ഇന്ത്യയുടെ ആത്മാവു തേടി ഒരു യാത്ര

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അർത്ഥവത്താക്കുന്നത് ആയിരുന്നു സേവാഗ്രാമിലേക്കുള്ള യാത്ര.

ഈ ഒരു യാത്ര മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നില്ല. നാട്ടിൽ നിന്ന് എത്തിയ
ഒരു സുഹൃത്തുമൊത്ത് നാഗ്പൂരിനോട് അടുത്ത് കിടക്കുന്ന ഏതെങ്കിലും സ്ഥലങ്ങളിലേക്ക് പോകാം എന്നായിരുന്നു പ്ലാൻ. ആ യാത്ര ബോർ ടൈഗർ റിസേർവിലേക്ക് തുടങ്ങി സേവാഗ്രാമിൽ ഞങ്ങളെ കൊണ്ടെത്തിച്ചു.

ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതങ്ങളിൽ ഒന്നാണ് ബോർ ടൈഗർ റിസേർവ്. പെഞ്ച്, തടോബ തുടങ്ങി പേരുകേട്ട വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാടാണ് ബോറിന്റേത്. നാഗ്പൂർ സിറ്റിയിൽ നിന്നും ഏകദേശം 75km ദൂരമുണ്ട് അങ്ങോട്ടേക്ക്. ഞങ്ങൾ ടൂവീലറിലാണ് പോയത്. രാവിലെ ആറര ആയപ്പോളേക്കും റൂമിൽ നിന്ന് ഇറങ്ങി എട്ടുമണി ആയപ്പോളേക്കും അവിടെയെത്തി.

ബോർ ടൈഗർ റിസർവിന്റെ മെയിൻ ഗേറ്റ് ആണ് ഡെസ്റ്റിനേഷൻ ആയിട്ട് ഗൂഗിൾ മാപ്പിൽ ഇട്ടിരുന്നത്. അവിടെ എത്തിയപ്പോളാണ് അറിയുന്നത് സഫാരിക്കുള്ള ടിക്കറ്റ് എടുക്കേണ്ടത് ഒരു കിലോമീറ്റർ അപ്പുറം മറ്റൊരിടത്താണെന്നത്.
പത്തുമണി വരെ സഫാരി ഉണ്ടെന്നായിരുന്നു അറിവ്. അവിടെ ചെന്നപ്പോൾ ടിക്കറ്റ് എടുക്കുന്നിടത്ത് ഒരു മനുഷ്യർ പോലുമില്ല. രണ്ടുമൂന്ന് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വണ്ടിയിൽ വെറുതെ കറങ്ങി. സഫാരിക്കുള്ള ജീപ്പുകളൊക്കെ കിടപ്പുണ്ട്. അവസാനം അവിടെ
ഒരു പുള്ളിയെ കണ്ടുമുട്ടി.

സഫാരി ഇനി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉള്ളൂ, ഇന്നലെ മഴ പെയ്തത് കൊണ്ട് വഴിയെല്ലാം ചെളി കയറി കിടക്കുകയാണ് അതുകൊണ്ട് ഇന്നത്തെ സഫാരി സംശയവുമാണ്. ആറുപേർ അടങ്ങുന്ന ഒരു സഫാരി ജീപ്പിന് അയ്യായിരം രൂപയാണ് ചാർജ് എന്ന് പറഞ്ഞത്. സഫാരിക്കുള്ള സാധ്യത മങ്ങിയത് കാരണം ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു.

അടുത്തുള്ള ബോർ ഡാം വഴിയൊക്കെ ഒന്ന് കറങ്ങി. അപ്പോളാണ് അവിടെ അടുത്തായി ഒരു ബുദ്ധകേന്ദ്രം കാണാൻ ഇടയായത്. ഒരു മനുഷ്യക്കുഞ്ഞുപോലും അവിടെയുമില്ല, പക്ഷെ അവിടുത്തെ ആംബിയൻസ് ബുദ്ധപ്രതിമയൊക്കെ എനിക്ക് നന്നായി ഇഷ്ടമായി.

ബോർ വന്യജീവി സാങ്കേതികവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശവും മുൻപ് വിനോദ സഞ്ചാരികളെ വരവേൽക്കാൻ നന്നായി പ്രവർത്തിച്ചിരുന്നത് ആയിരിക്കാമെന്ന് ആ ചുറ്റുപാട് കാണുമ്പോൾ നമുക്ക് മനസ്സിലാകും. സർക്കാരിന്റെ ഒരു റിസോർട്ടും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ പ്രദേശം അറ്റകുറ്റ പണികൾ ഒന്നും നടത്താത്ത അവസ്ഥയിലാണ്. എങ്കിലും വീക്കെന്റുകളിൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

സേവാഗ്രാമിലേക്കാണ് അടുത്ത യാത്ര. അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്ക്. മഹാരാഷ്ട്രയിലെ കർഷക ഗ്രാമങ്ങളിലൂടെയുള്ള വഴികൾ ഗാന്ധിജിയുടെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നതാണ്.

റോഡിന്റെ ഇരുവശങ്ങളും കൃഷിഭൂമികൾ. കുറേയേറെ പ്രദേശങ്ങൾ വിജനമായി കിടക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് മാത്രം കാണുന്ന വളരെ ചെറിയ ജനവാസ കേന്ദ്രങ്ങൾ. പശുക്കളാണ് ഇവരുടെ മറ്റൊരു വരുമാന മാർഗ്ഗം.
വീടിനോട് ചേർന്ന് നിൽക്കുന്ന തൊഴുത്തും മൂന്നു നാല് പശുക്കളെയും നമുക്ക് അവിടെ പലയിടത്തും കാണാം.

പതിനൊന്ന് മണി ആയപ്പോളേക്കും ഞങ്ങൾ സേവാഗ്രാം എത്തി.
വർദാ സിറ്റിയ്ക്ക് എട്ടു കിലോമീറ്റർ അകലെയാണ് സേവാഗ്രാം സ്ഥിതിചെയ്യുന്നത്. 1936 മുതൽ 1948ൽ മരണം വരെ ഇവിടെ ആയിരുന്നു ഗാന്ധിജിയുടെ ആശ്രമം. ചരിത്രപ്രധാന്യമുള്ള സ്ഥലം ആയതുകൊണ്ട് തിരക്കുള്ള ഒരിടം ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ അവിടെ ഒരുപാട് കടകളോ വാഹനങ്ങളോ ഒന്നുമില്ല. ആശ്രമത്തിന് അടുത്തേക്ക് എത്തുമ്പോൾ പോലും അങ്ങനെ ഒരു സ്ഥലം അവിടെ ഉണ്ടെന്ന് തോന്നുകയെ ഇല്ല.

പ്രധാന ഗേറ്റിൽ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്നത് രണ്ടു ഷോപ്പുകളാണ്. അവിടെ ഗാന്ധിജിയെക്കുറിച്ചുള്ള
പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളുമെല്ലാം ലഭ്യമാണ്.
അവിടെ നിന്നും സ്വല്പം മുന്നോട്ട് നടക്കുമ്പോൾ ചെറിയ കുടിലുകൾ കണ്ട് തുടങ്ങും. വളരെ ശാന്തസുന്ദരമായ പ്രദേശം. തണൽ മരങ്ങൾ ഏറെ.
അത് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ഒരു കാഴ്ച്ച കൂടിയാണ്. അവിടുത്തെ നിശബ്ദത നമ്മെ കൂടുതൽ ശാന്തരാക്കും. സൂര്യോദയം മുതൽ വൈകുന്നേരത്തെ പ്രാർഥന വരെയാണ് ഇവിടുത്തെ പ്രവേശന സമയം.

സേവാഗ്രാം ആശ്രമം നിർമ്മിക്കുമ്പോൾ അഞ്ഞൂറ് രൂപയിൽ കൂടുതൽ ചിലവ് വരരുത് എന്നും പ്രദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ടും മാത്രമേ കുടിലുകൾ നിർമ്മിക്കാവൂ എന്ന് ഗാന്ധിജിയുടെ പ്രേത്യേക നിർദ്ദേശം ഉണ്ടായിരുന്നു. മണ്ണ് തേച്ച്, ഓട് മേഞ്ഞ, ഉയരം കുറഞ്ഞ ചെറിയ കുടിലിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് താമസിച്ചിരുന്നത്. കുടിലിന് അകത്ത് അദ്ദേഹം ഉപയോഗിച്ച കട്ടിലടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഒരുപാട് രാഷ്ട്രനേതാക്കാളുമായി ഈ കുടിൽവെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചരിത്രപരമായ ഒരുപാട് തീരുമാനങ്ങൾക്കും സാക്ഷിയായ കുടിലാണിത്. 1942ലെ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ആദ്യ യോഗം നടന്നത് സേവാഗ്രാമിലായിരുന്നു.

1930-ൽ സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയിലേക്ക് ഉപ്പു സത്യാഗ്രഹത്തിനായി ഗാന്ധി തന്റെ പദയാത്ര ആരംഭിച്ചപ്പോൾ,
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സബർമതിയിലേക്ക് മടങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനുശേഷം ഗാന്ധിജി രണ്ട് വർഷത്തിലേറെ തടവിലായി. മോചിതനായ അദ്ദേഹം കുറച്ച് സമയം യാത്രയ്ക്കായി തിരഞ്ഞെടുത്തു. ആ സമയത്താണ് മധ്യേന്ത്യയിലെ ഒരു ഗ്രാമം തന്റെ ആസ്ഥാനമാക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്.

1934-ൽ ജംനാലാൽജി ബജാജിന്റെ ക്ഷണപ്രകാരം അദ്ദേഹം വാർധയിലെത്തി. 1936 ഏപ്രിലിൽ, ഗാന്ധിജി ഷെഗാവ് ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു, അതിനെ അദ്ദേഹം സേവാഗ്രാം എന്ന് പുനർനാമകരണം ചെയ്യുക ആയിരുന്നു, അതായത് ‘സേവനത്തിന്റെ ഗ്രാമം’. സേവാഗ്രാമിൽ വരുമ്പോൾ ഗാന്ധിജിക്ക്
67 വയസ്സായിരുന്നു.

“ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ഞാൻ അവിടെച്ചെന്നു താമസിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പറയുക മാത്രമല്ല, ഗാന്ധിജി അത് പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്ത്യക്കാരിൽ 80 ശതമാനം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്.

ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക് പുരോഗതിയുണ്ടാവൂവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. കൃഷിയിൽ മാത്രം ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ പുരോഗതിയിലെത്തിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദി പ്രസ്ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനം ചെയ്തു. സേവാഗ്രാം പോലെ ഒരു സ്ഥലത്ത് ജീവിച്ചുകൊണ്ട് തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക്
ഗാന്ധി ഒരു പ്രചോദനം ആവുകയായിരുന്നു.

കിഷോർ ലാൽ

“Lal Qila” എന്ന ചെങ്കോട്ട

ഇന്ത്യൻ പതാക പ്രൗഡിയോടെ ചെങ്കോട്ടയിൽ പാറിപറക്കുമ്പോൾ നമുക്ക് തോന്നുന്ന അഭിമാനം,

ആ കോട്ട നമ്മുടെ രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ അല്ലെങ്കിൽ അധികാരത്തിന്റെ പ്രതീകം കൂടി ആയതുകൊണ്ടാണ്.

ചെങ്കോട്ടയുടെ ഭീമാകാരമായ മതിലുകളുടെ മുന്നിലൂടെ നടക്കുമ്പോൾ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷ്യപത്രമായ ഈ ഐതിഹാസിക കോട്ടയുടെ ചരിത്രം അറിയാൻ ആർക്കും ഒരു ആഗ്രഹം ഉണ്ടാകും.

1638-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാനാണ് ചെങ്കോട്ട പണികഴിപ്പിച്ചത്. ഏകദേശം ഒരു ദശാബ്ദമെടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്.

‘അനുഗ്രഹീത കോട്ട’ എന്നർഥം വരുന്ന ‘ഖിലാ-ഇ-മുബാറക്’ എന്നാണ് കോട്ടയുടെ യഥാർത്ഥ പേര്. സമീപ പ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്ത ചെങ്കല്ല് ഉപയോഗിച്ചാണ് കോട്ട പ്രധാനമായും നിർമ്മിച്ചത്.

ചുവന്ന മണൽക്കല്ലിന്റെ ഈ സമൃദ്ധമായ ഉപയോഗം കോട്ടയ്ക്ക് “റെഡ് ഫോർട്ട്” എന്ന പേരും നൽകി.

പേർഷ്യൻ, തിമൂറിഡ്, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളിലാണ് ചെങ്കോട്ട രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഗൾ വാസ്തുവിദ്യയുടെ ഒരു മാസ്റ്റർപീസ് എന്ന് തന്നെ പറയാം. ഉസ്താദ് അഹമ്മദ് ലാഹോരി ആയിരുന്നു കോട്ടയുടെ മുഖ്യ ശില്പി.

ഡൽഹിയിലെ മുഗൾ ചക്രവർത്തിമാരുടെ പ്രധാന വസതിയായാണ് ഇത് നിർമ്മിച്ചത്.

ചെങ്കോട്ട അതിന്റെ പ്രതാപകാലത്ത് മുഗൾ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായിരുന്നു. മഹത്തായ പല ചടങ്ങുകൾ, സൈനിക പരേഡുകൾ, രാജകീയ പരിപാടികൾ എന്നിവയ്ക്ക് ഇവിടം സാക്ഷ്യം വഹിച്ചു.

ചെങ്കോട്ട ഒരു ദീർഘചതുരാകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ നിരവധി കവാടങ്ങളുള്ള ഉയർന്ന മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രശസ്തമായത് ലാഹോർ ഗേറ്റും ഡൽഹി ഗേറ്റുമാണ്.  ഇതിനകത്ത് കൊട്ടാരങ്ങളും സദസ്സുകളും മനോഹരമായ പൂന്തോട്ടങ്ങളും ഉണ്ട്.

കോട്ടയുടെ മുന്നിലായി ആദ്യം നമ്മെ വരവേൽക്കുന്നത് മഹത്തായ ലാഹോർ ഗേറ്റ് ആണ്, അതുകടന്ന് അകത്തേക്ക് പ്രവേശിച്ചാൽ ഇരുവശങ്ങളിലുമായി നിരവധി ഷോപ്പുകൾ കാണാം. ഇന്ത്യയുടെ കലാപരമായ പൈതൃകത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്ന

കരകൗശല വസ്തുക്കളുടെയും സുവനീറുകളുടെയും ഒരു നിര തന്നെ ഉണ്ടിവിടെ. എല്ലാം നല്ല വിലപിടിപ്പുള്ള വസ്തുക്കളാണ്. ഒരുകാലത്ത് വ്യാപാരികൾ തങ്ങളുടെ സാധനങ്ങൾ പ്രഭുക്കന്മാർക്ക് വിറ്റിരുന്ന ഈ സ്ഥലം ‘ചട്ട ചൗക്ക് ‘ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ഒരിക്കൽ സംഗീതജ്ഞർ ചക്രവർത്തിയുടെ വരവ് ശ്രുതിമധുരമായ ഈണങ്ങളോടെ അറിയിച്ചിരുന്ന നൗബത്ത് ഖാനയിലേക്കാണ് നമ്മൾ അടുത്തതായി പോകുന്നത്. അതിന്റെ ചുവരുകളിൽ അലങ്കരിച്ച സങ്കീർണ്ണമായ ഫ്രെസ്കോകളും പുഷ്പ ഡിസൈനുകളും മനോഹരമായ കാഴ്ചകളാണ്.

ദിവാൻ-ഇ-ആം,  ഷാജഹാൻ ചക്രവർത്തി തന്റെ പ്രജകളുടെ പരാതികൾ കേട്ടിരുന്നത് ഇവിടെ ഇരുന്നാണ്. ചക്രവർത്തിയുടെ സിംഹാസനവും അതിന് ചുറ്റുമുള്ള അലങ്കരിച്ച തൂണുകളും ഒരു നിമിഷം നമ്മെ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകും.

കിരീടവും ചെങ്കോലും അണിഞ്ഞ ഷാജഹാൻ ചക്രവർത്തി മയൂര സിംഹാസനത്തിൽ എല്ലാ പ്രൗഡിയോടും കൂടി വിരിഞ്ഞ് ഇരിക്കുന്ന കാഴ്ച്ച ഒന്ന് സങ്കല്പിച്ചു നോക്കൂ. മുത്തുകളും പവിഴങ്ങളും രത്നങ്ങളും കൊണ്ട് അലങ്കരിച്ച കൊട്ടാരം. ഇന്ന് അതിന്റെ ഒരു പ്രൗഡിയും നമുക്ക് നേരിട്ട് കാണാൻ കഴിയില്ല എന്നുള്ളത് നിരാശജനകമായ ഒരു വസ്തുതയാണ്.

ദിവാൻ-ഇ-ഖാസ്, ചക്രവർത്തിമാർ മീറ്റിങ്ങുകൾ നടത്തിയിരുന്ന ഒരു പ്രൈവറ്റ് ഹാൾ ആണിത്. ചരിത്രത്തിന് നഷ്ടപ്പെട്ട മുഗൾ ഐശ്വര്യത്തിന്റെ മിന്നുന്ന പ്രതീകമായ പ്രസിദ്ധമായ മയൂര സിംഹാസനം ഇവിടെയാണ് ഉണ്ടായിരുന്നത്.

സ്ത്രീകൾക്കായി ഒരുക്കിയ രംഗ് മഹലിലേക്കാണ് അടുത്തതായി പോകേണ്ടത്. അവിടെ ചുറ്റുമുള്ള ഗാർഡൻ വളരെ മനോഹരമായി ഒരുക്കി വെച്ചിട്ടുണ്ട്. രംഗ് മഹലിന്റെ അകത്തളങ്ങൾ അതിമനോഹരമായ പേർഷ്യൻ ശൈലിയിലുള്ള അലങ്കാരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. യമുനാ നദിയിലെ വെള്ളം ഒഴുകുന്നതിനായി പ്രത്യേക പാതകൾ ഇവിടെ ഒരുക്കിയിരുന്നു. ഒരു മസ്ജിദ് കൂടി ഇതിന് അടുത്തായി നമുക്ക് കാണാം.

മുഗൾ കാലഘട്ടവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, പെയിന്റിംഗുകൾ, ചരിത്ര വസ്തുക്കൾ എന്നിവയുടെ ശേഖരം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം കൂടി ചെങ്കോട്ടയിലുണ്ട്.

2007-ൽ, ചെങ്കോട്ടയുടെ ചരിത്രപരവും വാസ്തുവിദ്യാ പ്രാധാന്യവും കണക്കിലെടുത്ത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഇതിനെ പ്രഖ്യാപിക്കുക ഉണ്ടായി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ചെങ്കോട്ട ഇപ്പോൾ ഉള്ളത്.

പുതിയ 500 രൂപ കറൻസിയുടെ പിൻഭാഗത്ത് കാണുന്ന ചിത്രം ചെങ്കോട്ടയുടേത് ആണ്.

ഇന്ന് ഡെൽഹിയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ചെങ്കോട്ട.  എല്ലാ വർഷവും ഈ ചരിത്ര സ്മാരകത്തിൽ സ്വാതന്ത്ര്യ ദിനത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്താറുണ്ട്.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമായി 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആദ്യമായി ദേശീയ പതാക ഉയർത്തിയ സ്ഥലമാണ് ചെങ്കോട്ട.  ഈ ചരിത്രസംഭവം രാജ്യത്തിന്റെ കൂട്ടായ ഓർമ്മയിൽ ആഴത്തിൽ വേരൂന്നിയ ഒന്നാണ്. അതേ സ്ഥലത്ത് പാരമ്പര്യം തുടരുന്നത് സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

റെഡ്ഫോർട്ട്‌ പ്രവേശന സമയം 9.30 am to 4.30 pm വരെയാണ്. തിങ്കളാഴ്ച്ച ദിവസം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റ് നിരക്ക് ഒരാൾക്ക് മുപ്പത്തിയഞ്ച് രൂപയാണ്.

ഇവിടെയ്ക്ക് എത്താൻ മെട്രോ സൗകര്യം ലഭ്യമാണ്. അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ Lal Quila (Violet Line), Chandni Chowk (Yellow Line) എന്നിവയാണ്.

റെഡ്ഫോർട്ടിന് അടുത്തായി കാണാൻ സാധിക്കുന്ന മറ്റു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് :

Chandni Chowk Market Jama Masjid (900 m), Raj Ghat (2 km), India Gate (7 km), Humayun’s Tomb (9 km)

 

കിഷോർ ലാൽ

കൊടുമുടി ഭീമന്മാരെ ആസ്വദിക്കാം – ടൈഗർ ഹിൽ, ഡാർജീലിംഗ്

മലനിരകളുടെ റാണിയായ വെസ്റ്റ്ബംഗാളിലെ ഡാർജീലിംഗ്, അവിടുന്ന് 11 കിലോമീറ്റർ മാറി മനോഹരമായ ഒരു മലനിര. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ, യാത്രികരുടെ ഇഷ്ട്ട കേന്ദ്രമായ ടൈഗർ ഹിൽ. ടൈഗർ ഹില്ലിലേക്ക് നടത്തിയ എന്റെ യാത്രയേ ഇവിടെ കുറിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെയും അഞ്ചാമത്തെയും പർവത നിരകൾ ആയ എവറെസ്റ്റിന്റെയും കാഞ്ചൻജങ്കയുടെ അതിമനോഹരമായ കാഴ്ച്ചകൾ തേടി ആണ് അതിരാവിലെ ടൈഗർ ഹിൽ ലക്ഷ്യമാക്കി യാത്ര ചെയ്തത്. ദൃശ്യ ഭംഗികൾക്ക് അപ്പുറം ചരിത്രവും രാഷ്ട്രീയ പ്രാധാന്യവും പേറുന്ന ടൈഗർ ഹിൽ. നൂറ്റാണ്ടുകൾ ആയി പ്രദേശ വാസികളുടെയും യാത്രികരുടെയും പ്രധാന കേന്ദ്രമാണ് ഇവിടം.

ടൈഗർ ഹില്ലിനെ പറ്റി ആദ്യകാല പരാമർശങ്ങൾ ടിബറ്റൻ ബുദ്ധമത ഗ്രന്ഥങ്ങളിൽ ആണ് സൂചിപ്പിച്ചിരിക്കുന്നത്. ബുദ്ധമത വിശ്വാസികളുടെ ആദ്യകാല തീർത്ഥാടന കേന്ദ്രവും പുണ്യ പുരാതന സ്ഥലവും ആയിരുന്നു ടൈഗർ ഹിൽ. പിന്നീട് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശ കാലത്ത് പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സൈനീകർ ഈ സ്ഥലം കയ്യേറുകയും അവരുടെ സൈനീക ഔട്പോസ്റ്റ് ആയി മാറ്റുകയും ചെയ്തു എന്ന് പറയപ്പെടുന്നു.
ആക്കാലത്തെ ബ്രിട്ടീഷ് ഓഫിസർമാരുടെ പ്രിയപ്പെട്ട സ്ഥലം ആയി മാറി ടൈഗർ ഹിൽ. അത് അവരുടെ ഭരണ നീക്കങ്ങൾക്ക് സഹായകമായ സ്ഥലം എന്നതിൽ ഉപരി അതിന്റെ മനോഹാരിത തന്നെ ആയിരുന്നു കാരണം.

പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ സൈന്യം സൈനീക നിരീക്ഷണങ്ങൾക്ക് ഈ സ്ഥലം ഉപയോഗിക്കുന്നു എങ്കിൽ പോലും പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു എന്നതും ശ്രദ്ധേയമാണ്. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഒരു പ്രധാന യുദ്ധം നടന്ന സ്ഥലം കൂടെ ആണ് എന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. പാകിസ്ഥാൻ ആർമ്മിയിൽ നിന്നും ടൈഗർ ഹിൽ തിരിച്ചു പിടിച്ചത് വലിയ നേട്ടം ആയി ചരിത്രങ്ങളിൽ രേഖപ്പെടുത്തുന്നു..

അതിരാവിലെ ആണ് ടൈഗർ ഹില്ലിലെ ഏറ്റവും മനോഹരമായ കാഴ്ച്ച. സൂര്യൻ ഉദിച്ചുയരുമ്പോൾ തെളിഞ്ഞു വരുന്ന എവറസ്റ്റ് – കാഞ്ചൻജങ്ക മലനിരകളുടെ ഏറ്റവും മനോഹരമായ കാഴ്ച്ച. താഴെ ഔട്പോസ്റ്റിൽ നിന്നും 80 രൂപ ടിക്കറ്റ് എടുത്ത് വേണം ടൈഗർ ഹിൽ കയറാൻ. നടന്നു കയറുക എന്നത് അത്രയ്ക്ക് എളുപ്പമല്ലാത്ത കൊണ്ട് മുകളിൽ വരെ മനോഹരമായ റോഡുകൾ സർക്കാർ നിർമ്മിച്ചിട്ടുണ്ട്. മനോഹരമായ ഒരു കാട്ട് വഴികളിലൂടെ കുത്തനെയുള്ള ഡ്രൈവിംഗ് ചെന്നെത്തിക്കുന്നത് ടൈഗർ ഹില്ലിന്റെ ഉച്ചിയിൽ ആണ്. മുകളിൽ യാത്രികർക്ക് വേണ്ടി പണി കഴിപ്പിച്ച വ്യൂ പോയിന്റുകൾ. കോടമഞ്ഞു ചതിച്ചില്ലെങ്കിൽ നമുക്ക് സാക്ഷ്യം വഹിക്കാൻ പറ്റുന്നത് ആകാശം മുട്ടെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന പർവതങ്ങൾ ആണ്. മഞ്ഞു മൂടി പഞ്ഞിക്കെട്ട് പോലെ വെളുത്തിരിക്കുന്ന എവറസ്റ്റ്-കാഞ്ചൻജങ്ക മലനിരകൾ.

മേഘങ്ങളെ കീറി മുറിച്ചുകൊണ്ട് സ്വർണ്ണ നിറത്തിൽ കൊടുമുടികളിൽ പതിക്കുന്ന സൂര്യ കിരണങ്ങൾ, ഇടക്ക് അവയെ മൂടാനായി എത്തുന്ന മേഘങ്ങളും കോടമഞ്ഞും. അവിടെ സ്ഥാപിച്ച ടെലിസ്കോപ്പിൽ 50 രൂപ ടിക്കറ്റ് നൽകിയാൽ അവയെ അടുത്ത് കാണാം. പക്ഷെ അതിന്റെ ആവശ്യം ഇല്ലാതെ തന്നെ അത്രയും മനോഹരമായി നമുക്ക് അവിടം ആസ്വദിക്കാൻ സാധിക്കും.

ടിബറ്റൻസംസ്ക്കാരം എടുത്തു പറയുന്നതാണ് അങ്ങോട്ടുള്ള വഴികൾ അത്രയും. ഇരു വസങ്ങളിലും മുകളിലും പാറി നടക്കുന്ന ടിബറ്റൻ ഫ്ലാഗുകൾ, ഇടയ്ക്ക് ചെറിയ ക്ഷേത്രങ്ങൾ, ഇരു വസങ്ങളിലും മൃഗങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സൂചന ബോർഡുകൾ, അപൂർവ്വമായ സസ്യ വൃക്ഷാദികൾ, പൂക്കൾ, കിളികൾ…

ടൈഗർ ഹിൽ ഒരു അത്ഭുതം ആണ്. അത് ചരിത്രം കൊണ്ടും കാഴ്ച്ചകൾ കൊണ്ടും. ഡാർജീലിംഗ് യാത്ര അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ ടൈഗർ ഹിൽ കൂടെ കീഴടക്കാതെ സാധിക്കില്ല.. ജീവിതത്തിൽ ഒരു തവണ എങ്കിലും ടൈഗർ ഹില്ലിന്റെ മുകളിൽ നിന്ന് ഒരു കപ്പ്‌ ചായ നുണഞ്ഞുകൊണ്ട് ആ തണുപ്പിൽ ദൂരെ തലയുയർത്തി നിൽക്കുന്ന കൊടുമുടി ഭീമന്മാരെ ആസ്വദിക്കണം.
ഹാ…. അതൊരു സുഖമുള്ള കാഴ്ചകളാണ്.

 

ശ്യാം സോർബ

ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട ഒരു ക്യാൻവാസ് – കൊണാർക്

സൂര്യൻ അതിന്റെ സ്വർണ്ണ വർണ്ണങ്ങൾ വിതറി ഉദിച്ചു വരുമ്പോൾ അതിന്റെ വെളിച്ചതിനൊപ്പം ഉദിച്ചു വരാതെ കാലക്രമേണ അസ്തമിച്ചു പോയ ഒരു സാമ്രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ കൈകൾ ചുമരുകളിൽ ചേർത്ത് നിർത്തി നോക്കി നിൽക്കുന്നു. പുരാതന അത്ഭുതങ്ങളുടെയും വാസ്തുവിദ്യാ മാതൃകയുടെയും ഈറ്റില്ലം ആയ കൊണാർക്. ഭൂതകാലത്തിന്റെ വശീകരിക്കുന്ന കഥകൾ പേറുന്ന കല്ലുകൾ, കവാടങ്ങൾ, ശില്പ ചാരുതകൾ.
കൊണാർക്കിലെ സൂര്യ ക്ഷേത്രം, ഇന്ത്യയിൽ ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന കൊണാർക് സൂര്യ ക്ഷേത്രം, മധ്യകാല വാസ്തുവിദ്യയുടെ അതിശയിപ്പിക്കുന്ന ഒരു മാസ്റ്റർപീസ് ആണ്. UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ നിർമ്മിതി കൂടിയാണ് ഈ സൂര്യ ക്ഷേത്രം. കിഴക്കൻ ഗംഗ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമന്റെ കാലത്ത്, പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ചരിത്രം ആരംഭിക്കുന്നത്. മാർബിളുകളിൽ കൃത്യമായി ആലേഖനം ചെയ്യപ്പെട്ട ചരിത്രം യാത്രികർക്ക് വായിച്ചു മനസിലാക്കാൻ അവസരം നൽകുന്നു. അല്ലാത്തവർക്ക് വേണമെങ്കിൽ ഗൈഡ്മാരുടെ സഹായവും തേടാവന്നതാണ്. എന്തായാലും ഗൈഡ്മാരെ തത്കാലം അടുപ്പിച്ചില്ല, ചരിത്രം സ്വയം അന്വേഷിച്ചു അറിയാം എന്ന് കരുതി.
ഏകദേശം 1250 CE യിൽ നിർമ്മാണം ആരംഭിച്ച ഈ ക്ഷേത്രം പൂർത്തിയാകാൻ നീണ്ട 12 വർഷങ്ങൾ എടുത്തു എന്നാണ് ചരിത്രങ്ങൾ പറയുന്നത്. കല്ലുകളിൽ കൊത്തിയെടുത്ത 24 ചക്രങ്ങൾ ഉള്ള ഒരു രഥം 7 കുതിരകൾ വലിക്കുന്ന മാതൃകയിൽ ആണ് സൂര്യ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. സൂര്യ ദേവന് സമർപ്പിച്ച ഈ ക്ഷേത്രം, സൂര്യ ദേവൻ തന്റെ രഥത്തിലൂടെ ആകാശത്തിൽ സഞ്ചരിക്കുന്ന ഒരു ചിത്രം ആണ് ഇത് നൽകുന്നത്. സൂര്യക്ഷേത്രത്തിന്റെ ചുവരുകളും തൂണുകളും മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹൈന്ദവ ആചാര കഥകൾ, മൃഗങ്ങൾ, ആകാശ ജീവികൾ, നർത്തകിമാർ അങ്ങനെ നൂറ് കണക്കിന് കൊത്തുപണികൾ ഓരോ തൂണും മനോഹരമാക്കുന്നു. മിഥുനങ്ങൾ എന്നറിയപ്പെടുന്ന ശൃംഗാര ശിൽപ്പങ്ങളാണ് ഇവയിൽ പ്രധാന ആകർഷണം. ആ കാലത്തെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് ഇവ നമ്മെ നയിക്കുന്നു.
സൂര്യക്ഷേത്രത്തിന്റെ മനോഹരമായ കൽപാതകളിൽ കൂടിയും പുൽ തകിടികളിൽ കൂടിയും നടക്കുമ്പോൾ അതിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം നമ്മെ വല്ലാതെ ആലിംഗനം ചെയ്യും. ജീവനുള്ള കല്ലുകൾ ആയി കാണാം ഓരോ നിർമ്മിതിയും. ഓരോ അടി വെച്ച് ക്ഷേത്രം വലം വയ്ക്കുമ്പോൾ കരകൗശലത്തിന്റെയും അതേ സമയം ആത്മീയതയുടെയും ഒരു നിഴൽ നമ്മെ നയിക്കുന്നതായി തോന്നാം.

പത്ത് രൂപാ നോട്ടിൽ നമ്മൾ കണ്ട വലിയ കൽ ചക്രം നേരിൽ കണ്ട് ഫോട്ടോ പകർത്താൻ ഉള്ള യാത്രികരുടെ ശ്രമങ്ങൾ കാണാൻ പറ്റും. നൂറ് കണക്കിന് ആളുകൾ ഒരേ സമയം ഇതിനെ വലം വെച്ചുകൊണ്ടിരിക്കുന്നു എങ്കിലും വല്ലാത്തൊരു ശാന്തതയും സമാധാനവും അവിടെങ്ങും നിഴലിക്കുന്നുണ്ട്.

ഒപ്പം വല്ലാതെ വിഷമം തോന്നിയ ചില കാര്യങ്ങൾ പറയാതെ വയ്യ, സദാചാരത്തിന്റെ അന്ധത ബാധിച്ച മനുഷ്യർ തകർത്തു കളഞ്ഞ ചില ശിൽപ്പങ്ങൾ ഈ കൂട്ടത്തിൽ കാണാം. മനോഹരമായ സ്ത്രീ രൂപങ്ങൾ തകർത്തു വികൃതം ആക്കിയ അവസ്ഥയിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരമായ ഈ ശിൽപ്പങ്ങൾ നിസ്സാരമായി നശിപ്പിച്ചു കളയാൻ എങ്ങനെ സാധിക്കുന്നു എന്ന തോന്നൽ ആണ് ഏറ്റവും സങ്കടം ഉണ്ടാക്കിയത്.

കൊണാർക്കിലെ ഈ സൂര്യ ക്ഷേത്രം ഒരത്ഭുതം ആണ്. വാസ്തു, ആത്മീയത, ശില്പചാരുത അങ്ങനെ ഓരോ ഭാഗവും ഏറ്റവും മനോഹരമായി പൂർത്തിയാക്കപ്പെട്ട ഒരു വലിയ രഥം.
ഏഴ് കുതിരകളാൽ വലിക്കപ്പെടുന്ന മഹാ രഥം.

സൂര്യക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആ ലോകം ആകെ മാറുന്നതായി കാണാം. ഒരു കവാടത്തിന് ഇപ്പുറത്ത് കാണുന്ന മാറ്റങ്ങൾ വലുതാണ്. ശാന്തതയും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം പെട്ടന്ന് കച്ചവട തിരക്കുകളിലേക്കും വാഹനങ്ങളുടെ ശബ്ദങ്ങളിലേക്കും വഴി മാറും.

തിരികെ ഭുവനേശ്വർ ലക്ഷ്യമാക്കി ബസ്സ് കയറുമ്പോൾ മനസ്സിൽ ഇങ്ങനെ തോന്നുന്നു, ഒരു ദിവസത്തെ ചുരുക്കം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു വലം വയ്ക്കൽ ഈ ക്ഷേത്രത്തെ മനസിലാക്കി എടുക്കാൻ പോരാതെ വരുന്നു. ഓരോ തൂണുകൾക്കും, ചുവരുകൾക്കും അവയിലെ ഓരോ ശിൽപ്പങ്ങൾക്കും ചിത്രങ്ങൾക്കും പറയാൻ കഥകൾ ഏറെയാണ്.

കൊണാർക്കിലൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുമ്പോൾ കലയുടെയും വാസ്തുവിദ്യയുടെയും പ്രകൃതിയുടെയും തടസ്സമില്ലാത്ത ബന്ധങ്ങളോടുള്ള അഗാധമായ ഒരു പ്രണയം തോന്നും. യാത്രകളിൽ കണ്ട് പോരേണ്ട വെറും ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല കൊണാർക്, ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട മനോഹരമായ ഒരു ക്യാൻവാസ് ആണ്, അല്ലെങ്കിൽ മനോഹരമായ് ഇരുവതും കൈകോർത്ത് ആടുന്ന ഒരു നൃത്തമാണ്. കൊണാർക് ഒരു ടൈം ക്യാപ്സുൾ ആണ്. സൂര്യനെ ചുംബിക്കുന്ന ക്ഷേത്രവും അതിലെ ഓരോ ഫലകങ്ങളും പറഞ്ഞു തരുന്ന കഥകൾ നൂറാണ്. കൊണാർക്ക് സൗന്ദര്യാത്മകതയുടെ ആത്മാവിനുള്ള ഒരു നിധിശേഖരമായി തുടരുന്നു, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക രേഖയുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര.

ശേഷിക്കുന്ന കഥകൾ തേടി ഇനിയും പലയാവർത്തി കൊണാർക് തേടി വരേണ്ടതുണ്ട്.

ശ്യാം സോർബ

കൊൽക്കത്ത സന്തോഷവും സൗന്ദര്യവും ആണ്

ഹൌറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നത് കൊൽക്കത്തയുടെ ഹൃദയമിടിപ്പ് കേട്ട് കൊണ്ടായിരിക്കും. ഒരു അത്ഭുതലോകത്തേക്ക് എന്ന പോലെ ആണ് കൊൽക്കത്ത നമ്മെ വരവേൽക്കുന്നത്. അവിടെ അലഞ്ഞു തിരിയുന്ന ഓരോ ആത്മാവിനും കേൾക്കാൻ സാധിക്കും ഏകാന്തതയുടെ ശബ്ദത്തിന്റെ പിന്നണിയിൽ ഒഴുകുന്ന ബൌൾ സംഗീതം.

ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ സകല അവശേഷിപ്പുകളും പേറുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്ന് ആയിരിക്കും City of Joy എന്ന കൊൽക്കത്ത.

ടാഗോറും സത്യജിത് റേയും ഒക്കെ പല മാധ്യമങ്ങളിലൂടെ, എഴുത്തിലൂടെ സിനിമയിലൂടെ ഒക്കെ കാട്ടി തന്ന ഭംഗി. ഒരുപക്ഷെ സൗന്ദര്യബോധം ഇത്രയും മനോഹരമായി പേറി നടക്കുന്ന മറ്റൊരു നഗരം ഉണ്ടെന്ന് തോന്നുന്നില്ല. കെട്ടിടങ്ങളും വഴികളും മനുഷ്യരും വണ്ടികളും അങ്ങനെ എല്ലാം വല്ലാത്തൊരു സൗന്ദര്യം വഹിക്കുന്നുണ്ട്.

ഒരുസമയത്ത് തുടർച്ചയായി ഓടിക്കൊണ്ടിരുന്ന, ഇന്ന് വല്ലപ്പോഴും മാത്രം റോടുകളിൽ കൂടെ കടന്നു പോകുന്ന ട്രാം ട്രൈനുകൾ, അവ കൊൽക്കത്തയുടെ പാരമ്പര്യം ഏറ്റികൊണ്ടാണ് ഓടി നടക്കുന്നത്. മഞ്ഞ അംബാസിഡർ കാറുകൾ, ഹാ അതൊരു ഭംഗി ആണ്…

മൺപാത്രത്തിലെ ചായയും ലസ്സിയും പിന്നെ രുചികൂട്ടുകളും കൽക്കത്ത ബിരിയാണിയും… നാവിൽ ഇങ്ങനെ കപ്പൽ ഓടും എന്നൊക്കെ പറയാറില്ലേ, ഹാ അത് തന്നെ.

ബ്രിട്ടീഷ് സ്വാധീനത്തിന്റെ പ്രതിരൂപമായ വിക്‌റ്റോറിയ മെമ്മോറിയൽ, ഹ്യൂഗ്ലി നദിക്ക് കുറുകെ ഹൌറ പാലം, തെരുവുകൾ, വലിയ കെട്ടിടങ്ങൾ… ഇങ്ങനെ വാസ്തുസൗന്ദര്യം കൊൽക്കത്തയുടെ മുഖരൂപമാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ മ്യൂസിയം – അത് പങ്ക് വെക്കുന്ന അറിവും കൗതുകവും.

തെരുവുകളിൽ അടുക്കി വെച്ച പുസ്തകങ്ങൾ… അങ്ങനെ നീണ്ടു കിടക്കും ഈ നഗരം.

നഗരത്തിലെ വിപണികൾ ഒക്കെയും വല്ലാതെ ചടുലമായവയാണ്. ഒരു യാത്രികന് ന്യൂ മാർക്കറ്റും ഗറിയാഹത്ത് മാർക്കറ്റും ഒക്കെ താണ്ടുക എന്നതായിരിക്കും ഏറ്റവും ശ്രമകരം എന്ന് തോന്നി.

എല്ലാത്തിലും ഉപരി അവിടുത്തെ ജനങ്ങൾ, ജീവിതം, കല, സംസ്ക്കാരം ഇവയോടൊക്കെ ഉള്ള അവരുടെ അഭിനിവേശം അതിങ്ങനെ ആത്മാവിൽ നിന്ന് ആത്മാവിലേക്ക് ഒരു പകർച്ച വ്യാധി പോലെ പടരും.

വൈകുന്നേരങ്ങളിൽ പാട്ടും വരയും ചർച്ചയും ഒക്കെയായി കൂടുതൽ ഉണരുന്ന ആർട്ട് ഗാലറിയും പരിസരവും. ഓരോ കോപ്പ ചായയിലും അവിടെ ജനിക്കുന്നത് ക്രിയാത്മകതയുടെ വലിയ ആഘോഷങ്ങൾ ആണ്.
വൈകുന്നേരങ്ങളിൽ അവിടെ ഒത്ത് കൂടുന്ന മനുഷ്യർക്ക് ഒരു വല്ലാത്ത സൗന്ദര്യം ആണ്. കൊൽക്കത്തയുടെ സൗന്ദര്യബോധം എന്നെ കാണിച്ചു തന്ന ഇടം ആയിരുന്നു അത്. വസ്ത്രങ്ങളും ആഭരണങ്ങളും മനുഷ്യരും ഒക്കെ ആ സൗന്ദര്യത്തിന്റെ ഓരോ ഘടകങ്ങൾ ആണ്.

പ്രിയപ്പെട്ട നഗരമേ,
വായിച്ചും കേട്ടും അറിഞ്ഞതിൽ അപ്പുറമാണ് നീ. എന്റെ ദിവസങ്ങളിൽ നീ തന്ന ഓർമ്മകൾക്ക് നന്ദി. ഏറ്റവും മനോഹരമായി നീ തന്ന ആലിംഗനങ്ങൾക്ക് നന്ദി. നീ തന്ന രുചികൾക്ക് നന്ദി.

കൊതിയായിരുന്നു നീ, ഇന്ന് ഈ നഗരം കണ്ട് മടങ്ങുമ്പോൾ വീണ്ടും തിരിച്ചു വരാനുള്ള കൊതി പെരുകുന്നുമുണ്ട്.

“ചരിത്രവും ആധുനികതയും കൈകോർത്ത് നൃത്തം ചെയ്യുന്ന കാലാതീതമായ ഒരു ചാരുത ഉൾക്കൊള്ളുന്ന, സന്തോഷത്തിന്റെ നഗരമായ കൊൽക്കത്ത. അവിടെ അലഞ്ഞു തിരിയുന്ന ഓരോ മനുഷ്യനെയും അതിങ്ങനെ ആലിംഗനം ചെയ്യും”.

ശ്യാം സോർബ

അങ്കോർ എന്ന ചരിത്ര വിസ്മയം

ഖമർ രാജ്യത്തിൻറെ 9 ആം നൂറ്റാണ്ടുമുതൽ 15 ആം നൂറ്റാണ്ടു വരെയുള്ള ചരിത്രവും കഥകളുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിനു പറയുവാനുള്ളത്. നാനൂറു ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം. നിരവധി ക്ഷേത്രങ്ങളും വനങ്ങളുമെല്ലാമുള്ള പ്രദേശം, ഇന്ന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശമായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു. ഇന്നിത് കംബോഡിയായുടെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രവുമാണ്.

സേം റെപ് (Siem Reap) എന്നറിയപ്പെടുന്ന ഒരു നഗരമാണ് ഇതിന്റെ കവാടം. അവിടേക്കു വിമാനമടക്കം എല്ലാ വിധ യാത്രാ സൗകര്യങ്ങളുമുണ്ട്. താമസത്തിനാകട്ടെ, എണ്ണിയാലൊടുങ്ങാത്ത ഹോട്ടലുകളും ഹോസ്റ്റലുകളും. ഒരു സഞ്ചാരിയെ ഉൾക്കൊള്ളുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സേം റെപ്പിലുണ്ട് എന്ന് പറയാതെ വയ്യ. രാത്രിജീവിതം ഉള്ള ഒരു അതി മനോഹരമായ നഗരമാണ് ഇത്. എവിടെയും പബ്ബുകളും ബാറുകളും, റെസ്റ്റോറെന്റുകളും, മസ്സാജ് പാർലറുകളും. ഉത്സവങ്ങളുടെ രാത്രികളാണിവിടെ.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമൊഴികെ, അല്പം ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. ഈ ചൂടിലൂടെയാണ് ആയിരക്കണക്കിന് സഞ്ചാരികൾ ഇത് കാണാനെത്തുന്നത്, എന്നത് തന്നെ ഇതിനെ ലോകാശ്ചര്യങ്ങളിലൊന്നാക്കി മാറ്റുന്നു. ഇത് പൂർണ്ണമായും കണ്ടെടുക്കുവാൻ ദിവസങ്ങളോ, ആഴ്ചകളോ വേണ്ടി വരും. കൂടുതൽ പേരും ഒരു ദിവസം കൊണ്ട് പത്തിൽ താഴെ മാത്രം ക്ഷേത്രങ്ങൾ കണ്ടു മടങ്ങുന്നവരാണ്. അവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളും. ചരിത്രത്തിലും, ക്ഷേത്ര പഠനങ്ങളിലും, വാസ്തുശില്പ കലയിലുമെല്ലാം താത്പര്യമുള്ളവർ ദിവസങ്ങളോളം ഇവിടെ തങ്ങാറുണ്ട്. ഒരു ദിവസത്തെ പാസിന് 37 ഡോളറും ( Rs: 2500/- ) മൂന്നു ദിവസത്തെ പാസിന് 60 ഡോളറുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിന്റെ പ്രവേശന ഫീസ്. അതിരാവിലെ 5 മണിക്കുതന്നെ ഇവിടെ പ്രവേശനം അനുവദിച്ചു തുടങ്ങും. അങ്കോർ വാറ്റിന്റെ പുറകിലായി ഉദിച്ചുയരുന്ന സൂര്യബിംബം ഒരു അനുഭവം തന്നെയാണ്. ഇത് കാണുവാനായി ആയിരിക്കണക്കിനു  സഞ്ചാരികൾ ഇവിടെ കാത്തിരിക്കുന്നുണ്ടാകും.

അങ്കോർ വാറ്റ് ആണ് ഇതിൽ ഏറ്റവും പ്രധാനാകർഷണം. 12 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ രാജാവാണ് ഇത് പണികഴിപ്പിച്ചത്. വാറ്റ് എന്നാൽ കമ്പോഡിയൻ, തായ് ഭാഷകളിൽ ക്ഷേത്രം എന്നാണർത്ഥം. ഈ ക്ഷേത്രം ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതായിരുന്നു എന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്. അക്കാലങ്ങളിൽ അവിടെയെല്ലാം ഹിന്ദു മതം നിലനിന്നിരുന്നു. ഇൻഡോന്വേഷ്യയിലെ ബാലി ഇന്നും ഇതിനൊരു ഉദാഹരണമാണല്ലോ. എന്നാൽ രാജാവിന്റെ മരണശേഷം ഇതദ്ദേഹത്തിന്റെ ശവകുടീരമായി (Mausoleum) മാറിയെന്നും പറയപ്പെടുന്നു.  എന്നാൽ 12 ആം നൂറ്റാണ്ടിന്റെ ഒടുവിൽ ഇതൊരു ബുദ്ധക്ഷേത്രമായി മാറിക്കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രവും ഇതുതന്നെ.

ദേവേന്ദ്രന്റെ ആവശ്യപ്രകാരമാണ് ഈ ക്ഷേത്രം സൂര്യവർമ്മൻ നിർമ്മിച്ചതെന്നും, അദ്ദേഹം തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നുവെന്നും, മാത്രമല്ല ഒറ്റ രാത്രികൊണ്ട് പണികഴിപ്പിച്ചതാണീ ക്ഷേത്രം എന്നുപോലുമുള്ള കെട്ടുകഥകളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. എന്നാൽ മുപ്പതോ നാൽപ്പതോ വർഷങ്ങളെടുത്തിരിക്കും ഈ കൂറ്റൻ ക്ഷേത്രം നിർമ്മിക്കുന്നതിനെന്നാണ് വിദഗ്ധ മതം.

സൂര്യവർമ്മന്റെ കാലശേഷം ഈ ക്ഷേത്രത്തിന് പറയത്തക്ക പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. കാലക്രമത്തിൽ ക്ഷേത്ര പൂജകൾ പോലും ഇല്ലാതായ ഈ ക്ഷേത്രം പിന്നീട് കണ്ടെടുക്കപ്പെടുന്നത് 1840 ൽ മാത്രമാണ്. ഹെൻറി മോത്ത് (Henri Mouhot) എന്ന ഫ്രഞ്ച് പരിവേഷകനാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച്‌ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്നത്.

ദേവലോകത്തിന് സാദൃശ്യമുള്ള സുമേരു പർവ്വതത്തിന്റെ (Mount Meru) രൂപത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മേരു പർവ്വതത്തിന്റെ അഞ്ചു കൊടുമുടികളാണ്, ഇവിടത്തെ അഞ്ചു ഗോപുരങ്ങൾ എന്നാണ് സങ്കൽപ്പം. മേരു പർവ്വത രൂപത്തിൽ പ്രപഞ്ചത്തെ തന്നെയാണ് ഇവിടെ ശില്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടുവിലെ ഗോപുരം മേരുവിലെ പ്രധാന കൊടുമുടിയായ പ്രപഞ്ച കേന്ദ്രത്തെയും, മറ്റു അഞ്ചു ഗോപുരങ്ങൾ മെരുവിലെ മറ്റു അഞ്ചു കൊടുമുടികളെയും, പതിനഞ്ചടി ഉയരമുള്ള ചുറ്റുമതിൽ ഭൂമിയുടെ അവസാന ഭാഗങ്ങളെയും, ചുറ്റുമുള്ള ജലാശയങ്ങൾ സമുദ്രങ്ങളെയും സൂചിപ്പിക്കുന്നു.

ചുറ്റുമതിലിനുള്ളിൽ 200 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം അക്കാലത്തെ ഖമർ ക്ഷേത്രശില്പകലയുടെ ഔന്നിത്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഭിത്തിയിലുടനീളം ഹിന്ദു ചരിത്രകഥകൾ കൊത്തിവയ്ക്കപ്പെട്ടിട്ടുമുണ്ട്. യുദ്ധങ്ങൾ മുതൽ, ഭൂമികുലുക്കങ്ങൾ വരെ അതിജീവിച്ച ഈ ക്ഷേത്രത്തിന് ചില കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി നിമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നാം നിലയിൽ നിന്നും നോക്കിയാൽ ആ പ്രദേശം ഒന്നായി ദൃശ്യമാകും.

അങ്കോർ തോം ആണ് രണ്ടാമത്തെ പ്രധാനാകർഷണം. ഇത് 12 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ജയവർമ്മൻ ഏഴാം രാജാവ് നിർമ്മിച്ചതാണ്. ഖമർ രാജ്യവംശത്തിന്റെ ആസ്ഥാനമായിട്ടാണ് അങ്കോർ തോം പണികഴിപ്പിച്ചത്. ഒൻപതു ചതുരശ്ര കിലോമീറ്റർ  വിസ്തൃതിയുണ്ടിതിന്. ഖമർ രാജ്യത്തിന്റെ ആസ്ഥാനം ഇതിനു മുൻപ് ഇതായിരിക്കുവാനിടയില്ല. യശോദാപുരയായിരിക്കണം ഇതിനു മുൻപുള്ള രാജ്യ തലസ്ഥാനം. പിന്നീട് തലസ്ഥാനം അങ്കോർ തോമിൽ നിന്നും നമ്പൻ (Phnom Penh) എന്ന ഇപ്പോഴത്തെ കംബോഡിയ തലസ്ഥാനത്തേക്ക് മാറ്റുകയുമുണ്ടായി. കുറച്ചു കാലങ്ങൾ മാത്രമായിരിക്കണം അങ്കോർ തോം അതിന്റെ പ്രൗഢി നിലനിറുത്തിയിരിക്കുക.

സേം റെപ്പ് നദിയുടെ കരയിലാണ് അങ്കോർ തോം പണികഴിപ്പിച്ചത്. അങ്കോർ വാറ്റിൽ നിന്നും രണ്ടു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ. അങ്കോർ തോമിലേക്കു പ്രവേശിക്കുന്ന കവാടം തന്നെ അതി മനോഹരമായ ഒരു നിർമ്മിതിയാണ്. ഒരു കൂറ്റൻ മനുഷ്യ മുഖം കൊത്തിയ ഇരുപത്തിമൂന്നു മീറ്റർ ഉയരമുള്ള ഒരു ഗോപുരത്തിന്റെ ഉള്ളിലൂടെ വേണം നഗരപ്രവേശനം.

ഇതിനുള്ളിൽ ചില ക്ഷേത്രങ്ങൾ 11 ആം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും, ജയവർമ്മൻ തന്റെ രാജ്യ ക്ഷേത്രമായി നഗര മധ്യത്തിൽ പണിതുയർത്തിയതാണ് ഇവിടത്തെ മറ്റൊരു പ്രധാനാകർഷണമായ ബെയാൺ (Bayon) ക്ഷേത്രം. ആ നൂറ്റാണ്ടിൽ തന്നെ വികസനം കൈവരിച്ചിരുന്ന ഒരു നഗരമായിരുന്നു അങ്കോർ തോം. വെള്ളം കൊണ്ടുവരുന്നതിനുള്ള കനാലുകളും, റോഡുകളും, എന്തിനേറേ നാല് ആശുപത്രികൾ പോലും അന്നിവിടെ ഉണ്ടായിരുന്നത്രേ. ബെയാൺ ക്ഷേത്രത്തിന്റെ ഗോപുരങ്ങളിലും ഭിത്തികളിലുമെല്ലാം മുഖങ്ങൾ കൊത്തി വച്ച ശില്പങ്ങളാണ്. ഓരോന്നും കൂറ്റൻ മുഖങ്ങളാണ്. മീറ്ററുകൾ ഉയരമുള്ളത്.

ബോധി സത്വ എന്ന ലോകേശ്വരന്റേതാണ് ഈ മുഖങ്ങൾ എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ ഹിന്ദു വിശ്വാസപ്രകാരമുള്ള ബ്രഹ്‌മാവിന്റേതാണ് ഈ മുഖങ്ങൾ എന്ന് വാദിക്കുന്നവരും ഇല്ലാതില്ല. ഇവിടുത്തെ ക്ഷേത്രങ്ങളിൽ നാഗരാജാവായ വാസുകിയുടേതടക്കം പല ഹിന്ദു ദേവന്മാരുടെയും, പ്രതിമകളും രൂപങ്ങളും കാണുവാൻ കഴിയും. രാജ കൊട്ടാരവും, ബെയാൺ ക്ഷേത്രവും, മറ്റുചില ക്ഷേത്രങ്ങളും, അനേകം മറ്റു കെട്ടിടങ്ങളും നിറഞ്ഞതാണ് അങ്കോർ തോം.

ഇത് പോലെ നൂറോളം ചെറുതും വലുതുമായ ക്ഷേത്രക്കാഴ്ചകളുണ്ടിവിടെ. എല്ലാം കണ്ടെടുക്കുക എന്നെപ്പോലൊരാൾക്കു അസാധ്യം തന്നെയാണ്. രാവിലെ നാലരക്ക് തുടങ്ങിയ കാഴ്ചകൾ ഞാൻ വൈകുന്നേരം നാലുമണിയോടെ അവസാനിപ്പിച്ചു. പൊള്ളുന്ന വെയിൽ തന്നെയായിരുന്നു പ്രധാന പ്രശ്നം. ഏതാണ്ട് പത്തോളം പ്രധാന കേന്ദ്രങ്ങൾ കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളാണ് ഞാൻ ഇവിടെ വിവരിച്ചത്. ഇത്രയും ശക്തമായ ഹിന്ദുമത സംസ്കാരം ഞാൻ ഇതിനു മുൻപ് ബാലിയിൽ മാത്രമേ കണ്ടിരുന്നുള്ളൂ. നമ്മുടെ പൈതൃകം ഇത്രയേറെ മഹത്തരമാണെന്ന് അറിവോടെയായിരുന്നു ഞാൻ അങ്കോറിൽ നിന്നും മടങ്ങിയത്. നമ്മുടെ സ്വന്തം രാജ്യത്തുപോലും പൈതൃക സ്മാരകങ്ങൾ ഇത്ര നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നത് ദുഃഖമായി എന്നിൽ അവശേഷിക്കുന്നു. അത്തരം ഒരു സ്ഥലമാണ് ഐഹോളെ എന്നറിയപ്പെടുന്ന കർണാടകയിലെ ഒരു ക്ഷേത്ര സമുച്ചയം. അതും സംരക്ഷിക്കപ്പെട്ടാൽ ഒരു പക്ഷേ മറ്റൊരു അങ്കോർ ആയേക്കും.

 

ഡോ. സുനീത് മാത്യു

ജ്ഞാനോദയവും മരണവും ആലിംഗനം ചെയ്യുന്നൊരു നഗരം..

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്ന്…. വാരാണസി..

ചരിത്രവും, തത്വവും, ആത്മീയതയും, ഗ്രാമീണതയും, നാഗരികതയും ഒക്കെ അവിടെ ഇങ്ങനെ ഇഴച്ചേർന്ന് കിടക്കുന്നുണ്ട്… യാത്രയോടുള്ള പ്രണയം മനസ്സിൽ കോറിയിട്ട് തന്ന സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങരയോട് ഒരു ഇന്റർവ്യൂവിൽ ചോദിക്കുന്നുണ്ട്, താങ്കൾക്ക് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നഗരം ഏതാണ് എന്ന്… ഒട്ടും സംശയിക്കാതെ അദ്ദേഹം പറയും അത് വാരാണസി ആണെന്ന്. അതിന് അദ്ദേഹം കൊടുക്കുന്ന മറുപടി ഇങ്ങനെ ആണ് : അവിടെ ശവങ്ങൾ മാത്രമാണ്.. എത്ര മഹാനായാലും അവിടെ വെറും ശവങ്ങൾ മാത്രം.

ശരിയാണ്… ഗംഗനദിയിലേക്ക് ചുവട് വെച്ചിറങ്ങുന്ന നിരവധി ഘട്ടുകൾ. അതിൽ ഏറ്റവും ഒടുവിൽ മണിക്കർണ്ണിക ഘട്ട്. ഒരേ സമയം എത്ര ദേഹങ്ങൾ ആണ് കത്തിയെരിയുന്നത്.. കരച്ചിലുകളോ നിലവിളികളോ ഇല്ലാതെ, പാതി കത്തിയ ശരീരങ്ങൾ തോണ്ടി പുറത്തേക്ക് ഇട്ട് അടുത്ത ശരീരത്തിനായി ഇടം ഒരുക്കുന്നവർ, ശവങ്ങൾക്ക് അലങ്കാരം ഒരുക്കിയ പൂമാലകളെ ഭക്ഷണം ആക്കാൻ ഊഴം കാത്തിരിക്കുന്ന ആടുകളും പശുക്കളും… അങ്ങനെ എരിഞ്ഞു തീരുന്ന ശവങ്ങളുടെ പുകയിൽ ഒരു ദിവസം മുഴുവൻ ജീവിക്കുന്ന മണിക്കർണ്ണിക ഘട്ട്….

സായാഹ്നങ്ങളിൽ പതിനായിരത്തിലധികം ആളുകളുടെ സാക്ഷിയാക്കി ഗംഗയെ ദീപാലൻകൃതമാക്കുന്ന ദശാസ്വമേദ് ഘട്ടിലെ ആരതി… പടവുകളിൽ ആത്മീയവും, സൗഹൃദപരവും, ചരിതപരവും ഒക്കെയായ സംഭാഷണങ്ങളിൽ മുഴുകി ഇരിക്കുന്ന മനുഷ്യർ… ഒരു ചായയിലും ബീഡിയിലും കൊഴിഞ്ഞു പോകുന്ന സമയങ്ങൾ… ദേഹമാശകലം ഭസ്മം പൂശി ഘട്ടുകളിൽ ആളുകളെ കാത്തിരിക്കുന്ന അഘോരികൾ, പത്ത് രൂപയ്ക്ക് നെറ്റിയിൽ നീളത്തിൽ ഭംഗിയിൽ കുറി തൊട്ട് കൊടുക്കുന്ന മനുഷ്യർ… അങ്ങനെ അവിടെ ഓരോ മനുഷ്യനും വ്യത്യസ്തരാണ്… അസ്സി ഘട്ടിൽ തുടങ്ങി മണികർണ്ണിക ഘട്ടിൽ എത്തും വരെ…. പിന്നെയവിടം ഉയിരില്ലാത്ത ദേഹങ്ങൾ മാത്രം… വികാരവും വിചാരവും ഇല്ലാത്ത കൊറേ ദേഹങ്ങൾ….

നിങ്ങളെ ആസ്വാധനത്തിന്റെ കൊടുമുടി കയറ്റാൻ തക്കവണ്ണം അവിടെ ഒന്നുമില്ല. പക്ഷെ എല്ലാത്തിലുമുരി ഏറ്റവും സമാധാനമുള്ള ഒരു അന്തരീക്ഷം അവിടെ കാണാൻ സാധിച്ചു എന്നതാണ് സത്യം.

പടവുകളിലേക്ക് ചേർത്ത് നിരനിരയായി കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ഉണ്ട്. 50 ഉം 100 ഉം രൂപയ്ക്ക് ഗംഗയുടെ മടിത്തട്ടിലൂടെ ഒരു യാത്ര, അത് മനോഹരമായ ഒരു അനുഭൂതിയാണ്.

അഘോരികളുടെ ഒരു വലിയ സംഗമസ്ഥാനം ആണ് ഓരോ ഘട്ടുകളും. പ്രാചീനമായ വസ്ത്രം ധരിച്ചും, വസ്ത്രങ്ങൾ ഒന്നും ധരിക്കാതെയും, ഒരൽപ്പം മോഡേൺ ആയും ഒക്കെ ഉള്ള അഘോരികളെ അവിടെ കാണാൻ പറ്റും. അവരുടെ ഫോട്ടോ എടുക്കാൻ പറ്റില്ല, അതിന് അവർക്ക് പണം കൊടുക്കണം. ഉപജീവനത്തിനു ഇങ്ങനെയും പണം കണ്ടെത്താം എന്ന് സാരം. നെറ്റിയിൽ വ്യത്യസ്ത ഡിസൈൻ കുറികൾ വരച്ചു പണം കണ്ടെത്തുന്നവർ, ഭിക്ഷാടനം, ചെവിയിലെ മെഴുക് വൃത്തിയാക്കി കൊടുക്കുന്നവർ, നടന്ന് ചായ വിൽക്കുന്നവർ, ശരീരം മസ്സാജ് ചെയ്തു കൊടുക്കുന്നവർ, തോണി തുഴയുന്നവർ, നിർദ്ദേശങ്ങൾ നൽകുന്നവർ,  അങ്ങനെ ഉപജീവനം നടത്താൻ പണം കണ്ടെത്താൻ അവിടെ നൂറ് നൂറ് വഴികൾ ഉണ്ട്. ആരും ആരെയും തുറിച്ചു നോക്കുന്നില്ല, ആരും ആരുടേയും കാര്യങ്ങളിൽ ഇടപെടുന്നില്ല, ഏതേലും ഒരു ഘട്ടിൽ നിങ്ങൾക്ക് മണിക്കൂറുകൾ വിശ്രമിക്കാം, അവിടെ കിടന്നുറങ്ങാം…

വൈകുന്നേരം സൂര്യൻ അസ്തമിച്ചു തുടങ്ങുമ്പോഴേക്കും അന്തരീക്ഷം ആകെ മാറിമറിയും. അതുവരെ കണ്ട സമാധാനം നിറഞ്ഞ അന്തരീക്ഷം പതിയെ ഇല്ലാണ്ടാകും. പതിനായിരക്കണക്കിന് ജനങ്ങൾ അവിടേക്ക് ഒഴുകും. പോലീസും പട്ടാളവും നിയന്ത്രണ രേഖകൾ തീർക്കും, വള്ളങ്ങളിലും പടവുകളിലും കസേരകളിലുമായി ആളുകൾ ഇരിപ്പിടം ഉറപ്പിക്കും. സൂര്യൻ അസ്തമിച്ചു എന്ന് മനസിലായ നിമിഷം ആരതി ആരംഭിക്കും. അതെ, ചരിത്ര പ്രസിദ്ധമായ ഗംഗാ ആരതി. നിരനിരയായി തങ്ങളുടെ പീഡങ്ങളിൽ അണിനിരക്കുന്നതോട് കൂടെ അവിടം നിശബ്ദത. പിന്നെ ബജൻസ് മാത്രം. അതിനൊപ്പം മനോഹരമായി ചിട്ടപ്പെടുത്തിയ ഒരു കൊറിയോഗ്രാഫി പോലെ ഈ പൂജാരിമാർ ദീപങ്ങൾ കൊണ്ടുള്ള മനോഹര കാഴ്ച്ചകൾക്ക് തുടക്കം കുറിക്കും. ദീപങ്ങളും, ദൂപവും, തീർത്ഥവും ഒക്കെ മാറി മാറി അവരുടെ കൈകളിൽ മനോഹരമായി ചലനത്തിന് വിദേയമാകും. പതിയെ പതിയെ തീയും പുകയും മന്ത്രങ്ങളും ഒക്കെ ചേർന്ന് അന്തരീക്ഷം പൂർണ്ണമായും ആത്മീയതയുടെ മൂർദ്ധന്യത്തിൽ എത്തും. ഏകദേശം ഒരു മണിക്കൂറിനു അടുത്ത് ഈ ആരതി തുടരും.

വാരാണസി അനുഭവിച്ചറിയേണ്ട ഇടമാണ്. ഓരോ നിമിഷവും, ഓരോ ഇടങ്ങളും ഓരോ അന്തരീക്ഷം ആയി രൂപാന്തരപ്പെടും. അത് ആത്മീയതയുടെയും, ഭക്തിയുടെയും, സമാധാനത്തിന്റെയും, മോക്ഷത്തിന്റെയും, മരണത്തിന്റെയും ഒക്കെ രൂപം പ്രാപിക്കും.

വാരാണസി – ജ്ഞാനോദയവും മരണവുമാണ് അവിടം…

 

ശ്യാം സോർബ