

ഈയടുത്തകാലത്തായി നിർമ്മിത ബുദ്ധിയെ (Artificial Intelligence – AI) കുറിച്ചുള്ള ധാരാളം വാർത്തകൾ വരുന്നുണ്ട്. മാത്രമല്ല നാമെല്ലാം ജനറേറ്റീവ് AI (Generative AI) എന്ന നിർമ്മിതബുദ്ധി സർവസാധാരണമായി ഉപയോഗിക്കുന്നുമുണ്ട്. ChatGPT, Gemini, Copilot എന്നീ ജനറേറ്റീവ് AI ടൂളുകൾ നമ്മുടെ സാധാരണ ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു.
പക്ഷെ നിർമ്മിതബുദ്ധിയുടെ വളർച്ചയക്കുറിച്ചും ഭാവിയെക്കുറിച്ചും കഥകൾ, അല്ലെങ്കിൽ പ്രവചനങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. മിക്കകഥകളും പറയുന്നത് ഭാവിയിൽ നിർമ്മിത ബുദ്ധിയാൽ ചലിക്കുന്ന യന്ത്രങ്ങൾ വിവിധ തൊഴിൽ മേഘലകളെ മാറ്റിമറിക്കുമെന്നും, അവ മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും എന്നൊക്കെയാണ്. യന്ത്രങ്ങൾ മനുഷ്യരെ അപ്രസക്തരാക്കും എന്ന ചിന്തയാണ് പ്രധാനമായും ഉരുത്തിരിഞ്ഞു വരുന്നത്.
എന്നിരുന്നാലും, ചരിത്രം പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ്. ഓരോ മഹത്തായ സാങ്കേതിക മുന്നേറ്റവും, വിവേകത്തോടെ കൈകാര്യം ചെയ്യുമ്പോൾ, മനുഷ്യന്റെ തകർച്ചക്ക് പകരം അഭിവൃദ്ധിയുടെ പുതിയ യുഗങ്ങൾ തുറന്നിട്ടുണ്ട് എന്നാണ് കാണാൻ കഴിയുന്നത്. അച്ചടി യന്ത്രം, വൈദ്യുതിവൽക്കരണം, വ്യാവസായിക യന്ത്രവൽക്കരണം, കൂടാതെ ആണവോർജ്ജം പോലും, അവയുടെ ശക്തിയെ സുരക്ഷിതമായി നയിക്കാൻ കഴിവുള്ള സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് മുമ്പ് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷെ അവയൊന്നും വിചാരിച്ചപോലെ വിനാശം വിതച്ചില്ല. അണുവായുധങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉപയോഗിച്ചിട്ടേയില്ല എന്നുമാത്രമല്ല ഈ കണ്ടുപിടുത്തം കൂടുതലായും നന്മകളാണ് ഉണ്ടാക്കിയിട്ടുള്ളത്.
AI വിപ്ലവവും ഈ ചരിത്രപരമായ വികസന പരമ്പരയിലെ അവസാന കണ്ണിയാണെന്നു വേണം കരുതാൻ. എന്നാൽ മുൻകാലങ്ങളിലെ മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി AI മനുഷ്യൻ്റെ ചിന്താശേഷിയെയാണ് ഉയർത്തുന്നത്. ഈ കാരണം കൊണ്ടാണ് ഇവ മനുഷ്യനെ കടത്തിവെട്ടി എല്ലാത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുമോയെന്നു നമ്മൾ ചിന്തിക്കുന്നത്.
ഈ പറയുന്ന പ്രശ്നങ്ങളൊക്കെയും യുക്തിപരമാണെങ്കിലും അവയൊന്നും ഈ പറയുന്ന വേഗത്തിലും ശക്തിയിലും നമ്മെ ബാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. മാത്രവുമല്ല AI ക്കു നമ്മൾ നേരിടുന്ന പല പ്രശ്നങ്ങളെയും വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട് എന്നതാണ് പ്രധാന കാര്യം. ആദ്യം AI നമുക്ക് നൽകിയേക്കാവുന്ന സംഭാവനകളെക്കുറിച്ചു പറഞ്ഞിട്ട് പിന്നെ ഇതിൻ്റെ ഈപറയുന്ന ഭീകരമായ വശത്തേക്ക് തിരികെവരാം.
AI നൽകുന്ന ഏറ്റവും ശക്തമായ സംഭാവനകളിലൊന്ന് നമ്മെ അലട്ടുന്ന പല പ്രശ്നങ്ങൾക്കും ഇതു കാര്യക്ഷമമായ പരിഹാരം കണ്ടെത്തും എന്നതാണ്. ആധുനിക നാഗരികത അഭൂതപൂർവവും സങ്കീർണ്ണവുമായ വെല്ലുവിളികളെയാണ് നേരിടുന്നത് എന്ന് നമുക്കറിയാം. കാലാവസ്ഥാ അസ്ഥിരത, മഹാമാരികൾ, ദുർബലമായ വിതരണ ശൃംഖലകൾ, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആഴത്തിലുള്ള വിശകലന ശേഷിയും, വേഗതയുമുള്ള ഡാറ്റാ വിശകലനം ആവശ്യമാണ്. AI വൻതോതിലുള്ള ഡാറ്റാകളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുന്നതിൽ മികവ് പുലർത്തുന്നു. ഇത് പ്രശ്നപരിഹാരങ്ങൾക്കുള്ള വഴിതുറന്നേക്കാം. ചില ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ, കാലാവസ്ഥാ ശാസ്ത്രജ്ഞർ തീവ്രമായ കാലാവസ്ഥാ ചക്രങ്ങൾ പ്രവചിക്കാനും, അതിനെ നേരിടാനുള്ള തന്ത്രങ്ങൾ രൂപകൽപ്പന ചെയ്യാനും AI-യെ ഉപയോഗിക്കുന്നു. ആരോഗ്യരംഗത്ത്, വൈറസ് പരിണാമം വിശകലനം ചെയ്ത് പകർച്ചവ്യാധികൾ മുൻകൂട്ടി കാണാനും, പതിറ്റാണ്ടുകൾ എടുത്തിരുന്ന മരുന്ന്ഗവേഷണ പ്രക്രിയകൾ മാസങ്ങളായി കുറയ്ക്കാനും AI സംവിധാനങ്ങൾ സഹായിക്കുന്നു. ഇതു AI കൊണ്ടുള്ള ചില വലിയ നേട്ടങ്ങളാണ്.
ഇനി നമ്മുടെ ഏറ്റവും വലിയ ഭയം, ഈ AI വളർച്ച മനുഷ്യന്റെ തലച്ചോറിനും പേശീബലത്തിനും അതീതമായി വളർന്നു മനുഷ്യനെത്തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കെത്തുമോ എന്നതാണ്. അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും, അത്തരം ഒരു വിപത്തു വിദൂരമാണെന്നു പറയേണ്ടിവരും. AI ധാരാളം തൊഴിലുകൾ അപ്രസക്തമാക്കുമെന്നും, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും നമുക്കെല്ലാം ഇപ്പോൾ തന്നെ അറിയുന്നതാണ്. ഇനിയും ഈ തരത്തിലുള്ള പലകാര്യങ്ങളും സംഭവിക്കും. അത് നമുക്ക് തടയാൻ കഴിയില്ല എന്നുമാത്രമല്ല തടയേണ്ട കാര്യവും ഇല്ല. കാരണം അത് ഉത്പാദനക്ഷമതയും, സാമ്പത്തിക വളർച്ചയും ഉണ്ടാക്കും എന്നത് തന്നെ.
ഇതിനൊക്കെപ്പുറമെ സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന അതിബുദ്ധിയായി AI വളരും എന്ന് വിചാരിക്കാൻ തൽക്കാലം നിവൃത്തിയില്ല. അതിനു പ്രധാനമായ കാരണം AIയെക്കുറിച്ചുള്ള ധാരണകളിലെ ഒരു പ്രധാന പിശകാണ്. ബുദ്ധിയെയും സ്വയംഭരണ ശേഷിയെയും (Agency) ഒന്നായി കണക്കാക്കുന്നു എന്നതാണീ പിശക്. AI-യുടെ ബുദ്ധി എന്നത് വിവരങ്ങൾ വിശകലനം ചെയ്യാനും, പ്രവചിക്കാനും, ഭാഷ നിർമ്മിക്കാനുമുള്ള ഗണിതപരമായ ഒരു കഴിവാണ്. എന്നാൽ, സ്വയംഭരണ ശേഷി അല്ലെങ്കിൽ ഏജൻസി എന്നാൽ, എന്തെങ്കിലും ആഗ്രഹിക്കാനും, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാനും, സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാനുമുള്ള കഴിവാണ്. ഇത് ഭയം, പ്രതീക്ഷ, അഭിലാഷം തുടങ്ങിയവ അടങ്ങുന്ന ബോധമനസ്സിൽ (consciousness) നിന്ന് ഉണ്ടാകുന്നതാണ്. AI-ക്ക് ആന്തരികമായ ഒരു ലോകമോ, ഭാവിയെക്കുറിച്ചുള്ള ഭയമോ, അല്ലെങ്കിൽ ലോകത്ത് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമോ ഇല്ല. അത് യാതൊരു വികാരങ്ങളുമില്ലാത്ത , നിസ്സംഗതയോടെ, അതിൻ്റെ പ്രവർത്തനങ്ങൾ മാത്രം നിർവ്വഹിക്കുന്ന ഒരു സിസ്റ്റം മാത്രമാണ്.
AI ആധിപത്യം സ്ഥാപിക്കാൻ പദ്ധതിയിടുന്നു എന്ന നമ്മുടെ ഭയം യഥാർത്ഥത്തിൽ AI-യുടെ സ്വഭാവമല്ല, മറിച്ച് അത് മനുഷ്യൻ്റെ മനഃശാസ്ത്രമാണ് വെളിപ്പെടുത്തുന്നത്. അധികാരത്തോടുള്ള ആർത്തി, ഇല്ലാതായി പോകുമോ എന്ന ഭയം തുടങ്ങിയ നമ്മെ നയിക്കുന്ന മനുഷ്യ സഹജമായ കാര്യങ്ങൾ നമ്മൾ AI-യിൽ ആരോപിക്കുന്നു. ഉദാഹരണത്തിന് ഒരു ചെസ്സ് എഞ്ചിൻ ജയിക്കാൻ ആഗ്രഹിക്കുന്നില്ല; അത് ഏറ്റവും നല്ല നീക്കം മാത്രം നിർമ്മിക്കാൻ നോക്കുകമാത്രം ചെയ്യുന്നു. ഒരു കാലാവസ്ഥാ മോഡലിന് നഗരങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോകുന്നതിൽ ദുഃഖമുണ്ടാകില്ല.
പറഞ്ഞു വന്നത് AI-യുടെ ഔട്ട്പുട്ടുകൾ ഉണ്ടാക്കുന്നത് പ്രത്യേകം ഉദ്ദേശങ്ങളൊന്നുമില്ലാതെയാണ് എന്നാണ്. അത് നമ്മൾ നൽകുന്ന ഡാറ്റയിലെ പാറ്റേണുകൾ കാണിക്കുന്നു, കാര്യങ്ങൾ പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. തീരുമാനങ്ങൾ എടുക്കാനാവിശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. ചുരുക്കത്തിൽ, പറയുന്നതും ചോദിക്കുന്നതുമായ കാര്യങ്ങൾ AI ചെയ്തുതരുന്നു. ഇതൊക്കെക്കണ്ട് AI ഭാവിയിൽ ഇതൊക്കെ സ്വന്തമായി മനസ്സിലാക്കി ചെയ്യും എന്ന് ഭയന്നാൽ അതിൽ വലിയ കാര്യം ഉണ്ടെന്നു പറയാൻ കഴിയില്ല. എനിക്ക് തോന്നുന്നത് ഇവിടെ സംഭവിക്കുന്നത് AI-യുടെ ശക്തിയെ നമ്മൾ പർവ്വതീകരിച്ചു കാണുന്നതല്ല, മറിച്ച് മനുഷ്യൻ്റെ അസ്തിത്വത്തിൻ്റെ സാധ്യതകളെ, മനുഷ്യ സഹജമായ കഴിവുകളെ നമ്മൾ വിലകുറച്ചു കാണുന്നു എന്നതാണ്.
മനുഷ്യൻ്റെ കഴിവുകൾ അത്ഭുതാവഹമാണ്. അത് ബോധം, ബോധ്യം, സ്വാതന്ത്ര്യം, ഉത്തരവാദിത്തം, ലക്ഷ്യങ്ങൾക്കുവേണ്ടി ശ്രമിക്കാനുള്ള കഴിവ് എന്നിവയുടെ കൂട്ടായ്മയാണ്. മനുഷ്യസഹജമായ ഈ കഴിവവുകൾ AI-യുടെ അൽഗോരിതങ്ങൾക്ക് ഒരിക്കലും നേടാനാവില്ല, അല്ലെങ്കിൽ അടുത്തെങ്ങും നേടാനാകില്ല എന്ന് പറയാം.
ചുരുക്കത്തിൽ AI-യെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠ യഥാർത്ഥത്തിൽ യന്ത്രങ്ങൾ മനുഷ്യനെ കീഴടക്കുന്നതിനെക്കുറിച്ചല്ല എന്ന് തോന്നുന്നു. മറിച്ചു യന്ത്രങ്ങൾ മനുഷ്യരാകുമെന്ന ഭയമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള സാധ്യത വളരെ വിദൂരം എന്നുമാത്രമല്ല, ഏറെക്കുറെ അസാധ്യവുമാണ്. അതുകൊണ്ട് തന്നെ ഏറ്റവും സാധ്യതയുള്ള ഒരു നാളെയിൽ മനുഷ്യരും AI യും പരസ്പരം പൂരകങ്ങളായി സഹവസിക്കുക എന്നതാണ് ഉത്തമം. അവിടെ, ലക്ഷ്യം, ധാർമ്മികത, ഭാവന, സ്വയംഭരണ ശേഷി (Agency) എന്നിവ മനുഷ്യർ സംഭാവന ചെയ്യുമ്പോൾ, വേഗത, വ്യാപ്തി, കൃത്യത എന്നിവ AI പ്രദാനം ചെയ്യുന്നു. അങ്ങനെയുള്ള ഒരു ലോകത്തിൽ, യന്ത്രങ്ങൾ നമ്മെപ്പോലെയായി മാറുമോ എന്ന് നമ്മൾ ഭയപ്പെടെണ്ടതില്ല. പകരം, മനുഷ്യർക്ക് മാത്രം കഴിയുന്ന മൂല്യങ്ങൾ, ഉത്തരവാദിത്തങ്ങൾ, ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ എന്നിവ നാം നടത്തുമ്പോൾ തന്നെ, നമ്മുടെ കഴിവുകൾ വികസിപ്പിക്കാനായി നമ്മൾ AI-യെ ഉപയോഗിക്കുന്നു. അങ്ങനെയാകട്ടെ നമ്മുടെ ഭാവി എന്ന് ആശംസിക്കാം.
സുമേഷ് രാമചന്ദ്രൻ