്നെ എന്നത്തേയും പോലെ തിരക്കിൽപെട്ട് കഷ്ടപ്പെട്ടു ജീവിക്കും.
അതിനൊരുകാരണമുണ്ടായിയുന്നു. എനിക്കറിയാമായിരുന്ന മലയാളികളുടെ സിനിമാസ്വാദനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
എല്ലാ കലാസൃഷ്ടികളും സ്വതന്ത്ര സർഗ്ഗസൃഷ്ടികളാണ് എന്നാണ് വയ്പ്പ്. അത് അതുനിർമ്മിക്കുന്നവൻ്റെ മാത്രം ചിന്തകളും വാക്കുകളുമാണ്. കഥയും കവിതയും ഈ എഴുതി വിടുന്നതുമൊക്കെ അങ്ങനെയാണ്. സിനിമയ്ക്കു പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. പണം മുടക്കുന്നവൻ്റെ താല്പര്യം കൂടിനോക്കുന്ന വാണീജ്യസൃഷ്ടിയാകുമ്പോൾ അതിനെ പൂർണ്ണമായും കലയെന്നുവിളിക്കാനാകില്ല. അതൊരു ഉൽപ്പന്നമാണ്. അവിടെ സൃഷ്ടാവിനു പറയാനുള്ളത് മാത്രം പറയാനുള്ള വേദിയാക്കരുത്. വല്ലവൻ്റെയും കാശുപോയാലും എനിക്ക് എൻ്റെ രാഷ്ട്രീയം പറയണമെന്ന് ശഠിക്കരുത്. സ്വന്തം രാഷ്‌ടീയം, മതം ഇവയൊക്കെ സ്വതന്ത്രമായി കൊണ്ടുനടക്കാം വളർത്താം പ്രത്യേകിച്ചും അത് പരിരക്ഷിക്കുന്ന ഭരണഘടനയുള്ള ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത്. മറ്റുള്ളവനും ഇതേ സ്വാതന്ത്ര്യം ഉണ്ടെന്നുകൂടി മറക്കാതിരിക്കണം.
ഈ അറിവും മര്യാദയുമൊക്കെ അറിയുന്നവരായിരുന്നു മലയാളികൾ. പക്ഷെ ഇപ്പോൾ സ്വന്തം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ, അതെന്തായാലും ചിലർ കാണിക്കുന്ന നെറികേടിനെ മനസ്സിലാക്കാത്ത ആൾക്കൂട്ടമായിപ്പോകുന്നു നമ്മൾ എന്ന് തോന്നുന്നു. ഈ നെറികേടുകൾക്കു രണ്ടു ലക്ഷ്യങ്ങൾ മാത്രമാണെന്നാണ് തോന്നുന്നത്. ഒന്ന് നിങ്ങളുടെ വോട്ട്, രണ്ട് നിങ്ങളുടെ പണം. ഇതിനു രണ്ടിനും വേണ്ടിയല്ലാതെ നിങ്ങളുടെ ജീവിതം നന്നാക്കാനല്ല ഈ വിവാദങ്ങൾ. ഇതു രണ്ടും അല്ല ലക്ഷ്യം എന്ന് നിങ്ങൾക്ക് തോന്നിയാൽ വീണ്ടും പേടിക്കണം, കാരണം അവിടെ നിങ്ങളാണ് ഇര അല്ലെങ്കിൽ ഉൽപ്പന്നം. നിങ്ങളിലൂടെയാണ് വോട്ടും അധികാരവും പണവും മറ്റുള്ളവർ ഉണ്ടാക്കാൻ പോകുന്നത്.
ഇനി എൻ്റെ വിശ്വാസങ്ങളും ചിന്തകളും പോതുജനങ്ങളിലേക്ക് എത്തിക്കാൻ എന്തിനാണ് മറ്റുള്ളവൻ്റെ കഞ്ഞിക്കലത്തിൽ കയ്യിടുന്നത്. സ്വതന്ത്രമായി പറയാൻ എത്രയോ വഴികളുണ്ട്.
ഉദാഹരണത്തിന് എനിക്ക് മാസം പത്തുലക്ഷം രൂപതന്നു ഒരു വ്യവസായ സ്ഥാപനം ഭരിക്കാൻ പറഞ്ഞാൽ ഓരോ തീരുമാനങ്ങളിലും എന്നെ നിയോഗിച്ച കമ്പനിയുടെ ബോർഡിൻ്റെയും ഓഹരിഉടമസ്ഥരുടെയും താൽപര്യങ്ങൾക്കു അനുസരിച്ചാകണം എൻ്റെ ഭരണം. എൻ്റെയും എൻ്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പാർട്ടിക്കാരുടേതുമാകരുത്. അങ്ങനെയാകുമ്പോഴാണ് ജോലിപോകുകയും ചിലപ്പോൾ അഴിയെണ്ണേണ്ടിവരുകയും ചെയ്യുന്നത്. കോർപ്പറേറ്റ് ഫ്രോഡ് എന്നും ചീറ്റിംഗ് എന്നുമൊക്കെയുള്ള വകുപ്പിലായിരിക്കും ശിക്ഷകൾ. ഇതെല്ലായിടത്തും ബാധകമാണ്.
പറഞ്ഞുവന്നത് വല്ലവരും ലാഭമുണ്ടാക്കാൻ വേണ്ടിമാത്രം സിനിമയെടുത്തു, തള്ളിമറിച്ചു, വിവാദമുണ്ടാക്കി, ചർച്ചകൾ നടത്തി വള്ളിക്കെട്ടുകൾ പിടിച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കാനില്ല. സിനിമ കണ്ട് ഇഷ്ടമായെങ്കിൽ സന്തോഷിക്കുക. ഇഷ്ടമായില്ലെങ്കിൽ മറക്കുക. വിവാദങ്ങൾക്കുപുറകേപോയാൽ നിങ്ങളുടെ സമയം നാശമാകും എന്നല്ലാതെ യാതൊരു ഗുണവുമില്ല. വിവാദമുണ്ടാക്കുന്നവരൊക്കെ നേട്ടങ്ങൾ ഉണ്ടാക്കി സ്ഥലം കാലിയാക്കും. സിനിമാക്കാരായാലും, രാഷ്ട്രീയക്കാരായാലും, ധർമ്മക്കാരായാലും, പുരാതന-നവ മാധ്യമക്കാരായാലും. എനിക്കും നിങ്ങൾക്കും ബുദ്ധിമുട്ടിത്തന്നെ വീണ്ടും ജീവിക്കേണ്ടിവരും.
വെറുതെ ഇവയുടെ പുറകിൽ പോകുന്നതിലും ഭേദം ഇവയൊക്കെ മറന്നുകളയുകയാണ്.
“ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം,
അതിൽ മൂളായ്ക സമ്മതം രാജൻ.” ആശാൻ.
സുമേഷ് രാമചന്ദ്രൻ
