നാൽപ്പത്തഞ്ചു മീറ്ററിൽ ഒടുങ്ങുന്നത്!

 

നാൽപ്പത്തഞ്ചു മീറ്റർ പരമാവധി വീതി. അത്രമാത്രം. നാലുവരികൾ. ഉപയോഗത്തിൽ രണ്ടുവരികൾ മാത്രം എന്നേ തോന്നൂ. ഒട്ടും നേരെയല്ല പോക്ക്! വളഞ്ഞും, തിരിഞ്ഞും, ചരിഞ്ഞും, കേറിയും, ഇറങ്ങിയും… ഇതിനിടയിൽ, നിരത്തിൽ ഇറങ്ങുമ്പോൾ മാത്രം ഒരുകാര്യവുമില്ലാത്ത തിരക്കും ഈഗോയും കാണിക്കുന്ന മനുഷ്യർ ഓടിക്കുന്ന വാഹനങ്ങൾ. നികുതി നൽകുന്ന മനുഷ്യരുടെ ജീവന് പുല്ലുവിലകൊടുക്കുന്ന നിർമ്മിതി. തോരാത്ത മഴപെയ്യുന്ന നാട്!

മനസ്സിലായിക്കാണും. കേരളത്തിലെ ഹൈവേകളെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇത്രയും ഇടുങ്ങിയ ഹൈവേകളുള്ള നാട് വേറെയുണ്ടോയെന്നറിയില്ല. മറ്റുറോഡുകളുടെ കാര്യം പറയാനുമില്ല. നല്ലവയുണ്ടാകും, നിരത്തിലിറങ്ങുന്ന വണ്ടികളുടെ ബാഹുല്യവും വലിപ്പവും കൂടി നോക്കിയാൽ ആവശ്യത്തിന്റെ ഏഴയലത്തുപോലും എത്താത്തവയാണ് കേരളത്തിലെ റോഡുകൾ.

ഇവിടെ നടക്കുന്ന വാഹനാപകടങ്ങളിൽ പലതും സ്വാഭാവികമായി ഉണ്ടാകുന്നതല്ല, മറിച്ചു ഉണ്ടാക്കുന്നതാണ്.

2023 ലെ കണക്കുകൾ പ്രകാരം കേരത്തിൽ 48,141 റോഡ് അപകടങ്ങളാണുണ്ടായത്. നാലായിരത്തോളം മനുഷ്യർ മരിച്ചു. ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് 2024-ൽ ഇതിലും കൂടുതൽ കേസുകൾ ഉണ്ടാകും എന്നതാണ്. റോഡപടകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾത്തന്നെ കേരളത്തിനു മൂന്നാം സ്ഥാനമാണുള്ളത്. നമുക്കറിയുന്നതുപോലെ അപകടങ്ങൾക്ക് പല കാരണങ്ങളുണ്ടാകാം. എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളായ ഇടുങ്ങിയ വഴികൾ, ഗുണനിലവാരമില്ലാതെ നിർമ്മിച്ച പാതകൾ, തിമിർത്തു പെയ്യുന്ന മഴ, അങ്ങനെ പലതും. ഇതുകൂടാതെയാണ്‌ വണ്ടി ഓടിക്കുന്നവരുടെ രീതികൾ. ട്രാഫിക് നിയമങ്ങളെ തൃണവൽക്കരിക്കുന്ന മനുഷ്യർ; എല്ലാവരെയും ഓവർടേക്ക് ചെയ്തു മുന്നിലെത്താൻ വെമ്പുന്ന മനുഷ്യർ. കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ; ആരെങ്കിലും ഒന്ന് ഓവർടേക്ക് ചെയ്താൽ പിന്നെ ആ വണ്ടിയോടു മത്സരിക്കുന്ന മനുഷ്യരെ വേറെ എവിടെയും കാണാൻ കിട്ടില്ല.

വാഹനം ഓടിക്കുമ്പോൾ പരിപാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ അറിയാത്തവരോ, അവഗണിക്കുന്നവരോ ആണ് കൂടുതൽ മലയാളികളും. വിദേശികളും പ്രവാസികളും കേരളത്തിലേക്ക് വരുമ്പോൾ (ഇന്ത്യയിലെ മറ്റു ഭാഗങ്ങളും മോശമല്ല) അവരുടെ ഏറ്റവും വലിയ ഭയമാണ് റോഡുകളിലൂടെയുള്ള യാത്ര എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളതും, സ്വയം മനസ്സിലാക്കിയിട്ടുള്ളതും. അവരെ കുറ്റംപറയാനാകില്ല. അത്രയ്ക്ക് ഭീകരമാണ് അനുഭവം. നഗര വീഥികളിലൂടെയും, ഹൈവേകളിലൂടെയും മറ്റുംപോകുന്നത് അക്ഷരാർത്ഥത്തിൽ ജീവൻ കയ്യിലെടുത്താണ്. ഹോൺ അടികളുടെ തൃശ്ശിവപേരൂർ പൂരത്തിനിടയിലൂടെ മറ്റ് വണ്ടികളെ തട്ടാതെ തൊട്ടു, തൊട്ടില്ല എന്ന രീതിയിൽ ഓവർ സ്പീഡ് ചെയ്യുന്നവരെകണ്ടാൽ പിന്നെന്തു തോന്നാനാണ്. പക്ഷെ സന്ദർശകർക്ക് കുറച്ചുനാൾ വന്നു, ഭയന്ന് തിരിച്ചുപോയാൽ മതിയല്ലോ? ഇവിടെ ജീവിക്കുന്നവർക്ക് വേറെയെന്താണ് മാർഗ്ഗം?

മാർഗ്ഗങ്ങളുണ്ട്. നിങ്ങൾ വണ്ടിയോടിക്കുന്നയാളാണെങ്കിൽ നിങ്ങൾക്കുതന്നെ സ്വയം പലമാറ്റങ്ങളും വരുത്താം. ഏറ്റവും കുറഞ്ഞത് റോഡ് നിയമങ്ങൾ ശരിയായി മനസ്സിലാക്കുക, അതനുസരിച്ചു വാഹനങ്ങൾ ഓടിക്കുക. റോഡിൽ അനാവശ്യ ധൃതികാണിക്കരുത്. നിങ്ങളുടെയും കൂടെ യാത്രചെയ്യുന്നവരുടെയും സുരക്ഷ, ഉറപ്പാക്കുക, എതിരേ വണ്ടിയോടിച്ചു വരുന്ന സാധുക്കളുടെയും. പൂർണ്ണമായും ബോധ്യമായ തീരുമാനങ്ങളെടുക്കുക. ഒരാവശ്യവുമില്ലാതെ ഒന്നിനെയും ഓവർടേക്ക് ചെയ്യാൻ പോകരുത്. മറ്റുള്ളവരെ ഓവർടേക്ക് ചെയ്യാൻ അനുവദിക്കുക. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡുകളിൽ ഓവർടേക്ക് ചെയ്തു ചെന്നുകേറുന്നതു എന്തിൻ്റെ മുന്നിലാണെന്ന് ആർക്കറിയാം. വേഗം നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കണം. യാത്രക്കാർ എല്ലാവരും സീറ്റുബെൽറ്റുകൾ ധരിക്കുക. കാറുകൾ വാങ്ങുമ്പോൾ സുരക്ഷക്ക് മുൻഗണന നൽകുക. മഴയത്തും രാത്രിയിലും അതിരാവിലെയും കഴിവതും യാത്രകൾ ഒഴിവാക്കുക. സ്റ്റിയറിങ് വീലിൽ കയ്യിരിക്കുമ്പോൾ മൊബൈൽ ഫോണിനെക്കുറിച്ചു ചിന്തിക്കുകപോലും അരുത്. ഒരു കാര്യം കൂടി, ട്രാഫിക് നിയമങ്ങൾ പോലീസുകാർക്കു കൈക്കൂലി വാങ്ങാൻ മാത്രം ഉണ്ടാക്കി വച്ചിരിക്കുന്നതല്ല. അവയൊക്കെ പൂർണ്ണമായും പാലിക്കുക.

വേഗത ആവേശം നൽകുന്നതാണ്. അതും പുത്തൻ പുതിയ വണ്ടികളിലാകുമ്പോൾ. വേഗത ആരുടെയെങ്കിലും മരണത്തിനു കാരണമായിട്ടുണ്ടെന്നു തോന്നുന്നില്ല. അതിവേഗത്തിൽ ഓടുന്ന വണ്ടികൾ എന്തിലെങ്കിലും ഇടിച്ചു പൊടുന്നനവേ നിൽക്കുമ്പോളുങ്ങാകുന്ന ആഘാതമാണ് പ്രശ്നം. വേഗത കുറയുമ്പോൾ ആഘാതവും കുറയണമല്ലോ.

നിങ്ങൾക്ക് ഇതുവായിക്കുമ്പോൾ ഒരുവന്റെ സാരോപദേശമായി തോന്നാം. തോന്നിക്കോളൂ. ഒരാളെങ്കിലും മാറിചിന്തിച്ചാൽ കുറച്ചു ജീവനുകളെങ്കിലും രക്ഷിക്കാനാകുമല്ലോ, അത്രമാത്രം. സൂക്ഷിച്ചു വണ്ടിയോടിക്കുക. നമ്മുടെ റോഡുകളും കാലാവസ്ഥയും നിങ്ങളുടെ യാത്രക്ക് അനുകൂലമാകണമെന്നില്ല. അപ്പോൾപ്പിന്നെ ചെയ്യാൻ കഴിയുന്നത് നമുക്ക് മാറ്റം വരുത്താൻ കഴിയുന്ന ചുരുക്കം ചില കാര്യങ്ങളാണ്.

നല്ലറോഡുകൾ പണിയേണ്ടത് സർക്കാരുകളുടെ ചുമതലയാണ്. അതുപോലെതന്നെ നന്നായി വണ്ടിയോടിക്കേണ്ടത് നമ്മുടെയും. സർക്കാരുകൾ അവരുടെ ജോലി നന്നായി ചെയ്യാത്തിടങ്ങളിൽ നമ്മുടെ ജോലി നന്നായി ചെയ്‌താൽ മാത്രം അപകടങ്ങൾ കുറക്കാം. സർക്കാരുകളോട് കലഹിച്ചിട്ടെന്തിനാണ്?

നിങ്ങൾ അതികഠിനമായി അധ്വാനിച്ചുണ്ടാക്കി നികുതിയച്ച കാശുകൊണ്ട് എന്തോ വലിയ സംഭവങ്ങൾ ചെയ്തുമറിക്കുന്നു എന്നവകാശപ്പെടുന്നവരെ, അവരുടെ വഴിക്കു വിടുക. കാലാകാലങ്ങളായി കാണുന്നതല്ലേ? ഇതൊന്നും മാറില്ല. നിങ്ങൾ കൊടുക്കുന്ന കാശിൻ്റെ ഒരു ശതമാനമെങ്കിലും തിരികെ സേവനങ്ങളായി കിട്ടിയാൽ സന്തോഷിക്കണം. 99 ശതമാനം എവിടെപ്പോയി എന്നാലോചിച്ചു സമയം കളയരുത്. ടെലിവിഷൻ ചർച്ചകൾ മാനസികോല്ലാസത്തിനുമാത്രം കേൾക്കണം. ഒരു സിനിമ കാണുന്നതുപോലെ. ബാക്കിയൊക്കെ മറക്കണം. നിങ്ങൾക്ക് മാറ്റാൻ കഴിയുന്ന ഒരേയൊരുകാര്യം നിങ്ങളുടെ ചിന്തകൾ മാത്രമാണ് എന്ന് മനസ്സിലാക്കണം. യുക്തിപരമായി ചിന്തിച്ചു കഴിവതും അപകടങ്ങൾ വരുത്തി വയ്ക്കാതിരിക്കാൻ നോക്കണം.

പുലർച്ചെ വാർത്തകളുമായെത്തുന്ന പത്രങ്ങളെപ്പോലെ, ചിലപ്പോൾ വാർത്തകൾ തന്നെ വഴിതെറ്റി നമ്മെത്തേടി
യെത്തിയാലായി, നമ്മളായി! അതിൽ ഏറെയും ഒഴിവാക്കാനാകുന്നതാണ്. സുരക്ഷിതരായിരിക്കുക.

സുമേഷ് രാമചന്ദ്രൻ

പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു…

ഇതിങ്ങനെയൊക്കെ തന്നെയാണ് ഭായ്, നമ്മുടെ നാട്ടിൽ. ഉറക്കം കളഞ്ഞു പഠിച്ചും, വർഷങ്ങളോളം അധ്വാനിച്ചും മിടുക്കുകൊണ്ടുമാത്രം സർക്കാർ സർവീസിൽ എത്തുന്നവരെ ഇതുതന്നെയാണ് കാത്തിരിക്കുന്നത്. അതിനി ഐ.എ.എസ്‌. ആയാലും ഐ.പി.സ്‌ ആയാലും, മറ്റേതു തസ്തികകളിലെ അധികാരശ്രേണിയുടെ ഏതു നിലയിലായാലും, കേന്ദ്രത്തിലും കേരളത്തിലും ഇതുതന്നെ. ആത്മാർഥതയുടെയും സത്യസന്ധതയുടെയുംകൂടി അസ്കിതയുള്ളവർക്കു ഇതുമാത്രമാണ് വിധി. അപമാനം, അഭിമാനക്ഷതം, ചതി, വഞ്ചന, അങ്ങനെപോകും. നന്മയുള്ള ശ്രീനിവാസൻമ്മാർക്ക് പറഞ്ഞിട്ടുള്ള പണിയല്ല സർക്കാർ സേവനം. എന്ത് സഹിച്ചാലും അവസാനം പെൻഷനും വാങ്ങി ശിഷ്ടകാലം ജീവിക്കാമല്ലോയെന്നോർത്തു പലരും മൗനം പാലിക്കും. പെൻഷനൊക്കെ ഇനിയിപ്പോ ഭരിച്ചു മുടിക്കുന്നവർ ബാക്കിയെന്തെങ്കിലും വച്ചിട്ടുപോയാൽ ചിലപ്പോൾ കിട്ടിയേക്കും എന്നായി സ്ഥിതിയൊക്കെ.
സ്വാഭിമാനം ചിലപ്പോൾ അഗാധമൗനത്തിൻ്റെ തമോഗർത്തങ്ങളിലെത്തിക്കും ഇവരിൽ ചിലരെ. തിരിച്ചുവരാനാകാത്ത ഉറഞ്ഞമൗനത്തിലേക്കാണ്ടുപോകുന്നവരെ ഓർത്തുകൊണ്ടുതുടങ്ങാം.

പറഞ്ഞുവന്നതിനെക്കുറിച്ചു മനസ്സിലായല്ലോ. അതുകൊണ്ടു ചിത്രം കൂടുതൽ വ്യക്തമാക്കുന്നില്ല. പക്ഷെ ഒരു സത്യം വ്യക്തമാക്കാം. ഇതെഴുതുന്ന ഞാനും വായിക്കുന്നനിങ്ങളും ഇതിനൊക്കെയും കൂട്ടുത്തരവാദികളാണ്. എങ്ങനെയാണെന്നല്ലേ?

ആരാണ് ഇന്നത്തെ രാഷ്ട്രീയ അധികാര വർഗ്ഗത്തെ, എല്ലാ നിറത്തിലും കൊടിയിലുമുള്ളവരെ, വളർത്തിയത്? അവരെക്കൊണ്ട് പലതും ചെയ്യിച്ചത്? അവരുടെ കൊള്ളരുതായ്മകൾക്കു കുടപിടിച്ചതു? നമ്മളൊക്കെത്തന്നെയല്ലേ? നമ്മളുടെ സ്ഥലംമാറ്റത്തിനും, ജോലിക്കും, കുട്ടികളുടെ സ്കൂൾഅഡ്മിഷനും, എന്നുവേണ്ട എന്തുകാര്യം നേടുന്നതിനും നമ്മൾ അവരെ ഉപയോഗിക്കുന്നു, കൈമടക്കുകൾ നൽകുന്നു. പാർട്ടികളുടെ പേരിൽ എന്തുപറഞ്ഞാലും പിൻന്താങ്ങുന്നു. അറിഞ്ഞോ അറിയാതെയോ ഇവരെ വളർത്തി ഇവിടെവരെയാക്കിയത് നമ്മൾ മാത്രമാണ്. നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങൾ നേടാൻ. നേരായവഴിക്കും, അല്ലാതെയും.

പെട്രോൾ സ്റ്റേഷനും, സ്കൂളുകളും കോളേജുകളും നേടിയെടുക്കാൻ കൈമടക്കുനൽകാനും മറ്റും ശുപാർശകൾ ചെയ്യാനും ഒരു രാഷ്ട്രീയക്കാരനെ തേടിപ്പോയിട്ടില്ലാത്ത മലയാളികൾ കേരളത്തിൽ ജീവിച്ചിരുന്നിട്ടുണ്ടോ? അത് ലോക്കൽ നേതാവായാലും, MLA ആയാലും, MPയായാലും, മന്ത്രിയായാലും, പഞ്ചായത്തു പ്രസിഡന്റ് അയാലും പോകും. സ്വന്തം പാർട്ടിക്കാരാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ! കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികളും നാട്ടിൽ വരുമ്പോൾ ഇങ്ങനെ തന്നെ. നമ്മുടെ കാര്യം നടക്കണം. അതിനു രാഷ്ട്രീയക്കാരെയും ഉദ്യോഗസ്‌ഥരെയും മറ്റും സ്വാധീനിക്കാനും, കൈമടക്കുകൾ നൽകാനും നമുക്ക് ലവലേശം മടിയില്ല. പിന്നെ ഈ വ്യവസ്ഥിതി ആര് നന്നാക്കുമെന്നാണ്. ഇങ്ങനെ വളർന്നു വരുന്നവരാണ് എല്ലാ അഴിമതിക്കാരും. നമുക്ക് മതിയാകുമ്പോൾ അവർക്കു മതിയാവണമെന്നില്ല. അവർക്കു ആർത്തിയാകുമ്പോൾ പിടിക്കപ്പെടും, അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും കുരുക്കുകൾ. അപ്പോൾ നമ്മളൊക്കെ എല്ലാം മറന്നു ചാനൽ ചർച്ചകൾ കാണുന്ന തിരക്കിലാകും.

ഈയടുത്തു സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നു. അവിടെയും, അവസരങ്ങൾ നേടാൻ അനവസരങ്ങളിൽ സംവിധായകരെയും, നിർമ്മാതാക്കളെയും, താരങ്ങളെയും തേടിചെന്നവർ ഉണ്ടാക്കിയ കീഴ്വഴക്കങ്ങൾ നിലനിന്നു പോയതാണ്. അന്നൊരാൾ മാറിചിന്തിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വെത്യസ്തമായേനെ. ഹേമാകമ്മിറ്റി വരെ എത്തിയ സംഭവവികാസങ്ങൾ ഒരാൾ മാറിചിന്തിച്ചതുകൊണ്ടാണെന്നു ഇതോടുകൂടി ചേർത്തുവായിക്കണം. ഇല്ലെങ്കിൽ നേരത്തെ പറഞ്ഞത് തന്നെയാകും, നമുക്ക് മതിയാകുമ്പോൾ അവർക്കു മതിയാകണമെന്നില്ല. കാര്യങ്ങളെ ലഘൂകരിക്കുന്നതല്ല. നാം കാണുന്ന മിക്കപ്രശ്നങ്ങൾക്കും നമ്മൾ കൂടി കരണഭൂതരാകുന്നു എന്നൊരു കാര്യം പറഞ്ഞു വെക്കാനാണ് ഇത്രയും പറഞ്ഞത്.

നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിനു നമ്മളൊന്നും വലിയ തെറ്റുകൾ ചെയ്യുന്നില്ലല്ലോ! ചിലപ്പോൾ നമ്മളുടെ ഇടപെടൽ വളരെ ചെറിയ രീതിയിൽ മാത്രമായിരിക്കാം. പക്ഷെ പലപ്പോഴും അതുമതി എന്നതാണ് സത്യം. കയോസ് സിദ്ധാന്തം (Chaos Theory) കേട്ടിട്ടില്ലേ? Butterfly Effect എന്നും പറയും. ഒരു ചിത്രശലഭത്തിൻ്റെ ചെറു ചിറകടിപോലും വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്കു കാരണമായേക്കാം. തുടക്കത്തിലേ ചെറിയ പാളിച്ചകൾ/ചലനങ്ങൾ/വ്യതിയാനങ്ങൾ വലിയ ദുരന്തങ്ങളിലേക്കു (നേരേ മറിച്ചും) വഴിതെളിയിച്ചേക്കാം. ലളിതമായി പറഞ്ഞുവെന്നേയുളൂ. കയോസ് സിദ്ധാന്തം ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും മാത്രമല്ല ശരിയാകുന്നത്. ജീവശാസ്ത്രത്തിലും, സാമ്പത്തികശാസ്ത്രത്തിലും, മനഃശാസ്ത്രത്തിലുമൊക്കെ ഇതു സത്യമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നു. സാമൂഹ്യശാസ്ത്രത്തിലും, രാഷ്ട്രതന്ത്രത്തിലും, പൊതു ജീവിതത്തിലും ഇതു ശെരിയാകാതെ തരമില്ല.

നാളെ നിങ്ങളും ശുപാർശ്ശക്കായി മടിയിൽ കനവുമായി ഒരു രാഷ്ട്രീയക്കാരന്റെ മുന്നിൽ ഇരിക്കുമ്പോൾ മരിക്കുവാൻപോകുന്ന നവീൻബാബുമാരെക്കുറിച്ചു ഓർക്കണമെന്നില്ല. കയോസ് സിദ്ധാന്തം പറ്റിയാൽ ഓർക്കുക. നിങ്ങളുടെ കാര്യം നേടാൻ നേരായ ഒരു ചേറുവഴിയെങ്കിലും ഉണ്ടോയെന്നോർക്കുക. തുടക്കത്തിലേ നന്മനിറഞ്ഞ ഒരു നീക്കം നിങ്ങളുടെ നാടിനെ സ്വർഗ്ഗരാജ്യമാക്കിയാലോ? സ്വപ്നം. അതെ ഈ പുലർകാല സുന്ദരസ്വപ്നം സത്യമാകട്ടെ. നന്മയുടെ ആ മൃദുചിറകടികൾക്കു കാതോർത്തുകൊണ്ട്…

സുമേഷ് രാമചന്ദ്രൻ

മീമുകളുടെ പരമാർത്ഥം, ജീനുകളുടെയും.

കാലാകാലങ്ങളായി കാണുന്നതാണ്. വാക്കും, നാക്കും, നിറവും, നയവും മാറുന്ന മനുഷ്യരും, പ്രസ്ഥാനങ്ങളും, സ്ഥാപനങ്ങളും, രാജ്യങ്ങളും എന്നുവേണ്ട…മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം മാറുന്നു. മാറ്റവുമില്ലാത്തതായി മാറ്റം എന്നൊക്കെ പറഞ്ഞു തടിതപ്പാമെന്നല്ലാതെ മാറ്റത്തിൻ്റെ കാതൽ പലപ്പോഴും സ്വാർത്ഥലാഭങ്ങളാകുന്നു. അതിനുവേണ്ടിയുള്ള തഞ്ചവും, സൂത്രവും, കൗശലവും മാത്രമാണ് പലപ്പോഴും മാറ്റങ്ങളുടെ കാതൽ. അതിനെ കുറ്റം പറയാനാകില്ല. സ്വയതാല്പര്യങ്ങളാൽ പെരുമാറിയ ജീവികളുടെ പിന്തലമുറക്കാരാണ് നാം. സ്വാർത്ഥജീനുകളെ വഹിക്കുവർ.

കോടാനുകോടി വർഷങ്ങളായി ഈ ലോകത്തു ജീവിക്കാനും നിലനിൽക്കാനും ഈ ജീനുകളാണ് സഹായിച്ചത്. എന്നുവച്ചു എല്ലാവരും ഹിറ്റ്ലറും, സ്റ്റാലിനും, കിം ജോങ് ഉന്നും ആകണമെന്നോ ആകേണ്ടതായോ ഇല്ല. സെൽഫിഷ് ജീനുകളെ (Selfish Gene) ഇതേ പേരിലുള്ള റിച്ചാർഡ് ഡോക്കിൻസിൻ്റെ (Richard Dawkins) പുസ്തകം വായിച്ചിട്ടുളവവർക്കു പരിചയമുണ്ടാകും. ജീനുകൾക്കു പുറമേ മീമുകളെക്കൂടി പരിചയപ്പെടുത്തി ടിയാൻ.

ജീനുകളുടെ ലക്ഷ്യം അതിജീവനവും പരിണാമവുമാണെങ്കിൽ മീമുകൾക്കും (Meme) ഒരു ഉദ്ദേശമുണ്ടെന്ന് ഡോക്കിൻസ് പറഞ്ഞു വെക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറിൽ (1976) ആണ് ആദ്യമായി സെൽഫിഷ് ജീനുകളെക്കുറിച്ചും മീമുകളെക്കുറിച്ചും പറയുന്നതെങ്കിലും ഇന്റർനെറ്റ് യുഗം മീമുകളെ പ്രശസ്തമാക്കി. അതെ നിങ്ങൾ ഇന്നറിയുന്ന വൈറൽ മീമുകൾ തന്നെ. പക്ഷെ അതിൻ്റെ ഉപജ്ഞാതാവ് ഡോക്കിൻസ് ആണെന്നത് പലർക്കുമറിയില്ല.

സെൽഫിഷ് ജീൻ എന്ന ആശയം നോക്കിയാൽ ജീനുകളാണ് സൃഷ്ടിയുടെയും സ്ഥിതിയുടെയും അടിസ്ഥാന ഘടകം. ജീനുകൾ സ്വയം പ്രചരിക്കാൻ വേണ്ടി സ്വാർത്ഥമായി പ്രവർത്തിക്കുമെന്നും, ജീവികളെ അതിന്റെ നിലനിൽപ്പിനായി ഉപയോഗിക്കുമെന്നും ഡോക്കിൻസ് ചൂണ്ടിക്കാട്ടുന്നു. ജീവികളുടെ പെരുമാറ്റം, അവയുടെ ജീവിതശൈലി എന്നിവയെ ഈ സ്വാർത്ഥജീനുകൾ നയിക്കുന്നു. അതായത്, ജീവികളിലെ ഓരോ സ്വഭാവവും പെരുമാറ്റവും എങ്ങനെയായിരിക്കണമെന്നത് ജീനുകളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതായി രൂപംകൊള്ളുന്നതാണ് എന്ന് സാരം. പരസ്പരം സഹായിച്ചും, ബന്ധുജനങ്ങളെ പരിരക്ഷിച്ചും സ്വാർത്ഥ ജീനുകൾ നിലനിക്കുന്നു എന്ന് ഡോക്കിൻസ് പറഞ്ഞുവക്കുന്നുണ്ട്. ബന്ധുജനസ്നേഹവും, ജാതിമതവർണ്ണ സ്നേഹവും സഹവർത്തിത്തവും, സഖാത്വവുമൊക്കെ എന്തിനെന്നു മനസ്സിലാക്കാൻ കൂടുതൽ തലപുകക്കണ്ട. നിലപാടുകളും, അവയുടെ മാറ്റവും, മേല്പറഞ്ഞവയും, അവയുടെ അഭാവവും എല്ലാം ലവൻ്റെ കളിയാണ്. സെൽഫിഷ് ജീനിൻ്റെ.

മീം എന്ന ആശയം സാംസ്കാരിക പാരമ്പര്യത്തിൻ്റെ പ്രചരണമാർഗ്ഗം എന്നാണ് ഡോക്കിൻസ് പറയുന്നത്. ഒരു ചിന്ത, ആശയം, പ്രവർത്തനശൈലി, അല്ലെങ്കിൽ സാമൂഹിക വ്യവഹാര രീതികൾ മറ്റുള്ളവർക്ക് പകർന്നു നൽകപ്പെടുമ്പോൾ അത് മീം ആയി മാറുന്നു. ഡിജിറ്റൽ ലോകത്തിൽ, മീമുകൾ തൽക്ഷണം വ്യാപിച്ച് സാംസ്കാരിക വികാസത്തിന് അമിതമായ വേഗത നൽകുന്നു. ജീനുകൾ ജീവികളുടെ പ്രജനനത്തിലൂടെ പ്രചരിക്കുന്നുവെങ്കിൽ, മീമുകൾ ആശയവിനിമയത്തിലൂടെയും പൊതുസംസ്കാരത്തിലൂടെയും വളരുന്നു. മനുഷ്യരുടെ കലാ-സാംസ്കാരിക ലോകം രൂപീകരിക്കുന്നതിൽ മീമുകൾ നിർണ്ണായക പങ്കു വഹിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഈ രീതിയിൽ നോക്കിയാൽ ഒരു പരിധിവരെ മീമുകൾ പുതുസംസ്കാരങ്ങളുണ്ടാക്കി ജീനുകളുടെ സ്വാർത്ഥതതയിൽ നിന്നും നമ്മെ രക്ഷിച്ചെടുക്കുന്നുണ്ട് എന്നാണ് ഡോക്കിൻസിൻ്റെ അഭിപ്രായം. മീമുകളുടെ സംഭവനകളായ സംഗീതവും, സാഹിത്യവും, മതവും, മൈത്രിയും, കലയും, പിന്നെ നമ്മൾ എന്നറിയുന്ന വൈറൽ തമാശകളുമൊക്കെ ഒരു പുതു സംസ്കാരമുണ്ടാക്കി നമ്മെ സ്വാർത്ഥമതികളല്ലതെ ജീവിക്കാനും സഹായിക്കുന്നു എന്ന് വേണം കരുതാൻ. അതുകൊണ്ടുതന്നെ അവ പ്രധാനമാണ്. സാഹിത്യം വായിച്ചും, സംഗീതം ആസ്വദിച്ചും, റീലുകൾ കണ്ടും സ്വയം മറന്നാൽ വലിയ കുഴപ്പമൊന്നും വരാനില്ലെന്നു സാരം. മറക്കുന്നത്ത് സ്വാർത്ഥതയാണെന്നു വരുമ്പോൾ, പ്രത്യേകിച്ചും. കല കലക്കുവേണ്ടി മാത്രമല്ലയെന്നു ഞാൻ പറയുന്നു. അതിനു മനുഷ്യരെ നന്നാക്കാനും കഴിയും. അപ്പോൾ സാഹിത്യകാരർക്കും, കലാകാർക്കും ഒരു ചെറിയ ബാധ്യതയൊക്കെയാകാം, സമൂഹത്തോട്. സാഹിത്യത്തിലേയും കലയിലെയും മൂല്യച്യുതി എങ്ങനെയാണ് സമൂഹത്തിനെ ബാധിക്കുന്നതെന്നു മനസ്സിലായിക്കാണുമല്ലോ. നമ്മുടെ സ്വാർത്ഥതയെ മറക്കാൻ പഠിപ്പിച്ച യേശുദാസും മോഹൻലാലുമൊക്കെ സ്വാർത്ഥരാകുന്നത് കാണുമ്പോൾ നാം വിഷമിക്കുന്നത് ഇതുകൊണ്ടാണ്. അവർക്കു അവരുടെ സ്വകാര്യ ജീവിതം എന്നൊക്കെ പറയാമെങ്കിലും നാം വിഷമിച്ചുപോകും. അത് നമ്മുടെ സ്വാർത്ഥത. അതുമറക്കാൻ അവരിലേക്കുതന്നെ പോകണമല്ലോയെന്നോർക്കുമ്പോളുള്ളൊരു ചമ്മൽ!

പക്ഷെ ജീനിൻ്റെ കളിയാണോ മീമിൻ്റെ കളിയാണോന്നറിയാനാകാത്ത ചില പുതുകാല ചിന്തകളാണ് നമ്മെ കുഴക്കുന്നത്. ഇവയെ കൂടുതലും കാണുന്നത് രാഷ്ട്രീയ മേഖലകളിലാകുന്നു. ഏതാണ് സ്വാർത്ഥലാഭത്തിൽ ചെയ്‌യുന്നതെന്നോ ഏതാണ് തമാശ്ശയെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസ്സിലായി വരുമ്പോഴേക്കും, ചിലപ്പോൾ വളരെ വൈകിയെന്നുവരാം. പിന്നെ ഇതെല്ലാം മീമായി മാത്രം കണ്ടു ചിരിച്ചു മരിക്കുകയെ നിവൃത്തിയുള്ളൂ.

കൂടുതൽ ശുഭപ്രതീക്ഷയോടെ പറഞ്ഞാൽ. മീമുകൾക്കു മാത്രമേ ജീനുകളുടെ സ്വാർത്ഥതയെ മറികടക്കാനാകൂ. പുതുചിന്തകളുടെ, കൂട്ടായ്മയുടെ, മാനവികതയുടെ, നന്മയുടെ, ആശയുടെ, തമാശ്ശയുടെ സംസ്കാരം ഉണ്ടാക്കിയെടുക്കാൻ മീമുകൾക്കാകും. ഇപ്പോഴും എപ്പോഴും സ്വാർത്ഥജനിതകത്തിൻ്റെ മാത്രം വക്താക്കളെ ഒറ്റപ്പെടുത്താനാകും.

പുതു ചിന്തകൾവരട്ടെ, മീമുകളും. സ്വാർത്ഥജീനുകൾ ഉറഞ്ഞിരിക്കട്ടെ. മീമുകൾ നീണാൾ വാഴട്ടെ.

സുമേഷ് രാമചന്ദ്രൻ

ഹേമജ്വാലം

തീപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രവ്യവസായത്തെകുറിച്ച്‌ കൂടുതൽ എന്തുപറയാനാണ്? അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നു കാലാകാലമായി കേട്ടുകൊണ്ടിരുന്നതെല്ലാം ഒരു റിപ്പോർട്ടായി എഴുതിവയ്ക്കപ്പെട്ടു എന്നത് മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പിന്നെ അതിനുശേഷമുള്ള വെളിപ്പെടുത്തലുകളും. മുൻപും വെളിപ്പെടുത്തലുകളും, കേസുകളും, അപവാദങ്ങളും, കുറ്റാരോപണങ്ങളും നടന്നിട്ടുണ്ട്. എന്നിട്ടെന്തായി? ആരെയെങ്കിലും ശിക്ഷിച്ചോ? പണവും, പവറും, പിടിയും ആവോളം കൂടെയുള്ളവർ എന്ത് പേടിക്കാനാണ്? കുറെ രാമൻപിള്ളമാരും, നരിമാൻമാരും, മുകുൾ റോഹ്‌തഗിമാരും കുറച്ചുകൂടി ധനികരാകും എന്നൊഴിച്ചാൽ, അധികമൊന്നും സംഭവിക്കാനിടയില്ല. ചിലതുകൂടി സംഭവിച്ചേക്കാം. ടി.വി. ചാനലുകൾ TRP റേറ്റിംഗ്‌കൂട്ടി പരസ്യവരുമാനം കൂട്ടും. ചില യൂട്യൂബ് ചാനലുകളും, യൂട്യൂബർമാരും കാശുണ്ടാക്കും. ശേഷം ചിന്ത്യം!

ചില ചോദ്യങ്ങൾ മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്? മേൽപ്പറഞ്ഞ കോലാഹലങ്ങളൊക്കെക്കൊണ്ട് സ്ത്രീസുരക്ഷ ഉറപ്പിക്കാമോ? സ്ത്രീകൾക്കു പേടികൂടാതെ തൊഴിലെടുക്കാൻ കഴിയുമോ? സിനിമാ വ്യവസായം നന്നാകുമോ?

‘ഇല്ല’ എന്നാണെനിക്കു തോന്നുന്നത്. കാരണം നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്. ദോഷം പറയുന്നതല്ല. നമ്മുടെ സാമൂഹിക, സാംസ്കാരിക, നിയമ, ഭരണരീതികളും, ഘടനയും ഒക്കെ അങ്ങനെയാണ്. ഒരുദാഹരണം പറയാം. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്‌ൻസ്‌റ്റെയ്‌നെതിരെ രണ്ടായിരത്തിപതിനേഴു ഒക്ടോബറിൽ പീഡന ആരോപണങ്ങളുണ്ടാകുന്നു. എൺപതോളം നടികൾ പരാതിയുമായെത്തി. കേസ് ആയി. മാർച്ച്‌ രണ്ടായിരത്തിൽ അയാളെ 23 വർഷം തടവിനായി ശിക്ഷിച്ചു. ഇപ്പോൾ ജയിലിൽ. മൂന്നുവർഷം കൊണ്ട് തീരുമാനമായി. മാതൃകാപരം. ഈ മാതൃക ഇവിടെ സ്വീകരിക്കപ്പെടുമോ? ഇല്ല എന്നാണുത്തരമെങ്കിൽ വീണ്ടും മേൽപ്പറഞ്ഞപോലെ ക്രിമിനൽ വക്കീലൻമ്മാരുടെടെയും, ടി.വി. ചാനലുകളുടെയും, യൂട്യൂബ് ചാനലുകളുടെയും ഉന്നമനം ഉണ്ടാകും. ഇതിനിടയിൽ നിയമത്തിനുമുന്നിൽ എത്തിപ്പെടേണ്ട തെളിവുകളൊക്കെ എങ്ങോട്ടോ അലിഞ്ഞുപോകും. മൊഴികൾ മാറിമറിയും. പത്തിരുപതു വർഷങ്ങൾകഴിഞ്ഞു തെളിവുകളില്ലാതെ ആരെ ശിക്ഷിക്കാനാണ്?

ചലച്ചിത്ര വ്യവസായം പണത്തിന്റെയും പവറിൻ്റെയും ഗ്ലാമറിൻ്റെയും ലോകമാണ്. അത് സമൂഹത്തിന്റെ നേർപരിഛേദമല്ല. പണത്തിനും പവറിനും ഗ്ലാമറിനും വേണ്ടി ഏങ്ങനെ മനുഷ്യൻ്റെ ചിന്തകളും ബുദ്ധിയും പ്രവർത്തിക്കുന്നോ, അതൊക്കെ അവിടെയുണ്ട്. പണവും, പവറും, ഗ്ലാമറും കൂടുമ്പോൾ ജീവിതത്തിൻ്റെ ലഹരിയും ആസ്വാദ്യതയും കൂടും. ലഹരികൂടുമ്പോൾ ചിന്തയും, വിവേകവും കുറയും. നാലുചുമരുകളുടെ സ്വകാര്യതയിൽ ആരും എന്തും ചെയ്യും. ആണും, പെണ്ണും. ചിലതു പുറത്തുവരും. ഇതു കേൾക്കാൻ ആളുകൾ മാധ്യമങ്ങളുടെ മുന്നിൽ അടയിരിക്കും. കുറച്ചു നാൾ. പുതിയൊരു വെളിപ്പെടുത്തൽ വരുന്നതുവരെ എല്ലാവരും എല്ലാം മറക്കും. ഇതിനുവേണ്ടി പോരാടുന്നവരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, അവസരങ്ങൾ ഇല്ലാതെയാകും. എല്ലാം വിസ്‌മൃതിയിലേക്കു മറയും. പിന്നെ പുതിയ തലമുറകളും, പുതിയ വിവാദങ്ങളും. ലോകാവസാനംവരെ ഇതുതന്നെയായിരിക്കാം.

അതിനു കാരണമെന്തായിരിക്കും?

നമ്മൾതന്നെയാണതിനു കാരണക്കാർ! നമ്മൾ ജീവിക്കുന്ന സമൂഹം തന്നെയാണ് ഇതിനൊക്കെ കുടപിടിക്കുന്നതും, തൃണവൽക്കരിക്കുന്നതും, മറന്നുകളയുന്നതും, പൂഴ്ത്തിവെക്കുന്നതും, ചിലപ്പോഴൊക്കെ ആഘോഷിക്കുന്നതും. സ്വന്തമായൊരു അനുഭവം വരുന്നതുവരെ ടിവിയിലും യൂട്യൂബിലുമൊക്കെ നിറംപിടിപ്പിച്ച കഥകൾ കണ്ടാസ്വദിക്കുന്നവരുമാണ് നാമെല്ലാം. അതുവരെ ഇതൊക്കെ മറ്റുള്ളവരുടെ കഥകളും, ദുർവിധിയുമായും മാത്രം നമ്മൾ കാണും. ചിലപ്പോൾ ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടും. വേറൊന്നും ചെയ്യാൻ വഴിയില്ല.

സ്ത്രീസുരക്ഷ ലോകത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. അത് ഹനിക്കപ്പെടുന്നത് ഗ്ലാമർകൂടിയ സിനിമാ രംഗത്തായതുകൊണ്ട്, അതിനെ വലുതാക്കിക്കാണാനോ ചെറുതാക്കിക്കാണാനോ പാടില്ല. എവിടെ നടക്കുന്നു എന്നതിലല്ല, എന്ത് നടക്കുന്നു എന്നതാണ് പ്രധാനം. വെളിപ്പെടുത്തലുകൾ നടത്തുന്ന സിനിമാ പ്രവർത്തകർക്കുണ്ടാകുന്നതുപോലെയോ, അതിൽ കൂടുതലോ അനുഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതൊക്കെ നാം സൗകര്യപൂർവ്വം മറന്നുപോകുന്നതെന്താണ്? അത് മറ്റുള്ളവരുടെ മാത്രം പ്രശ്നങ്ങളാകുന്നിടത്താണ്, ഇവയൊക്കെ വീണ്ടും ഉണ്ടാകുന്നതും നമ്മളിലേക്ക് എത്തുന്നതും. ഒരു സമൂഹമായി, ഒറ്റക്കെട്ടായി നാമെന്താണ് ഇതിനെതിരെ ശക്തമായി പ്രതികരിക്കാത്തത്‌?

പിഞ്ചുകുഞ്ഞുങ്ങളെ ബലാൽക്കാരം ചെയ്തു കെട്ടിത്തൂക്കുന്നവരുടെ ജാതിയും, മതവും, പാർട്ടിയും നോക്കി മാത്രം പ്രതികരിക്കുന്നവരാണ് നമ്മൾ. ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരായ യുവതികളെപ്പോലും പിച്ചിച്ചീന്തുന്നവരുടെ സ്റ്റേറ്റ് ഓഫ് മൈൻഡ് (State of Mind) അല്ല, സ്റ്റേറ്റ് (സംസ്ഥാനം) ആണ് നമ്മുടെ പ്രതികരണങ്ങളുടെ മാനദണ്ഡം. ഒരേ രീതിയിയിൽ നടക്കുന്നു സ്ത്രീചൂഷണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുമ്പോൾ മാത്രം അന്ധരാകുകയും അത് ഉത്തരേന്ത്യയിൽ നടക്കുമ്പോൾ കവിത ചമക്കുകയും, പാടുകയും ചെയ്യുന്നവരാകുന്നു നമ്മൾ. നമ്മളെങ്ങനെ നമ്മളായെന്ന് വല്ലപ്പോഴുമെങ്കിലുമോർത്തു നോക്കാം.

ഗ്ലാമർ കൂടുന്നിടത്തെ മാത്രം സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലരാകുന്നവരാകരുതു നമ്മൾ. അത് കുറഞ്ഞയിടങ്ങൾ മറന്നുപോകുകയുമരുത്. ടിവിയിലും യൂട്യുബിലും ചാനൽ ചർച്ചകൾ കണ്ടു പ്രബുദ്ധരാകുമ്പോൾ സ്വന്തം വീട്ടിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്നുകൂടി അന്വേക്ഷിക്കുന്നവരാകണം നമ്മൾ. നിങ്ങളുടെ കൂടെ ജോലിചെയ്യുന്ന സ്ത്രീകൾക്കും സുരക്ഷയുണ്ടോയെന്നു കൂടി ഉറപ്പുവരുത്തണം. നാട്ടിൽ സ്ത്രീസുരക്ഷയില്ലെങ്കിൽ അതിനു കാരണക്കാർ ഞാനും നിങ്ങളും കൂടിയാണെന്ന് മനസ്സിലാക്കണം.

നാട് നന്നാകണമെങ്കിൽ നാട്ടാരും നന്നാകണം. നിയമങ്ങൾ സമയബന്ധിതമായി നടപ്പിലാക്കപ്പെടണം. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. സുരക്ഷിതം അല്ലെന്നു അറിയാവുന്ന തൊഴിലിടങ്ങളിൽ ജാഗ്രത പാലിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ മറ്റുസുരക്ഷിതമായ തൊഴിലുകൾ നേടാനുള്ള അറിവും കഴിവും സമ്പാദിച്ചു മുന്നേറണം.

“I am no longer accepting the things I cannot change. I am changing the things I cannot accept.” — Angela Davis

സുമേഷ് രാമചന്ദ്രൻ

ദുരന്ത താഴ്വരകളിൽ ജീവി(മരി)ക്കുന്നവർ…

നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ നഷപ്പെട്ടവരെയോർത്തുകൊണ്ട് തുടങ്ങട്ടെ. ഇപ്പോഴും ആരാലും കണ്ടെത്തപ്പെടാനാകാതെ ഭൂമിയുടെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ഹതഭാഗ്യർ. അവർക്കുവേണ്ടിയാണീ എഴുത്ത്. മഴപെയ്യുമ്പോൾ പരവേശപ്പെട്ട പാവങ്ങൾ. ജീവിക്കാൻ വേണ്ടി മലകളിലും താഴ്വരകളിലും കൃഷിചെയ്തു മണ്ണിനോട് പടവെട്ടി ഒരുരാത്രി ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിനടിലായിപ്പോയ പച്ചമനുഷ്യർ. ഒരിക്കലും കണ്ടെത്തപ്പെടാനാകാതെ, സ്വന്തം വീടുതന്നെ കല്ലറയാക്കേണ്ടിവന്നവർ.

അവർ മാധവ ഗാഡ്‌ഗിലിൻ്റെ റിപ്പോർട്ട് വായിച്ചിട്ടുണ്ടാവില്ല. ഗാഡ്‌ഗിലിനെയും കസ്തൂരിരംഗനെയും മാറിമാറി തെറിവിളിക്കുന്ന രാഷ്ട്രീയക്കാരുടെ കാര്യപരിപാടികളെക്കുറിച്ചു ചിന്തിക്കാനും സമയം കിട്ടിയിട്ടുണ്ടാവില്ല. പള്ളിയുടെയും പട്ടക്കാരുടെയും കൂടെനിന്നിട്ടുമുണ്ടാകാം. ക്വാറികളിലേക്കു പോയിവരുന്ന ട്രക്കുകൾ കൂടിവരുന്നത് കാണുമ്പോൾ, കൗതുകത്തിൽ കൂടുതൽ ഒന്നും കിട്ടിയിട്ടുണ്ടാകില്ല. അവരുടെ നാട്ടിൽ ഓരോവർഷവും പുതുതായി പൊങ്ങിവരുന്ന വമ്പൻ റിസോർട്ട് ഹോട്ടലുകളും, അവിടുത്തെ കൃത്രിമ തടാകങ്ങളും കണ്ട് നാടിൻ്റെ വികസനത്തെയോർത്ത് അഭിമാനം കൊണ്ടിരിക്കാം. പത്തുമിരുപതും മണിക്കൂറുകൾ കൊണ്ട് പെയ്തിതിറങ്ങിയിരുന്ന മഴമേഘങ്ങൾ, ഇപ്പോൾ തിടുക്കത്തിൽ അരമണിക്കൂറുകൊണ്ട് പെയ്തുപോകുന്നതെന്ത് എന്നറിയാത്തവരായിരുന്നിരിക്കാം.

മാധവ ഗാഡ്‌ഗിലും കൂട്ടരും പറഞ്ഞ പരിസ്ഥിതി അതിലോല മേഖലകളിലേതിലാണ് തൻ്റെയും കുടുംബത്തിൻ്റെയും വാസം എന്നും തിട്ടമില്ലാതെ, ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടിയിരുന്ന സാധുക്കൾ. ദുരന്തങ്ങളെ അവസരങ്ങളാക്കുന്നവരെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരിക്കാം, നേരിട്ടറിയാൻ വഴിയില്ല. കാരണം അവരിപ്പോൾ മണ്ണിനടിയിലായ വീടുകൾക്ക് കൂട്ടുകിടക്കുകയാണല്ലോ. ജീവൻ രക്ഷപെട്ടു മുകളിൽ നിന്ന് എല്ലാ ആശയുംനശിച്ചു വാവിട്ടുകരയുന്നവർക്കും അതുകാണാൻ മനസ്സുണ്ടാവില്ല, സമയവും.

തങ്ങൾ മരിച്ചു മരവിച്ചു കിടക്കുന്ന വീടുകൾക്കും, മണ്ണിനും, കല്ലിനും, കോൺക്രീറ്റ് കൂനകൾക്കും, ഉടഞ്ഞ വാഹങ്ങൾക്കും മുകളിൽ വിവാദങ്ങളൊഴിയാത്തത് അവർ അറിയുന്നുണ്ടാവില്ല. കുറച്ചുനാളുകൾക്കുശേഷം എല്ലാം മറന്നു, വീണ്ടും ജീവിക്കാനുള്ള പെടാപ്പാടിൽ, കൊണ്ടും, വാങ്ങിയും, കരഞ്ഞും, മഴവന്നാൽ ഉള്ളുരുകി പ്രാർത്ഥിച്ചും, ജീവിക്കാൻ പോകുന്ന, ദുരന്തംകണ്ടു മരവിച്ചുനിൽക്കുന്ന വെറും മനുഷ്യരെക്കുറിച്ചും അവരെന്തു ചിന്തിക്കാൻ? തനിക്കു താഴെ ഇതുപോലെ പല നിലകളിൽ മണ്ണിൽ  വീടോടെയലിഞ്ഞുപോയവരെക്കുറിച്ചും അറിയുന്നുണ്ടാവില്ല. അവരിപ്പോഴും ഉറക്കത്തിലാണെന്നു വിചാരിച്ചുകൊള്ളും. ഒരിക്കലും ഉണർന്നു കാണാൻ കൊള്ളില്ലാത്ത വിവാദങ്ങൾക്കു നേരെ അവരെന്തിന് കണ്ണുതുറക്കണം.

സുരക്ഷിതമായ നഗരങ്ങളിലും, ഭരണസിരാകേന്ദ്രങ്ങളിലെ കുളിരുകോരുന്ന ഓഫീസ് മുറികളിലുമിരുന്നു ദുരന്തനിവാരണം നടത്തുന്നവരെ ക്കുറിച്ചു അവർക്കിനി ഓർക്കേണ്ട കാര്യമില്ല. നിങ്ങൾ പലതലമുറകളായി അടിയിലേക്ക് മൂടപ്പെടുമ്പോൾ അവർക്കു അവരുടെ വരും തലമുറകെളെക്കുറിച്ചു കൂടി ചിന്തിക്കണ്ടേ? “വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകുംവിധമുള്ള വികസനമാണ് സുസ്ഥിരവികസനമെന്ന” എന്നതത്വം അവരെക്കാളും നന്നായറിയുന്ന ആരുണ്ട്? അവർ ഒരു ചെറിയമാറ്റം മാത്രമേ ഈ നിർവചനത്തിൽ വരുത്തിയിട്ടുള്ളൂ. ‘നിയന്ത്രിക്കുന്ന’ എന്ന ഒറ്റവാക്ക് അങ്ങ് എടുത്തുമാറ്റി.

അവർക്കിനിയിതൊന്നും ഓർത്തു കരയേണ്ട കാര്യമില്ല. അവർ ഉറങ്ങിക്കോട്ടെ.

***************************

എല്ലാ രാഷ്ട്രീയ കക്ഷികളും (പി. റ്റി. യെ ഓർത്തുകൊണ്ടു തന്നെ) ഒരുപോലെ എതിർക്കണമെങ്കിൽ മാധവ ഗാഡ്‌ഗിലും കൂട്ടരും ഉണ്ടാക്കിയ 500 പുറങ്ങളിലെ ആ റിപ്പോർട്ട് സത്യങ്ങളുടെ ഒരു കൂമ്പാരമാകണം. ആ കൂമ്പാരത്തെ എതിർത്ത്, മണ്ണിന്റെയും കല്ലിന്റെയും പ്രളയക്കൂമ്പാരമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് നേരെ കണ്ണടച്ചുകൊണ്ടു, ഇരുട്ടുമാത്രം കണ്ടുകൊണ്ടു സംസാരിക്കുന്ന, ആ വയോവൃദ്ധൻ പ്രൊഫസർ, ഗാഡ്‌ഗിലിനെ ഈയടുത്തകാലത്തു ടിവിയിൽ കണ്ടു. എന്തൊക്കയോ സത്യങ്ങൾ വീണ്ടും വിളിച്ചുപറയുന്നു. കണ്ണടച്ച് സംസാരിക്കുന്ന അയാൾ പറയുന്നത് കേൾക്കുന്ന ഏതു കുഞ്ഞിനും മനസ്സിലാകും ആരാണ് ശരിക്കും കണ്ണടച്ചു ഇരുട്ടാക്കുന്നതെന്ന്.

ഇനിയെന്ത്? ഇനിയെന്താകാൻ? സാധാരണ മനുഷ്യർ വീണ്ടും മരിക്കും. വിവാദങ്ങൾ വീണ്ടും വരും, പോകും. രണ്ടുമൂന്നാഴ്ചകൾ മാധ്യമങ്ങൾ ദുരന്തകഥകൾ പറഞ്ഞു പൊലിപ്പിക്കും. കീർത്തിമാന്മ്മാരും കീർത്തിമതികളും മതിയാവോളം അവിടെ വരും, കോടികൾ കൊടുക്കും. ദുരന്തത്തിൽപ്പെട്ട, ഉറ്റവരെ നഷ്ടപ്പെട്ട, ഭൂമിയും സ്വത്തും സത്വവും നഷ്ടപ്പെട്ടവരെ തോളോടു ചേർക്കും, മാറോടു ചേർക്കും. ബാക്കിയുള്ളവരൊക്കെ പുതിയ വാർത്തകൾക്കും ദുരന്തങ്ങൾക്കും പുറകേ പോകും. ദുരന്തനായകർ വീണ്ടും തിരഞ്ഞെടുക്കപ്പെടും.

നാട്ടിലെ സാധാരണ മനുഷ്യർ മാത്രം തങ്ങളുടെ സഹജീവികളെ അകമഴിഞ്ഞ് സഹായിക്കും. അവർ സർക്കാർ കണക്കുകൾ ചിലപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കില്ല. കണക്കുവായിക്കുന്ന സമയമുണ്ടെങ്കിൽ ഒരു ജീവൻ രക്ഷിക്കാം. അവർക്കു ഗാഡ്‌ഗിലിന്റെയും കസ്തൂരിരംഗൻറെയും റിപ്പോർട്ടുകൾ വായിക്കാൻ ചിലപ്പോൾ സമയം കിട്ടില്ല, ആ സമയമുണ്ടെങ്കിൽ അച്ഛനെയും അമ്മയെയും കാണണം എന്നുപറഞ്ഞു അലറിക്കരയുന്ന രണ്ടുകുട്ടികൾക്കു കൂട്ടിരിക്കാം, എന്തെങ്ങിലും പറഞ്ഞവരെ സമാധാനിപ്പിക്കാം.

പക്ഷെ അവർക്കൊന്നറിയാം. ഇനിയും ഉരുൾപൊട്ടും. മഴവന്നാൽ അവരുടെ നെഞ്ചുകൾ കൂടുതൽമിടിക്കും. അടുത്ത മഴ വരുന്നതും കാത്തു നെടുവീർപ്പിടുന്ന സാധാരണക്കാരാണവർ. മരിക്കുന്നതുവരെ അവർക്കും ജീവിക്കണ്ടേ?

സുമേഷ് രാമചന്ദ്രൻ

കലാവാണി, കളവാണി!

2024 മലയാള സിനിമാചരിത്രത്തിൽ പലവുരു ചേർത്തുവായിക്കപ്പെടുന്ന വർഷമായിരിക്കും. വൻ വിജയങ്ങൾ. വർഷം പകുതിയാകുമ്പോൾ തന്നെ ആയിരം കോടിയിൽ അധികം കച്ചവടം. ഇറങ്ങിയ മിക്കപടങ്ങളും ഹിറ്റ്ചാർട്ടിൽ ഇടംപിടിക്കുന്ന അപൂർവ്വകാഴ്ച. മുൻപൊരിക്കലും ഉണ്ടാകാത്തത്. ഇനിയും ഉണ്ടാകുമോയെന്നുമറിയാത്തത്!

പ്രധാനകാര്യം ഈ ചിത്രങ്ങളധികവും സൂപ്പർസ്റ്റാർ ജാടകൾ ഒന്നുംതന്നെയില്ലാതെ ഇറങ്ങിയവയാണ്. മാത്രവുമല്ല ഈ ചിത്രങ്ങൾ പലതും കലാപരമായ അധികം മികവു പുലർത്താത്തവയാണ്‌ താനും. ചിലതു തനി കച്ചവട സിനിമകൾ മാത്രം. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് ചേരുവകൾ തന്നെ ചേർത്ത രസ്യൻ മസാല/അടിപ്പടങ്ങൾ. എന്നിട്ടും നൂറും ഇരുനൂറും കോടികൾ മുടക്കുമുതലും വൻലാഭവുമായി തിരികെ കിട്ടുന്നു.

വിജയകരമായിവർത്തിച്ച 2024ലെ എല്ലാ പടങ്ങളും കണ്ടില്ല. കണ്ടതുവച്ചു പറഞ്ഞാൽ, കയ്യിലെ കാശുമുടക്കി മുൾട്ടിപ്ലസ്സുകളിലും മറ്റുമായി പടംകാണാൻ കയറുന്ന സാധാരണക്കാരൻ്റെ മനസ്സ്നിറക്കാൻ ഉതകുന്നതാണീ സിനിമകൾ എന്നതാകണം വിജയരഹസ്യം. രണ്ടുരണ്ടര മണിക്കൂർ ഒന്നുമറിയാതെ, സ്വന്തം വേദനകളൊന്നും ഓർക്കാതെ മറ്റാരുടെയോ അതിശയോക്തികലർത്തിയ, വർണാഭമായ ജീവിതം കണ്ടുതീർക്കുമ്പോളുണ്ടാകുന്ന ആനന്ദം. സൗന്ദര്യവും, സംഗീതവും, സർഗ്ഗവൈഭവവും സമാസമം ചേർത്ത് കാണുന്നവൻ്റെ കണ്ണിനും, കാതിനും, ചങ്കിനും, ചിന്തക്കുമുണ്ടാകുന്ന ഉത്തേജനം, ഉണർവ്. അഭിനയേതാക്കളുടെ തികവ്, കപടോക്തിപ്രദാനമെങ്കിലും ഇതെവിടെയോ ആരൊക്കെയോ ജീവിച്ചുതീർക്കുന്നതാണല്ലോ എന്ന സഹജാവബോധം.

പറഞ്ഞുവന്നത് കലയെക്കുറിച്ചാണ്. മുൻപ് എഴുതിയിട്ടുള്ളതാണ്, എന്നാലും പറയണമെന്ന് തോന്നി. എന്തിനാണ് കലയും, കലാകാരൻമാരും, മമ്മൂട്ടിയും, മോഹൻലാലും, ഉർവ്വശിയുമൊക്കെ നമ്മുടെ ജീവിതത്തിൽ ആരൊക്കയോ എന്തൊക്കെയോ ആണെന്നു വെറുതെ തോന്നുന്നത്? അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ നമ്മൾ തന്നെയായിപ്പോകുന്നത്? അവരൊക്കെ സിനിമയിൽ അഭിനയിച്ചു കാശുണ്ടാക്കി നന്നായവരാണ്! നേർജീവിതത്തിൽ അവരുടെ കഥാപാത്രങ്ങളുടെ നന്മതിന്മയാരോപിക്കപ്പെടാൻ പാടില്ലാത്തവർ. എന്നിരുന്നാലും അവരുടെ വ്യക്തിജീവിതത്തെപ്പോലും നമ്മൾ വെറുതെവിടുന്നില്ല. അവർ സോളമനെപ്പോലെയും, ബാലൻമാസ്റ്ററെപ്പോലെയും, ആന്ദവല്ലിയെപ്പോലെയും ആകണമെന്നു നമ്മൾ ശഠിക്കുന്നു.

എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുത്തരമേയുള്ളൂ. കല! നമുക്ക് കലയോടുള്ള അഭിനിവേശം. കലയില്ലാത്തജീവിതം നിരർത്ഥകമായതുകൊണ്ട്. ഫ്രീഡ്രിക്ക് നീച്ചയെന്ന ജർമ്മൻ തത്വശാസ്ത്രഞ്ജൻ്റെ വാക്കുകൾ കടമെടുത്താൽ, കലയില്ലായിരുന്നെങ്കിൽ നമ്മൾ ജീവിതയാഥാർത്യങ്ങളുടെ തീച്ചൂളയിൽ ഉരുകിത്തീർന്നില്ലാതായേനെ (We have art in order not to die of the truth.). നഗ്നമായജീവിത സത്യങ്ങൾ നമ്മെ ശ്വാസംമുട്ടിച്ചേനെ. ഇവയിൽനിന്നൊരു വിടുതലുംകൂടിയാണ് കല. മറ്റാരുടെയോ മറ്റേതോ ഭ്രമാത്മകമായ ലോകത്തിൽ സഞ്ചരിക്കുമ്പോൾ നാം നമ്മളല്ലാത്ത മറ്റെന്തൊ ആയിപ്പോകുന്നു. ഈ അയനത്തിൽ സ്വയം മറന്നില്ലാതാകുന്നവരെയും, മറ്റെന്തോ ആയിത്തീരുന്നവരെയും നാം അറിയും. ഷാജി എൻ കരുണിൻ്റെ വാനപ്രസ്ഥം എന്ന സിനിമയിലെ സുഭദ്ര എന്ന കഥാപാത്രത്തിലൂടെ കണ്ടതും അതാണ്. കുഞ്ഞിക്കുട്ടൻ ആശാൻ്റെ അർജുനനുമായി പ്രണയത്തിലായവൾ. അർജുനൻ്റെ കുഞ്ഞിന് ജന്മം നല്കിയവൾ. കുഞ്ഞിക്കുട്ടൻ എന്ന കഥകളിയാശാൻ്റെ വ്യഥകൾ മനസ്സിലാകാത്തവൾ. കലാകാരനിലെ കലയെമാത്രം പരിണയിച്ചവൾ.

ഒരു പരിധിവരെ നമ്മളെല്ലാം അങ്ങനെതന്നെയാണ്. കലാകാരും കലയും ഒന്നാണെന്ന് ചിന്തിക്കുന്നവർ. യേശുദാസ് അദ്ദേഹത്തിൻ്റെ പാട്ടുകൾപോലെ നിർമലനാകണമെന്നു ശഠിക്കുന്നവർ. മോഹൻലാൽ എപ്പോഴും ഏഴാംതമ്പുരാനായി ‘മാസ്സ്’ കാണിക്കണമെന്ന് വിചാരിക്കുന്നവർ. കലയുടെ ശക്തിയിൽ ദുർബലരായിപ്പോകുന്ന കലാകാരൻമ്മാരെന്നല്ലാതെ എന്തുപറയാൻ. കുഞ്ഞിക്കുട്ടൻ ആശാനെപ്പോലെ!

കലയെന്നു പറയുമ്പോൾ സിനിമ മാത്രമല്ല, മറ്റെല്ലാ കലകളും ഇതേഗണത്തിൽപ്പെടുത്താം. നൃത്തവും, നാടകവും, ചിത്രരചനയും, സാഹിത്യവും, എല്ലാം. ഇവയെല്ലാം നമുക്കുവേണ്ടി ഒരേ കാര്യംചെയുന്നു. നമ്മുടെ അഭിരുചികൾക്കനുസരിക്കുച്ചുള്ളവ നാം തിരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ. അഭിരുചികളും, അനുഭവങ്ങളും, ചോതനകളും, ചിന്തകളും, സാഹചര്യങ്ങളും മാറുന്നതനുസരിച്ചു തിരഞ്ഞെടുപ്പുകൾ മാറുന്നു.

കല ജീവിതം തന്നെയെന്നു കുട്ടിക്കൃഷ്ണമാരാരും, കല കലക്കുവേണ്ടിയെന്നു (Art for art’s sake) ‘യാരോ ഒരാൾ’ പറഞ്ഞതും എന്താണെന്നതിൻ്റെ ഗുട്ടൻസ് ഇപ്പോ പിടികിട്ടിയോ? ‘എന്താണ് കല?’ (What is Art?) എന്ന ക്ലാസിക് പുസ്തകമെഴുതി എഴുത്തിൻ്റെ കുലപതിയായ ലിയോ ടോൾസ്റ്റോയ് ഇതുതന്നെ പറഞ്ഞുവച്ചിട്ടുണ്ട്. യഥാർത്ഥ കല അതിന്റെ സൗന്ദര്യപരമായ ഗുണങ്ങളാൽ മാത്രമല്ല, മറിച്ച് വികാരങ്ങളെ ദ്യോതിപ്പിക്കാനുള്ള കഴിവിലൂടെയും ജനങ്ങളെ ഐക്യപ്പെടുത്തുന്നതിലൂടെയും നിർവചിക്കപ്പെടുന്നു എന്ന് ടിയാൻ എഴുതി.

കലക്ക് പലധർമ്മങ്ങൾ നിർവഹിക്കാനാകും. അതിനു മനുഷ്യരെ സ്വാധീനിക്കാനുള്ള ശേഷികൊണ്ടാണിത് സാധ്യമാകുന്നത്. വിപ്ലവങ്ങൾക്കും, വിജയങ്ങൾക്കും, യുദ്ധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട് കലയോടുള്ള അഭിനിവേശം. ചരിത്രം പറയുന്നില്ല. കേരളത്തിൻ്റെ ചരിത്രം മാത്രം നോക്കിയാൽ മതി.

കല ഒന്നിനും വേണ്ടിയല്ലാതെ, ഒന്നിനെയും ഗുണപ്പെടുത്താനോ, ഗണപ്പെടുത്താനോ അല്ലാതെ, വെറുതെ കലക്കുവേണ്ടി മാത്രം ആസ്വദിക്കാം. കാരണം അത് നമ്മുടെ ജന്മവാസനയാണ്. 300,000 വർഷം കൊണ്ടുണ്ടായി, വളർന്നുവശായി നമ്മുടെ ജനിതകഘടനയിൽ കയ്യൊപ്പുചാർത്തിയതാണ് കലാവാസന. മമ്മൂട്ടിയും മോഹൻലാലും അവർക്കും മുപേ വന്നവരും അവർക്കുപുറകേ വന്നവരും ഇനി വരാനിരിക്കുന്നവരുമൊക്കെ നമ്മെ സ്വാധീനിക്കും, സന്തോഷിപ്പിക്കും, കരയിക്കും. അവർ കലാകാർ ആണെന്നതുകൊണ്ടുമാത്രം. അവരിൽ നാം നമ്മെക്കാണും, അവരെകാണുമ്പോൾ നമ്മെപ്പോലും മറക്കും!
ഇനിയും നല്ല കലകളുണ്ടാകട്ടെ, കലാകാരും. ആയിരം കോടികൾ പിറക്കട്ടെ, പതിനായിരം കലാകാരുണ്ടാകട്ടെ. കലകൾ ഇനിയും നന്നാവട്ടെ. എന്നിട്ടുവേണം എനിക്ക് എന്നെയൊന്നറിയാൻ, കുറച്ചുനേരത്തേക്ക് മറക്കാൻ!

“Art enables us to find ourselves and lose ourselves at the same time.” – Thomas Merton

 

സുമേഷ് രാമചന്ദ്രൻ

 

ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം പഴയലക്കങ്ങൾ വായിക്കാം

ഓർമ്മകളുണ്ടായിരിക്കണം!

ഷുക്കൂറുമാർ ഉണ്ടാകുന്നത്…

തെറ്റിയോടിയ ഘടികാരങ്ങൾ!

ഒരുവട്ടംകൂടി… 

ചില ‘യുങ്ങിയൻ’ ചിന്തകൾ

പിരമിഡുകളുടെ അടിയിൽ വസിക്കുന്നവർ!

ഛായാരൂപൻ

ജരാതുരം-ഭയാനകം

ആനന്ദം, പ്രാഗ്‌നാനന്ദം

ആപേക്ഷികത!

ഭയോം!

ബുദ്ധി-ഇതി-നിർമിതി

ഭയങ്കരം!

മായാത്ത ചിരി…

നാടകമേ ഉലകം…