ചിലന്തി

പുലരിമഞ്ഞിൽ, താൻ നെയ്ത വലയിൽ ആദ്യ പ്രകാശമേൽക്കുമ്പോഴുള്ള ചാരുതയിൽ ഒരു നിമിഷം സ്വയം മറന്നിരിക്കുകയായിരുന്നു പെൺചിലന്തി. ഇര പിടിക്കാൻ താനൊരുക്കിയ കെണിയാണിതെന്ന് ഓർക്കാതിരിക്കാൻ അവൾ ശ്രമിച്ചു. ഇതിനെ പിന്നിലെ അധ്വാനവും തൻ്റെ കലാവിരുതും മാത്രമിപ്പോൾ ഓർക്കുക. അല്ലെങ്കിലും ഈ ക്ഷണിക ജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ വേണ്ടിവരും, അനുഭവങ്ങളുടെ കാര്യത്തിലായാലും ഓർമ്മകളുടെ കാര്യത്തിലായാലും. ഓർക്കാൻ ഇഷ്ടമല്ലാത്തവയെ അതിൻ്റെ പാട്ടിനു വിട്ടേക്കുക എന്നല്ലാതെ എന്തു ചെയ്യാൻ!

അപ്പോഴാണ് ഒരു ആൺ ചിലന്തി നൂലിഴ പൊട്ടി അവളുടെ അടുത്തേക്ക് ആടിയുലഞ്ഞ് എത്തിയത്. ഇര എന്നു തെറ്റിദ്ധരിച്ച് അവൾ ഓടി അടുക്കുക പോലും ചെയ്തു. ആദ്യം മനസ്സിൽ പിറന്നത് കുറച്ച് ശകാരവാക്കുകളാണ്. പിന്നീട് സ്വയം നിയന്ത്രിച്ചു. വാക്കുകൾ കൊണ്ട് മറ്റൊരാളെ വേദനിപ്പിക്കുന്നതിലുള്ള ആനന്ദം ഇനി വേണ്ട എന്നവൾ മുമ്പേ തീരുമാനിച്ചതാണ്‌. അതു കൊണ്ട് അവൾ കാരുണ്യ പൂർവ്വം ചോദിച്ചു: വലകെട്ടാൻ ഇതുവരെ പഠിച്ചില്ല അല്ലേ?

” ചാട്ടം പിഴച്ചു. എങ്കിലും ആ പിഴച്ച ചാട്ടത്തിൽ ഞാനിപ്പോൾ ദു:ഖിക്കുന്നില്ല. നിൻ്റെ അടുത്തെത്താൻ ഒരു വഴിപിഴക്കൽ ആവശ്യമായി വന്നു.”

പെൺചിലന്തി ഒരു നിമിഷം മൗനത്തിൽ ആണ്ടു പോയി. അപ്പോൾ അവളുടെ മുഖം ധ്യാനനിരതയായ ബുദ്ധ സന്യാസിനിയെ ഓർമ്മിപ്പിച്ചു.കാമനകളെ തടഞ്ഞ് ക്ഷണിക സുഖങ്ങളുടെ വലയിൽ പെടാതെ മോക്ഷമാർഗ്ഗത്തിലൂടെ അടി വെച്ചു നീങ്ങുന്ന ഒരു ബുദ്ധ സന്യാസിനി.

” എൻ്റെ അരികിൽ വരരുത്. ഞാൻ നിന്നെ വേദനിപ്പിക്കും.”

“വേദനയ്ക്കൊരു സുഖമുണ്ട്. അത് നിന്നിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും.”

” നീ ദുരന്തം ചോദിച്ചു വാങ്ങുകയാണ്.”

” ആൺ ചിലന്തി എന്ന നിലയിൽ ഞാനെൻ്റെ ജന്മനിയോഗം സ്വീകരിക്കുന്നു.”

“എന്നിൽക്കൂടി ?”

“മറ്റാരേക്കാളും നീയാകുന്നതാണിഷ്ടം.”

പെൺചിലന്തി ആലോചനയിലാണ്ടു. എത്ര തന്നെ മാറി നിന്നാലും കാമനകൾ തന്നെ ബന്ധിക്കും എന്നാണോ കരുതേണ്ടത് ..

“രതിയോടൊപ്പം മരണത്തെ ചേർത്തുവെച്ച മറ്റൊരാളെ നിനക്ക് ഓർക്കാൻ കഴിയുന്നുണ്ടോ?” പെൺചിലന്തി വലയിളക്കിക്കൊണ്ടു ചോദിച്ചു. ചോദ്യത്തിനും ഉത്തരത്തിനുമിടയിൽ ഒരു ചെറുപ്രാണി അവളെ കബളിപ്പിച്ചു പോവുകയും ചെയ്തു.

” ഞാൻ ഓർമ്മകളെ ചുമക്കാറില്ല. ഭൂതകാലത്തേയും.നമ്മൾ ചിലന്തികൾ ഈ നിമിഷം ജീവിക്കുന്നവരാണ് ”

പെൺചിലന്തി പറഞ്ഞു: “എട്ടാം ക്ളാസിലെ ചരിത്ര പാഠത്തിൽ ആരേയും മോഹിപ്പിക്കുന്ന ഒരു സുന്ദരിയെക്കുറിച്ച് പഠിച്ചിരുന്നു. ഈ ജിപ്ത് ഭരിച്ചിരുന്ന ടോളമി ഏഴാമൻ്റെ പുത്രി പന്ത്രണ്ടാമത്തെ ക്ലിയോപാട്ര. ഭോഗ സാമ്രാജ്ഞി എന്നു വിശേഷിപ്പിക്കപ്പെട്ടവൾ. വ്യഭിചരിച്ചാൽ പോലും പുരോഹിതർ ആശിർവദിച്ചു പോകുന്ന ചാരുത. ഷേക്സ്പിയറാണ് അങ്ങനെ വിശേഷിപ്പിച്ചത്. അവൾ വെളുത്ത പൂക്കളിൽ വിഷം പുരട്ടി തലയിലണിഞ്ഞാണ് കാമുകന്മാരെ സ്വീകരിച്ചിരുന്നത്‌. രതിയുടെ ആലസ്യത്തിൽ മയങ്ങുന്നവരെ തൻ്റെ നീല കേശത്താൽ ചുറ്റി വീർപ്പുമുട്ടിച്ചു കൊല്ലുമായിരുന്നു അവൾ. രതി അവളിൽ ജ്വലിച്ചതു പോലെ ക്രൂരതയും ജ്വലിച്ചു നിന്നു. വിഷ വീര്യം അളക്കാൻ അടിമകളായ ആഫ്രിക്കൻ യുവതികൾക്ക് അവൾ വിഷം കൊടുത്തിരുന്നു. അവരുടെ പിടച്ചിലിൽ അവൾ രതിമൂർഛ അനുഭവിച്ചു. രതി തന്നെ വിഷമാണല്ലേ?”

“സ്നേഹമില്ലാത്ത രതിയേ വിഷമാകുന്നുള്ളു. ഇന്നു രാത്രി പ്രണയത്തിൻ്റേതാണ്. പുലർച്ചെ ആദ്യ രശ്മി നിൻ്റെ വലയിൽ പതിക്കുന്നതിനു മുമ്പേ രതി പൂർത്തിയാക്കുക. എൻ്റെ ജീവചൈതന്യമത്രയും നിന്നിലേക്കൊഴുക്കുവാൻ എന്നെ അനുവദിക്കുക. എൻ്റെ നൂറു പുത്രന്മാർക്കു ജന്മം നൽകി എൻ്റേയും നിൻ്റെയും ജന്മനിയോഗങ്ങൾ പൂർത്തിയാക്കുക. നാളെ നീയും നിൻ്റെ വലയും ഞാനും എൻ്റെ സ്വപ്നങ്ങളും ഇവിടെയുണ്ടാകണമെന്നില്ല.”

എട്ടുകാലുകൾ എട്ടു കൈകളായി മാറിയ രാത്രി ..
രതി യുടെ ആനന്ദോത്സവം നിറഞ്ഞാടിയ രാത്രി ..

വെയിൽ വീണു തുടങ്ങിയപ്പോൾ പൊള്ളയായ ഒരു ഉടൽ കാറ്റിൽ ഇളകിയാടിക്കൊണ്ടിരുന്നു.

 

വിലാസിനി രാജീവൻ

പഠന വൈകല്യം

കുട്ടികൾ നന്നായി പഠിക്കണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും. തന്റെ കുട്ടിക്ക് കഴിയുന്നത്ര  വിദ്യാഭ്യാസം കൊടുക്കണമെന്നാഗ്രഹിക്കുന്നവർ. എന്നാൽ ചില കുട്ടികൾ നന്നായി പഠിക്കുന്നു. ചിലരാകട്ടെ പഠനത്തിൽ വിമുഖത കാണിക്കുന്നു. മറ്റുചിലരാകട്ടെ എഴുതാനോ വായിക്കാനോ പ്രാപ്‌തിയില്ലാത്തവരും. ഇവരിൽ മിക്കവരും പഠനമൊഴികെയുള്ള മറ്റെന്തിനും മിടുക്കു കാണിക്കുന്നവരുമായിരിക്കും. അതുകൊണ്ടുതന്നെ ഇതിനെ അവരുടെ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടുന്നു. കഠിനമായ ശിക്ഷണവും സ്വകാര്യ വിദ്യാഭ്യാസവുമാണ് മിക്ക മാതാപിതാക്കളും ഇതിനു കാണുന്ന പരിഹാരം. എന്നാൽ ഇതൊരുപക്ഷേ പഠന വൈകല്യമാകാം. മറ്റു വൈകല്യങ്ങളെന്നപോലെ തലച്ചോറിലെ ഒരു വൈകല്യം എന്നർത്ഥം.

ഭാഷ, അക്ഷരങ്ങൾ, അക്കങ്ങൾ തുടങ്ങിയവ മനസ്സിലാക്കുവാനും ഉപയോഗിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവില്ലായ്‌മയാണ് പഠന വൈകല്യം കൊണ്ടുദ്ദേശിക്കുന്നത്. ഇതിന് ബുദ്ധിയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പഠന വൈകല്യം ബാധിക്കുന്ന കുട്ടികൾ ചിലരെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ചു ബുദ്ധി കൂടുതലുള്ളവരുമാകാം. വായിക്കാനോ എഴുതാനോ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുക, പ്രതേകിച്ചും അവരുടെ വയസ്സിനും വിദ്യാഭ്യാസത്തിനും അനുസരിച്ചു്. വായിക്കാനോ എഴുതാനോ തന്നെ കഴിയാത്തവരും വിരളമല്ല. വായിക്കുമ്പോൾ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ കഴിയാതെ വരിക, അക്ഷരതെറ്റുകൾ ധാരാളമായി വരുത്തുക, കണക്കുകൂട്ടാൻ ബുദ്ധിമുട്ടുണ്ടാകുക, അക്കങ്ങളുടെ ബന്ധം നിശ്ചയമില്ലാതെ വരിക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങൾ തന്നെ. ശ്രദ്ധ പതറുക, ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക, ദിശാബോധം ഇല്ലാതെ വരിക, അച്ചടക്കമില്ലായ്‌മ തുടങ്ങിയവയും ഇവരുടെ പ്രശ്‌നങ്ങൾ ആകുന്നു.

പ്രായത്തിനനുസരണമായി ലക്ഷണങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. പ്രായാടിസ്ഥാനത്തിൽ ലക്ഷണങ്ങൾ ഇപ്രകാരമായിരിക്കും:

അഞ്ചു വയസ്സിനു മുൻപ് :

  • വാക്കുകൾ ഉച്ചരിക്കുവാൻ പ്രയാസം.
  • സംസാരിക്കുമ്പോൾ ശരിയായ വാക്കുകൾ കണ്ടുപിടിക്കാൻ വിഷമിക്കുക.
  • താളാത്‌മകമായി പാട്ടുകൾ പാടാൻ കഴിയാതിരിക്കുക.
  • അക്ഷരങ്ങൾ, അക്കങ്ങൾ, ആകൃതികൾ, നിറങ്ങൾ തുടങ്ങിയവ തെറ്റിപ്പോകുക.
  • പെൻസിൽ, ക്രയോൺസ് തുടങ്ങിയവ നിയന്ത്രിക്കാൻ കഴിയാതിരിക്കുക.

അഞ്ചു മുതൽ പത്തു വയസു വരെ:

  • അക്ഷരങ്ങളും അവയുടെ ഉച്ചാരണങ്ങളുമായുള്ള ബന്ധം കിട്ടാതിരിക്കുക.
  • അക്ഷരങ്ങൾ കൃത്യമായി ഉച്ചരിച്ചു വാക്കുകൾ വായിക്കാനാകാതിരിക്കുക.
  • നിസ്സാര വാക്കുകൾ പോലും വായിക്കുമ്പോൾ തെറ്റിപ്പോകുക.
  • എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകുക, തിരിഞ്ഞു പോകുക.
  • ചെറിയ കണക്കുകൾ പോലും കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുക.

പത്തു മുതൽ പതിമൂന്നു വയസുവരെ:

  • വായിക്കാൻ കാര്യമായ ബുദ്ധിമുട്ടനുഭവിക്കുക.
  • കണക്കുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുക.
  • വായനയോടും എഴുത്തിനോടും വെറുപ്പുണ്ടാകുക, കഴിയുന്നതും ഇതിൽനിന്നൊഴിയാൻ ശ്രമിക്കുക.
  • വൃത്തിഹീനമായ കൈയ്യക്ഷരം.
  • ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയാതാകുക.
  • ബോർഡിൽ നിന്നും എഴുതിയെടുക്കാനാകാതാകുക.
  • വാക്കുകൾ മാറ്റി തെറ്റായി ഉച്ചരിക്കുക.

പഠന വൈകല്യത്തിന്റെ കാരണങ്ങൾ ഇന്നും വ്യക്‌തമല്ല. തലച്ചോറിന്റെ ഘടനാപരമായ വൈകല്യം തന്നെയാണിതിന്റെ പുറകിലെന്നു പറയുമ്പോഴും അതിനുള്ള കാരണങ്ങൾ ഇന്നും തേടിക്കൊണ്ടിരിക്കുന്നു. പാരമ്പര്യം, ജന്മ സമയത്തുണ്ടാകുന്ന തലച്ചോറിന്റെ പരിക്കുകൾ, തൂക്കക്കുറവ്, ഗർഭകാലത്ത് ഉപയോഗിച്ചിരുന്ന ചില മരുന്നുകൾ, മദ്യം തുടങ്ങിയവയും, ഗർഭകാലത്തെ പോഷകാഹാരക്കുറവ്, ആഹാരക്കുറവ്, മാതാവിന്റെ ശരീരത്തിലെത്തിയ ചില ലോഹാംശങ്ങൾ തുടങ്ങിയവയും ഇതിലുൾപ്പെട്ടേക്കാം.

വിവര ശേഖരണത്തിലും ഉപയോഗത്തിലുമാണ് ഇത്തരക്കാരിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. വിവരങ്ങൾ അല്ലെങ്കിൽ അറിവുകൾ തലച്ചോറിൽ വിനിയോഗിക്കപ്പെടുന്നത് നാലുതരം പ്രവർത്തനങ്ങളിലൂടെയാണ്.

നിക്ഷേപണമാണ് ആദ്യ ഘട്ടം. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ പ്രത്യേകിച്ചും കാഴ്‌ച, കേൾവി വഴി ലഭിക്കുന്ന വിവരങ്ങളെ തലച്ചോറിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണിത്. ഏകീകരണമാണ് രണ്ടാമത്തേത്. പഞ്ചേന്ദ്രിയങ്ങൾ വഴി ലഭ്യമാകുന്ന സമാനമായ വിവരങ്ങൾ ഏകീകരിക്കുക എന്നതാണ് ഈ പ്രക്രിയ. സംഭരണമാണ് അടുത്തത്. ഓരോ ഇന്ദ്രിയങ്ങളും വിവരങ്ങൾ കൈമാറുന്നത് തലച്ചോറിലെ വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ്. കിട്ടുന്ന വിവരങ്ങൾ ഏകോപനത്തിനുശേഷം ആവശ്യത്തിന് പുറത്തെടുക്കാൻ വേണ്ടി അനുയോജ്യമായ കേന്ദ്രങ്ങളിൽ സംഭരിക്കുകയെന്ന പ്രക്രിയയാണിത്. വീണ്ടെടുക്കൽ ആണ് നാലാമത്തേത്. ആവശ്യാനുസരണം വിവരങ്ങൾ തലച്ചോറിൽ നിന്നും പുറത്തെടുക്കുന്ന പ്രക്രിയയാണിത്. പഠന വൈകല്യം ഉള്ളവരിൽ ഈ പ്രവർത്തനങ്ങൾ സുഗമമായിരിക്കില്ല എന്നതാണ് അവർ നേരിടുന്ന വെല്ലുവിളിയും.

പഠന വൈകല്യം എന്ന് പറയുമ്പോഴും ഇത് ഒരു തരത്തിൽ മാത്രമല്ല ഉള്ളത്. പലതരത്തിലുള്ള വൈകല്യങ്ങളുണ്ട്. ഇവയിൽ  ഏതെങ്കിലുമൊന്നോ ഒന്നിലേറെയോ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. പഠന വൈകല്യ വിദ്യാഭ്യാസത്തിൽ പരിശീലനം കിട്ടിയിട്ടുള്ളവർക്കു മാത്രമേ ഇത് നിർണ്ണയിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ട ടെസ്റ്റുകൾ നടത്തിയതിനു ശേഷം മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. പ്രധാന പഠന വൈകല്യങ്ങൾ താഴെ പറയുന്നവയാണ്.

ഡിസ്ലെക്സിയ: എന്നത് പഠന വൈകല്യത്തിന് പൊതുവായി പറയുന്ന ഒരു പേരാണ്. 70% കുട്ടികളുടെയും പ്രശ്‌നവും ഇതുതന്നെയായിരിക്കും. റീഡിങ് ഡിസോർഡർ എന്നും ഡിസോർഡർ ഓഫ് റിട്ടൺ എക്‌സ്‌പ്രെഷൻ എന്നുമുള്ള രണ്ടു പ്രശ്‌നങ്ങൾ ചേർന്നതാണ് ഇത്.  പൊതുവായി പറഞ്ഞാൽ എഴുതാനും വായിക്കാനും ഉച്ചരിക്കുവാനുമുള്ള പ്രശ്‌നങ്ങൾ തന്നെ. എന്നിരിക്കിലും വായിക്കാനുള്ള പ്രശ്‌നങ്ങളാണ് ചില സമയങ്ങളിലെങ്കിലും ഡിസ്‌ലെക്‌സിയ കൊണ്ടുദ്ദേശിക്കുന്നത്.

ഡിസ് ഗ്രാഫിയ: എഴുതുന്നതിലുള്ള പ്രശ്‌നങ്ങളാണ് ഡിസ് ഗ്രാഫിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഡിസ്കാൽകുലിയ: കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈകല്യമാണ് ഇത്.

പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുന്ന ഒന്നല്ല പഠനവൈകല്യം. എന്നാൽ പഠന വൈകല്യ ചികിത്‌സയിൽ കുറെ വർഷങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് തോന്നുന്നത് മറ്റൊന്നാണ്. ഞാൻ ചികിത്‌സക്കായി ഉപയോഗിക്കുന്നത് ഹോമിയോപ്പതി മരുന്നുകളാണ്. കൂടെ ഞങ്ങൾ വികസിപ്പിച്ചെടുത്ത ചില പഠന പരിശീലനങ്ങളും. ഇത് രണ്ടും കൃത്യമായി പാലിക്കുന്നവരിൽ എൺപതു ശതമാനത്തിലധികം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായി കരുതുന്നു.

കുട്ടികൾക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് എന്ന് തോന്നിയാൽ അത് തനിയെ ശരിയാകും എന്ന് ചിന്തിച്ചു സമയം കളയുന്നതിനു പകരം എത്രയും വേഗം വിദഗ്ദ്ധ സഹായം തേടുക എന്നത് തന്നെയാണ് ഏറ്റവും ശരി. ഇത്തരം കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളും ഇന്ന് ലഭ്യമാണ്. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളെ ശാസിച്ചും ശിക്ഷിച്ചും പഠിപ്പിക്കാൻ ശ്രമിക്കുന്നത് അവരുടെ മാനസിക സമ്മർദ്ദം ഉയർത്താനും, തന്മൂലം പഠനം കൂടുതൽ തകരാറിലാക്കാനും മാത്രമേ ഉപകരിക്കൂ.

 

ഡോ സുനീത് മാത്യു

നിങ്ങളുടെ സാഹിത്യം ബുദ്ധനോ സിദ്ധാർത്ഥനോ?

“ഒരു മഹാകാഥികന്റെയോ മഹാകവിയുടെയോ പുസ്തകമിറങ്ങുന്ന ദിവസം ബുക്ക്സ്റ്റാളിന്റെ മുന്നിൽ ബോക്സോഫീസ് തകർക്കാനൊരുങ്ങി നില്ക്കുന്ന ഒരു ജനക്കൂട്ടം, അവരെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ പിരിച്ചു വിടാനും ചൂരൽവടികളുമായി പോലീസുകാർ – ഇതൊന്നും ഉണ്ടായിട്ടില്ല.; ഉണ്ടാവില്ല.”         –     എം.ടി (കാഥികന്റെ പണിപ്പുര)

ഈ വാചകത്തിൽ നിന്നും ആരംഭിക്കാം. അതായത്, ഒരു പുതിയ പുസ്തകം (ഏത് എഴുത്തുകാരന്റെ ആയാലും) സമൂഹത്തിനിടയിലേക്ക് വരുന്നു എന്ന് പറയുന്നത് പ്രത്യക്ഷമായ ചലനം സൃഷ്ടിക്കുന്നില്ല എന്ന് തന്നെ അർത്ഥം. എന്റെ ചോദ്യം ആരംഭിക്കുന്നത്, എന്തുകൊണ്ട് സൃഷ്ടിക്കുന്നില്ല?? എന്നുള്ളതിൽ നിന്നുമാണ്. ശരിയായിരിക്കാം. എഴുത്തുകാരന്റെ മനോവ്യാപാരങ്ങളിൽ കുടുങ്ങുന്ന കളിമണ്ണ് പോലെ മാത്രമുള്ള അസംസ്കൃത വസ്തുക്കളെ ചേർത്ത്, ഒരു കഥ അയാൾ സൃഷ്ടിക്കുന്നതിന്റെ ആദ്യത്തെ ഉദ്ദേശമെന്നത്, ആത്മരതി തന്നെയാവാം.

എന്നാൽ അത് സഞ്ചരിക്കേണ്ട വഴി വായനക്കാരനിലൂടെ തന്നെയല്ലേ? അവന്റെ മനസ്സിലെ കെട്ടുപോയ വിളക്കിൽ ഒരു പ്രകാശമെന്നോണം തന്നെയല്ലേ സാഹിത്യം തെളിയേണ്ടത്? ഞാൻ എഴുതുന്ന ഭൂമികയിലെ മനുഷ്യർ, അത് എഴുതപ്പെട്ടത് അവർക്ക് വേണ്ടിയാണെന്ന് അറിയണമെന്ന് നിർബന്ധമില്ലാത്ത യന്ത്രമായി എഴുത്തുകാർ മാറുന്നുണ്ടോ…???

സാഹിത്യം ബുദ്ധനോ..? സിദ്ധാർത്ഥനോ?

സാഹിത്യത്തിനും കാലപരിണാമങ്ങൾ കൈവന്നിരിക്കുന്നുവെന്ന് വിശ്വസിക്കുമ്പോൾ, ഇന്നത്തെ സാഹിത്യം ബുദ്ധനിൽ നിന്നും സിദ്ധാർത്ഥനിലേക്ക് തിരിച്ചു നടന്നുവെന്ന് കൂടി വിശ്വസിക്കേണ്ടി വരും.

എഴുത്തുകാരനായ, ശ്രീ. അബ്ബാസ് മുഹമ്മദ് ഫേസ്ബുക്കിൽ അടുത്തിടെ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധിച്ചു. വര്ഷങ്ങളായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഒരു മനുഷ്യന് അവിടെത്തന്നെ വർഷാവർഷങ്ങളിൽ അരങ്ങേറുന്ന KLF എന്താണെന്ന് അറിയുന്നില്ല. അന്നം തേടി ഓടുന്നവന് എന്ത് സാഹിത്യം? എന്ത് KLF? അതൊക്കെ ചുമ്മാ ഇരിക്കുന്നവർക്ക് കൊള്ളാം സാറേ എന്നായിരുന്നിരിക്കുമോ അയാളുടെ ആത്മഗതമെന്ന് ഞാൻ വെറുതേ ആലോചിച്ചു നോക്കി. അതോ ഒരുപക്ഷേ, സാഹിത്യം ചുറ്റും ഭീമാകാരമായ മതിലുകളുള്ള, കാവൽക്കാരുള്ള ഒരു വലിയ മാളികയിൽ, സിദ്ധാർത്ഥനായി ( രാജാവായി )വസിക്കുകയാണോ? ഞാൻ സംശയിച്ചു.

ആർക്ക് വേണ്ടിയാണ് സാഹിത്യങ്ങൾ എഴുത്തുകാരന്റെ തൂലികയുടെ പുറംതോടുകൾ ഭേദിച്ചു പുറത്തേക്ക് വരേണ്ടത്? അമ്മയുടെ ഗർഭത്തിൽ നിന്നും പുറത്തു വരുന്നത് വരെ മാത്രമേ കുഞ്ഞ് അമ്മയുടെ സ്വകാര്യഅവകാശം ആകുന്നുള്ളൂ. അതിന് ശേഷം ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്. അവന്റെ നിലനിൽപ്പ് ആ സമൂഹത്തിലാണ്. അവൻ പരുവപ്പെടേണ്ടത് ആ സമൂഹത്തിലേക്ക് കൂടിയാണ്. ഇത് തന്നെയാണ് സാഹിത്യത്തിന്റെ പിറവിയിലും ഉണ്ടാവേണ്ടത്.

ഓരോ എഴുത്തുകാരനിൽ നിന്നും ഉതിർന്നു വീഴുന്ന പുസ്തകത്തെ,
” അതാ, നമുക്ക് വേണ്ടി കൂടി ” യെന്ന് സമൂഹം ചേർത്തു പിടിക്കുമ്പോഴേ അതൊരു യഥാർത്ഥ സാഹിത്യമായി മാറുന്നുള്ളൂ. സാഹിത്യത്തിനെ ഏതോ ഒരു പ്രത്യേകവിഭാഗത്തിന്റെ സംസ്കാരം എന്നുള്ളതിന് പകരം ഒരു സമൂഹത്തിന്റെ, രാജ്യത്തിന്റെ ലോകത്തിന്റെ തന്റെ നിലനില്പ് എന്ന് പരിഭാഷപ്പെടുത്തുകയാണ് ഓരോ സാഹിത്യകാരന്മാരും, സാഹിത്യോത്സവങ്ങളും സാധാരണക്കാരന് വേണ്ടി ചെയ്യേണ്ടത്.

സാഹിത്യം സിദ്ധാർത്ഥനിലേക്ക് തിരിച്ചു പോയതാണോ? അതോ ഇതുവരേയും ബുദ്ധനിലേക്ക് എത്താത്തതാണോയെന്നും ഞാൻ ചിന്തിച്ചു. അതേ നിമിഷം ആ ചിന്തയുടെ അടുത്ത് ആദ്യം വന്ന പേര്, കടപ്പുറത്തെ മനുഷ്യരെ എഴുതിയ ശ്രീമാൻ തകഴിയുടെ ” ചെമ്മീൻ ” എന്നുള്ള കൃതിയാണ്.
” ആ കൃതി, കടലോര നിവാസികളായ ഞങ്ങളെ കുറിച്ചാണെന്നും അത് എഴുതിയത് തകഴി ശിവശങ്കരപ്പിള്ള ആണെന്നും അവർ അറിഞ്ഞിരിക്കുമോ? ”

ഈ സംശയത്തിന്റെ നിവാരണത്തിനായി ഞാൻ സമീപിച്ചത്, എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ, ശ്രീ. പി. ജെ. ജെ ആന്റണി സാറിന്റെ അടുത്താണ്.

” മീൻപിടുത്തക്കാരുടെ ഇടയിലാണ് എന്റെ വീട് . പഴയ തലമുറയിലെ എല്ലാവർക്കും ചെമ്മീനും തകഴിയും സുപരിചിതം. പുതുതലമുറ അത്രയും അറിയുന്നില്ല. പാപബോധം മതബോധം കുറഞ്ഞ്വരുന്നു. പ്രണയത്തെ പുനർ നിർവചിച്ചിരിക്കുന്നു സമകാലം. വള്ളത്തിൽ പോയി ഇന്ന് മീൻ പിടിക്കുന്നില്ല. ബോട്ടും ചെറുകപ്പലുകളും ഇന്ന് പ്രിയം. ”

എനിക്കുള്ളിൽ ഇതേ ഉത്തരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. സാഹിത്യത്തിനും കാലത്തിനും ഇടയിൽ ഒരുപക്ഷേ നികത്തുവാൻ കഴിഞ്ഞേക്കാവുന്ന ഒരു വിടവ് സംഭവിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. ആ വിടവ് സാഹിത്യകാരന്മാരുടേയും ഉത്തരവാദിത്വം കൂടിയാണ്. നിങ്ങൾ, നിങ്ങളെ ക്കുറിച്ച് എഴുതുന്നത്, നിങ്ങൾ അറിയാതെ പോകരുതല്ലോയെന്ന് തന്നെയാണ് പറയുന്നത്.

സാഹിത്യകാരനെ അറിഞ്ഞില്ലയെങ്കിലും സാഹിത്യത്തെ അറിയേണ്ടതുണ്ട്. നിങ്ങൾക്ക് വേണ്ടി കൂടിയാണ് എന്റെ പേന ശബ്ദിക്കുന്നതെന്ന് പറയുവാൻ, സാഹിത്യം, സിദ്ധാർത്ഥകുമാരനിൽ നിന്നുമിറങ്ങി, ബുദ്ധന്റെ ബോധോദയത്തിലേക്ക് എത്തേണ്ടത് കൂടിയുണ്ട്.

” അഷിത ” യെന്ന പേര് കണ്ടമാത്രയിൽ
” അവർ ഇസ്ലാമാണോ? ഇസ്ലാമുകൾ, ശിവേന സഹനർത്തനമെന്ന് എഴുതുമോ? അവർക്ക് അതൊക്കെ പുച്ഛമല്ലേ? ” യെന്ന് എന്നോട് ചോദിച്ച ഒരു വ്യക്തിയെ ഈ നിമിഷം ഓർക്കുന്നു.

” ശിവേന സഹനർത്തനത്തിന്, ” ഹിന്ദുവുമായിട്ടല്ല മനുഷ്യനുമായിട്ടാണ് ബന്ധമെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ നിൽക്കാതെ അയാളെ ഞാൻ ഒഴിവാക്കിയതിൽ, ലളിതമായ ഒരു യുക്തിയുണ്ട്.

” മുറിഞ്ഞാൽ ചുവന്നചോര ഒരേപോലെ വരുന്നവർ സഹജീവികൾ ആണെന്നുള്ള അവരുടെ വേദന ഒരുപോലെ തന്നെ ആയിരിക്കുമെന്നുള്ള സാമാന്യബോധം ഇല്ലാത്തവരെ ഭരിക്കുന്നത്, വെറുപ്പും വിദ്വേഷവും, മതവും ( മദം ) തീവ്രവാദമനോഭാവങ്ങളും മാത്രമായിരിക്കും. അങ്ങനെയുള്ളവരെ തിരുത്തുവാൻ കഴിയില്ല. തർക്കിക്കുവാൻ തീരെയും കഴിയില്ല. ഉപേക്ഷിക്കുവാൻ മാത്രമേ കഴിയൂ”.

മനസ്സിൽ വീണ്ടും ആർക്ക് വേണ്ടിയാണ് സാഹിത്യം ഉണ്ടാവേണ്ടത് എന്നുള്ള ചോദ്യം.

അടുക്കളയിൽ പച്ചക്കറി നുറുക്കുന്ന ഒരാൾ, പുഴയിൽ നിന്നും മത്സ്യം പിടിക്കുന്നൊരാൾ, സവാരികൾക്ക് വേണ്ടി വരുന്നവരുടെ, ജാതി, മതം, രാഷ്ട്രീയം ( പേര് പോലും ) തിരക്കാത്ത ഒരാൾ. ഇവരൊക്കെ തന്റെ ജോലികൾക്കിടയിലും കവിതകൾ മൂളുന്ന, കഥകൾ സ്വരുക്കൂട്ടുന്ന കാലം ഉണ്ടാകുമെന്നും സാഹിത്യസിദ്ധാർത്ഥൻ മാളിക വിട്ട്, ബുദ്ധനായി പരിണമിക്കുമെന്നും സാഹിത്യം അതിന്റെ പൂർവ്വകാല വേരുകളിൽ പൊട്ടിക്കിളിർക്കുമെന്നും പ്രത്യാശിക്കാം.

ഹരിത. ആർ.

നന്ദി : ഈ ലേഖനത്തെ കുറിച്ചുള്ള ചിന്ത പകർന്നു നൽകുവാൻ സഹായിച്ച, ശ്രീ. മുഹമ്മദ് അബ്ബാസ് സാറിനും. സംശയനിവാരണം നൽകിയ ശ്രീ. P.J. ആന്റണി സാറിനും.

പ്രതികരണങ്ങൾ

 

ഇതിവൃത്തം വ്യത്യസ്തമായ ഒരു വായനാനുഭവം നൽകുന്നുണ്ട്. കൃത്യമായ ഒരു ഘടന നിലനിർത്തുന്നു എന്നതാണ് പ്രധാനം. വായനക്കുശേഷവും ചിന്തയിൽ നിൽക്കുന്ന അനുഭവം എല്ലാ എഴുത്തുകാരും നൽകുന്നു എന്നതും എടുത്തുപറയേണ്ടതു തന്നെയാണ്. അത് ലേഖനങ്ങളാകട്ടെ, കഥകളാകട്ടെ, കവിതകളാകട്ടെ. ആകെ മൊത്തം മനോഹരമാണ്. അഭിനന്ദനങ്ങൾ.

രമണി സി.കെ., ആലത്തൂർ

ഒക്ടോബർ ലക്കം എഡിറ്റോറിയൽ ശാസ്ത്രത്തിന്റെ ശാസ്ത്രീയത ഗംഭീരമായിരുന്നു. ശരിക്കും ശാസ്ത്രീയ അന്ധത ശാസ്ത്രീയമായി തന്നെ പറഞ്ഞു. ആരോഗ്യമേഖലയെക്കുറിച്ചുള്ള ലേഖനവും വളരെ നിലവാരം ഉള്ളതു തന്നെയായിരുന്നു. പ്രതിപാദ്യം എല്ലാ ലക്കങ്ങളും ഗംഭീരമാകുന്നുണ്ട്. സമകാലീന പ്രശ്നങ്ങൾ നർമ്മത്തിൽ അവതരിപ്പിക്കുന്ന ഈ പംക്തി മാസികയ്ക്ക് അഭിമാനം തന്നെയാണ്. കഥകൾ, കവിതകൾ എല്ലാം മനോഹരം.

ശ്രീ ലക്ഷ്മി ദാമോദരൻ, പട്ടാമ്പി

ഇതിവൃത്തം മാസിക നല്ല നിലവാരം പുലർത്തുന്നുണ്ട്. മുഖമൊഴി, പ്രതിപാദ്യം എന്നിവ ചിന്തയുണർത്തുന്നവയാണ്. ആരോഗ്യം, യാത്ര, ലേഖനങ്ങളും, പുസ്തകാസ്വാദനവും വളരെ ഉപകാരപ്രദം തന്നെ. കഥകളും കവിതകളും ഒന്നിനൊന്നു മെച്ചം. വിലാസിനി രാജീവ് എഴുതിയ രക്തം ഗംഭീരം. ഇത്തരം സ്ത്രീ എഴുത്തുകാരെയാണ് ഇന്ന് നമുക്കാവശ്യം. എല്ലാ ഭാവുകങ്ങളും നേരുന്നു.

 ഭവാനി, മുവാറ്റുപുഴ.   

മലയാളത്തിൽ ഇന്ന് ധാരാളം പേപ്പർ മാസികകളും ഓൺലൈൻ മാസികകളും ഉണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തമാണ് ഇതിവൃത്തം എന്ന് പറയാൻ തോന്നുന്നു. എനിക്കേറ്റവും ഇഷ്ടം നല്ല ചിന്തകൾ നൽകുന്ന മുഖമൊഴി തന്നെയാണ്. ഇന്ന് ഇത്തരം എഡിറ്റോറിയലുകൾ വിരളമാണ്. അധികം പറയുന്നില്ല, എന്നാൽ ഇരുത്തി ചിന്തിപ്പിക്കുന്നു. പ്രതിപാദ്യമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. സരസമായ ശൈലിയിൽ പറയേണ്ടത് പറയുന്നു. ഇത് രണ്ടുമാണ് ഇതിവൃത്തത്തെ മറ്റു മാസികകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. കഥകളും കവിതകളും മറ്റു ലേഖനങ്ങളും മികച്ചവ തന്നെ. എല്ലാവർക്കും സ്നേഹാശംസകൾ.

സിന്ദുജ പ്രദീപ്, കോഴിക്കോട്

ഒരു വർഷത്തിലേറെയായി ഇതിവൃത്തം വായിക്കുന്നു. അന്നും ഇന്നും മനോഹരം. ഞാൻ വായിക്കുവാൻ ലിങ്ക് കൊടുത്ത പലരും ഇതേ അഭിപ്രായക്കാർ തന്നെയാണ്. വളരെ സന്തോഷം. അണിയറപ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും.

ഉമ രാജശേഖരൻ, കോയമ്പത്തൂർ

കെട്ടിലും മട്ടിലും മനോഹരം. പ്രതിപാദ്യവും മുഖമൊഴിയും അതി മനോഹരം. കഥകളും, കവിതകളും മികച്ച നിലവാരം പുലർത്തുന്നു. യാത്ര ഗംഭീരം. ആരോഗ്യ ലേഖനം നല്ല അറിവുകൾ നൽകുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ

റ്റി. കെ. ജോസഫ്, മുവാറ്റുപുഴ

മാസിക വളരെ നന്നാവുന്നുണ്ട്. ഓഫീസ് യാത്രകളിലാണ് വായന. ജിസ പ്രമോദിന്റെ കരിമർമ്മം എന്ന കഥ വളരെയിഷ്ടപ്പെട്ടു. പുസ്തകാസ്വാദനം അസ്സലാകുന്നുണ്ട്. മുൻനിര മാസികകൾക്കൊപ്പം തന്നെയാണ് എന്റെ മനസ്സിൽ ഇതിവൃത്തത്തിന്റെയും സ്ഥാനം.

പ്രതിഭ കെ. ആർ, തൃപ്പൂണിത്തുറ

ഇതിവൃത്തം മാസികയ്ക്ക് എല്ലാവിധ ആശംസകളും. ഡോക്ടറുടെ കൈകളിൽ മാസിക ഭദ്രമാണെന്നറിയാം. ഇനിയും ധാരാളം വളർച്ച ഉണ്ടാകട്ടെ.

രതീഷ് നായർ, കോഴിക്കോട്

ഇതിവൃത്തത്തിന്റെ സാരഥികൾക്ക് ആശംസകൾ അറിയിക്കുന്നു.
എല്ലാ താളുകളിലും നിറയെ അറിവുകൾ, കഥകൾ കവിതകൾ.
സ്നേഹത്തോടെ

റാണി സുനിൽ, ലണ്ടൻ

അടുത്തകാലത്താണ് ഇതിവൃത്തം വായിക്കുവാൻ തുടങ്ങിയത്. നല്ല അടുക്കും അടുക്കും ചിട്ടയുമോടെ മാസികയിൽ ഓരോന്നിനും സ്ഥാനം നിശ്ചയിച്ചിട്ടുള്ളതിനാൽ ഇച്ഛയ്ക്കനുസരിച്ച് വായിക്കുവാൻ എളുപ്പമുണ്ട്. ഡോക്ടർ സുമേഷ് രാമചന്ദ്രന്റെ ശശി ഋഷിമാർ മാസികയ്ക്ക് നല്ലൊരു മുഖപ്രൗഢി നൽകി. രണ്ടു പ്രതിഭകളുടെ നീണ്ട യാഥാർഥ്യങ്ങൾ ഇത്രയും ക്രോഡീകരിച്ച് എഴുതാൻ സാധാരണ എഴുത്തുകാർക്ക് അസാധ്യമാണ്. എപ്പോഴും താങ്കളുടെ തൂലിക ചലിച്ചുകൊണ്ടിരിക്കട്ടെ. തുടർന്നുള്ള പ്രതീക്ഷകളോടെ ഒരു വായനക്കാരൻ.

ചന്ദ്രശേഖരൻ, കോയമ്പത്തൂർ

ഗംഭീരമായ ഒരു വായന നൽകുന്നുണ്ട് ഇതിവൃത്തം മാസിക. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. പ്രതിപാദ്യം ഗംഭീരം. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

രേവതി ബാലകൃഷ്ണൻ, തൃപ്പൂണിത്തുറ

ധാരാളം മാസികൾ ഓൺലൈനിൽ ലഭ്യമാണ്. പലതിന്റേയും പേരു പോലുമറിയില്ല. എന്നാൽ മറ്റു മാസികകളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഇതിവൃത്തം. നല്ല നിലവാരം പുലർത്തുന്നു. ഒരു നോവൽ കൂടി തുടങ്ങാമായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്. ഒത്തിരി സ്നേഹത്തോടെ.

രശ്മി മേനോൻ, പട്ടാമ്പി

കവിതകളിൽ ഏതാണ് നല്ലത് എന്ന് വിലയിരുത്താൻ കഴിയാത്തത്ര മനോഹരങ്ങളായ കവിതകൾ, കഥകൾ, യാത്ര, ആരോഗ്യം, പാചകം, പുസ്തകാസ്വാദനം, തുടങ്ങി എല്ലാം മനോഹരം. പ്രതിപാദ്യം എടുത്തു പറയേണ്ട ഒന്നു തന്നെ. ലളിതവും രസകരവുമായ ശൈലി. ഇങ്ങനെയും ചിന്തിക്കാമല്ലോ എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും. അഭിനന്ദനങ്ങൾ

കെ. എം. മുസ്തഫ, ഷാർജ

മലയാള ഭാഷയ്ക്കു തന്നെ ഒരലങ്കാരമാണ് ഇതിവൃത്തം മലയാള മാസിക. നല്ല കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു മാസിക. മലയാള സാഹിത്യം സ്ത്രീ എഴുത്തുകാരെ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പലയിടങ്ങളിലും കാണുന്നുണ്ട്. അതിനൊരപവാദം കൂടിയാണ് ഈ മാസിക. ധാരാളം നല്ല എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ മാസിക. അതിൽ വലിയൊരു ശതമാനം എഴുത്തുകാരും സ്ത്രീകൾ ആണ് എന്നതിൽ ഒരു സ്ത്രീ എന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നു.

നിർമ്മല എം കെ , ചാലക്കുടി

പേരുപോലെ മനോഹരങ്ങളായ ഇതിവൃത്തവും. ഞാൻ ആസ്വദിച്ചു വായിക്കുന്ന ഒരു മാസികയാണ് ഇതിവൃത്തം. ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം ആണ് ആദ്യം വായിക്കുക. സരസമായ പ്രതിപാദ്യം. ആരോഗ്യ, സഞ്ചാര ലേഖനങ്ങളും കേമം. പുസ്തകാസ്വാദനം പലപ്പോഴും ആ പുസ്തകങ്ങൾ വാങ്ങലിൽ തന്നെയെത്തിക്കുന്നു. കഥകളും കവിതകളും നിലവാരം പുലർത്തുന്നവ തന്നെ. ഇതിവൃത്തത്തിന്റെ വിജയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും.

ഉദയൻ രാമകൃഷ്ണൻ, സിഡ്നി, ഓസ്ട്രേലിയ.

ഫേസ്ബുക്കിലൂടെയുള്ള പരിചയമാണ് എനിക്ക് ഡോ. സുനീത് മാത്യുവിനോടുള്ളത്.താങ്കളുടെ കുറച്ചു കഥകൾ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. മനോഹരമായ കഥകൾ ആയിരുന്നു. അവയെല്ലാം. എന്നാൽ ഇതിവൃത്തം മാസികയിൽ താങ്കളുടെ കഥകൾ കാണുന്നില്ല എന്നത് ദുഃഖകരം തന്നെയാണ്. ഇടയ്ക്കിടയ്ക്ക് താങ്കളുടെ കഥകളും പ്രതീക്ഷിക്കുന്നു. ഇന്തോന്വേഷ്യൻ ദിനങ്ങൾ മനോഹരമാകുന്നുണ്ട്. മാസികയിലെ സൃഷ്ടികൾ എല്ലാം മികച്ചവ തന്നെ. അഭിനന്ദനങ്ങൾ.

ഷൈനി സോമസുന്ദരം, തിരുവനന്തപുരം.