

ആസാദി : അരുന്ധതി റോയി
സ്വാതന്ത്ര്യം .. ഫാസിസം.. സാഹിത്യം ..
വിവർത്തനം : ജോസഫ്.കെ.ജോബ്.
(അരുന്ധതി റോയിയുടെ ലേഖന സമാഹാരമായ ആസാദിക്കു നാൽപ്പത്തി അഞ്ചാമതു യൂറോപ്യൻ എസേ പ്രൈസ് ലഭിച്ചു. പുസ്തകത്തിൻ്റെ ഫ്രഞ്ചു പരിഭാഷയ്ക്കാണ് അംഗീകാരം.)
ഒരു മനുഷ്യൻ സ്വതന്ത്രമാക്കപ്പെടേണ്ടത് എന്തിൽ നിന്നൊക്കെയാണ്? തന്നെ ബന്ധിച്ചിടുന്ന എന്തിൽ നിന്നും! എൻ്റെ ജാതി, എൻ്റെ മതം.. എൻ്റെ ഭാഷ.. എൻ്റെ രാജ്യം .. ഇതിൽ നിന്നെല്ലാം വിടുതൽ നേടി വിശ്വമാനവികതയിലേക്ക് മനുഷ്യൻ ഉയരണം. ഈ പുസ്തകത്തിലെ ആദ്യ ലേഖനം ഭാഷാഭിമാനത്തിനെതിരെ ഉയർത്തുന്ന ചില ചോദ്യങ്ങളാണ്.
ആദ്യ നോവൽ ഗോഡ് ഓഫ് സ്മോൾ തിങ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഒരാൾ ചോദിച്ചു: എന്തുകൊണ്ട് ആദ്യ നോവൽ മാതൃഭാഷയിലെഴുതിയില്ല? ഏതാണെൻ്റെ മാതൃഭാഷ ?അരുന്ധതി റോയി കുഴങ്ങിയിട്ടുണ്ടാകണം. ആദ്യ വാക്കുകൾ ഉച്ചരിക്കാൻ പഠിച്ചത് അസമിലെ തോട്ടം തൊഴിലാളികളിൽ നിന്നാണ്.ശ്ലീലമല്ലാത്ത വാക്കുകൾ.. ലൈംഗികാവയവങ്ങളുടെ പേരു ചൊല്ലിയുള്ള തെറി വാക്കുകൾ ഒക്കെ കുട്ടിക്കാലത്തു പഠിച്ചു വെച്ചു. അച്ഛൻ്റെ ഭാഷ ബംഗാളിയും അമ്മയുടെ മാതൃഭാഷ മലയാളവും അവരുടെ സംസാരഭാഷ ഇംഗ്ലീഷും.മലയാളം പഠിക്കാനുള്ള ശ്രമത്തിൽ നിന്ന് തെന്നിമാറി ഹിന്ദിയിലേക്കു കടന്നു.വിദേശത്ത് താമസമാക്കിയതോടെ ഇംഗ്ലീഷിൻ്റെ നിയന്ത്രണത്തിലായി.
ഏതാണ് ശ്രേഷ്ഠ ഭാഷ എന്നു ചോദിച്ചാൽ നമ്മുടെ മനസിലെ വികാരം ഏറ്റവും വ്യക്തമായി മറ്റൊരാളിലേക്കു പകരാൻ കഴിയുന്നതാണ് ശ്രേഷ്ഠ ഭാഷ എന്നു പറയേണ്ടി വരും.അതൊരു മൃദുമന്ദഹാസമാകാം, നിറകണ്ണുകളാകാം ഒരു കുഞ്ഞിൻ്റെ ചുണ്ടിൽ വിടരുന്ന ആദ്യ വാക്കുകളാകാം. ആയിരം മൃതവാക്കുകളെ സൂക്ഷിച്ചു വെച്ചു എന്നതുകൊണ്ട് ഒരു ഭാഷ ശ്രേഷ്ഠമാകുന്നില്ല.
മനുഷ്യനിർമ്മിത അതിരുകൾക്കുള്ളിൽ രാജ്യ സ്നേഹത്തെ വളർത്തിയെടുത്ത് അഹങ്കരിക്കുകയാണ് മനുഷ്യർ. അതിരുകൾ മാറുന്നില്ലായിരിക്കാം എങ്കിലും അവിടെ വസിക്കുന്നവർ മാറിക്കൊണ്ടേയിരിക്കും. എൻ്റേതാണെന്ന ചിന്ത മരണത്തോടെ അവസാനിക്കുന്നു. എൻ്റേതാണെന്നു കരുതിയിരുന്നതെല്ലാം പിന്നീടു മറ്റു പലരുടേതുമായി മാറുന്നു.
പുസ്തകത്തിലെ ചില ഇഷ്ടഭാഗങ്ങൾ ..
“ഒരേ ഭാഷ സംസാരിക്കുന്നവരെല്ലാം പരസ്പരം മനസിലാക്കുന്നവരായിരിക്കണം എന്നില്ല.”
“നമുക്ക് ഭാഷയ്ക്കു പുറത്തു താമസിക്കാൻ കഴിയുമോ? ഈ ചോദ്യം വാക്കുകളായോ വാക്യമായോ അവളിലേക്കു വന്നതല്ല. നിശബ്ദമായ, അവികസിതമായ രോദനമായി അവളിലേക്ക് അതു വന്നു ചേർന്നു.”
“പീഡിത നഗരങ്ങളുടെ മേൽ ഏതു ഭാഷയിലാണ് മഴ പെയ്യുന്നത്? ചോദ്യം പാബ്ലോ നെരൂദയുടേതാണ്.”
ആദ്യ ലേഖനം കഴിഞ്ഞാൽ പിന്നീടുള്ള വ രാഷ്ട്രീയ അപഗ്രഥനങ്ങളാണ്. അറിഞ്ഞു കൊണ്ടു തന്നെ ഞാനതിൽ നിന്നു വിട്ടു നിൽക്കുന്നു. എങ്കിലും വാചക ഭംഗികൊണ്ട് ആകർഷിച്ച ഏതാനും വാചകങ്ങൾ ..
“നോട്ടു നിരോധനം വെറുമൊരു സാമ്പത്തിക കാര്യമായിരുന്നില്ല. അതൊരു വിധേയത്വപരീക്ഷണമായിരുന്നു.മഹാനായ നേതാവ് നടത്തിയ ഒരു സ്നേഹപരീക്ഷ! നാം അദ്ദേഹത്തെ അനുഗമിക്കുമോ .. എന്തു വന്നാലും അദ്ദേഹത്തെ നാം സ്നേഹിക്കുമോ എന്നതിൻ്റെ യൊക്കെ പരീക്ഷണം. വർണച്ചിറകുവിരിച്ച് നാം നമ്മുടെ സ്നേഹാ തിരേകം പ്രകടിപ്പിച്ചു നോട്ടു നിരോധനത്തെ കൈ നീട്ടി സ്വീകരിച്ച് സ്വേച്ഛാധിപത്യത്തിനു മുന്നിൽ അരുമക്കിടാങ്ങളായി നാം മുട്ടുകുത്തി നിന്നു.”
“അവകാശങ്ങൾക്കു വേണ്ടിയുള്ള അവകാശമാണ് പൗരത്വമെന്ന് ഹന്നാ ആ റെൻഡ്”
“കാശ്മീർ തുറക്കപ്പെട്ട നിലയ്ക്ക് ഇനി നമുക്ക് അവിടെ നിന്നു പുത്രവധുക്കളെ കൊണ്ടുവരാം.” ഒരു രാഷ്ട്രീയ നേതാവിൻ്റെ അഭിപ്രായ പ്രകടമാണ്.ഈ ആഭാസത്തിമിർപ്പുകളുടെ ആരവങ്ങൾക്കിടയിലും ഉയർന്നു കേൾക്കുന്നത് ഒരു ജനതയുടെ നിശബ്ദതയാണ്.പുത്രവധുക്കളായി വരണമോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ എന്ന ചോദ്യം ഭയം കൊണ്ട് നിശബ്ദമാക്കപ്പെടുന്നു….
വിലാസിനി രാജീവൻ