

അതെ ഡോണൾഡ് ട്രംപിനെക്കുറിച്ചു തന്നെ. ട്രംപിൻ്റെ വമ്പുകണ്ടു വിരൽ മൂക്കത്തുവെക്കണോ? അതോ, വിരലൊന്നു ചൂണ്ടി അമേരിക്കക്കാരോട് ഇതു വേണ്ടിയുരുന്നോ എന്ന് ചോദിക്കണോ? ഇനി അതുമല്ലെങ്കിൽ മധ്യസ്ഥായിയിൽ വിരലിലൊന്നുയർത്തി മുദ്ര കാണിക്കണോയെന്നുപോലും അറിയാതെ ആട്ടം കാണുന്നവർ നമ്മൾ. കഥയിതെന്തെന്നറിയാതെ തന്നെ.
എല്ലാകളിയും തിരിയുന്ന കറകളഞ്ഞ കച്ചവടക്കാരനെപിടിച്ചു രാജ്യം ഭരിക്കാൻ ഏൽപ്പിച്ചാൽ, അതും രണ്ടാം വട്ടം, പിന്നെന്തു വേണം? ടിയാനെ തിരഞ്ഞെടുത്തവരുടെ കാര്യം ഇലോൺ മസ്കിൻ്റെ ചെറിയമകൻ മൂക്കള തുടച്ച ഓവൽ ഓഫീസിലെ മേശപോലായി. ഇപ്പോൾ അറ്റകുറ്റപ്പണികൾക്കെന്ന വ്യാജേന ഷെഡ്‌ഡിൽകേറ്റിയിരിക്കുന്നു. ഇനി ഏതു രൂപത്തിൽ തിരികെയിറങ്ങും എന്നൊരു രൂപവുമില്ല. കാത്തിരുന്നു കാണുക!
വൊളൊഡിമിർ സെലെൻസ്കി എന്ന യുക്രൈൻ ഭരണാധികാരിയെ തൻ്റെ പഴയ തട്ടകത്തിലേക് തിരികെ കൊണ്ടുവന്നു, ട്രംപ്. ഓവൽ ഓഫീസിൽ വച്ച്. കോമാളി (Comedian)! ആരെയും കോമാളിയാക്കാനും, സ്വയം അങ്ങനെയാകാനുമുള്ള സിദ്ധിയുള്ള ട്രംപിന് കൂട്ടിനു രണ്ടാമൻ ജെ.ഡി.വാന്‍സും ഉണ്ടായിരുന്നു. രണ്ടുപേരും ചേർന്ന് നയതന്ത്രത്തിനു പുതിയ ചരിത്രം ഉണ്ടാക്കികൊടുത്തു, സെലെൻസ്കിയെ പ്രതി. നാട്ടുകാരുടെ മുന്നിൽ തട്ടിക്കേറുന്ന, ഭീഷണി മുഴക്കുന്ന, കൊച്ചാക്കുന്ന, അപമാനിക്കുന്ന, ശുദ്ധസുന്ദര ട്രംപിയൻ നയതന്ത്രം. നയമില്ലെങ്കിലും തന്ത്രമുണ്ടെന്നു തോന്നുന്നു. നയതന്ത്രത്തിനുപകരം ‘നയമില്ലാ ട്രന്ത്രം’ എന്നോമറ്റോ വിളിക്കാമെന്ന് തോന്നുന്നു.
അങ്ങനെ യുക്രൈനെ ഒതുക്കി. വ്ലാദിമിർ പുടിനെ സ്നേഹിച്ചാൽ പലതുണ്ട് ഗുണം എന്ന് ട്രംപിന് മനസ്സിലായി. യുക്രയ്ൻറെ കയ്യിലെ റെയർ എർത്ത് മൂലകങ്ങൾ (Rare-earth Elements) ഇനി അമേരിക്ക പറയുന്ന വിലയും ഉപയോഗവുമാണ്. റഷ്യയുടെ കയ്യിലെ എണ്ണയും അമേരിക്കയിലേക്കൊഴുക്കാം. യുദ്ധത്തിൽ തകർന്ന രാജ്യങ്ങളെ പുനർനിർമ്മിച്ചു എന്ന ഇനത്തിൽ ‘കുറച്ചു’ ഡോളേഴ്‌സ് ഉണ്ടാക്കാം. ഇതിനൊക്കെ പുറമേ യുദ്ധം നിർത്തിയവൻ എന്നാരോപിച്ചു വല്ല നോബൽ സമ്മാനവും പിടിച്ചേൽപ്പിച്ചാലും മുഷിയില്ല. മാത്രവുമല്ല പുടിൻ ഒക്കെ ഇനി എത്രനാളേക്കാണ്? ഇസ്രായേലിൻ്റെ മൊസാദും അമേരിക്കയുടെ സിഐഎയും കൂടി പിടിച്ചാൽ പുടിൻ പുട്ടുപോലെ പൊടിയും. അതവിടെ നിൽക്കട്ടെ. പക്ഷെ ഇപ്പോൾ പുടിനെ മുന്നിൽ നിർത്തിയാൽ യൂറോപ്പിലെ നേതാക്കൾ ട്രൗസറിൽ മുള്ളുന്ന അവസ്ഥയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും, ഫ്രഞ്ച് പ്രസിഡന്റും ട്രംപിൻ്റെ രണ്ടുകാലുകളിലും മുത്തുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.
ഇനി പാലസ്‌തീനിൻ്റെ ഊഴമാണ്. പാലസ്‌തീനിനെ കൈക്കലാക്കി, പുനർനിർമ്മാണം നടത്തിയാൽ സ്വന്തം കമ്പനിയെയും മറ്റു അമേരിക്കൻ കുത്തകകളെയും അതിസമ്പന്നമാക്കാം. കൂട്ടത്തിൽ ഇസ്രായേലിനെ എന്നെന്നും സ്നേഹിതരും, വിധേയരുമാക്കാം. നേരത്തെ പറഞ്ഞത്പോലെ മൊസാദും സിഐഎയും കൂടി കൂട്ടിയാൽ ‘കുറയാത്ത’തൊന്നുമേ ബാക്കിയുണ്ടാകില്ല.
കാനഡയെയും, മെക്സികോയെയും, ചൈനയെയും വെറുപ്പിച്ചാൽ പുല്ലാണ് എന്നാണ് ടിയാൻ കരുതുന്നത്. കാനഡയും മെക്സിക്കോയും പാവങ്ങൾ. അടിക്കാനും ഇടിക്കാനും ഒന്നും പോയേക്കില്ല. പക്ഷെ ചൈനയോടുള്ള കളി കരുതിയാകണം എന്ന് മൂപ്പരോടാരും പറഞ്ഞു കൊടുത്തിട്ടില്ലെന്നു തോന്നുന്നു. പാൻഡകളെപ്പോലെ (Panda) നിഷ്കളങ്കമായിരുന്ന് തീ തുപ്പുന്ന വ്യാളികളെപ്പോലെ (Dragon) പണികൊടുക്കാൻ ചേട്ടന്മാർക്കുള്ള മിടുക്ക് മനസ്സിലാക്കാൻ സമയമെടുക്കും. ‘ഡീപ്‌സീക്’ (Deepseek) പോലൊരു ചെറിയ ‘വലിയ’ എഐ (AI) മോഡൽ ഉണ്ടാക്കി ലോകത്തെ AI സൂപ്പർപവറുകളെ തൃണവൽക്കരിച്ചുകളഞ്ഞു ഒരു കുഞ്ഞു ചൈനീസ് കമ്പനി, ഈയിടക്ക്. അതാണ് അവരുടെ ലൈൻ. പണി ഏതുവഴിയും എപ്പോഴും വരാം. കോവിടൊക്കെ തനിച്ചു വന്നതാണോ ലാബിലൂടെവന്നതാണോ എന്നൊക്കെ ആർക്കറിയാം. ചൈനയിൽ നിന്നാണ് വന്നതെന്നറിഞ്ഞാൽ മതി. ഇതുപോലുള്ള പണികൾ ഓർക്കാപ്പുറത്തു വന്നാൽ വിഷമിക്കരുത്. വിധിയാണെന്ന് കരുതാനേ അമേരിക്കക്ക് കഴിയൂ.
ഇന്ത്യയുൾപ്പെടെയുള്ളവർക്ക് പണി എപ്പോൾ വരുമെന്നറിയില്ല. പക്ഷെ വരുമെന്നുറപ്പിക്കാം. മോടിയുള്ള വാക്കുകൾകൊണ്ട് ‘പ്രിയസുഹൃത്തായ’ മോദിയേ വർണ്ണിച്ച ട്രംപിന് സമയമാകുമ്പോൾ വാക്കുകൾ വക്രീകരിക്കാനും അറിയും. അമേരിക്കൻ റഷ്യൻ അച്ചുതണ്ടിലേക്കു ചൈന കൂടിവന്നാൽ (റഷ്യ വഴി) തെണ്ടുന്നത് ഇന്ത്യയായിരിക്കും. ഒന്നും അസംഭവ്യമല്ല ഈ കാലത്ത്.
ഈ ദേഹത്തിനു ഏറ്റവും ഇഷ്ടമുള്ള വാക്ക്, ചുങ്കവിഹിതം (Tariff – താരിഫ്) ആണത്രേ. ഈ താരിഫ് ചുമത്തുന്നത് മറ്റു രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കാണെങ്കിലും ഇവയൊക്കെ പണ്ടാരമടങ്ങി വന്നു വീഴുന്നത് അമേരിക്കക്കാരൻ്റെ പെടലിക്ക് തന്നെയാണ്. കൂടിയ ചുങ്കവിഹിതത്തിൻ്റെ അധികഭാരം കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ചുമക്കില്ല. ട്രംപും, വാൻസും, അമേരിക്കൻ സർക്കാരും വഹിക്കില്ല. പിന്നെ വഹിക്കാൻ ഉപഭോക്താക്കൾ മാത്രമേ ബാക്കിയുണ്ടാവുള്ളൂ. ചക്കിനു വച്ചതു കൊക്കിനു കൊണ്ടാലും വേണ്ടിയിരുന്നില്ല, വച്ചവന് തന്നെ കൊണ്ടാലോ? സഹിക്കണം, അല്ലാതെന്താ! ചുരുക്കത്തിൽ തെരഞ്ഞുപിടിച്ചു പ്രസിഡന്റാക്കിയ അമേരിക്കക്കാർക്കിട്ടാണ് മൂപ്പരുടെ വലിയ പണി.
കവി എന്താണുദ്ദേശിക്കുന്നത് എന്നറിയാത്തിടത്താണ് ഈ കവിതയുടെ ഭംഗി. നാടകം തുടങ്ങിയിട്ടേയുള്ളൂ. നാടകാന്തം ട്രമ്പത്വം ആണന്നു മാത്രം പറയാം. കാത്തിരിക്കുകതന്നെ. ഇതൊരു വല്ലാത്ത ട്രമ്പിയ കാലം തന്നെ!
സുമേഷ് രാമചന്ദ്രൻ