പീനട്ട് ബട്ടർ എനർജി ബൈറ്റ്സ്

അടുപ്പിൽ വെച്ച് പാചകം ചെയ്യേണ്ട ആവശ്യമില്ലാത്ത, പെട്ടെന്ന് തയ്യാറാക്കാവുന്ന ‘പീനട്ട് ബട്ടർ എനർജി ബൈറ്റ്സ് തയാറാക്കാം. ഇത് തയ്യാറാക്കാൻ വെറും 10 മിനിറ്റ് മതിയാകും.

ആവശ്യമായ ചേരുവകൾ:

ഓട്സ് – 1 കപ്പ്

പീനട്ട് ബട്ടർ – ½ കപ്പ്,

തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് – ⅓ കപ്പ്,

ഫ്ലാക്സ് സീഡ്സ് (flaxseeds) അല്ലെങ്കിൽ ചിയ സീഡ്സ് – 2 ടേബിൾസ്പൂൺ,

ചോക്ലേറ്റ് ചിപ്സ് അല്ലെങ്കിൽ ഉണക്കമുന്തിരി – ¼ കപ്പ്

മിശ്രിതം തയ്യാറാക്കൽ:

ഒരു വലിയ പാത്രത്തിൽ എല്ലാ ചേരുവകളും ചേർക്കുക. മിശ്രിതം ഒട്ടിപ്പിടിക്കുന്ന സ്വഭാവമുള്ള, ഒരേ പരുവത്തിലുള്ള മാവായി മാറുന്നത് വരെ നന്നായി ഇളക്കുക.

തണുപ്പിക്കൽ:

പാത്രം ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ ഫ്രിഡ്ജിൽ വെക്കുക. ഇത് മിശ്രിതം ഉരുട്ടിയെടുക്കാൻ എളുപ്പമാക്കുന്നു.

ഉരുട്ടൽ:

പാകത്തിനുള്ള ചെറിയ ഭാഗങ്ങൾ എടുത്ത് കൈകൊണ്ട് 1 ഇഞ്ച് വലിപ്പമുള്ള ഉരുളകളാക്കി മാറ്റുക.

സൂക്ഷിച്ചുവെക്കൽ:

ഈ ഉരുളകൾ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഇവ ഒരാഴ്ച വരെ ഫ്രിഡ്ജിലോ, മൂന്ന് മാസം വരെ ഫ്രീസറിലോ സൂക്ഷിക്കാവുന്നതാണ്.

മുകളിൽ പറഞ്ഞ അളവിൽ തയ്യാറാക്കുന്ന മിശ്രിതം 12 തുല്യ ഭാഗങ്ങളായി ഉരുട്ടിയാൽ ഓരോ പീനട്ട് ബട്ടർ എനർജി ബോളിലും ഏകദേശം 127 കലോറിയും 4.2 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കും.

ഡോ. ഷേർലി സുനീത് 

ചക്ക–ചിയ എനർജി ബോൾസ്

കേരളത്തിന്റെ സ്വന്തം ചക്കയ്ക്ക് ഒരു മോഡേൺ ട്വിസ്റ്റ്

“പാചകം വേണ്ട, എണ്ണ വേണ്ട, 10 മിനിറ്റിൽ റെഡി!”

ചക്കയും തേങ്ങയും കേരളത്തിന്റെ സ്വന്തം ഫലങ്ങൾ. അതിനൊപ്പം ഈന്തപ്പഴം, ചിയ, എള്ള്, നിലക്കടല എന്നിവ ചേർത്താൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പോഷകസമൃദ്ധമായ ഒരു സ്നാക്ക് ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

പഴുത്ത ചക്കച്ചുള – 1 കപ്പ്
വറുത്ത നിലക്കടല – ½ കപ്പ്
തേങ്ങ ചിരകിയത് – ¼ കപ്പ്
ചിയ സീഡ്സ് – 1 ടേബിൾസ്പൂൺ
എള്ള് – 1 ടേബിൾസ്പൂൺ
ഈന്തപ്പഴം – 4–5 എണ്ണം, കുരു കളഞ്ഞത്
ഏലയ്ക്കാപ്പൊടി – ¼ ടീസ്പൂൺ
ഒരു നുള്ള് ഉപ്പ്

തയ്യാറാക്കുന്ന വിധം

ചക്കച്ചുളയും ഈന്തപ്പഴവും മിക്സിയിൽ ഇട്ട് ചെറുതായി അരയ്ക്കുക.
നിലക്കടലയും തേങ്ങയും ചേർത്ത് വീണ്ടും ഒന്നുകൂടി ചെറുതായി അടിക്കുക.. പൂർണ്ണമായി പേസ്റ്റ് ആക്കേണ്ടതില്ല.

ഇതിലേക്ക് ചിയ സീഡ്സ്, എള്ള്, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക.

ചെറിയ ഉരുളകളാക്കി കൈകൊണ്ട് ഉരുട്ടിയെടുക്കുക.
പുറത്ത് കുറച്ച് തേങ്ങ ചിരകിയത് അല്ലെങ്കിൽ എള്ള് വിതറി അലങ്കരിക്കാം.

15–20 മിനിറ്റ് ഫ്രിഡ്ജിൽ വെച്ചാൽ കൂടുതൽ സെറ്റ് ആകും.

ഉരുളകൾക്ക് പകരം മിനി കപ്പുകളിൽ നിറച്ചും നൽകാം. മുകളിൽ ഒരു കശുവണ്ടി വച്ച് അലങ്കരിച്ചാൽ വളരെ ആകർഷകമാകും.

എന്തുകൊണ്ട് ഇത് നല്ലൊരു സ്നാക്കാണ്?

ചക്കയിൽ നിന്ന് സ്വാഭാവിക മധുരവും ഫൈബറും, നിലക്കടലയിൽ നിന്ന് പ്രോട്ടീനും നല്ല കൊഴുപ്പും, ചിയയും എള്ളും വിത്തുകളിൽ നിന്ന് ഫൈബറും വിവിധ മൈക്രോന്യൂട്രിയന്റുകളും ലഭിക്കും. പഞ്ചസാരയോ ഡീപ്പ് ഫ്രൈയിംഗോ ആവശ്യമില്ല. എന്തിന് പാചകം തന്നെ ആവശ്യമില്ല.

ഡോ. ഷേർലി സുനീത്

എഗ്ഗ് പിസ്സ

മുട്ടയുടെ ഗുണങ്ങൾ അറിയാത്തവരായി ആരുമുണ്ടാകില്ല. അത്രയും പോഷക സമ്പുഷ്ടമാണ് മുട്ട. പലകുട്ടികൾക്കും സ്ഥിരമായി കഴിക്കുന്ന മുട്ട പലപ്പോഴും ഇഷ്ടപ്പെടാറില്ല. എന്നാൽ അതൊരു പിസ്സ ആയി കഴിക്കുമ്പോൾ അവർക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്യും. മാത്രമല്ല പൂർണ്ണമായും ആരോഗ്യദായക ചേരുവകകൾ മാത്രമാണ് ഇതിൽ ഉള്ളത്.

ചേരുവകൾ


പുഴുങ്ങിയ മുട്ട 3
പച്ചമുട്ട 2
നാന്നായി അരിഞ്ഞ സവാള ഒരു പകുതി.
നന്നായി അരിഞ്ഞ ക്യാപ്‌സിക്കം 3 സ്പൂൺ
മുളകുപൊടി 1 ടേബിൾ സ്പൂൺ
മൊസെറില്ല ചീസ് ചീകിയത് 4 ടേബിൾ സ്പൂൺ
എണ്ണ 2 ടേബിൾ സ്പൂൺ
ഗോതമ്പുപൊടി 3 ടേബിൾ സ്പൂൺ
പാൽ 1/2 കപ്പ്
മല്ലിയില അരിഞ്ഞത് 3 ടേബിൾ സ്പൂൺ
ഒറിഗാനോ 1 ടീ സ്പൂൺ

പാചക രീതി

ഒരു പാനിൽ എണ്ണയൊഴിച്ച് അതു ചൂടാകുമ്പോൾ അതിലേയ്ക്ക് അരിഞ്ഞുവച്ചിരിക്കുന്ന ക്യാപ്സിക്കവും സവാളയും ഇട്ടു വരട്ടുക. അതിലേയ്ക്ക് ഗോതമ്പുപൊടിയും, പച്ചമുട്ടയും,പാലും, ഉപ്പും, മുളകും ചേർത്തു കുഴച്ച മിശ്രിതം ഒഴിച്ച ശേഷം, രണ്ടായി മുറിച്ച മുട്ടകൾ ക്രമമായി കമിഴ്ത്തി വയ്ക്കുക. അതിനു മുകളിൽ ചീകി വച്ചിരിക്കുന്ന ചീസ് വിതറുക. ശേഷം പാൻ അടച്ച് 8 മുതൽ 10 മിനിട്ട് ചെറിയ തീയിൽ വേവിക്കുക. രുചികരവും ആരോഗ്യകരവുമായ എഗ്ഗ് പിസ്സ റെഡി.
ഗോതമ്പിനു പകരം മൈദ ചേർത്താൽ രുചികൂടും. ആരോഗ്യദായകമെന്ന നിലയിലാണ് ഇതിൽ ഗോതമ്പുപൊടി ചേർത്തിരിക്കുന്നത്.

ഡോ. ഷേർളി സുനീത്