

തീപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രവ്യവസായത്തെകുറിച്ച് കൂടുതൽ എന്തുപറയാനാണ്? അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നു കാലാകാലമായി കേട്ടുകൊണ്ടിരുന്നതെല്ലാം ഒരു റിപ്പോർട്ടായി എഴുതിവയ്ക്കപ്പെട്ടു എന്നത് മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പിന്നെ അതിനുശേഷമുള്ള വെളിപ്പെടുത്തലുകളും. മുൻപും വെളിപ്പെടുത്തലുകളും, കേസുകളും, അപവാദങ്ങളും, കുറ്റാരോപണങ്ങളും നടന്നിട്ടുണ്ട്. എന്നിട്ടെന്തായി? ആരെയെങ്കിലും ശിക്ഷിച്ചോ? പണവും, പവറും, പിടിയും ആവോളം കൂടെയുള്ളവർ എന്ത് പേടിക്കാനാണ്? കുറെ രാമൻപിള്ളമാരും, നരിമാൻമാരും, മുകുൾ റോഹ്‌തഗിമാരും കുറച്ചുകൂടി ധനികരാകും എന്നൊഴിച്ചാൽ, അധികമൊന്നും സംഭവിക്കാനിടയില്ല. ചിലതുകൂടി സംഭവിച്ചേക്കാം. ടി.വി. ചാനലുകൾ TRP റേറ്റിംഗ്‌കൂട്ടി പരസ്യവരുമാനം കൂട്ടും. ചില യൂട്യൂബ് ചാനലുകളും, യൂട്യൂബർമാരും കാശുണ്ടാക്കും. ശേഷം ചിന്ത്യം!
ചില ചോദ്യങ്ങൾ മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്? മേൽപ്പറഞ്ഞ കോലാഹലങ്ങളൊക്കെക്കൊണ്ട് സ്ത്രീസുരക്ഷ ഉറപ്പിക്കാമോ? സ്ത്രീകൾക്കു പേടികൂടാതെ തൊഴിലെടുക്കാൻ കഴിയുമോ? സിനിമാ വ്യവസായം നന്നാകുമോ?
‘ഇല്ല’ എന്നാണെനിക്കു തോന്നുന്നത്. കാരണം നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്. ദോഷം പറയുന്നതല്ല. നമ്മുടെ സാമൂഹിക, സാംസ്കാരിക, നിയമ, ഭരണരീതികളും, ഘടനയും ഒക്കെ അങ്ങനെയാണ്. ഒരുദാഹരണം പറയാം. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്‌ൻസ്‌റ്റെയ്‌നെതിരെ രണ്ടായിരത്തിപതിനേഴു ഒക്ടോബറിൽ പീഡന ആരോപണങ്ങളുണ്ടാകുന്നു. എൺപതോളം നടികൾ പരാതിയുമായെത്തി. കേസ് ആയി. മാർച്ച് രണ്ടായിരത്തിൽ അയാളെ 23 വർഷം തടവിനായി ശിക്ഷിച്ചു. ഇപ്പോൾ ജയിലിൽ. മൂന്നുവർഷം കൊണ്ട് തീരുമാനമായി. മാതൃകാപരം. ഈ മാതൃക ഇവിടെ സ്വീകരിക്കപ്പെടുമോ? ഇല്ല എന്നാണുത്തരമെങ്കിൽ വീണ്ടും മേൽപ്പറഞ്ഞപോലെ ക്രിമിനൽ വക്കീലൻമ്മാരുടെടെയും, ടി.വി. ചാനലുകളുടെയും, യൂട്യൂബ് ചാനലുകളുടെയും ഉന്നമനം ഉണ്ടാകും. ഇതിനിടയിൽ നിയമത്തിനുമുന്നിൽ എത്തിപ്പെടേണ്ട തെളിവുകളൊക്കെ എങ്ങോട്ടോ അലിഞ്ഞുപോകും. മൊഴികൾ മാറിമറിയും. പത്തിരുപതു വർഷങ്ങൾകഴിഞ്ഞു തെളിവുകളില്ലാതെ ആരെ ശിക്ഷിക്കാനാണ്?
ചലച്ചിത്ര വ്യവസായം പണത്തിന്റെയും പവറിൻ്റെയും ഗ്ലാമറിൻ്റെയും ലോകമാണ്. അത് സമൂഹത്തിന്റെ നേർപരിഛേദമല്ല. പണത്തിനും പവറിനും ഗ്ലാമറിനും വേണ്ടി ഏങ്ങനെ മനുഷ്യൻ്റെ ചിന്തകളും ബുദ്ധിയും പ്രവർത്തിക്കുന്നോ, അതൊക്കെ അവിടെയുണ്ട്. പണവും, പവറും, ഗ്ലാമറും കൂടുമ്പോൾ ജീവിതത്തിൻ്റെ ലഹരിയും ആസ്വാദ്യതയും കൂടും. ലഹരികൂടുമ്പോൾ ചിന്തയും, വിവേകവും കുറയും. നാലുചുമരുകളുടെ സ്വകാര്യതയിൽ ആരും എന്തും ചെയ്യും. ആണും, പെണ്ണും. ചിലതു പുറത്തുവരും. ഇതു കേൾക്കാൻ ആളുകൾ മാധ്യമങ്ങളുടെ മുന്നിൽ അടയിരിക്കും. കുറച്ചു നാൾ. പുതിയൊരു വെളിപ്പെടുത്തൽ വരുന്നതുവരെ എല്ലാവരും എല്ലാം മറക്കും. ഇതിനുവേണ്ടി പോരാടുന്നവരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, അവസരങ്ങൾ ഇല്ലാതെയാകും. എല്ലാം വിസ്‌മൃതിയിലേക്കു മറയും. പിന്നെ പുതിയ തലമുറകളും, പുതിയ വിവാദങ്ങളും. ലോകാവസാനംവരെ ഇതുതന്നെയായിരിക്കാം.
അതിനു കാരണമെന്തായിരിക്കും?
നമ്മൾതന്നെയാണതിനു കാരണക്കാർ! നമ്മൾ ജീവിക്കുന്ന സമൂഹം തന്നെയാണ് ഇതിനൊക്കെ കുടപിടിക്കുന്നതും, തൃണവൽക്കരിക്കുന്നതും, മറന്നുകളയുന്നതും, പൂഴ്ത്തിവെക്കുന്നതും, ചിലപ്പോഴൊക്കെ ആഘോഷിക്കുന്നതും. സ്വന്തമായൊരു അനുഭവം വരുന്നതുവരെ ടിവിയിലും യൂട്യൂബിലുമൊക്കെ നിറംപിടിപ്പിച്ച കഥകൾ കണ്ടാസ്വദിക്കുന്നവരുമാണ് നാമെല്ലാം. അതുവരെ ഇതൊക്കെ മറ്റുള്ളവരുടെ കഥകളും, ദുർവിധിയുമായും മാത്രം നമ്മൾ കാണും. ചിലപ്പോൾ ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടും. വേറൊന്നും ചെയ്യാൻ വഴിയില്ല.
സ്ത്രീസുരക്ഷ ലോകത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. അത് ഹനിക്കപ്പെടുന്നത് ഗ്ലാമർകൂടിയ സിനിമാ രംഗത്തായതുകൊണ്ട്, അതിനെ വലുതാക്കിക്കാണാനോ ചെറുതാക്കിക്കാണാനോ പാടില്ല. എവിടെ നടക്കുന്നു എന്നതിലല്ല, എന്ത് നടക്കുന്നു എന്നതാണ് പ്രധാനം. വെളിപ്പെടുത്തലുകൾ നടത്തുന്ന സിനിമാ പ്രവർത്തകർക്കുണ്ടാകുന്നതുപോലെയോ, അതിൽ കൂടുതലോ അനുഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതൊക്കെ നാം സൗകര്യപൂർവ്വം മറന്നുപോകുന്നതെന്താണ്? അത് മറ്റുള്ളവരുടെ മാത്രം പ്രശ്നങ്ങളാകുന്നിടത്താണ്, ഇവയൊക്കെ വീണ്ടും ഉണ്ടാകുന്നതും നമ്മളിലേക്ക് എത്തുന്നതും. ഒരു സമൂഹമായി, ഒറ്റക്കെട്ടായി നാമെന്താണ് ഇതിനെതിരെ ശക്തമായി പ്രതികരിക്കാത്തത്?
പിഞ്ചുകുഞ്ഞുങ്ങളെ ബലാൽക്കാരം ചെയ്തു കെട്ടിത്തൂക്കുന്നവരുടെ ജാതിയും, മതവും, പാർട്ടിയും നോക്കി മാത്രം പ്രതികരിക്കുന്നവരാണ് നമ്മൾ. ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരായ യുവതികളെപ്പോലും പിച്ചിച്ചീന്തുന്നവരുടെ സ്റ്റേറ്റ് ഓഫ് മൈൻഡ് (State of Mind) അല്ല, സ്റ്റേറ്റ് (സംസ്ഥാനം) ആണ് നമ്മുടെ പ്രതികരണങ്ങളുടെ മാനദണ്ഡം. ഒരേ രീതിയിയിൽ നടക്കുന്നു സ്ത്രീചൂഷണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുമ്പോൾ മാത്രം അന്ധരാകുകയും അത് ഉത്തരേന്ത്യയിൽ നടക്കുമ്പോൾ കവിത ചമക്കുകയും, പാടുകയും ചെയ്യുന്നവരാകുന്നു നമ്മൾ. നമ്മളെങ്ങനെ നമ്മളായെന്ന് വല്ലപ്പോഴുമെങ്കിലുമോർത്തു നോക്കാം.
ഗ്ലാമർ കൂടുന്നിടത്തെ മാത്രം സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലരാകുന്നവരാകരുതു നമ്മൾ. അത് കുറഞ്ഞയിടങ്ങൾ മറന്നുപോകുകയുമരുത്. ടിവിയിലും യൂട്യുബിലും ചാനൽ ചർച്ചകൾ കണ്ടു പ്രബുദ്ധരാകുമ്പോൾ സ്വന്തം വീട്ടിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്നുകൂടി അന്വേക്ഷിക്കുന്നവരാകണം നമ്മൾ. നിങ്ങളുടെ കൂടെ ജോലിചെയ്യുന്ന സ്ത്രീകൾക്കും സുരക്ഷയുണ്ടോയെന്നു കൂടി ഉറപ്പുവരുത്തണം. നാട്ടിൽ സ്ത്രീസുരക്ഷയില്ലെങ്കിൽ അതിനു കാരണക്കാർ ഞാനും നിങ്ങളും കൂടിയാണെന്ന് മനസ്സിലാക്കണം.
നാട് നന്നാകണമെങ്കിൽ നാട്ടാരും നന്നാകണം. നിയമങ്ങൾ സമയബന്ധിതമായി നടപ്പിലാക്കപ്പെടണം. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. സുരക്ഷിതം അല്ലെന്നു അറിയാവുന്ന തൊഴിലിടങ്ങളിൽ ജാഗ്രത പാലിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ മറ്റുസുരക്ഷിതമായ തൊഴിലുകൾ നേടാനുള്ള അറിവും കഴിവും സമ്പാദിച്ചു മുന്നേറണം.
“I am no longer accepting the things I cannot change. I am changing the things I cannot accept.” — Angela Davis
സുമേഷ് രാമചന്ദ്രൻ
“I am no longer accepting the things I cannot change. I am changing the things I cannot accept.” — Angela Davis
ഇതും. Possible ആണോ.