
ശ്രീലങ്കയിലെ ഹിൽ സ്റ്റേഷനുകൾ
ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനുകൾ ആണ് നുവാര ഏലിയ, എല്ല, കാൻഡി എന്നിവ. ബണ്ടാരവേല, ഹാപുതലേ എന്നീ അത്ര പ്രശസ്തമല്ലാത്ത സുഖവാസ കേന്ദ്രങ്ങളും ഇവിടെയുണ്ട്. തണുത്ത കാലാവസ്ഥയും കൊളോണിയൽ പൈതൃകവും,തേയിലത്തോട്ടങ്ങളും ആണ് ഇവിടേയ്ക്കെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നത്.
നുവാര ഏലിയ
“ലിറ്റിൽ ഇംഗ്ലണ്ട്” എന്നറിയപ്പെടുന്ന നുവാര ഏലിയ ആണ് ഏറ്റവും ഉയരം കൂടിയ ഹിൽസ്റ്റേഷൻ.
1,868 മീറ്റർ ഉയരമുണ്ട്. കൊളോണിയൽ വാസ്തുവിദ്യയിലുള്ള കെട്ടിടങ്ങൾ. ഇവിടത്തെ പോസ്റ്റ് ഓഫീസ് തന്നെ ഗംഭീരമായ ഒരു കാഴ്ചയാണ്. തേയിലത്തോട്ടങ്ങൾ, വിക്ടോറിയ പാർക്ക്, ഗ്രിഗറി തടാകവും 18-ഹോൾ ഗോൾഫ് കോഴ്സുമെല്ലാം ഇവിടം പ്രിയപ്പെട്ടതാക്കുന്നു. ഏപ്രിൽ മാസത്തിലെ കുതിരപ്പന്തയം ഒരു അപൂർവ വിനോദമാണ്. ഹക്ഗാല ബൊട്ടാണിക്കൽ ഗാർഡൻ സവിശേഷമായ സസ്യജാലങ്ങളുടെ ഒരനുഭവവേദിയാണ്.
ഗ്രിഗറി തടാകം മനോഹരമായ പുൽത്തകിടികൾക്കിടയിൽ മനോഹരമായ നടത്തം,ബോട്ടിംഗ് എന്നിവയ്ക്ക് പേരുകേട്ടതാണ്. വിക്ടോറിയ പാർക്കിൽ പൂക്കൾക്കൊപ്പം പക്ഷിനിരീക്ഷണത്തിനുള്ള അവസരങ്ങളുമുണ്ട്. ഹോർട്ടൺ പ്ലെയിൻസ് നാഷണൽ പാർക്കിൽ 9.5 കിലോമീറ്റർ കാൽനടയാത്രയിലൂടെ വേൾഡ്സ് എൻഡ് ക്ലിഫ് വ്യൂവും ബേക്കേഴ്സ് വെള്ളച്ചാട്ടവും കാണാം. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഏറ്റവും മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ താപനില 10–20°C വരെയും മഴ വളരെ കുറവുമാണ്.
നുവാര ഏലിയയ്ക്കടുത്തുള്ള സീത ഏലിയയിലുള്ള ഒരു പുണ്യ ഹിന്ദു സ്ഥലമാണ് സീത അമ്മൻ ക്ഷേത്രം, സീത വനം അല്ലെങ്കിൽ സീതാ ക്ഷേത്രം എന്നും അറിയപ്പെടുന്നു. രാമായണ ഇതിഹാസവുമായി ബന്ധപ്പെട്ട ഈ സ്ഥലം, രാവണൻ സീതയെ തടവിലാക്കിയ സ്ഥലമാണെന്നും അശോക വാടിക ഉദ്യാനങ്ങളിൽ രാമന്റെ രക്ഷയ്ക്കായി അവർ പ്രാർത്ഥിച്ച സ്ഥലമാണെന്നും വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തിൽ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളുണ്ട്. ഹനുമാന്റേതാണെന്ന് കരുതപ്പെടുന്ന കാൽപ്പാടുകളും, സീത കുളിച്ചതെന്നു കരുതുന്ന ഒരു അരുവിയുമാണ് ഇവിടത്തെ മറ്റു ആകർഷണങ്ങൾ. ഇത് ഹിന്ദു തീർത്ഥാടകരെയും രാമായണ പ്രേമികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള നിലം കറുത്തിരുണ്ടതായി കാണപ്പെടുന്നത് ഹനുമാൻ തന്റെ വാൽ ഉപയോഗിച്ച് ലങ്കയ്ക്ക് തീ കൊളുത്തിയത്തിന്റെ ഭാഗമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. സീതയുടെ ദുഃഖത്തിൽ നിന്നുള്ള “കണ്ണുനീർ” കൊണ്ടാണ് സമീപത്തുള്ള പാറകൾ തിളങ്ങുന്നതെന്നു വിശ്വസിക്കുന്നവർ അവളുടെ കാത്തിരിപ്പിന്റെ ഓർമ്മപ്പെടുത്തലായി മഴയിൽ നനഞ്ഞു അനുഗ്രഹത്തിനായി തീർത്ഥാടകർ ഈ പാറകളെ സ്പർശിക്കുന്ന ഒരു ആചാരവും ഇവിടെയുണ്ട്.
കാൻഡി
ശ്രീലങ്കയുടെ സാംസ്കാരിക കേന്ദ്രമാണ് കാൻഡി. ബുദ്ധന്റെ പല്ലിന്റെ തിരുശേഷിപ്പുണ്ടെന്നു വിശ്വസിക്കുന്ന ഒരു ക്ഷേത്രം ഇവിടെയുണ്ട്. അവസാനത്തെ പുരാതന തലസ്ഥാനമായി ഇത് അറിയപ്പെടുന്നു. ബുദ്ധമത പൈതൃകം, മനോഹരമായ ഒരു തടാകം, ഉദ്യാനങ്ങൾ എന്നിവയാൽ സമ്പന്നമായ ഇവിടം ശ്രീലങ്കയിലെ ഒരു പ്രധാന വിനോദ കേന്ദ്രമാണ്.
യുനെസ്കോയുടെ ഒരു കേന്ദ്രമായ ശ്രീ ദളദ മാലിഗവ എന്ന ക്ഷേത്രത്തിൽ ആണ് ശ്രീ ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്നത്. വൈകുന്നേരങ്ങളിൽ നടത്തുന്ന പൂജ തീർത്ഥാടകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ഈ തിരുശേഷിപ്പ് ശ്രീലങ്കൻ ചരിത്രത്തിലെ രാഷ്ട്രീയ ശക്തിയെ പ്രതീകപ്പെടുത്തുന്നു. രാജാക്കന്മാർ അതിന്റെ കൈവശത്തിനായി യുദ്ധങ്ങൾ നടത്തിയിരുന്നു. പല്ല് കൈവശം വച്ചിരിക്കുന്നവൻ രാഷ്ട്രത്തെ ഭരിക്കും എന്നൊരു വിശ്വാസം ഇതിനു പിന്നിൽ ഉണ്ടായിരുന്നു. ഇന്നുമുണ്ട്. AD നാലാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടു പോയതാണ് എന്നും പറയപ്പെടുന്നു.
പെരഡെനിയ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ 147 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു, ഓർക്കിഡുകൾ, ഈന്തപ്പനകൾ, വിദേശ സസ്യങ്ങൾ എന്നിവ ആസ്വദിച്ചു ശാന്തമായ നടത്തത്തിന് അനുയോജ്യമാണ്.
1807-ൽ അവസാന രാജാവായ ശ്രീ വിക്രമ രാജസിംഹയാണ് പല്ലിന്റെ ക്ഷേത്രത്തെ ചുറ്റി ഒരു കൃത്രിമ തടാകം നിർമ്മിച്ചത്. രഹസ്യ പാതകളാൽ ബന്ധിപ്പിച്ചിരുന്ന ഇതിന്റെ മധ്യ ദ്വീപ് ഒരുകാലത്ത് രാജകീയ അന്തഃപുരമായി പ്രവർത്തിച്ചിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ കോട്ടമതിലുകളുള്ള ഒരു വെടിമരുന്ന് ഡിപ്പോയായി പുനർനിർമ്മിച്ചു.
ശ്രീലങ്കയുടെ മനോഹരമായ മധ്യ മലനിരകളിലൂടെ റോഡ് മാർഗ്ഗമോ ട്രെയിൻ മാർഗ്ഗമോ, ഏകദേശം 75 കിലോമീറ്റർ ദൈർഘ്യമുള്ള കാൻഡി മുതൽ നുവാര ഏലിയ വരെ മൂടൽമഞ്ഞുള്ള തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കണ്ടാസ്വദിച്ചുള്ള യാത്ര ഒരു അസുലഭ അനുഭവം ആയിരിക്കും എന്ന് നിസ്സംശയം പറയാം. കാറിലോ ബസിലോ 2-3 മണിക്കൂർ യാത്രയുണ്ടാകും ട്രെയിനിൽ കൂടുതൽ സമയമെടുക്കും.
എല്ല
ശ്രീലങ്കയിലെ ഉവാ പ്രവിശ്യയിലെ ഒരു ശാന്തമായ കുന്നിൻ പ്രദേശമായ എല്ല, മൂടൽമഞ്ഞുള്ള തേയിലത്തോട്ടങ്ങൾ, ഇതിഹാസ ഹൈക്കിംഗ്, നുവാര ഏലിയയിൽ നിന്നുള്ള ഉയർന്ന പ്രദേശ പാതയിലുള്ള ഐക്കണിക് ഒൻപത് ആർച്ച് പാലം എന്നിവയാൽ ആകർഷകമാണ്. 1,041 മീറ്റർ ഉയരത്തിൽ, നാടകീയമായ വിടവുകളും വെള്ളച്ചാട്ടങ്ങളുമുള്ള ഇവിടം വിദേശ സഞ്ചാരികൾക്കു അത്രയേറെ പ്രിയമാണ്.
എല്ലയിലുള്ള ഒൻപത് കമാന പാലം, 1921-ൽ കൊളോണിയൽ കാലഘട്ടത്തിലെ അതിശയകരമായ ഒരു വയഡക്ടാണ്. ഒരു താഴ്വരയ്ക്ക് മുകളിൽ 91 മീറ്റർ ഉയരത്തിൽ ഇത് ഒമ്പത് കമാനങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. യുദ്ധ ആവശ്യങ്ങൾക്കായി ബ്രിട്ടീഷ് സാധനങ്ങൾ വഴിതിരിച്ചുവിട്ടപ്പോൾ പ്രാദേശിക ചാതുര്യം ഉപയോഗിച്ച് ഉരുക്ക് ഉപയോഗിക്കാതെയാണ് ഇത് നിർമ്മിച്ചത്. “ആകാശത്തിലെ പാലം” എന്നറിയപ്പെടുന്ന ഇത് തേയിലത്തോട്ടങ്ങളിലൂടെ ട്രെയിനുകൾ ഓടിക്കുന്നതിന് ഇപ്പോൾ ഉപയോഗിക്കുന്നു. നാടകീയമായ പശ്ചാത്തലം കൊണ്ട് ഫോട്ടോഗ്രാഫർമാരുടെ ഒരു പറുദീസയുമാക്കുന്നു.
എല്ലയ്ക്കടുത്തുള്ള ലിറ്റിൽ ആഡംസ് പീക്ക് ആണ് ഇവിടത്തെ ഒരു ആകർഷണം. തേയിലത്തോട്ടങ്ങളിലൂടെ 1,141 മീറ്റർ ഉയരമുള്ള ഒരു മലനിരയിലേക്ക്, മൂടൽമഞ്ഞുള്ള കുന്നുകളുടെയും, എല്ല റോക്കിന്റെയും, വിദൂര സമുദ്രങ്ങളുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടു ഒരു ട്രെക്കിങ്ങ് അനുഭവം പ്രധാനം ചെയ്യുന്നു.
ശ്രീലങ്കയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ആവന വെള്ളച്ചാട്ടം ഇവിടെയാണ്. 25 മീറ്റർ ഉയരത്തിൽ, ഇടതൂർന്ന വനങ്ങൾക്കിടയിൽ താഴേക്ക് പതിക്കുന്നു. രാവണൻ സീതയെ ഒളിപ്പിച്ച രാമായണ ഐതിഹ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന രാവണ എല്ല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇത് മഴക്കാലത്ത് പ്രകൃതിദത്ത കുളങ്ങളിൽ നീന്താൻ അവസരമൊരുക്കുന്നു.
എല്ല പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ അകലെ ഒരു പാറക്കെട്ടിനടുത്തുള്ള ഗുഹാ ശൃംഖലയും ഇവിടെയുണ്ട്. രാവണ എല്ല ക്ഷേത്രത്തിൽ നിന്ന് 800 പടികൾ കടന്ന് സീതയെ പാർപ്പിക്കുന്നതിനു വേണ്ടിയുണ്ടാക്കിയതെന്ന് വിശ്വാസം. രാവണന്റെ കൊട്ടാരവുമായി ബന്ധിപ്പിക്കുന്ന പുരാതന പുരാവസ്തുക്കളും തുരങ്കങ്ങളുമുള്ള ഇവിടം രാവണന്റെ ഒളിത്താവളമാണെന്ന് പറയപ്പെടുന്നു. വവ്വാലുകളുടെയും മങ്ങിയ പാതകളുടെയും ഇടയിൽ സുരക്ഷയ്ക്കായി ഒരു ഗൈഡിനൊപ്പം മാത്രം കാണുവാൻ ശ്രദ്ധിക്കുക.
ഡോ. സുനീത് മാത്യു