

വയലാർ അവാർഡും കേന്ദ്ര … കേരള സാഹിത്യ അക്കാദമി അവാർഡുകളും നേടിയ നോവൽ.
പ്രപഞ്ചം ആവർത്തനം കൊണ്ട് നിറഞ്ഞിരിക്കുന്നു. കാലവും ദേശവും കടന്ന് ഓരോ സംഭവവും വീണ്ടും ആവർത്തിക്കുന്നു. പ്രകൃതിയിലെ ചൈതന്യ രൂപികളൊക്കെ ജന്മാന്തരങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. ഓർമത്തെറ്റു പോലെ പാതി വഴിയിൽ വഴി മുടങ്ങി നിന്നു പോകുന്നു.
ബംഗ്ലാദേശിലെയുദ്ധം റിപ്പോർട്ടു ചെയ്യാനെത്തുന്ന കുഞ്ഞുണ്ണി യുദ്ധത്തിൻ്റെ അർഥശൂന്യതയും നിരർഥകതയുമാണ് ഓർത്തു പോകുന്നത്. താൽക്കാലിക വിജയാരവങ്ങൾക്കപ്പുറം പരന്നൊഴുകുന്ന കണ്ണീരിൻ്റെ സമുദ്രമാണ് കാണുന്നത്. മാനം നഷ്ടപ്പെട്ട സ്ത്രീകൾ, ജീവൻ നഷ്ടപ്പെടുന്ന ശിശുക്കൾ നാടും നഗരവും വിട്ട് പാലായനം ചെയ്യേണ്ടി വരുന്ന ജനങ്ങൾ … എല്ലാം ഒഴിവാക്കാമായിരുന്ന ദുരന്തങ്ങൾ. മുൻ കാല ചരിത്രങ്ങളും കഥകളും നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്ന സത്യങ്ങൾ.
യുദ്ധത്തിനു മുമ്പും പിമ്പും ആദ്യം കൈവെക്കുന്നത് പെണ്ണിൻ്റെ ഉടുവസ്ത്രത്തിലാണ്. കുഞ്ഞുണ്ണി മഹാഭാരതത്തോളം പിറകോട്ടു സഞ്ചരിച്ചു. അഴിച്ചെടുക്കുന്ന വസ്ത്രത്തുമ്പിൽ പിടിച്ച് അലമുറയിടുന്ന പാഞ്ചാലി. ധർമം രക്ഷിക്കപ്പെടണമെന്നു പറഞ്ഞു തുടങ്ങിയ യുദ്ധത്തിലുടനീളം അധർമത്തിൻ്റെ തേർവാഴ്ച’. സകലതും നഷ്ടപ്പെടുത്തി നേടിയ ജയത്തിൻ്റെ ദൈന്യ വിലാപം. അതു തന്നെയാണ് പിന്നെയും പിന്നെയും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
ബംഗ്ലാദേശിലും താൻ റിപ്പോർട്ടു ചെയ്യാൻ പോകുന്നത് ഇത്തരം ദീന വിലാപങ്ങളെ ത്തന്നെയാണ്. എഴുതുന്ന താനും വായിക്കുന്നവരും അറിയാതെ തന്നെ ഒരു തരം സുരതാനന്ദം അനുഭവിക്കുകയാണ്.
കുഞ്ഞുണ്ണിയുടെ സ്റ്റെനൊ ലളിതയുടെ സഹോദരൻ പട്ടാളത്തിലായിരുന്നു. നാഥനില്ലാത്തൊരു കറുത്ത പെട്ടി അച്ഛാ എന്ന വിലാപവുമായി അതിൻ്റെ വീടന്വേഷിച്ചു വന്ന ദിവസം.. ലളിത പഠിപ്പു നിർത്തി. ജോലിയന്വേഷിച്ചു ദില്ലിക്കു വന്നു. പാരായണജപങ്ങൾ മറന്നു. താളിയോലകൾ മറന്നു.: സാമീപ്യത്തിൻ്റെ നിമിഷത്തിൽ, സാമീപ്യത്തിൻ്റെ സമൃദ്ധമായ വിഷാദത്തിൽ, നമ്രശിരസ്കയായി നിന്ന പെൺകുട്ടിയുടെ ഉൾത്തലങ്ങളിൽ സങ്കീർത്തനത്തിൻ്റെ മൗന ധ്വനികൾ ഉയർത്തി കുഞ്ഞുണ്ണി നിന്നു.
ഒരു പിടി ധർമസങ്കടങ്ങളുടെ ആകെത്തുകയാണ് കുഞ്ഞുണ്ണിയുടെ ജീവിതം. തലയിണയ്ക്കടിയിൽ നിന്ന് കല്യാണിയുടെ കത്തെടുത്ത് കുഞ്ഞുണ്ണി ഒരിക്കൽക്കൂടി വായിച്ചു. പിനാകിയമ്മാവൻ വരുമ്പോളൊക്കെ അയാളുടെ നായയെയും കൂടെ കൊണ്ടുവരും. എനിക്ക് ആ നായയെ ഇഷ്ടമല്ല. അമ്മ വരില്ലെങ്കിൽ വേണ്ട എന്നെ തനിച്ചു വരാൻ സമ്മതിച്ചാലെന്താ..
തകർന്നു പോയൊരു വിവാഹ ജീവിതത്തിൻ്റെ നിഴൽ പരക്കുന്നുണ്ട് കുഞ്ഞുണ്ണിയുടെ ജീവിതത്തിൽ. ഒരുമിച്ചു കഴിയാൻ ആഗ്രഹിക്കുന്ന അച്ഛൻ്റേയും മകളുടെയും നിസ്സഹായതയും.
ബംഗ്ലാദേശിലേക്കു പുറപ്പെടുന്നതിനു മുമ്പായി കുഞ്ഞുണ്ണി ഭാര്യ ശിവാനിയേയും മകളേയും സന്ദർശിക്കുന്നു. ശിവാനിക്കു മാത്രമറിയാവുന്ന ചില കാരണങ്ങളാൽ അവൾ കുഞ്ഞുണ്ണിയെ ഒഴിവാക്കുന്നുണ്ട്. ഒരു പകൽ അത്രയും മകളോടൊപ്പം കഴിഞ്ഞ് കുഞ്ഞൂണ്ണി സ്വന്തം റൂമിൽ തിരിച്ചെത്തുന്നു. പോകുന്നതിനു മുമ്പ് മകൾക്ക് പനിയാണെന്നും സാരമാക്കാനില്ലെന്നും ശിവാനി കുഞ്ഞുണ്ണിയോടു പറയുന്നുണ്ട്.
യുദ്ധഭൂമിയിൽ വെച്ച് പരിക്കേറ്റ കുഞ്ഞുണ്ണിക്ക് മാസങ്ങൾക്കു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. സ്വന്തം ശരീരം ഇഷ്ടത്തിനനുസരിച്ച് ചലിപ്പിക്കാൻ വീണ്ടും മാസങ്ങൾ വേണ്ടിവന്നു. പരിക്ഷീണത വകവെക്കാതെ കല്യാണിയുടെ അടുത്തെത്തിയപ്പോൾ മകൾ മരണത്തോട് വളരെയധികം അടുത്തിരുന്നു. കല്യാണിയുടെ നെറുകയിൽ ചുംബിക്കാൻ കുനിഞ്ഞപ്പോൾ പിനാകി കുഞ്ഞുണ്ണിയെ വിലക്കി. അരുത്. സ്പർശം കുട്ടിക്ക് വേദനയായിരിക്കും. അവൾക്ക് രക്താർബ്ബുദമാണ്. നീണ്ടു നിന്ന പുത്രീ ധ്യാനത്തിനു ശേഷം കുഞ്ഞുണ്ണി തിരിഞ്ഞ് പൂറത്തെ ഇടനാഴിയിലേക്കു വന്നു.
‘രോഗത്തിൻ്റെ ഇടവേളകളിൽ കല്യാണി താങ്കളെ അന്വേഷിച്ചു കൊണ്ടിരുന്നു.’ പിനാകി സെൻഗുപ്ത പറഞ്ഞു.
അച്ഛൻ അരികിലിരുന്നിട്ടും കല്യാണി അത് അറിഞ്ഞില്ല. ബോധത്തിലേക്കു തിരിച്ചുവരാതെ അവൾ മരണത്തോടൊപ്പം പോയി.
ഹോട്ടലിലെത്തി. ശിവാനിയുടെ മുറിയിൽ കടലോരത്തെ മൗനം. ആ മൗനം തുടർന്ന് ഇപ്പോൾ അസഹ്യമായിത്തീർന്നു. ശിവാനി കുഞ്ഞുണ്ണിയുടെ മുമ്പിൽ മുട്ടുകുത്തി.
‘കല്യാണി പോവുകയാണ്’.. ശിവാനി പറഞ്ഞു “യാതൊരു ഭാരവും നാം അവളുടെ മേൽ ഏൽപ്പിച്ചു കൂടാ.
“ശിവാനി എന്താണ് പറയുന്നത്?”
“അങ്ങ് കല്യാണിയെ വെറുക്കരുത്. ആ ഭാരവും കൊണ്ട് അവൾ പോയിക്കൂടാ.കല്യാണി അങ്ങയുടെ കുട്ടിയല്ല. അവൾ പിനാകി യുടെ കുട്ടിയാണ്.”
കടലിൻ്റെ വിസ്തൃതിയിൽ ഇപ്പോൾ ഗുരുപ്രസാദം നിറഞ്ഞൂ.കടലിനു മുകളിൽ കുഞ്ഞുണ്ണി കല്യാണിയുടെ ശബ്ദം കേട്ടു.
അച്ഛാ.. അച്ഛൻ ഖേദിക്കുന്നുവോ?
അതെ മകളെ.
ജൈവ ധാരയുടെ നിരന്തര തയെക്കുറിച്ച് അച്ഛൻ്റെ പൂച്ച പരീക്ഷിത്ത് അച്ഛന് ഉപദേശം തന്നില്ലേ?
തന്നു
ഈ ജന്മത്തിലല്ലേ ഞാൻ അച്ഛൻ്റെ മകളല്ലാതായിരുന്നിട്ടുള്ളു.പി റ കോട്ട് തിരിഞ്ഞു നോക്കൂ.. അച്ഛന് ഓർമയില്ലേ.. ഞാൻ ശുകനും അച്ഛൻ വ്യാസനുമായിരുന്നത് ..
നിസ്സാന്ത്വനമായ തൻ്റെ മടക്കയാത്രയിൽ കുഞ്ഞുണ്ണി വിളിച്ചു പ്രലപിച്ചു’; ശുകാ.. ശുകാ.. മകനേ..
വിശ്വ പ്രകൃതി ചെകി ടോർത്തു. ശത കോടി ദലസ്വരങ്ങൾ ഇപ്പോൾ സമൂർത്തങ്ങളായി കല്യാണിയുടെ ശബ്ദത്തിൽ വിളി കേട്ടു .അച്ഛാ.. അച്ഛാ…
വിലാസിനി രാജീവൻ