

ഇളം നീല നിറമുള്ള ആകാശത്തിൻ്റെ
പടിഞ്ഞാറേ ചരുവിൽ കുങ്കുമ നിറം
പടരുന്നതും നോക്കി നിൽക്കേ
ഇപ്പുറമുള്ളൊരു വയൽപ്പച്ചയിൽ
ചോപ്പടർന്നു വീണുകൊണ്ടേയിരുന്നു…
ജലരാശിയിലാവട്ടെ ഓളങ്ങൾ
കുനുകുനെ പയ്യാരം പറയുന്നത് കേൾക്കാൻ
കാറ്റ് മെല്ലെ വീശിക്കൊണ്ടേയിരുന്നു …
നേർത്തൊരിരുളിനെ വകഞ്ഞു മാറ്റി
പൊൻതേരിലെത്തിയ അമ്പിളിക്കല
നക്ഷത്രങ്ങളാൽ കൊരുത്തെടുത്ത
മാലയൊന്നണിയിച്ചപ്പോൾ
ഭൂമിയും വ്രീളാവതിയായി.
കൈയിലൊരു പുൽത്തണ്ടുമായി
വൈകുന്നേരത്തെ ആകാശത്തെ
നോക്കിയിരിക്കെ കൃഷ്ണമണികൾ
വജ്രം പോൽ തിളങ്ങുന്നതു കണ്ടു.
പിന്നെയവിടമാകെ
നിറഞ്ഞൊഴുകിയ നിലാവിൽ
രണ്ടു നിഴലുകൾ
അലിഞ്ഞു ചേർന്നു ….
അജിത.വി. അമ്പലപ്പുഴ