കതാർസിസ്

 കത്തിയെരിയുന്ന ഒരു നഗരത്തിന്റെ അരികിലായിരുന്നു ഞാൻ. അല്ല, ഒരു കെട്ടിടത്തിനു മുകളിൽ. ആ കെട്ടിടം ആരുടേയോ വീടാണ്. ഞാൻ നിൽക്കുന്നത് ഒരു ബാൽക്കണിയിലാണ്. ഈ നഗരം എന്നന്നേക്കുമായി ഇല്ലാതാകുവാൻ പോകുകയാണ്.  ഒരു അറ്റത്തു നിന്നും കത്തിയെരിഞ്ഞു തുടങ്ങിയ നഗരത്തിന്റെ പുകപടലങ്ങൾ എന്നെ വീണ്ടും ഫെർണാണ്ടസിന്റെ സിഗരറ്റിനെ ഓർമ്മിപ്പിച്ചു. എന്നെ തഴഞ്ഞ് മറ്റൊരു സ്ത്രീയുടെ  നാവിൽ അയാളുടെ നാവ് കടത്തി അശ്ലീലമെന്ന് തോന്നിപ്പിച്ച ചേഷ്ടകളോടെ അയാൾ, അവളെ  ചുംബിക്കുമ്പോഴും അയാളുടെ കൈയിൽ നിന്നും താഴെ വീണ സിഗരറ്റ് , ഇതുപോലെയാണ് കത്തിയെരിഞ്ഞു കൊണ്ടിരുന്നത് . ഇത്ര വേഗത്തിൽ, ഇത്ര ആർത്തിയോടെ. എന്റെ പ്രണയത്തിന്റെ ശവസംസ്കാരമെന്നത് പോലെ.


ഓഹ്, അന്ന് ആദ്യമായി ഞാൻ നഗ്നയായി തെരുവിലൂടെ നടന്നു. ഒരു ലൈംഗികബന്ധത്തിന്റെ അവശേഷിക്കുന്ന അടയാളം മാത്രമാണ് ഞാനെന്ന് ആരെയൊക്കെയോ വിശ്വസിപ്പിച്ചു കൊണ്ടു തലയുയർത്തി നടന്നു. എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട്, ആരും എനിക്ക് വിലപേശിയില്ല. എന്റെ നഗ്നതയെ ചൂഴ്ന്നു നോക്കിയില്ല, എന്നെ കെട്ടിപ്പിടിച്ചില്ല, ചുംബിച്ചുമില്ല.   പിന്നെ അവർക്ക് എന്തായിരിക്കും തോന്നിയിട്ടുണ്ടാകുക..?  എന്ത് വേണമെങ്കിലും തോന്നട്ടെ. എനിക്കെന്താണ്..? എന്തായാലും എനിക്ക് ഭ്രാന്തില്ല. അപ്പോൾ ഇതെന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്..

" ഹാ, എന്റെ സ്വാതന്ത്ര്യപ്രഖ്യാപനം.!"

ആ നഗരത്തിൽ എനിക്ക് പരിചിതർ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ എനിക്കത് നന്നായെന്ന് തോന്നി. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അവരോട് എന്റെ നഗ്നതയുടെ കാരണം വെളിപ്പെടുത്തേണ്ടി വരുമായിരുന്നു. തിരികേ എന്റെ ഫ്ലാറ്റിൽ കടന്നതിനു ശേഷവും ഞാൻ നഗ്നതയിൽ തന്നെ തുടർന്നു. തുടകൾക്കിടയിൽ വളർന്ന ആരണ്യകത്തിലൊരു പൂവ് ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. തേൻ ഇല്ലാത്ത വെറുമൊരു കാട്ടുപൂവ്. എനിക്ക് അതിനോട് വെറുപ്പ് തോന്നിയതിനാൽ ഞാൻ എന്റെ രോമക്കുപ്പായം എടുത്തു അണിഞ്ഞു.

ഈ വീടും ഒരു വലിയ അശ്ലീലതയാണ്‌. അയാളുടെ ചുംബനത്തിനൊപ്പം ഉണ്ടായിരുന്ന ചേഷ്ടകൾ പോലുള്ള കനത്ത അശ്ലീലത. പ്രണയം ഇല്ലാത്ത, തോന്നിപ്പിക്കാത്ത നഗരങ്ങൾ അശ്ലീലതയുടേത് മാത്രമാണ്.  ദുഃസ്വപ്‌നങ്ങൾ മാത്രം അത്തരം വീടുകൾ സമ്മാനിക്കും. അതിലൊന്നായിരുന്നു. കത്തിയമർന്നു കൊണ്ടിരുന്ന ഈ നഗരം.  എന്നിട്ടും മുറിച്ചു മാറ്റപ്പെട്ടിട്ടും പച്ചയവസാനിക്കാത്ത വൃക്ഷമായി ഞാൻ ഇവിടെ തിരികേ വരില്ലെന്ന് ഉറപ്പുള്ള ആത്മഹത്യ ചെയ്ത  പൂക്കളുടെ ആത്മാക്കളെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.

 " മാലിനീ "

അസംതൃപ്തിയോടെ ഞാൻ മുഖമുയർത്തി നോക്കി. അച്ഛനെ പരിചരിക്കുന്ന ഹോംനേഴ്സാണ്.  അവരുടെ കറുത്തു മെല്ലിച്ച കഴുത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ബ്ലേഡിന്റെ  വരകൾ നിറഞ്ഞ ചിത്രങ്ങൾ. ഇല്ല എനിക്ക് തോന്നിയതാണ്.

" അച്ഛൻ, മാലിനിയെ അന്വേഷിക്കുന്നുണ്ട്. "

എഴുതുന്നതിനിടയിൽ ആരും കടന്നുവരുന്നത് പോലും ഇഷ്ടമില്ലാതിരുന്ന എന്നെ, എപ്പോൾ വേണമെങ്കിലും എഴുത്തുമേശ ഉപേക്ഷിച്ചു പോകുവാൻ പ്രേരിപ്പിച്ചത് അച്ഛന്റെ രോഗമാണ്.  തുടങ്ങി വെച്ച കഥയെ അവിടെ തന്നെ ഞാൻ ഉപേക്ഷിച്ചു. വര്ഷങ്ങളായി എനിക്കത് ശീലമാണ്. തുടങ്ങുക, ഉപേക്ഷിക്കുക, വീണ്ടും പൂർത്തിയാക്കാതെ മറ്റൊന്ന് തുടങ്ങുക. അച്ഛൻ, അന്വേഷിച്ചത് ഒരു ചായയിട്ട് കൊടുക്കുവാനായിരുന്നു.  അച്ഛന്റെ ചുണ്ടിന്റെ വശങ്ങളിലായി ഒരു ചെറിയ വിള്ളൽ ഉണ്ടായിരുന്നു. അതിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ പൊട്ടിയർന്ന ഏതോ കനാലിന്റെ വഴികളെ ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, അച്ഛന്റെ ആവശ്യങ്ങളുടെ ശബ്ദത്തിന് വേണ്ടുവോളം ഘനം ഉണ്ടായിരുന്നു.

ചായ  തിളപ്പിക്കുവാനുള്ള പാത്രം കഴുകി എടുക്കുമ്പോൾ അപ്രതീക്ഷിതമായി സിങ്കിൽ വന്നു വീണൊരു പല്ലിയെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വഴുവഴുപ്പിലൂടെ രക്ഷപ്പെടലിന്റെ ഒരറ്റം കിട്ടുവാൻ അത് ഉഴറുന്നത് കണ്ടു. ഞാൻ ആ പല്ലിയെ രക്ഷപ്പെടുത്തിയില്ല. രക്ഷപ്പെടുന്നത് കാണുവാൻ നിന്നതുമില്ല. എന്റെയുള്ളിൽ എഴുതിക്കൊണ്ടിരുന്ന കഥയുടെ വൈറസ് പെരുകിക്കൊണ്ടിരുന്നു.  എനിക്ക് വായനക്കാർ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ ഈ കഥകൾ അവർക്ക് വേണ്ടി പൂർത്തിയാക്കുമായിരുന്നു. നിർഭാഗ്യവശാലോ, ഭാഗ്യവശാലോ, എനിക്ക് വായനക്കാർ ഉണ്ടായിരുന്നില്ല. " സിമോണ " അതായിരുന്നു എന്റെ കഥയിലെ ആ സ്ത്രീയുടെ പേര്.  സിമോണയുടെ ആത്മഹത്യാ തയ്യാറെടുപ്പുകൾ എന്റെ മനസ്സിൽ ഈ ചായ പോലെ തിളച്ചു പൊന്തുന്നുണ്ടായിരുന്നു.  ചായ തിളച്ചു പൊന്തുന്നത് തിരമാലകൾ കടലിലേക്ക് പിൻവാങ്ങുന്നത് പോലെയാണ്. അടുത്ത നിമിഷം അത് തണുപ്പിക്കണം. സ്വപ്നം കണ്ടു നിന്ന്, എത്രയോ ചായസുനാമികൾ എന്റെ അടുക്കള നേരിട്ടിരിക്കുന്നു.

അതുവരേയും , സ്വന്തമാണെന്ന് കരുതിയ വിത്തുകൾ പൊട്ടിച്ചിതറി, തന്നെ വിട്ടു പറന്നു പോകുന്നത് നോക്കി നിൽക്കേണ്ടി വന്ന അപ്പൂപ്പൻതാടി മരത്തെപ്പോലെ ഞാൻ ഈ നഗരത്തിന്റെ ഏകാന്തമായ രാത്രികളേയും പകലുകളേയും നേരിടുന്നു. ഫെർണാണ്ടസിന്റെ സിഗരറ്റ് എരിഞ്ഞു കൊണ്ടേയിരിക്കുകയാണ്.

എന്റെ കഥകൾ എനിക്ക് പരിചയം ഇല്ലാത്ത നഗരത്തിന്റേയും ഞാൻ സൃഷ്ടിക്കുന്ന മനുഷ്യരുടേതുമാണെന്ന് എപ്പോഴും അടിയുറച്ചു വിശ്വസിച്ചു. ആയതിനാൽ കാണുന്ന സ്വപ്‌നങ്ങൾ മറക്കാത്തത് പോലെ, എഴുതിവെയ്ക്കാറുള്ളത് പോലെ ചായ കുടിക്കുമ്പോഴും തുണികൾ നനച്ചിടുമ്പോഴും, മീൻ മുറിക്കുമ്പോഴും അവരെനിക്ക് ഒപ്പം തന്നെ നിന്നു. ഇത് എന്റെ നാലാമത്തെ ചായയാണ്‌. ഇന്നത്തെ എന്റെ മധ്യാഹ്നവെയിലിന് ഉഷ്ണം കുറവായിരുന്നു.

അപരാഹ്നത്തിൽ, മൂന്ന് മണികൾക്കും നാലു മണികൾക്കും ഇടയിൽ ഒരു സമയമുണ്ട്. അതേ  സമയത്തിലാണ് പൂവുകൾ ആത്മഹത്യ ചെയ്യുന്നതെന്ന് ഞാൻ കണ്ടുപിടിച്ചിരുന്നു.  ജീവിതം മടുത്തുവെന്ന് പ്രഖ്യാപിക്കുന്ന, ചില മനുഷ്യരുടെ സ്വാതന്ത്ര്യമാണ് ആത്മഹത്യ. അങ്ങനെ തന്നെ ആത്മഹത്യ ചെയ്യുന്ന പൂവുകളും ഉണ്ട്. എന്നിരുന്നാലും സമാധാനത്തിന്റെ വേരുകൾ, ആത്മഹത്യ ചെയ്യുവാൻ വിതുമ്പുന്ന പൂക്കളുടെ മഞ്ഞകളിലാണ്. അവിടെ നിന്നുമൊരു വിത്ത് ശേഖരിക്കുക, നാളെയുടെ സമാധാനത്തെ പുനഃസ്ഥാപിക്കുക.

ഫെർണാണ്ടസിന്റെ കൈയ്യിൽ നിന്നും വീണ് എരിഞ്ഞടങ്ങിയ സിഗരറ്റ്.

സിങ്കിൽ വീണുപോയ പല്ലി.

കാമുകനാൽ ഉപേക്ഷിക്കപ്പെട്ട സിമോണ.

മൂന്നുമണികൾക്കും നാലു മണികൾക്കും ഇടയിൽ വീഴുന്ന പൂവുകൾ.

ഹാ, വൈവിധ്യമാർന്ന ആത്മഹത്യയുടെ തലങ്ങൾ.!  ഓറഞ്ച് നിറമുള്ള ഒരു ദലത്തിന്റെ ആത്മഹത്യാശ്രമം കൂടി ഇന്നേ ദിവസം തീരുന്നതിനു മുൻപ് ഞാൻ കണ്ടു.

എന്റെ പച്ചക്കറിത്തോട്ടം തഴച്ചു വളരുന്നുണ്ടായിരുന്നു. ഞാൻ തന്നെ അവയെ പരിചരിച്ചു.   അവയ്ക്ക് വെള്ളം ഒഴിക്കുമ്പോൾ മുലയൂട്ടുന്ന അമ്മയുടെ ചാരിതാർഥ്യം ഞാൻ അനുഭവിച്ചു പോന്നിരുന്നു. കിണറിൽ നിന്നും വെള്ളം കൊണ്ടുവന്നു ഒഴിക്കുന്നതിനിടയിൽ വെണ്ടകൾക്കിടയിൽ ഒരു ചേരയെ കണ്ടു.  വിഷമുള്ള പാമ്പുകളേക്കാൾ അസാധാരണമായ ചേരയുടെ നീളം എപ്പോഴുമെന്നെ ഭയപ്പെടുത്തി. ഒരു നിമിഷം കൊണ്ടു അതെന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കി എന്നെ കൊലപ്പെടുത്തുന്നതായി നിന്ന നിൽപ്പിൽ ഞാൻ സ്വപ്നം കണ്ടു.  എന്നിട്ടും അത് ഇഴഞ്ഞു നീങ്ങിപ്പോകുന്നത് നോക്കി ഞാൻ അവിടെ നിന്നു. അതിന്റെ ശരീരത്തിലെ മഞ്ഞവഴുവഴുപ്പൻ ചാന്ത്  എനിക്ക് ഇഷ്ടമായിരുന്നു.

രണ്ടാമത്തെ കുടം വെള്ളമെടുക്കുവാൻ പോകുമ്പോഴാണ്, ഓറഞ്ച് നിറമുള്ള ഇലയുടെ ആത്മഹത്യാശ്രമം ഞാൻ കണ്ടത്.  കിണറിനു ചുറ്റും വലമൂടിയിരുന്നതിനാൽ, അത് മാറ്റുവാൻ ഒരാൾ വരുന്നത് വരെ ഇല കാത്തുകിടന്നു. എത്ര വിദഗ്ധമായിട്ടാണ് അതെന്റെ നീളൻ വിരലുകളിലൂടെ തൊട്ടിക്കുള്ളിൽ കയറിപ്പറ്റിയത്.  കണ്ണുകാണാത്ത അഥവാ കണ്ണുപോലും കാണാത്ത ഏതോ കുഞ്ഞൻഉറുമ്പിനെപ്പോലെ എന്റെ കണ്ണുവെട്ടിച്ചുകൊണ്ട് അത് തൊട്ടിയിൽത്തട്ടി കിണറ്റിലേക്ക് ചാടി. മൂന്നുതവണയും ഞാൻ അതിനെ കരയിലേക്ക് വലിച്ചുകയറ്റുവാൻ ശ്രമങ്ങൾ നടത്തി. മൂന്നാമത്തെ പ്രാവശ്യം എന്നെ പച്ചയ്ക്ക് പ്രാകിക്കൊണ്ട് അത് തൊട്ടിയിൽ കയറി. മണ്ണിലേക്ക് എടുത്തിട്ട് ഞാൻ അതിനെ പരിശോധിച്ചു. എവിടെയാണ് കൃത്രിമശ്വാസം നൽകുക,? എവിടെ അമർത്തിയാലാണ് കുടിച്ച വെള്ളം പുറത്തേക്ക് ചാടുക, കൈയ്യിൽ എടുത്ത് വീണ്ടും പരിശോധിച്ചു. അതിന്റെ ഞരമ്പുകൾ നനഞ്ഞിരുന്നു എന്നുള്ളതല്ലാതെ മറ്റൊരു കുഴപ്പവും പ്രത്യക്ഷത്തിലില്ല. ആത്മഹത്യ ചെയ്യുവാൻ തക്കവണ്ണം നിനക്ക് എന്തുണ്ടായിയെന്ന് ഞാൻ ചോദിച്ചു. രക്ഷിച്ചതിനു നന്ദി പറയാതെ അതെന്നെ വീണ്ടും തെറി വിളിച്ചു.

" മനുഷ്യരുടെ ആത്മഹത്യാ സിദ്ധാന്തം മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂവെന്ന് കരുതി, ഞങ്ങൾക്കും അതിന് അവകാശമുണ്ട്. ഞങ്ങൾക്കും നിരാശകളും, ആശയറ്റുപോയ പ്രതീക്ഷകളും ഉണ്ട്. ഇനി എല്ലാവരും എന്റെ ആത്മഹത്യാ ശ്രമം അറിയും. കാരണം തിരക്കും. ഉപദ്രവിക്കും. കഥകൾ മെനയും. നീ എന്തിനാണ് എന്നെ രക്ഷിച്ചത്? നിന്നോടാരാണ് സഹായം അഭ്യർത്ഥിച്ചത്.. ഇനി ഉണങ്ങി ഉണങ്ങി പൊടിഞ്ഞു തീരണം. "

നെടുവീർപ്പുകൾക്ക് ഒടുവിൽ ഇല പറഞ്ഞു നിർത്തി. ഞാൻ ഒരിക്കൽ കൂടി ആലോചിച്ചു. ആത്മഹത്യാസിദ്ധാന്തം എഴുതാം. ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്ന, വൈവിധ്യ   ദ( ത) ലങ്ങൾ എന്നുള്ള തലക്കെട്ട് കൊടുക്കാം. ഞാൻ ഇലയുടെ ആത്മഹത്യാശ്രമത്തിനോട് നന്ദി പറഞ്ഞു. വീണ്ടും എഴുതാൻ ഇരുന്നു.

" പത്മാ "

ഞാൻ സിമോണയേയും മാലിനിയേയും കുറിച്ച് എഴുതിക്കൊണ്ടിരുന്നതിൽ നിന്നും  മുഖമുയർത്തി നോക്കി. ഓഹ്, ഡേവിഡാണ്. അയാളുടെ കൈ ഞരമ്പു കളിൽ നിന്നും അപ്പോഴും രക്തം കിനിയുന്നുണ്ടായിരുന്നു. അയാൾ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്. ഞാൻ അയാളെ നോക്കിയിരിക്കേ അപ്പുറത്തെ മതിൽക്കെട്ടിനുള്ളിൽ ഒരു ആംബുലൻസ് വന്നു നിന്നിരുന്നു. കൂടിയിരുന്നവർ ആത്മഹത്യ ചെയ്തവന്റെ കാരണത്തിന്റെ കഥകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

സിമോണ, അന്ന് പുലർച്ചെ താൻ കണ്ട സ്വപ്നത്തെ ഇങ്ങനെ കുറിച്ചു വെച്ചു..



"കത്തിയെരിയുന്ന സിഗരറ്റ് ഒരു ഇലക്ട്രിക് കമ്പിയായി പരിണമിച്ചു. അത് പൊട്ടി വീണ് കിടന്നിരുന്നു. തൊട്ടരികിൽ എന്റെ ജഡവും. ഇതാ ഇപ്പോഴും എന്റെ കൈവെള്ളയിൽ ആത്മഹത്യയുടെ തണുപ്പാണ്. ശവത്തിന്റെ തണുപ്പ്."




ഹരിത. ആർ.

Leave a Reply

Your email address will not be published. Required fields are marked *