നിങ്ങളുടെ സാഹിത്യം ബുദ്ധനോ സിദ്ധാർത്ഥനോ?

“ഒരു മഹാകാഥികന്റെയോ മഹാകവിയുടെയോ പുസ്തകമിറങ്ങുന്ന ദിവസം ബുക്ക്സ്റ്റാളിന്റെ മുന്നിൽ ബോക്സോഫീസ് തകർക്കാനൊരുങ്ങി നില്ക്കുന്ന ഒരു ജനക്കൂട്ടം, അവരെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ പിരിച്ചു വിടാനും ചൂരൽവടികളുമായി പോലീസുകാർ – ഇതൊന്നും ഉണ്ടായിട്ടില്ല.; ഉണ്ടാവില്ല.”         –     എം.ടി (കാഥികന്റെ പണിപ്പുര)

ഈ വാചകത്തിൽ നിന്നും ആരംഭിക്കാം. അതായത്, ഒരു പുതിയ പുസ്തകം (ഏത് എഴുത്തുകാരന്റെ ആയാലും) സമൂഹത്തിനിടയിലേക്ക് വരുന്നു എന്ന് പറയുന്നത് പ്രത്യക്ഷമായ ചലനം സൃഷ്ടിക്കുന്നില്ല എന്ന് തന്നെ അർത്ഥം. എന്റെ ചോദ്യം ആരംഭിക്കുന്നത്, എന്തുകൊണ്ട് സൃഷ്ടിക്കുന്നില്ല?? എന്നുള്ളതിൽ നിന്നുമാണ്. ശരിയായിരിക്കാം. എഴുത്തുകാരന്റെ മനോവ്യാപാരങ്ങളിൽ കുടുങ്ങുന്ന കളിമണ്ണ് പോലെ മാത്രമുള്ള അസംസ്കൃത വസ്തുക്കളെ ചേർത്ത്, ഒരു കഥ അയാൾ സൃഷ്ടിക്കുന്നതിന്റെ ആദ്യത്തെ ഉദ്ദേശമെന്നത്, ആത്മരതി തന്നെയാവാം.

എന്നാൽ അത് സഞ്ചരിക്കേണ്ട വഴി വായനക്കാരനിലൂടെ തന്നെയല്ലേ? അവന്റെ മനസ്സിലെ കെട്ടുപോയ വിളക്കിൽ ഒരു പ്രകാശമെന്നോണം തന്നെയല്ലേ സാഹിത്യം തെളിയേണ്ടത്? ഞാൻ എഴുതുന്ന ഭൂമികയിലെ മനുഷ്യർ, അത് എഴുതപ്പെട്ടത് അവർക്ക് വേണ്ടിയാണെന്ന് അറിയണമെന്ന് നിർബന്ധമില്ലാത്ത യന്ത്രമായി എഴുത്തുകാർ മാറുന്നുണ്ടോ…???

സാഹിത്യം ബുദ്ധനോ..? സിദ്ധാർത്ഥനോ?

സാഹിത്യത്തിനും കാലപരിണാമങ്ങൾ കൈവന്നിരിക്കുന്നുവെന്ന് വിശ്വസിക്കുമ്പോൾ, ഇന്നത്തെ സാഹിത്യം ബുദ്ധനിൽ നിന്നും സിദ്ധാർത്ഥനിലേക്ക് തിരിച്ചു നടന്നുവെന്ന് കൂടി വിശ്വസിക്കേണ്ടി വരും.

എഴുത്തുകാരനായ, ശ്രീ. അബ്ബാസ് മുഹമ്മദ് ഫേസ്ബുക്കിൽ അടുത്തിടെ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധിച്ചു. വര്ഷങ്ങളായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഒരു മനുഷ്യന് അവിടെത്തന്നെ വർഷാവർഷങ്ങളിൽ അരങ്ങേറുന്ന KLF എന്താണെന്ന് അറിയുന്നില്ല. അന്നം തേടി ഓടുന്നവന് എന്ത് സാഹിത്യം? എന്ത് KLF? അതൊക്കെ ചുമ്മാ ഇരിക്കുന്നവർക്ക് കൊള്ളാം സാറേ എന്നായിരുന്നിരിക്കുമോ അയാളുടെ ആത്മഗതമെന്ന് ഞാൻ വെറുതേ ആലോചിച്ചു നോക്കി. അതോ ഒരുപക്ഷേ, സാഹിത്യം ചുറ്റും ഭീമാകാരമായ മതിലുകളുള്ള, കാവൽക്കാരുള്ള ഒരു വലിയ മാളികയിൽ, സിദ്ധാർത്ഥനായി ( രാജാവായി )വസിക്കുകയാണോ? ഞാൻ സംശയിച്ചു.

ആർക്ക് വേണ്ടിയാണ് സാഹിത്യങ്ങൾ എഴുത്തുകാരന്റെ തൂലികയുടെ പുറംതോടുകൾ ഭേദിച്ചു പുറത്തേക്ക് വരേണ്ടത്? അമ്മയുടെ ഗർഭത്തിൽ നിന്നും പുറത്തു വരുന്നത് വരെ മാത്രമേ കുഞ്ഞ് അമ്മയുടെ സ്വകാര്യഅവകാശം ആകുന്നുള്ളൂ. അതിന് ശേഷം ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്. അവന്റെ നിലനിൽപ്പ് ആ സമൂഹത്തിലാണ്. അവൻ പരുവപ്പെടേണ്ടത് ആ സമൂഹത്തിലേക്ക് കൂടിയാണ്. ഇത് തന്നെയാണ് സാഹിത്യത്തിന്റെ പിറവിയിലും ഉണ്ടാവേണ്ടത്.

ഓരോ എഴുത്തുകാരനിൽ നിന്നും ഉതിർന്നു വീഴുന്ന പുസ്തകത്തെ,
” അതാ, നമുക്ക് വേണ്ടി കൂടി ” യെന്ന് സമൂഹം ചേർത്തു പിടിക്കുമ്പോഴേ അതൊരു യഥാർത്ഥ സാഹിത്യമായി മാറുന്നുള്ളൂ. സാഹിത്യത്തിനെ ഏതോ ഒരു പ്രത്യേകവിഭാഗത്തിന്റെ സംസ്കാരം എന്നുള്ളതിന് പകരം ഒരു സമൂഹത്തിന്റെ, രാജ്യത്തിന്റെ ലോകത്തിന്റെ തന്റെ നിലനില്പ് എന്ന് പരിഭാഷപ്പെടുത്തുകയാണ് ഓരോ സാഹിത്യകാരന്മാരും, സാഹിത്യോത്സവങ്ങളും സാധാരണക്കാരന് വേണ്ടി ചെയ്യേണ്ടത്.

സാഹിത്യം സിദ്ധാർത്ഥനിലേക്ക് തിരിച്ചു പോയതാണോ? അതോ ഇതുവരേയും ബുദ്ധനിലേക്ക് എത്താത്തതാണോയെന്നും ഞാൻ ചിന്തിച്ചു. അതേ നിമിഷം ആ ചിന്തയുടെ അടുത്ത് ആദ്യം വന്ന പേര്, കടപ്പുറത്തെ മനുഷ്യരെ എഴുതിയ ശ്രീമാൻ തകഴിയുടെ ” ചെമ്മീൻ ” എന്നുള്ള കൃതിയാണ്.
” ആ കൃതി, കടലോര നിവാസികളായ ഞങ്ങളെ കുറിച്ചാണെന്നും അത് എഴുതിയത് തകഴി ശിവശങ്കരപ്പിള്ള ആണെന്നും അവർ അറിഞ്ഞിരിക്കുമോ? ”

ഈ സംശയത്തിന്റെ നിവാരണത്തിനായി ഞാൻ സമീപിച്ചത്, എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ, ശ്രീ. പി. ജെ. ജെ ആന്റണി സാറിന്റെ അടുത്താണ്.

” മീൻപിടുത്തക്കാരുടെ ഇടയിലാണ് എന്റെ വീട് . പഴയ തലമുറയിലെ എല്ലാവർക്കും ചെമ്മീനും തകഴിയും സുപരിചിതം. പുതുതലമുറ അത്രയും അറിയുന്നില്ല. പാപബോധം മതബോധം കുറഞ്ഞ്വരുന്നു. പ്രണയത്തെ പുനർ നിർവചിച്ചിരിക്കുന്നു സമകാലം. വള്ളത്തിൽ പോയി ഇന്ന് മീൻ പിടിക്കുന്നില്ല. ബോട്ടും ചെറുകപ്പലുകളും ഇന്ന് പ്രിയം. ”

എനിക്കുള്ളിൽ ഇതേ ഉത്തരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. സാഹിത്യത്തിനും കാലത്തിനും ഇടയിൽ ഒരുപക്ഷേ നികത്തുവാൻ കഴിഞ്ഞേക്കാവുന്ന ഒരു വിടവ് സംഭവിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. ആ വിടവ് സാഹിത്യകാരന്മാരുടേയും ഉത്തരവാദിത്വം കൂടിയാണ്. നിങ്ങൾ, നിങ്ങളെ ക്കുറിച്ച് എഴുതുന്നത്, നിങ്ങൾ അറിയാതെ പോകരുതല്ലോയെന്ന് തന്നെയാണ് പറയുന്നത്.

സാഹിത്യകാരനെ അറിഞ്ഞില്ലയെങ്കിലും സാഹിത്യത്തെ അറിയേണ്ടതുണ്ട്. നിങ്ങൾക്ക് വേണ്ടി കൂടിയാണ് എന്റെ പേന ശബ്ദിക്കുന്നതെന്ന് പറയുവാൻ, സാഹിത്യം, സിദ്ധാർത്ഥകുമാരനിൽ നിന്നുമിറങ്ങി, ബുദ്ധന്റെ ബോധോദയത്തിലേക്ക് എത്തേണ്ടത് കൂടിയുണ്ട്.

” അഷിത ” യെന്ന പേര് കണ്ടമാത്രയിൽ
” അവർ ഇസ്ലാമാണോ? ഇസ്ലാമുകൾ, ശിവേന സഹനർത്തനമെന്ന് എഴുതുമോ? അവർക്ക് അതൊക്കെ പുച്ഛമല്ലേ? ” യെന്ന് എന്നോട് ചോദിച്ച ഒരു വ്യക്തിയെ ഈ നിമിഷം ഓർക്കുന്നു.

” ശിവേന സഹനർത്തനത്തിന്, ” ഹിന്ദുവുമായിട്ടല്ല മനുഷ്യനുമായിട്ടാണ് ബന്ധമെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ നിൽക്കാതെ അയാളെ ഞാൻ ഒഴിവാക്കിയതിൽ, ലളിതമായ ഒരു യുക്തിയുണ്ട്.

” മുറിഞ്ഞാൽ ചുവന്നചോര ഒരേപോലെ വരുന്നവർ സഹജീവികൾ ആണെന്നുള്ള അവരുടെ വേദന ഒരുപോലെ തന്നെ ആയിരിക്കുമെന്നുള്ള സാമാന്യബോധം ഇല്ലാത്തവരെ ഭരിക്കുന്നത്, വെറുപ്പും വിദ്വേഷവും, മതവും ( മദം ) തീവ്രവാദമനോഭാവങ്ങളും മാത്രമായിരിക്കും. അങ്ങനെയുള്ളവരെ തിരുത്തുവാൻ കഴിയില്ല. തർക്കിക്കുവാൻ തീരെയും കഴിയില്ല. ഉപേക്ഷിക്കുവാൻ മാത്രമേ കഴിയൂ”.

മനസ്സിൽ വീണ്ടും ആർക്ക് വേണ്ടിയാണ് സാഹിത്യം ഉണ്ടാവേണ്ടത് എന്നുള്ള ചോദ്യം.

അടുക്കളയിൽ പച്ചക്കറി നുറുക്കുന്ന ഒരാൾ, പുഴയിൽ നിന്നും മത്സ്യം പിടിക്കുന്നൊരാൾ, സവാരികൾക്ക് വേണ്ടി വരുന്നവരുടെ, ജാതി, മതം, രാഷ്ട്രീയം ( പേര് പോലും ) തിരക്കാത്ത ഒരാൾ. ഇവരൊക്കെ തന്റെ ജോലികൾക്കിടയിലും കവിതകൾ മൂളുന്ന, കഥകൾ സ്വരുക്കൂട്ടുന്ന കാലം ഉണ്ടാകുമെന്നും സാഹിത്യസിദ്ധാർത്ഥൻ മാളിക വിട്ട്, ബുദ്ധനായി പരിണമിക്കുമെന്നും സാഹിത്യം അതിന്റെ പൂർവ്വകാല വേരുകളിൽ പൊട്ടിക്കിളിർക്കുമെന്നും പ്രത്യാശിക്കാം.

ഹരിത. ആർ.

നന്ദി : ഈ ലേഖനത്തെ കുറിച്ചുള്ള ചിന്ത പകർന്നു നൽകുവാൻ സഹായിച്ച, ശ്രീ. മുഹമ്മദ് അബ്ബാസ് സാറിനും. സംശയനിവാരണം നൽകിയ ശ്രീ. P.J. ആന്റണി സാറിനും.

One thought on “നിങ്ങളുടെ സാഹിത്യം ബുദ്ധനോ സിദ്ധാർത്ഥനോ?”

  1. ലേഖനത്തിൻ്റെ ആരംഭത്തിൽ പറഞ്ഞിരിക്കുന്ന എം.ടി.യുടെ വാചകത്തിലെ പോലുള്ള സംഭവം കാഥികൻ്റെ പണിപ്പുര എഴുതുന്ന കാലം വരെയും സംഭവിച്ചിട്ടില്ലെങ്കിലും ചെറിയ തോതിലൊക്കെ അതിനു ശേഷം കണ്ടിട്ടുണ്ട്. Harry Potter നോവലുകൾ ഇറങ്ങുന്ന ദിവസം അസാമാന്യമായ തിരക്ക് കണ്ടിട്ടുണ്ട്‌. അതുപോലെ തന്നെ പ്രസിദ്ധീകരണത്തിനു മുമ്പു വിവാദമായ ഒരു മലയാള നോവലിൻ്റെ പ്രസിദ്ധീകരണ ദിനത്തിൽ പുസ്തകത്തെ 11 മണിയോടു കൂടി ഹൈക്കോടതി നിരോധിക്കുമെന്ന ധാരണയിൽ അതിനു മുമ്പു അതു വാങ്ങാനുള്ള തിരക്കും നേരിട്ടനുഭവിച്ചിട്ടുണ്ട്. അതിനു നിരോധനമുണ്ടായില്ല. പിൽക്കാലത്ത് അതിന് ജെ.സി.ബി. പുരസ്ക്കാരവും വയലാർ അവാർഡുമൊക്കെ കിട്ടുകയും ചെയ്തു. എഴുത്തുകാരൻ്റെ ആത്മരതിയിൽപിക്കുന്ന പുസ്തകങ്ങൾ സിദ്ധാർത്ഥൻ്റെ കൊട്ടാരഭിത്തികൾ ഭേദിച്ച് ബുദ്ധനായി തെരുവിലേയ്ക്കിറങ്ങി വായനക്കാരനിലൂടെ അതിൻ്റെ യാത്ര തുടങ്ങുകയും അതിൻ്റെ ജീവിതം വായനക്കാരനിലൂടെ എന്നെന്നും ജീവിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കാളിദാസൻ്റേയും ഷേക്സ്പിയറിൻ്റേയും കൃതികൾ ഇന്നും ജീവിച്ചിരിക്കുന്നത്. സിദ്ധാർത്ഥനു മരണമുണ്ടാവാം ബുദ്ധനു മരണമില്ല .

Leave a Reply to N S Mohanan Cancel reply

Your email address will not be published. Required fields are marked *