

ഇതിങ്ങനെയൊക്കെ തന്നെയാണ് ഭായ്, നമ്മുടെ നാട്ടിൽ. ഉറക്കം കളഞ്ഞു പഠിച്ചും, വർഷങ്ങളോളം അധ്വാനിച്ചും മിടുക്കുകൊണ്ടുമാത്രം സർക്കാർ സർവീസിൽ എത്തുന്നവരെ ഇതുതന്നെയാണ് കാത്തിരിക്കുന്നത്. അതിനി ഐ.എ.എസ്. ആയാലും ഐ.പി.സ് ആയാലും, മറ്റേതു തസ്തികകളിലെ അധികാരശ്രേണിയുടെ ഏതു നിലയിലായാലും, കേന്ദ്രത്തിലും കേരളത്തിലും ഇതുതന്നെ. ആത്മാർഥതയുടെയും സത്യസന്ധതയുടെയുംകൂടി അസ്കിതയുള്ളവർക്കു ഇതുമാത്രമാണ് വിധി. അപമാനം, അഭിമാനക്ഷതം, ചതി, വഞ്ചന, അങ്ങനെപോകും. നന്മയുള്ള ശ്രീനിവാസൻമ്മാർക്ക് പറഞ്ഞിട്ടുള്ള പണിയല്ല സർക്കാർ സേവനം. എന്ത് സഹിച്ചാലും അവസാനം പെൻഷനും വാങ്ങി ശിഷ്ടകാലം ജീവിക്കാമല്ലോയെന്നോർത്തു പലരും മൗനം പാലിക്കും. പെൻഷനൊക്കെ ഇനിയിപ്പോ ഭരിച്ചു മുടിക്കുന്നവർ ബാക്കിയെന്തെങ്കിലും വച്ചിട്ടുപോയാൽ ചിലപ്പോൾ കിട്ടിയേക്കും എന്നായി സ്ഥിതിയൊക്കെ.
സ്വാഭിമാനം ചിലപ്പോൾ അഗാധമൗനത്തിൻ്റെ തമോഗർത്തങ്ങളിലെത്തിക്കും ഇവരിൽ ചിലരെ. തിരിച്ചുവരാനാകാത്ത ഉറഞ്ഞമൗനത്തിലേക്കാണ്ടുപോകുന്നവരെ ഓർത്തുകൊണ്ടുതുടങ്ങാം.
പറഞ്ഞുവന്നതിനെക്കുറിച്ചു മനസ്സിലായല്ലോ. അതുകൊണ്ടു ചിത്രം കൂടുതൽ വ്യക്തമാക്കുന്നില്ല. പക്ഷെ ഒരു സത്യം വ്യക്തമാക്കാം. ഇതെഴുതുന്ന ഞാനും വായിക്കുന്നനിങ്ങളും ഇതിനൊക്കെയും കൂട്ടുത്തരവാദികളാണ്. എങ്ങനെയാണെന്നല്ലേ?
ആരാണ് ഇന്നത്തെ രാഷ്ട്രീയ അധികാര വർഗ്ഗത്തെ, എല്ലാ നിറത്തിലും കൊടിയിലുമുള്ളവരെ, വളർത്തിയത്? അവരെക്കൊണ്ട് പലതും ചെയ്യിച്ചത്? അവരുടെ കൊള്ളരുതായ്മകൾക്കു കുടപിടിച്ചതു? നമ്മളൊക്കെത്തന്നെയല്ലേ? നമ്മളുടെ സ്ഥലംമാറ്റത്തിനും, ജോലിക്കും, കുട്ടികളുടെ സ്കൂൾഅഡ്മിഷനും, എന്നുവേണ്ട എന്തുകാര്യം നേടുന്നതിനും നമ്മൾ അവരെ ഉപയോഗിക്കുന്നു, കൈമടക്കുകൾ നൽകുന്നു. പാർട്ടികളുടെ പേരിൽ എന്തുപറഞ്ഞാലും പിൻന്താങ്ങുന്നു. അറിഞ്ഞോ അറിയാതെയോ ഇവരെ വളർത്തി ഇവിടെവരെയാക്കിയത് നമ്മൾ മാത്രമാണ്. നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങൾ നേടാൻ. നേരായവഴിക്കും, അല്ലാതെയും.
പെട്രോൾ സ്റ്റേഷനും, സ്കൂളുകളും കോളേജുകളും നേടിയെടുക്കാൻ കൈമടക്കുനൽകാനും മറ്റും ശുപാർശകൾ ചെയ്യാനും ഒരു രാഷ്ട്രീയക്കാരനെ തേടിപ്പോയിട്ടില്ലാത്ത മലയാളികൾ കേരളത്തിൽ ജീവിച്ചിരുന്നിട്ടുണ്ടോ? അത് ലോക്കൽ നേതാവായാലും, MLA ആയാലും, MPയായാലും, മന്ത്രിയായാലും, പഞ്ചായത്തു പ്രസിഡന്റ് അയാലും പോകും. സ്വന്തം പാർട്ടിക്കാരാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ! കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികളും നാട്ടിൽ വരുമ്പോൾ ഇങ്ങനെ തന്നെ. നമ്മുടെ കാര്യം നടക്കണം. അതിനു രാഷ്ട്രീയക്കാരെയും ഉദ്യോഗസ്‌ഥരെയും മറ്റും സ്വാധീനിക്കാനും, കൈമടക്കുകൾ നൽകാനും നമുക്ക് ലവലേശം മടിയില്ല. പിന്നെ ഈ വ്യവസ്ഥിതി ആര് നന്നാക്കുമെന്നാണ്. ഇങ്ങനെ വളർന്നു വരുന്നവരാണ് എല്ലാ അഴിമതിക്കാരും. നമുക്ക് മതിയാകുമ്പോൾ അവർക്കു മതിയാവണമെന്നില്ല. അവർക്കു ആർത്തിയാകുമ്പോൾ പിടിക്കപ്പെടും, അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും കുരുക്കുകൾ. അപ്പോൾ നമ്മളൊക്കെ എല്ലാം മറന്നു ചാനൽ ചർച്ചകൾ കാണുന്ന തിരക്കിലാകും.
ഈയടുത്തു സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നു. അവിടെയും, അവസരങ്ങൾ നേടാൻ അനവസരങ്ങളിൽ സംവിധായകരെയും, നിർമ്മാതാക്കളെയും, താരങ്ങളെയും തേടിചെന്നവർ ഉണ്ടാക്കിയ കീഴ്വഴക്കങ്ങൾ നിലനിന്നു പോയതാണ്. അന്നൊരാൾ മാറിചിന്തിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വെത്യസ്തമായേനെ. ഹേമാകമ്മിറ്റി വരെ എത്തിയ സംഭവവികാസങ്ങൾ ഒരാൾ മാറിചിന്തിച്ചതുകൊണ്ടാണെന്നു ഇതോടുകൂടി ചേർത്തുവായിക്കണം. ഇല്ലെങ്കിൽ നേരത്തെ പറഞ്ഞത് തന്നെയാകും, നമുക്ക് മതിയാകുമ്പോൾ അവർക്കു മതിയാകണമെന്നില്ല. കാര്യങ്ങളെ ലഘൂകരിക്കുന്നതല്ല. നാം കാണുന്ന മിക്കപ്രശ്നങ്ങൾക്കും നമ്മൾ കൂടി കരണഭൂതരാകുന്നു എന്നൊരു കാര്യം പറഞ്ഞു വെക്കാനാണ് ഇത്രയും പറഞ്ഞത്.
നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിനു നമ്മളൊന്നും വലിയ തെറ്റുകൾ ചെയ്യുന്നില്ലല്ലോ! ചിലപ്പോൾ നമ്മളുടെ ഇടപെടൽ വളരെ ചെറിയ രീതിയിൽ മാത്രമായിരിക്കാം. പക്ഷെ പലപ്പോഴും അതുമതി എന്നതാണ് സത്യം. കയോസ് സിദ്ധാന്തം (Chaos Theory) കേട്ടിട്ടില്ലേ? Butterfly Effect എന്നും പറയും. ഒരു ചിത്രശലഭത്തിൻ്റെ ചെറു ചിറകടിപോലും വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്കു കാരണമായേക്കാം. തുടക്കത്തിലേ ചെറിയ പാളിച്ചകൾ/ചലനങ്ങൾ/വ്യതിയാനങ്ങൾ വലിയ ദുരന്തങ്ങളിലേക്കു (നേരേ മറിച്ചും) വഴിതെളിയിച്ചേക്കാം. ലളിതമായി പറഞ്ഞുവെന്നേയുളൂ. കയോസ് സിദ്ധാന്തം ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും മാത്രമല്ല ശരിയാകുന്നത്. ജീവശാസ്ത്രത്തിലും, സാമ്പത്തികശാസ്ത്രത്തിലും, മനഃശാസ്ത്രത്തിലുമൊക്കെ ഇതു സത്യമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നു. സാമൂഹ്യശാസ്ത്രത്തിലും, രാഷ്ട്രതന്ത്രത്തിലും, പൊതു ജീവിതത്തിലും ഇതു ശെരിയാകാതെ തരമില്ല.
നാളെ നിങ്ങളും ശുപാർശ്ശക്കായി മടിയിൽ കനവുമായി ഒരു രാഷ്ട്രീയക്കാരന്റെ മുന്നിൽ ഇരിക്കുമ്പോൾ മരിക്കുവാൻപോകുന്ന നവീൻബാബുമാരെക്കുറിച്ചു ഓർക്കണമെന്നില്ല. കയോസ് സിദ്ധാന്തം പറ്റിയാൽ ഓർക്കുക. നിങ്ങളുടെ കാര്യം നേടാൻ നേരായ ഒരു ചേറുവഴിയെങ്കിലും ഉണ്ടോയെന്നോർക്കുക. തുടക്കത്തിലേ നന്മനിറഞ്ഞ ഒരു നീക്കം നിങ്ങളുടെ നാടിനെ സ്വർഗ്ഗരാജ്യമാക്കിയാലോ? സ്വപ്നം. അതെ ഈ പുലർകാല സുന്ദരസ്വപ്നം സത്യമാകട്ടെ. നന്മയുടെ ആ മൃദുചിറകടികൾക്കു കാതോർത്തുകൊണ്ട്…
സുമേഷ് രാമചന്ദ്രൻ