തസ്കരഃശ്രീ

കാടിനു തടിയുംവേണ്ട! തേവർക്കു സ്വർണ്ണവും വേണ്ട! വേണ്ടാത്ത ഇവയൊക്കെ (അടിച്ചു) മാറ്റി സ്ഥലം വൃത്തിയാക്കുന്നവരെ എന്തിനാണിങ്ങനെ ഭർത്സിക്കുന്നത്? എന്തായാലും ‘തത്വമസി’ എന്നെഴുതിവച്ചിരിക്കുന്നു. അപ്പോപ്പിന്നെ എൻ്റെ സ്വർണ്ണം, നിൻ്റെ സ്വർണ്ണം, ദേവൻ്റെ സ്വർണ്ണം എന്നൊക്കെയുണ്ടോ? അത് നീയാകുമ്പോൾ, ആ സ്വർണ്ണവും നിൻ്റെതാകില്ലേ?

പഴി പറയുന്നവർക്ക്, ആഘോഷിക്കുന്നവർക്കും, ഛാന്ദോഗ്യോപനിഷത്തതിനെക്കുറിച്ചും ശ്വേതകേതുവിനെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നതാണ് സത്യം. അവിടെ നിന്നാണല്ലോ ഈ തത്വമസി കടമെടുത്തത്.

“കേൾക്കാൻ കഴിയാത്തത് കേൾക്കാനും, കാണാൻ കഴിയാത്തത് കാണാനും, അറിയാൻ കഴിയാത്തത് അറിയാനും സാധ്യമാക്കുന്ന അറിവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ” എന്ന് ശ്വേതകേതുവിനോട് തൻ്റെ പിതാവായ രാജാവ് ചോദിച്ചുവത്രേ. ഇന്നാണെങ്കിൽ ഉടൻ ഉത്തരമായി ‘മാധ്യമപ്രവർത്തന പരിചയം’ എന്നോ അല്ലെങ്കിൽ ‘രാഷ്ട്രീയ പ്രവർത്തന പരിചയം’ എന്നോ മറ്റോ പറഞ്ഞു നോക്കാമായിരുന്നു. അന്നതു പറ്റില്ലല്ലോ. അത്രക്കൊന്നും അറിവു വന്നിട്ടില്ലാത്ത കാലമാണ്. ‘ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെല്ലാം എടുത്തുകാട്ടി’ പിതാശ്രീയായ ഉദ്ദാലകൻ രാജാവ് ശ്വേതകേതുവിന് ബ്രഹ്മവിദ്യ പകർന്നുകൊടുത്തു എന്നാണ് ഛാന്ദോഗ്യോപനിഷത്ത് പറഞ്ഞു വയ്ക്കുന്നത്.

ഈ ‘വിദ്യ’ ഇന്നത്തെ കാലാനുസ്തൃതവും കലാത്മകവുമായി നേർജീവിതത്തിൽ കാണിച്ചുതരുമ്പോൾ അതുമനസ്സിലാക്കി ‘ബ്രഹ്മജ്ഞാനം’ നേടുന്നതിനു പകരം, ഇങ്ങനെയൊരു പുകിലുണ്ടോ? മാത്രവുമോ, ഈ ‘ബ്രഹ്മജ്ഞാനം’ കാലാതീതമായ മാറ്റങ്ങളോടെ അടുത്ത തലത്തിൽ വരെ എത്തിച്ചു. ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും മാത്രമല്ല ചെമ്പിന്റെപോലും എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെന്നു കാണിച്ചു തന്നു. ഈ അറിവും കഴിവും വച്ച് സ്വർണ്ണത്തിനെ മറ്റുപല ലോഹങ്ങളും, എന്തിന്, വായു കണികകൾ പോലും ആക്കാവുന്ന അതീന്ദ്രിയജ്ഞാനം ഉണ്ടാക്കി വരുമ്പോഴാണ് ഒരാവിശ്യവുമില്ലാത്ത ഈ വിവാദങ്ങൾ.

അല്ലെങ്കിലും കഴിവുള്ളവരെ അംഗീകരിക്കില്ലല്ലോ ഈ മലയാളികൾ. ‘രസ-തന്ത്ര’ ത്തിൽ നോബൽ പുരസ്കാരം പോലും കിട്ടിയേക്കാമായിരുന്ന ഈ കണ്ടുപിടിത്തങ്ങളെ തൃണവൽക്കരിച്ചുകളഞ്ഞു ഈ മലയാളീസ്. എല്ലാവരുമല്ല. ഈ ജീനിയസുകളെ സംരക്ഷിക്കുന്നവരും പുകഴ്ത്തുന്നവരുമുണ്ട്. അവർക്കുമിരിക്കട്ടെയൊരു കുതിരപ്പവൻ.

സ്വർണ്ണവും പണ്ടവും പണ്ടാരമടക്കാൻ ഇനിയും എത്രയോ ഉണ്ടായിരുന്നതാണ്. ദേവസ്വം വകയിലെ ഭണ്ടാരങ്ങൾ കഴിഞ്ഞാലും, അനന്തമായി കിടക്കുകയല്ലേ പത്മനാഭൻ. ഏതെങ്കിലും വകുപ്പിൽ A മുതൽ Z വരെയുള്ള നിലവറകൾക്കു സ്വർണ്ണം പൂശാമല്ലോ.

ഇത്തരം തനതായ കലാസാംസ്കാരിക, ശാസ്ത്രീയ, തത്ത്വദർശന, വിചിന്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, നാലാളെ വിളിച്ചു ചർച്ചചെയ്തു, യൂട്യൂബ് വിഡിയോയും ഉണ്ടാക്കി വെറുപ്പിക്കണോ?

ഇതൊരു കോമ്പറ്റിഷൻ ഐറ്റം അല്ലാത്തതുകൊണ്ട് കപ്പൊന്നും കിട്ടിയില്ലെന്നാരും പരാതിപറയരുത്. ഇനി എത്രയധികം മത്സരാത്ഥികളുണ്ടാകുമ്പോൾ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, എല്ലാവർഷവും ഒരുപട്ടം അങ്ങ് കൊടുക്കണം. ‘തസ്കരഃശ്രീ’ എന്നോമറ്റോ, ഇനി അമ്മാതിരി സംസാരം വേണ്ടങ്കിൽ ‘കനകശ്രീ’ എന്നാക്കാമല്ലോ!

പിന്നെ പത്തോ നൂറോ കോടി വകയിരുത്തി ഒരു യൂണിവേഴ്സിറ്റിയങ്ങുണ്ടാകണം. വേണ്ടവർ ഈ കലകളൊക്കെ അംഗീകൃതമായിത്തന്നെ പഠിച്ചു പാസ്സാകട്ടെ. കലാകാരൻമ്മാർക്ക് പഞ്ഞമുണ്ടായിട്ടല്ല. യൂണിവേഴ്സിറ്റിയൊക്കെ ഉണ്ടാക്കിയാൽ ആ വഴിക്കും കൊറേ തുട്ടുകൾ തടയും. പിന്നെ ഈ വക ശാസ്ത്രങ്ങൾ ശാസ്ത്രീയമായി തന്നെ പരിശീലിപ്പിക്കാനും വൈസ് ചാൻസലർ ആക്കാനുമൊക്കെ ആളെ തപ്പി നടക്കേണ്ട എന്ന ഗുണവുമുണ്ട്. ഈ യൂണിവേഴ്സിറ്റി വഴി രസതന്ത്രത്തിലെ നോബൽ പുരസ്കാരം നേടി ആ കാര്യത്തിലും കേരളത്തെ ലോകത്തിലേക്കും വച്ച് ഒന്നാം നമ്പർ ആക്കണം. അതുകണ്ട് അമേരിക്കക്കാരും ബ്രിട്ടീഷ്‌കാരും ജർമൻകാരുമൊക്കെ നാണിക്കണം!

എന്നിട്ട് ആ യൂണിവേഴ്സിറ്റിയുടെ മുൻപിൽ ‘അജ്ഞാനം ബ്രഹ്മഃ’ എന്ന മഹാവാക്യം കൂടി എഴുതി വക്കണം. പിന്നെ ഏതെങ്കിലും കാലത്ത് ഏതവനെങ്കിലും എന്തെങ്കിലും പൊക്കിക്കൊണ്ടുവന്നാൽ അറിഞ്ഞില്ല, ആരും പറഞ്ഞില്ല, എന്നൊക്കെ തരം പോലെ നിർവചിക്കാം എന്ന ഗുണവുമുണ്ട്.

സുമേഷ് രാമചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *