

ആനക്ക് ഭ്രാന്ത് വന്നാൽ…ചങ്ങലക്കിടാം…
ചങ്ങലക്കു ഭ്രാന്ത് വന്നാലോ? എന്ന ചോദ്യത്തിന്, ആനക്കിടാമെന്നു ഏതോ രസികൻ എവിടെയോ പറഞ്ഞുകേട്ടതായി ഓർക്കുന്നു.
ഇതിപ്പോൾ പറയാൻ കാരണം, തലക്കും ചങ്ങലക്കും നട്ടപ്പിരാന്തു പിടിച്ച രണ്ടു വേദനിക്കുന്ന കോടീശ്വരൻമ്മാരെ ഓർത്തപ്പോളാണ്.
ഇരുവർ. സുഹൃത്തുക്കകളായിരുന്നവർ. ഇപ്പോൾ ശത്രുക്കൾ. അല്ലെങ്കിൽ തന്നെ ബന്ധുവാര്….ശത്രുവാര്…!
ഇതിൽ ആദ്യത്തയാളെ നമുക്ക് ‘ടുട്ടു’ വെന്നും രണ്ടാമത്തയാളെ ‘കുട്ടു’ വെന്നും വിളക്കാം.
ടുട്ടുവിനു ഭരിക്കാനൊരു നാട്ടുരാജ്യമുണ്ടെങ്കിൽ കുട്ടുവിനു വലിയ കുറേ ബിസിനസുകളായിരുന്നു ഭരണം. ടുട്ടുവിനും ബിസിനസുകളുണ്ടെങ്കിലും അത് കുട്ടുവിന്റെ ബിസിനസുമായി തട്ടിച്ചാൽ അത്ര നന്നായി പോകുന്നവയല്ല!
രണ്ടുപേർക്കും സ്വന്തമായി സൗണ്ടസ് സിസ്റ്റത്തിന്റെ കടയുണ്ട്. അതുകൊണ്ടു എന്തുവേണെമെങ്കിലും കോളാമ്പി മൈക്കിലൂടെ ആരോടും വിളിച്ചു പറയാം. അങ്ങനെ വിളിച്ചു പരസ്പരം തെറിപറഞ്ഞപ്പോൾ മാത്രമാണ് ഇവർ അടിച്ചു പിരിഞ്ഞ കാര്യം മാളോകർ അറിയുന്നതു. ഇതു കേട്ടപ്പോൾ എല്ലാവരുടെയും വായ മൂന്നുനാലിഞ്ചു തുറന്നുവരിക്കുകയും, വിരൽ മൂക്കത്തേക്കു പോകുകയും ചെയ്തു. ഇത്രപെട്ടെന്ന് പിണങ്ങിയോ? എന്നായി നാട്ടുകാർ.
നമുക്കെന്താണ് ഇവന്മാർ തമ്മിൽ അടിച്ചാൽ എന്ന് പറയാൻ വരട്ടെ. രണ്ടാമത് രാജ്യഭരണം കിട്ടിയശേഷം രണ്ടു മൂന്നു കലാപരിപാടികളിലാണ് ടുട്ടുവിന്റെ ശ്രദ്ധ. ഒന്ന്, മറ്റു നാട്ടുരാജ്യങ്ങളെ നിർത്തിയങ്ങപമാനിക്കുക, അവൻമ്മാരുടെ അഹങ്കാരം തീർക്കാൻ ഇറക്കുമതി കരം താങ്ങാനാവാത്ത നിലവാരത്തെയിലേക്കുയർത്തുക.
നീയൊന്നും അങ്ങനെ നന്നാവണ്ട എന്ന ലൈൻ. രണ്ട്, രാജ്യങ്ങളെ തമ്മിലടിപ്പിക്കുക, യുദ്ധമുണ്ടാക്കുക, പിന്നെ കരിമരുന്നും, വെടിമരുന്നും, കളിത്തോക്കുകളും, കൈബോബുകളും ഇവർക്ക് വിൽക്കുക, ലാഭമുണ്ടാക്കുക. പിന്നെ ആ യുദ്ധം നിർത്തിക്കാൻ കോളാമ്പിയിലൂടെ ഗീർവാണം. എങ്ങാനും നിന്നാൽ അതിന്റെ ക്രെഡിറ്റ് ടുട്ടു എടുത്തുകൊണ്ട് ഓടിക്കളയും, ഒറ്റയ്ക്ക് തിന്നും. വേറെയാർക്കും കൊടുക്കില്ല. എന്നിട്ടു എല്ലാവരോടും വീമ്പുപറയും. ഇതൊക്കൊ നിർത്തിയാൽ ചില സമ്മാനങ്ങളൊക്കെ വന്നുചേരുമെന്നു ഏതോ ജ്യോൽസ്യൻ പറഞ്ഞത് കേട്ടിട്ടാണ് ഈ സാഹസം. പട്ടാളക്കാർ നടത്തുന്ന ഏതോ നാട്ടുരാജ്യത്തെ വിരട്ടി ശുപാർശക്കും വിട്ടിരുന്നു. മൂന്നാമതായി, രാജ്യത്തെ കുടിയേറ്റക്കാരെ തുരത്തി ഓടിക്കുക. അവനൊക്കെ വന്നടത്തു തന്നെ തിരിച്ചുപോയി തൊലയട്ടെയെന്നു!
കുട്ടുവിലേക്കുവന്നാൽ ഒരു ചെറിയ-വലിയ പ്രശ്‌നമുണ്ട്. കുട്ടുവിന്റെ ബിസിനസ്സുകൾ എല്ലാം കേന്ദ്രീകൃതമായിരിക്കുന്നതു ടുട്ടുവിന്റെ രാജ്യത്താണ്. കുട്ടു വേറെ നാട്ടുരാജ്യത്തിൽ നിന്നും ടുട്ടുവിന്റെ നാട്ടിൽ കുടിയേറിയതാണ്. അതുകൊണ്ട് ടുട്ടു വിചാരിച്ചാൽ കുട്ടുവും കൂട്ടരും പപ്പടം പൊടിയുന്നപോലെ പൊടിയും. പെട്ടീം കിടക്കേം കെട്ടി രായ്ക്കു രാമാനം സ്ഥലം കാലിയാക്കേണ്ടി വരും. അല്ലെങ്കിൽ നാടുകടത്തപ്പെടും.
ടുട്ടുവിന്റെത് വലിയൊരു നാട്ടുരാജ്യമാണ്. നാട്ടുരാജ്യങ്ങളായ നാട്ടുരാജ്യങ്ങൾ ഒക്കെ പേടിക്കുന്നത്. നാട്ടുരാജ്യങ്ങളുടെ ഇടയിലെ കാരണവരും പോലീസും എന്നെയൊക്കയാണ് വെയ്പ്പ്. പണ്ട് യുദ്ധമൊക്കെയുണ്ടാക്കി ബോബുപൊട്ടിച്ചിട്ടുളള പാരമ്പര്യം വേറെ. ഇവിടുത്തെ രാജാധിരാജന് കുറച്ചു കൈക്കരുത്തും കൂടും. ടുട്ടുവെന്ന പേരുകേട്ടാലെ പള്ളിമുണ്ടിൽ മുള്ളുന്ന നാട്ടുരാജാക്കൻമ്മാരുള്ള ലോകത്തു കുട്ടു എന്ത് ചെയ്യാനാണ്.
പക്ഷെ ബുദ്ധി’മുട്ടി’ലായ കുട്ടുവിനു മാത്രം ഇതൊന്നും മനസ്സിലായില്ല. കുട്ടു തൻ്റെ ഇലക്ട്രിക്ക് മോട്ടോറിൽ ഓടുന്ന കാളവണ്ടി ബിസിനസ്സും. ഓണത്തിനും, വിഷുവിനും, ദീപാവലിക്കും ആകാശത്തേക്കു വിടാവുന്ന വാണ ബിസിനസ്സും അതിൽനിന്നു ഉണ്ടാക്കിയ കുതിരപ്പവനും കൈയിലുള്ളപ്പോൾ എന്തിനാണു പേടിയെന്നു വിചാരിച്ചു.
ഒരുകാര്യം പറയാൻ മറന്നു. ഈ ബദ്ധവൈരികളായുന്ന ടുട്ടുവും കുട്ടുവും വലിയ ചങ്ങാതിമാർ ആയിരുന്നു എന്നുപറഞ്ഞുവല്ലോ! പണ്ടൊരുവട്ടം രാജാവായിരുന്നപ്പോൾ തോന്നിയ കന്നംതിരിവുകളൊക്കെ ചെയ്യ്തുവച്ചു കൊട്ടരവിപ്ലവം വരെ നടത്തിയതിന്റെ പേരിൽ ഇറക്കിവിട്ട ടുട്ടുവിനെ വീണ്ടും രാജാവാക്കിയത് താനും തൻ്റെ കുതിരപ്പൊന്നുമാണെന്നു കുട്ടു പറഞ്ഞു നടന്നു. അതിൽ ചില സത്യങ്ങൽ ഉണ്ടുതാനും. എന്നാലും മന്ദബുദ്ധികളായ, ഒന്നും ഒരുവർഷത്തിൽ കൂടുതൽ ഓർമ്മവയ്ക്കാത്ത നാട്ടുകാര് തെണ്ടികളാണ് തന്നെ രണ്ടാമതും രാജാവാക്കിയതെന്നു ടുട്ടുവും വാദിച്ചു. രണ്ടാമതും രാജാവായ ടുട്ടു, കുട്ടുവിനെ ചില വലിയ കാര്യങ്ങളൊക്കെ നോക്കാൻ പിടിച്ചേൽപ്പിച്ചതുമാണ്. ഇതിനിടയിലാണ് ആ ‘ബില്ല്’ വില്ലനായെത്തിയത്. നാട്ടുകാര് തെണ്ടികൾക്കു ഉപകാരമായിക്കോട്ടെയെന്നു കരുതി കുറച്ചു കരവും നികുതിയുമൊക്കെ കുറച്ചു കയ്യടിവാങ്ങാം എന്ന് കരുതി ഇറക്കിയതാണ്. നിയമമാക്കിയെടുത്തു. അത് നാട്ടുരാജ്യത്തിൻ്റെ പൊതുകടം പത്തു വർഷത്തിനകത്തു കാക്കതൊള്ളായിരമാക്കിക്കളയും എന്നാണ് കുട്ടുവിന്റെ പരാതി. അതൊക്കെ നാട്ടുകാരു തെണ്ടികളിൽനിന്നും വേറേ വഴിയിൽ പിരിഞ്ഞു കിട്ടുമെന്നും ഈ തെണ്ടിയെന്തിനാണ് ഈ കാര്യത്തിൽ തലയിടുന്നു എന്നുമാണ് ടുട്ടുവിന്റെ ചോദ്യം. കാളവണ്ടി ബിസിനസ്സിനും, വാണ ബിസിനസ്സിനും കൊടുത്തുകൊണ്ടിരിക്കുന്ന സഹായങ്ങളൊക്കെ നിർത്തിക്കളയും എന്നും ഭീഷണി വേറെ. തൻ്റെ സഹായം എൻ്റെ പട്ടിക്കുവേണം എന്ന സ്ഥിരം ക്ളീഷേ ശൈലിയിൽ പോയി പണി വല്ലോമുണ്ടെങ്കിൽ നോക്കാൻ കുട്ടുവും കോളാമ്പിയിലൂടെ തട്ടിമൂളിച്ചു.
പിന്നെ അടിയായി, വഴക്കായി, പൊതു കടവുകളിലെ വിഴുപ്പലക്കലായി. കോളാമ്പികൾക്ക് വിശ്രമമില്ലാതായി. നാട്ടിലെ ജോലിയില്ലാതിരുന്ന കുറേ കവലവായിനോക്കിത്തൊഴിലാളികൾക്കു പറഞ്ഞു നടക്കാൻ ഒരു കഥയായതു മിച്ചം. കഥ തുടരുന്നു എന്നാണ് പുതിയ കോളാമ്പി വർത്തമാനം. കളിച്ചാൽ പുതിയ പാർട്ടിയുണ്ടാക്കി ഞൊട്ടിക്കളയും എന്ന ഭീഷണിയാണ് കുട്ടുവിന്റെ വക പുതിയത്. ഏതായലും ബില്ല് നിയമമായി. നിയമത്തിന്റെ ബലത്തിൽ അധികാരം ജയിക്കുമോ അതോ കുതിരപ്പണത്തിന്റെ തിമിര് ജയിക്കുമോയെന്നു കാത്തിരുന്നു കാണാം.
ഇതിനിടയിൽ സമാധാനത്തിനുള്ള ലോകസമ്മാനവും കാത്തിരിക്കുന്ന ടുട്ടുവിന്റെ സമാധാനം പോയിക്കിട്ടി എന്ന് മാത്രം പറയാം.
അടി കണ്ടു രസിക്കുന്ന നാട്ടുകാര് തെണ്ടികളുടെ അന്നം മുടക്കുന്ന അടിയാണീ അടിയെന്നു മനസ്സിലാകാതെ കഥയുയറിയാതെ ആട്ടം കണ്ടു രസിക്കുന്നവരോട് എന്ത് പറയാൻ!
സുമേഷ് രാമചന്ദ്രൻ