ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്: ഭാഗം 2, അധ്യായം 9

അധ്യായം 9: രാമായണ പാത

അടുത്തയിടെ പ്രശസ്തമായ ഒരു വിനോദയാത്രാ സർക്യൂട്ട് ആണ് രാമായണ ട്രെയിൽ. ശ്രീലങ്കയിലെ രാമായണ ഇതിഹാസവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇത് ദ്വീപിലുടനീളമുള്ള നിരവധി പുരാണ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. രാമൻ, സീത, രാവണൻ, ഹനുമാൻ എന്നിവർ ഉൾപ്പെടുന്ന ഇതിഹാസ സംഭവങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
2000-കളുടെ അവസാനത്തിൽ ശ്രീലങ്ക ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (SLTDA) ഒരു സംഘടിത ടൂറിസ്റ്റ് സർക്യൂട്ട് എന്ന നിലയിൽ ശ്രീലങ്കയുടെ രാമായണ പാത ഔദ്യോഗികമായി ആരംഭിച്ചു. ബുദ്ധമത കേന്ദ്രങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റി, ഇന്ത്യൻ ഹിന്ദു വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു തീർത്ഥാടന പാക്കേജായിട്ടാണ് ഇത് വികസിപ്പിച്ചെടുത്തത്. നിലവിലുള്ള ക്ഷേത്രങ്ങളെയും പ്രകൃതിദൃശ്യങ്ങളെയും വിപണനത്തിനായി ഒരു സംയോജിത രാമ-സീതാ വിവരണത്തിലേക്ക് പുനഃക്രമീകരിച്ചു എന്നതാണ് ഇവരുടെ വിജയം.

ഈ സ്ഥലങ്ങളെ മനസ്സിലാക്കുന്നതിന് ഭൂമിശാസ്ത്രപരമായി തരാം തിരിച്ച് പരിശോധിക്കാം.

വടക്കുഭാഗത്തെ പ്രധാന ക്ഷേത്രങ്ങൾ ചിലാവിനടുത്തുള്ള മുന്നേശ്വരം ക്ഷേത്രവും മണവാരി ക്ഷേത്രവുമാണ്. രാവണനെ പരാജയപ്പെടുത്തിയ ശേഷം രാമൻ സ്വയം ശുദ്ധീകരിച്ച സ്ഥലം.എന്നതാണ് ഇവയുടെ പ്രസക്തി. തൃക്കോണമിയിലെ കനിയ ചൂടുനീരുറവകൾ: രാവണൻ സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

നടുഭാഗത്തുള്ള മലകൾ ആണ് അടുത്തത്. നുവാര ഏലിയയ്ക്ക് സമീപമുള്ള സീതാ ഏലിയയും സീത അമ്മൻ ക്ഷേത്രവും ആണ് പ്രധാന പ്രദേശങ്ങൾ. ഇപ്പോഴത്തെ അശോക് വാടികയിൽ ആണ് സീതയെ തടവയിൽ പാർപ്പിച്ചിരുന്ന ഇടം എന്ന് വിശ്വസിക്കുന്നു.

നുവാരേലിയയിലെ രഥപാത, സീതയുമായുള്ള രാവണൻ്റെ രഥയാത്രയെ ഓർമ്മിപ്പിക്കുന്നതാണ്. മറ്റൊന്ന് വെളിമടക്കടുത്തുള്ള ദിവുരുംപോള ക്ഷേത്രം. രാവണനിൽ നിന്ന് രക്ഷപ്പെട്ട ശേഷം സീത ഒരു പുണ്യ അഗ്നിയിൽ കാലുകുത്തി തന്റെ വിശുദ്ധി തെളിയിച്ചത് ഇവിടെയാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു.

ഇതിന്റെ പുറകിൽ രാമായണത്തിലെ കഥ ഇതാണ്. രാവണനെ തോൽപ്പിച്ച് സീതയെ തടവിൽ നിന്ന് രക്ഷിച്ച ശേഷം, രാവണന്റെ കൊട്ടാരത്തിൽ സീത താമസിച്ചിരുന്നു എന്ന കിംവദന്തികൾ കാരണം രാമൻ സീതാദേവിയുടെ വിശുദ്ധിയെ പരസ്യമായി സംശയിച്ചു. ഹൃദയം തകർന്ന സീത ഒരു അഗ്നി പരീക്ഷണം ആവശ്യപ്പെട്ടു. അവർ ജ്വലിക്കുന്ന ജ്വാലയിൽ പ്രവേശിച്ചു, തന്റെ നിരപരാധിത്വം പ്രഖ്യാപിച്ചു. അഗ്നിദേവൻ തന്നെ അവരെ ഉയർത്തിക്കൊണ്ടുവന്ന്, രാമനോടുള്ള സീതയുടെ പവിത്രത സ്ഥിരീകരിച്ചു.

ക്ഷേത്രത്തിന്റെ സിംഹള നാമമായ ‘ദിവുരുമ്പോള’ എന്നാൽ സത്യപ്രതിജ്ഞാ സ്ഥലം എന്നാണ് അർഥം. ഇവിടെ സത്യപ്രതിജ്ഞ ചെയ്യുന്ന വാഗ്ദാനങ്ങൾ ഇന്നും ശ്രീലങ്കൻ കോടതികളിൽ നീതിന്യാത്തിനു പ്രാധാന്യം നൽകുന്നു എന്നത് മറ്റൊരു പ്രത്യേകത.
എല്ലയിലെ രാവണൻ്റെ ഗുഹയും രാവണ വെള്ളച്ചാട്ടവും. ഇതും രാവണൻ സീതയെ ഒളിപ്പിച്ച സ്ഥലം എന്ന പേരിൽ അറിയപ്പെടുന്നു. അത് പോലെ തീർത്ഥാടകരെ ആകര്ഷിക്കുന്നവയാണ് ശ്രീ ഭക്ത ഹനുമാൻ ക്ഷേത്രവും നുവാര എലിയയ്ക്ക് സമീപമുള്ള ഗായത്രി പീഠവും.

തെക്ക്, കിഴക്കൻ പ്രദേശങ്ങളിലേക്ക് നോക്കിയാൽ പ്രധാനം ഹോർട്ടൺ സമതലത്തിലെ തോട്ടുപോള കണ്ടയാകും സീതയെയും കൊണ്ടുവന്ന പുഷ്പക വിമാനം ഇറങ്ങിയത് ഇവേദിയാണ് എന്നാണ് വിശ്വാസം. ലഹുഗലയിൽ രാവണൻ്റെ കാൽപ്പാടുകളും യുദ്ധ സ്ഥലങ്ങളും കാണാം.

കൊളംബോയിലുള്ള പഞ്ചമുഖ ആഞ്ജനേയർ ക്ഷേത്രവും കേളനിയ ക്ഷേത്രവും ഇതുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ തന്നെ. വിഭീഷണൻ്റെ പട്ടാഭിഷേകവും നടന്ന സ്ഥലമെന്ന പ്രശസ്തിയാണ് കേളനിയ ക്ഷേത്രത്തിന്റേത്.

രാമായണ പാതയ്ക്ക് വിനോദസഞ്ചാരികളിൽ നിന്ന്, പ്രത്യേകിച്ച് ഇന്ത്യക്കാരിൽ നിന്ന് വളരെ ഗുണകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇത് ശ്രീലങ്കയുടെ പ്രതിസന്ധിക്കുശേഷം ടൂറിസം വീണ്ടെടുക്കലിന് ഗണ്യമായ പ്രോത്സാഹനം തന്നെയായിരുന്നു. വിശ്വാസത്തെ എങ്ങനെ ഗുണകരമായി ഒരു രാജ്യത്തിന്റെ സമ്പത്തിനായി ഉപയോഗിക്കാം എന്ന ഒരു പാഠം കൂടി തരുന്നുണ്ട് ഈ രാമായണം പാത. വിശ്വാസം അതല്ലേ എല്ലാം.

ഡോ. സുനീത് മാത്യു

Leave a Reply

Your email address will not be published. Required fields are marked *