
ജീവിതദുരിതത്തേയും രതിഭാവത്തെയും ബന്ധപ്പെടുത്തി ലൈംഗികതയെ മനുഷ്യദുരന്തത്തിന്റെ ബാഹ്യമായ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നത് കാണാം. മനുഷ്യരെ തങ്ങളിൽ തങ്ങളിൽ, തങ്ങളിൽ, അപരിചിതരാക്കുന്ന വസൂരി മരണമായി മാറുന്നതും, മരണത്തിന് വിധിക്കപ്പെട്ട മനുഷ്യൻ ദുരന്തത്തിന്റെ നിഴലിൽ കിടന്ന് പാപം ചെയ്തു പോകുന്നതും ഈ നോവലിൽ നാം കാണുന്നു. – കെ. പി. അപ്പൻ.
മനുഷ്യരെ തങ്ങളിൽ തങ്ങളിൽ അപരിചിതരാക്കുന്ന ഭീതി പരത്തുന്ന വസൂരിവിത്തുകൾ ഉഗ്രതാണ്ഡവം, തുടങ്ങുന്നതിനു മുമ്പ് ഒരു ഗ്രാമമുണ്ട്. വീടുകളിൽ ധൈര്യപൂർവ്വം കയറിച്ചെല്ലുന്ന, പരസ്പരം നേരമ്പോക്ക് പറയുന്ന, സ്നേഹമുള്ള, ഉപകാരം ചെയ്യുവാൻ മനസ്സുള്ള മനുഷ്യരുണ്ട്. വസൂരിക്ക് ശേഷമൊരു ഗ്രാമമുണ്ട്. അഥവാ ഗ്രാമത്തിന്റെ യാതൊരു സവിശേഷതകളും തീണ്ടാത്ത ഗ്രാമത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന ഒരു ജഡം. അഥവാ ഒരു നിഴൽ.
വസൂരി പടർന്നു പിടിക്കുന്നതുപോലെ സ്നേഹമില്ലായ്മയും അപരിചതത്വവും വിദ്വേഷവും തിന്മകളും പടർന്നുപിടിക്കുന്നുണ്ട്. എങ്കിലും ആ ഗ്രാമത്തിന്റെ വികൃതമായ വസൂരിക്കലകൾക്ക് മേലെ വീഴുന്ന വെളിച്ചമായി ഒരു വേശ്യയും ഒരു തെമ്മാടിയുമുണ്ട്. ജാനകിയും, കൃഷ്ണൻകുട്ടിയും. എന്തിനായിരിക്കും അവളൊരു വേശ്യയുടെ വേഷം സ്വയം സ്വീകരിച്ചതെന്ന ചോദ്യം വായനക്കാരനിൽ ഉയർന്നു വരത്തക്കവിധമുള്ള പാത്രസൃഷ്ടികൂടിയാണ് ജാനകി. ഗോപാലകൃഷ്ണപിള്ള സാറിന്റെ സുന്ദരിയായ മകൾ രാധയയെയോർക്കുമ്പോഴുണ്ടാകുന്ന വികാരത്തെ അടക്കുവാൻ ജാനകിയെത്തേടിയെത്തുന്ന രാജാഗോപാലൻനായരോട് ‘ തനിക്ക് സുഖമില്ല ‘ യെന്ന് കള്ളം പറയുകയും അയാൾ പോകുമ്പോൾ, ‘ ശവം ‘ എന്നവൾ അയാളെ നോക്കി തുപ്പുകയും ചെയ്യുന്നുണ്ട്. ഒരു വേശ്യയ്ക്ക് സമൂഹം പതിച്ചു നൽകിയിട്ടുള്ള സീമകൾ താണ്ടി നിലനിൽക്കുന്നവളാണ് ജാനകി.
കൃഷ്ണൻകുട്ടിയെ മാത്രം സ്നേഹിക്കുന്ന അയാളുടെ മാത്രം പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണിനെ ജാനകിയിൽ കാണാം. എന്നാൽ അതേസമയം അവൾ വീണ്ടും പണത്തിനു വേണ്ടി തന്റെ തൊഴിൽ തുടരുന്നുണ്ട്. പിന്നീട് ഒരു അവസരത്തിൽ കൃഷ്ണൻകുട്ടി മറ്റൊരു വേശ്യാസ്ത്രീയ്ക്ക് ഒപ്പം പോയത് കേൾക്കുമ്പോൾ അവൾ അയാളോടുള്ള ദേഷ്യം കൊണ്ടല്ല, മറിച്ച്, കുറ്റബോധം കൊണ്ടും വ്യഥകൾ കൊണ്ടും നീറുകയും ചെയ്യുന്നതായി കാണാം.
ഒടുവിൽ വസൂരി പടർന്നുപിടിക്കുന്ന ഗ്രാമത്തിലെ ഏറ്റവും വലിയൊരു വീട്ടിൽ ( ഗോപാലപിള്ളയുടെ ) ജോലിക്കാരിയായി പോകുന്നത്പോലും കൃഷ്ണൻകുട്ടിക്ക് വേണ്ടിയാണ്. അയാൾക്ക് വേണ്ടി മരിക്കുവാൻവരെ അവൾ തയ്യാറാകുന്ന ഒരു സ്ഥിതിയെ കാണിക്കുന്നുണ്ട്. ഗോപാലപിള്ള, അവളെ എല്ലാം അറിഞ്ഞുകൊണ്ടു ഒരു മകളെപ്പോലെയും രാധ അവളെ ചേച്ചിയെപ്പോലെയും കണക്കാക്കുമ്പോൾ ആരും കയറിവരാനില്ലാതെ ഒറ്റപ്പെടുന്ന മനുഷ്യരുടെ സ്വാഭാവങ്ങളിലെ മാറ്റം തന്നെയാണ് ഇവിടെ പ്രതിഫലിക്കുന്നത്. എന്നിട്ടും തന്നെ തെറ്റായി സ്പർശിച്ച ഗോപാലപിള്ളയോട് അവൾക്ക് സഹതാപം തോന്നുന്നതും അയാൾക്ക് ആവശ്യമെങ്കിൽ വീണ്ടും തിരികേ തന്റെ തൊഴിലിനെ സ്വീകരിക്കുവാനും അഥവാ തന്റെ തൊഴിലിനെക്കുറിച്ച് ബോധം ഉണ്ടാവുകയും ചെയ്യുന്ന ജാനകി ഈ നോവലിലെ ഒരു സമസ്യയാണ്.
കൃഷ്ണൻകുട്ടിയാണ് ആ ഗ്രാമത്തിലെ വസൂരിക്കലയുടെ മേലെ വീഴുന്ന തെമ്മാടിയായ മറ്റൊരു വെളിച്ചം. അയാൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചവനാണ്. തെമ്മാടിയും, മദ്യപാനിയും, വേശ്യകളുടെ അരികിൽ സുഖം തേടി പോകുന്നവനുമാണ്. വിവാഹപ്രായമെത്തിയ തന്റെ മകൾക്ക് പേരുദോഷമുണ്ടായേക്കുമെന്ന് ഭയന്ന് ഗോപാലപിള്ള അയാളെ വീട്ടിൽ നിന്നും ഇറക്കിവിടുന്നുണ്ട്. രാധ വസൂരിക്കിടക്കയിൽ കിടന്ന് മോഹിക്കുന്നത് അയാളെയാണ്. തന്നോട് സ്നേഹമാണെന്നും ജീവനാണെന്നും പറഞ്ഞിരുന്ന രാജഗോപാലൻനായർ രോഗക്കിടക്കയിൽ അവളെ ഉപേക്ഷിച്ചത്, അയാളിൽ വെറുപ്പ് ഉണ്ടാക്കുന്നുണ്ട്. രാജഗോപാലൻനായർ വിദ്യാസമ്പന്നനാണ്, അധ്യാപകനാണ്, ആ വിദ്യാസമ്പന്നതയുടെ ആധികാരികത അയാൾ പ്രദർശിപ്പിക്കുന്നുമുണ്ട്. രാധയെ കാണാൻ പോകാതിരിക്കുമ്പോഴും ഒടുവിൽ വസൂരിബാധയാൽ കൃഷ്ണൻകുട്ടി മരിക്കുമ്പോഴും അയാൾ അത് വ്യക്തമാക്കുന്നുണ്ട്.
// ഇതൊരുതരം ആത്മഹത്യയാണ്. വിഡ്ഢിയുടെ ആത്മഹത്യ. അവൻ വ്യാധിയെ വകവെയ്ക്കാത്തവനല്യോ? ആരേയും വകവെയ്ക്കാത്തത് പോലെ. വീരനാവാൻ നടന്നതാ. ഇതാണ് വീരന്മാരുടെ ഗതി. ഉപ്പു തിന്നാൽ വെള്ളം കുടിക്കാതെ പറ്റില്ല. //
വീണ്ടും കൃഷ്ണൻകുട്ടിയിലേക്ക് വരുമ്പോൾ, അയാൾ രാജഗോപാലൻനായർ വിശേഷിപ്പിക്കുന്നതു പോലെ വിവരമുള്ളവന്റെ വിഡ്ഢിയാണ്. വസൂരിയെ തെല്ലുപോലും ഭയപ്പെടാതെ ആദ്യത്തെ വീട് മുതൽ അയാൾ കയറിയിറങ്ങി നടക്കുന്നുണ്ട്. ആവശ്യങ്ങൾ തിരക്കുന്നുണ്ട്, സമാധാനപ്പെടുത്തുന്നുണ്ട്. ഫിലോമിനയെന്ന വേശ്യയ്ക്ക് ഒപ്പം പോകുന്നത് പോലും, ജാനകിയെ മറന്നിട്ടല്ല. (ജാനകി അയാൾക്ക് വെറുമൊരു വേശ്യയല്ല.) ‘ ഞങ്ങളെ പട്ടിണിയാക്കല്ലേ ‘ എന്ന് അവൾ പറയുന്നത് കേട്ടിട്ടാണ്. തന്നെ എപ്പോൾ വേണമെങ്കിലും രോഗം പിടിപെട്ടേക്കാമെന്ന ബോധ്യം ഉണ്ടായിട്ടും അയാൾ ആ ഗ്രാമത്തിനു ആശ്വാസമായതും ഒടുവിലൊരു ഗ്രാമത്തിന്റെ മുഴുവൻ ശാപവും ( വസൂരി ) ഏറ്റെടുത്ത് മരണപ്പെടുമ്പോഴും അയാളെ വിശേഷിപ്പിക്കാം. വിഡ്ഢി.! വിഡ്ഢിതന്നെ.
വിമർശനാമാത്മകമായി ഈ കഥയിൽ പ്രതിഫലിക്കുന്നത് രതി ഒരു പാപമാണെന്നുള്ള തലത്തിൽ കൊണ്ടെത്തിക്കുന്ന ചിന്തകളാണ്. അത് സ്ത്രീകളിലൂടെ പുറത്ത് കൊണ്ടുവരുന്നുവെന്നുള്ളതാണ്. ഒരുപക്ഷേ അന്ന് തൊട്ടിന്നോളം നിലനിനിൽക്കുന്ന സമൂഹത്തിന് നേരെയുള്ള ആക്ഷേപവുമാകാം. ദിവാകരൻ ചാന്നാറിന്റെ ഭാര്യ രുഗ്മിണിയ്ക്ക് കൃഷ്ണൻകുട്ടിയോടു തോന്നുന്നത്, ഏലിക്കുട്ടിക്ക്, മരണത്തിന് മുൻപ് തന്റെ ശരീരം ആർക്കെങ്കിലും നൽകിയിരുന്നുവെങ്കിലെന്ന് രാധയ്ക്ക് തോന്നുന്നത്, ഇവരെല്ലാവരും അതിനെ ഒരു പാപമായി കാണുന്നു. പശ്ചാത്തപിക്കുന്നു. തങ്ങളുടെ വസൂരിക്ക് പോലും കാരണം ആ പാപചിന്തയാണെന്ന് കരുതുന്നു. അതേസമയം തന്നെ അതിലെ പുരുഷന്മാർ ഇതെല്ലാം തങ്ങളുടെ അവകാശം ആണെന്നുള്ള മട്ടിൽ പെരുമാറുന്നു. പാപം ലിംഗഭേദങ്ങളിലാണോ നിലനിൽക്കുന്നതെന്ന് ഒരുവേള ചിന്തിക്കാതിരുന്നില്ല.
ഈ നോവലിൽ കടന്നുവരുന്ന മറ്റൊരു വീക്ഷണം, മരണത്തിനോട് അടുക്കുമ്പോൾ അഥവാ ഇനി മരണം മാത്രമേ മുന്നിൽ ഉണ്ടാവുകയുള്ളൂയെന്ന് തിരിച്ചറിയുമ്പോൾ മനുഷ്യരിൽ മനുഷ്യത്വം ഇല്ലാതാവുകയും മൃഗതൃഷ്ണകൾ ഉടലെടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ്. മകന്റെ സ്ഥാനത്ത് നില്ക്കുന്ന ( മരുമകൻ )തോമാച്ചനോട് ഏലിക്കുട്ടിയ്ക്കും, മകൾ എന്ന് പോലും കരുതുന്ന ജാനകിയോട് ഗോപാലപിള്ളയ്ക്കും തോന്നുന്ന ലൈംഗികആഗ്രഹം ഇത്തരം സന്ദർഭത്തിന് ഉദാഹരണമാണ്. അവിടേയും പാപം ഒരു ഭീകരജന്തുവായി കടന്നു വരുന്നു. ഗോപാലപിള്ള പാപത്തിൽ നിന്നും സ്വമേധയാ മോചനം നേടുകയും, ഏലിക്കുട്ടി പാപത്തിനാൽ നരകപീഡ അനുഭവിച്ച് മരണപ്പെടുകയും ചെയ്യുന്നു. ലൈംഗികത മനുഷ്യദുരന്തത്തിന്റെ അടയാളമായി മാറുന്നതും അവിടെയാകാം.
കൃഷ്ണൻകുട്ടി, ജാനകി, നരകം, പാപബോധം ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ബൈബിളുമായി ഈ നോവലിനെ ബന്ധിപ്പിക്കുവാൻ സാധിക്കുന്നുണ്ട്. കൃഷ്ണൻകുട്ടിയും ജാനകിയും മഗ്ദലനമറിയവും യേശുക്രിസ്തുവുമായി മാറുന്നുണ്ട്. ജാനകിയെ സ്നേഹം കൊണ്ടു കൃഷ്ണൻകുട്ടി തന്റെ അനുയായിയാക്കുകയും, മരണത്തിന് മുൻപ് അവളെ ഭാര്യയായി സ്വീകരിച്ച് അവളുടെ തൊഴിലിൽ നിന്നും മോചിപ്പിക്കുകയും ഗോപാലപിള്ളയുടെ സംരക്ഷണത്തിലേക്ക് അവളെ ചേർത്തു നിർത്തുകയും ചെയ്യുന്നുണ്ട്. ക്രിസ്തു ഒരു സമൂഹത്തിന്റെ പാപഭാരം ചുമന്നുകൊണ്ട് കുരിശുമരണത്തിലേക്ക് നീങ്ങിയെങ്കിൽ കൃഷ്ണൻകുട്ടി തന്റെ ഗ്രാമത്തിന്റെ മുഴുവൻ വസൂരിയും പേറി മരണത്തിലേക്ക് നീങ്ങുന്നു. അയാളുടെ നന്മകളുടെ ഉയിർത്തെഴുന്നേൽപ്പ് വസൂരി വിട്ടുമാറുന്ന ഗ്രാമമായി ബിംബവത്കരിക്കപ്പെടുന്നു.
ഈ നോവലിൽ പ്രത്യക്ഷമാകുന്ന ഭ്രാന്തന്റെ ജല്പനങ്ങളാണ് വാസ്തവത്തിൽ എഴുത്തുകാരനും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്.
നൊന്തിട്ട് കരയുന്ന, കരഞ്ഞില്ലെങ്കിൽ മോശമാണെന്നു കരുതി കരയുന്ന, എല്ലാവരേയും അയാൾ പരസ്പരം അറിയാത്ത വിഡ്ഢികൾ എന്ന് വിളിക്കുന്നു..!
മനുഷ്യന്റെ മനസ്സിന്റെ വസൂരിവിത്തുകൾക്ക് നേരെ വീശുന്ന വെളിച്ചമാണ് കാക്കനാടന്റെ നോവൽ..
“വസൂരി “!!
ഹരിത. ആർ.
ഒരു പുസ്തകാവലോകനം എങ്ങനെ എന്ന് വ്യക്തമായ ധാരണയുള്ള നയ ഇരുത്തംവന്ന ഒരു നിരൂപക ഹരിതയിൽ ഉണ്ടെന്നു അടയാളപ്പെടുത്തുന്ന എഴുത്ത്. ആശംസകൾ.