

കാലാകാലങ്ങളായി കാണുന്നതാണ്. വാക്കും, നാക്കും, നിറവും, നയവും മാറുന്ന മനുഷ്യരും, പ്രസ്ഥാനങ്ങളും, സ്ഥാപനങ്ങളും, രാജ്യങ്ങളും എന്നുവേണ്ട…മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം മാറുന്നു. മാറ്റവുമില്ലാത്തതായി മാറ്റം എന്നൊക്കെ പറഞ്ഞു തടിതപ്പാമെന്നല്ലാതെ മാറ്റത്തിൻ്റെ കാതൽ പലപ്പോഴും സ്വാർത്ഥലാഭങ്ങളാകുന്നു. അതിനുവേണ്ടിയുള്ള തഞ്ചവും, സൂത്രവും, കൗശലവും മാത്രമാണ് പലപ്പോഴും മാറ്റങ്ങളുടെ കാതൽ. അതിനെ കുറ്റം പറയാനാകില്ല. സ്വയതാല്പര്യങ്ങളാൽ പെരുമാറിയ ജീവികളുടെ പിന്തലമുറക്കാരാണ് നാം. സ്വാർത്ഥജീനുകളെ വഹിക്കുവർ.
കോടാനുകോടി വർഷങ്ങളായി ഈ ലോകത്തു ജീവിക്കാനും നിലനിൽക്കാനും ഈ ജീനുകളാണ് സഹായിച്ചത്. എന്നുവച്ചു എല്ലാവരും ഹിറ്റ്ലറും, സ്റ്റാലിനും, കിം ജോങ് ഉന്നും ആകണമെന്നോ ആകേണ്ടതായോ ഇല്ല. സെൽഫിഷ് ജീനുകളെ (Selfish Gene) ഇതേ പേരിലുള്ള റിച്ചാർഡ് ഡോക്കിൻസിൻ്റെ (Richard Dawkins) പുസ്തകം വായിച്ചിട്ടുളവവർക്കു പരിചയമുണ്ടാകും. ജീനുകൾക്കു പുറമേ മീമുകളെക്കൂടി പരിചയപ്പെടുത്തി ടിയാൻ.
ജീനുകളുടെ ലക്ഷ്യം അതിജീവനവും പരിണാമവുമാണെങ്കിൽ മീമുകൾക്കും (Meme) ഒരു ഉദ്ദേശമുണ്ടെന്ന് ഡോക്കിൻസ് പറഞ്ഞു വെക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറിൽ (1976) ആണ് ആദ്യമായി സെൽഫിഷ് ജീനുകളെക്കുറിച്ചും മീമുകളെക്കുറിച്ചും പറയുന്നതെങ്കിലും ഇന്റർനെറ്റ് യുഗം മീമുകളെ പ്രശസ്തമാക്കി. അതെ നിങ്ങൾ ഇന്നറിയുന്ന വൈറൽ മീമുകൾ തന്നെ. പക്ഷെ അതിൻ്റെ ഉപജ്ഞാതാവ് ഡോക്കിൻസ് ആണെന്നത് പലർക്കുമറിയില്ല.
സെൽഫിഷ് ജീൻ എന്ന ആശയം നോക്കിയാൽ ജീനുകളാണ് സൃഷ്ടിയുടെയും സ്ഥിതിയുടെയും അടിസ്ഥാന ഘടകം. ജീനുകൾ സ്വയം പ്രചരിക്കാൻ വേണ്ടി സ്വാർത്ഥമായി പ്രവർത്തിക്കുമെന്നും, ജീവികളെ അതിന്റെ നിലനിൽപ്പിനായി ഉപയോഗിക്കുമെന്നും ഡോക്കിൻസ് ചൂണ്ടിക്കാട്ടുന്നു. ജീവികളുടെ പെരുമാറ്റം, അവയുടെ ജീവിതശൈലി എന്നിവയെ ഈ സ്വാർത്ഥജീനുകൾ നയിക്കുന്നു. അതായത്, ജീവികളിലെ ഓരോ സ്വഭാവവും പെരുമാറ്റവും എങ്ങനെയായിരിക്കണമെന്നത് ജീനുകളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതായി രൂപംകൊള്ളുന്നതാണ് എന്ന് സാരം. പരസ്പരം സഹായിച്ചും, ബന്ധുജനങ്ങളെ പരിരക്ഷിച്ചും സ്വാർത്ഥ ജീനുകൾ നിലനിക്കുന്നു എന്ന് ഡോക്കിൻസ് പറഞ്ഞുവക്കുന്നുണ്ട്. ബന്ധുജനസ്നേഹവും, ജാതിമതവർണ്ണ സ്നേഹവും സഹവർത്തിത്തവും, സഖാത്വവുമൊക്കെ എന്തിനെന്നു മനസ്സിലാക്കാൻ കൂടുതൽ തലപുകക്കണ്ട. നിലപാടുകളും, അവയുടെ മാറ്റവും, മേല്പറഞ്ഞവയും, അവയുടെ അഭാവവും എല്ലാം ലവൻ്റെ കളിയാണ്. സെൽഫിഷ് ജീനിൻ്റെ.
മീം എന്ന ആശയം സാംസ്കാരിക പാരമ്പര്യത്തിൻ്റെ പ്രചരണമാർഗ്ഗം എന്നാണ് ഡോക്കിൻസ് പറയുന്നത്. ഒരു ചിന്ത, ആശയം, പ്രവർത്തനശൈലി, അല്ലെങ്കിൽ സാമൂഹിക വ്യവഹാര രീതികൾ മറ്റുള്ളവർക്ക് പകർന്നു നൽകപ്പെടുമ്പോൾ അത് മീം ആയി മാറുന്നു. ഡിജിറ്റൽ ലോകത്തിൽ, മീമുകൾ തൽക്ഷണം വ്യാപിച്ച് സാംസ്കാരിക വികാസത്തിന് അമിതമായ വേഗത നൽകുന്നു. ജീനുകൾ ജീവികളുടെ പ്രജനനത്തിലൂടെ പ്രചരിക്കുന്നുവെങ്കിൽ, മീമുകൾ ആശയവിനിമയത്തിലൂടെയും പൊതുസംസ്കാരത്തിലൂടെയും വളരുന്നു. മനുഷ്യരുടെ കലാ-സാംസ്കാരിക ലോകം രൂപീകരിക്കുന്നതിൽ മീമുകൾ നിർണ്ണായക പങ്കു വഹിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ഈ രീതിയിൽ നോക്കിയാൽ ഒരു പരിധിവരെ മീമുകൾ പുതുസംസ്കാരങ്ങളുണ്ടാക്കി ജീനുകളുടെ സ്വാർത്ഥതതയിൽ നിന്നും നമ്മെ രക്ഷിച്ചെടുക്കുന്നുണ്ട് എന്നാണ് ഡോക്കിൻസിൻ്റെ അഭിപ്രായം. മീമുകളുടെ സംഭവനകളായ സംഗീതവും, സാഹിത്യവും, മതവും, മൈത്രിയും, കലയും, പിന്നെ നമ്മൾ എന്നറിയുന്ന വൈറൽ തമാശകളുമൊക്കെ ഒരു പുതു സംസ്കാരമുണ്ടാക്കി നമ്മെ സ്വാർത്ഥമതികളല്ലതെ ജീവിക്കാനും സഹായിക്കുന്നു എന്ന് വേണം കരുതാൻ. അതുകൊണ്ടുതന്നെ അവ പ്രധാനമാണ്. സാഹിത്യം വായിച്ചും, സംഗീതം ആസ്വദിച്ചും, റീലുകൾ കണ്ടും സ്വയം മറന്നാൽ വലിയ കുഴപ്പമൊന്നും വരാനില്ലെന്നു സാരം. മറക്കുന്നത്ത് സ്വാർത്ഥതയാണെന്നു വരുമ്പോൾ, പ്രത്യേകിച്ചും. കല കലക്കുവേണ്ടി മാത്രമല്ലയെന്നു ഞാൻ പറയുന്നു. അതിനു മനുഷ്യരെ നന്നാക്കാനും കഴിയും. അപ്പോൾ സാഹിത്യകാരർക്കും, കലാകാർക്കും ഒരു ചെറിയ ബാധ്യതയൊക്കെയാകാം, സമൂഹത്തോട്. സാഹിത്യത്തിലേയും കലയിലെയും മൂല്യച്യുതി എങ്ങനെയാണ് സമൂഹത്തിനെ ബാധിക്കുന്നതെന്നു മനസ്സിലായിക്കാണുമല്ലോ. നമ്മുടെ സ്വാർത്ഥതയെ മറക്കാൻ പഠിപ്പിച്ച യേശുദാസും മോഹൻലാലുമൊക്കെ സ്വാർത്ഥരാകുന്നത് കാണുമ്പോൾ നാം വിഷമിക്കുന്നത് ഇതുകൊണ്ടാണ്. അവർക്കു അവരുടെ സ്വകാര്യ ജീവിതം എന്നൊക്കെ പറയാമെങ്കിലും നാം വിഷമിച്ചുപോകും. അത് നമ്മുടെ സ്വാർത്ഥത. അതുമറക്കാൻ അവരിലേക്കുതന്നെ പോകണമല്ലോയെന്നോർക്കുമ്പോളുള്ളൊരു ചമ്മൽ!
പക്ഷെ ജീനിൻ്റെ കളിയാണോ മീമിൻ്റെ കളിയാണോന്നറിയാനാകാത്ത ചില പുതുകാല ചിന്തകളാണ് നമ്മെ കുഴക്കുന്നത്. ഇവയെ കൂടുതലും കാണുന്നത് രാഷ്ട്രീയ മേഖലകളിലാകുന്നു. ഏതാണ് സ്വാർത്ഥലാഭത്തിൽ ചെയ്യുന്നതെന്നോ ഏതാണ് തമാശ്ശയെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസ്സിലായി വരുമ്പോഴേക്കും, ചിലപ്പോൾ വളരെ വൈകിയെന്നുവരാം. പിന്നെ ഇതെല്ലാം മീമായി മാത്രം കണ്ടു ചിരിച്ചു മരിക്കുകയെ നിവൃത്തിയുള്ളൂ.
കൂടുതൽ ശുഭപ്രതീക്ഷയോടെ പറഞ്ഞാൽ. മീമുകൾക്കു മാത്രമേ ജീനുകളുടെ സ്വാർത്ഥതയെ മറികടക്കാനാകൂ. പുതുചിന്തകളുടെ, കൂട്ടായ്മയുടെ, മാനവികതയുടെ, നന്മയുടെ, ആശയുടെ, തമാശ്ശയുടെ സംസ്കാരം ഉണ്ടാക്കിയെടുക്കാൻ മീമുകൾക്കാകും. ഇപ്പോഴും എപ്പോഴും സ്വാർത്ഥജനിതകത്തിൻ്റെ മാത്രം വക്താക്കളെ ഒറ്റപ്പെടുത്താനാകും.
പുതു ചിന്തകൾവരട്ടെ, മീമുകളും. സ്വാർത്ഥജീനുകൾ ഉറഞ്ഞിരിക്കട്ടെ. മീമുകൾ നീണാൾ വാഴട്ടെ.
സുമേഷ് രാമചന്ദ്രൻ