ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം1

നമ്മുടെ ആരോഗ്യ സുസ്ഥിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന നാലു ശരികളുണ്ട്. ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ലൈംഗീകത എന്നിവയാണവ. ഇവ നാലും ശരിയായവിധത്തിലാണെങ്കിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ഇതിൽ ഏതിലെങ്കിലും മാറ്റമുണ്ടായാൽ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമുണ്ടാകാനിടയില്ല.

നല്ലൊരു ശതമാനം ആളുകൾ ലൈംഗീക പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശരിയായ ലൈംഗീക വിദ്യാഭ്യാസമോ അവബോധമോ വളർത്തുന്നതിൽ വിദ്യാലയങ്ങൾ പരാജയപ്പെടുന്നത് തന്നെയാണിതിന്റെ മുഖ്യ ഹേതു. അതിന്റെ ഭാഗമായി തന്നെയാകാം ലൈംഗീകതക്ക് ഒരു രഹസ്യ സ്വഭാവമുണ്ടായത്.

ഇത്തരം പ്രശ്നങ്ങൾ അംഗീകരിക്കുവാനും തുറന്നുപറയുവാനും മിക്കവരും തയ്യാറല്ല. ഭക്ഷണവും വ്യായാമവും ഉറക്കവും പോലെതന്നെയാണിതെന്നു പലരും ഓർക്കാറുപോലുമില്ല. ശരിയായ ലൈംഗീക വിദ്യാഭ്യാസം ലൈംഗീക രോഗങ്ങൾ പ്രതിരോധിക്കുന്നതിന് മാത്രമല്ല പല മാനസിക പ്രശ്നങ്ങളും രോഗങ്ങൾ തന്നെയും പ്രതിരോധിക്കുന്നതിൽ തികച്ചും ഫലപ്രദമാണ്.

ചെറിയ കുട്ടികളിൽ നിന്ന് തന്നെയാണിത് തുടങ്ങേണ്ടത് എന്നതാണ് ശരിയായ രീതി. ലൈംഗീക അവയവങ്ങളുടെ ഘടന, വ്യത്യാസം, വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ കുട്ടികൾ മനസിലാക്കിയിരിക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഋതുമതി ആകുന്നതിനെക്കുറിച്ചും മാസമുറകളെക്കുറിച്ചും പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതു തന്നെയാണ്.

ശാരീരിക വളർച്ചയെന്നപോലെ ലൈംഗീക വളർച്ചയും ആൺ പെൺ കുട്ടികളിൽ വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിലുള്ള അവബോധം പരസ്പര ബഹുമാനത്തിനും ആരോഗ്യകരമായ സ്ത്രീ പുരുഷബന്ധങ്ങൾക്കും സഹായകരമാകും. കുട്ടികളുടെ ഇത്തരം സംശയങ്ങളെ അസഹിഷ്ണുതയോടെയാണ് മാതാപിതാക്കളും അധ്യാപകരും കാണുന്നത്. ഇത് തികച്ചും നിർഭാഗ്യകരമാണെന്നു മാത്രമല്ല നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നവും കൂടിയാണ്.

ലൈംഗീക പ്രശ്നങ്ങൾ:

ലൈംഗീക പ്രശ്നങ്ങൾ നമുക്ക് രണ്ടായിത്തിരിക്കാം. പുരുഷന്മാരുടെ പ്രശ്നങ്ങൾ എന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നും. ലൈംഗീക അവയവങ്ങളെ പോലെതന്നെ പ്രശ്നങ്ങളും വ്യത്യസ്തമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പലപ്പോഴും പുറത്തറിയാറില്ല. വിദേശങ്ങളിൽ പലപ്പോഴും ലൈംഗീകതയെക്കുറിച്ചു പറയാൻ അവർക്കു അവസരം കിട്ടാറുണ്ട്. എന്നാൽ സംസ്കാരത്തെക്കുറിച്ചു ഊറ്റംകൊള്ളുന്ന നമ്മുടെയിടയിൽ അത് അശ്ലീലമായിമാറുന്നു. ഈ മനോഭാവമാണ് മാറേണ്ടത്.

പുരുഷന്മാരുടെ പ്രധാന പ്രശ്നങ്ങളായി നാംകണ്ടുവരുന്നത് ഉദ്ധാരണക്കുറവും ശീഘ്രസ്കലനവുമാണ്. എന്നാൽ ഇതല്ലാതെയും ചില പ്രശ്നങ്ങൾ പുരുഷന്മാർക്കുണ്ടാകുന്നുണ്ട്. സ്കലനം നടക്കാതിരിക്കുക, വേദനയോടു കൂടിയ ഉദ്ധാരണം, താത്പര്യമില്ലായ്മ, അമിത താത്പര്യം തുടങ്ങിയവയാണവ.

ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ, ചില രോഗങ്ങൾ, ചില മരുന്നുകൾ, പുകവലി, മദ്യപാനം തുടങ്ങി വിഷാദം, ദാമ്പത്യത്തിലെ അലോസരങ്ങൾ, ചെറുപ്പത്തിലെ ലൈംഗീക പീഡനങ്ങൾ, ജോലിസംബന്ധമായ സമ്മർദങ്ങൾ, സ്വന്തം ലൈംഗീക പ്രവൃത്തിയിലുള്ള ആകാംഷ എന്നിങ്ങനെ പലതാണ് ഇത്തരം പ്രശ്നങ്ങളുടെ പുറകിൽ.

സ്ത്രീകളുടെ പ്രശ്നങ്ങൾ ഇതിൽനിന്നു കുറച്ചുകൂടി വ്യത്യസ്തമാണ്. ലൈംഗീക വികാരം ഉണ്ടാകാതിരിക്കുക, ലൈംഗീക ബന്ധത്തിൽ താത്പര്യം കുറയുക, രതിമൂർച്ച ഉണ്ടാകാതിരിക്കുക, യോനിയിലെ വേദന കാരണം ബന്ധപ്പെടൽ ദുസ്സഹമാകുക തുടങ്ങിയവയാണ് ഇവരിൽ കണ്ടു വരുന്നത്. ഇതോരോന്നിന്റെയും കാരണങ്ങൾ വ്യത്യസ്തമാണ്. ഇതിൽ വേദനയുടെ കാരണം ശാരീരികമായിരിക്കാനാണ് കൂടുതൽ സാധ്യത. അണുബാധ എൻഡോമെട്രിയോസിസ്, അണ്ഡാശയമുഴകൾ, തുടങ്ങി യോനീ പേശികളുടെ സങ്കോചംവരെയാകാം ഇതിന്റെ കാരണങ്ങൾ.

ലൈംഗീകതയിലുള്ള അജ്ഞാനം, ഹോർമോണുകളുടെ വ്യത്യാസം, വിഷാദം, അനീമിയ, ആകാംഷാ രോഗങ്ങൾ, ഗാർഹീക പീഡനങ്ങൾ, ജീവിത സാഹചര്യങ്ങൾ തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ സ്ത്രീയുടെ ലൈംഗീകതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ലൈംഗീക പ്രശ്നങ്ങൾ എന്തുമാകട്ടെ, ഏതുലിംഗവുമാകട്ടെ അത് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ദ്ധ സേവനം തേടുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. ഒരു ലൈംഗീകരോഗ ചികിത്സകനോ മനഃശാസ്ത്രജ്ഞനോ വളരെയെളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നവയാണ് മിക്ക പ്രശ്നങ്ങളും. ചില പ്രശ്നങ്ങൾക്ക് ഔഷധ ചികിത്സയും ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ വളരെ ഫലപ്രദമായി കണ്ടുവരുന്നുണ്ട്. മരുന്നിനോടൊപ്പം കൗൺസിലിംഗ്, ബിഹേവിയറൽ ചികിത്സകളും ആവശ്യമായിവന്നേക്കാം.

(തുടരും)

 

ഡോ. സുനീത് മാത്യു

One thought on “ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം1”

  1. വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഡോക്ടർ ഇവിടെ ചെയ്തിരിക്കുന്നത്.
    പലരും ഗൗരവത്തിലെടുക്കാതിരിക്കുന്നതും
    രോഗാവസ്ഥ ഗോപ്യമായി വെയ്ക്കക്കുന്നതും
    സമൂഹത്തിന്റെ വീക്ഷണത്തിലെ
    അപാകത തന്നെയാണ്.
    ശരിയായ സമയത്ത് ശശിയായ
    ചികിത്സ ലഭിച്ചാൽ പരിഹരിക്കാൻ
    കഴിയുന്ന പ്രശ്നങ്ങൾ
    ജീവിതകാലം മുഴുവൻ സ്വയം ശപിച്ചോ
    പഴി കേട്ടോ തുടരുന്നു.
    ഈ ലേഖനം അതിന് ഒരു
    പരിഹാരമാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *