AI ഒരുമ്പെട്ടാൽ!

ഈയടുത്തകാലത്തായി നിർമ്മിത ബുദ്ധിയെ (Artificial Intelligence – AI) കുറിച്ചുള്ള ധാരാളം വാർത്തകൾ വരുന്നുണ്ട്‌. മാത്രമല്ല നാമെല്ലാം ജനറേറ്റീവ് AI (Generative AI) എന്ന നിർമ്മിതബുദ്ധി സർവസാധാരണമായി ഉപയോഗിക്കുന്നുമുണ്ട്. ChatGPT, Gemini, Copilot എന്നീ ജനറേറ്റീവ് AI ടൂളുകൾ നമ്മുടെ സാധാരണ ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു.

പക്ഷെ നിർമ്മിതബുദ്ധിയുടെ വളർച്ചയക്കുറിച്ചും ഭാവിയെക്കുറിച്ചും കഥകൾ, അല്ലെങ്കിൽ പ്രവചനങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. മിക്കകഥകളും പറയുന്നത് ഭാവിയിൽ നിർമ്മിത ബുദ്ധിയാൽ ചലിക്കുന്ന യന്ത്രങ്ങൾ വിവിധ തൊഴിൽ മേഘലകളെ മാറ്റിമറിക്കുമെന്നും, അവ മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും എന്നൊക്കെയാണ്. യന്ത്രങ്ങൾ മനുഷ്യരെ അപ്രസക്തരാക്കും എന്ന ചിന്തയാണ് പ്രധാനമായും ഉരുത്തിരിഞ്ഞു വരുന്നത്.

എന്നിരുന്നാലും, ചരിത്രം പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ്. ഓരോ മഹത്തായ സാങ്കേതിക മുന്നേറ്റവും, വിവേകത്തോടെ കൈകാര്യം ചെയ്യുമ്പോൾ, മനുഷ്യന്റെ തകർച്ചക്ക് പകരം അഭിവൃദ്ധിയുടെ പുതിയ യുഗങ്ങൾ തുറന്നിട്ടുണ്ട് എന്നാണ് കാണാൻ കഴിയുന്നത്. അച്ചടി യന്ത്രം, വൈദ്യുതിവൽക്കരണം, വ്യാവസായിക യന്ത്രവൽക്കരണം, കൂടാതെ ആണവോർജ്ജം പോലും, അവയുടെ ശക്തിയെ സുരക്ഷിതമായി നയിക്കാൻ കഴിവുള്ള സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് മുമ്പ് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷെ അവയൊന്നും വിചാരിച്ചപോലെ വിനാശം വിതച്ചില്ല. അണുവായുധങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉപയോഗിച്ചിട്ടേയില്ല എന്നുമാത്രമല്ല ഈ കണ്ടുപിടുത്തം കൂടുതലായും നന്മകളാണ് ഉണ്ടാക്കിയിട്ടുള്ളത്.

AI വിപ്ലവവും ഈ ചരിത്രപരമായ വികസന പരമ്പരയിലെ അവസാന കണ്ണിയാണെന്നു വേണം കരുതാൻ. എന്നാൽ മുൻകാലങ്ങളിലെ മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി AI മനുഷ്യൻ്റെ ചിന്താശേഷിയെയാണ് ഉയർത്തുന്നത്. ഈ കാരണം കൊണ്ടാണ് ഇവ മനുഷ്യനെ കടത്തിവെട്ടി എല്ലാത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുമോയെന്നു നമ്മൾ ചിന്തിക്കുന്നത്.
ഈ പറയുന്ന പ്രശ്നങ്ങളൊക്കെയും യുക്തിപരമാണെങ്കിലും അവയൊന്നും ഈ പറയുന്ന വേഗത്തിലും ശക്തിയിലും നമ്മെ ബാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. മാത്രവുമല്ല AI ക്കു നമ്മൾ നേരിടുന്ന പല പ്രശ്നങ്ങളെയും വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട് എന്നതാണ് പ്രധാന കാര്യം. ആദ്യം AI നമുക്ക് നൽകിയേക്കാവുന്ന സംഭാവനകളെക്കുറിച്ചു പറഞ്ഞിട്ട് പിന്നെ ഇതിൻ്റെ ഈപറയുന്ന ഭീകരമായ വശത്തേക്ക് തിരികെവരാം.

AI നൽകുന്ന ഏറ്റവും ശക്തമായ സംഭാവനകളിലൊന്ന് നമ്മെ അലട്ടുന്ന പല പ്രശ്‌നങ്ങൾക്കും ഇതു കാര്യക്ഷമമായ പരിഹാരം കണ്ടെത്തും എന്നതാണ്. ആധുനിക നാഗരികത അഭൂതപൂർവവും സങ്കീർണ്ണവുമായ വെല്ലുവിളികളെയാണ് നേരിടുന്നത് എന്ന് നമുക്കറിയാം. കാലാവസ്ഥാ അസ്ഥിരത, മഹാമാരികൾ, ദുർബലമായ വിതരണ ശൃംഖലകൾ, അപര്യാപ്‌തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആഴത്തിലുള്ള വിശകലന ശേഷിയും, വേഗതയുമുള്ള ഡാറ്റാ വിശകലനം ആവശ്യമാണ്. AI വൻതോതിലുള്ള ഡാറ്റാകളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുന്നതിൽ മികവ് പുലർത്തുന്നു. ഇത് പ്രശ്നപരിഹാരങ്ങൾക്കുള്ള വഴിതുറന്നേക്കാം. ചില ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ, കാലാവസ്ഥാ ശാസ്ത്രജ്ഞർ തീവ്രമായ കാലാവസ്ഥാ ചക്രങ്ങൾ പ്രവചിക്കാനും, അതിനെ നേരിടാനുള്ള തന്ത്രങ്ങൾ രൂപകൽപ്പന ചെയ്യാനും AI-യെ ഉപയോഗിക്കുന്നു. ആരോഗ്യരംഗത്ത്, വൈറസ് പരിണാമം വിശകലനം ചെയ്ത് പകർച്ചവ്യാധികൾ മുൻകൂട്ടി കാണാനും, പതിറ്റാണ്ടുകൾ എടുത്തിരുന്ന മരുന്ന്ഗവേഷണ പ്രക്രിയകൾ മാസങ്ങളായി കുറയ്ക്കാനും AI സംവിധാനങ്ങൾ സഹായിക്കുന്നു. ഇതു AI കൊണ്ടുള്ള ചില വലിയ നേട്ടങ്ങളാണ്.

ഇനി നമ്മുടെ ഏറ്റവും വലിയ ഭയം, ഈ AI വളർച്ച മനുഷ്യന്റെ തലച്ചോറിനും പേശീബലത്തിനും അതീതമായി വളർന്നു മനുഷ്യനെത്തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കെത്തുമോ എന്നതാണ്. അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും, അത്തരം ഒരു വിപത്തു വിദൂരമാണെന്നു പറയേണ്ടിവരും. AI ധാരാളം തൊഴിലുകൾ അപ്രസക്തമാക്കുമെന്നും, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും നമുക്കെല്ലാം ഇപ്പോൾ തന്നെ അറിയുന്നതാണ്. ഇനിയും ഈ തരത്തിലുള്ള പലകാര്യങ്ങളും സംഭവിക്കും. അത് നമുക്ക് തടയാൻ കഴിയില്ല എന്നുമാത്രമല്ല തടയേണ്ട കാര്യവും ഇല്ല. കാരണം അത് ഉത്പാദനക്ഷമതയും, സാമ്പത്തിക വളർച്ചയും ഉണ്ടാക്കും എന്നത് തന്നെ.

ഇതിനൊക്കെപ്പുറമെ സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന അതിബുദ്ധിയായി AI വളരും എന്ന് വിചാരിക്കാൻ തൽക്കാലം നിവൃത്തിയില്ല. അതിനു പ്രധാനമായ കാരണം AIയെക്കുറിച്ചുള്ള ധാരണകളിലെ ഒരു പ്രധാന പിശകാണ്. ബുദ്ധിയെയും സ്വയംഭരണ ശേഷിയെയും (Agency) ഒന്നായി കണക്കാക്കുന്നു എന്നതാണീ പിശക്. AI-യുടെ ബുദ്ധി എന്നത് വിവരങ്ങൾ വിശകലനം ചെയ്യാനും, പ്രവചിക്കാനും, ഭാഷ നിർമ്മിക്കാനുമുള്ള ഗണിതപരമായ ഒരു കഴിവാണ്. എന്നാൽ, സ്വയംഭരണ ശേഷി അല്ലെങ്കിൽ ഏജൻസി എന്നാൽ, എന്തെങ്കിലും ആഗ്രഹിക്കാനും, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാനും, സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാനുമുള്ള കഴിവാണ്. ഇത് ഭയം, പ്രതീക്ഷ, അഭിലാഷം തുടങ്ങിയവ അടങ്ങുന്ന ബോധമനസ്സിൽ (consciousness) നിന്ന് ഉണ്ടാകുന്നതാണ്. AI-ക്ക് ആന്തരികമായ ഒരു ലോകമോ, ഭാവിയെക്കുറിച്ചുള്ള ഭയമോ, അല്ലെങ്കിൽ ലോകത്ത് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമോ ഇല്ല. അത് യാതൊരു വികാരങ്ങളുമില്ലാത്ത , നിസ്സംഗതയോടെ, അതിൻ്റെ പ്രവർത്തനങ്ങൾ മാത്രം നിർവ്വഹിക്കുന്ന ഒരു സിസ്റ്റം മാത്രമാണ്.

AI ആധിപത്യം സ്ഥാപിക്കാൻ പദ്ധതിയിടുന്നു എന്ന നമ്മുടെ ഭയം യഥാർത്ഥത്തിൽ AI-യുടെ സ്വഭാവമല്ല, മറിച്ച് അത് മനുഷ്യൻ്റെ മനഃശാസ്ത്രമാണ് വെളിപ്പെടുത്തുന്നത്. അധികാരത്തോടുള്ള ആർത്തി, ഇല്ലാതായി പോകുമോ എന്ന ഭയം തുടങ്ങിയ നമ്മെ നയിക്കുന്ന മനുഷ്യ സഹജമായ കാര്യങ്ങൾ നമ്മൾ AI-യിൽ ആരോപിക്കുന്നു. ഉദാഹരണത്തിന് ഒരു ചെസ്സ് എഞ്ചിൻ ജയിക്കാൻ ആഗ്രഹിക്കുന്നില്ല; അത് ഏറ്റവും നല്ല നീക്കം മാത്രം നിർമ്മിക്കാൻ നോക്കുകമാത്രം ചെയ്യുന്നു. ഒരു കാലാവസ്ഥാ മോഡലിന് നഗരങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോകുന്നതിൽ ദുഃഖമുണ്ടാകില്ല.

പറഞ്ഞു വന്നത് AI-യുടെ ഔട്ട്പുട്ടുകൾ ഉണ്ടാക്കുന്നത് പ്രത്യേകം ഉദ്ദേശങ്ങളൊന്നുമില്ലാതെയാണ് എന്നാണ്. അത് നമ്മൾ നൽകുന്ന ഡാറ്റയിലെ പാറ്റേണുകൾ കാണിക്കുന്നു, കാര്യങ്ങൾ പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. തീരുമാനങ്ങൾ എടുക്കാനാവിശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. ചുരുക്കത്തിൽ, പറയുന്നതും ചോദിക്കുന്നതുമായ കാര്യങ്ങൾ AI ചെയ്തുതരുന്നു. ഇതൊക്കെക്കണ്ട് AI ഭാവിയിൽ ഇതൊക്കെ സ്വന്തമായി മനസ്സിലാക്കി ചെയ്യും എന്ന് ഭയന്നാൽ അതിൽ വലിയ കാര്യം ഉണ്ടെന്നു പറയാൻ കഴിയില്ല. എനിക്ക് തോന്നുന്നത് ഇവിടെ സംഭവിക്കുന്നത് AI-യുടെ ശക്തിയെ നമ്മൾ പർവ്വതീകരിച്ചു കാണുന്നതല്ല, മറിച്ച് മനുഷ്യൻ്റെ അസ്തിത്വത്തിൻ്റെ സാധ്യതകളെ, മനുഷ്യ സഹജമായ കഴിവുകളെ നമ്മൾ വിലകുറച്ചു കാണുന്നു എന്നതാണ്.

മനുഷ്യൻ്റെ കഴിവുകൾ അത്ഭുതാവഹമാണ്. അത് ബോധം, ബോധ്യം, സ്വാതന്ത്ര്യം, ഉത്തരവാദിത്തം, ലക്ഷ്യങ്ങൾക്കുവേണ്ടി ശ്രമിക്കാനുള്ള കഴിവ് എന്നിവയുടെ കൂട്ടായ്‌മയാണ്‌. മനുഷ്യസഹജമായ ഈ കഴിവവുകൾ AI-യുടെ അൽഗോരിതങ്ങൾക്ക് ഒരിക്കലും നേടാനാവില്ല, അല്ലെങ്കിൽ അടുത്തെങ്ങും നേടാനാകില്ല എന്ന് പറയാം.

ചുരുക്കത്തിൽ AI-യെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠ യഥാർത്ഥത്തിൽ യന്ത്രങ്ങൾ മനുഷ്യനെ കീഴടക്കുന്നതിനെക്കുറിച്ചല്ല എന്ന് തോന്നുന്നു. മറിച്ചു യന്ത്രങ്ങൾ മനുഷ്യരാകുമെന്ന ഭയമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള സാധ്യത വളരെ വിദൂരം എന്നുമാത്രമല്ല, ഏറെക്കുറെ അസാധ്യവുമാണ്. അതുകൊണ്ട് തന്നെ ഏറ്റവും സാധ്യതയുള്ള ഒരു നാളെയിൽ മനുഷ്യരും AI യും പരസ്പരം പൂരകങ്ങളായി സഹവസിക്കുക എന്നതാണ് ഉത്തമം. അവിടെ, ലക്ഷ്യം, ധാർമ്മികത, ഭാവന, സ്വയംഭരണ ശേഷി (Agency) എന്നിവ മനുഷ്യർ സംഭാവന ചെയ്യുമ്പോൾ, വേഗത, വ്യാപ്തി, കൃത്യത എന്നിവ AI പ്രദാനം ചെയ്യുന്നു. അങ്ങനെയുള്ള ഒരു ലോകത്തിൽ, യന്ത്രങ്ങൾ നമ്മെപ്പോലെയായി മാറുമോ എന്ന് നമ്മൾ ഭയപ്പെടെണ്ടതില്ല. പകരം, മനുഷ്യർക്ക് മാത്രം കഴിയുന്ന മൂല്യങ്ങൾ, ഉത്തരവാദിത്തങ്ങൾ, ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ എന്നിവ നാം നടത്തുമ്പോൾ തന്നെ, നമ്മുടെ കഴിവുകൾ വികസിപ്പിക്കാനായി നമ്മൾ AI-യെ ഉപയോഗിക്കുന്നു. അങ്ങനെയാകട്ടെ നമ്മുടെ ഭാവി എന്ന് ആശംസിക്കാം.

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്: ഭാഗം 2, അധ്യായം 6

കൊളംബോ

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോ, ചരിത്രം, സംസ്കാരം, പ്രകൃതി സൗന്ദര്യം, ആധുനികത എന്നിവയാൽ സമ്പന്നമായ ഒരു കോസ്മോപോളിറ്റൻ നഗരമാണ്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കാലഘട്ടങ്ങളിലെ കൊളോണിയൽ പൈതൃകം മുതൽ ഇന്നത്തെ ആധുനിക സൗകര്യങ്ങളടക്കം വൈവിധ്യമാർന്ന അനുഭവങ്ങൾ സഞ്ചാരികൾക്ക് പകർന്നു നൽകുന്ന വളരെയധികം വൃത്തിയുള്ള ഒരു നഗരം എന്ന് നിസ്സംശയം പറയാം. ഞാൻ ആദ്യമായി കൊളംബോ നഗരത്തിൽ കാലുകുത്തുന്നത് പതിനഞ്ച് വർഷങ്ങൾക്കു മുൻപാണ്. അതിനു ശേഷം പലപ്രാവശ്യം ഇവിടം സന്ദർശിച്ചിട്ടുണ്ട്.

ഗംഗാരാമയ ക്ഷേത്രം, കൊളംബോ നാഷണൽ മ്യൂസിയം, ഇൻഡിപെൻഡൻസ് മെമ്മോറിയൽ ഹാൾ, ഡച്ച് പീരിയഡ് മ്യൂസിയം, പഴയ പാർലമെന്റ് കെട്ടിടം എന്നിവ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. കൊളംബോയുടെ സമ്പന്നമായ ചരിത്രവും വാസ്തുവിദ്യാ പൈതൃകവും ഈ സ്ഥലങ്ങൾ പ്രദർശിപ്പിക്കുന്നു. ഗാലെ ഫേസ് ഗ്രീൻ, മൗണ്ട് ലാവീനിയ ബീച്ച്, വിഹാരമഹാദേവി പാർക്ക്, ബെയ്റ തടാകം, ദിയാസരു പാർക്ക് എന്നിവ പ്രകൃതിഭംഗിയുടെയും വിനോദത്തിന്റെയും കേന്ദ്രങ്ങളാണ്. അത്തിഡിയ പക്ഷിസങ്കേതം, ദെഹിവാല മൃഗശാല എന്നിവിടങ്ങളും സന്ദർശിക്കേണ്ട ഇടങ്ങൾ തന്നെയാണ്.

പേട്ട മാർക്കറ്റ് ഊർജ്ജസ്വലമായ ഷോപ്പിംഗിന് പേരുകേട്ടതാണ്. നഗരത്തിലെ രാത്രിജീവിതം ആസ്വദിക്കുന്നവർക്കും ഇവിടെ അവസരങ്ങൾ അനവധി. കാസിനോകൾ (ബെല്ലാജിയോ, ബാലിസ്), ട്രാൻസ്സിംഗ് ബാറുകൾ, തീം പബ്ബുകൾ, ബീച്ച് പാർട്ടികൾ എന്നിവ സഞ്ചാരികൾക്ക് ആഘോഷമാക്കാവുന്നതാണ്.

ലോട്ടസ് ടവർ, ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ടവർ ആണ്. 351.5 മീറ്റർ ആണ് ഇതിന്റെ ഉയരം. ഇതിന്റെ മുകളിൽ ഓഡിറ്റോറിയം,ഹോട്ടൽ, റെസ്റ്റോറന്റ്, ഷോപ്പിംഗ് മാൾ, ഒബ്സെർവഷൻ ഡെസ്ക് തുടങ്ങി ഒരു വിസ്മയം തന്നെ ഒരുക്കിയിട്ടുണ്ട്. ഒബ്സെർവഷൻ ഡെസ്ക് ഗംഭീരമായ നഗര കാഴ്ചകൾ പ്രദാനം ചെയ്യുന്നു.

കൊളംബോയിലെ അത്ര അറിയപ്പെടാത്ത ചില ചരിത്ര സ്ഥലങ്ങൾ കൂടി പറയാതിരിക്കുന്നത് ശരിയല്ല. നഗരത്തിന്റെ കൊളോണിയൽ, മത, ഭൂതകാലത്തിലേക്ക് കൗതുകകരമായ ഒരു കൂട്ടിക്കൊണ്ടുപോകൽ കൂടിയാകും ഇത്. ഈ മറഞ്ഞിരിക്കുന്ന രത്നങ്ങൾ സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് പോകുന്നു, ചരിത്ര പ്രേമികൾക്ക് കൊളംബോയുടെ ശാന്തവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ കാഴ്ചകൾ അനുഭവഭേദ്യമാക്കുന്നു.

പഴയ ഡച്ച് പള്ളി (വോൾവെൻഡാൽ പള്ളി): 1757-ൽ നിർമ്മിച്ച ഇത് ശ്രീലങ്കയിൽ ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴക്കമുള്ള പ്രൊട്ടസ്റ്റന്റ് പള്ളികളിൽ ഒന്നാണ്. ഡച്ച് കൊളോണിയൽ വാസ്തുവിദ്യയും ശാന്തമായ അന്തരീക്ഷവും ഈ പള്ളിയിൽ കാണാം. നഗരത്തിന്റെ പല പാളികളുള്ള കൊളോണിയൽ പൈതൃകത്തിന്റെ പ്രതീകമായി ഇത് വേറിട്ടുനിൽക്കുന്നു.

പഴയ ഡച്ച് മ്യൂസിയം: പേട്ട മാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ പുനഃസ്ഥാപിത കൊളോണിയൽ കെട്ടിടം ഡച്ച് ഗവർണർ തോമസ് വാൻ റീയുടെ വസതിയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഡച്ച് കൊളോണിയൽ ഭരണത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ മ്യൂസിയം, നൂറ്റാണ്ടുകൾ പഴക്കമുള്ള കരകൗശല വസ്തുക്കളും ദൈനംദിന ജീവിതവും പ്രദർശിപ്പിച്ചിരിക്കുന്നു.

പഴയ സിറ്റി ഹാൾ: മെയിൻ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന, നിയോക്ലാസിക്കൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഈ മുനിസിപ്പൽ കെട്ടിടം ഒരു മറഞ്ഞിരിക്കുന്ന വാസ്തുവിദ്യാ രത്നമാണ്. കൊളംബോയിലെ ആദ്യത്തെ സിറ്റി കൗൺസിൽ മീറ്റിംഗിന്റെ പുനർനിർമ്മാണത്തിന്റെ മെഴുക് രൂപങ്ങൾ ഇതിന്റെ ഉൾഭാഗത്തുണ്ട്, കൂടാതെ തറനിരപ്പിലുള്ള മ്യൂസിയത്തിൽ വിന്റേജ് ഉപകരണങ്ങളും വാഹനങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

ബൊറെല്ല സെമിത്തേരി: വെറുമൊരു വിശ്രമസ്ഥലം എന്നതിലുപരി, അലങ്കരിച്ച ശവകുടീരങ്ങളും നിരവധി പ്രമുഖ വ്യക്തികളുടെ ശവകുടീരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കൊളംബോയുടെ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് ചിന്തിക്കാൻ അനുയോജ്യമായ ഒരു ഇടമാണ്.

റെഡ് മോസ്ക് (ജാമി ഉൽ-അൽഫാർ മോസ്ക്): ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ആകർഷകമായ പുറംഭാഗം സന്ദർശകരെ ആകർഷിക്കുന്നു. പള്ളിയുടെ ഉൾഭാഗവും തിരക്കേറിയ പേട്ടയിലെ പശ്ചാത്തലവും കൊളംബോയുടെ വൈവിധ്യമാർന്ന മതപൈതൃകത്തിൽ താൽപ്പര്യമുള്ളവർക്ക് ആകർഷകമായ ഒരു ഇടമാണ്.

ശ്രീലങ്കയുടെ ഭക്ഷണവൈവിധ്യം എടുത്തുപറയേണ്ട ഒന്നാണ്. ദക്ഷിണേന്ത്യൻ ഭക്ഷണ വിഭവങ്ങളുമായി ആണ് കൂടുതൽ സാമ്യം. അതിൽ തന്നെ കേരളവുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്. വെളിച്ചെണ്ണയും തേങ്ങയുമാകും അതിനുള്ള പ്രധാന കാരണങ്ങൾ. അരിയാണ് മിക്ക ഭക്ഷണങ്ങളുടെയും പ്രധാന ചേരുവ. സുഗന്ധദ്രവ്യങ്ങൾ, ദോശ, ഇഡ്ഡലി, സാമ്പാർ തുടങ്ങിയ വിഭവങ്ങൾ എല്ലാം നമ്മുടെ ഭക്ഷണ രീതിയെ അനുസ്മരിപ്പിക്കുന്നതാണ്. സിലോൺ പൊറോട്ട, കൊത്തുപൊറോട്ട എന്നീ വിഭവങ്ങൾ ഇന്ത്യയിലെത്തിയത് ശ്രീലങ്കയിൽ നിന്നുമാണ്.

ഡോ. സുനീത് മാത്യു

ആത്മാവിഷ്കാരത്തിന്റെ അനശ്വരത: ഒടുവിലത്തെ പ്രേമം

ആത്മാവിഷ്കാരത്തിന്റെ അനശ്വരത – ഒടുവിലത്തെ പ്രേമം (നിരൂപണപഠനം) 

പ്രപഞ്ചശക്തിയുടെ മഹാവിസ്ഫോടനഫലമെന്നോണം സൃഷ്ടി മുതൽ കല്പാന്തംവരെ ഭൂമിയൊരു പ്രണയഗോളമായി രൂപവത്കരിക്കപ്പെടുന്നു. സർവ്വചരാചരങ്ങളും ഓരോ ഋതുവിലും സ്നേഹത്തെ എടുത്തണിയുന്നവരാകുന്നു. പൂവും പുഴുവും, സൂര്യനും ചന്ദ്രനും കാറ്റും ഇലകളും പോലും പ്രണയത്തിന്റെ പങ്കാളികളായി മാറുന്നു. കവിഭാവനകളുടെ ഉന്മാദമായ വിഷയമായി പ്രണയം ( പ്രേമം) ഉടലെടുത്തിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ഓരോ ഋതുഭേദങ്ങളും പ്രണയത്തിന്റെ പുതിയ ഭാവങ്ങളുമായി പുനർജ്ജനിക്കുന്നു.
കവിതകൾ, ചെറുകഥകൾ, നോവലുകൾ കവിഞ്ഞൊഴുകി ആസ്വാദകവൃന്ദത്തിന്റെ സ്നേഹോഷ്മളമായ ഹൃദയാടിത്തട്ടിലേക്ക് പ്രണയം പരന്നൊഴുകിക്കൊണ്ടിരുന്നു.

” ഒടുവിലത്തെ പ്രേമം ” പ്രണയമാനങ്ങളിൽ….”

ഒടുവിലത്തെ പ്രേമം അഥവാ ഒരു ആത്മസ്നേഹപദ്ധതി.

സമകാലിക നോവലുകളുടെ പ്രമേയങ്ങളെ പരിശോധനാവിധേയമാക്കുമ്പോൾ അവയെല്ലാം ആത്മസ്നേഹം അഥവാ അവനവനോടുള്ള സ്നേഹമെന്നുള്ള
നൂതന ചിന്താപദ്ധതിയുടെ രൂപരേഖ കൂടിയാണെന്ന് തിരിച്ചറിയുവാൻ സാധിക്കും. സ്വാർത്ഥത എന്നതിലുപരി അതിനൊരു മനഃശാസ്ത്രപരമായ മാനം വന്നു ചേർന്നതായി വീക്ഷിക്കുവാൻ സാധിക്കും. “ദിവ്യ അനു അന്തിക്കാട് ” എഴുതിയ
” ഒടുവിലത്തെ പ്രേമം” മുന്നോട്ടുവെയ്ക്കുന്ന തത്വവും പ്രണയത്തിന്റെ ഭാഗമായി മാറുന്ന സ്വയംസ്‌നേഹത്തെ തന്നെയാണ്.

‘ഒടുവിലത്തെ പ്രേമം’ കഥാപാത്രവിസ്താരത്തിൽ പരിമിതമായൊരു നോവൽ സങ്കേതമാണ്. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെയാണ് നോവൽ അവതരിപ്പിക്കപ്പെടുന്നത്.

കഥാപാത്രവിശകലനം

രേണുക

” ഒടുവിലത്തെ പ്രേമം ” പ്രധാനകഥാപാത്രമായ രേണുകയിലൂടെയാണ് എഴുത്തുകാരി ആവിഷ്കരിച്ചിരിക്കുന്നത്. രേണുക വിവാഹിതയാണ്, അമ്മയാണ്. ഭർത്താവിന്റെ ആക്ഷേപങ്ങളും ഉപദ്രവങ്ങളും ദിനേനയെന്നോണം ഏറ്റുവാങ്ങി തന്നിലെ സ്ത്രീത്വം പാഴായി ഒടുങ്ങിയേക്കുമെന്ന് ഭയപ്പെടുന്ന, നിരന്തരമായി സ്നേഹത്തിനുവേണ്ടി മോഹിക്കുന്ന ഒരു സ്ത്രീ. ബാല്യവും കൗമാരവും ഏല്പിച്ച മുറിവുകളെ സ്വയം ഊതിയുണക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരുവൾ. അതിൽ പരാജയപ്പെട്ടു പോകുമ്പോഴും ആത്മഹത്യയുടെ തച്ചുടയ്ക്കപ്പെടലുകളിൽ നിന്നും ജീവിതത്തെ മുറുകേപ്പിടിക്കുന്നവൾ.
രേണുകയുടെ ജീവിതത്തിൽ സംഭവിച്ച അവിചാരിതവും അവിസ്മരണീയവുമായ പ്രണയഗാഥ കൂടിയാണ് ഈ നോവൽ.

മനു

രേണുകയുടെ ആദ്യത്തെ കാമുകൻ. അവിവാഹിതൻ. മൂന്ന് സ്ത്രീകൾ തന്റെ ജീവിതത്തിൽ വന്നുപോയിട്ടുണ്ടെങ്കിലും പ്രണയം ജീവിതത്തിന്റെ അനിവാര്യതയാണെന്നുള്ള ബോധത്തോടെ രേണുകയെ തന്റെ കാമുകിയായി പ്രതിഷ്ഠിക്കുന്നയാൾ. പ്രണയത്തിന്റെ അനിർവചനീയമായ കാല്പനികതകളിലെല്ലാം അഭിരമിക്കുന്ന കഥാപാത്രം. പുസ്തകം, കവിതകൾ, ചലച്ചിത്രം, സ്പോർട്സ്, രാഷ്ട്രീയം തുടങ്ങി എന്തിനേയും കുറിച്ച് വാതോരാതെ സംസാരിക്കുവാൻ പ്രാപ്തനായ ഒരാൾ. രേണുകയിലേക്ക് അയാൾ പ്രവേശിക്കുന്നത് ഒരു വിവാഹിതയായ സ്ത്രീയോടുള്ള വെറുമൊരു മോഹത്തിനാൽ മാത്രമല്ല. ആത്മസ്നേഹമെന്ന തത്വത്തിനോടുള്ള അഭിനിവേശത്തിനാൽക്കൂടിയാണ്.

ആനന്ദ്

അവിചാരിതമായി ഒരു കാശി യാത്രയിൽ രേണുകയെ പരിചയപ്പെടുന്ന സ്നേഹരാഹിത്യത്തിന്റെ കുരുക്ക് കഴുത്തിൽ മുറുകുന്നവളാണ് അവളെന്നു മനസ്സിലാക്കി തന്നോട് ചേർത്തു പിടിക്കുവാൻ ശ്രമിക്കുന്ന കഥാപാത്രം. അയാൾ ഒരു പ്രണയപരാജയത്തിന്റെ വേവുകൾ അനുഭവിച്ചറിയുന്നവൻ കൂടിയാണ്. പൊള്ളുന്നവന് തീയുടെ ചൂട് അറിയാമെന്നതുവണ്ണം അയാൾ രേണുകയുടെ ഒടുവിലത്തെ പ്രേമത്തിന്റെ അവകാശിയാകുന്നു.

ഇതിവൃത്തം

വിവാഹിതയും അമ്മയുമായ രേണുകയെന്ന സ്ത്രീയുടെ ജീവിതത്തിൽ അവിചാരിതമായി കടന്നുവരുന്ന ഒരു പ്രണയം. ദാമ്പത്യജീവിതത്തിന്റെ കയ്പ്പുകൾക്കിടയിൽ അത് അവളുടെ സമാധാനം ആകുന്നു. മുപ്പത്തിയാറുകളിൽ വൃദ്ധയായിപ്പോയവൾ പ്രണയത്തിനാൽ പുനർജ്ജനിക്കുന്നു. എന്നാൽ വിധി അവൾക്ക് കാത്തുവെച്ചത്, സ്നേഹരാഹിത്യത്തിന്റെയും അവഗണനയുടെയും പടുകുഴി തന്നെയായിരുന്നു. ഇതാവാം തന്റെ നിയതിയെന്നു കരുതുമ്പോഴും പ്രണയമില്ലാകാലത്തിലേക്ക് മനസ്സില്ലാമനസ്സോടെ അവൾ സഞ്ചരിക്കുവാൻ തയ്യാറെടുക്കുകയും, കാശിയിലേക്കുള്ള ആ യാത്രയുടെ മധ്യത്തിൽ ആനന്ദ് അവളുടെ ജീവിതത്തിന്റെ കൂട്ടാവുകയും ഒടുവിലത്തെ പ്രേമമായി അയാളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ പ്രേമം സ്നേഹരാഹിത്യമെന്ന രോഗത്തെ പ്രണയജലത്തിനാൽ ശുശ്രൂഷിക്കുന്ന നോവലാകുന്നു.

പ്രേമം ഒരു ആനന്ദതത്വമെന്നുള്ള നിലയിൽ

ഫ്രോയിഡിയൻ മനഃശാസ്ത്ര സമീപനത്തിൽ മനുഷ്യഭാഗധേയം നിർണ്ണയിക്കുന്ന മൂന്ന് മനോമണ്ഡലങ്ങളെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ. ഇതിൽ ഇദ്ദ് – ന്റെ ആനന്ദതത്വത്തിൽ നിന്നും ആരംഭിച്ചു കൊണ്ട് ഈഗോ യുടെ യാഥാർത്ഥ്യ വഴികളിലൂടെ സൂപ്പർ ഈഗോ യുടെ ധാർമ്മിക തത്വത്തിലേക്ക് നീങ്ങുന്ന കഥാപാത്ര മനോവിചാരങ്ങളിലൂടെ ” ഒടുവിലത്തെ പ്രണയം ” പഠനവിധേയമാക്കാവുന്നതാണ്.

” ജീവിതത്തിന്റെ തിക്തതകളിൽ നിന്നുള്ള താത്കാലികവിമുക്തിയാണ് കലയിലൂടെ കലാകാരൻ സാധ്യമാക്കുന്നത് ”

എന്നതാണ് ഫ്രോയിഡിയൻ മനഃശ്ശാസ്ത്ര നിരൂപണത്തിന്റെ സൂഷ്മതലം. എഴുത്തുകാരിയുടെ ആത്മാവിഷ്കാരമാകണമെന്നില്ല ഒരു ഫിക്ഷൻ എന്നുള്ള വാദം പൂർണ്ണമായി മാറ്റിനിർത്തിയാലും ഫ്രോയിഡിയൻ സമീപനത്തെ ഇതിലെ പ്രധാനകഥാപാത്രമായ രേണുകയിലേക്ക് സംയോജിപ്പിച്ചു വ്യാഖ്യാനിക്കുവാൻ സാധിക്കുന്നതാണ്. കലാസിദ്ധാന്തങ്ങളെ കലാകാരൻ എന്നുള്ള ചട്ടക്കൂട്ടിൽ നിന്നും കഥാപാത്രങ്ങളിലേക്കുകൂടി വികസിപ്പിച്ചുകൊണ്ടുള്ള നിരീക്ഷണത്തിനും ഒരു സാധ്യതയുള്ളതിനാൽ ഇത്തരത്തിൽ ഈ സമീപനം സ്വീകരിക്കാവുന്നതാണ്.

” ഒടുവിലത്തെ പ്രേമത്തി”- ലെ മുഖ്യകഥാപാത്രമായ രേണുക അസന്തുഷ്ടമായ ഒരു വൈവാഹികജീവിതത്തിന്റെ ഇരയാണ്. സ്ത്രീയും പുരുഷനും അടുത്ത തലമുറയുടെ സൃഷ്ടിയുടെ വക്താക്കൾ മാത്രമായിമാറുകയും ഒരു കൂരയ്ക്കുകീഴിൽ ചേർച്ചയേതുമില്ലാതെ പരസ്പരം പൊരുതുകയും ചെയ്യുന്ന ഒരു യുദ്ധമായി വിവാഹമെന്നുള്ള സ്ഥാപനം മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ശൈഥില്യമാകുന്ന കുടുംബപശ്ചാത്തലം കുട്ടികൾ ഉൾപ്പെടെയുള്ളവരെ നിഷേധാത്മകമായി മാത്രമേ ബാധിക്കുകയുള്ളു. അവിടെ നിന്നും രേണുക യെന്നുള്ള സ്ത്രീ തന്റെ സ്വത്വബോധത്തെ തിരിച്ചറിയുകയും അസ്തിത്വബോധത്തിൽ ഊന്നി നിന്നുകൊണ്ട് മാനസികാരോഗ്യത്തെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യത്തെ തിരിച്ചറിയുകകൂടിയാണ് ചെയ്യുന്നത്. ജീവിതത്തോട് വ്യഗ്രത കാണിക്കുന്ന ഒരു മനുഷ്യന്റെ സ്വാഭാവികപ്രതികരണം കൂടെയായി അവർ മാറുന്ന സന്ദര്ഭങ്ങളും നോവലിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.

ഇടയ്ക്കെങ്കിലും സ്വയം കണ്ണാടിയിൽ നോക്കി സമാധാനിപ്പിച്ചു. സ്വയം കെട്ടിപ്പിടിച്ചു. എനിക്കുതന്നെ സത്യം ചെയ്തുകൊടുത്തു, ഇനിയുമെന്ത് വേദന അനുഭവിച്ചാലും ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ചു പോകില്ലെന്ന്. ആയിടയ്ക്കാണ് ജോലിക്കുപോവുക എന്ന ഏറ്റവും വലിയ തീരുമാനത്തിലേക്കു ഞാനെത്തിച്ചേർന്നത്. ( page: 15)

എത്ര വേദനയിലും ജീവിതത്തെ കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്ന രേണുകയുടെ സ്വത്വബോധത്തിന്റെ ആദ്യത്തെ ചവിട്ടുപടിയായിരുന്നു സാമ്പത്തിക സ്വാതന്ത്ര്യം എന്നുള്ളത്. ഭർത്താവ് എതിർക്കുമ്പോഴും പുതിയ കുടുംബപ്രശ്നങ്ങളുടെ ഹേതുവായി അത് മാറുമ്പോഴും അവർ തന്റെ തീരുമാനത്തെ സധൈര്യം നേരിടുന്നുണ്ട്. ആത്മഹത്യ ചെയ്യുകയില്ലെന്നും ഏതു കഠിനമായ വേദനയിലും ജീവിതത്തിൽ ഒരു മിന്നാമിനുങ്ങുവെളിച്ചത്തിന്റെ പ്രതീക്ഷ തേടുന്നവളാണ് രേണുക.

ഒരുപാട് ദൂരം നടന്നു ക്ഷീണിച്ച അവസ്ഥയിൽനിന്നും ജോലിയിലേക്കു കയറിയതും വർഷങ്ങൾ പിറകോട്ടു നടന്ന് ജീവിതം കുറച്ചു കൂടി ചെറുപ്പമായി തോന്നിച്ചു. പരാതികളും കുറ്റപ്പെടുത്തലുകളും വലിയ തോതിൽ ബാധിക്കാതായിത്തുടങ്ങി. (Page: 16)

ഈ നോവലിലെ സ്ത്രീസ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ആദ്യത്തെ വസ്തുതാപരമായ നിരീക്ഷണമായി മുകളിൽ നൽകിയ സന്ദര്ഭത്തെ വിശകലനം ചെയ്യാം. ഭർത്തൃമതിയെന്നും മാതാവെന്നും കുടുംബം അതിന്റെ നാലുചുവരുകൾക്കുള്ളിൽ നിരന്തരമായി വിധേയപ്പെടുവാൻ നിർബന്ധിക്കുമ്പോഴും താനൊരു വ്യക്തിയാണെന്നുള്ള ആത്മബോധത്തിന്റെയും സ്വാതന്ത്ര്യം തന്റെ അവകാശം ആണെന്നുള്ള ഉറച്ച വിശ്വാസത്തിന്റെയും വേരുറവകളെക്കൂടി
” ഒടുവിലത്തെ പ്രേമം” പരിശോധനാവിധേയമാക്കുന്നു.

വീണ്ടും ഫ്രോയിഡിയൻ നിരൂപണരീതിയിലേക്കു സംയോജിപ്പിക്കുമ്പോൾ
ഒരു കൃതിയിൽ മറഞ്ഞിരിക്കുന്ന രോഗവും രോഗലക്ഷണങ്ങളും കണ്ടെത്തുന്നുവെന്നുള്ള ആക്ഷേപരൂപമായ നിരൂപണമനഃശ്ശാസ്ത്ര പദ്ധതിയെന്നുള്ള തലത്തെ മുൻനിർത്തി വീക്ഷിച്ചാൽപോലും രോഗത്തിനുള്ളിൽ രോഗപ്രതിവിധിയും കല്പിക്കുവാൻ കഴിവുള്ള കഥാപാത്രപരകായത്തിലേക്ക് എഴുത്തുകാരി കടക്കുമ്പോൾ അവിടെ രോഗം ഒരു തെറ്റല്ല എന്നുള്ള തരം വിശകലനസാധ്യതയും വന്നു ഭവിക്കുന്നുണ്ട്.

തന്റെ മാനസികാരോഗ്യത്തെ പരിഗണിക്കുന്ന രേണുക, തന്റെ പ്രശ്നം തിരിച്ചറിയുകയും അതിനുള്ള പ്രതിവിധികളെ കണ്ടെത്തുവാൻ തുടങ്ങുകയും ചെയ്യുന്നുണ്ട്. അവളുടെ തൊഴിൽ കണ്ടെത്തലും അതിൽ നിന്നുമുള്ള സ്വസ്ഥതയും ഇതിനു ഉദാഹരണമാണ്. സ്നേഹരാഹിത്യമാണ് തന്റെ പ്രശ്നമെന്ന് രേണുക തിരിച്ചറിയുന്നത് അവളിലേക്ക് സ്‌നേഹത്തിന്റെ അവിചാരിതമായ ഒഴുക്ക് സംഭവിക്കുമ്പോൾ തന്നെയാകാം.

രേണുകയുടെ ബാല്യമോ കൗമാരമോ യൗവ്വനമോ നോവലിൽ പൂർണ്ണമായും അനാവരണം ചെയ്യുന്നില്ലയെങ്കിൽകൂടിയും
“അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞ് “, “ചിതലരിക്കുന്ന ജീവിതം ” തുടങ്ങിയ ബിംബങ്ങളും താൻ പ്രണയത്തിലായിരിക്കുന്ന പുരുഷൻ തന്റെ വീടാണെന്നുള്ള അവളുടെ ആവർത്തനഭാഷണങ്ങളും ബാല്യവും കൗമാരവും യൗവ്വനവും നൽകിയ / നൽകിക്കൊണ്ടിരിക്കുന്ന മുറിവുകളുടെ പ്രതീകങ്ങൾ ആകുകയും അത്തരം മുറിവിലേക്കുള്ള സ്‌നേഹത്തിന്റെ നൈസർഗ്ഗികമരുന്നാണവൾ തേടുന്നതെന്നും വ്യക്തമാകുന്നു. ബാല്യ- കൗമാര നോവുകൾ കൊണ്ടു നെയ്തെടുത്തൊരു സ്ത്രീയുടെ അപകർഷതാബോധത്തെ സ്നേഹരാഹിത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് അവളുടെ സ്വത്വബോധത്തെ അഭിമാനപൂർവ്വം നിലനിർത്തുവാൻ കഴിയുന്നതരം പ്രണയത്തിന്റെ അന്വേഷണങ്ങളാണ് നോവലിലുടനീളം രേണുകയെന്നുള്ള കഥാപാത്രത്തിലൂടെ സംഭവിക്കുന്നത്.

ദാമ്പത്യം ഒരു സമൂഹനിർമ്മിത ചട്ടക്കൂട്.

രേണുക കടന്നുപോകുന്നത് അസന്തുഷ്ടമായ ദാമ്പത്യജീവിതപശ്ചാത്തലത്തിലൂടെയാണ്. ദാമ്പത്യം ഒരു സമൂഹനിർമ്മിത ചട്ടക്കൂട് ആയതിനാൽ തന്നെ, അതിനകത്തു സംഭവിക്കുന്ന നീതി നിഷേധങ്ങൾ പോലും ഹിതകരമാകുകയും, സ്വാഭാവികവത്കരിക്കപ്പെടുകയും ചെയ്യുന്നു.
അതിന്റെ ചട്ടക്കൂടുകൾക്ക് പുറത്തുനിൽക്കുന്ന പ്രണയബന്ധം ലിംഗഭേദങ്ങൾക്കധീതമായി മാനസികാരോഗ്യത്തെ സംരക്ഷിക്കുന്ന അവസ്ഥ സംജാതമായാൽ കൂടിയും അത് അവിഹിതങ്ങളുടെ ഗണത്തിലാണ് സമൂഹം ഉൾക്കൊള്ളിക്കുക.
അവിഹിതമെന്ന് സമൂഹം മുദ്ര കുത്തിയിരിക്കുന്ന ബന്ധങ്ങളുടെ മഹത്വവത്കരണമല്ല ഈ നോവൽ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്, അനുഭവിക്കുന്ന മൃഗീയത ഹിതവും അവകാശങ്ങളായ സ്നേഹവും പരിഗണനയും അവിഹിതവുമാകുന്ന കപട സദാചാരനയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം കൂടിയാണ് ” ഒടുവിലത്തെ പ്രേമം ” ചർച്ച ചെയ്യുന്നത്.

ഭർത്താവിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്ന സമൂഹത്തിലും മരണം ഹിതവും ജീവിച്ചിരിക്കാനുള്ള കാരണം അവിഹിതവുമാകുന്ന അവസ്ഥാവിശേഷം ട്രാജിക് തന്നെയാണ്. സ്നേഹം, വിശ്വാസം, ഇതൊക്കെ നിർവചിക്കപ്പെടേണ്ടത് ഒരു സ്ത്രീയും പുരുഷനും പരസ്പരം സ്വാതന്ത്ര്യബോധത്തോടെ ആഹ്ലാദകരമായി ജീവിതം നയിക്കുന്ന ഇടങ്ങളിൽ മാത്രമാണ്.

പരസ്പരം പൊരുത്തമില്ലാതെ രണ്ടു മനുഷ്യർ സമൂഹത്തിന്റെ ജീർണ്ണിച്ച വ്യവസ്ഥിതികൾക്കുള്ളിൽ ഞെരുങ്ങി ജീവിക്കേണ്ടി വരുന്നൊരു അവസ്ഥയിൽ നിന്നുമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഇരകളാകുന്നത് കുട്ടികൾ കൂടിയായിരിക്കും. ഒരു തകർന്ന കുടുംബത്തിന്റെ അടരുകൾ കുഞ്ഞുങ്ങളുടെ ബാല്യത്തിലേക്ക് പടരാതിരിക്കുവാൻ അവരുടെ മാതാപിതാക്കളായിരിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

നിരന്തരമായി ആക്ഷേപങ്ങളും ഉപദ്രവങ്ങളും ഏറ്റുവാങ്ങിയിരുന്ന കഥാപാത്രമായ രേണുക അവളുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയത്തിന് ശേഷം വിവരിക്കുന്ന ഒരു സന്ദർഭം ഇങ്ങനെയാണ്.

ഞാനും ഭർത്താവും തമ്മിൽ പിണക്കങ്ങളോ വഴക്കുകളോ ഇല്ലാതായിത്തുടങ്ങിയിരിക്കുന്നു. വഴക്കുകളിൽനിന്ന് വഴിമാറി വീട് നിശബ്ദമായിത്തുടങ്ങിയിരുന്നു. ഒരു ദിവസം ഭർത്താവ് ശബ്ദമുയർത്താതെ ആദ്യമായി വളരെ മൃദുവായി എന്നോട് സംസാരിച്ചു. ( page :41)

വീട് നിശബ്ദമായെന്നും രണ്ടുപേരും പരസ്പരസമ്മതത്തോടെ പിരിയുവാൻ തയ്യാറെടുക്കുന്നതും അവരുടെ പക്വതയാർന്ന മനസ്സിലാക്കലിന്റെ തീരുമാനമെന്നുള്ള നിലയിൽ തന്നെ വായിച്ചെടുക്കാം. നിശബ്ദതയാണ് പൊട്ടിചിതറലുകളേക്കാൾ കുട്ടികളുടെ മാനസികാരോഗ്യത്തിനു നല്ലതെന്ന് കണ്ടെത്തുവാൻ സാധിക്കുമ്പോൾ സ്‌നേഹത്തിന്റെ അവകാശങ്ങൾ ഖണ്ഡിക്കപ്പെടുന്നില്ല. ബാല്യകാലമുറിവുകൾ ഇല്ലാതിരിക്കൽ തന്നെയാണ് അടിസ്ഥാനസ്നേഹാവകാശം.

ഇവിടെ ലിംഗഭേദവർഗ്ഗീകരണങ്ങൾക്ക് ബാധകമാകാത്ത മനുഷ്യർ അവരുടെ ആത്മാവിന്റെ സംതൃപ്തിയ്ക്ക്, മാനസികാരോഗ്യത്തിലേക്ക്, സ്വയം ആഹ്ലാദിപ്പിക്കുന്ന സംഗതികളിലേക്ക് തന്റെ ശ്രദ്ധയെ തിരിച്ചുവിടുകയും ജീവിച്ചിരിക്കുന്നതിന്റെ കല ആസ്വദിക്കുകയുമാണ്. അത്തരത്തിൽ ഈ നോവൽ മുന്നോട്ട് വെയ്ക്കുന്ന സംഗതി പ്രണയമാണ്.

ജീവിതം അതിന്റെ ആത്മാവിനെ തൊട്ടതുപോലെ ഞാൻ സന്തോഷിച്ചു. വിഭവസമൃദ്ധമായ സദ്യപോലെയല്ല, ഒരു നേരത്തെ അന്നത്തിന് വകയില്ലാതിരുന്നിടത്തു നിന്ന് മൂന്നുനേരവും ഉപ്പിട്ട കഞ്ഞിവെള്ളം കിട്ടുന്ന ഒരുതരം സന്തോഷമില്ലേ. ജീവൻ നിലനിൽക്കാൻ പാകത്തിന് ഊർജ്ജം കിട്ടുന്ന കഞ്ഞിവെള്ളം അതിന്റെ മൂല്യത്തോടെ ഞാൻ കുടിച്ചു. (Page: 18)

ഈ നോവൽ സന്ദർഭം ഉദാഹരണം.

അതോടൊപ്പം തന്നെ സ്ത്രീയുടെ ശരീരത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തുന്ന വീക്ഷണവും നോവൽ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

വേരില്ലാത്ത മരം കണക്കേ വരൾച്ച ബാധിച്ച ഒരുവൾ.

വിത്ത് വിതച്ചിട്ടും നനച്ചിട്ടും വിളയാത്ത ഭൂമി കണക്കേ വരണ്ടതും അടർന്നതുമായ ശരീരമുള്ളവൾ.

ഇത്തരം ബിംബങ്ങളും ഉപമകളും പ്രേമത്തിന് മുൻപ് / ശേഷം എന്ന് വിഭജിക്കപ്പെടുന്നുണ്ട്.

രേണുകയെന്നുള്ള കഥാപാത്രത്തെ എഴുത്തുകാരി പോർട്രൈറ്റ് ചെയ്തിരിക്കുന്നത് അവർ സ്നേഹത്തിന്റെ ഒരു ചെറുതരിയെങ്കിലും ബന്ധങ്ങളിൽ കണ്ടെത്തുന്ന സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ്. തനിക്കു നേരെ നീളുന്ന കരതലത്തിൽ സ്‌നേഹത്തിന്റെ ചെറുകണികപോലും അവർ ശ്വസിക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ്.

അസന്തുഷ്ടത മാത്രം പ്രകടിപ്പിക്കുന്ന ഭർത്താവിന്റെ ലൈംഗികചോദനയെ അവൾ വിവരിക്കുന്ന സന്ദർഭം. “ഇരുട്ട് വീണാൽ സ്നേഹം നിറയുന്നു.” എന്നുള്ള വാചകത്തിനാലാണ്. അതൊരു വിരോധാഭാസമാണെന്ന് സ്വയം ബോധ്യമുള്ളപ്പോഴും അതിനേയും സ്നേഹം കൊണ്ടു വിവക്ഷിക്കുവാനുള്ള ബോധപൂർവ്വമോ അല്ലാത്തതോ ആയിട്ടുള്ള ത്വരയെ സ്നേഹത്തിനോടുള്ള അഭിനിവേശത്തിന്റെ ഉന്നതതലമായി നിർവചിക്കുവാൻ കഴിയുന്നു. സ്നേഹരാഹിത്യങ്ങൾ പ്രതീക്ഷകൾ അസ്തമിപ്പിക്കും എന്നുള്ള ബോധ്യം തന്നെയുമാകാം.
ബന്ധങ്ങളെ , അഥവാ അതൊരല്പം വക്രിച്ചിരുന്നാൽപോലും സമൂഹത്തിന്റെചട്ടക്കൂടുകൾ ഹിതമെന്ന് നൽകിയത് ആണെങ്കിൽ നേർരേഖയിലൂടെ മാത്രം അതിനെ വീക്ഷിക്കുകയെന്നുള്ള സങ്കല്പങ്ങൾക്കധീതമായി അടിമയും ഉടമയും തമ്മിലുള്ള ബന്ധമൊരിക്കലും സ്നേഹത്തിന്റേതല്ലയെന്നും സ്നേഹത്തിന്റേത് ആവുകയില്ലയെന്നുമുള്ള സാമാന്യബോധത്തിലൂന്നി നിന്നുകൊണ്ട് വായനക്കാരിൽ ഒരു കഥാർസിസ് നടത്തുവാൻ ” ഒടുവിലത്തെ പ്രേമം ” പര്യാപ്തമാണ്.

പ്രേമമാണ് വിഷയമെന്നതിനാൽമാത്രം പൈങ്കിളിവത്കരിക്കുകയോ കാല്പനികത വെറുമൊരു ഭോഷ്കാണെന്ന് വിധിപ്രഖ്യാപിക്കുകയോ ചെയ്യുന്നത് ഉത്തമമല്ല. ഹിതമല്ലാത്ത വിഷം മരുന്നായി വർത്തിക്കുന്നതുപോലെ നിതാന്തമായി ജീവിതത്തെ നയിക്കുന്ന ഒന്നായി പ്രണയം മാറുന്നുവെന്നുള്ള അവസ്ഥാവിശേഷംകൂടി ഇതിനുണ്ട്. ജീവിച്ചിരിക്കാൻ കാരണമാകുന്നൊരു അമൃത് തന്നെയാകുന്നു അത്.

അസന്ദിഗ്ദ്ധമായി തുടരുന്ന പ്രേമം.

പ്രപഞ്ചമാകെ ഇനിയുമിനിയും പൊള്ളിയടർന്നു പുനർജ്ജനിക്കുമ്പോഴും പ്രേമം അസന്ദിഗ്ദ്ധമായി തുടരുക തന്നെ ചെയ്യും. തന്റെയുള്ളിലെ പ്രണയത്തിന്റെ നിർവചനം പൂർണ്ണമാകാതെ ആദ്യപ്രണയത്തിൽ നിന്നും പുറത്തിറങ്ങി നില്ക്കുന്ന സ്ത്രീയെ ഒരുതരം അസംതൃപ്തി ചൂഴ്ന്നു നിൽക്കും. ഒടുവിലത്തെ പ്രേമത്തിലേക്കുള്ള അവളുടെ പ്രയാണം ബോധപൂർവ്വമോ അല്ലാതെയോ സംഭവിക്കും.

രേണുക പതിനേഴിന്റെ ചെറുപ്പമായിരുന്നില്ല. എങ്കിലും മനുവിനാൽ പ്രണയിക്കപ്പെടുന്നതിനുമുന്പേ അവൾ വൃദ്ധയാക്കപ്പെട്ടിരുന്നുവെന്ന് പറയുന്നുണ്ട്.

സാധാരണ പെൺകുട്ടികൾക്കോ സ്ത്രീകൾക്കോ ഉണ്ടാവുന്നവിധം മിനുമിനുത്തതായ കൈകളോ കാലുകളോ എനിക്ക് ഇല്ലായിരുന്നു. ( page: 31)

അവളുടെ ഇത്തരം അപകർഷതകളുടെ വേരുകളെകൂടിയാണ് മനുവിന്റെ പ്രണയം ഒരു പിയാനോ മാന്ത്രികന്റെ മാജിക്കുകളോടെ ഇല്ലാതാക്കിയത്. അതേ പ്രേമം നൽകിയ സുരക്ഷിതത്വത്തിന്റെ വിരലുകൾ അയഞ്ഞു തുടങ്ങിയത് അവളിൽ സൃഷ്‌ടിച്ച വേദനകളുടെ ആഴത്തെ മുറുകേ പുണർന്നതും തളിരിട്ട കുഞ്ഞില വാടിത്തളർന്നുപോയതുപോലെ അവൾ വീണുപോയതും ഇതേ കാരണം കൊണ്ടുതന്നെയാവാം. പ്രേമത്തിനാൽ എത്ര തളിർത്തുവോ എത്രമാത്രം മതിക്കപ്പെട്ടുവോ അത്രതന്നെയവൾ വാടിക്കരിയുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന സന്ദര്ഭത്തിലാണ് അവൾ മനുവിൽ നിന്നും ഇറങ്ങി നടക്കുന്നത്.

ഒടുവിലത്തെ പ്രേമത്തിന്റെ മുകുളം

ആനന്ദുമായി സംഭവിക്കുന്ന പ്രണയത്തെ നിയോഗമെന്ന് കണക്കാക്കുന്ന രേണുക, അതിനെ തന്റെ ഒടുവിലത്തെ പ്രേമം എന്ന് നിർവചിക്കുന്നത് അവളുടെയുള്ളിലെ പ്രണയത്തിന്റെ പൂർണ്ണമായ സാക്ഷാത്കാരംകൂടിയാണ്.
” അച്ഛൻ നഷ്ടപ്പെട്ട കുഞ്ഞിൽ നിന്നും ” ” അയാൾ പ്രസവിച്ച കുഞ്ഞെന്നതുപോലെ ” തുടങ്ങിയ രൂപാത്മക ഉപമകളിലൂടെ രേണുകയെന്ന കഥാപാത്രത്തിന്റെ ജീവിതചക്രത്തിന്റെ പൂർണ്ണതകൂടി ദർശിക്കുവാൻ സാധിക്കുന്നു. രേണുകയിൽ ഉണ്ടായിരുന്നത് പ്രണയത്തിന്റെ ആത്മീയത കലർന്ന അന്വേഷണം കൂടിയായിരുന്നുവെന്നത് എഴുത്തുകാരി വെളിപ്പെടുത്തുന്നതും ഇത്തരം രൂപാത്മക ഉപമകളിലൂടെയാണ്. കാശി പരിസരമാകുന്നതും ഒടുവിലത്തെ പ്രേമത്തിന്റെ കണ്ടെത്തലിടം ആകുന്നതും നോവലിൽ സംഭവിക്കുന്നതിലൂടെ പ്രേമത്തിന്റെ ആത്മീയമായ അതീവ ശ്രേഷ്ഠമായ സ്വാസ്ത്യം എഴുത്തുകാരി മുന്നോട്ട് വെയ്ക്കുന്നു.

ശാരീരികമായ പ്രേമത്തെ കേവലം ലിംഗയോനീബന്ധത്തിനോട് ഇണക്കിച്ചേർക്കാതെ, അതിനെ ഏറ്റവും ആത്മീയമായ ഊർജ്ജമായി കണക്കാക്കിയ മുൻഗാമികളായ എഴുത്തുകാരുടെ പാതയെ തന്നെയാണ് ഒടുവിലത്തെ പ്രേമവും പിന്തുടരുന്നതെന്നുള്ള വസ്തുതയും മനസ്സിലാക്കുവാൻ സാധിക്കും.

ലൈംഗികതയും സ്ത്രീയുടെ അവകാശമാണെന്നും പരിപൂർണ്ണമായി പ്രേമത്തിലൂടെ അത് അനുഭവിക്കുന്നുവെന്നും അടയാളപ്പെടുത്തുന്നതിലൂടെ ഒടുവിലത്തെ പ്രേമം പൂർണ്ണമാകുകയാണ്. ആനന്ദിനെ കണ്ടെത്തി, പ്രണയത്തിൽ പൂർണ്ണമായ സംതൃപ്തി നേടുന്ന രേണുക, മനു നൽകിയ പ്രേമത്തിനെയും പരിഗണനയേയും ഒരുപക്ഷേ മനുവിനെപ്പോലും വെറുപ്പിന്റേതായ യാതൊരു മാനദണ്ഡങ്ങളിലേക്കും കടത്തിവിടാതെ എല്ലാവിധ നന്ദിയോടും കൂടി അയാളിൽ നിന്നും ഇറങ്ങുകയാണ്. തന്റെ ജന്മസാഫല്യം സാക്ഷാത്കൃതമായ സ്ത്രീയുടെ സർവ്വവിധ ആനന്ദങ്ങളും വന്നുഭവിക്കവേ , എല്ലാവിധ വിടവാങ്ങലുകൾക്കും ആത്മീയമായ, മാനുഷികപരവുമായ ഒരു തലം വന്നെത്തുന്നുണ്ട് എന്നും എഴുത്തുകാരി ഒടുവിലത്തെ പ്രേമത്തിലൂടെ പറഞ്ഞു വെയ്ക്കുന്നു.

നോവലിലെ നിറംമങ്ങൽ അഥവാ പോരായ്മാശാസ്ത്രം.

ഭാഷാപരമായ സൗന്ദര്യവത്കരണ സാധ്യതകളുടെ ചിന്തകളിലേക്ക് പൂർണ്ണമായും പ്രവേശിക്കുവാൻ എഴുത്തുകാരിയുടെ വൈകാരികതയ്ക്ക് സാധ്യമായിട്ടില്ല എന്നുള്ളത് ഒരു പോരായ്മയാണ്.

എങ്കിലും അതേ പൊട്ടചിന്തകൾ മനസ്സിലേക്ക് ഓടിയെത്തി. ( Page : 26)

ഇത്തരം വാക്യങ്ങളുടെ നിർമ്മാണങ്ങൾ നോവലിന്റെ ഭാഷയെ സാരമായതരത്തിൽ ബാധിച്ചിട്ടുണ്ട്.

മറ്റൊന്ന് പൂർണ്ണമാകുന്ന പ്രണയത്തിന്റെ ആഹ്ലാദപ്രകടനങ്ങളിൽ വാക്യങ്ങളുടെ ആവർത്തനങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരേ ആശയത്തെത്തന്നെ വിവിധ രൂപത്തിൽ പ്രകടമാക്കുന്ന സന്ദര്ഭങ്ങൾ കണ്ടെടുക്കാമെങ്കിലും വായനയുടെ ഒഴുക്കിനെ സാരമായി ബാധിക്കുന്നവയായി അത് മാറുന്നില്ല എന്നതും വസ്തുതയാണ്.

എഴുത്തുകാരിയുടെ പ്രഥമ പുസ്തകമെന്ന പരിഗണനയുടെ വീക്ഷണകോണിലൂടെ നോക്കുമ്പോൾ ഒരു ആശയത്തെ മാനുഷികവും സാമൂഹികവുമായ തലങ്ങളിൽ നിന്നുകൊണ്ട് മിതമായ പേജുകളിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞത് അഭിനന്ദനം അർഹിക്കുന്നു.

ലളിതമായി പ്രേമത്തെ പകർത്തിയിരിക്കുന്നുവെന്നു മാത്രം ആദ്യത്തെ വായനയിൽ തോന്നാമെങ്കിലും ” ഒടുവിലത്തെ പ്രേമം ” മുന്നോട്ട് വെയ്ക്കുന്ന വായനാസാധ്യതകൾ ഗഹനമാണ്. ഒരു വിഷയത്തെ കുറുക്കിയെടുത്ത് വായനാസാധ്യതകളുടെ വലിയൊരു പരിസരത്തെ പ്രത്യക്ഷവത്കരിക്കപ്പെടാതെ ” ഒടുവിലത്തെ പ്രേമം ” ലളിതവും അതേസമയം വിവേകപൂർണ്ണവുമായ നോവൽ ആയി മാറുന്നു.

പ്രസിദ്ധനായ അമേരിക്കൻ മനശാസ്ത്രജ്ഞനായിരുന്ന അബ്രഹാം ഹരോൾഡ് മാസ്ലോ യുടെ ” ആവശ്യങ്ങളുടെ പദവിക്രമ സിദ്ധാന്തം” [MASLOW’S HIERARCHY OF NEEDS] ഫിക്ഷനിൽ എങ്ങനെ അവതരിപ്പിക്കാൻ സാധിക്കുമെന്നുള്ളതിന്റെ ഒരു മാതൃകകൂടിയാണ് ” ഒടുവിലത്തെ പ്രേമം”.

ശാരീരിക ആവശ്യങ്ങൾ
സുരക്ഷ ആവശ്യങ്ങൾ
സാമൂഹികാവശ്യങ്ങൾ
ആത്മബഹുമാനം
സ്വയം സാക്ഷാത്കാരം.

ഈ ശ്രേണിയെ ഒരു മനുഷ്യനിലെ സ്നേഹമെന്നുള്ള ആശയത്തെ മുൻനിർത്തി ഘട്ടം ഘട്ടമായി ഒടുവിലത്തെ പ്രേമം പറഞ്ഞുവെയ്ക്കുന്നത് ദർശിക്കുവാൻ സാധിക്കുന്നു.

പ്രണയമെങ്ങനെ മാനുഷികമായ പരിഗണനയായി മാറുന്നു , സ്വയം സാക്ഷാത്കാരത്തിന്റെ അത്യുന്നതമായ ശ്രേണി കീഴടക്കുന്നു എന്നതെല്ലാം ” ഒടുവിലത്തെ പ്രേമം ” ആസ്വാദകരോട് സംവദിക്കുന്നു.

ദൈവമേ… ഇനിയൊരാളുടെ ഗന്ധവും എനിക്ക് വേണ്ട, ഇനിയൊരാളുടെ പ്രേമവും എനിക്ക് വേണ്ട, എന്റെ ശരീരവും മനസ്സും അയാൾക്ക് പ്രേമിച്ചുതീർക്കാനുള്ള മാർഗ്ഗമായി മാത്രം നിലനിർത്തുക. ഇതിനുമപ്പുറം മറ്റൊരാൾക്ക്‌ ഒന്നുമൊന്നും എനിക്കുവേണ്ടി ചെയ്യാനില്ല.
( ഒടുവിലത്തെ പ്രേമം- ദിവ്യ അനു അന്തിക്കാട്)

തയ്യാറാക്കിയത്: ഹരിത. ആർ.