നാൽപ്പത്തഞ്ചു മീറ്ററിൽ ഒടുങ്ങുന്നത്!

 

നാൽപ്പത്തഞ്ചു മീറ്റർ പരമാവധി വീതി. അത്രമാത്രം. നാലുവരികൾ. ഉപയോഗത്തിൽ രണ്ടുവരികൾ മാത്രം എന്നേ തോന്നൂ. ഒട്ടും നേരെയല്ല പോക്ക്! വളഞ്ഞും, തിരിഞ്ഞും, ചരിഞ്ഞും, കേറിയും, ഇറങ്ങിയും… ഇതിനിടയിൽ, നിരത്തിൽ ഇറങ്ങുമ്പോൾ മാത്രം ഒരുകാര്യവുമില്ലാത്ത തിരക്കും ഈഗോയും കാണിക്കുന്ന മനുഷ്യർ ഓടിക്കുന്ന വാഹനങ്ങൾ. നികുതി നൽകുന്ന മനുഷ്യരുടെ ജീവന് പുല്ലുവിലകൊടുക്കുന്ന നിർമ്മിതി. തോരാത്ത മഴപെയ്യുന്ന നാട്!

മനസ്സിലായിക്കാണും. കേരളത്തിലെ ഹൈവേകളെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇത്രയും ഇടുങ്ങിയ ഹൈവേകളുള്ള നാട് വേറെയുണ്ടോയെന്നറിയില്ല. മറ്റുറോഡുകളുടെ കാര്യം പറയാനുമില്ല. നല്ലവയുണ്ടാകും, നിരത്തിലിറങ്ങുന്ന വണ്ടികളുടെ ബാഹുല്യവും വലിപ്പവും കൂടി നോക്കിയാൽ ആവശ്യത്തിന്റെ ഏഴയലത്തുപോലും എത്താത്തവയാണ് കേരളത്തിലെ റോഡുകൾ.

ഇവിടെ നടക്കുന്ന വാഹനാപകടങ്ങളിൽ പലതും സ്വാഭാവികമായി ഉണ്ടാകുന്നതല്ല, മറിച്ചു ഉണ്ടാക്കുന്നതാണ്.

2023 ലെ കണക്കുകൾ പ്രകാരം കേരത്തിൽ 48,141 റോഡ് അപകടങ്ങളാണുണ്ടായത്. നാലായിരത്തോളം മനുഷ്യർ മരിച്ചു. ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് 2024-ൽ ഇതിലും കൂടുതൽ കേസുകൾ ഉണ്ടാകും എന്നതാണ്. റോഡപടകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾത്തന്നെ കേരളത്തിനു മൂന്നാം സ്ഥാനമാണുള്ളത്. നമുക്കറിയുന്നതുപോലെ അപകടങ്ങൾക്ക് പല കാരണങ്ങളുണ്ടാകാം. എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളായ ഇടുങ്ങിയ വഴികൾ, ഗുണനിലവാരമില്ലാതെ നിർമ്മിച്ച പാതകൾ, തിമിർത്തു പെയ്യുന്ന മഴ, അങ്ങനെ പലതും. ഇതുകൂടാതെയാണ്‌ വണ്ടി ഓടിക്കുന്നവരുടെ രീതികൾ. ട്രാഫിക് നിയമങ്ങളെ തൃണവൽക്കരിക്കുന്ന മനുഷ്യർ; എല്ലാവരെയും ഓവർടേക്ക് ചെയ്തു മുന്നിലെത്താൻ വെമ്പുന്ന മനുഷ്യർ. കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ; ആരെങ്കിലും ഒന്ന് ഓവർടേക്ക് ചെയ്താൽ പിന്നെ ആ വണ്ടിയോടു മത്സരിക്കുന്ന മനുഷ്യരെ വേറെ എവിടെയും കാണാൻ കിട്ടില്ല.

വാഹനം ഓടിക്കുമ്പോൾ പരിപാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ അറിയാത്തവരോ, അവഗണിക്കുന്നവരോ ആണ് കൂടുതൽ മലയാളികളും. വിദേശികളും പ്രവാസികളും കേരളത്തിലേക്ക് വരുമ്പോൾ (ഇന്ത്യയിലെ മറ്റു ഭാഗങ്ങളും മോശമല്ല) അവരുടെ ഏറ്റവും വലിയ ഭയമാണ് റോഡുകളിലൂടെയുള്ള യാത്ര എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളതും, സ്വയം മനസ്സിലാക്കിയിട്ടുള്ളതും. അവരെ കുറ്റംപറയാനാകില്ല. അത്രയ്ക്ക് ഭീകരമാണ് അനുഭവം. നഗര വീഥികളിലൂടെയും, ഹൈവേകളിലൂടെയും മറ്റുംപോകുന്നത് അക്ഷരാർത്ഥത്തിൽ ജീവൻ കയ്യിലെടുത്താണ്. ഹോൺ അടികളുടെ തൃശ്ശിവപേരൂർ പൂരത്തിനിടയിലൂടെ മറ്റ് വണ്ടികളെ തട്ടാതെ തൊട്ടു, തൊട്ടില്ല എന്ന രീതിയിൽ ഓവർ സ്പീഡ് ചെയ്യുന്നവരെകണ്ടാൽ പിന്നെന്തു തോന്നാനാണ്. പക്ഷെ സന്ദർശകർക്ക് കുറച്ചുനാൾ വന്നു, ഭയന്ന് തിരിച്ചുപോയാൽ മതിയല്ലോ? ഇവിടെ ജീവിക്കുന്നവർക്ക് വേറെയെന്താണ് മാർഗ്ഗം?

മാർഗ്ഗങ്ങളുണ്ട്. നിങ്ങൾ വണ്ടിയോടിക്കുന്നയാളാണെങ്കിൽ നിങ്ങൾക്കുതന്നെ സ്വയം പലമാറ്റങ്ങളും വരുത്താം. ഏറ്റവും കുറഞ്ഞത് റോഡ് നിയമങ്ങൾ ശരിയായി മനസ്സിലാക്കുക, അതനുസരിച്ചു വാഹനങ്ങൾ ഓടിക്കുക. റോഡിൽ അനാവശ്യ ധൃതികാണിക്കരുത്. നിങ്ങളുടെയും കൂടെ യാത്രചെയ്യുന്നവരുടെയും സുരക്ഷ, ഉറപ്പാക്കുക, എതിരേ വണ്ടിയോടിച്ചു വരുന്ന സാധുക്കളുടെയും. പൂർണ്ണമായും ബോധ്യമായ തീരുമാനങ്ങളെടുക്കുക. ഒരാവശ്യവുമില്ലാതെ ഒന്നിനെയും ഓവർടേക്ക് ചെയ്യാൻ പോകരുത്. മറ്റുള്ളവരെ ഓവർടേക്ക് ചെയ്യാൻ അനുവദിക്കുക. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡുകളിൽ ഓവർടേക്ക് ചെയ്തു ചെന്നുകേറുന്നതു എന്തിൻ്റെ മുന്നിലാണെന്ന് ആർക്കറിയാം. വേഗം നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കണം. യാത്രക്കാർ എല്ലാവരും സീറ്റുബെൽറ്റുകൾ ധരിക്കുക. കാറുകൾ വാങ്ങുമ്പോൾ സുരക്ഷക്ക് മുൻഗണന നൽകുക. മഴയത്തും രാത്രിയിലും അതിരാവിലെയും കഴിവതും യാത്രകൾ ഒഴിവാക്കുക. സ്റ്റിയറിങ് വീലിൽ കയ്യിരിക്കുമ്പോൾ മൊബൈൽ ഫോണിനെക്കുറിച്ചു ചിന്തിക്കുകപോലും അരുത്. ഒരു കാര്യം കൂടി, ട്രാഫിക് നിയമങ്ങൾ പോലീസുകാർക്കു കൈക്കൂലി വാങ്ങാൻ മാത്രം ഉണ്ടാക്കി വച്ചിരിക്കുന്നതല്ല. അവയൊക്കെ പൂർണ്ണമായും പാലിക്കുക.

വേഗത ആവേശം നൽകുന്നതാണ്. അതും പുത്തൻ പുതിയ വണ്ടികളിലാകുമ്പോൾ. വേഗത ആരുടെയെങ്കിലും മരണത്തിനു കാരണമായിട്ടുണ്ടെന്നു തോന്നുന്നില്ല. അതിവേഗത്തിൽ ഓടുന്ന വണ്ടികൾ എന്തിലെങ്കിലും ഇടിച്ചു പൊടുന്നനവേ നിൽക്കുമ്പോളുങ്ങാകുന്ന ആഘാതമാണ് പ്രശ്നം. വേഗത കുറയുമ്പോൾ ആഘാതവും കുറയണമല്ലോ.

നിങ്ങൾക്ക് ഇതുവായിക്കുമ്പോൾ ഒരുവന്റെ സാരോപദേശമായി തോന്നാം. തോന്നിക്കോളൂ. ഒരാളെങ്കിലും മാറിചിന്തിച്ചാൽ കുറച്ചു ജീവനുകളെങ്കിലും രക്ഷിക്കാനാകുമല്ലോ, അത്രമാത്രം. സൂക്ഷിച്ചു വണ്ടിയോടിക്കുക. നമ്മുടെ റോഡുകളും കാലാവസ്ഥയും നിങ്ങളുടെ യാത്രക്ക് അനുകൂലമാകണമെന്നില്ല. അപ്പോൾപ്പിന്നെ ചെയ്യാൻ കഴിയുന്നത് നമുക്ക് മാറ്റം വരുത്താൻ കഴിയുന്ന ചുരുക്കം ചില കാര്യങ്ങളാണ്.

നല്ലറോഡുകൾ പണിയേണ്ടത് സർക്കാരുകളുടെ ചുമതലയാണ്. അതുപോലെതന്നെ നന്നായി വണ്ടിയോടിക്കേണ്ടത് നമ്മുടെയും. സർക്കാരുകൾ അവരുടെ ജോലി നന്നായി ചെയ്യാത്തിടങ്ങളിൽ നമ്മുടെ ജോലി നന്നായി ചെയ്‌താൽ മാത്രം അപകടങ്ങൾ കുറക്കാം. സർക്കാരുകളോട് കലഹിച്ചിട്ടെന്തിനാണ്?

നിങ്ങൾ അതികഠിനമായി അധ്വാനിച്ചുണ്ടാക്കി നികുതിയച്ച കാശുകൊണ്ട് എന്തോ വലിയ സംഭവങ്ങൾ ചെയ്തുമറിക്കുന്നു എന്നവകാശപ്പെടുന്നവരെ, അവരുടെ വഴിക്കു വിടുക. കാലാകാലങ്ങളായി കാണുന്നതല്ലേ? ഇതൊന്നും മാറില്ല. നിങ്ങൾ കൊടുക്കുന്ന കാശിൻ്റെ ഒരു ശതമാനമെങ്കിലും തിരികെ സേവനങ്ങളായി കിട്ടിയാൽ സന്തോഷിക്കണം. 99 ശതമാനം എവിടെപ്പോയി എന്നാലോചിച്ചു സമയം കളയരുത്. ടെലിവിഷൻ ചർച്ചകൾ മാനസികോല്ലാസത്തിനുമാത്രം കേൾക്കണം. ഒരു സിനിമ കാണുന്നതുപോലെ. ബാക്കിയൊക്കെ മറക്കണം. നിങ്ങൾക്ക് മാറ്റാൻ കഴിയുന്ന ഒരേയൊരുകാര്യം നിങ്ങളുടെ ചിന്തകൾ മാത്രമാണ് എന്ന് മനസ്സിലാക്കണം. യുക്തിപരമായി ചിന്തിച്ചു കഴിവതും അപകടങ്ങൾ വരുത്തി വയ്ക്കാതിരിക്കാൻ നോക്കണം.

പുലർച്ചെ വാർത്തകളുമായെത്തുന്ന പത്രങ്ങളെപ്പോലെ, ചിലപ്പോൾ വാർത്തകൾ തന്നെ വഴിതെറ്റി നമ്മെത്തേടി
യെത്തിയാലായി, നമ്മളായി! അതിൽ ഏറെയും ഒഴിവാക്കാനാകുന്നതാണ്. സുരക്ഷിതരായിരിക്കുക.

സുമേഷ് രാമചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *