എഴുത്തുകാരോട് ഖേദപൂർവ്വം…

ഓടുപാകിയ സ്കൂൾ കെട്ടിടത്തിന്റെ ഒരു വലിയ മുറി നിറയേ പുസ്തകങ്ങൾ ആയിരുന്നു. ഒരു വെള്ളിയാഴ്ച ഉച്ചനേരം അവിടുത്തെ അധ്യാപിക ആ അത്ഭുതലോകത്തിലേക്ക് ഞങ്ങൾ കുറച്ചു കുട്ടികളെ കൈപിടിച്ചിരുത്തി. ആദ്യം കണ്ണുകൾ ബാലരമയിലേക്കും പിന്നീട് കുഞ്ഞുകുഞ്ഞു ബാലസാഹിത്യ പുസ്തകങ്ങളിലേക്കും ചിതറിത്തെറിച്ചു വീണു. ബാലരമ മാറ്റിവെച്ച്, ആദ്യം കൈയ്യിൽ എടുത്ത പുസ്തകം.
” നാഗമാണിക്യത്തിന്റെ കഥ ” യാണ്‌. ശേഷം അത് ” ദീപു ” വിലേക്ക്..! അങ്ങനെ ഒരു ദിവസം അതേ അധ്യാപിക എടുത്തു തന്ന പുസ്തകമാണ് ,
” ഒരു കുടയും കുഞ്ഞുപെങ്ങളും ” പെരുമഴയത്ത് കൂട്ടുകാരിയുടെ കുടയിലേക്ക് ഓടിക്കയറുകയും, ” നിന്നെ കേറ്റുകേല ” എന്ന് കേട്ടു കരഞ്ഞു നിന്നതും, നനഞ്ഞൊലിച്ച് ലില്ലി ക്ലാസ്സിൽ എത്തുന്നതും ഒരു എട്ടു വയസ്സുകാരിക്ക് വായിച്ച് മനസ്സിലാക്കുവാനും, പിന്നീട് ഒരുപാട് മഴയിൽ അവളെ ഓർത്തിരിക്കാനും അതൊരു തുടക്കമായി.

അമ്മയുടെ വീട്ടിൽ പോകുമ്പോൾ അമ്മാവൻ ലൈബ്രറി യിൽ നിന്ന് കൊണ്ടുവെച്ചിരുന്ന പുസ്തകങ്ങൾ വീണ്ടും വായനയിലേക്കു തന്നെ കൈപിടിച്ച് കൊണ്ടുപോയിരുന്നു. നാലുകെട്ട് വായിക്കുന്നത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഇതുവരേം പുനർവായന നടത്തിയിട്ടില്ലെങ്കിൽ പോലും അപ്പുണ്ണി പെറുക്കിവെച്ച് എണ്ണിക്കൊണ്ട് ഇരുന്ന കല്ലുകളും ഉള്ളി മൂപ്പിച്ച ചോറും എന്റെ ഓർമ്മകളിൽ അങ്ങനെ തന്നെയുണ്ട്.

വായന ഒരു വിനോദം മാത്രമാണെന്ന് കരുതിയിരുന്ന കുട്ടി എന്റെയുള്ളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഒരുപക്ഷേ അതെന്റെ ജീവിതത്തിന്റെ ഏറ്റവും വലിയൊരു ഭാഗമായി മാറിയത് കൊണ്ടാവും. മാധവിക്കുട്ടി യിലേക്ക് ചേക്കേറിയ കാലം വർഷങ്ങൾ എന്നെ അവരിൽ തളച്ചിട്ടു. സ്കൂൾ – കോളേജ് ലൈബ്രറി കളിൽ കയറിയിറങ്ങി ഞാൻ അവരെ വായിച്ച് രസിച്ചു കൊണ്ടിരുന്നു.
അങ്ങനെ വായന, ഇഷ്ടപ്പെട്ട വളരെ കുറച്ചു എഴുത്തുകാരിൽ ഒതുങ്ങി… എളുപ്പം വായിച്ച് തീർക്കാവുന്ന പുസ്തകങ്ങളേ തേടി ഒരുകാലത്തും അലഞ്ഞിട്ടില്ല എന്നതാണ് ഓർമ്മ.

ആവർത്തിച്ചാവർത്തിച്ച് പറയാറുള്ളത് പോലെ പുസ്തകങ്ങൾ വായിച്ചു വായിച്ചാണ് ഞാൻ വായനക്കാരന്റെ വിശാലമായ ലോകത്തിലേക്ക് പ്രവേശിക്കുന്നത്.

” മഹത്തായ ഗ്രന്ഥങ്ങൾ വായിക്കുവാൻ ആരംഭിക്കുന്ന വായനക്കാരനിൽ വിമർശനാത്മകമായ ഒരു ബോധം പതിയേ തെളിഞ്ഞു വരും ”

എന്നോട് ഒരു സുഹൃത്ത് പറഞ്ഞതിന്റെ ആഴം പതിയെ മനസ്സിലാക്കുവാൻ തുടങ്ങിയപ്പോൾ, അതല്ലെങ്കിൽ ഗൗരവപൂർണ്ണമായ വലിയൊരു നിരൂപകനെ ( കെ. പി. അപ്പൻ ) വായിച്ച് പൂർത്തിയാക്കിയപ്പോൾ, ( എന്നും വായിക്കും. ) സാഹിത്യമേഖല യിൽ പ്രചരിക്കുന്ന ഒരുപാട് കാര്യങ്ങളിൽ വിയോജിപ്പ് തോന്നിത്തുടങ്ങി.

നിരന്തരമായ വായനകൾക്ക് നമ്മുടെ ബൗദ്ധികതലത്തിൽ മാറ്റങ്ങൾ ഒന്നും സൃഷ്ടിക്കുവാൻ കഴിയുന്നില്ല എങ്കിൽ വായനകൾ പ്രയോജനപ്പെടുന്നില്ല എന്നും അർത്ഥമാക്കാമല്ലോ.

ഏത് ഴോണറിലുള്ള പുസ്തകങ്ങൾക്കും ഇവിടെ വായനക്കാർ ഉണ്ടായിരിക്കും. ഒരുപക്ഷേ ആരാധകരും. എന്നിരുന്നാൽ പോലും വായിച്ച് മറക്കാവുന്ന പുസ്തകങ്ങളെ ആവശ്യമേ ഇല്ലാത്ത ഹൈപ് കലർത്തി, വിപണിയിൽ വിറ്റഴിക്കുമ്പോൾ ഇതാണ് വായനക്കാർക്ക് ആവശ്യം എന്ന് മികച്ചതായി എഴുതുന്ന എഴുത്തുകാർ പോലും കരുതുകയോ, അതല്ലെങ്കിൽ അവർ അതിലേക്ക് ചുരുങ്ങുവാൻ നിർബന്ധിതർ ആകുകയും ചെയ്യുന്നുണ്ടോ എന്നുള്ളത് ഒരു സംശയമാണ്.

നിങ്ങളുടെ എഴുത്തും സാഹിത്യവും തമ്മിൽ ബന്ധമില്ല, എന്റെ പുസ്തകത്തിൽ മലയാള സാഹിത്യത്തിനു വേണ്ടി ഒന്നുമില്ലെന്നുമൊക്കെ പരസ്യമായി പ്രഖ്യാപിക്കുന്നതിലെ വിഡ്ഢിത്തം എന്തുകൊണ്ടാണ് എഴുത്തുകാർ തിരിച്ചറിയാത്തത്.? എഴുതുക എന്നൊരു ഉദ്യമത്തിൽ നിങ്ങൾ ഏർപ്പെടുന്നുവെന്നാൽ നിങ്ങൾ സാഹിത്യത്തെ തിരഞ്ഞെടുക്കുന്നുവെന്ന് തന്നെയല്ലേ അർത്ഥം. നിങ്ങൾക്ക് സാഹിത്യത്തോടും നിങ്ങളുടെ വായനക്കാരോടും ഉത്തരവാദിത്വം ഉണ്ടെന്ന് തന്നെയല്ലേ അർത്ഥം.

ക്ലാസ്സിക്‌ പുസ്തകങ്ങൾ എന്നൊരു ഗണത്തിൽ നിലനിൽക്കുന്ന പുസ്തകങ്ങൾ എഴുതപ്പെടുമ്പോൾ..

” ഞാൻ ഇതാ ക്ലാസ്സിക്‌ എഴുതാൻ പുറപ്പെടുന്നു ”

എന്നൊരു പ്രഖ്യാപനമൊന്നും ആരും നടത്തിയിട്ടുണ്ടാവില്ല. പുസ്തകങ്ങൾക്ക് ലഭിക്കുന്ന ക്ലാസ്സിക്‌ പദവി എന്നത് അവരുടെ പ്രതിഭ യാണ്‌. അതിനുമപ്പുറം അവരുടെ രചനയിലെ ഉത്കൃഷ്ഠതയാണ്‌. അതിലെ വിഷയത്തിന്റെ വർഷങ്ങൾക്ക് അപ്പുറവും നിലനിൽക്കുന്ന കാലിക പ്രസക്തിയാണ്‌. അതിനെല്ലാം പുറമെ അവരുടെ രചനകൾക്ക് മനുഷ്യരുടെ ആത്മാവിനെ സ്പർശിക്കുവാൻ കഴിവുണ്ട് എന്നതാണ്.

“കാരമസോവ് സഹോദരന്മാർ ” എഴുതപ്പെട്ടിട്ട് നൂറു വർഷങ്ങൾക്കു ശേഷം അത് വായിക്കുമ്പോൾ അത്ഭുതപ്പെടുത്തിയത് ഏതോ രാജ്യത്തെ ഏതോ ഗ്രാമത്തിലെ ഏതോ ഒരു കഥ എങ്ങനെ ഒരു മാനവസമൂഹത്തെ ഇത്രയും കൃത്യമായി പ്രതിനിധാനം ചെയ്യുന്നുവെന്നുള്ളതാണ്.
മനുഷ്യനാണ് മനുഷ്യന്റെ ശുഷ്രൂഷകൻ എന്നുള്ള തത്വത്തെ നൂറു വർഷങ്ങൾ മുന്പേ എഴുതപ്പെട്ടിരിക്കുന്നു. ഇന്നും അതിന് പ്രാധാന്യം ഉണ്ടാകുന്നു.

സാഹിത്യമൊരു തൊഴിലായി മാറിയ കാലത്തിന്റെ പ്രശ്നവും ഇതിലുണ്ടെന്നാണ് തോന്നുന്നത്. സാഹിത്യകാരൻ ആണെന്ന് പറയാതെ, പത്രത്തിൽ ജോലി ചെയ്യുന്നുവെന്ന് പറയുവാൻ ആയിരുന്നു തനിക്ക് താല്പര്യം എന്ന് എം. ടി പറഞ്ഞിട്ടുള്ളത് വായിച്ചിട്ടുണ്ട്. ഇപ്പോൾ സാഹിത്യം തൊഴിൽ ആകുമ്പോൾ അങ്ങനെ പരിഗണിക്കുമ്പോൾ വിപണിക്ക് വേണ്ടി എഴുതുന്ന എഴുത്തുകാരെ കുറ്റം പറയുവാനേ കഴിയില്ല. അവർക്ക് അവരുടെ തൊഴിൽ ചെയ്യണമല്ലോ. ( അതിൽ നിന്നും ലഭിക്കുന്ന വരുമാനം / തുക കൈപ്പറ്റേണ്ടതില്ല എന്ന് ഈ പറഞ്ഞതിന് അർത്ഥം ഇല്ല. )

നേരെ മറിച്ച് ഒരു വായനക്കാരി എന്നുള്ള തലത്തിൽ, എനിക്ക് സാഹിത്യമൊരു സംസ്കാരം ആണെന്നാണ് തോന്നിയിട്ടുള്ളത്. ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് അത് പകർത്തപ്പെടണം. ബൗദ്ധികമായി പ്രചോദനം നൽകണം. വായിക്കുന്ന പുസ്തകം ചിന്തിപ്പിക്കുകയും, വേണം.

സേതു എന്നുള്ള എഴുത്തുകാരന്റെ കൃതികളുടെ ഏറ്റവും മഹത്തരമായ പ്രത്യേകതയായി തോന്നിയിട്ടുള്ളത്, അദ്ദേഹം പൂർത്തിയാക്കുവാൻ വായനക്കാരന് അവസരം നൽകുന്നു എന്നുള്ളതാണ്. വായിച്ചു മറക്കുവാൻ വേണ്ടി ആവരുത് വായന എന്നുള്ള നിർബന്ധം എഴുത്തുകാരന് ഉണ്ടായിരിക്കേണ്ടതുണ്ട്.

എല്ലാവർക്കും എം ടി യോ, സേതുവോ, ഡോസ്റ്റോയെവ്സ്കിയോ, ഒ. വി യോ ആകുവാൻ കഴിയുകയില്ലായിരിക്കാം. നിങ്ങളും അവരും തമ്മിലുള്ള പ്രധാന സാമ്യം മനസ്സിലാക്കിയിട്ടുണ്ടോ? അവിടെയാണ് അതിൽ കാര്യം.

ഒരു കുടയും കുഞ്ഞുപെങ്ങളും വായിച്ച എട്ടു വയസ്സുകാരിയുടെ അതേ ഹൃദയനൊമ്പരത്തോടെ എനിക്കിപ്പോഴും ആ പുസ്തകം വായിക്കുവാൻ സാധിക്കുമെന്നതാണ് . അങ്ങനെ പുസ്തകം നിലനിൽക്കപ്പെടണം എന്നതാണ് പറയുന്നത്.

സത്യത്തിൽ എത്രയോ അനവധി വർഷങ്ങൾ ഇവിടെ ആരും എഴുതാതിരുന്നാൽ പോലും വായിച്ച് തീർക്കുവാൻ പുനർവായന നടത്തുവാൻ പാകത്തിന് പുസ്തകങ്ങൾ നമുക്ക് ഇപ്പോഴേ ഉണ്ട്‌.

ജെ. ദേവിക മാഡത്തിന്റെ ഒരു ഇന്റർവ്യൂ വിൽ അവർ പറഞ്ഞത്, ഒരുകാലത്ത് നിലനിന്നിരുന്ന പ്രതിസന്ധികൾ ഒന്നും തന്നെ ഇപ്പോൾ ഇല്ലെന്നും എല്ലാവരും ഏറ്റവും സേഫ് സോണിൽ ഇരുന്നാണ് കഥകൾ സൃഷ്ടിക്കുന്നത് എന്നുമാണ്. അതിൽ വാസ്തവം ഇല്ലാതില്ല. എന്നാൽ, പ്രതിസന്ധികളും, ആത്മസംഘർഷങ്ങളും പിടിമുറുക്കുന്ന മനുഷ്യരുടെ സങ്കീർണ്ണതകൾ ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നേർക്ക് ചോദ്യങ്ങൾ ചോദിച്ച്, പരിഹാരങ്ങൾക്ക് കൈനീട്ടി, ഒടുവിൽ ആത്മഹത്യാ മുനമ്പ് തേടുന്ന മനുഷ്യർ ഇന്നും ഉണ്ട്‌.

കഥകൾ സൃഷ്ടിക്കുന്നവനല്ല , ചുറ്റുമുള്ള മനുഷ്യരുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് അത് കണ്ടെത്തി അവതരിപ്പിക്കുന്നവനാണ് എഴുത്തുകാരൻ. കള്ളനും, കൊലപാതകിയും, വേശ്യയും, കുട്ടികളും, വൃദ്ധനും, പ്രേമവും, കൊലയും, കൊള്ളയും, രോഗവും, ദാരിദ്രവും നിരക്ഷരതയും, മലിനീകരണവുമെല്ലാം ഇന്നും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്.
അതിന്റെ ശരിതെറ്റുകളെ, അവസ്ഥകളെ, പരിഹാരങ്ങളെ അക്ഷരങ്ങളിൽ പകർത്തുവാൻ എഴുത്തുകാർ നിങ്ങൾ ഉണ്ടായല്ലേ മതിയാവൂ. അത് ഒരു സമൂഹത്തിന്റെ ഭാഗമായ സാഹിത്യത്തിന്റെ കടമകൂടിയാണ്.

വായിക്കപ്പെടുന്ന പുസ്തകവും വിൽക്കുന്ന പുസ്തകവും രണ്ടും രണ്ടു തലങ്ങളിൽ നിലനിൽക്കുന്നതാണ്. ഒരുപാട് വിൽക്കുന്ന പുസ്തകം നല്ല പുസ്തകം ആവണമെന്നില്ല. നല്ലത് എന്നുള്ളതിന്റെ അർത്ഥം വന്നു നിൽക്കുന്നത്, വായിക്കുന്ന മനുഷ്യന് പുതിയത് എന്തെങ്കിലും നൽകുക, ചിന്തിപ്പിക്കുക എന്നുള്ള അർത്ഥത്തിൽ തന്നെയാണ്. ഏറ്റവും പ്രധാനപ്പെട്ടത് പുസ്തകം വെറും നേരംകൊല്ലി ഉപാധി മാത്രമല്ലാതിരിക്കുക എന്നതും.

ലിറ്ററേച്ചർ ഫെസ്റ്റുകൾ കാലാഹരണപ്പെട്ട ചർച്ചകൾ ഒഴിവാക്കി,[ ( like സ്ത്രീകളെ എഴുത്തിൽ വിലക്കുന്നത് ആര് എന്നൊക്കെ ഉള്ളത്. ( വെറുതേ ഒരു ഉദാഹരണം ) ]

ലേഖനങ്ങളെ കുറിച്ചും, കവിതകളെ കുറിച്ചും നിരൂപണങ്ങളെ കുറിച്ചും ലോകസാഹിത്യങ്ങളെ കുറിച്ചും, വിവർത്തനങ്ങളെ കുറിച്ചുമൊക്കെ കൂടുതൽ സമയം കൊടുത്ത് ചർച്ചകൾ സംഘടിപ്പിക്കേണ്ടതുണ്ട്. നിരൂപണം പാടെ ഇല്ലാതാകുകയും നിരൂപകൻ എഴുത്തുകാരന്റെ ശത്രു ആകുകയും ചെയ്യുന്ന കാലമല്ല പകരം നിരൂപണത്തിലൂടെ മികച്ച സൃഷ്ടികൾക്ക് പ്രചോദനം ആകുക എന്നുള്ള ഉദ്യമത്തെ കുറിച്ചാണ്‌ പറയുന്നത്.

ആരെങ്കിലും ഒരു പുസ്തകം നന്നായിട്ടില്ല എന്ന് പറഞ്ഞാൽ അതേ കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നെങ്കിലും ചിന്തിക്കാവുന്ന തലത്തിലേക്ക് വായനയും എഴുത്തും മാറേണ്ടതുണ്ട്.

മറ്റൊരു കാര്യം സിലബസ് മെറ്റീരിയൽ ആകുമ്പോൾ….

ഏറ്റവും കൂടുതൽ പ്രചാരത്തിൽ വന്നുവെന്നുള്ള മാനദണ്ഡത്തിൽ അല്ല, ഒരു പുസ്തകവും സിലബസ് ൽ ഉൾപ്പെടുത്തേണ്ടത്. വെറുതേ വായിച്ച് വിടാൻ തന്നെ ഇല്ലാത്ത ഒരു പുസ്തകം എടുത്തു പഠിക്കാൻ പറഞ്ഞു കൊടുക്കുന്നതിലെ വസ്തുത തീരേയും മനസ്സിലായിട്ടില്ല. എളുപ്പം പഠിക്കാം എന്നത് അല്ല യൂണിവേഴ്സിറ്റി തലത്തിൽ വിഷയത്തിന്റെ സ്ഥാനം. എങ്ങനെയൊക്കെ റഫർ ചെയ്ത്, ഗവേഷണം ചെയ്തു പഠിക്കാം എന്നതിലേക്കാണ് പഠനം നീങ്ങേണ്ടത്. അധ്യാപകർ അതിന് പ്രാപ്തർ ആകേണ്ടതുമുണ്ട്.

എളുപ്പം വായിക്കാം, എളുപ്പം പഠിക്കാം, പരീക്ഷ എഴുതാം. എന്നത് ആയിരിക്കരുത് ഒരിക്കലും ഉന്നതപഠനങ്ങളുടെ ലക്ഷ്യം.

ഒ. വി യുടെ ഖസാക്കിന്റെ ഇതിഹാസത്തെ ഇന്നും വിശകലനം ചെയ്തു പഠിക്കുന്നു. പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തുന്നു. തരിശുഭൂമി പോലെ പഠനസാധ്യതയുള്ള കവിതകൾ, അതിന്റെ ചർച്ചകൾ ഇതൊക്കെയും സംഘടിപ്പിക്കേണ്ടത് ഉണ്ട്‌.

ഇന്നത്തെ പുസ്തകങ്ങൾ അങ്ങനെ അല്ല എന്നുള്ളതിലേക്ക് അല്ല പറഞ്ഞുവരുന്നത്, ഇനി വരുന്ന പുസ്തകങ്ങൾ അങ്ങനെ കൂടി ആവണം എന്നതാണ്.

എഴുത്തുകാർ വായനക്കാർ കൂടി ആയിരിക്കേണ്ടത് ( അങ്ങനെ അല്ലെന്നല്ല ) വളരെ വളരെ അത്യാവശ്യം ആണ്.

വിപണി സാധ്യത മാത്രം നോക്കിയാൽ നിങ്ങളുടെ പുസ്തകം വിറ്റു പോകും. നിങ്ങൾക്ക് പണം ലഭിക്കും. വായനയ്ക്ക് ആളുണ്ടാവും. ഒരു പുനർവായന ഇല്ലാതെ നിങ്ങളുടെ പുസ്തകം മറവിയിൽ ആണ്ട് പോകും.

നിലവിലെ വിപണിയുടെ പുറകേ ഓടാതെ വിപണിയെ ഒന്ന് മാറ്റിമറിക്കുന്ന പുസ്തകം എഴുതാൻ ശ്രമിക്കൂ. അത് നിങ്ങളെ ചരിത്രത്തിൽ അടയാളപ്പെടുത്തും.

നൂറു വർഷങ്ങൾക്ക് അപ്പുറം ഭൂമി ഒരുപക്ഷേ ഇല്ലാതാവട്ടെ, കത്തി നശിക്കട്ടെ, അതിനപ്പുറം വീണ്ടും പുതുതായി രൂപം കൊള്ളട്ടെ.. മനുഷ്യർ ഉണ്ടെങ്കിൽ അവിടെ സങ്കീർണ്ണതകൾ ഉണ്ടായിരിക്കും. അവിടെ വിഷയങ്ങളും പ്രശ്നങ്ങളും പ്രശ്നപരിഹാരങ്ങളും ഉണ്ടായിരിക്കും.

മരുഭൂമികൾ ഉണ്ടായത് എന്നുള്ള നോവലിൽ ആനന്ദ് കൊണ്ടുവന്നിരിക്കുന്ന ഒരു concept , ഇന്ന് ഇലുമിനാന്റി യെന്ന പേരിൽ വ്യാപകമാണ്. അത് എന്ന് എഴുതി എന്ന് നിലനിൽക്കുന്നു. ആ ഒരു ദീർഘവീക്ഷണം എഴുത്തുകാരന് ഉണ്ടായിരിക്കണം. നാളെ മരിക്കും എന്ന് കരുതി, ഇന്നിനെ ആസ്വദിക്കാതെ വിടേണ്ടത് ഇല്ല. നാളെ എന്നെ ആരും വായിക്കില്ല എന്ന് കരുതി ഇന്ന് എഴുതാതെ ഇരിക്കുകയും വേണ്ട. നിങ്ങളുടെ എഴുത്ത്, നാളെയെ കൂടി വായിപ്പിക്കുന്നത് ആയിരിക്കട്ടെ…

എഴുത്തുകാരൻ ഒരു കഥ പറയുമ്പോൾ, കേൾക്കുന്ന വായനക്കാരൻ അതുപോലെ പത്ത് കഥകൾ വായിച്ചിട്ടാണ് ഇരിക്കുന്നത്.

പുതിയ പുസ്തകങ്ങൾ ഉണ്ടാകുമ്പോൾ, ഞാൻ ഇപ്പോഴും ആ എട്ടുവയസ്സുകാരിയുടെ കണ്ണിലൂടെ അവളുടെ അത്ഭുതത്തോടെയാണ്‌ അതിനെ നിരീക്ഷിക്കുന്നത്… നിരാശ ഉണ്ടാവാതിരിക്കാൻ എനിക്ക് ഇനിയും ഒരുപക്ഷേ നിങ്ങളോട് തർക്കിക്കേണ്ടി വന്നേക്കാം..

പ്രിയപ്പെട്ട എഴുത്തുകാരേ ക്ഷമിക്കുക….!

ഹരിത. ആർ.

2 thoughts on “എഴുത്തുകാരോട് ഖേദപൂർവ്വം…”

  1. എഴുത്തുകാരേ എഴുതൂ. കാമ്പുള്ള എഴുത്തുകൾ വായിക്കാൻ ഇന്നും, നാളെയും, എന്നും വായനക്കാരുണ്ടാവും.

Leave a Reply to N S Mohanan Cancel reply

Your email address will not be published. Required fields are marked *