

അവസാനത്തെ കമ്മ്യൂണിസ്റ്റ്കാരനും വിടവാങ്ങി എന്നാണ് ശ്രീ വിഎസ് അച്യുതാനന്ദൻ വിടവാങ്ങിയപ്പോൾ പലരും പറഞ്ഞു കേട്ടത്. പക്ഷെ നേരും നെറിയുമുണ്ടായിരുന്ന അവസാനത്തെ രാഷ്ട്രീയക്കാരനും നമ്മെവിട്ട് യാത്രയായി എന്നാണ് എനിക്ക് തോന്നിയത്. അതൊരു കാലഘട്ടത്തിൻറെ അവസാനമായിരുന്നു. എങ്ങനെയായിരിക്കണം ഒരു രാഷ്ട്രീയക്കാരന്റെ ജീവിതമെന്നു നമുക്ക് കാണിച്ചു തന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ.
ധാരാളം അപൂർവ്വതകളുള്ള ഒരു ജീവിതമായിരുന്നു സഖാവ് അച്യുതാനന്ദൻ്റെത്. ഞാൻ നേരിൽ, ശരിക്കും നേർക്കുനേരെ കണ്ട മഹാൻമാരായ നേതാക്കളിലൊരാൾ. സംസാരിക്കാൻ കഴിഞ്ഞില്ല. നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ്. ഞാൻ എയർപോർട്ട് ടെർമിനലിലേക്കു കേറുമ്പോൾ എതിരെ ചില ആൾക്കാരുടെ അകമ്പടിയോടുകൂടി വന്ന കുറിയ മനുഷ്യനെ ആദ്യം മനസ്സിലായില്ല. മനസ്സിലുണ്ടായിരുന്നത് വലിയൊരു രൂപമായിരുന്നു. അകമ്പടിക്കാരാരും വളരെ അരികിലല്ല. ഞാനും സഖാവും ഏകദേശം നേർക്കുനേർ. ഞാൻ പുഞ്ചിരിച്ചു. സഖാവ് ഗൗരവത്തിൽ ഒന്ന് നോക്കുക മാത്രം ചെയ്തു. അന്നദ്ദേഹം മുഖ്യമന്ത്രിയായിരുന്നോ, പ്രതിപക്ഷ നേതാവായിരുന്നോയെന്നു ഓർക്കുന്നില്ല. രണ്ടായാലും വളരെ നിർഭയനായി ജനങ്ങളുടെ മുഖത്തുനോക്കി നടക്കാൻ കഴിഞ്ഞ അവസ്സാനത്തെ നേതാവായിരുന്നല്ലോ അദ്ദേഹം!
ഒരുകാലത്തു സ്വന്തം പാർട്ടിക്കാരാണല്ലോ അദ്ദേഹത്തെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്, ആക്ഷേപിച്ചത്. എന്നിട്ടും എം വി രാഘവനും കെ ആർ ഗൗരിയമ്മക്കും പറ്റിയതുപോലെ അപകടമൊന്നും പറ്റാതെ പാർട്ടിയിൽ പിടിച്ചു നിൽക്കാൻ ചെറിയ ശ്രമം പോരായിരുന്നു. അതൊരു വല്ലാത്ത നയതത്രജ്ഞത തന്നെയായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തെളിവോടെ മനസ്സിലാകും.
സഖാവിൻറെ നാക്കിന്റെ ചൂടറിയാത്ത രാഷ്ട്രീയക്കാർ സ്വന്തം പാർട്ടിയിലും മറ്റുപാർട്ടികളിലും ഉണ്ടെന്നുതോന്നുന്നില്ല. ‘കടലിലെത്തിര’ എന്ന ‘പ്രസിദ്ധ’ ഉദാഹരണത്തിന് അദ്ദേഹം നൽകിയ മറുപടിയുടെ അർത്ഥം മലയാളികൾക്ക് മനസ്സിലാകുന്നത് ഇപ്പോഴാണെന്നു മാത്രം. അതുപോലെ തന്നെ ‘അമൂൽ ബേബി’ പരാമർശം. പിന്നെ ഓ രാജഗോപാലിനെക്കുറിച്ചുള്ള പരാമർശം. ഉമ്മൻ ചാണ്ടിയെക്കുറിച്ചു പറഞ്ഞതിൽ, ചിലതുമാത്രം, പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ കുടുംബത്തെക്കുറിച്ചു പറഞ്ഞത്, വേണ്ടായിരുന്നു എന്ന് പറയുന്നവരുണ്ടാകാം. പക്ഷെ അതാ ഓളത്തിൽ അങ്ങനെ പറഞ്ഞു പോയി എന്നല്ലാതെ എത്രസീരിസ് ആയി പറഞ്ഞതാണോയെന്നു സംശയം തോന്നും. അത് പറഞ്ഞയിടമായിരുന്നു അപകടം പിടിച്ചത്. പിന്നെ കെഎം മാണിയെക്കുറിച്ചു അവിടെവച്ചു തന്നെ പറഞ്ഞത്.
എന്തുപറഞ്ഞാലും വ്യത്യസ്‌തമായി പറയുന്ന ഒരു അപൂർവ നേതാവായിരുന്നു വിഎസ്. താളത്തിലും ഈണത്തിലും എന്തും പറഞ്ഞു ഫലിപ്പിച്ചുകളയും. അസബ്ലിമന്ദിരത്തിനകത്തു കയറിയാൽ അതിൻ്റെ മൂർച്ചകൂടും, ശബ്ദം ഉച്ചസ്ഥായിയിലാകും, നീട്ടിയ ഈണത്തിൽ മനോധർമ്മസ്വരങ്ങൾ പാടുന്ന ഒരു ഭാഗവതരായി മാറും. പിന്നെ ഒന്നും നോട്ടമില്ല, ആരെയും.
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമത്രിയായിരുമെന്നു അദ്ദേഹമെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് ആരായിരുന്നു എന്നതിന് എനിക്ക് ഒരുത്തരമേയുള്ളൂ. അത് സഖാവ് അച്യുതാനന്ദൻ തന്നെയാണ്. ഇത്രയും കൂടുതൽ സാധാരണക്കാരുടെ കാര്യങ്ങളിൽ ഇടപെട്ട മറ്റൊരു പ്രതിപക്ഷനേതാവുയിരുന്നോയെന്നു സംശയം. ഉമ്മൻ ചാണ്ടിയെമറക്കുന്നില്ല. പക്ഷെ അതിലും കൂടുതൽ സിസ്റ്റമാറ്റിക് ആയിരുന്നു, അച്യുതാനന്ദൻ എന്ന പ്രതിപക്ഷ നേതാവ്. അക്കാലത്തു മികച്ച പ്രൊഫഷണലുകളുടെ ഒരു കൂട്ടമാണ് അന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. പ്രത്യേകിച്ചും അവസാനത്തെ രണ്ടു ടേമുകളിൽ. അപ്പോൾ അദ്ദേഹത്തിന് എഴുപത്തിനും തൊണ്ണൂറിനും ഇടയിൽ പ്രായമുണ്ടായിരുന്നു എന്നോർക്കണം. മൂന്നു ടെമുകളിലായി പതിനഞ്ചു വർഷം. മറ്റുള്ളവരൊക്കെ വിരമിക്കുന്ന പ്രായത്തിലാണ് അച്യുതാനന്ദൻ ശരിക്കും തുടങ്ങുന്നത്. അതൊരു വല്ലാത്ത തുടക്കമായിരുന്നു! ഇത്രയും പ്രൊഫെഷനലായി ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷം പോലും എന്നെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നു സംശയം. പ്രതിപക്ഷങ്ങളെയൊക്കെ ഇല്ലാതാക്കണമെന്നു ചിലർ ധൈര്യപൂർവ്വം വീമ്പുപറയുന്നതു ഈ ധൈര്യത്തിലാകും. ഒരു പ്രതിപക്ഷം എന്തായിരിക്കണമെന്നതിനുള്ള ഒരു റഫറൻസ് ബുക്ക് ആയിരുന്നു വിഎസ് നേതൃത്വം നൽകിയ ആ പ്രതിപക്ഷം.
പ്രതിപക്ഷ നേതാവായി (1992–1996, 2001–2006, 2011–2016) മൂന്ന് കാലാവധികളിലായി പ്രവർത്തിച്ച വി. എസ്. അച്യുതാനന്ദൻ, അഴിമതി, ഭൂമി കയ്യേറ്റം, സാമൂഹ്യ അനീതി എന്നിവയ്‌ക്കെതിരെ നിരന്തരം പോരാടി. 1990-കളിലെ തുടക്കത്തിൽ പാമോയിൻ ഇറക്കുമതി വിവാദം പുറത്ത് കൊണ്ടുവന്നതിൽ നിന്നും ആരംഭിച്ച്, മണ്ണ് മാഫിയ, അനധികൃത മണൽ ഖനനം, മുന്നാറിലെ ഭൂമി കയ്യേറ്റം തിടങ്ങിയവക്കെതിരെയുള്ള സമരങ്ങൾ നയിക്കുകയും, ആദിവാസി ഭൂമി അവകാശങ്ങൾക്കും എൻഡോസൾഫാൻ ബാധിതർക്കും വേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ജനങ്ങളുടെ പക്ഷത്ത് ഉറച്ചു നിന്ന അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിലെത്തിച്ചത്. അതുവരെയുണ്ടായിരുന്ന അച്യുതാനന്ദൻ എന്ന രാഷ്ട്രീയക്കാരനായിരുന്നില്ല, അച്യുതാനന്ദൻ എന്ന പ്രതിപക്ഷനേതാവ്.
കേരള ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനായിരുന്നപ്പോൾ 2019-ൽ ചെറിയൊരു സ്‌ട്രോക്ക് വന്നതിനെ തുടർന്ന്, അദ്ദേഹം ക്രമേണ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. 2025 ജൂലൈ 21-ന് 101-ആം വയസ്സിൽ അദ്ദേഹം വിടവാങ്ങിയത് കേരള ചരിത്രത്തെ തന്നെ മാറ്റിയെഴുതിയിട്ടാണ്. ഒരൊറ്റ കാര്യം ഉറപ്പിച്ചു പറയാം. ഇനി ഇതുപോലുള്ളൊരു രാഷ്ട്രീയക്കാരൻ കേരളത്തിൽ ജനിക്കില്ല.
കെ കെ രമയെ ആശ്വസിപ്പിക്കുന്ന വിഎസ്‌ൻ്റെ ചിത്രം മനസ്സിൽകണ്ട് ഇതുകൂടി പറഞ്ഞു നിർത്താം.
“The highest measure of a leader is not where he stands in moments of comfort, but where he stands at times of challenge and controversy.” — Martin Luther King Jr.
സുമേഷ് രാമചന്ദ്രൻ