

വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്നമട്ടിൽ എന്തെങ്കിലും എഴുതിയവരൊക്കെ എഴുത്തുകാരെന്നു നടിക്കുന്ന നാടാണ് കേരളം. ഇടക്ക് വന്നുപോയ മഹാമാരി മലയാളികളെയൊക്കെയും എഴുത്തുകാരാക്കി. നല്ലത്!
ഇതിനൊരപവാദം ചില സാധാരണ മനുഷ്യരാണ്. വെറും നാട്ടിൽപുറത്തുകാർ.
അതിൽ ഒരാളുടെ കാര്യം പറയാം.
ധാരാളം എഴുതി. എഴുത്തുകാരായ മലയാളികളുടെ ഇടയിൽ ഒരിക്കൽപ്പോലും ഒരെഴുത്തുകാരനെന്ന് അവകാശപ്പെട്ടില്ല. ഒരു സാധാരണക്കാരനായി ജീവിച്ചു. നാട്ടുമ്പുറത്തുകാരനായി മാത്രം സംവേദിച്ചു. പേരുകേട്ട മലയാളം മാസികയുടെ എഡിറ്റർ ആയിരുന്നിട്ടും, താനാരെയും എഴുത്തുകാരനാക്കിയെന്ന് ഒരിക്കൽപ്പോലും അവകാശപ്പെട്ടില്ല. മലയാളഭാഷക്കെന്തെങ്കിലും സംഭാവന നൽകിയെന്ന് നടിച്ചില്ല. ഈയിടക്ക് മരിച്ചുപോയി. കടന്നുപോയത്, ഭാഷതന്നെയായിരുന്നില്ലേ? അറിയില്ല. എം. ടിയെന്ന വിളിപ്പേരിലായിരുന്നു ടിയാനെ അറിഞ്ഞത്.
എം. ടി. എന്ന മനുഷ്യനെക്കുറിച്ചു കൂടുതൽ ഒന്നും പറയാനില്ല. എഴുത്തുകാരനെയും, ചലച്ചിത്രകാരനെയും, സാഹിത്യമാസിക എഡിറ്ററേയും കുറിച്ച് അത്രപോലും. കൈവച്ച മേഖലകളിലൊക്കെ നന്നായി, നന്നാക്കി. മറ്റാരേക്കാളും കൂടുതലായിത്തന്നെ. വേണമെങ്കിൽ എന്തും അവകാശപ്പെടാമായിരുന്നു. ഒന്നും ചെയ്തില്ല. രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ചു. എന്നിട്ടും എന്തെങ്കിലും നേടിയതായി അഹങ്കരിച്ചില്ല.
ഇദ്ദേഹത്തോളം മലയാളത്തെ സേവിച്ച മറ്റൊരാൾ ഒരുപക്ഷെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനായിരിക്കും. നമുക്ക് ധാരാളം നല്ല കവികളും, കഥാകാരും, നാടകകൃത്തുക്കളും, നിരൂപകരും, ഭാഷാപണ്ഡിതരും ഉണ്ടായിരുന്നു. എല്ലാവരും അവരുടേതായ രീതിയിൽ ഭാഷയെ സമ്പന്നമാക്കി. ഒരു താരതമ്യം അസാധ്യവും അനാവശ്യവും ആയിരിക്കെത്തന്നെ ഇതുകൂടി പറയണം. മറ്റാരെങ്കിലും ഇത്രയധികം കഥകൾ നിർമ്മിക്കുകയും, മറ്റു കഥാകാരെ വാർത്തെടുക്കുകയും ചെയ്തതായറിവില്ല. ഇതിലും നന്നായി സിനിമപിടിച്ചവർ ഉണ്ടാകും. തിരക്കഥ രചനയിൽ ഒരുപടികൂടി മുന്നിൽനിന്നവർ വേറെയുണ്ടാകാം. പക്ഷെ സാഹിത്യ പ്രവർത്തനത്തിൽ ഇതിൽകൂടുതലായി ചെയ്തവരുടെ പേരുകൾ പറയാൻ കുറച്ചധികം ചിന്തിക്കേണ്ടിവരും.
പറയാൻ കുറവെന്തെങ്കിലും ചിലർ കണ്ടുപിടിച്ചത്, പേരിലെ ആ വാലും, ശിഥിലമായ തറവാടുകളുടെ കഥകളും മാത്രമാണ്. അതെങ്ങനെ അയാളുടെ കുറ്റമാകും? സ്വന്തം ജനനവും ജീവിത സാഹചര്യങ്ങളും, മാതാപിതാക്കളും അയാൾ തിരഞ്ഞെടുത്തതായിരുന്നില്ലല്ലോ. അറിയുന്ന കാര്യങ്ങൾ എഴുതി, ചെയ്തു, വെടിപ്പായി. അത്രയൊക്കെയേ ഏതു വലിയ എഴുത്തുകാരും ചെയ്തുള്ളൂ.
ഒരോ മനുഷ്യർക്കും അവരവരുടെ ജീവിത പരിസരങ്ങളിലൂന്നി നിന്നേ കഥപറയാനാകൂ. അതിനിയവർ എന്തുപറഞ്ഞാലും എഴുതിയാലും ആ സ്വാധീനമുണ്ടാകും. ഉണ്ടാകണം. അതല്ലാത്ത നല്ല എഴുത്തുകാർ ഉണ്ടാകില്ല. ഗബ്രിയേൽ ഗാർസിയ മാർകേസ് കൊളംബിയയെക്കുറിച്ചു എഴുതിയതൊക്കെ ആഘോഷിച്ചവർ, എം. ടി. യുടെ ഭീമനെ, ഭീമൻ നായർ എന്നു വിവക്ഷിച്ചത് ആക്ഷേപമാണോ, നിരൂപണമാണോ, വ്യാഖ്യാനമാണോയെന്നു മനസ്സിലായിട്ടില്ല.
എന്തുപറഞ്ഞാലും എം. ടി. എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സാഹിത്യപ്രവർത്തകനും, ഭാഷാ എഡിറ്ററും, തിരക്കഥാകൃത്തുമാണ് കടന്നുപോയത്. ഇനിയിതുപോലൊരാളാൾ ഉണ്ടാകുമോയെന്നറിയില്ല.
അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് എന്തോ വലിയ സംഭവമാക്കി വിലപിച്ചവർ എന്തറിഞ്ഞിയിട്ടായിരുന്നു? അവരുടെ ജീവിതത്തിൽ എന്തുണ്ടായെന്ന് നാട്ടുകാരെയെല്ലാം അറിയിച്ചിട്ടുവേണമായിരുന്നോ? സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ അദ്ദേഹത്തിൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകാം. തൊണ്ണൂറ്റൊന്നാമത്തെവയസ്സിൽ ജീവൻ വെടിയുമ്പോൾ അമ്പതുവർഷം മുൻപ് സ്വകാര്യ ജീവിതത്തിൽ നടന്നതിനെ കുത്തിപ്പൊക്കി അവഹേളിക്കാൻ മലയാളഭാഷതന്നെ ഉപയോഗിക്കുന്നതിലെ പെരുത്തമില്ലായ്മ!
ആ രണ്ടക്ഷരത്തിൻ്റെ ദേഹം മാത്രമേ പോയിട്ടുള്ളൂ. എഴുതിയതെല്ലാം ക്ഷയിക്കാതെ മലയാളത്തോടൊപ്പമുണ്ടാകും, ഭാഷ മരിക്കുന്നതുവരെ. മലയാള സാഹിത്യം എംടിക്ക് മുൻപും ശേഷവും എന്നു ഉറപ്പിച്ചു പറയാം. കാരണം അയാൾ കഥയെഴുതുക മാത്രമല്ല, ഭാഷാചരിത്രംതന്നെയുണ്ടാക്കുകയായിരുന്നല്ലോ. മറ്റാർക്കെങ്കിലും അവകാശപ്പെടാനാകാത്തത്. ഈവഴിക്കിനിയാരെങ്കിലും ഇതുപോലെ വന്നുപോകുമോ?
വരും. വരാതിരിക്കില്ല.
സുമേഷ് രാമചന്ദ്രൻ