

ഖമർ രാജ്യത്തിൻറെ 9 ആം നൂറ്റാണ്ടുമുതൽ 15 ആം നൂറ്റാണ്ടു വരെയുള്ള ചരിത്രവും കഥകളുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിനു പറയുവാനുള്ളത്. നാനൂറു ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം. നിരവധി ക്ഷേത്രങ്ങളും വനങ്ങളുമെല്ലാമുള്ള പ്രദേശം, ഇന്ന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശമായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു. ഇന്നിത് കംബോഡിയായുടെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രവുമാണ്.
സേം റെപ് (Siem Reap) എന്നറിയപ്പെടുന്ന ഒരു നഗരമാണ് ഇതിന്റെ കവാടം. അവിടേക്കു വിമാനമടക്കം എല്ലാ വിധ യാത്രാ സൗകര്യങ്ങളുമുണ്ട്. താമസത്തിനാകട്ടെ, എണ്ണിയാലൊടുങ്ങാത്ത ഹോട്ടലുകളും ഹോസ്റ്റലുകളും. ഒരു സഞ്ചാരിയെ ഉൾക്കൊള്ളുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സേം റെപ്പിലുണ്ട് എന്ന് പറയാതെ വയ്യ. രാത്രിജീവിതം ഉള്ള ഒരു അതി മനോഹരമായ നഗരമാണ് ഇത്. എവിടെയും പബ്ബുകളും ബാറുകളും, റെസ്റ്റോറെന്റുകളും, മസ്സാജ് പാർലറുകളും. ഉത്സവങ്ങളുടെ രാത്രികളാണിവിടെ.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമൊഴികെ, അല്പം ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. ഈ ചൂടിലൂടെയാണ് ആയിരക്കണക്കിന് സഞ്ചാരികൾ ഇത് കാണാനെത്തുന്നത്, എന്നത് തന്നെ ഇതിനെ ലോകാശ്ചര്യങ്ങളിലൊന്നാക്കി മാറ്റുന്നു. ഇത് പൂർണ്ണമായും കണ്ടെടുക്കുവാൻ ദിവസങ്ങളോ, ആഴ്ചകളോ വേണ്ടി വരും. കൂടുതൽ പേരും ഒരു ദിവസം കൊണ്ട് പത്തിൽ താഴെ മാത്രം ക്ഷേത്രങ്ങൾ കണ്ടു മടങ്ങുന്നവരാണ്. അവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളും. ചരിത്രത്തിലും, ക്ഷേത്ര പഠനങ്ങളിലും, വാസ്തുശില്പ കലയിലുമെല്ലാം താത്പര്യമുള്ളവർ ദിവസങ്ങളോളം ഇവിടെ തങ്ങാറുണ്ട്. ഒരു ദിവസത്തെ പാസിന് 37 ഡോളറും ( Rs: 2500/- ) മൂന്നു ദിവസത്തെ പാസിന് 60 ഡോളറുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിന്റെ പ്രവേശന ഫീസ്. അതിരാവിലെ 5 മണിക്കുതന്നെ ഇവിടെ പ്രവേശനം അനുവദിച്ചു തുടങ്ങും. അങ്കോർ വാറ്റിന്റെ പുറകിലായി ഉദിച്ചുയരുന്ന സൂര്യബിംബം ഒരു അനുഭവം തന്നെയാണ്. ഇത് കാണുവാനായി ആയിരിക്കണക്കിനു സഞ്ചാരികൾ ഇവിടെ കാത്തിരിക്കുന്നുണ്ടാകും.
അങ്കോർ വാറ്റ് ആണ് ഇതിൽ ഏറ്റവും പ്രധാനാകർഷണം. 12 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ രാജാവാണ് ഇത് പണികഴിപ്പിച്ചത്. വാറ്റ് എന്നാൽ കമ്പോഡിയൻ, തായ് ഭാഷകളിൽ ക്ഷേത്രം എന്നാണർത്ഥം. ഈ ക്ഷേത്രം ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതായിരുന്നു എന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്. അക്കാലങ്ങളിൽ അവിടെയെല്ലാം ഹിന്ദു മതം നിലനിന്നിരുന്നു. ഇൻഡോന്വേഷ്യയിലെ ബാലി ഇന്നും ഇതിനൊരു ഉദാഹരണമാണല്ലോ. എന്നാൽ രാജാവിന്റെ മരണശേഷം ഇതദ്ദേഹത്തിന്റെ ശവകുടീരമായി (Mausoleum) മാറിയെന്നും പറയപ്പെടുന്നു. എന്നാൽ 12 ആം നൂറ്റാണ്ടിന്റെ ഒടുവിൽ ഇതൊരു ബുദ്ധക്ഷേത്രമായി മാറിക്കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രവും ഇതുതന്നെ.
ദേവേന്ദ്രന്റെ ആവശ്യപ്രകാരമാണ് ഈ ക്ഷേത്രം സൂര്യവർമ്മൻ നിർമ്മിച്ചതെന്നും, അദ്ദേഹം തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നുവെന്നും, മാത്രമല്ല ഒറ്റ രാത്രികൊണ്ട് പണികഴിപ്പിച്ചതാണീ ക്ഷേത്രം എന്നുപോലുമുള്ള കെട്ടുകഥകളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. എന്നാൽ മുപ്പതോ നാൽപ്പതോ വർഷങ്ങളെടുത്തിരിക്കും ഈ കൂറ്റൻ ക്ഷേത്രം നിർമ്മിക്കുന്നതിനെന്നാണ് വിദഗ്ധ മതം.
സൂര്യവർമ്മന്റെ കാലശേഷം ഈ ക്ഷേത്രത്തിന് പറയത്തക്ക പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. കാലക്രമത്തിൽ ക്ഷേത്ര പൂജകൾ പോലും ഇല്ലാതായ ഈ ക്ഷേത്രം പിന്നീട് കണ്ടെടുക്കപ്പെടുന്നത് 1840 ൽ മാത്രമാണ്. ഹെൻറി മോത്ത് (Henri Mouhot) എന്ന ഫ്രഞ്ച് പരിവേഷകനാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച് ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്നത്.
ദേവലോകത്തിന് സാദൃശ്യമുള്ള സുമേരു പർവ്വതത്തിന്റെ (Mount Meru) രൂപത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മേരു പർവ്വതത്തിന്റെ അഞ്ചു കൊടുമുടികളാണ്, ഇവിടത്തെ അഞ്ചു ഗോപുരങ്ങൾ എന്നാണ് സങ്കൽപ്പം. മേരു പർവ്വത രൂപത്തിൽ പ്രപഞ്ചത്തെ തന്നെയാണ് ഇവിടെ ശില്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടുവിലെ ഗോപുരം മേരുവിലെ പ്രധാന കൊടുമുടിയായ പ്രപഞ്ച കേന്ദ്രത്തെയും, മറ്റു അഞ്ചു ഗോപുരങ്ങൾ മെരുവിലെ മറ്റു അഞ്ചു കൊടുമുടികളെയും, പതിനഞ്ചടി ഉയരമുള്ള ചുറ്റുമതിൽ ഭൂമിയുടെ അവസാന ഭാഗങ്ങളെയും, ചുറ്റുമുള്ള ജലാശയങ്ങൾ സമുദ്രങ്ങളെയും സൂചിപ്പിക്കുന്നു.
ചുറ്റുമതിലിനുള്ളിൽ 200 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം അക്കാലത്തെ ഖമർ ക്ഷേത്രശില്പകലയുടെ ഔന്നിത്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഭിത്തിയിലുടനീളം ഹിന്ദു ചരിത്രകഥകൾ കൊത്തിവയ്ക്കപ്പെട്ടിട്ടുമുണ്ട്. യുദ്ധങ്ങൾ മുതൽ, ഭൂമികുലുക്കങ്ങൾ വരെ അതിജീവിച്ച ഈ ക്ഷേത്രത്തിന് ചില കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി നിമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നാം നിലയിൽ നിന്നും നോക്കിയാൽ ആ പ്രദേശം ഒന്നായി ദൃശ്യമാകും.
അങ്കോർ തോം ആണ് രണ്ടാമത്തെ പ്രധാനാകർഷണം. ഇത് 12 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ജയവർമ്മൻ ഏഴാം രാജാവ് നിർമ്മിച്ചതാണ്. ഖമർ രാജ്യവംശത്തിന്റെ ആസ്ഥാനമായിട്ടാണ് അങ്കോർ തോം പണികഴിപ്പിച്ചത്. ഒൻപതു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടിതിന്. ഖമർ രാജ്യത്തിന്റെ ആസ്ഥാനം ഇതിനു മുൻപ് ഇതായിരിക്കുവാനിടയില്ല. യശോദാപുരയായിരിക്കണം ഇതിനു മുൻപുള്ള രാജ്യ തലസ്ഥാനം. പിന്നീട് തലസ്ഥാനം അങ്കോർ തോമിൽ നിന്നും നമ്പൻ (Phnom Penh) എന്ന ഇപ്പോഴത്തെ കംബോഡിയ തലസ്ഥാനത്തേക്ക് മാറ്റുകയുമുണ്ടായി. കുറച്ചു കാലങ്ങൾ മാത്രമായിരിക്കണം അങ്കോർ തോം അതിന്റെ പ്രൗഢി നിലനിറുത്തിയിരിക്കുക.
സേം റെപ്പ് നദിയുടെ കരയിലാണ് അങ്കോർ തോം പണികഴിപ്പിച്ചത്. അങ്കോർ വാറ്റിൽ നിന്നും രണ്ടു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ. അങ്കോർ തോമിലേക്കു പ്രവേശിക്കുന്ന കവാടം തന്നെ അതി മനോഹരമായ ഒരു നിർമ്മിതിയാണ്. ഒരു കൂറ്റൻ മനുഷ്യ മുഖം കൊത്തിയ ഇരുപത്തിമൂന്നു മീറ്റർ ഉയരമുള്ള ഒരു ഗോപുരത്തിന്റെ ഉള്ളിലൂടെ വേണം നഗരപ്രവേശനം.
ഇതിനുള്ളിൽ ചില ക്ഷേത്രങ്ങൾ 11 ആം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും, ജയവർമ്മൻ തന്റെ രാജ്യ ക്ഷേത്രമായി നഗര മധ്യത്തിൽ പണിതുയർത്തിയതാണ് ഇവിടത്തെ മറ്റൊരു പ്രധാനാകർഷണമായ ബെയാൺ (Bayon) ക്ഷേത്രം. ആ നൂറ്റാണ്ടിൽ തന്നെ വികസനം കൈവരിച്ചിരുന്ന ഒരു നഗരമായിരുന്നു അങ്കോർ തോം. വെള്ളം കൊണ്ടുവരുന്നതിനുള്ള കനാലുകളും, റോഡുകളും, എന്തിനേറേ നാല് ആശുപത്രികൾ പോലും അന്നിവിടെ ഉണ്ടായിരുന്നത്രേ. ബെയാൺ ക്ഷേത്രത്തിന്റെ ഗോപുരങ്ങളിലും ഭിത്തികളിലുമെല്ലാം മുഖങ്ങൾ കൊത്തി വച്ച ശില്പങ്ങളാണ്. ഓരോന്നും കൂറ്റൻ മുഖങ്ങളാണ്. മീറ്ററുകൾ ഉയരമുള്ളത്.
ബോധി സത്വ എന്ന ലോകേശ്വരന്റേതാണ് ഈ മുഖങ്ങൾ എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ ഹിന്ദു വിശ്വാസപ്രകാരമുള്ള ബ്രഹ്മാവിന്റേതാണ് ഈ മുഖങ്ങൾ എന്ന് വാദിക്കുന്നവരും ഇല്ലാതില്ല. ഇവിടുത്തെ ക്ഷേത്രങ്ങളിൽ നാഗരാജാവായ വാസുകിയുടേതടക്കം പല ഹിന്ദു ദേവന്മാരുടെയും, പ്രതിമകളും രൂപങ്ങളും കാണുവാൻ കഴിയും. രാജ കൊട്ടാരവും, ബെയാൺ ക്ഷേത്രവും, മറ്റുചില ക്ഷേത്രങ്ങളും, അനേകം മറ്റു കെട്ടിടങ്ങളും നിറഞ്ഞതാണ് അങ്കോർ തോം.
ഇത് പോലെ നൂറോളം ചെറുതും വലുതുമായ ക്ഷേത്രക്കാഴ്ചകളുണ്ടിവിടെ. എല്ലാം കണ്ടെടുക്കുക എന്നെപ്പോലൊരാൾക്കു അസാധ്യം തന്നെയാണ്. രാവിലെ നാലരക്ക് തുടങ്ങിയ കാഴ്ചകൾ ഞാൻ വൈകുന്നേരം നാലുമണിയോടെ അവസാനിപ്പിച്ചു. പൊള്ളുന്ന വെയിൽ തന്നെയായിരുന്നു പ്രധാന പ്രശ്നം. ഏതാണ്ട് പത്തോളം പ്രധാന കേന്ദ്രങ്ങൾ കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളാണ് ഞാൻ ഇവിടെ വിവരിച്ചത്. ഇത്രയും ശക്തമായ ഹിന്ദുമത സംസ്കാരം ഞാൻ ഇതിനു മുൻപ് ബാലിയിൽ മാത്രമേ കണ്ടിരുന്നുള്ളൂ. നമ്മുടെ പൈതൃകം ഇത്രയേറെ മഹത്തരമാണെന്ന് അറിവോടെയായിരുന്നു ഞാൻ അങ്കോറിൽ നിന്നും മടങ്ങിയത്. നമ്മുടെ സ്വന്തം രാജ്യത്തുപോലും പൈതൃക സ്മാരകങ്ങൾ ഇത്ര നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നത് ദുഃഖമായി എന്നിൽ അവശേഷിക്കുന്നു. അത്തരം ഒരു സ്ഥലമാണ് ഐഹോളെ എന്നറിയപ്പെടുന്ന കർണാടകയിലെ ഒരു ക്ഷേത്ര സമുച്ചയം. അതും സംരക്ഷിക്കപ്പെട്ടാൽ ഒരു പക്ഷേ മറ്റൊരു അങ്കോർ ആയേക്കും.
ഡോ. സുനീത് മാത്യു