

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ ആരോഗ്യരംഗത്ത് വൻ കുതിപ്പ് കൈവരിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. എന്നിരിക്കിലും ഇന്നും ഇതിന്റെ ഗുണഭോക്താക്കളാകുവാൻ നല്ലൊരു പങ്ക് ഇന്ത്യൻ ജനതയ്ക്കും കഴിഞ്ഞിട്ടില്ല എന്നത് തികച്ചും നിരാശാകരമാണ്. ആയുർദൈർഖ്യം കുറച്ചു വർധിപ്പിക്കുവാൻ കഴിഞ്ഞു എന്നതൊഴിച്ചാൽ നമ്മുടെ ആരോഗ്യരംഗം അത്ര മികച്ചതാണ് എന്ന അഭിപ്രായം എനിക്കില്ല.
ഇന്ത്യയിലെ ആരോഗ്യരംഗം പരിപാലിക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒരുപോലെ പങ്കുവഹിക്കുന്നു. ചിലയിടങ്ങളിൽ പൊതു – സ്വകാര്യ പങ്കാളിത്തങ്ങളും ഉണ്ടായേക്കാം. സർക്കാർ ആശുപത്രികൾ മിക്കതും സൗജന്യമെങ്കിൽ സ്വകാര്യ ആശുപത്രികൾ തികച്ചും ഭിന്നമാണ്. ഇവിടെ അമിത നിരക്കിലാണ് ചികിത്സ ലഭ്യമാകുന്നത്. നൂറ്റിനാൽപ്പതു കോടിയോളം വരുന്ന ഇന്ത്യൻ ജനതയുടെ വളരെക്കുറച്ചു ശതമാനം ആളുകൾക്ക് മാത്രം ലഭ്യമാകുന്ന സേവനം. ഇത്തരം ചികിത്സാഭേദം പല വികസിത രാജ്യങ്ങളിലുമില്ല. അവിടത്തെ പൗരന്മാർക്കെല്ലാം ഒരേ തരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് അവിടത്തെ സർക്കാരുകൾ.
ഇന്ത്യയുടെ ആരോഗ്യരംഗത്തെ വീണ്ടും രണ്ടായി തിരിക്കേണ്ടിവരും. നഗരങ്ങളിലെയെന്നും ഗ്രാമങ്ങളിലെയെന്നും. ഗ്രാമങ്ങളിലെ ആരോഗ്യം വീണ്ടും രണ്ടായി തിരിക്കേണ്ടി വരുമെന്ന് ഞാൻ ഭയക്കുന്നു. വടക്കേയിന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ചികിത്സ ലഭ്യമാകുന്നത് പലയിടത്തും അത്ര എളുപ്പമല്ല. തെക്കേ ഇന്ത്യയിലും സ്ഥിതി അങ്ങനെതന്നെയാണെങ്കിലും നഗരസാന്നിധ്യം പലപ്പോഴും രക്ഷയാകാറുണ്ട്. ഇന്ത്യയിൽ ഭൂരിപക്ഷവും വസിക്കുന്നത് ഗ്രാമങ്ങളിലാണ്. അവർക്കുള്ള ചികിത്സ ഉറപ്പുവരുത്തുന്നതിന് ഇത്രയും കാലമായിട്ടും കഴിഞ്ഞിട്ടില്ല എന്നതാണ് നമ്മുടെ ആരോഗ്യ വ്യവസ്ഥയുടെ പ്രധാന പ്രശ്‍നം.
നാഷണൽ റൂറൽ മിഷൻ, പ്രധാനമന്ത്രിയുടെ ജന ആരോഗ്യ യോജന തുടങ്ങി പല പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും അതിന്റെയൊന്നും പ്രയോജനം ഇനിയും സാധാരണക്കാരിൽ എത്തിയിട്ടില്ല. ആശുപത്രികളുടെ അഭാവവും ഉയർന്ന ജനസംഖ്യക്ക് അനുപാതമായി യോഗ്യതയുള്ള ചികിത്സകർ ഇല്ല എന്നതും ചികിത്സ ലഭ്യമാകാതിരിക്കുന്നതിനോ, വ്യാജ ചികിത്സ തേടുന്നതിനോ കാരണമാകുന്നു. ഇത് ആരോഗ്യരംഗത്തെ വൻ വീഴ്ച്ചയാണ്.
സബ് സെന്ററുകൾ എന്നറിയപ്പെടുന്ന ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ ഏറ്റവും ചെറിയ യൂണിറ്റ്. ഇന്ത്യയിലുടനീളം 148124 കേന്ദ്രങ്ങൾ ഉണ്ട് എന്നാണു കണക്ക്. 8500 പേർക്ക് ഒരു സെന്റർ എന്ന തോതിൽ വരും ഇത്. പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ ഇതിൽ എത്രയോ താഴെയാണ്. ഗർഭകാല പരിചരണം, പ്രസവം, കുട്ടികളുടെ ആരോഗ്യം, പകർച്ചവ്യാധികളുടെ തടയലും ചികിത്സയും ആണ് ഇത്തരം സെന്ററുകളുടെ പ്രധാന ലക്‌ഷ്യം. ഡോക്ടർമാരോ രക്ത പരിശോധകരോ പലയിടങ്ങളിലുമില്ല. ഇതിനേക്കാൾ കുറച്ചുകൂടി ഉയർന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അത്യാവശ്യ ചികിത്സ പോലും കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളെയോ ജില്ലാ ആശുപത്രികളെയോ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അവിടെയാണെങ്കിൽ ഇത്രയും രോഗികളെ ഉൾക്കൊള്ളുവാനുള്ള സാഹചര്യങ്ങളുമില്ല. പലയിടങ്ങളും ഡോക്ടർമാരുടെ ദൗർലഭ്യം, വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാൽ ആവശ്യമായ ചികിത്സ നൽകുവാൻ കഴിയാത്ത അവസ്ഥയിലുമാണ്. പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും കാര്യം ഇക്കാര്യത്തിൽ ദയനീയം തന്നെ.
ആരോഗ്യകാര്യങ്ങളിൽ ഉള്ള അജ്ഞതയാണ് പ്രധാന പ്രശനം. ഇക്കാര്യങ്ങളിൽ കാര്യമായി ഇടപെടേണ്ട സ്ഥാപനങ്ങളാണ് മുകളിൽ പറഞ്ഞ രണ്ടു ചെറു കേന്ദ്രങ്ങളും. എന്നാൽ ആരോഗ്യസംരക്ഷണത്തിൽ ഇതിന്റെ പ്രവർത്തനക്ഷമത അത്ര തൃപ്തികരമല്ല. ഒരു സാധാരണ പൗരന്, ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുന്ന സാഹചര്യം ഇന്നും ഇവിടെ നിലനിൽക്കുന്നു എന്നതാണ് ഇത്തരം ഒരു ലേഖനം എഴുതണമെന്ന പ്രേരണയുണ്ടാക്കിയത്.
എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു, പ്രത്യേകിച്ച് ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് നാം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോൾ. ആധുനിക സൗകര്യങ്ങളുമായി പഞ്ചനക്ഷത്ര ആശുപത്രികൾ ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. അവിടത്തെ സൗകര്യങ്ങൾ ഒഴിച്ചുനിറുത്തിയാൽ ചികിത്സയുടെ ഗുണനിലവാരവും പലയിടങ്ങളിലും സംശയത്തിന്റെ നിഴലിൽത്തന്നെ. ആരോഗ്യരംഗത്തിന്റെ തകർച്ചക്ക് കാരണമായി എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ ഞാനിവിടെ കുറിക്കുന്നു.
വർദ്ധിച്ചുവരുന്ന ഗ്രാമ ജനസംഖ്യാവർദ്ധനവിനോടുള്ള അവഗണന തന്നെയാണ് അതിൽ മുഖ്യഹേതു. ജനസംഖ്യാ വർദ്ധനവിനനുസരിച്ച് ഗ്രാമങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നില്ല. ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ എണ്ണവും അങ്ങനെ തന്നെ. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങൾ എന്നാൽ പലതും നമുക്ക് സങ്കൽപ്പിക്കുവാൻ പോലുമാകാത്തത്ര കുഗ്രാമങ്ങളാണെന്നോർക്കണം. ഇരുപതു മുതൽ അമ്പതു കിലോമീറ്റെർ ദൂരത്തിൽ ഒരു ചികിത്സാകേന്ദ്രങ്ങളുമില്ലാത്ത പലഗ്രാമങ്ങളും അവിടെയുണ്ട്. സാമാന്യം മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ അടുത്തുള്ള ഭേദപ്പെട്ട നഗരത്തിൽ എത്തണം. അവിടെയെല്ലാം കൂടുതലായി ഉള്ളത് സ്വകാര്യ ആശുപത്രികളാണ്. സാധാരണക്കാർക്ക് ഇവിടെനിന്നും കാര്യമായ പ്രയോജനം കിട്ടാറുമില്ല.
നമ്മുടെ ആരാരോഗ്യരംഗം കൂടുതലായും പാശ്ചാത്യ ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനാണ് ശ്രമിക്കുന്നത്. അവിടത്തെ ചികിത്സാരീതികൾ അതേപോലെ നടപ്പിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ ഇന്ത്യ അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. കുറഞ്ഞ സ്ഥലത്തു കൂടുതൽ ആളുകൾ വസിക്കുന്ന ഒരു രാജ്യം. ഇവിടത്തെ ആരോഗ്യപ്രശ്നങ്ങളും ജീവിത ഭക്ഷണ രീതികളും വ്യത്യസ്തമാണ്. അവ മനസ്സിലാക്കാതെ പാശ്ചാത്യ രീതി ഇവിടെയുള്ള രോഗികളിൽ അടിച്ചേൽപ്പിക്കുന്ന പ്രവണത ശരിയായ ദിശയിലുള്ള ഒരു പ്രവർത്തനമായി എനിക്ക് തോന്നുന്നില്ല. നമ്മുടെ തനതായ കാഴ്ചപ്പാടിലൂടെ ചികിത്സാരീതികൾ ആവിഷ്കരിക്കുകയാണ് വേണ്ടത്. ചൈനയും റഷ്യയുമെല്ലാം ഇക്കാര്യത്തിൽ നമുക്ക് കണ്ടു പഠിക്കാവുന്ന രാജ്യങ്ങളാണ്. അവർ അവരുടെ തനതായ വൈദ്യശാസ്ത്ര രീതിയും ചേർത്ത് ആധുനിക വൈദ്യത്തെ ഉപകാരപ്രദമായ വിധത്തിൽ വിനിയോഗിക്കുകയാണ് ചെയ്യുന്നത്. അവർ കണ്ണടച്ചിരുട്ടാക്കുന്നില്ല എന്നർത്ഥം.
ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട പല ചികിത്സാരീതികളുമുണ്ട്. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിവയാണ് മുഖ്യ ധാരയിലുള്ളത്. ഇപ്പോൾ യോഗയും പ്രകൃതി ചികിത്സയും കൂടി അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ ഇവിടെ നടക്കുന്നത് ചികിത്സാവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ചേരിപ്പോരാണ്. എല്ലാ വിഭാഗത്തിലെ ചികിത്സകരും പഠിക്കുന്നത് ഒരേ വിഷയങ്ങൾ തന്നെയാണ്. പഠന കാലാവധിയും ഒന്ന് തന്നെ. മരുന്നുകളിൽ മാത്രമേ കാര്യമായ മാറ്റമുള്ളൂ. രോഗങ്ങളും അവസ്ഥയുമെല്ലാം എല്ലാവർക്കും ഒരുപോലെ അറിയാവുന്നതുമാണ്. ഈ വ്യത്യസ്ഥ ചികിത്സകരുടെ ഒരു സൗഹൃദവും സഹകരണവും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുമെന്ന് ഞാൻ കരുതുന്നു.എല്ലാ ചികിത്സാരീതികൾക്കും അതിന്റേതായ മെച്ചങ്ങളും കോട്ടങ്ങളും ഉണ്ടാകാം. അത് മനസ്സിലാക്കി രോഗിക്ക് വേണ്ടത് നൽകുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്നു ഞാൻ കരുതുന്നു.
സാമൂഹ്യവ്യവസ്ഥയിലും സാമ്പത്തികവ്യവസ്ഥയിലുമുള്ള വ്യത്യാസമാണ് അടുത്ത്. എല്ലാവർക്കും ഒരേ ചികിത്സ കിട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആർജവമുള്ള സർക്കാരുകൾ വിചാരിച്ചാൽ പരിഹരിക്കാവുന്ന കാര്യമേ ഇതിലുള്ളൂ. ഇൻഷുറൻസ് പരിരക്ഷകൾ പോലെയുള്ള കാര്യങ്ങൾ വഴി എല്ലാവർക്കും ഭേദപ്പെട്ട ചികിത്സ നൽകാവുന്നതാണ്. ഇൻഷുറൻസ് കമ്പനികളുടെ കൃത്യമായ മേൽനോട്ടമുണ്ടെങ്കിൽ അനാവശ്യ ചികിത്സകളും ചിലവുകളും സ്വകാര്യ ആശുപത്രികളിലും ഇല്ലാതാകും. രോഗിയുടെ അജ്ഞതയാണ് പല ആശുപത്രികളും മുതലെടുക്കുന്നത് എന്ന് പറയാതെ നിവൃത്തിയില്ല. ഇൻഷുറൻസിനോട് നമുക്ക് അത്ര താൽപ്പര്യമില്ല. അതെങ്ങനെയോ നമ്മുടെ മനോഭാവത്തിൽ കാലങ്ങളായി ഉടലെടുത്തതാണ്. എന്നാൽ ചികിത്സാ രംഗത്ത് ഇൻഷുറൻസിനു വലിയ പ്രാധാന്യമാണ് മറ്റു രാജ്യങ്ങൾ നൽകുന്നത്.
അതുപോലെ തന്നെ സർക്കാർ ആശുപത്രികൾ അടിസ്ഥാന ഘടകം മുതൽ കുറച്ചുകൂടി അഭിവൃദ്ധിപ്പെടുത്തേണ്ടിയിരിക്കുന്നു. സാംകൃമിക രോഗങ്ങളെ കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള സൗകര്യങ്ങൾ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഏർപ്പെടുത്തേണ്ടതാണ്. മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും നിലവാരമുള്ളവയാക്കുകയും സ്വകാര്യ ആശുപത്രികൾ സജ്ജീകരിക്കുന്ന സൗകര്യങ്ങൾ സ്ഥാപിക്കുകയും ഫലപ്രദമായി പ്രവർത്തിപ്പിക്കുകയും വേണം. ഇതിനു തടസ്സമായി നിൽക്കുന്നത്, ഇന്ത്യയിൽ എല്ലാ മേഖലകളിലുമുള്ള പോലെ, അഴിമതി തന്നെയാണ്. വൻ തുകകളാണ് ഓരോ ബജറ്റിലും ആരോഗ്യത്തിനായി നീക്കി വയ്ക്കുന്നത്. ഇതിന്റെ ചെറിയൊരു അംശം പോലും സാധാരണ രോഗികൾക്ക് ലഭ്യമാകുന്നില്ല എന്നത് അതീവ ദുഖകരം തന്നെ.
കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയും കൂടുതൽ ഡോക്ടർ മാരെ സൃഷ്ടിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഡോക്ടർമാരെ ഗ്രാമീണ ചികിത്സാ മേഖലയിലേക്ക് ആകർഷിക്കുന്ന പരിഷ്കരണങ്ങളും നടപ്പിലാക്കേണ്ടതാണ്. എല്ലാ ചികിത്സാ വിഭാഗക്കാരെയും ഒരേ കുടക്കീഴിലാക്കിയും പരീക്ഷണങ്ങൾ നടത്താവുന്നതാണ്.
അതേപോലെ തന്നെ ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കുള്ള സാഹചര്യങ്ങൾ കൂട്ടുക എന്നത് ഏറ്റവും മുഖ്യമായ ഒന്നാണ്. ഹൃദ്രോഗവും പ്രമേഹവും ഇന്ന് നമ്മുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങൾ ആയി മാറിക്കഴിഞ്ഞു. എന്നാൽ ഈ രണ്ടു രോഗങ്ങൾക്കും മരുന്നുകളോ പ്രതിരോധ മാർഗ്ഗങ്ങളോ ഇന്ത്യയിൽ നിന്നും ഉണ്ടാകുന്നില്ല എന്നത് അത്ഭുതമാണ്. ഇതെല്ലാം നമ്മൾ പാശ്ചാത്യരെ അതേപടി അനുകരിക്കുകയാണ്. അമേരിക്കൻ ഡയബെറ്റീസ് അസോസിയേഷൻ അല്ലെങ്കിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് അങ്ങനെ തന്നെ വിഴുങ്ങുന്നു എന്നർത്ഥം. ഒരു കാലത്തു ശസ്ത്രക്രിയ പോലും കണ്ടുപിടിക്കപ്പെട്ടത് ഇന്ത്യയിൽ നിന്നായിരുന്നു എന്നുകൂടി ഓർക്കണം.
അത് പോലെ മറ്റൊന്നാണ് മരുന്ന് മാഫിയകളുടെ പ്രവർത്തനവും. പലപ്പോഴും പലമരുന്നുകളും രോഗികളിൽ അനാവശ്യമായി അടിച്ചേൽപ്പിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്. ഇക്കാര്യത്തിൽ സ്വകാര്യമെന്നോ സർക്കാരെന്നോ വലിയ വ്യത്യാസമൊന്നുമില്ല. ഇത്തരമൊരു പ്രവണത പാശ്ചാത്യ ലോകത്തു ഇല്ല എന്ന് തന്നെ പറയാം. അവർ മരുന്നുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുന്നു, അല്ലെങ്കിൽ അവരെ നിയന്ത്രിക്കുന്ന ഇൻഷുറൻസ് കമ്പനികൾ അവരെ അക്കാര്യത്തിൽ ശ്രദ്ധാലുക്കളാക്കുന്നു. മരുന്നുകൾക്ക് പാശ്ചാത്യരെ അനുകരിക്കുന്ന നമ്മൾ ഉപയോഗ നിയന്ത്രണത്തിൽ അവരെ തഴയുകയും ചെയ്യുന്നു. സേവനമാണ് ആരോഗ്യരംഗമെന്ന് പറയുമ്പോഴും. അതങ്ങനെ അല്ല എന്ന് പറയാതിരിക്കുവാനാകില്ല. ഇന്ന് ആരോഗ്യരംഗം ഒരു വ്യാപാര മേഖലയാണ്. ആരൊക്കെയോ ചേർന്ന് നിയന്ത്രിക്കുന്ന ഒരു കച്ചവടം. ഇവിടെ ആരും ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാകുന്നില്ല. അവരവരുടെ പോക്കറ്റ് വീർപ്പിക്കുക എന്ന് മാത്രം ചിന്തിക്കുന്നു.
ആരോഗ്യരംഗം ഭദ്രമാകണമെങ്കിൽ ജനങ്ങൾക്കും ഒരു മുഖ്യ പങ്കുണ്ട്. ദിനം പ്രതി ഡോക്ടർമാരെ മാറ്റുന്ന ഒരു പ്രവണത ഇന്ന് കണ്ടു വരുന്നുണ്ട്. ക്ഷിപ്രശമനം ആണ് എല്ലാവർക്കും വേണ്ടത്. എന്റെ അഭിപ്രായത്തിൽ വിശ്വസിക്കുവാൻ കൊള്ളുന്ന ഒരു ഡോക്ടർ എല്ലാവർക്കും വേണം. അദ്ദേഹത്തിന്റെ നിർദേശാനുസരണം മാത്രം വിദഗ്ധ ചികിത്സകരെ കാണുന്ന രീതി നടപ്പിലാകണം. കുടുംബ ഡോക്ടർ എന്നൊരു രീതി പുനഃസ്ഥാപിക്കപ്പെടണം. അത്തരം ഡോക്ടർമാരെയും അതിനുതകുന്ന ആരോഗ്യ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കണം.
ഡോ. സുനീത് മാത്യു
ഡോക്ടറുെടെ നിഗമനങ്ങളും
നിർദേശങ്ങളും വളരെ പ്രസക്തവും
വിലയേറിയതുമാണ്.
ഭരണകൂടങ്ങൾ പലപ്പോഴും
മരുന്നു മാഫിയകൾക്ക്
വശംവദരാകുന്നുണ്ട്.
ഇന്ന് നാം നേരിട്ടുന്ന ഏറ്റവും വലിയ ഭീഷണി നിർമ്മിതേരോഗങ്ങളും
അതെ തുടർന്നുള്ള അടിമത്തവുമല്ലേ.
ഒരു രോഗത്തെ കൂട്ടുപിടിച്ച് ജനതെയെ ഒന്നടങ്കം തടവിലാക്കുന്ന
കാഴ്ചകളല്ലേ ഇന്ന് അരങ്ങേറി കൊണ്ടിരിക്കുന്നത്.
മറ്റൊന്ന് പറയുവാനുള്ളത്
ഒരു ജനതയുടെ ആരോഗ്യം എന്ന് പറയുന്നത് ചികിത്സയുടെ ലഭ്യത മാത്രമല്ലല്ലോ
കൂടുതൽ ആശുപത്രി കൂടുതൽ ആരോഗ്യം എന്ന മൗഢ്യത്തിൽ നിന്നും
നാം ഉണർന്നേ മതിയാവു
ആരോഗ്യത്തിന്റെ ബാലപാഠങ്ങൾ
അഭ്യസ്തവിദ്യർക്കു പോലും
ഇന്ന് അജ്ഞമാണ്.
അതിനാണ് ആദ്യം ഊന്നൽ കൊടുക്കേണ്ടത്