

രാജസ്ഥാനിലെ ജൈസാൽമീരിൽ നിന്നും ഖുറി ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്. നേർരേഖ പോലെ തോന്നിക്കുന്ന നീണ്ട പാത, ജൈസൽമീർ നഗരത്തിൽ നിന്ന് അകന്നകന്നു പോകുന്തോറും വഴി കൂടുതൽ വിജനമായി മാറുന്നു. അസ്സഹനീയമായ ചൂടാണ്, ഉഷ്ണകാറ്റും പൊടിയും മുഖത്തേക്ക് അടിച്ചു വീശുന്നു.
റോഡിനിരുവശവും അധികം ഉയരം വെക്കാത്ത മുൾചെടികൾ അങ്ങിങ്ങായി കാണാം, ഒരൊറ്റ മനുഷ്യ ജീവിയെയും കാണാനില്ല.
വരണ്ട ഉഷ്ണകാറ്റ് കൊണ്ടുള്ള ബൈക്ക് യാത്ര ഒരേ സമയം ആസ്വാദ്യവും അത് പോലെ ബുദ്ധിമുട്ടേറിയതുമാണ്. വഴിയരികിൽ വണ്ടി നിർത്തി വെള്ളം കുടിക്കാൻ പോലും ഒരു തണൽ മരം കാണാത്ത അവസ്ഥ.
മണിക്കൂറുകൾ നീണ്ട യാത്രകൊടുവിൽ ഒരു ഗ്രാമം എന്ന് തോന്നിക്കുന്ന ഒരിടത്തെത്തി. അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകൾ കാണാം. ഇവിടുത്തെ കെട്ടിടങ്ങൾക്കൊക്കെ ഒരേ ആകൃതിയും നിറവുമാണ്. സ്വർണ നിറമുള്ള കല്ലുകൾ ചെത്തിയെടുത്തു നിർമിച്ച മനോഹരമായ കൊച്ചു വീടുകൾ. ദൂരെ നിന്ന് നോക്കുമ്പോൾ തവിട്ട് കലർന്ന മഞ്ഞ നിറമുള്ള ഈ കെട്ടിടങ്ങൾ കാണാൻ നല്ല ഭംഗിയാണ്.
ഗ്രാമത്തിന് നടുവിൽ കണ്ട ഒരു കുഞ്ഞു മരത്തിനടിയിൽ ബൈക്ക് നിർത്തി കുറച്ചു സമയം വിശ്രമിച്ചു യാത്ര തുടരാൻ തീരുമാനിച്ചു. മരം എന്നൊന്നും പറയാൻ പറ്റില്ല, ഒരാൾ പൊക്കം മാത്രമുള്ള ഒരു മുൾ ചെടി..
ഖുലിയ എന്നാണ് ഈ ഗ്രാമത്തിന്റെ പേര്.ഇസ്ലാം മത വിശ്വാസികൾ കൂടുതലായി താമസിക്കുന്ന ഗ്രാമമാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.ഗ്രാമത്തിലെ വീടുകളുടെ മുകളിൽ മീലാദ് നബി എന്ന് അറബിയിൽ എഴുതിയ കൊടികൾ കാണാം. മൗലിദ് മാസം ആയതിനാലാവും.
മരത്തിനിടയിലെ ഞങ്ങളുടെ ഇരുപ്പ് കണ്ടു കുറച്ചു കുട്ടികൾ ചുറ്റും കൂടി. ബാഗിൽ ഉണ്ടായിരുന്ന മുട്ടായികൾ അവർക്ക് കൊടുത്തപ്പോൾ എല്ലാവർക്കും ഭയങ്കര സന്തോഷം. കുട്ടികളെല്ലാവരും മിടുക്കരാണ്, ചിലർ യൂണിഫോം ഇട്ടിരിക്കുന്നു, സ്കൂളിൽ എന്തോ പരിപാടി ആയതിനാൽ ഇപ്പൊ ക്ലാസ്സ് ഇല്ല എന്നാണവർ പറഞ്ഞത്.ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ കേരളത്തെ പറ്റിയായി മക്കളുടെ ചോദ്യങ്ങൾ. ഇവിടുത്തെ കാലാവസ്ഥ, മഴ, കടൽ, മരങ്ങൽ, കാട് തുടങ്ങിയ കാര്യങ്ങളെല്ലാം മക്കൾ വലിയ അത്ഭുതത്തോടെ കേട്ടിരുന്നു.
ഭൂരിപക്ഷം കുട്ടികൾക്കും പഠിച്ചു അധ്യാപകർ ആവാനാണ് താല്പര്യം, ഡോക്ടർ ഒക്കെ ആവാൻ ഒരുപാട് പഠിക്കണം, അദ്ധ്യാപകൻ ആവാൻ കുറച്ചു പഠിച്ചാൽ മതി എന്നാണ് അവരുടെ വാദം.
ഖുലിയ ഗ്രാമവാസികൾ അധികവും കൽ പണിക്കാരും ഒട്ടക സഫാരിക്കാരുമാണ്. ഇവിടുത്തെ മിനുസമുള്ള കല്ലുകളിൽ അവർ മനോഹരമായ കൊത്തുപണികൾ നടത്തുന്നു. കുറച്ചു പേര് കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന സാം മണൽ പരപ്പിൽ സഞ്ചാരികൾക്കായി ഒട്ടക സഫാരിയും നിശാ ക്യാമ്പും സംഘടിപ്പിച്ചു ജീവിതമാർഗം കണ്ടെത്തുന്നു
ഖുലിയയിലെ മക്കളോട് സംസാരിച്ചിരുന്നു സമയം ഒരുപാടു വൈകി. എത്ര പെട്ടെന്നാണ് ഒരാത്മബന്ധം അവരുമായി ഉണ്ടായത്. വീണ്ടും വരാംഎന്ന ഭംഗി വാക്കും പറഞ്ഞു ഞങ്ങൾ ഖുറി ലക്ഷ്യമാക്കി നീങ്ങി.
ഖുറിയുടെ പേര് എഴുതിയ മൈൽ കുറ്റികളിൽ കിലോമീറ്ററുകൾ കുറഞ്ഞു കുറഞ്ഞു വന്നു . ഒടുവിൽ മൂന്നോ നാലോ കടകൾ മാത്രമുള്ള ഒരു ചെറിയ അങ്ങാടിയിൽ എത്തിച്ചേർന്നു.
ഇന്നത്തെ രാത്രി താമസിക്കാനുള്ള ബാധൽജിയുടെ വീട് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ബാധൽജി ഖുറി ഗ്രാമത്തിലെ ഒരു കർഷകനാണ്. വീടിനോട് ചേർന്ന് ചെറിയ ഹോംസ്റ്റെ നടത്തുന്നു. ബാധൾജിയുടെ വീട് തന്നെയാണ് ഹോം സ്റ്റെ ആയി മാറിയിരിക്കുന്നത്. വീടിനോട് ചേർന്നു തനത് രാജസ്ഥാൻ ശൈലിയിൽ മൺകുടിലുകൾ പണിതിട്ടുണ്ട്.
ബാധൽജി ഒരടിപൊളി മനുഷ്യനാണ്.ഒത്തിരി ആർഭാടങ്ങളൊക്കെയുള്ള മരുഭൂമിയിലെ ക്യാമ്പിങ് ടൂറിസത്തോടെ അദ്ദേഹത്തിന് വലിയ താല്പര്യം ഇല്ല. രാജസ്ഥാനിലേക്ക് വരുന്നവർ ഗ്രാമീണർക്കിടയിൽ താമസിച്ചു ഇവിടുത്തെ ജീവിതവും സംസ്കാരവുമെല്ലാം മനസ്സിലാക്കണമെന്നാണ് മൂപ്പരുടെ വാദം.
പ്രധാനമായും രണ്ട് തരത്തിലുള്ള താമസ സൗകര്യങ്ങയാണ് ബാദൽ ഹോമിൽ ഉല്ലത്. ഒന്നാമത്തേത് ബാധൽ ജിയുടെ വീട്ടിൽ, അതായത് മൺ കുടിലിൽ താമസിക്കാം, താല്പര്യമുണ്ടെങ്കിൽ കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന മരുഭൂമിയിലേക്ക് ഒട്ടക സഫാരി നടത്തി സൂര്യസ്ത്മയം കണ്ടു തിരികെയെത്താം. അവരുടെ വീട്ടിൽ വെച്ചുണ്ടാക്കിയ ഭക്ഷണമെല്ലാം കഴിച്ചു അന്ന് രാത്രിയവിടെ താമസിക്കാം.
രണ്ടാമത്തെ ഓപ്ഷൻ കുറച്ചു സഹസികമായതാണ്, ബാധൽ ഹോമിൽ നമ്മുടെ ബാഗുകൾ എല്ലാം വെച്ച് ഒരു രാത്രി മരുഭൂമിയിൽ തങ്ങാനാവശ്യമായ വസ്ത്രങ്ങളും പുതപ്പും പാചകത്തിനുള്ള പാത്രങ്ങളുമെല്ലാം എടുത്ത് ഒട്ടകപ്പുറത്തേറി മരുഭൂമിയിലേക്ക് പോകാം. സൂര്യസ്തമായതിനു മുന്നേ അവിടെയെത്തി, ഭക്ഷണം ഉണ്ടാക്കി അന്ന് രാത്രി മരുഭൂമിയിൽ കിടന്നുറങ്ങാം
വിജനമായ മരുഭൂമിയിൽ ഒരു രാത്രി, കൂട്ടിനു മറ്റാരുമില്ല. ഒരു സഹായത്തിനായി ഒട്ടക സഫാരിക്കാരൻ ആ പരിസരത്തു ഉണ്ടാകുമെന്ന് മാത്രം. അല്പം പേടി തോന്നിയെങ്കിലും ഞങ്ങൾ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു.
വിജനമായ മരുഭൂമിയിൽ , ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി മണൽ പരപ്പിൽ കിടന്നുറങ്ങുക. പരിമിതമായ സൌകര്യങ്ങൾ ഉപയോഗിച്ച് അവിടെ നിന്ന് ഭക്ഷണം ഉണ്ടാക്കുക,മരുഭൂമിയിലെ സൂര്യോദയം കണികണ്ടുണരുക.. എന്ത് സുന്ദരമായ അനുഭവം ആയിരിക്കുമല്ലേ!?
ആവശ്യ സാധനങ്ങളും പാത്രങ്ങളുമൊക്കെയെടുത്തു രണ്ട് ഒട്ടകപ്പുറത്തേറി ഞങ്ങൾ മരുഭൂമിയിലേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു പൊതു കിണറിനടുത്തു ഒട്ടകങ്ങളെ നിർത്തി നിർത്തി കന്നാസുകളിൽ വെള്ളം നിറച്ചു. തനി രാജസ്ഥാൻ ഗ്രാമീണ ജീവിതങ്ങളുടെ നേർ കാഴ്ച തന്നെയായിരുന്നു ആ പൊതു കിണർ.
കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും തലയിൽ കുടവുമെന്തി നടന്നു വരുന്ന സാരിത്തുമ്പ് കൊണ്ട് മുഖം മറച്ച രാജസ്ഥാനി സ്ത്രീകൾ. കുടങ്ങളിൽ വെള്ളം നിറച്ചു ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ കുടങ്ങൾ ഒന്നിന് മുഖളിൽ ഓരോന്നായി വെച്ച് അവരുടെ ദൂരെയുള്ള വീട്ടിലേക്ക് നടന്നു പോകുന്നു. കുടിവെള്ള ക്ഷാമത്തിന്റെ എറ്റവും മാരകമായ കാഴ്ച ഈ പൊതുകിണറിനടുത്തു നിന്നാണ് കണ്ടത്. ഇവരുടെ വീടിനടുത്തു ഇത്തരത്തിൽ പൊതു കിണറുകൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉണ്ടാക്കാൻ ശ്രമിക്കാമല്ലോ എന്നൊരാശയം ഗ്രീമീണനോട് പങ്കു വെച്ചപ്പോൾ ശുദ്ധജലം ലഭിക്കാൻ സാധ്യതയുള്ള ഇടങ്ങൾ വളരെ കുറവാണെന്നും വെള്ളം പെട്ടെന്ന് വറ്റിപോവാൻ സാധ്യതയുള്ളതിനാലാണ് പൊതുകിണറുകളിൽ മോട്ടോർ ഉപയോഗിച്ച് ജലവിതരണം നടത്താതെന്നും അദ്ദേഹം പറഞ്ഞു. റേഷൻ പോലെ കുടങ്ങളിൽ കുടിവെള്ളം ശേഖരിക്കുന്ന സ്ത്രീകളുടെ ദയനീയ മുഖങ്ങൾ നേർത്ത സാരിത്തുമ്പിനുള്ളിലൂടെ വ്യക്തമായി കാണാം.
ഞങ്ങളുടെ ഒട്ടകസഫാരിക്കാരൻ ഒരു ചെറിയ പയ്യനാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കും. പൊതുകിണറിനു അടുത്ത് ഒട്ടകങ്ങൾ നിർത്തി അവിടെയുള്ള സ്ത്രീകൾക്ക് വെള്ളം കോരി കൊടുത്താണ് അവൻ യാത്ര പുനരാരംഭിച്ചത് . ആ ഗ്രാമീണ സ്ത്രീകളുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് അവനു ചെറിയൊരിഷ്ടം ഉള്ളത് പോലെ അവന്റെ നോട്ടത്തിലും ഭാവത്തിലും തോന്നിയിട്ടുണ്ട്. ഒന്നും സംസാരിക്കാതെ ആ മേലുഞ്ഞുങ്ങിയ പെൺകുട്ടിക്ക് നേരെ കണ്ണെറിഞ്ഞു അവൻ തന്റെ ഇഷ്ടം അറിയിക്കുന്നു.സഞ്ചാരികളോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന ആ യുവാവിനെ വലിയ ആരാധനയോടെ ആ പെൺകുട്ടി നോക്കി നിൽക്കുന്നു. പരസ്പരം സംസാരിക്കാതെ, ആ രണ്ട് ഗ്രാമീണ ജീവിതങ്ങൾ ഒരുപാടു കാലമായി ഇങ്ങനെ കണ്ണ് കൊണ്ട് പ്രണയിക്കുന്നുണ്ടാവാം.. ഒരുപക്ഷെ ഇതെല്ലാം എന്റെ തോന്നലുമാവാം.
സൂര്യസ്തമായതിനു തൊട്ട് മുന്നേ മരുഭൂമിയിൽ എത്തി.ഖുറിയിലെ മണൽപരപ്പുകൾ പൊതുവെ ശാന്തമാണ്. മണൽപരപ്പിലൂടെ ചീറിപായുന്ന വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളൊന്നുമില്ലാതെ തനിച്ചിരുന്നു മരുഭൂമി ആസ്വദിക്കാം..
ഞങ്ങൾ മാത്രം..
മരുഭൂമിയിലെ സൂര്യസ്തമയം ഒരടിപൊളി കാഴ്ച തന്നെയാണ്. ഒട്ടകങ്ങളുടെ പാശ്ചാത്തലത്തിൽ ചുവന്നു തുടുത്ത സൂര്യൻ മരുഭൂമിയിൽ നിന്നകന്നു മറയുന്നു
രാത്രി വെളിച്ചത്തിന് മൊബൈൽ ഫ്ലാഷ് ആയിരുന്നു ഉപയോഗിച്ചത്. പക്ഷെ സമയം പോവുന്തോറും മരുഭൂമി കൂടുതൽ തെളിഞ്ഞു വന്നു.പൂർണ ചന്ദ്രൻ ശോഭയിൽ രാത്രി കാഴ്ച വ്യകതമായി കാണാൻ സാധിക്കുന്നുണ്ട്.
അവിടെയിരുന്നു ഭക്ഷണം ഉണ്ടാക്കി ഒട്ടകക്കാരനോടൊപ്പം ഭക്ഷണം കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു.
പകൽ പോലെയല്ല, രാത്രിയിൽ ചെറിയ തണുപ്പൊക്കെയുണ്ട് . കൊണ്ട് വന്ന പുതപ്പ് നിലത്തു വിരിച്ചാണ് കിടപ്പ്. ആകാശത്തു നിറയെ നക്ഷത്രങ്ങൾ, പൂർണ ചന്ദ്രൻ, പാശ്ചാത്തലത്തിൽ ഒട്ടകങ്ങൾ തീറ്റ തേടി നടക്കുമ്പോൾ അവയുടെ കഴുത്തിൽ അണിഞ്ഞ മരകഷ്ണങ്ങൾ കൂട്ടിയിടുക്കുന്ന ശബ്ദവും. എഴുതി ഫലിപ്പിക്കാൻ പറ്റാത്തത്രയും മനോഹരമായ ഒരു രാത്രി
ഉറക്കം വരാതെ, ആകാശവും നോക്കി ഞങ്ങൾ അവിടെ കിടന്നു.. ഇടക്കെപ്പോഴോ ഉറങ്ങി വീണു. പലപ്പോഴും ഞെട്ടി എണീറ്റു, വീണ്ടും ഉറങ്ങാതെ മാനം നോക്കി കിടന്നു.
ഉദയ സൂര്യകിരണങ്ങൾ കണ്ണിൽ തട്ടിയപ്പോൾ പല്ല് തേപ്പും ചായ കുടിയും കഴിഞ്ഞു ഞങ്ങൾ തിരികെ പുറപ്പെട്ടു.
പ്രഭാതം കർമങ്ങൾ നിർവഹിക്കാൻ ബാധൽ ഹോമിൽ എത്തണം.തലേ ദിവസം പോയ വഴിയിലൂടെയല്ല രാവിലത്തെ പോക്ക്.പോകുന്ന വഴിയിൽ അവന്റെ പ്രേമഭാജനം ഒരു ഇഷ്ടിക കളത്തിലിരുന്നു തന്റെ സഹപ്രവർത്തകരോടൊപ്പം ട്രാക്റ്ററിലേക്ക് ഇഷ്ടിക പെറുക്കിയിടുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ അവരുടെ കണ്ണുകൾ ഒരിക്കൽ കൂടി ദയനീയ നോട്ടതിനാൽ തങ്ങളുടെ പ്രണയ സന്ദേശങ്ങൾ കൈമാറി.
മറ്റൊരു മരുഭൂദിനത്തെ വരവേൽക്കാൻ ഖുറി ഗ്രാമം തയ്യാറാവുകയാണ്..
സുഹൈൽ സുഗു