AI ഒരുമ്പെട്ടാൽ!

ഈയടുത്തകാലത്തായി നിർമ്മിത ബുദ്ധിയെ (Artificial Intelligence – AI) കുറിച്ചുള്ള ധാരാളം വാർത്തകൾ വരുന്നുണ്ട്‌. മാത്രമല്ല നാമെല്ലാം ജനറേറ്റീവ് AI (Generative AI) എന്ന നിർമ്മിതബുദ്ധി സർവസാധാരണമായി ഉപയോഗിക്കുന്നുമുണ്ട്. ChatGPT, Gemini, Copilot എന്നീ ജനറേറ്റീവ് AI ടൂളുകൾ നമ്മുടെ സാധാരണ ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു.

പക്ഷെ നിർമ്മിതബുദ്ധിയുടെ വളർച്ചയക്കുറിച്ചും ഭാവിയെക്കുറിച്ചും കഥകൾ, അല്ലെങ്കിൽ പ്രവചനങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. മിക്കകഥകളും പറയുന്നത് ഭാവിയിൽ നിർമ്മിത ബുദ്ധിയാൽ ചലിക്കുന്ന യന്ത്രങ്ങൾ വിവിധ തൊഴിൽ മേഘലകളെ മാറ്റിമറിക്കുമെന്നും, അവ മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും എന്നൊക്കെയാണ്. യന്ത്രങ്ങൾ മനുഷ്യരെ അപ്രസക്തരാക്കും എന്ന ചിന്തയാണ് പ്രധാനമായും ഉരുത്തിരിഞ്ഞു വരുന്നത്.

എന്നിരുന്നാലും, ചരിത്രം പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ്. ഓരോ മഹത്തായ സാങ്കേതിക മുന്നേറ്റവും, വിവേകത്തോടെ കൈകാര്യം ചെയ്യുമ്പോൾ, മനുഷ്യന്റെ തകർച്ചക്ക് പകരം അഭിവൃദ്ധിയുടെ പുതിയ യുഗങ്ങൾ തുറന്നിട്ടുണ്ട് എന്നാണ് കാണാൻ കഴിയുന്നത്. അച്ചടി യന്ത്രം, വൈദ്യുതിവൽക്കരണം, വ്യാവസായിക യന്ത്രവൽക്കരണം, കൂടാതെ ആണവോർജ്ജം പോലും, അവയുടെ ശക്തിയെ സുരക്ഷിതമായി നയിക്കാൻ കഴിവുള്ള സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് മുമ്പ് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷെ അവയൊന്നും വിചാരിച്ചപോലെ വിനാശം വിതച്ചില്ല. അണുവായുധങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉപയോഗിച്ചിട്ടേയില്ല എന്നുമാത്രമല്ല ഈ കണ്ടുപിടുത്തം കൂടുതലായും നന്മകളാണ് ഉണ്ടാക്കിയിട്ടുള്ളത്.

AI വിപ്ലവവും ഈ ചരിത്രപരമായ വികസന പരമ്പരയിലെ അവസാന കണ്ണിയാണെന്നു വേണം കരുതാൻ. എന്നാൽ മുൻകാലങ്ങളിലെ മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി AI മനുഷ്യൻ്റെ ചിന്താശേഷിയെയാണ് ഉയർത്തുന്നത്. ഈ കാരണം കൊണ്ടാണ് ഇവ മനുഷ്യനെ കടത്തിവെട്ടി എല്ലാത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുമോയെന്നു നമ്മൾ ചിന്തിക്കുന്നത്.
ഈ പറയുന്ന പ്രശ്നങ്ങളൊക്കെയും യുക്തിപരമാണെങ്കിലും അവയൊന്നും ഈ പറയുന്ന വേഗത്തിലും ശക്തിയിലും നമ്മെ ബാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. മാത്രവുമല്ല AI ക്കു നമ്മൾ നേരിടുന്ന പല പ്രശ്നങ്ങളെയും വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട് എന്നതാണ് പ്രധാന കാര്യം. ആദ്യം AI നമുക്ക് നൽകിയേക്കാവുന്ന സംഭാവനകളെക്കുറിച്ചു പറഞ്ഞിട്ട് പിന്നെ ഇതിൻ്റെ ഈപറയുന്ന ഭീകരമായ വശത്തേക്ക് തിരികെവരാം.

AI നൽകുന്ന ഏറ്റവും ശക്തമായ സംഭാവനകളിലൊന്ന് നമ്മെ അലട്ടുന്ന പല പ്രശ്‌നങ്ങൾക്കും ഇതു കാര്യക്ഷമമായ പരിഹാരം കണ്ടെത്തും എന്നതാണ്. ആധുനിക നാഗരികത അഭൂതപൂർവവും സങ്കീർണ്ണവുമായ വെല്ലുവിളികളെയാണ് നേരിടുന്നത് എന്ന് നമുക്കറിയാം. കാലാവസ്ഥാ അസ്ഥിരത, മഹാമാരികൾ, ദുർബലമായ വിതരണ ശൃംഖലകൾ, അപര്യാപ്‌തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആഴത്തിലുള്ള വിശകലന ശേഷിയും, വേഗതയുമുള്ള ഡാറ്റാ വിശകലനം ആവശ്യമാണ്. AI വൻതോതിലുള്ള ഡാറ്റാകളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുന്നതിൽ മികവ് പുലർത്തുന്നു. ഇത് പ്രശ്നപരിഹാരങ്ങൾക്കുള്ള വഴിതുറന്നേക്കാം. ചില ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ, കാലാവസ്ഥാ ശാസ്ത്രജ്ഞർ തീവ്രമായ കാലാവസ്ഥാ ചക്രങ്ങൾ പ്രവചിക്കാനും, അതിനെ നേരിടാനുള്ള തന്ത്രങ്ങൾ രൂപകൽപ്പന ചെയ്യാനും AI-യെ ഉപയോഗിക്കുന്നു. ആരോഗ്യരംഗത്ത്, വൈറസ് പരിണാമം വിശകലനം ചെയ്ത് പകർച്ചവ്യാധികൾ മുൻകൂട്ടി കാണാനും, പതിറ്റാണ്ടുകൾ എടുത്തിരുന്ന മരുന്ന്ഗവേഷണ പ്രക്രിയകൾ മാസങ്ങളായി കുറയ്ക്കാനും AI സംവിധാനങ്ങൾ സഹായിക്കുന്നു. ഇതു AI കൊണ്ടുള്ള ചില വലിയ നേട്ടങ്ങളാണ്.

ഇനി നമ്മുടെ ഏറ്റവും വലിയ ഭയം, ഈ AI വളർച്ച മനുഷ്യന്റെ തലച്ചോറിനും പേശീബലത്തിനും അതീതമായി വളർന്നു മനുഷ്യനെത്തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കെത്തുമോ എന്നതാണ്. അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും, അത്തരം ഒരു വിപത്തു വിദൂരമാണെന്നു പറയേണ്ടിവരും. AI ധാരാളം തൊഴിലുകൾ അപ്രസക്തമാക്കുമെന്നും, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും നമുക്കെല്ലാം ഇപ്പോൾ തന്നെ അറിയുന്നതാണ്. ഇനിയും ഈ തരത്തിലുള്ള പലകാര്യങ്ങളും സംഭവിക്കും. അത് നമുക്ക് തടയാൻ കഴിയില്ല എന്നുമാത്രമല്ല തടയേണ്ട കാര്യവും ഇല്ല. കാരണം അത് ഉത്പാദനക്ഷമതയും, സാമ്പത്തിക വളർച്ചയും ഉണ്ടാക്കും എന്നത് തന്നെ.

ഇതിനൊക്കെപ്പുറമെ സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന അതിബുദ്ധിയായി AI വളരും എന്ന് വിചാരിക്കാൻ തൽക്കാലം നിവൃത്തിയില്ല. അതിനു പ്രധാനമായ കാരണം AIയെക്കുറിച്ചുള്ള ധാരണകളിലെ ഒരു പ്രധാന പിശകാണ്. ബുദ്ധിയെയും സ്വയംഭരണ ശേഷിയെയും (Agency) ഒന്നായി കണക്കാക്കുന്നു എന്നതാണീ പിശക്. AI-യുടെ ബുദ്ധി എന്നത് വിവരങ്ങൾ വിശകലനം ചെയ്യാനും, പ്രവചിക്കാനും, ഭാഷ നിർമ്മിക്കാനുമുള്ള ഗണിതപരമായ ഒരു കഴിവാണ്. എന്നാൽ, സ്വയംഭരണ ശേഷി അല്ലെങ്കിൽ ഏജൻസി എന്നാൽ, എന്തെങ്കിലും ആഗ്രഹിക്കാനും, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാനും, സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാനുമുള്ള കഴിവാണ്. ഇത് ഭയം, പ്രതീക്ഷ, അഭിലാഷം തുടങ്ങിയവ അടങ്ങുന്ന ബോധമനസ്സിൽ (consciousness) നിന്ന് ഉണ്ടാകുന്നതാണ്. AI-ക്ക് ആന്തരികമായ ഒരു ലോകമോ, ഭാവിയെക്കുറിച്ചുള്ള ഭയമോ, അല്ലെങ്കിൽ ലോകത്ത് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമോ ഇല്ല. അത് യാതൊരു വികാരങ്ങളുമില്ലാത്ത , നിസ്സംഗതയോടെ, അതിൻ്റെ പ്രവർത്തനങ്ങൾ മാത്രം നിർവ്വഹിക്കുന്ന ഒരു സിസ്റ്റം മാത്രമാണ്.

AI ആധിപത്യം സ്ഥാപിക്കാൻ പദ്ധതിയിടുന്നു എന്ന നമ്മുടെ ഭയം യഥാർത്ഥത്തിൽ AI-യുടെ സ്വഭാവമല്ല, മറിച്ച് അത് മനുഷ്യൻ്റെ മനഃശാസ്ത്രമാണ് വെളിപ്പെടുത്തുന്നത്. അധികാരത്തോടുള്ള ആർത്തി, ഇല്ലാതായി പോകുമോ എന്ന ഭയം തുടങ്ങിയ നമ്മെ നയിക്കുന്ന മനുഷ്യ സഹജമായ കാര്യങ്ങൾ നമ്മൾ AI-യിൽ ആരോപിക്കുന്നു. ഉദാഹരണത്തിന് ഒരു ചെസ്സ് എഞ്ചിൻ ജയിക്കാൻ ആഗ്രഹിക്കുന്നില്ല; അത് ഏറ്റവും നല്ല നീക്കം മാത്രം നിർമ്മിക്കാൻ നോക്കുകമാത്രം ചെയ്യുന്നു. ഒരു കാലാവസ്ഥാ മോഡലിന് നഗരങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോകുന്നതിൽ ദുഃഖമുണ്ടാകില്ല.

പറഞ്ഞു വന്നത് AI-യുടെ ഔട്ട്പുട്ടുകൾ ഉണ്ടാക്കുന്നത് പ്രത്യേകം ഉദ്ദേശങ്ങളൊന്നുമില്ലാതെയാണ് എന്നാണ്. അത് നമ്മൾ നൽകുന്ന ഡാറ്റയിലെ പാറ്റേണുകൾ കാണിക്കുന്നു, കാര്യങ്ങൾ പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. തീരുമാനങ്ങൾ എടുക്കാനാവിശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. ചുരുക്കത്തിൽ, പറയുന്നതും ചോദിക്കുന്നതുമായ കാര്യങ്ങൾ AI ചെയ്തുതരുന്നു. ഇതൊക്കെക്കണ്ട് AI ഭാവിയിൽ ഇതൊക്കെ സ്വന്തമായി മനസ്സിലാക്കി ചെയ്യും എന്ന് ഭയന്നാൽ അതിൽ വലിയ കാര്യം ഉണ്ടെന്നു പറയാൻ കഴിയില്ല. എനിക്ക് തോന്നുന്നത് ഇവിടെ സംഭവിക്കുന്നത് AI-യുടെ ശക്തിയെ നമ്മൾ പർവ്വതീകരിച്ചു കാണുന്നതല്ല, മറിച്ച് മനുഷ്യൻ്റെ അസ്തിത്വത്തിൻ്റെ സാധ്യതകളെ, മനുഷ്യ സഹജമായ കഴിവുകളെ നമ്മൾ വിലകുറച്ചു കാണുന്നു എന്നതാണ്.

മനുഷ്യൻ്റെ കഴിവുകൾ അത്ഭുതാവഹമാണ്. അത് ബോധം, ബോധ്യം, സ്വാതന്ത്ര്യം, ഉത്തരവാദിത്തം, ലക്ഷ്യങ്ങൾക്കുവേണ്ടി ശ്രമിക്കാനുള്ള കഴിവ് എന്നിവയുടെ കൂട്ടായ്‌മയാണ്‌. മനുഷ്യസഹജമായ ഈ കഴിവവുകൾ AI-യുടെ അൽഗോരിതങ്ങൾക്ക് ഒരിക്കലും നേടാനാവില്ല, അല്ലെങ്കിൽ അടുത്തെങ്ങും നേടാനാകില്ല എന്ന് പറയാം.

ചുരുക്കത്തിൽ AI-യെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠ യഥാർത്ഥത്തിൽ യന്ത്രങ്ങൾ മനുഷ്യനെ കീഴടക്കുന്നതിനെക്കുറിച്ചല്ല എന്ന് തോന്നുന്നു. മറിച്ചു യന്ത്രങ്ങൾ മനുഷ്യരാകുമെന്ന ഭയമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള സാധ്യത വളരെ വിദൂരം എന്നുമാത്രമല്ല, ഏറെക്കുറെ അസാധ്യവുമാണ്. അതുകൊണ്ട് തന്നെ ഏറ്റവും സാധ്യതയുള്ള ഒരു നാളെയിൽ മനുഷ്യരും AI യും പരസ്പരം പൂരകങ്ങളായി സഹവസിക്കുക എന്നതാണ് ഉത്തമം. അവിടെ, ലക്ഷ്യം, ധാർമ്മികത, ഭാവന, സ്വയംഭരണ ശേഷി (Agency) എന്നിവ മനുഷ്യർ സംഭാവന ചെയ്യുമ്പോൾ, വേഗത, വ്യാപ്തി, കൃത്യത എന്നിവ AI പ്രദാനം ചെയ്യുന്നു. അങ്ങനെയുള്ള ഒരു ലോകത്തിൽ, യന്ത്രങ്ങൾ നമ്മെപ്പോലെയായി മാറുമോ എന്ന് നമ്മൾ ഭയപ്പെടെണ്ടതില്ല. പകരം, മനുഷ്യർക്ക് മാത്രം കഴിയുന്ന മൂല്യങ്ങൾ, ഉത്തരവാദിത്തങ്ങൾ, ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ എന്നിവ നാം നടത്തുമ്പോൾ തന്നെ, നമ്മുടെ കഴിവുകൾ വികസിപ്പിക്കാനായി നമ്മൾ AI-യെ ഉപയോഗിക്കുന്നു. അങ്ങനെയാകട്ടെ നമ്മുടെ ഭാവി എന്ന് ആശംസിക്കാം.

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്: ഭാഗം 2, അധ്യായം 6

കൊളംബോ

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോ, ചരിത്രം, സംസ്കാരം, പ്രകൃതി സൗന്ദര്യം, ആധുനികത എന്നിവയാൽ സമ്പന്നമായ ഒരു കോസ്മോപോളിറ്റൻ നഗരമാണ്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കാലഘട്ടങ്ങളിലെ കൊളോണിയൽ പൈതൃകം മുതൽ ഇന്നത്തെ ആധുനിക സൗകര്യങ്ങളടക്കം വൈവിധ്യമാർന്ന അനുഭവങ്ങൾ സഞ്ചാരികൾക്ക് പകർന്നു നൽകുന്ന വളരെയധികം വൃത്തിയുള്ള ഒരു നഗരം എന്ന് നിസ്സംശയം പറയാം. ഞാൻ ആദ്യമായി കൊളംബോ നഗരത്തിൽ കാലുകുത്തുന്നത് പതിനഞ്ച് വർഷങ്ങൾക്കു മുൻപാണ്. അതിനു ശേഷം പലപ്രാവശ്യം ഇവിടം സന്ദർശിച്ചിട്ടുണ്ട്.

ഗംഗാരാമയ ക്ഷേത്രം, കൊളംബോ നാഷണൽ മ്യൂസിയം, ഇൻഡിപെൻഡൻസ് മെമ്മോറിയൽ ഹാൾ, ഡച്ച് പീരിയഡ് മ്യൂസിയം, പഴയ പാർലമെന്റ് കെട്ടിടം എന്നിവ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. കൊളംബോയുടെ സമ്പന്നമായ ചരിത്രവും വാസ്തുവിദ്യാ പൈതൃകവും ഈ സ്ഥലങ്ങൾ പ്രദർശിപ്പിക്കുന്നു. ഗാലെ ഫേസ് ഗ്രീൻ, മൗണ്ട് ലാവീനിയ ബീച്ച്, വിഹാരമഹാദേവി പാർക്ക്, ബെയ്റ തടാകം, ദിയാസരു പാർക്ക് എന്നിവ പ്രകൃതിഭംഗിയുടെയും വിനോദത്തിന്റെയും കേന്ദ്രങ്ങളാണ്. അത്തിഡിയ പക്ഷിസങ്കേതം, ദെഹിവാല മൃഗശാല എന്നിവിടങ്ങളും സന്ദർശിക്കേണ്ട ഇടങ്ങൾ തന്നെയാണ്.

പേട്ട മാർക്കറ്റ് ഊർജ്ജസ്വലമായ ഷോപ്പിംഗിന് പേരുകേട്ടതാണ്. നഗരത്തിലെ രാത്രിജീവിതം ആസ്വദിക്കുന്നവർക്കും ഇവിടെ അവസരങ്ങൾ അനവധി. കാസിനോകൾ (ബെല്ലാജിയോ, ബാലിസ്), ട്രാൻസ്സിംഗ് ബാറുകൾ, തീം പബ്ബുകൾ, ബീച്ച് പാർട്ടികൾ എന്നിവ സഞ്ചാരികൾക്ക് ആഘോഷമാക്കാവുന്നതാണ്.

ലോട്ടസ് ടവർ, ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ടവർ ആണ്. 351.5 മീറ്റർ ആണ് ഇതിന്റെ ഉയരം. ഇതിന്റെ മുകളിൽ ഓഡിറ്റോറിയം,ഹോട്ടൽ, റെസ്റ്റോറന്റ്, ഷോപ്പിംഗ് മാൾ, ഒബ്സെർവഷൻ ഡെസ്ക് തുടങ്ങി ഒരു വിസ്മയം തന്നെ ഒരുക്കിയിട്ടുണ്ട്. ഒബ്സെർവഷൻ ഡെസ്ക് ഗംഭീരമായ നഗര കാഴ്ചകൾ പ്രദാനം ചെയ്യുന്നു.

കൊളംബോയിലെ അത്ര അറിയപ്പെടാത്ത ചില ചരിത്ര സ്ഥലങ്ങൾ കൂടി പറയാതിരിക്കുന്നത് ശരിയല്ല. നഗരത്തിന്റെ കൊളോണിയൽ, മത, ഭൂതകാലത്തിലേക്ക് കൗതുകകരമായ ഒരു കൂട്ടിക്കൊണ്ടുപോകൽ കൂടിയാകും ഇത്. ഈ മറഞ്ഞിരിക്കുന്ന രത്നങ്ങൾ സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് പോകുന്നു, ചരിത്ര പ്രേമികൾക്ക് കൊളംബോയുടെ ശാന്തവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ കാഴ്ചകൾ അനുഭവഭേദ്യമാക്കുന്നു.

പഴയ ഡച്ച് പള്ളി (വോൾവെൻഡാൽ പള്ളി): 1757-ൽ നിർമ്മിച്ച ഇത് ശ്രീലങ്കയിൽ ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴക്കമുള്ള പ്രൊട്ടസ്റ്റന്റ് പള്ളികളിൽ ഒന്നാണ്. ഡച്ച് കൊളോണിയൽ വാസ്തുവിദ്യയും ശാന്തമായ അന്തരീക്ഷവും ഈ പള്ളിയിൽ കാണാം. നഗരത്തിന്റെ പല പാളികളുള്ള കൊളോണിയൽ പൈതൃകത്തിന്റെ പ്രതീകമായി ഇത് വേറിട്ടുനിൽക്കുന്നു.

പഴയ ഡച്ച് മ്യൂസിയം: പേട്ട മാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ പുനഃസ്ഥാപിത കൊളോണിയൽ കെട്ടിടം ഡച്ച് ഗവർണർ തോമസ് വാൻ റീയുടെ വസതിയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഡച്ച് കൊളോണിയൽ ഭരണത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ മ്യൂസിയം, നൂറ്റാണ്ടുകൾ പഴക്കമുള്ള കരകൗശല വസ്തുക്കളും ദൈനംദിന ജീവിതവും പ്രദർശിപ്പിച്ചിരിക്കുന്നു.

പഴയ സിറ്റി ഹാൾ: മെയിൻ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന, നിയോക്ലാസിക്കൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഈ മുനിസിപ്പൽ കെട്ടിടം ഒരു മറഞ്ഞിരിക്കുന്ന വാസ്തുവിദ്യാ രത്നമാണ്. കൊളംബോയിലെ ആദ്യത്തെ സിറ്റി കൗൺസിൽ മീറ്റിംഗിന്റെ പുനർനിർമ്മാണത്തിന്റെ മെഴുക് രൂപങ്ങൾ ഇതിന്റെ ഉൾഭാഗത്തുണ്ട്, കൂടാതെ തറനിരപ്പിലുള്ള മ്യൂസിയത്തിൽ വിന്റേജ് ഉപകരണങ്ങളും വാഹനങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

ബൊറെല്ല സെമിത്തേരി: വെറുമൊരു വിശ്രമസ്ഥലം എന്നതിലുപരി, അലങ്കരിച്ച ശവകുടീരങ്ങളും നിരവധി പ്രമുഖ വ്യക്തികളുടെ ശവകുടീരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കൊളംബോയുടെ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് ചിന്തിക്കാൻ അനുയോജ്യമായ ഒരു ഇടമാണ്.

റെഡ് മോസ്ക് (ജാമി ഉൽ-അൽഫാർ മോസ്ക്): ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ആകർഷകമായ പുറംഭാഗം സന്ദർശകരെ ആകർഷിക്കുന്നു. പള്ളിയുടെ ഉൾഭാഗവും തിരക്കേറിയ പേട്ടയിലെ പശ്ചാത്തലവും കൊളംബോയുടെ വൈവിധ്യമാർന്ന മതപൈതൃകത്തിൽ താൽപ്പര്യമുള്ളവർക്ക് ആകർഷകമായ ഒരു ഇടമാണ്.

ശ്രീലങ്കയുടെ ഭക്ഷണവൈവിധ്യം എടുത്തുപറയേണ്ട ഒന്നാണ്. ദക്ഷിണേന്ത്യൻ ഭക്ഷണ വിഭവങ്ങളുമായി ആണ് കൂടുതൽ സാമ്യം. അതിൽ തന്നെ കേരളവുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്. വെളിച്ചെണ്ണയും തേങ്ങയുമാകും അതിനുള്ള പ്രധാന കാരണങ്ങൾ. അരിയാണ് മിക്ക ഭക്ഷണങ്ങളുടെയും പ്രധാന ചേരുവ. സുഗന്ധദ്രവ്യങ്ങൾ, ദോശ, ഇഡ്ഡലി, സാമ്പാർ തുടങ്ങിയ വിഭവങ്ങൾ എല്ലാം നമ്മുടെ ഭക്ഷണ രീതിയെ അനുസ്മരിപ്പിക്കുന്നതാണ്. സിലോൺ പൊറോട്ട, കൊത്തുപൊറോട്ട എന്നീ വിഭവങ്ങൾ ഇന്ത്യയിലെത്തിയത് ശ്രീലങ്കയിൽ നിന്നുമാണ്.

ഡോ. സുനീത് മാത്യു

ആത്മാവിഷ്കാരത്തിന്റെ അനശ്വരത: ഒടുവിലത്തെ പ്രേമം

ആത്മാവിഷ്കാരത്തിന്റെ അനശ്വരത – ഒടുവിലത്തെ പ്രേമം (നിരൂപണപഠനം) 

പ്രപഞ്ചശക്തിയുടെ മഹാവിസ്ഫോടനഫലമെന്നോണം സൃഷ്ടി മുതൽ കല്പാന്തംവരെ ഭൂമിയൊരു പ്രണയഗോളമായി രൂപവത്കരിക്കപ്പെടുന്നു. സർവ്വചരാചരങ്ങളും ഓരോ ഋതുവിലും സ്നേഹത്തെ എടുത്തണിയുന്നവരാകുന്നു. പൂവും പുഴുവും, സൂര്യനും ചന്ദ്രനും കാറ്റും ഇലകളും പോലും പ്രണയത്തിന്റെ പങ്കാളികളായി മാറുന്നു. കവിഭാവനകളുടെ ഉന്മാദമായ വിഷയമായി പ്രണയം ( പ്രേമം) ഉടലെടുത്തിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ഓരോ ഋതുഭേദങ്ങളും പ്രണയത്തിന്റെ പുതിയ ഭാവങ്ങളുമായി പുനർജ്ജനിക്കുന്നു.
കവിതകൾ, ചെറുകഥകൾ, നോവലുകൾ കവിഞ്ഞൊഴുകി ആസ്വാദകവൃന്ദത്തിന്റെ സ്നേഹോഷ്മളമായ ഹൃദയാടിത്തട്ടിലേക്ക് പ്രണയം പരന്നൊഴുകിക്കൊണ്ടിരുന്നു.

” ഒടുവിലത്തെ പ്രേമം ” പ്രണയമാനങ്ങളിൽ….”

ഒടുവിലത്തെ പ്രേമം അഥവാ ഒരു ആത്മസ്നേഹപദ്ധതി.

സമകാലിക നോവലുകളുടെ പ്രമേയങ്ങളെ പരിശോധനാവിധേയമാക്കുമ്പോൾ അവയെല്ലാം ആത്മസ്നേഹം അഥവാ അവനവനോടുള്ള സ്നേഹമെന്നുള്ള
നൂതന ചിന്താപദ്ധതിയുടെ രൂപരേഖ കൂടിയാണെന്ന് തിരിച്ചറിയുവാൻ സാധിക്കും. സ്വാർത്ഥത എന്നതിലുപരി അതിനൊരു മനഃശാസ്ത്രപരമായ മാനം വന്നു ചേർന്നതായി വീക്ഷിക്കുവാൻ സാധിക്കും. “ദിവ്യ അനു അന്തിക്കാട് ” എഴുതിയ
” ഒടുവിലത്തെ പ്രേമം” മുന്നോട്ടുവെയ്ക്കുന്ന തത്വവും പ്രണയത്തിന്റെ ഭാഗമായി മാറുന്ന സ്വയംസ്‌നേഹത്തെ തന്നെയാണ്.

‘ഒടുവിലത്തെ പ്രേമം’ കഥാപാത്രവിസ്താരത്തിൽ പരിമിതമായൊരു നോവൽ സങ്കേതമാണ്. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെയാണ് നോവൽ അവതരിപ്പിക്കപ്പെടുന്നത്.

കഥാപാത്രവിശകലനം

രേണുക

” ഒടുവിലത്തെ പ്രേമം ” പ്രധാനകഥാപാത്രമായ രേണുകയിലൂടെയാണ് എഴുത്തുകാരി ആവിഷ്കരിച്ചിരിക്കുന്നത്. രേണുക വിവാഹിതയാണ്, അമ്മയാണ്. ഭർത്താവിന്റെ ആക്ഷേപങ്ങളും ഉപദ്രവങ്ങളും ദിനേനയെന്നോണം ഏറ്റുവാങ്ങി തന്നിലെ സ്ത്രീത്വം പാഴായി ഒടുങ്ങിയേക്കുമെന്ന് ഭയപ്പെടുന്ന, നിരന്തരമായി സ്നേഹത്തിനുവേണ്ടി മോഹിക്കുന്ന ഒരു സ്ത്രീ. ബാല്യവും കൗമാരവും ഏല്പിച്ച മുറിവുകളെ സ്വയം ഊതിയുണക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരുവൾ. അതിൽ പരാജയപ്പെട്ടു പോകുമ്പോഴും ആത്മഹത്യയുടെ തച്ചുടയ്ക്കപ്പെടലുകളിൽ നിന്നും ജീവിതത്തെ മുറുകേപ്പിടിക്കുന്നവൾ.
രേണുകയുടെ ജീവിതത്തിൽ സംഭവിച്ച അവിചാരിതവും അവിസ്മരണീയവുമായ പ്രണയഗാഥ കൂടിയാണ് ഈ നോവൽ.

മനു

രേണുകയുടെ ആദ്യത്തെ കാമുകൻ. അവിവാഹിതൻ. മൂന്ന് സ്ത്രീകൾ തന്റെ ജീവിതത്തിൽ വന്നുപോയിട്ടുണ്ടെങ്കിലും പ്രണയം ജീവിതത്തിന്റെ അനിവാര്യതയാണെന്നുള്ള ബോധത്തോടെ രേണുകയെ തന്റെ കാമുകിയായി പ്രതിഷ്ഠിക്കുന്നയാൾ. പ്രണയത്തിന്റെ അനിർവചനീയമായ കാല്പനികതകളിലെല്ലാം അഭിരമിക്കുന്ന കഥാപാത്രം. പുസ്തകം, കവിതകൾ, ചലച്ചിത്രം, സ്പോർട്സ്, രാഷ്ട്രീയം തുടങ്ങി എന്തിനേയും കുറിച്ച് വാതോരാതെ സംസാരിക്കുവാൻ പ്രാപ്തനായ ഒരാൾ. രേണുകയിലേക്ക് അയാൾ പ്രവേശിക്കുന്നത് ഒരു വിവാഹിതയായ സ്ത്രീയോടുള്ള വെറുമൊരു മോഹത്തിനാൽ മാത്രമല്ല. ആത്മസ്നേഹമെന്ന തത്വത്തിനോടുള്ള അഭിനിവേശത്തിനാൽക്കൂടിയാണ്.

ആനന്ദ്

അവിചാരിതമായി ഒരു കാശി യാത്രയിൽ രേണുകയെ പരിചയപ്പെടുന്ന സ്നേഹരാഹിത്യത്തിന്റെ കുരുക്ക് കഴുത്തിൽ മുറുകുന്നവളാണ് അവളെന്നു മനസ്സിലാക്കി തന്നോട് ചേർത്തു പിടിക്കുവാൻ ശ്രമിക്കുന്ന കഥാപാത്രം. അയാൾ ഒരു പ്രണയപരാജയത്തിന്റെ വേവുകൾ അനുഭവിച്ചറിയുന്നവൻ കൂടിയാണ്. പൊള്ളുന്നവന് തീയുടെ ചൂട് അറിയാമെന്നതുവണ്ണം അയാൾ രേണുകയുടെ ഒടുവിലത്തെ പ്രേമത്തിന്റെ അവകാശിയാകുന്നു.

ഇതിവൃത്തം

വിവാഹിതയും അമ്മയുമായ രേണുകയെന്ന സ്ത്രീയുടെ ജീവിതത്തിൽ അവിചാരിതമായി കടന്നുവരുന്ന ഒരു പ്രണയം. ദാമ്പത്യജീവിതത്തിന്റെ കയ്പ്പുകൾക്കിടയിൽ അത് അവളുടെ സമാധാനം ആകുന്നു. മുപ്പത്തിയാറുകളിൽ വൃദ്ധയായിപ്പോയവൾ പ്രണയത്തിനാൽ പുനർജ്ജനിക്കുന്നു. എന്നാൽ വിധി അവൾക്ക് കാത്തുവെച്ചത്, സ്നേഹരാഹിത്യത്തിന്റെയും അവഗണനയുടെയും പടുകുഴി തന്നെയായിരുന്നു. ഇതാവാം തന്റെ നിയതിയെന്നു കരുതുമ്പോഴും പ്രണയമില്ലാകാലത്തിലേക്ക് മനസ്സില്ലാമനസ്സോടെ അവൾ സഞ്ചരിക്കുവാൻ തയ്യാറെടുക്കുകയും, കാശിയിലേക്കുള്ള ആ യാത്രയുടെ മധ്യത്തിൽ ആനന്ദ് അവളുടെ ജീവിതത്തിന്റെ കൂട്ടാവുകയും ഒടുവിലത്തെ പ്രേമമായി അയാളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ പ്രേമം സ്നേഹരാഹിത്യമെന്ന രോഗത്തെ പ്രണയജലത്തിനാൽ ശുശ്രൂഷിക്കുന്ന നോവലാകുന്നു.

പ്രേമം ഒരു ആനന്ദതത്വമെന്നുള്ള നിലയിൽ

ഫ്രോയിഡിയൻ മനഃശാസ്ത്ര സമീപനത്തിൽ മനുഷ്യഭാഗധേയം നിർണ്ണയിക്കുന്ന മൂന്ന് മനോമണ്ഡലങ്ങളെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ. ഇതിൽ ഇദ്ദ് – ന്റെ ആനന്ദതത്വത്തിൽ നിന്നും ആരംഭിച്ചു കൊണ്ട് ഈഗോ യുടെ യാഥാർത്ഥ്യ വഴികളിലൂടെ സൂപ്പർ ഈഗോ യുടെ ധാർമ്മിക തത്വത്തിലേക്ക് നീങ്ങുന്ന കഥാപാത്ര മനോവിചാരങ്ങളിലൂടെ ” ഒടുവിലത്തെ പ്രണയം ” പഠനവിധേയമാക്കാവുന്നതാണ്.

” ജീവിതത്തിന്റെ തിക്തതകളിൽ നിന്നുള്ള താത്കാലികവിമുക്തിയാണ് കലയിലൂടെ കലാകാരൻ സാധ്യമാക്കുന്നത് ”

എന്നതാണ് ഫ്രോയിഡിയൻ മനഃശ്ശാസ്ത്ര നിരൂപണത്തിന്റെ സൂഷ്മതലം. എഴുത്തുകാരിയുടെ ആത്മാവിഷ്കാരമാകണമെന്നില്ല ഒരു ഫിക്ഷൻ എന്നുള്ള വാദം പൂർണ്ണമായി മാറ്റിനിർത്തിയാലും ഫ്രോയിഡിയൻ സമീപനത്തെ ഇതിലെ പ്രധാനകഥാപാത്രമായ രേണുകയിലേക്ക് സംയോജിപ്പിച്ചു വ്യാഖ്യാനിക്കുവാൻ സാധിക്കുന്നതാണ്. കലാസിദ്ധാന്തങ്ങളെ കലാകാരൻ എന്നുള്ള ചട്ടക്കൂട്ടിൽ നിന്നും കഥാപാത്രങ്ങളിലേക്കുകൂടി വികസിപ്പിച്ചുകൊണ്ടുള്ള നിരീക്ഷണത്തിനും ഒരു സാധ്യതയുള്ളതിനാൽ ഇത്തരത്തിൽ ഈ സമീപനം സ്വീകരിക്കാവുന്നതാണ്.

” ഒടുവിലത്തെ പ്രേമത്തി”- ലെ മുഖ്യകഥാപാത്രമായ രേണുക അസന്തുഷ്ടമായ ഒരു വൈവാഹികജീവിതത്തിന്റെ ഇരയാണ്. സ്ത്രീയും പുരുഷനും അടുത്ത തലമുറയുടെ സൃഷ്ടിയുടെ വക്താക്കൾ മാത്രമായിമാറുകയും ഒരു കൂരയ്ക്കുകീഴിൽ ചേർച്ചയേതുമില്ലാതെ പരസ്പരം പൊരുതുകയും ചെയ്യുന്ന ഒരു യുദ്ധമായി വിവാഹമെന്നുള്ള സ്ഥാപനം മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ശൈഥില്യമാകുന്ന കുടുംബപശ്ചാത്തലം കുട്ടികൾ ഉൾപ്പെടെയുള്ളവരെ നിഷേധാത്മകമായി മാത്രമേ ബാധിക്കുകയുള്ളു. അവിടെ നിന്നും രേണുക യെന്നുള്ള സ്ത്രീ തന്റെ സ്വത്വബോധത്തെ തിരിച്ചറിയുകയും അസ്തിത്വബോധത്തിൽ ഊന്നി നിന്നുകൊണ്ട് മാനസികാരോഗ്യത്തെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യത്തെ തിരിച്ചറിയുകകൂടിയാണ് ചെയ്യുന്നത്. ജീവിതത്തോട് വ്യഗ്രത കാണിക്കുന്ന ഒരു മനുഷ്യന്റെ സ്വാഭാവികപ്രതികരണം കൂടെയായി അവർ മാറുന്ന സന്ദര്ഭങ്ങളും നോവലിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.

ഇടയ്ക്കെങ്കിലും സ്വയം കണ്ണാടിയിൽ നോക്കി സമാധാനിപ്പിച്ചു. സ്വയം കെട്ടിപ്പിടിച്ചു. എനിക്കുതന്നെ സത്യം ചെയ്തുകൊടുത്തു, ഇനിയുമെന്ത് വേദന അനുഭവിച്ചാലും ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ചു പോകില്ലെന്ന്. ആയിടയ്ക്കാണ് ജോലിക്കുപോവുക എന്ന ഏറ്റവും വലിയ തീരുമാനത്തിലേക്കു ഞാനെത്തിച്ചേർന്നത്. ( page: 15)

എത്ര വേദനയിലും ജീവിതത്തെ കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്ന രേണുകയുടെ സ്വത്വബോധത്തിന്റെ ആദ്യത്തെ ചവിട്ടുപടിയായിരുന്നു സാമ്പത്തിക സ്വാതന്ത്ര്യം എന്നുള്ളത്. ഭർത്താവ് എതിർക്കുമ്പോഴും പുതിയ കുടുംബപ്രശ്നങ്ങളുടെ ഹേതുവായി അത് മാറുമ്പോഴും അവർ തന്റെ തീരുമാനത്തെ സധൈര്യം നേരിടുന്നുണ്ട്. ആത്മഹത്യ ചെയ്യുകയില്ലെന്നും ഏതു കഠിനമായ വേദനയിലും ജീവിതത്തിൽ ഒരു മിന്നാമിനുങ്ങുവെളിച്ചത്തിന്റെ പ്രതീക്ഷ തേടുന്നവളാണ് രേണുക.

ഒരുപാട് ദൂരം നടന്നു ക്ഷീണിച്ച അവസ്ഥയിൽനിന്നും ജോലിയിലേക്കു കയറിയതും വർഷങ്ങൾ പിറകോട്ടു നടന്ന് ജീവിതം കുറച്ചു കൂടി ചെറുപ്പമായി തോന്നിച്ചു. പരാതികളും കുറ്റപ്പെടുത്തലുകളും വലിയ തോതിൽ ബാധിക്കാതായിത്തുടങ്ങി. (Page: 16)

ഈ നോവലിലെ സ്ത്രീസ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ആദ്യത്തെ വസ്തുതാപരമായ നിരീക്ഷണമായി മുകളിൽ നൽകിയ സന്ദര്ഭത്തെ വിശകലനം ചെയ്യാം. ഭർത്തൃമതിയെന്നും മാതാവെന്നും കുടുംബം അതിന്റെ നാലുചുവരുകൾക്കുള്ളിൽ നിരന്തരമായി വിധേയപ്പെടുവാൻ നിർബന്ധിക്കുമ്പോഴും താനൊരു വ്യക്തിയാണെന്നുള്ള ആത്മബോധത്തിന്റെയും സ്വാതന്ത്ര്യം തന്റെ അവകാശം ആണെന്നുള്ള ഉറച്ച വിശ്വാസത്തിന്റെയും വേരുറവകളെക്കൂടി
” ഒടുവിലത്തെ പ്രേമം” പരിശോധനാവിധേയമാക്കുന്നു.

വീണ്ടും ഫ്രോയിഡിയൻ നിരൂപണരീതിയിലേക്കു സംയോജിപ്പിക്കുമ്പോൾ
ഒരു കൃതിയിൽ മറഞ്ഞിരിക്കുന്ന രോഗവും രോഗലക്ഷണങ്ങളും കണ്ടെത്തുന്നുവെന്നുള്ള ആക്ഷേപരൂപമായ നിരൂപണമനഃശ്ശാസ്ത്ര പദ്ധതിയെന്നുള്ള തലത്തെ മുൻനിർത്തി വീക്ഷിച്ചാൽപോലും രോഗത്തിനുള്ളിൽ രോഗപ്രതിവിധിയും കല്പിക്കുവാൻ കഴിവുള്ള കഥാപാത്രപരകായത്തിലേക്ക് എഴുത്തുകാരി കടക്കുമ്പോൾ അവിടെ രോഗം ഒരു തെറ്റല്ല എന്നുള്ള തരം വിശകലനസാധ്യതയും വന്നു ഭവിക്കുന്നുണ്ട്.

തന്റെ മാനസികാരോഗ്യത്തെ പരിഗണിക്കുന്ന രേണുക, തന്റെ പ്രശ്നം തിരിച്ചറിയുകയും അതിനുള്ള പ്രതിവിധികളെ കണ്ടെത്തുവാൻ തുടങ്ങുകയും ചെയ്യുന്നുണ്ട്. അവളുടെ തൊഴിൽ കണ്ടെത്തലും അതിൽ നിന്നുമുള്ള സ്വസ്ഥതയും ഇതിനു ഉദാഹരണമാണ്. സ്നേഹരാഹിത്യമാണ് തന്റെ പ്രശ്നമെന്ന് രേണുക തിരിച്ചറിയുന്നത് അവളിലേക്ക് സ്‌നേഹത്തിന്റെ അവിചാരിതമായ ഒഴുക്ക് സംഭവിക്കുമ്പോൾ തന്നെയാകാം.

രേണുകയുടെ ബാല്യമോ കൗമാരമോ യൗവ്വനമോ നോവലിൽ പൂർണ്ണമായും അനാവരണം ചെയ്യുന്നില്ലയെങ്കിൽകൂടിയും
“അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞ് “, “ചിതലരിക്കുന്ന ജീവിതം ” തുടങ്ങിയ ബിംബങ്ങളും താൻ പ്രണയത്തിലായിരിക്കുന്ന പുരുഷൻ തന്റെ വീടാണെന്നുള്ള അവളുടെ ആവർത്തനഭാഷണങ്ങളും ബാല്യവും കൗമാരവും യൗവ്വനവും നൽകിയ / നൽകിക്കൊണ്ടിരിക്കുന്ന മുറിവുകളുടെ പ്രതീകങ്ങൾ ആകുകയും അത്തരം മുറിവിലേക്കുള്ള സ്‌നേഹത്തിന്റെ നൈസർഗ്ഗികമരുന്നാണവൾ തേടുന്നതെന്നും വ്യക്തമാകുന്നു. ബാല്യ- കൗമാര നോവുകൾ കൊണ്ടു നെയ്തെടുത്തൊരു സ്ത്രീയുടെ അപകർഷതാബോധത്തെ സ്നേഹരാഹിത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് അവളുടെ സ്വത്വബോധത്തെ അഭിമാനപൂർവ്വം നിലനിർത്തുവാൻ കഴിയുന്നതരം പ്രണയത്തിന്റെ അന്വേഷണങ്ങളാണ് നോവലിലുടനീളം രേണുകയെന്നുള്ള കഥാപാത്രത്തിലൂടെ സംഭവിക്കുന്നത്.

ദാമ്പത്യം ഒരു സമൂഹനിർമ്മിത ചട്ടക്കൂട്.

രേണുക കടന്നുപോകുന്നത് അസന്തുഷ്ടമായ ദാമ്പത്യജീവിതപശ്ചാത്തലത്തിലൂടെയാണ്. ദാമ്പത്യം ഒരു സമൂഹനിർമ്മിത ചട്ടക്കൂട് ആയതിനാൽ തന്നെ, അതിനകത്തു സംഭവിക്കുന്ന നീതി നിഷേധങ്ങൾ പോലും ഹിതകരമാകുകയും, സ്വാഭാവികവത്കരിക്കപ്പെടുകയും ചെയ്യുന്നു.
അതിന്റെ ചട്ടക്കൂടുകൾക്ക് പുറത്തുനിൽക്കുന്ന പ്രണയബന്ധം ലിംഗഭേദങ്ങൾക്കധീതമായി മാനസികാരോഗ്യത്തെ സംരക്ഷിക്കുന്ന അവസ്ഥ സംജാതമായാൽ കൂടിയും അത് അവിഹിതങ്ങളുടെ ഗണത്തിലാണ് സമൂഹം ഉൾക്കൊള്ളിക്കുക.
അവിഹിതമെന്ന് സമൂഹം മുദ്ര കുത്തിയിരിക്കുന്ന ബന്ധങ്ങളുടെ മഹത്വവത്കരണമല്ല ഈ നോവൽ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്, അനുഭവിക്കുന്ന മൃഗീയത ഹിതവും അവകാശങ്ങളായ സ്നേഹവും പരിഗണനയും അവിഹിതവുമാകുന്ന കപട സദാചാരനയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം കൂടിയാണ് ” ഒടുവിലത്തെ പ്രേമം ” ചർച്ച ചെയ്യുന്നത്.

ഭർത്താവിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്ന സമൂഹത്തിലും മരണം ഹിതവും ജീവിച്ചിരിക്കാനുള്ള കാരണം അവിഹിതവുമാകുന്ന അവസ്ഥാവിശേഷം ട്രാജിക് തന്നെയാണ്. സ്നേഹം, വിശ്വാസം, ഇതൊക്കെ നിർവചിക്കപ്പെടേണ്ടത് ഒരു സ്ത്രീയും പുരുഷനും പരസ്പരം സ്വാതന്ത്ര്യബോധത്തോടെ ആഹ്ലാദകരമായി ജീവിതം നയിക്കുന്ന ഇടങ്ങളിൽ മാത്രമാണ്.

പരസ്പരം പൊരുത്തമില്ലാതെ രണ്ടു മനുഷ്യർ സമൂഹത്തിന്റെ ജീർണ്ണിച്ച വ്യവസ്ഥിതികൾക്കുള്ളിൽ ഞെരുങ്ങി ജീവിക്കേണ്ടി വരുന്നൊരു അവസ്ഥയിൽ നിന്നുമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഇരകളാകുന്നത് കുട്ടികൾ കൂടിയായിരിക്കും. ഒരു തകർന്ന കുടുംബത്തിന്റെ അടരുകൾ കുഞ്ഞുങ്ങളുടെ ബാല്യത്തിലേക്ക് പടരാതിരിക്കുവാൻ അവരുടെ മാതാപിതാക്കളായിരിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

നിരന്തരമായി ആക്ഷേപങ്ങളും ഉപദ്രവങ്ങളും ഏറ്റുവാങ്ങിയിരുന്ന കഥാപാത്രമായ രേണുക അവളുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയത്തിന് ശേഷം വിവരിക്കുന്ന ഒരു സന്ദർഭം ഇങ്ങനെയാണ്.

ഞാനും ഭർത്താവും തമ്മിൽ പിണക്കങ്ങളോ വഴക്കുകളോ ഇല്ലാതായിത്തുടങ്ങിയിരിക്കുന്നു. വഴക്കുകളിൽനിന്ന് വഴിമാറി വീട് നിശബ്ദമായിത്തുടങ്ങിയിരുന്നു. ഒരു ദിവസം ഭർത്താവ് ശബ്ദമുയർത്താതെ ആദ്യമായി വളരെ മൃദുവായി എന്നോട് സംസാരിച്ചു. ( page :41)

വീട് നിശബ്ദമായെന്നും രണ്ടുപേരും പരസ്പരസമ്മതത്തോടെ പിരിയുവാൻ തയ്യാറെടുക്കുന്നതും അവരുടെ പക്വതയാർന്ന മനസ്സിലാക്കലിന്റെ തീരുമാനമെന്നുള്ള നിലയിൽ തന്നെ വായിച്ചെടുക്കാം. നിശബ്ദതയാണ് പൊട്ടിചിതറലുകളേക്കാൾ കുട്ടികളുടെ മാനസികാരോഗ്യത്തിനു നല്ലതെന്ന് കണ്ടെത്തുവാൻ സാധിക്കുമ്പോൾ സ്‌നേഹത്തിന്റെ അവകാശങ്ങൾ ഖണ്ഡിക്കപ്പെടുന്നില്ല. ബാല്യകാലമുറിവുകൾ ഇല്ലാതിരിക്കൽ തന്നെയാണ് അടിസ്ഥാനസ്നേഹാവകാശം.

ഇവിടെ ലിംഗഭേദവർഗ്ഗീകരണങ്ങൾക്ക് ബാധകമാകാത്ത മനുഷ്യർ അവരുടെ ആത്മാവിന്റെ സംതൃപ്തിയ്ക്ക്, മാനസികാരോഗ്യത്തിലേക്ക്, സ്വയം ആഹ്ലാദിപ്പിക്കുന്ന സംഗതികളിലേക്ക് തന്റെ ശ്രദ്ധയെ തിരിച്ചുവിടുകയും ജീവിച്ചിരിക്കുന്നതിന്റെ കല ആസ്വദിക്കുകയുമാണ്. അത്തരത്തിൽ ഈ നോവൽ മുന്നോട്ട് വെയ്ക്കുന്ന സംഗതി പ്രണയമാണ്.

ജീവിതം അതിന്റെ ആത്മാവിനെ തൊട്ടതുപോലെ ഞാൻ സന്തോഷിച്ചു. വിഭവസമൃദ്ധമായ സദ്യപോലെയല്ല, ഒരു നേരത്തെ അന്നത്തിന് വകയില്ലാതിരുന്നിടത്തു നിന്ന് മൂന്നുനേരവും ഉപ്പിട്ട കഞ്ഞിവെള്ളം കിട്ടുന്ന ഒരുതരം സന്തോഷമില്ലേ. ജീവൻ നിലനിൽക്കാൻ പാകത്തിന് ഊർജ്ജം കിട്ടുന്ന കഞ്ഞിവെള്ളം അതിന്റെ മൂല്യത്തോടെ ഞാൻ കുടിച്ചു. (Page: 18)

ഈ നോവൽ സന്ദർഭം ഉദാഹരണം.

അതോടൊപ്പം തന്നെ സ്ത്രീയുടെ ശരീരത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തുന്ന വീക്ഷണവും നോവൽ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

വേരില്ലാത്ത മരം കണക്കേ വരൾച്ച ബാധിച്ച ഒരുവൾ.

വിത്ത് വിതച്ചിട്ടും നനച്ചിട്ടും വിളയാത്ത ഭൂമി കണക്കേ വരണ്ടതും അടർന്നതുമായ ശരീരമുള്ളവൾ.

ഇത്തരം ബിംബങ്ങളും ഉപമകളും പ്രേമത്തിന് മുൻപ് / ശേഷം എന്ന് വിഭജിക്കപ്പെടുന്നുണ്ട്.

രേണുകയെന്നുള്ള കഥാപാത്രത്തെ എഴുത്തുകാരി പോർട്രൈറ്റ് ചെയ്തിരിക്കുന്നത് അവർ സ്നേഹത്തിന്റെ ഒരു ചെറുതരിയെങ്കിലും ബന്ധങ്ങളിൽ കണ്ടെത്തുന്ന സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ്. തനിക്കു നേരെ നീളുന്ന കരതലത്തിൽ സ്‌നേഹത്തിന്റെ ചെറുകണികപോലും അവർ ശ്വസിക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ്.

അസന്തുഷ്ടത മാത്രം പ്രകടിപ്പിക്കുന്ന ഭർത്താവിന്റെ ലൈംഗികചോദനയെ അവൾ വിവരിക്കുന്ന സന്ദർഭം. “ഇരുട്ട് വീണാൽ സ്നേഹം നിറയുന്നു.” എന്നുള്ള വാചകത്തിനാലാണ്. അതൊരു വിരോധാഭാസമാണെന്ന് സ്വയം ബോധ്യമുള്ളപ്പോഴും അതിനേയും സ്നേഹം കൊണ്ടു വിവക്ഷിക്കുവാനുള്ള ബോധപൂർവ്വമോ അല്ലാത്തതോ ആയിട്ടുള്ള ത്വരയെ സ്നേഹത്തിനോടുള്ള അഭിനിവേശത്തിന്റെ ഉന്നതതലമായി നിർവചിക്കുവാൻ കഴിയുന്നു. സ്നേഹരാഹിത്യങ്ങൾ പ്രതീക്ഷകൾ അസ്തമിപ്പിക്കും എന്നുള്ള ബോധ്യം തന്നെയുമാകാം.
ബന്ധങ്ങളെ , അഥവാ അതൊരല്പം വക്രിച്ചിരുന്നാൽപോലും സമൂഹത്തിന്റെചട്ടക്കൂടുകൾ ഹിതമെന്ന് നൽകിയത് ആണെങ്കിൽ നേർരേഖയിലൂടെ മാത്രം അതിനെ വീക്ഷിക്കുകയെന്നുള്ള സങ്കല്പങ്ങൾക്കധീതമായി അടിമയും ഉടമയും തമ്മിലുള്ള ബന്ധമൊരിക്കലും സ്നേഹത്തിന്റേതല്ലയെന്നും സ്നേഹത്തിന്റേത് ആവുകയില്ലയെന്നുമുള്ള സാമാന്യബോധത്തിലൂന്നി നിന്നുകൊണ്ട് വായനക്കാരിൽ ഒരു കഥാർസിസ് നടത്തുവാൻ ” ഒടുവിലത്തെ പ്രേമം ” പര്യാപ്തമാണ്.

പ്രേമമാണ് വിഷയമെന്നതിനാൽമാത്രം പൈങ്കിളിവത്കരിക്കുകയോ കാല്പനികത വെറുമൊരു ഭോഷ്കാണെന്ന് വിധിപ്രഖ്യാപിക്കുകയോ ചെയ്യുന്നത് ഉത്തമമല്ല. ഹിതമല്ലാത്ത വിഷം മരുന്നായി വർത്തിക്കുന്നതുപോലെ നിതാന്തമായി ജീവിതത്തെ നയിക്കുന്ന ഒന്നായി പ്രണയം മാറുന്നുവെന്നുള്ള അവസ്ഥാവിശേഷംകൂടി ഇതിനുണ്ട്. ജീവിച്ചിരിക്കാൻ കാരണമാകുന്നൊരു അമൃത് തന്നെയാകുന്നു അത്.

അസന്ദിഗ്ദ്ധമായി തുടരുന്ന പ്രേമം.

പ്രപഞ്ചമാകെ ഇനിയുമിനിയും പൊള്ളിയടർന്നു പുനർജ്ജനിക്കുമ്പോഴും പ്രേമം അസന്ദിഗ്ദ്ധമായി തുടരുക തന്നെ ചെയ്യും. തന്റെയുള്ളിലെ പ്രണയത്തിന്റെ നിർവചനം പൂർണ്ണമാകാതെ ആദ്യപ്രണയത്തിൽ നിന്നും പുറത്തിറങ്ങി നില്ക്കുന്ന സ്ത്രീയെ ഒരുതരം അസംതൃപ്തി ചൂഴ്ന്നു നിൽക്കും. ഒടുവിലത്തെ പ്രേമത്തിലേക്കുള്ള അവളുടെ പ്രയാണം ബോധപൂർവ്വമോ അല്ലാതെയോ സംഭവിക്കും.

രേണുക പതിനേഴിന്റെ ചെറുപ്പമായിരുന്നില്ല. എങ്കിലും മനുവിനാൽ പ്രണയിക്കപ്പെടുന്നതിനുമുന്പേ അവൾ വൃദ്ധയാക്കപ്പെട്ടിരുന്നുവെന്ന് പറയുന്നുണ്ട്.

സാധാരണ പെൺകുട്ടികൾക്കോ സ്ത്രീകൾക്കോ ഉണ്ടാവുന്നവിധം മിനുമിനുത്തതായ കൈകളോ കാലുകളോ എനിക്ക് ഇല്ലായിരുന്നു. ( page: 31)

അവളുടെ ഇത്തരം അപകർഷതകളുടെ വേരുകളെകൂടിയാണ് മനുവിന്റെ പ്രണയം ഒരു പിയാനോ മാന്ത്രികന്റെ മാജിക്കുകളോടെ ഇല്ലാതാക്കിയത്. അതേ പ്രേമം നൽകിയ സുരക്ഷിതത്വത്തിന്റെ വിരലുകൾ അയഞ്ഞു തുടങ്ങിയത് അവളിൽ സൃഷ്‌ടിച്ച വേദനകളുടെ ആഴത്തെ മുറുകേ പുണർന്നതും തളിരിട്ട കുഞ്ഞില വാടിത്തളർന്നുപോയതുപോലെ അവൾ വീണുപോയതും ഇതേ കാരണം കൊണ്ടുതന്നെയാവാം. പ്രേമത്തിനാൽ എത്ര തളിർത്തുവോ എത്രമാത്രം മതിക്കപ്പെട്ടുവോ അത്രതന്നെയവൾ വാടിക്കരിയുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന സന്ദര്ഭത്തിലാണ് അവൾ മനുവിൽ നിന്നും ഇറങ്ങി നടക്കുന്നത്.

ഒടുവിലത്തെ പ്രേമത്തിന്റെ മുകുളം

ആനന്ദുമായി സംഭവിക്കുന്ന പ്രണയത്തെ നിയോഗമെന്ന് കണക്കാക്കുന്ന രേണുക, അതിനെ തന്റെ ഒടുവിലത്തെ പ്രേമം എന്ന് നിർവചിക്കുന്നത് അവളുടെയുള്ളിലെ പ്രണയത്തിന്റെ പൂർണ്ണമായ സാക്ഷാത്കാരംകൂടിയാണ്.
” അച്ഛൻ നഷ്ടപ്പെട്ട കുഞ്ഞിൽ നിന്നും ” ” അയാൾ പ്രസവിച്ച കുഞ്ഞെന്നതുപോലെ ” തുടങ്ങിയ രൂപാത്മക ഉപമകളിലൂടെ രേണുകയെന്ന കഥാപാത്രത്തിന്റെ ജീവിതചക്രത്തിന്റെ പൂർണ്ണതകൂടി ദർശിക്കുവാൻ സാധിക്കുന്നു. രേണുകയിൽ ഉണ്ടായിരുന്നത് പ്രണയത്തിന്റെ ആത്മീയത കലർന്ന അന്വേഷണം കൂടിയായിരുന്നുവെന്നത് എഴുത്തുകാരി വെളിപ്പെടുത്തുന്നതും ഇത്തരം രൂപാത്മക ഉപമകളിലൂടെയാണ്. കാശി പരിസരമാകുന്നതും ഒടുവിലത്തെ പ്രേമത്തിന്റെ കണ്ടെത്തലിടം ആകുന്നതും നോവലിൽ സംഭവിക്കുന്നതിലൂടെ പ്രേമത്തിന്റെ ആത്മീയമായ അതീവ ശ്രേഷ്ഠമായ സ്വാസ്ത്യം എഴുത്തുകാരി മുന്നോട്ട് വെയ്ക്കുന്നു.

ശാരീരികമായ പ്രേമത്തെ കേവലം ലിംഗയോനീബന്ധത്തിനോട് ഇണക്കിച്ചേർക്കാതെ, അതിനെ ഏറ്റവും ആത്മീയമായ ഊർജ്ജമായി കണക്കാക്കിയ മുൻഗാമികളായ എഴുത്തുകാരുടെ പാതയെ തന്നെയാണ് ഒടുവിലത്തെ പ്രേമവും പിന്തുടരുന്നതെന്നുള്ള വസ്തുതയും മനസ്സിലാക്കുവാൻ സാധിക്കും.

ലൈംഗികതയും സ്ത്രീയുടെ അവകാശമാണെന്നും പരിപൂർണ്ണമായി പ്രേമത്തിലൂടെ അത് അനുഭവിക്കുന്നുവെന്നും അടയാളപ്പെടുത്തുന്നതിലൂടെ ഒടുവിലത്തെ പ്രേമം പൂർണ്ണമാകുകയാണ്. ആനന്ദിനെ കണ്ടെത്തി, പ്രണയത്തിൽ പൂർണ്ണമായ സംതൃപ്തി നേടുന്ന രേണുക, മനു നൽകിയ പ്രേമത്തിനെയും പരിഗണനയേയും ഒരുപക്ഷേ മനുവിനെപ്പോലും വെറുപ്പിന്റേതായ യാതൊരു മാനദണ്ഡങ്ങളിലേക്കും കടത്തിവിടാതെ എല്ലാവിധ നന്ദിയോടും കൂടി അയാളിൽ നിന്നും ഇറങ്ങുകയാണ്. തന്റെ ജന്മസാഫല്യം സാക്ഷാത്കൃതമായ സ്ത്രീയുടെ സർവ്വവിധ ആനന്ദങ്ങളും വന്നുഭവിക്കവേ , എല്ലാവിധ വിടവാങ്ങലുകൾക്കും ആത്മീയമായ, മാനുഷികപരവുമായ ഒരു തലം വന്നെത്തുന്നുണ്ട് എന്നും എഴുത്തുകാരി ഒടുവിലത്തെ പ്രേമത്തിലൂടെ പറഞ്ഞു വെയ്ക്കുന്നു.

നോവലിലെ നിറംമങ്ങൽ അഥവാ പോരായ്മാശാസ്ത്രം.

ഭാഷാപരമായ സൗന്ദര്യവത്കരണ സാധ്യതകളുടെ ചിന്തകളിലേക്ക് പൂർണ്ണമായും പ്രവേശിക്കുവാൻ എഴുത്തുകാരിയുടെ വൈകാരികതയ്ക്ക് സാധ്യമായിട്ടില്ല എന്നുള്ളത് ഒരു പോരായ്മയാണ്.

എങ്കിലും അതേ പൊട്ടചിന്തകൾ മനസ്സിലേക്ക് ഓടിയെത്തി. ( Page : 26)

ഇത്തരം വാക്യങ്ങളുടെ നിർമ്മാണങ്ങൾ നോവലിന്റെ ഭാഷയെ സാരമായതരത്തിൽ ബാധിച്ചിട്ടുണ്ട്.

മറ്റൊന്ന് പൂർണ്ണമാകുന്ന പ്രണയത്തിന്റെ ആഹ്ലാദപ്രകടനങ്ങളിൽ വാക്യങ്ങളുടെ ആവർത്തനങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരേ ആശയത്തെത്തന്നെ വിവിധ രൂപത്തിൽ പ്രകടമാക്കുന്ന സന്ദര്ഭങ്ങൾ കണ്ടെടുക്കാമെങ്കിലും വായനയുടെ ഒഴുക്കിനെ സാരമായി ബാധിക്കുന്നവയായി അത് മാറുന്നില്ല എന്നതും വസ്തുതയാണ്.

എഴുത്തുകാരിയുടെ പ്രഥമ പുസ്തകമെന്ന പരിഗണനയുടെ വീക്ഷണകോണിലൂടെ നോക്കുമ്പോൾ ഒരു ആശയത്തെ മാനുഷികവും സാമൂഹികവുമായ തലങ്ങളിൽ നിന്നുകൊണ്ട് മിതമായ പേജുകളിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞത് അഭിനന്ദനം അർഹിക്കുന്നു.

ലളിതമായി പ്രേമത്തെ പകർത്തിയിരിക്കുന്നുവെന്നു മാത്രം ആദ്യത്തെ വായനയിൽ തോന്നാമെങ്കിലും ” ഒടുവിലത്തെ പ്രേമം ” മുന്നോട്ട് വെയ്ക്കുന്ന വായനാസാധ്യതകൾ ഗഹനമാണ്. ഒരു വിഷയത്തെ കുറുക്കിയെടുത്ത് വായനാസാധ്യതകളുടെ വലിയൊരു പരിസരത്തെ പ്രത്യക്ഷവത്കരിക്കപ്പെടാതെ ” ഒടുവിലത്തെ പ്രേമം ” ലളിതവും അതേസമയം വിവേകപൂർണ്ണവുമായ നോവൽ ആയി മാറുന്നു.

പ്രസിദ്ധനായ അമേരിക്കൻ മനശാസ്ത്രജ്ഞനായിരുന്ന അബ്രഹാം ഹരോൾഡ് മാസ്ലോ യുടെ ” ആവശ്യങ്ങളുടെ പദവിക്രമ സിദ്ധാന്തം” [MASLOW’S HIERARCHY OF NEEDS] ഫിക്ഷനിൽ എങ്ങനെ അവതരിപ്പിക്കാൻ സാധിക്കുമെന്നുള്ളതിന്റെ ഒരു മാതൃകകൂടിയാണ് ” ഒടുവിലത്തെ പ്രേമം”.

ശാരീരിക ആവശ്യങ്ങൾ
സുരക്ഷ ആവശ്യങ്ങൾ
സാമൂഹികാവശ്യങ്ങൾ
ആത്മബഹുമാനം
സ്വയം സാക്ഷാത്കാരം.

ഈ ശ്രേണിയെ ഒരു മനുഷ്യനിലെ സ്നേഹമെന്നുള്ള ആശയത്തെ മുൻനിർത്തി ഘട്ടം ഘട്ടമായി ഒടുവിലത്തെ പ്രേമം പറഞ്ഞുവെയ്ക്കുന്നത് ദർശിക്കുവാൻ സാധിക്കുന്നു.

പ്രണയമെങ്ങനെ മാനുഷികമായ പരിഗണനയായി മാറുന്നു , സ്വയം സാക്ഷാത്കാരത്തിന്റെ അത്യുന്നതമായ ശ്രേണി കീഴടക്കുന്നു എന്നതെല്ലാം ” ഒടുവിലത്തെ പ്രേമം ” ആസ്വാദകരോട് സംവദിക്കുന്നു.

ദൈവമേ… ഇനിയൊരാളുടെ ഗന്ധവും എനിക്ക് വേണ്ട, ഇനിയൊരാളുടെ പ്രേമവും എനിക്ക് വേണ്ട, എന്റെ ശരീരവും മനസ്സും അയാൾക്ക് പ്രേമിച്ചുതീർക്കാനുള്ള മാർഗ്ഗമായി മാത്രം നിലനിർത്തുക. ഇതിനുമപ്പുറം മറ്റൊരാൾക്ക്‌ ഒന്നുമൊന്നും എനിക്കുവേണ്ടി ചെയ്യാനില്ല.
( ഒടുവിലത്തെ പ്രേമം- ദിവ്യ അനു അന്തിക്കാട്)

തയ്യാറാക്കിയത്: ഹരിത. ആർ.

 

അതി ദാരിദ്ര്യം അഭിനയിക്കുന്നവർ!

ലോകത്തിലെ ഏറ്റവും മികച്ചവരും മോശപ്പെട്ടവരും അമേരിക്കയിലാണെന്ന് തോന്നുന്നു. ഈയടുത്തു നടന്ന ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിയെ തിരഞ്ഞെടുത്തതു വഴി ബുദ്ധിയുള്ളവരും ആ നാട്ടിൽ ഉണ്ടെന്നു തെളിഞ്ഞു. ഡൊണാൾഡ് ട്രംപിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന മണ്ടന്മാരാണ് ആ നാട്ടിൽ കൂടുതലും. ഇത് പൊതുവായി പറയുന്നതാണ്.

കേരളത്തിലെ കാര്യവും ഇതുപോലെയാണെന്ന് തോന്നുന്നു. ഇന്ത്യയിൽ ഏറ്റവും അധികം ബുദ്ധിയുള്ളവരുടെ നാട്. ബുദ്ധിഹീനരുടെയും എന്നുകൂടി പറയണം. അതിദരിദ്രർ ഇല്ലാത്ത നാടെന്നു പ്രഖ്യാപിക്കുമ്പോൾ കൈയ്യടിക്കുന്നത്, തലകുലുക്കി സമ്മതിക്കുന്നത് ബുദ്ധിയുടെയോ, അതോ ബുദ്ധിഹീനതയുടെയോ ലക്ഷണമെന്നു ഇതു വായിക്കുന്നവർ തീരുമാനിക്കുക.

കടവരാന്തകളിലും, പാലങ്ങളുടെ അടിയിലും, ആദിവാസി ഊരുകളിലെ ചോരുന്ന കുടിലുകളിലും അന്തിയുറങ്ങുന്നവർ അതിദരിദ്രർ അല്ലെങ്കിൽ പിന്നെ എല്ലാം ത്യജിച്ച സന്യാസിമാരാകും. അതുമല്ലെങ്കിൽ ദാരിദ്ര്യം അഭിനയിക്കുന്നവരായിരിക്കും.

ഇവർക്ക് നാലുകാര്യങ്ങളിൽ ആണ് ഉയർച്ച ഉണ്ടായിരിക്കുന്നത്.

1. ഭക്ഷണവും സ്ഥിര വരുമാനവും ലഭ്യമാകുന്നു (Access to food and a stable income)
2. സുരക്ഷിതമായ ഭവനം (Secure housing)
3. ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നു (Access to healthcare)
4. ആധാർ, റേഷൻ കാർഡുകൾ പോലുള്ള അടിസ്ഥാന രേഖകൾ (Basic documentation like Aadhar and ration cards)

അറുപത്തിനാലായിരം കുടുംബങ്ങളിൽ നിന്നായി, ഒരു ലക്ഷത്തോളം വരുന്ന അതിദരിദ്രരെ കണ്ടെത്തി. പിന്നെ മേൽപ്പറഞ്ഞ കാര്യങ്ങൾ ഉണ്ടെന്നു ഉറപ്പുവരുത്തി, അല്ലെങ്കിൽ ഉണ്ടാക്കിക്കൊടുത്തു. അതിനായി 1000 കോടി രൂപ ചെലവഴിച്ചു എന്ന് പറയപ്പെടുന്നു. അത് നേരാണെങ്കിൽ നന്ന്.

എന്നാൽ, ഈ കണക്കുകളും മാനദണ്ഡങ്ങളും തെറ്റാണെന്ന് വിദഗ്ധർ പറയുന്നു. വിശദീകരിക്കാൻ മതിയായ കണക്കുകൾ ഇല്ലാത്തതുകൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല. എന്നാൽ, പ്രഖ്യാപനങ്ങൾക്ക് ശേഷം വീണ്ടും പണം മുടക്കി വലിയ സമ്മേളനം നടത്തി, സൂപ്പർ താരങ്ങളെക്കൊണ്ട് നല്ലതു പറയിക്കുമ്പോളാണ് ആളുകൾക്ക് സംശയം വരുന്നത്. കാരണം, പറയുന്ന, അവകാശപ്പെടുന്ന കാര്യങ്ങൾ നേരിൽ കാണാൻ കഴിയുന്നില്ല എന്നൊരു ദോഷമുണ്ട്. ദാരിദ്ര്യം പൂർണ്ണമായും മാറിയിട്ടില്ലെന്നും ഇനിയും ഒരുപാട് ദാരിദ്ര്യം മാറാനുണ്ടെന്നും ഒരു കോടീശ്വരൻ വേദനയോടെ വെളിപ്പെടുത്തി. അത് വിശ്വസനീയമാണ്. സ്വന്തം പണം ഉപയോഗിച്ച് ദരിദ്രരെ സഹായിക്കുന്നവരെ വിശ്വസിക്കണം. പട്ടിണികിടന്നു കിട്ടുന്ന കാശുമായി സിനിമ കാണാൻ ഓടുന്നവരെ ഇദ്ദേഹത്തിന് അറിയാം.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പരിഗണിക്കാം. ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനത്തു എന്ന് പറയുന്നിടത്താണ് അതിദരിദ്രർ ചികിത്സകിട്ടാതെ മരിച്ചു വീഴുന്നത്. അപ്പോൾ കണക്കുകളിൽ പറയുന്നത് ജീവിതത്തിൽ കാണാൻ കഴിയാത്ത അതി ദരിദ്രർക്ക്, ആരോട്, എന്ത്, ചോദിക്കാനാകും? ചോദിച്ചിട്ട് ഒരു കാര്യവുമില്ല! പ്രഖ്യാപനങ്ങൾ കഴിഞ്ഞില്ലേ? അപ്പോൾപിന്നെ ഇതൊക്കെ അതി ദരിദ്രരുടെ തോന്നൽ ആകാതെ തരമില്ല. അല്ലെങ്കിൽ ഇത് അവരുടെ അഭിനയം. രണ്ടുമല്ലെങ്കിൽ സത്യത്തെ അംഗീകരിക്കാനുള്ള മടി.

ഒന്നാമതെന്നു ആരോഗ്യമേഖലയെ പ്രഖ്യാപിക്കുന്നവർ ഒന്നാമതായി അവിടെപ്പോയി ചികിത്സ നേടാത്തത്തിനു ഒരേയൊരു കാരണം, ഇതൊക്കെ പാവപ്പെട്ടവർക്ക് മാത്രം ഉപകരിക്കട്ടെയെന്നു വിചാരിച്ചിട്ടാണ്. അതുകൊണ്ടാണല്ലോ പാവപ്പെട്ടവരും കൂടി തരുന്ന നികുതിപ്പണം രാഷ്ട്രനിർമ്മാണത്തിനു മാത്രം ചിലവഴിച്ചു, സ്വന്തം പോക്കറ്റിലെ കാശെടുത്തു വിദേശ ചികിത്സക്ക് പോകുന്നത്. പാവങ്ങൾക്ക് നാട്ടിലെ നല്ലചികിത്സ കിട്ടുമ്പോൾ, ഇവർ അമേരിക്കയിലെ ധർമ്മാശുപത്രികളിൽ പോയി, കിട്ടുന്ന എന്തെങ്കിലും ചികിത്സ നേടുന്നത്. ഇതിലും നന്നായി ദരിദ്രരെ സേവിക്കുന്നതെങ്ങനെ? അതി ദാരിദ്ര്യം നാടുനീങ്ങിയില്ലെങ്കിലേ അത്ഭുതത്തിനു വഴിയുള്ളൂ.

രാഷ്ട്രീയപരമായ കാര്യസാധ്യത്തിനായി പ്രചാരണം (പ്രോപഗണ്ട) നടത്തുന്നത് പുതിയ കാര്യമല്ല. എല്ലാ ഗവൺമെന്റുകളും എക്കാലത്തും ചെയ്യുന്ന ഒരു കാര്യമാണിത്. പക്ഷെ അത് സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സമയങ്ങളിലും, സത്യം മനസ്സിലാക്കാൻ കഴിയാത്ത ബൗദ്ധിക നിലവാരത്തിലുള്ള ജനതക്കു മുന്നിലും, പിന്നെ സ്വന്തം പൊളിറ്റിക്കൽ വിശ്വാസങ്ങൾ എല്ലാ സത്യങ്ങൾക്കും മുകളിൽ ആണെന്നും വിശ്വസിക്കുന്നവർക്കിടയിലും നടക്കും. അങ്ങനെയാണ് ചരിത്രം പറയുന്നത്.

ട്രംപ് ചെയ്യുന്നത് ഇത്തരത്തിലുള്ള പ്രചാരവേലയാണെന്നു ബുദ്ധിയുറച്ച ഏതു കുട്ടികൾക്കും മനസ്സിലാകും. പക്ഷെ അയാളെ അന്ധമായി ആരാധിക്കുന്നവർക്ക് ഒരിക്കലും മനസ്സിലാകില്ല. അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കില്ല. അതുതന്നെയാണ് നമ്മുടെ നാട്ടിലും സംഭവിക്കുന്നത്.

ഇപ്പോൾ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആരും സംസാരിക്കുന്നത് കേൾക്കാറില്ല. കാശ് തടയുന്ന പ്രാക്ടിക്കൽ ഐഡിയകൾ മാത്രം ബാക്കിയായി. അതുകൊണ്ട്, ഭരണം ആരുടെ കയ്യിലായാലും ഇതുതന്നെ സംഭവിക്കും. ഇത്തരം പ്രചരണങ്ങൾ എല്ലാ ദിവസവും ഉണ്ടാകും. സത്യം തിരക്കി ആരും പോകില്ല എന്ന ഗുണവുമുണ്ട്. എന്ത് തരം ആരോപണങ്ങൾ വന്നാലും ഒരു പുല്ലും വരാനില്ലെന്നു എല്ലാവർക്കും അറിയാം. അപ്പൊപ്പിന്നെ എല്ലാവരും അതി ദരിദ്രരും, ദരിദ്രരും, സമ്പന്നരും, അതി സമ്പന്നരും ഒക്കെയായി അഭിനയിക്കാൻ തയ്യാറായി ഇരിക്കണം.

പ്രചാരണങ്ങൾ ആരംഭിച്ചിട്ടേയുള്ളൂ. അരുവന്നാലും പോയാലും ഇതൊക്കെത്തന്നെയാകും. ഇത്തരം വലിയ സമ്മേളനങ്ങളിൽ ഇവ അവതരിപ്പിക്കപ്പെടും. വിശ്വാസത കുറച്ചെങ്കിലും ബാക്കിയുള്ളവരെയും, സിനിമാതാരങ്ങളെയും കൊണ്ട് പറയിപ്പിക്കും. നട്ടാൽക്കുരുക്കാത്ത നുണകൾ വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും. അതുവഴി വോട്ടുകളും നേട്ടങ്ങളും ഉണ്ടാക്കും. അതി സമ്പന്നരും സമ്പന്നരും അതിൻ്റെ ഭാഗമാകും.

അതി ദരിദ്രരും, ദരിദ്രരും മാത്രം ദാരിദ്ര്യം അഭിനയച്ചു തകർത്തു, ഒടുക്കം ഏതെങ്കിലും ധർമ്മാശുപത്രിയുടെ തണുത്ത തറയിൽ ചികിത്സ കിട്ടാതെ മരവിക്കും. അപ്പോൾ അടുത്തുള്ള വലിയ സമ്മേളന വേദിയിൽ നിന്നും ദാരിദ്രവും തുടച്ചു നീക്കിയെന്ന പ്രഖ്യാപനം ഉണ്ടാകും.

അതുകേൾക്കാൻ കുറച്ചെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ താനും ധനികനായെന്ന ആത്മസംതൃപ്തിൽ കണ്ണടക്കാം.

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്:5

വിനോദ സഞ്ചാരം

വൈവിധ്യമാർന്ന ഭൂപ്രകൃതികൾ, പുരാതന പൈതൃകം, ഊഷ്മളമായ ആതിഥ്യം എന്നിവയാൽ ശ്രദ്ധേയമാണ് ശ്രീലങ്ക. കുറച്ചു കാലങ്ങളിലെ ഉൾവലിയലുകൾക്കു ശേഷം,ഏഷ്യയിലെ ഏറ്റവും പ്രിയപ്പെട്ട യാത്രാ കേന്ദ്രങ്ങളിലൊന്നായി വീണ്ടും ഉയർന്നുവന്നിരിക്കുന്നു.

ശ്രീലങ്കയുടെ സമ്പത്ത് വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ടൂറിസം, ഇത് രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം നൽകുകയും, ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗമാകുകയും ചെയ്യുന്നുണ്ട് . 2022 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഈ മേഖല ശക്തമായി തിരിച്ചുവന്നു, 2024 ൽ 2 ദശലക്ഷത്തിലധികം പേർ ഇവിടെയെത്തി, 2025 ൽ ശക്തമായ മുന്നേറ്റ പ്രവണതയും. 2025 മധ്യത്തോടെ, ശ്രീലങ്ക ഇതിനകം 1 ദശലക്ഷത്തിലധികം വിദേശ സന്ദർശകരെ സ്വാഗതം ചെയ്തു. ഇന്ത്യയാണ് ഏറ്റവും കൂടുതൽ സ്രോതസ്സ് വിപണിയായി മുന്നിലെത്തിയത്. തുടർന്ന് റഷ്യയും യുണൈറ്റഡ് കിങ്ഡവും.

ശ്രീലങ്കയുടെ ആകർഷണം അതിന്റെ ശ്രദ്ധേയമായ വൈവിധ്യത്തിലാണ്. ട്രിൻകോമാലീ, ഉനാവതുന, മിരിസ്സ തുടങ്ങിയ തനതായ ബീച്ചുകളും, കാൻഡി, നുവാര ഏലിയ, ബദുല്ല എന്നീ മധ്യ ഉയർന്ന പ്രദേശങ്ങളിലെ സമൃദ്ധമായ തേയിലത്തോട്ടങ്ങളും, യാല, വിൽപട്ട് തുടങ്ങിയ വന്യജീവികളാൽ സമ്പന്നമായ ദേശീയോദ്യാനങ്ങളും ഈ ദ്വീപിൽ ഉണ്ട്. അനുരാധപുര, പൊളൊന്നരുവ തുടങ്ങിയ പുരാതന നഗരങ്ങളും, സിഗിരിയ കോട്ടയും ദ്വീപിന്റെ ചരിത്രപരമായ ഭൂതകാലത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്നു.

സാംസ്കാരിക ഊർജ്ജസ്വലത മറ്റൊരു മുഖമുദ്രയാണ്. കൊളംബോയിലെ നവം മഹാ പെരഹേര പോലുള്ള ഉത്സവങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾ, ഘോഷയാത്രകൾ, നൃത്തങ്ങൾ, ആകർഷകങ്ങളായ വസ്ത്രങ്ങൾ എന്നിവയാൽ ശ്രദ്ധ നേടുന്നു.. സിലോൺ ചായ എന്നറിയപ്പെടുന്ന 150 വർഷം പഴക്കമുള്ള രാജ്യത്തെ തേയില വ്യവസായം, തോട്ടങ്ങളുടെ ജീവിതം അനുഭവിക്കാനും ആസ്വദിക്കാനും സന്ദർശകരെ പ്രലോഭിപ്പിക്കുന്നു.

ശ്രീലങ്കക്കാർ അവരുടെ ഊഷ്മളതയ്ക്കും സംസ്കാരം പങ്കുവെക്കാനുള്ള ആർജ്ജവത്തിനും പേരുകേട്ടവരാണ്. ദീർഘായുസ്സിനായുള്ള പ്രതീകമായി പരമ്പരാഗതമായി “ആയുബോവൻ” എന്ന് ആശംസിച്ചുകൊണ്ട് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. അതിഥികളെ വളരെയധികം ബഹുമാനത്തോടെയാണ് പരിഗണിക്കുന്നത്, പലപ്പോഴും ഏറ്റവും നല്ല ഇരിപ്പിടം വാഗ്ദാനം ചെയ്യുകയോ ഭക്ഷണത്തിന് ആദ്യം വിളമ്പുകയോ ചെയ്യും. മുതിർന്നവരോട് പ്രത്യേക ബഹുമാനം കാണിക്കുന്നു, എല്ലാ ഇടപെടലുകളിലും ക്ഷമയും സൗഹൃദവും പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിഥികളെ കുടുംബത്തിലെ ഒരാൾ എന്ന രീതിയിൽ കാണുന്നതിൽ ഇവർക്കുള്ള കഴിവ് അപാരമാണ്. ഞാൻ താമസിച്ചിട്ടുള്ള ഹോം സ്റ്റേകളിൽ നിന്നും ഇത് എനിക്ക് എപ്പോഴും അനുഭപ്പെടാറുണ്ട്.

ടൂറിസത്തിന്റെ നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് ശ്രീലങ്കൻ സർക്കാർ കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഒരു ദേശീയ ടൂറിസം കമ്മീഷൻ സ്ഥാപിച്ചതിലൂടെ നയങ്ങൾ കാര്യക്ഷമമാക്കാനും വ്യവസായ വളർച്ചയെ ഏകീകരിക്കാനും കഴിയുന്നു.ആഗോള പ്രമോഷണൽ കാമ്പെയ്നുകളും ശ്രീലങ്ക ടൂറിസം അവാർഡുകളുടെ പുനരുജ്ജീവനവും മേഖലയിലെ മികവിനെ ആഘോഷിക്കുന്നതും തന്ത്രപരമായ നീക്കങ്ങൾ ആയിത്തന്നെ കരുതേണ്ടിയിരിക്കുന്നു.

ഈ ശ്രമങ്ങൾ ഇതിനകം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്: 2025-ൽ വിനോദസഞ്ചാരികളുടെ വരവ് മുൻ വർഷങ്ങളെ മറികടന്നു. ദൈനംദിന വരവിൽ ശ്രദ്ധേയമായ വർധനയും, ചൈന, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഗണ്യമായ വർദ്ധനവും ഈ മേഖലയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ട്.

വൈവിധ്യമാർന്ന ആകർഷണങ്ങൾ, സമ്പന്നമായ ചരിത്രം, പ്രകൃതി സൗന്ദര്യം എന്നിവയാൽ പ്രശസ്തമാണ് ശ്രീലങ്കയിലെ ടൂറിസം. പ്രകൃതി, വന്യജീവികൾ, ചരിത്ര സ്മാരകങ്ങൾ, തദ്ദേശീയ സംസ്കാരം എന്നിവയാൽ രാജ്യം അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുന്നു.

എന്നിരിക്കിലും, വെല്ലുവിളികൾ അവശേഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, ടൂറിസത്തിന്റെ നേട്ടങ്ങൾ പ്രാദേശിക സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്നിവയിൽ ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ശ്രീലങ്കയിൽ മിക്ക സ്ഥലങ്ങളും സന്ദർശകർക്ക് ഹൃദ്യമായ വിരുന്നൊരുക്കി കാത്തിരിക്കുന്നുണ്ടെങ്കിലും സന്ദർശകർ കൂടുതലായും എത്തുന്നത് സ്ഥിരം സ്ഥലങ്ങൾ മാത്രമാണ് എന്നത് ഒരു പോരായ്മയായി എനിക്ക് തോന്നുന്നു. കൂടുതൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വിനോദ സഞ്ചാരം വളരേണ്ടിയിരിക്കുന്നു.

ശ്രീലങ്ക സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം :
തെക്കു പടിഞ്ഞാറായി ഉള്ള സ്ഥലങ്ങളും, മലമ്പ്രദേശങ്ങളും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം ഡിസംബർ മുതൽ മാർച്ച് വരെയാണ്. വടക്കു കിഴക്കൻ തീരം സന്ദര്ശിക്കുന്നതിനുള്ള ഏറ്റവും നല്ല കാലാവസ്ഥ മെയ് മുതൽ സെപ്റ്റംബർ വരെയാണ്.

ശ്രീലങ്ക സന്ദർശിക്കുവാൻ ഇപ്പോൾ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA ) എന്നൊരു അനുവാദം ശ്രീലങ്കൻ ഇമിഗ്രേഷൻ സൈറ്റിലൂടെ സൗജന്യമായി ലഭിക്കുന്നതാണ്.

ഡോ. സുനീത് മാത്യു

മീ ടൈം

“ഓ..പേടിച്ചു പോയല്ലോ! നീ എന്താണ് ഈ രാവിലെ തന്നെ മുഖത്ത് വാരി പൊത്തിയേക്കുന്നത്?”

ഒരു ഗ്ലാസ്സ് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് കയറി വന്ന ഭർത്താവ് എന്നെ തുറിച്ചു നോക്കി.

“ഇത്തിരി കസ്തൂരി മഞ്ഞളും രക്തചന്ദനവും കൂടി ചാലിച്ചത് ”

അദ്ദേഹത്തിന്റെ തുറിച്ചു നോട്ടം കണ്ടില്ലെന്നു നടിച്ച് ഞാൻ അലസമായി പറഞ്ഞു. എന്റെ കൈ കൊണ്ട് ഞാൻ അരച്ച് എന്റെ മുഖത്ത് ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഞാൻ തേച്ചു പിടിപ്പിച്ചിരിക്കുന്ന അരപ്പ് കണ്ട് ഇങ്ങേർക്കെന്തിന് ഹാലിളകുന്നു?

ഞാൻ ഉണങ്ങിയ മൈലാഞ്ചി പൊടിച്ചതിലേക്ക് കടുപ്പത്തിലുള്ള കട്ടൻ ചായ ഒഴിച്ചു.

“ഉമ്മിക്ക് കയ്യിൽ മൈലാഞ്ചിയിടാൻ ഇന്നലെ നേരം കിട്ടി. ഞാനെന്റെ സൽവാറൊന്നു ഹാൻഡ് വാഷ് ചെയ്തു തരാൻ പറഞ്ഞിട്ട് അതിന് പറ്റൂല്ല, സമയോം ഇല്ല ”

അലക്കു കല്ലിനരികിലേക്ക് നടക്കും വഴി മോളെന്നെ അടിമുടി നോക്കി.

“ഈ പത്തമ്പത് വയസ്സാകാറായപ്പോൾ നിനക്ക് നാണമാകില്ലേ മൈലാഞ്ചിയൊക്കെ ഇട്ടോണ്ട് നടക്കാൻ… കഷ്ടം!'”

ആകെ ചൊറിഞ്ഞു നിൽക്കുന്ന കെട്ട്യോൻ എന്റെ കൈ നഖങ്ങളിലേക്ക് നോക്കി.

“എന്റെ കൈ, എന്റെ വിരൽ, എന്റെ നഖം. ഞാനെന്തിന് നാണിക്കണം. തുണിയുടുക്കാതെയൊന്നും അല്ലല്ലോ ഞാൻ നടക്കുന്നത്?”

അദ്ദേഹം ഒന്നും മിണ്ടാതെ അവിടുന്നും പോയി.

അല്ല പിന്നെ… ഇവർക്കൊക്കെ ഇത് എന്തിന്റെ കുഴപ്പമാണ് ഞാൻ ഹെന്നയിലേക്ക് ചേർക്കാനായി നാരങ്ങ മുറിക്കുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്.

മീനാക്ഷിയാണ്…

“എടി… നീ ഇന്നലെ ലോക മലയാളീ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത ആ ഫോട്ടോസ് കാണാൻ എന്ത് ഭംഗിയാ! കുറേ ലൈകും കിട്ടീട്ടുണ്ടല്ലോ?”

മുഖവുരയൊന്നുമില്ലാതെ അവൾ എന്നോട് പറഞ്ഞു. ഞാനൊന്നു ചിരിച്ചു. കാര്യം ഇമ്മിണി ലൈക്ക് കിട്ടിയാൽ പുഴുങ്ങി തിന്നാൻ പറ്റുമോന്നൊക്കെ ആൾക്കാരു ചോദിക്കും. അതിനൊന്നും പറ്റില്ല… പക്ഷേ അതൊരു സന്തോഷമാണ്. ഞാനും ഈ ലോകത്തിൽ ജീവിച്ചിരിക്കുന്നുണ്ടെന്നും ഞാനും ഈ വ്യവസ്ഥിതിയുടെ ഒരു ഭാഗമാണെന്നും എന്നെ തന്നെ ബോധ്യപ്പെടുത്തി ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള ഒരു കുറുക്കു വഴി.

അവൾ തുടർന്നു.

“എടി…ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ.കുറച്ചായിട്ട് എനിക്ക് ഒരു രസോമില്ല.ആകെപ്പാടെ ഒരു പരവേശം. വല്ലാത്ത ദേഷ്യം, മടി . ചില നേരം എല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് തോന്നും. ഇന്നിപ്പോ രാവിലെ മോനോട് ദേഷ്യപ്പെട്ടു. പിള്ളേരു വലുതായില്ലേ. അവൻ എന്നോടും കയർത്തു. എനിക്കാകെ സങ്കടമായി. ആരും എന്നെ മനസ്സിലാക്കുന്നില്ല. അവർക്ക് എല്ലാ കാര്യത്തിനും ഞാൻ വേണം. പക്ഷേ നമ്മുടെ ഇമോഷൻസ് ഒന്നും ആരും മനസ്സിലാക്കില്ല.എല്ലാം പോരാഞ്ഞ് ഭയങ്കര ചൂടും വിയർപ്പും. ഒക്കെ ഊരി പറിച്ച് എറിഞ്ഞു കളയാൻ തോന്നും ചില നേരത്ത് ”

ഇടറിയും മുറിഞ്ഞും മടുപ്പും സങ്കടവും കലർന്ന ശബ്ദത്തിൽ അവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു നിന്നു. എന്ത് മിടുക്കിയായിരുന്നു അവൾ! എത്ര സുന്ദരിയായിരുന്നു. അവളുടെ അറ്റം ചുരുണ്ട ആ മുടി എനിക്ക് വല്യ ഇഷ്ടമായിരുന്നു. കുഞ്ഞു നാള് മുതലേയുള്ള കൂട്ടുകാരാണ് ഞങ്ങൾ. എന്നേക്കാൾ പഠിപ്പിലും അവളായിരുന്നു മിടുക്കി.

അവൾ തുടർന്നു

” നീ ഒന്ന് ഓർത്തു നോക്ക്. നമ്മൾ എന്ത് കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് നമുക്കൊരു ജോലിയൊക്കെ കിട്ടിയത്. എന്നിട്ടോ അതിന്റെയൊക്കെ ആ സുഖവും സന്തോഷവും നമുക്ക് നന്നായി അനുഭവിക്കാൻ പറ്റുന്നുണ്ടോ? എന്ത് തിരക്കാണ് എപ്പോഴും! ജോലിക്ക് പോയുള്ള ശമ്പളോം ആനുകൂല്യോം ഒക്കെ എല്ലാർക്കും വേണം. പക്ഷേ ജോലി സ്ഥലത്തോ അല്ലാതെയോ നമുക്ക് ഉണ്ടാകുന്ന സ്‌ട്രെസ്സ് വല്ലതും ഇവരുമായി ഷെയർ ചെയ്യാൻ പറ്റുമോ? എന്തെങ്കിലും പറഞ്ഞാൽ പറയും ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന്. എനിക്ക് മടുത്തു. അതിനൊപ്പം പിരീഡും വ്യത്യാസം. ഇടക്ക് ഒരു തരം വിറയൽ, ഭയങ്കര മറവി… എനിക്ക് വയ്യ ”

അവളുടെ വർത്തമാനത്തിൽ തേങ്ങൽ കലർന്ന് ശബ്ദം ചിലമ്പിച്ചു.

” നീ വിഷമിക്കേണ്ട. നമുക്ക് മെനോപോസിനുള്ള സമയം ആയില്ലേ? കുറച്ചൊക്കെ അതിന്റെ ഹോർമോൺ വേരിയേഷൻസും ഉണ്ടാകും ”

അവളുടെ ആദ്യ കുഞ്ഞിനെ പ്രസവിച്ചു കിടന്നപ്പോൾ അവൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നത് ഓർത്തുകൊണ്ട് ഞാൻ അവളെ അലിവാർന്ന ശബ്ദം കൊണ്ട് ചേർത്തു പിടിച്ചു.പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ അനുഭവിച്ചിട്ടുള്ളവർക്ക് ആർത്തവ വിരാമത്തോട് അനുബന്ധിച്ച് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് ഒരിക്കൽ ഞാൻ വായിച്ചിട്ടുണ്ട്.

“ഉം… ”

അവളൊന്ന് അമർത്തി മൂളി. പിന്നെ തുടർന്നു.

“അതിന്റെ കുറേ പ്രോബ്ലെംസ് ഉണ്ട്. ഒരിക്കൽ അതേ കുറിച്ച് പുള്ളിയോട് പറഞ്ഞപ്പോൾ “നിനക്ക് മാത്രമാണല്ലോ ഇങ്ങനത്തെ എടങ്ങേറ്” എന്നും ചോദിച്ച് എന്റെ നേരെ കണ്ണു മിഴിച്ചു. വല്യ അറിവും വായനേം എഴുത്തും കുത്തും ഒക്കെയുണ്ട്. പക്ഷേ കൂടെ ജീവിക്കുന്നവളെ അശേഷം മനസിലാക്കുകയോ ചേർത്തു പിടിക്കുകയോ ചെയ്യില്ല. പുറത്തു നിന്നും നോക്കുന്നവർക്ക് എന്താ കുഴപ്പം… രണ്ടു പേർക്കും നല്ല ജോലി മക്കൾ വീട് വണ്ടി എല്ലാം ഉണ്ട്. പക്ഷേ എനിക്കെന്തോ മടുപ്പിന്റെ വിഷവായു എന്റെ ചുറ്റും തങ്ങി നിൽക്കുന്ന പോലെ തോന്നുന്നു ”

അവളുടെ ശബ്ദത്തിൽ രോഷത്തിന്റെ ചൂട് പടരുന്നത് ഞാൻ അറിഞ്ഞു. എനിക്കുമുണ്ട് ഈ പറഞ്ഞ ആധിയും വ്യാധിയുമൊക്കെ. ഇന്നോളം എല്ലാ നോവും ഞങ്ങൾ പങ്കു വച്ചിട്ടുള്ളത് കൊണ്ട് തന്നെ എനിക്കവളെ എളുപ്പം മനസ്സിലാകുകയും ചെയ്യും. ഞാനെന്റെ ശബ്ദം കഴിയുന്നതും ആർദ്രമാക്കി അവളോട്‌ പറഞ്ഞു.

“നീ ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ എനിക്കുമുണ്ട്. നമുക്ക് ഈ പ്രായം വന്നോർക്കു മാത്രമല്ല ചെറുതിലേ പല അസുഖങ്ങളാൽ യൂട്രെസ് ഓവറി റിമൂവൽ സർജറി ചെയ്തിട്ടുള്ളവർക്കും ബുദ്ധിമുട്ട് കൂടുതൽ ആയിരിക്കും. അല്ലെങ്കിൽ തന്നെ നീയൊന്ന് ഓർത്തു നോക്കിയേ നമ്മുടെ അമ്മമാർ ഇതൊക്കെ അനുഭവിച്ചിട്ടുള്ള ആ കാലം. അവരൊക്കെ വീട്ടമ്മമാർ ആയതു കൊണ്ട് ഇതൊന്നും മിക്കവാറും ആരോടും പറഞ്ഞിട്ടും ഉണ്ടകില്ല. ഈസ്ട്രജൻ ഉത്പാദനം കുറയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നോ മെനോപോസ് എന്നൊരു സംഭവം ഉണ്ടെന്നോ അവർ അറിഞ്ഞിട്ടും കൂടി ഉണ്ടാകില്ല..അന്നൊന്നും നമ്മൾ ഇതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. പാവങ്ങൾ… ആരോരും മനസ്സിലാക്കാതെ അവർ പോലും അറിയാതെ എന്തെല്ലാം അവരും തരണം ചെയ്തിട്ടുണ്ടാകും”

അല്പ സമയം ഞങ്ങൾ ഇരുവരും നിശ്ശബ്ദരായി.

“ഞാൻ നിന്നെ സമാധാനിക്കാൻ വേണ്ടി പറയുന്നതല്ല. ചില നേരം എനിക്ക് ദേഷ്യം കൊണ്ട് കണ്ണു കാണാൻ പറ്റാതാകും. പിന്നെ ചില നേരം വെറുതെയങ്ങ് ആർത്തലച്ചു കരയാൻ തോന്നും. ഇടക്ക് ഉയർന്ന നെഞ്ചിടിപ്പു പോലെ തോന്നും. ആദ്യമൊക്കെ എനിക്ക് എന്തേലും വിഷമം വന്നാൽ ഞാൻ ഇവരോടൊക്കെ സങ്കടം പറഞ്ഞു നടക്കും. പിന്നെപിന്നെ എനിക്ക് മനസ്സിലായി എനിക്ക് ഏറ്റവും വലിയ താങ്ങും തണലുമാകേണ്ടത് ഞാൻ തന്നെയാണെന്ന്. നമ്മളെ നമുക്ക് അറിയാവുന്നതു പോലെ മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ല.ആ തിരിച്ചറിവിൽ നിന്നും ഞാൻ എന്നെ സ്നേഹിക്കാനും എന്നെ പരിചരിക്കാനുമായി കുറച്ചു സമയം നീക്കി വെച്ചു. ഇപ്പോൾ എനിക്കൊരു സന്തോഷമൊക്കെയുണ്ട് ”

ഞാൻ പറഞ്ഞു നിറുത്തി. അവളൊന്നു നേർമ്മയായി നിശ്വസിച്ചു. പിന്നെ പറഞ്ഞു.

“എവിടെയാണ് എനിക്കതിനൊക്കെ സമയം. ഇവിടുത്തെ കാര്യങ്ങളും ഓഫീസിലെ തിരക്കും കൂടി കഴിഞ്ഞാൽ പിന്നേ ഒന്നിനും നേരം കിട്ടില്ല. മക്കളായിട്ട് ഉള്ളതാണെങ്കിൽ രണ്ട് ആൺപിള്ളേരും. എല്ലാം ഞാൻ ചെയ്തു കൊടുക്കണം ”

“അതെന്താ അവർക്ക് കൈക്കും കാലിനും എന്തെങ്കിലും തകരാറുണ്ടോ. എന്റെ അറിവിൽ കുഴപ്പമൊന്നും ഇല്ലല്ലോ?”

“നീ ഒന്നു പോയെ… തമാശ പറയാതെ ”

അവൾ ചിണുങ്ങി. ഞാൻ ഫോൺ ചെവിയോട് ചേർത്തു കൊണ്ട് തന്നെ ഹെന്നയിലേക്ക് നാരങ്ങ നീര് മിക്സ്‌ ചെയ്ത് ഒരു വശത്തേക്ക് അത്‌ ഒതുക്കി വെച്ചു.ശേഷം മുൻവശത്തെ സെറ്റിയിൽ പോയി ഇരുന്നു.

“ഞാൻ തമാശ പറഞ്ഞതല്ല. ഇനിയെങ്കിലും അവരുടെ കാര്യങ്ങൾ അവരേം കൊണ്ട് ചെയ്യിപ്പിക്ക്. എന്നിട്ട് നിന്റെ കാര്യങ്ങൾക്കായി സമയം കണ്ടെത്ത്. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. അല്ലാതെ നീ സന്തോഷിച്ചോ എന്നും പറഞ്ഞ് അതാരും നമ്മുടെ കയ്യിൽ കൊണ്ടുതരില്ല. നിന്നെ സ്നേഹിക്കാനും നിന്റെ ഇഷ്ടങ്ങൾ ചെയ്യാനുമായി നീ ഇത്തിരി സമയം കണ്ടെത്തി നോക്ക്. അത്ഭുതങ്ങൾ സംഭവിക്കും നിന്റെ മനസ്സിലും ശരീരത്തിലും”

ഞാനെന്റെ മൈലാഞ്ചി അണിഞ്ഞ നഖങ്ങളിലേക്കു നോക്കി അല്പനേരം മിണ്ടാതിരുന്നു.പിന്നെ തുടർന്നു.

“മി ടൈം എന്നു കേട്ടിട്ടില്ലേ നീ?

അത്‌ തന്നെ… നമുക്ക് സ്ത്രീകൾക്ക് ഇല്ലാതെ പോകുന്നതും ഈ “ഞാൻ സമയം” തന്നെയാണ്. പിന്നെ നല്ല നാരുള്ള ഭക്ഷണം കഴിച്ചും, വ്യായാമം ചെയ്തും, കുഞ്ഞു വിനോദങ്ങളിൽ ഏർപ്പെട്ടും നീയൊന്ന് ഉഷാറാക്. യാത്രകൾ നിനക്ക് ഇഷ്ടമല്ലേ?… വേണമെങ്കിൽ നമുക്കൊന്നിച്ചൊരു യാത്ര പോകാം. വീട് കുട്ടി പ്രാരാബ്ധങ്ങൾ ഒന്നുമില്ലാതെ ”

“നമ്മൾ തനിച്ചോ… ആളുകളെന്ത്‌ പറയും?”

അവൾ ആശ്ചര്യപ്പെട്ടു.

“ഏയ്‌ തനിച്ചല്ല.. ആ കവലയിൽ നിന്നും അഞ്ചാറു പേരെ വിളിക്കാം ”

“നീ പോ പെണ്ണേ…”

അവൾ പൊട്ടി ചിരിച്ചു.സന്തോഷത്തോടെ ഞാൻ തുടർന്നു.

“എടി നമ്മൾ ഒളിച്ചോടി പോകുന്നത് ഒന്നും അല്ലല്ലോ. ഒരു പകൽ സമയ ട്രിപ്പ്‌. നമ്മുടെ കെട്യോൻമാര് പോകുന്ന പോലെ ഒരാഴ്ചത്തേക്കൊന്നും നമുക്ക് പോകേണ്ട. അത്‌ പിന്നെ ആലോചിക്കാം ”

“എനിക്കിപ്പോ എന്തോ ആശ്വാസം തോന്നുന്നു. ഞാൻ എനിക്കായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടേം സൗകര്യം നോക്കിയാണ് ഒന്നുറങ്ങുക പോലും ചെയ്യുന്നത്. ഇനി ഞാനും ഒന്നു പരീക്ഷിക്കട്ടെ ഈ മി ടൈം ”

അവൾ ചുണയോടെ പറഞ്ഞു.

“അല്ല പിന്നെ… അൻപത് വയസ്സും മെനോപോസുമൊക്കെ ആയി എന്നു കരുതി നമുക്കും ജീവിക്കേണ്ടേ. പിന്നൊരു കാര്യം ഇതൊക്കെ ചെയ്തിട്ടും സഹിക്കാൻ കഴിയാത്ത മാനസിക ശരീരിക പ്രശ്നങ്ങൾ നിനക്ക് ഉണ്ടെങ്കിൽ നമുക്കൊരു ഡോക്ടറെ കാണാം… ട്ടോ. എന്തിനും പരിഹാരമുണ്ടെന്നേ…!”

“ശരിയെടി… ഞാൻ പിന്നെ വിളിക്കാം ”

സന്തോഷത്തോടെ അവൾ എന്നോട് ബൈ പറഞ്ഞു.ഒരു ചെറു ചിരിയോടെ ഹെന്ന പാക്കിനടുത്തേക്ക് നടക്കുമ്പോൾ അടുത്ത് നിൽക്കുന്ന മകൾ കേൾക്കാൻ പാകത്തിൽ ഞാൻ അല്പം ഉറക്കെ പറഞ്ഞു…

“വാരാന്ത്യം അല്ലേ… ഇന്നെന്തായാലും എണ്ണ തേച്ചൊന്നു കുളിക്കണം.അതു കഴിഞ്ഞ് അല്പം ഒന്നുറങ്ങണം.പുറത്തു നല്ല മഴയുണ്ടല്ലോ! മൂടി പുതച്ചുറങ്ങാൻ നല്ല സുഖമായിരിക്കും ”

സൗമ്യ മുഹമ്മദ്‌

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്: 4

ഭൂപ്രകൃതി, പ്രകൃതി സമ്പത്ത്

ഭൂമിശാസ്ത്രം, പ്രകൃതി സൗന്ദര്യം, ജൈവവൈവിധ്യം, ചരിത്രം, സംസ്കാരം എന്നിവയാൽ സവിശേഷമായ ഒരു ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക. ഇന്ത്യൻ മഹാസമുദ്രത്തിലെ കണ്ണുനീർ തുള്ളിയുടെ ആകൃതിയിലുള്ള ഒരു ദ്വീപാണ് ഇത്. ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് ദ്വീപിനെ പാക്ക് കടലിടുക്കും, മാന്നാർ ഉൾക്കടലും വേർതിരിക്കുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന കടൽ പാതകൾക്ക് സമീപമുള്ള സ്ഥാനം ശ്രീലങ്കയെ, ചരിത്രത്തിലുടനീളം വ്യാപാരത്തിന്റെയും സമുദ്ര പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ശ്രീലങ്കയുടെ സമ്പത്ത് വ്യവസ്ഥയ്ക്കും, അന്താരാഷ്ട്ര വ്യാപാരത്തിനും നിർണായകമായ നിരവധി വലുതും ചെറുതുമായ തുറമുഖങ്ങൾ ഇവിടെയുണ്ട്.

ശ്രീലങ്കയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖവും ദക്ഷിണേഷ്യയിലെ ഒരു മുൻനിര ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രവുമാണ് കൊളംബോ തുറമുഖം. പ്രതിവർഷം 7 ദശലക്ഷത്തിലധികം TEU-കളും രാജ്യത്തിന്റെ അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ 60%-ത്തിലധികവും ഇത് കൈകാര്യം ചെയ്യുന്നു. ആഴക്കടൽ ബെർത്തുകൾ, വിപുലമായ ചരക്ക് കൈകാര്യം ചെയ്യൽ സൗകര്യങ്ങൾ എന്നിവ ഈ തുറമുഖത്തിന്റെ പ്രത്യേകതയാണ്, കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 25 കണ്ടെയ്നർ തുറമുഖങ്ങളിൽ ഒന്നാണിത്.

കിഴക്ക്-പടിഞ്ഞാറ് പ്രധാന ഷിപ്പിംഗ് റൂട്ടുകൾക്ക് സമീപം തന്ത്രപരമായി സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ തുറമുഖമാണ് ഹമ്പൻടോട്ട. റോറോ കാർഗോ, ബൾക്ക് ഗുഡ്സ്, ഊർജ്ജ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഇത് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ചൈനീസ് നിക്ഷേപത്തോടെ നിർമ്മിച്ച ഇത് ഇപ്പോൾ 99 വർഷത്തെ പാട്ടത്തിന് ഒരു ചൈനീസ് കമ്പനിയാണ് നടത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ ട്രിങ്കോമാലി, സിമൻറ്, ഗോതമ്പ്, പെട്രോളിയം തുടങ്ങിയ ചരക്കുകൾ കൈകാര്യം ചെയ്യുന്നു. ആഴക്കടൽ ബെർത്തുകളും വിപുലമായ സംഭരണ സൗകര്യങ്ങളുമുള്ള ഒരു കയറ്റുമതി കേന്ദ്രമായി ഇത് വികസിച്ചുകൊണ്ടിരിക്കുന്നു.

ഗോൾ തുറമുഖം, ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം. പ്രധാനമായും പ്രാദേശിക ഗതാഗതത്തിനും ക്രൂയിസ് കപ്പലുകൾക്കും സേവനം നൽകുന്നു. യാച്ചിംഗിന് പേരുകേട്ട ഈ തുറമുഖം വലിയ ചരക്ക് കപ്പലുകൾക്ക് പരിമിതമായ ശേഷി മാത്രമേ നൽകുന്നുള്ളൂ. ഇതല്ലാതെ ധാരാളം ചെറിയ ഹാർബറുകളും ഇവിടെയുണ്ട്. പോയന്റ് പെദ്രോ, കങ്കേശൻതുറൈ, ഓലുവിൽ, കൽപിറ്റിയ എന്നിവയാണ് അവ. ഇന്ത്യയിൽ നാഗപട്ടണത്തു നിന്നുമുള്ള കപ്പൽ സർവീസ് നടത്തുന്നത് കാങ്കേശൻ തുറയിലേക്കാണ്. ശ്രീലങ്കയുടെ ഏറ്റവും വടക്കായിട്ടാണ് ഈ തുറമുഖം ഉള്ളത്.

പരന്ന തീരദേശ സമതലങ്ങൾ, ഉരുണ്ടുകൂടിയ കുന്നുകൾ, തെക്കൻ-മധ്യ ഉൾപ്രദേശങ്ങളിലെ, സെൻട്രൽ ഹൈലാൻഡ്സ് എന്നറിയപ്പെടുന്ന, പരുക്കൻ പർവതപ്രദേശം എന്നിവ ഈ രാജ്യത്തിന്റെ സവിശേഷതയാണ്. ഏറ്റവും ഉയരമുള്ള കൊടുമുടി 2,524 മീറ്റർ (8,281 അടി) ഉയരമുള്ള പിദുരുതലഗലയാണ്. ശ്രീലങ്കൻ മിലിട്ടറിയുടെ രഹസ്യ സ്വഭാവമുള്ള ഒരു താവളമാണ് ഈ കൊടുമുടി. അവിടേക്കുള്ള പ്രവേശനം പ്രത്യേക അനുവാദപ്രകാരമേ സാധ്യമാകുകയുള്ളൂ.

ആനകൾ, പുള്ളിപ്പുലികൾ, വിവിധതരം തദ്ദേശീയ ജീവികൾ എന്നിവയുൾപ്പെടെയുള്ള അതുല്യമായ വന്യജീവികൾക്ക് ശ്രീലങ്ക പ്രശസ്തമാണ്. സമൃദ്ധമായ മഴക്കാടുകൾ, വരണ്ട മേഖലകൾ, വിശാലമായ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ എന്നിവയും ഇവിടെയുണ്ട്. 103 നദികളും, 50-ലധികം പ്രധാന വെള്ളച്ചാട്ടങ്ങളും, നിരവധി തടാകങ്ങളും, അഴിമുഖങ്ങളും ഉള്ള ഈ ദ്വീപ് ശുദ്ധജല വിഭവങ്ങളാൽ സമ്പന്നമാണ്. ഭൂമിയുടെ ഏകദേശം 29% വനങ്ങൾ കൈവശപ്പെടുത്തുന്നു, കൂടാതെ തദ്ദേശീയ ജീവജാലങ്ങൾ ഉൾപ്പെടെയുള്ള സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ ആവാസ കേന്ദ്രവുമാണ് വനങ്ങൾ.

വർഷം മുഴുവനും ചൂടുള്ള താപനില, ഉയർന്ന ആർദ്രത, മൺസൂൺ കാറ്റിന്റെ സ്വാധീനത്താൽ വ്യത്യസ്തമായ ഈർപ്പമുള്ളതും വരണ്ടതുമായ സീസണുകൾ എന്നിവയാൽ സവിശേഷമായ ഒരു ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് ശ്രീലങ്കയിലുള്ളത്. തെക്കുപടിഞ്ഞാറൻ മൺസൂൺ (മെയ്–സെപ്റ്റംബർ): തെക്കുപടിഞ്ഞാറൻ, മധ്യ മേഖലകളിൽ കനത്ത മഴ പെയ്യിക്കുന്നു . വടക്കുകിഴക്കൻ മൺസൂൺ (ഡിസംബർ–മാർച്ച്): വടക്കും കിഴക്കും മഴ പെയ്യിക്കുന്നു.

ശ്രീലങ്കയുടെ കാലാവസ്ഥ സമ്പന്നമായ ജൈവവൈവിധ്യത്തെയും, കാർഷിക ഉൽപ്പാദനക്ഷമതയെയും വർദ്ധിപ്പിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ പരിസ്ഥിതിയുടെയും സമ്പത്ത് വ്യവസ്ഥയുടെയും ഒരു സുപ്രധാന ഘടകം തന്നെയാണ്.

ശ്രീലങ്കയുടെ മൂന്നിലൊന്ന് ഭാഗവും കൃഷിക്കായി ഉപയോഗിക്കുന്നു, വിവിധ വിളകൾക്ക് അനുയോജ്യമാണ് ശ്രീലങ്കയുടെ ഭൂമി. നെല്ല് പ്രധാന ഭക്ഷണവും ഗാർഹിക ഉപഭോഗത്തിനുള്ള പ്രധാന വിളയുമാണ്. രണ്ട് പ്രധാന സീസണുകളിലാണ് ഇത് കൃഷി ചെയ്യുന്നത്: മഹാ സീസൺ (സെപ്റ്റംബർ മുതൽ മാർച്ച് വരെ), യാല സീസൺ (മെയ് മുതൽ ഓഗസ്റ്റ് വരെ), മഹാ സീസൺ ഏറ്റവും പ്രധാനമാണ്. പ്രധാന കൃഷി അരിയാണെങ്കിലും, ശ്രീലങ്ക , പ്രാദേശിക ഉൽപാദനത്തിലെ സമീപകാല ഇടിവ് കാരണം, അതിന്റെ അരിയുടെ ഒരു ഭാഗം ഇറക്കുമതി ചെയ്യുന്നുമുണ്ട്.

തേയില, റബ്ബർ, തെങ്ങ്, കറുവപ്പട്ട, കുരുമുളക്, ഏലം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും വ്യാപകമായി കൃഷി ചെയ്തു വരുന്നു. ഉയർന്ന നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങൾ ശ്രീലങ്കയുടെ പ്രശസ്തിക്ക് മാറ്റു കൂട്ടുന്നു. ശ്രീലങ്കയിൽ പൈനാപ്പിൾ, മാങ്ങ, പപ്പായ, വാഴപ്പഴം, ചക്ക, മുളക്, ഉള്ളി, മത്തങ്ങ തുടങ്ങിയ പച്ചക്കറികൾ ഉൾപ്പെടെ വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നു. ഇവ ആഭ്യന്തരമായി ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും. ഉരുളക്കിഴങ്ങ്, മരച്ചീനി, മധുരക്കിഴങ്ങ്, ചോളം എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

രത്നങ്ങൾ, ഗ്രാഫൈറ്റ്, ധാതുമണൽ, ഫോസ്ഫേറ്റുകൾ, കളിമണ്ണ് എന്നിവയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് ഈ ദ്വീപ്. തേയില, റബ്ബർ, ടൂറിസം എന്നീ മേഖലകളിലെ സ്ഥാപിത വ്യവസായങ്ങൾക്കൊപ്പം ദ്വീപ് അതിന്റെ പെട്രോളിയം, വാതക സ്രോതസ്സുകളും വികസിപ്പിക്കുന്നു. ഉയർന്ന നിലവാരമുള്ള രത്നങ്ങൾക്ക്, പ്രത്യേകിച്ച് നീലക്കല്ലുകൾ, മാണിക്യങ്ങൾ, ടോപസ് എന്നിവയ്ക്ക് ശ്രീലങ്ക പ്രശസ്തമാണ്, രത്നപുര “രത്നങ്ങളുടെ നഗരം” എന്നറിയപ്പെടുന്നു.

പ്രകൃതിയിലെ അത്ഭുതങ്ങൾ, ചരിത്രപരമായ ആഴം, സാംസ്കാരിക വൈവിധ്യം എന്നിവയുടെ സംയോജനം ശ്രീലങ്കയെ ശരിക്കും ഒരു സവിശേഷ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും പഠിക്കാനും പര്യവേക്ഷണം ചെയ്യാനും ആകർഷകമായ ഒരു രാജ്യമാക്കി മാറ്റുകയും ചെയ്യുന്നു.

ഡോ സുനീത് മാത്യു

 

തസ്കരഃശ്രീ

കാടിനു തടിയുംവേണ്ട! തേവർക്കു സ്വർണ്ണവും വേണ്ട! വേണ്ടാത്ത ഇവയൊക്കെ (അടിച്ചു) മാറ്റി സ്ഥലം വൃത്തിയാക്കുന്നവരെ എന്തിനാണിങ്ങനെ ഭർത്സിക്കുന്നത്? എന്തായാലും ‘തത്വമസി’ എന്നെഴുതിവച്ചിരിക്കുന്നു. അപ്പോപ്പിന്നെ എൻ്റെ സ്വർണ്ണം, നിൻ്റെ സ്വർണ്ണം, ദേവൻ്റെ സ്വർണ്ണം എന്നൊക്കെയുണ്ടോ? അത് നീയാകുമ്പോൾ, ആ സ്വർണ്ണവും നിൻ്റെതാകില്ലേ?

പഴി പറയുന്നവർക്ക്, ആഘോഷിക്കുന്നവർക്കും, ഛാന്ദോഗ്യോപനിഷത്തതിനെക്കുറിച്ചും ശ്വേതകേതുവിനെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നതാണ് സത്യം. അവിടെ നിന്നാണല്ലോ ഈ തത്വമസി കടമെടുത്തത്.

“കേൾക്കാൻ കഴിയാത്തത് കേൾക്കാനും, കാണാൻ കഴിയാത്തത് കാണാനും, അറിയാൻ കഴിയാത്തത് അറിയാനും സാധ്യമാക്കുന്ന അറിവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ” എന്ന് ശ്വേതകേതുവിനോട് തൻ്റെ പിതാവായ രാജാവ് ചോദിച്ചുവത്രേ. ഇന്നാണെങ്കിൽ ഉടൻ ഉത്തരമായി ‘മാധ്യമപ്രവർത്തന പരിചയം’ എന്നോ അല്ലെങ്കിൽ ‘രാഷ്ട്രീയ പ്രവർത്തന പരിചയം’ എന്നോ മറ്റോ പറഞ്ഞു നോക്കാമായിരുന്നു. അന്നതു പറ്റില്ലല്ലോ. അത്രക്കൊന്നും അറിവു വന്നിട്ടില്ലാത്ത കാലമാണ്. ‘ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെല്ലാം എടുത്തുകാട്ടി’ പിതാശ്രീയായ ഉദ്ദാലകൻ രാജാവ് ശ്വേതകേതുവിന് ബ്രഹ്മവിദ്യ പകർന്നുകൊടുത്തു എന്നാണ് ഛാന്ദോഗ്യോപനിഷത്ത് പറഞ്ഞു വയ്ക്കുന്നത്.

ഈ ‘വിദ്യ’ ഇന്നത്തെ കാലാനുസ്തൃതവും കലാത്മകവുമായി നേർജീവിതത്തിൽ കാണിച്ചുതരുമ്പോൾ അതുമനസ്സിലാക്കി ‘ബ്രഹ്മജ്ഞാനം’ നേടുന്നതിനു പകരം, ഇങ്ങനെയൊരു പുകിലുണ്ടോ? മാത്രവുമോ, ഈ ‘ബ്രഹ്മജ്ഞാനം’ കാലാതീതമായ മാറ്റങ്ങളോടെ അടുത്ത തലത്തിൽ വരെ എത്തിച്ചു. ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും മാത്രമല്ല ചെമ്പിന്റെപോലും എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെന്നു കാണിച്ചു തന്നു. ഈ അറിവും കഴിവും വച്ച് സ്വർണ്ണത്തിനെ മറ്റുപല ലോഹങ്ങളും, എന്തിന്, വായു കണികകൾ പോലും ആക്കാവുന്ന അതീന്ദ്രിയജ്ഞാനം ഉണ്ടാക്കി വരുമ്പോഴാണ് ഒരാവിശ്യവുമില്ലാത്ത ഈ വിവാദങ്ങൾ.

അല്ലെങ്കിലും കഴിവുള്ളവരെ അംഗീകരിക്കില്ലല്ലോ ഈ മലയാളികൾ. ‘രസ-തന്ത്ര’ ത്തിൽ നോബൽ പുരസ്കാരം പോലും കിട്ടിയേക്കാമായിരുന്ന ഈ കണ്ടുപിടിത്തങ്ങളെ തൃണവൽക്കരിച്ചുകളഞ്ഞു ഈ മലയാളീസ്. എല്ലാവരുമല്ല. ഈ ജീനിയസുകളെ സംരക്ഷിക്കുന്നവരും പുകഴ്ത്തുന്നവരുമുണ്ട്. അവർക്കുമിരിക്കട്ടെയൊരു കുതിരപ്പവൻ.

സ്വർണ്ണവും പണ്ടവും പണ്ടാരമടക്കാൻ ഇനിയും എത്രയോ ഉണ്ടായിരുന്നതാണ്. ദേവസ്വം വകയിലെ ഭണ്ടാരങ്ങൾ കഴിഞ്ഞാലും, അനന്തമായി കിടക്കുകയല്ലേ പത്മനാഭൻ. ഏതെങ്കിലും വകുപ്പിൽ A മുതൽ Z വരെയുള്ള നിലവറകൾക്കു സ്വർണ്ണം പൂശാമല്ലോ.

ഇത്തരം തനതായ കലാസാംസ്കാരിക, ശാസ്ത്രീയ, തത്ത്വദർശന, വിചിന്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, നാലാളെ വിളിച്ചു ചർച്ചചെയ്തു, യൂട്യൂബ് വിഡിയോയും ഉണ്ടാക്കി വെറുപ്പിക്കണോ?

ഇതൊരു കോമ്പറ്റിഷൻ ഐറ്റം അല്ലാത്തതുകൊണ്ട് കപ്പൊന്നും കിട്ടിയില്ലെന്നാരും പരാതിപറയരുത്. ഇനി എത്രയധികം മത്സരാത്ഥികളുണ്ടാകുമ്പോൾ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, എല്ലാവർഷവും ഒരുപട്ടം അങ്ങ് കൊടുക്കണം. ‘തസ്കരഃശ്രീ’ എന്നോമറ്റോ, ഇനി അമ്മാതിരി സംസാരം വേണ്ടങ്കിൽ ‘കനകശ്രീ’ എന്നാക്കാമല്ലോ!

പിന്നെ പത്തോ നൂറോ കോടി വകയിരുത്തി ഒരു യൂണിവേഴ്സിറ്റിയങ്ങുണ്ടാകണം. വേണ്ടവർ ഈ കലകളൊക്കെ അംഗീകൃതമായിത്തന്നെ പഠിച്ചു പാസ്സാകട്ടെ. കലാകാരൻമ്മാർക്ക് പഞ്ഞമുണ്ടായിട്ടല്ല. യൂണിവേഴ്സിറ്റിയൊക്കെ ഉണ്ടാക്കിയാൽ ആ വഴിക്കും കൊറേ തുട്ടുകൾ തടയും. പിന്നെ ഈ വക ശാസ്ത്രങ്ങൾ ശാസ്ത്രീയമായി തന്നെ പരിശീലിപ്പിക്കാനും വൈസ് ചാൻസലർ ആക്കാനുമൊക്കെ ആളെ തപ്പി നടക്കേണ്ട എന്ന ഗുണവുമുണ്ട്. ഈ യൂണിവേഴ്സിറ്റി വഴി രസതന്ത്രത്തിലെ നോബൽ പുരസ്കാരം നേടി ആ കാര്യത്തിലും കേരളത്തെ ലോകത്തിലേക്കും വച്ച് ഒന്നാം നമ്പർ ആക്കണം. അതുകണ്ട് അമേരിക്കക്കാരും ബ്രിട്ടീഷ്‌കാരും ജർമൻകാരുമൊക്കെ നാണിക്കണം!

എന്നിട്ട് ആ യൂണിവേഴ്സിറ്റിയുടെ മുൻപിൽ ‘അജ്ഞാനം ബ്രഹ്മഃ’ എന്ന മഹാവാക്യം കൂടി എഴുതി വക്കണം. പിന്നെ ഏതെങ്കിലും കാലത്ത് ഏതവനെങ്കിലും എന്തെങ്കിലും പൊക്കിക്കൊണ്ടുവന്നാൽ അറിഞ്ഞില്ല, ആരും പറഞ്ഞില്ല, എന്നൊക്കെ തരം പോലെ നിർവചിക്കാം എന്ന ഗുണവുമുണ്ട്.

സുമേഷ് രാമചന്ദ്രൻ

ഗർഭശ്രീമാൻ!

പ്രബുദ്ധ കേരള രാഷ്ട്രീയത്തിൽ ഗർഭകഥകൾ സുലഭമാണ്. സ്ത്രീ വിഷയങ്ങൾ പൊളിറ്റിക്കൽ ക്യാമ്പയിനുകളിൽ മുഖ്യ യുദ്ധകൗശലവും തന്ത്രങ്ങളുമാകാറുണ്ട്. ഏത്ര സ്ത്രീ വിരുദ്ധത പറഞ്ഞാലും അതാണ് കേരള രാഷ്ട്രീയ ചരിത്രം. പേരുകളും, നേരുകളുമൊന്നും പറയുന്നില്ല. എല്ലാവർക്കും അറിയുന്നതുകൊണ്ട്.

പക്ഷെ ശൂന്യതയിൽ നിന്നും വരുന്ന ഗർഭങ്ങൾ കൗതുകതരമാണ്‌! ഒരുകാര്യത്തിൽ മാത്രമാണ് എല്ലാവർക്കും ഉറപ്പുള്ളത്. ഗർഭകാരകനെ എല്ലാവരും അറിയും. ആ കാര്യത്തിൽ ഒരു തർക്കവുമില്ല. ഗർഭിണികളെയാണ് കാണാൻ കിട്ടാത്തത്. അപ്പോൾപ്പിന്നെ ‘അർദ്ധ’ ഗർഭമാകാതെ തരമില്ല.

18 മുതൽ 60 വയസ്സുവരെയുള്ള ഗർഭിണികൾ ഉണ്ടെന്ന് കേൾക്കുന്നു. വെറുതെകേൾക്കുന്നതല്ല. പുകൾപെറ്റ പോലീസ് സേനയും, ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ ഈവക കാര്യങ്ങൾ ശ്രദ്ധിക്കുന്ന പത്രങ്ങളും ചാനലുകളും പറയുന്നതാണ്. ‘ഗർഭച്ഛിദ്രത്തിന് വിധേയരായത് രണ്ട് യുവതികൾ’ എന്നാണ് തലക്കെട്ടുപോലും. അപ്പോൾ സത്യമാകാതെ തരമില്ല. അതോ അർദ്ധസത്യങ്ങളോ? അറിയില്ല. ഗർഭകാലം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നു തോന്നുന്നു. അപ്പോഴേക്കും ഇലക്ഷനും വരുമല്ലോ!

ഈ പറയുന്നതിൽ സത്യം ഉണ്ടാകാം, ഇല്ലാതെയും ഇരിക്കാം. കാണാമറയത്തുനിന്നെത്തുന്ന ഈ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് നിറം പിടിപ്പിക്കുന്ന മാധ്യമ സിംഹങ്ങളെ കാണുമ്പോഴാണ് കഷ്ടം. എന്ത് നിറത്തിലാണ് വരക്കുന്നതെങ്കിലും മഞ്ഞ നിറം മാത്രമാണ് തെളിഞ്ഞു കാണുന്നത്. ഇവരൊക്കെയാണ് നാട്ടിലുള്ള ഓൺലൈൻ, യൂട്യൂബ്, മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാൻ നടക്കുന്നത്.

കാര്യങ്ങൾ അങ്ങനെയൊക്കെ ആയിരിക്കെ ഈ പറയുന്ന കഥകളൊക്കെ ശരിയാണെങ്കിൽപ്പോലും ഈ ‘ഭീകരൻ’ രക്ഷപെട്ടുപോകാനാണ് സാധ്യത. കാരണം ആ രീതിയിലാണ് പോലീസും പത്രങ്ങളും മറ്റു മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നത്. ഇതു കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ തലച്ചോർ മുഴുവനും കളിമണ്ണാകാൻ തരമില്ലല്ലോ.

തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്ന് വാദിക്കുമ്പോഴും, പുകയെക്കുറിച്ചു കഥയുണ്ടാക്കിയാൽ തീയണയില്ലല്ലോ! ഇരകളാക്കപ്പെട്ടവർ മാനസ്സികമായി കടുത്ത വ്യഥയിലാണെന്നാണ് അവരുടെ സുഹൃത്തുക്കളും അടുത്തറിയുന്നവരും പറയുന്നത്. അങ്ങനെയൊരു വസ്തുതയുണ്ടെങ്കിൽ കേസുകൾ രഹസ്യമായി കൈകാര്യം ചെയ്യാൻ ഇവിടെ നിയമസംവിധാനവും മറ്റും ഉണ്ട്. പരാതിപ്പെടാൻ എന്തിനാണ് മടിക്കുന്നത്? ഇങ്ങനെയുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടേ? അല്ലെങ്കിൽ, അവരും ഇതുപോലുള്ളവരും വീണ്ടും ഇതുതന്നെചെയ്യില്ലേ? എല്ലാകാര്യത്തിലും പാശ്ചാത്യ സംസ്കാരം അനുകരിക്കുന്നവർ ഈ കാര്യത്തിൽ മാത്രം എന്തിനാണ് പുറകിലോട്ടുപോകുന്നത്? ഇതിനെയൊക്കെ ധീരമായും ശക്തമായും നേരിടണ്ടേ? വേണം എന്നാണ് എനിക്ക് തോന്നുന്നത്. ഇരയാക്കപ്പെട്ട ഒരാളെങ്കിലും അതിനുള്ള ധൈര്യം കാണിക്കണം.

സമൂഹ മാധ്യമ വിചാരണയാണ് ഭയമെങ്കിൽ പോട്ട് പുല്ല് എന്ന് വിചാരിക്കണം. നാമോരോരുത്തരുമാണ് സമൂഹം. നമ്മളെല്ലാം കൂടിയാണ് ഈ മാധ്യമങ്ങളെ വളർത്തുന്നത്. ഇത്രയധികം വാർത്താ ചാനലുകളുടെ ആവശ്യമുണ്ടോ കേരളത്തിൽ? ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ കൊണ്ട് ചാനൽ റേറ്റിംഗ് ഉയർത്താൻ നോക്കുന്നവർ പൂട്ടികെട്ടി പോട്ടേ. അത്രയും കുറച്ചു അശ്ലീലം കേട്ടാൽ മതിയല്ലോ!

ചാനലുകൾ എണ്ണമില്ലാത്ത അന്തി ചർച്ചകൾ നടത്തിയ ഈ വിഷയത്തിൽ ഇതുവരെ വന്നതെളിവുകൾ കുറെ ഓൺലൈൻ ചാറ്റ് ഹിസ്‌റ്ററികളും പിന്നെ എന്തിനോ വേണ്ടി തിളച്ച ചില നാരീമണികളുടെ മറ്റാർക്കോ വേണ്ടിയുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലവുമാണ്. ഇന്നേവരെ ഒരു ഇരയോ, കേസോ, ഇല്ലാത്ത സംഭവമാണ് ‘ഗർഭശ്രീമാൻ്റെതു’. എന്നിട്ടും ടിയാനെതിരെ പല നടപടികളും ഉണ്ടായി. ഇപ്പോൾ വീട്ടിൽ കുത്തിയിരിപ്പാണ്. അതവിടെ നിൽക്കട്ടെ. ഉപ്പു തിന്നവൻ വെള്ളം കുടിച്ചു തന്നെയാകണം.

നാടുനീളെനടന്നു സർവത്ര ‘ശ്രീമാൻ’ മാരായിരുന്ന പലരും മാന്യരായി നടക്കുന്ന നാട്ടിലെ കാഴ്ചയാണിത്. ഇരക്കു ഇരയും, കേസിനു കേസും തെളിവിനു തെളിവും ഒക്കെയുണ്ടായിട്ടും, ഇതാണാവസ്ഥ. ഈ അവസ്ഥയിൽ ഇതൊന്നുമില്ലാത്ത ‘ഭീകരനെ’ ഇങ്ങനെ ദയാരഹിതമായി കൈകാര്യം ചെയ്യുന്നതിൽ മറ്റു പല ഉദ്ദേശങ്ങളും ഉണ്ടാകാം. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ഒക്കെച്ചേർന്നു ഒരുത്തനെ തകർക്കാൻ വിചാരിച്ചിറങ്ങിയാൽ ചിലപ്പോൾ തകർന്നു പോകും. അതിനിയെത്ര നല്ലവനായാലും, മോശപ്പെട്ടവനായാലും, തകരും. മോശപെട്ടവർ (ആർക്ക്?) തുലഞ്ഞു പോട്ടെ. നല്ലവർ രാഷ്ട്രീയം തുലഞ്ഞു പോട്ടെയെന്നു വിചാരിച്ചു മറ്റുജോലികൾ നോക്കിപ്പോണം.

ഏറ്റവും വലിയ കൗതുകം, ഇവർക്കൊന്നുമില്ലാത്ത വിഷമം നാട്ടുക്കാർക്കാണെന്നതാണ്. അതെന്തിനാണെന്നു ഇനിയും പിടികിട്ടിയിട്ടില്ല. പെണ്ണുകേസുമായി വന്നാൽ, സത്യം എന്തായാലും, അത് വിശ്വസിച്ചു അതിനുപുറകേ പായുന്ന നാട്ടുകാർ ആയിപ്പോയതെന്തുകൊണ്ടാണ് നാം? അതിനു കാരണം എന്തായാലും ആ കാരണം കൊണ്ടുതന്നെയാണ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഇതിനെ ചിലർ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. ഇതു ഇനിയും തുടരും.

ഇലക്ഷൻ കാലം വരുന്നതിനാൽ ഇപ്രാവശ്യവും ഇതൊക്കെത്തന്നെ ഉണ്ടാകും. കൂടുതലായി.
പീഡനവീരരുടെയും, ഗർഭശ്രീമാന്മാരുടെ പുതിയകഥകൾക്കായി നമുക്ക് ഇനിയും കാത്തിരിക്കാം.

“The public have an insatiable curiosity to know everything, except what is worth knowing.” – Oscar Wilde

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് : 3

 

 

അദ്ധ്യായം 3: ആഭ്യന്തരയുദ്ധം

1983 ൽ തുടങ്ങിയ ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിക്കുന്നത് 2009 ൽ ആണ്. സിംഹള ഭൂരിപക്ഷം ആധിപത്യം പുലർത്തുന്ന ശ്രീലങ്കൻ സർക്കാരും, ദ്വീപിന്റെ വടക്കും കിഴക്കും ഭാഗത്ത് തമിഴ് ഈലം എന്ന സ്വതന്ത്ര തമിഴ് രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) യും, തമ്മിലാണ് ഈ സംഘർഷം നടന്നത്.

സിംഹള ആധിപത്യമുള്ള സർക്കാർ, ശ്രീലങ്കൻ തമിഴർക്കെതിരെ പതിറ്റാണ്ടുകളായി നടത്തിയ വിവേചനത്തിലും, അക്രമാസക്തമായ പീഡനത്തിലുമാണ് ഈ യുദ്ധം വേരൂന്നിയിരുന്നത്, സിംഹളയെ ഏക ഔദ്യോഗിക ഭാഷയാക്കുക, തമിഴ് വിരുദ്ധ വംശഹത്യകളിൽ തമിഴ് സമുദായങ്ങളെ ലക്ഷ്യം വയ്ക്കുക തുടങ്ങിയ നയങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു.

പ്രത്യേകിച്ച് 1983 ലെ “കറുത്ത ജൂലൈ” കലാപം. 1983 ജൂലൈയിൽ ശ്രീലങ്കയിൽ നടന്ന തമിഴ് വിരുദ്ധ വംശഹത്യയെയാണ് ബ്ലാക്ക് ജൂലൈ എന്ന് പറയുന്നത്. 1983 ജൂലൈ 23 ന് ശ്രീലങ്കൻ സൈന്യത്തിന്റെ പട്രോളിംഗിന് നേരെ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) നടത്തിയ പട്രോളിംഗിൽ 13 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഭരണകക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) യിലെയും സർക്കാരിലെയും ഘടകങ്ങളുടെ ഗണ്യമായ പങ്കാളിത്തത്തോടെ, മുൻകൂട്ടി ആസൂത്രണം ചെയ്തതുമായ ഒരു കൂട്ടക്കൊലയാണിതെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു, തുടർന്ന് ബഹുജന പങ്കാളിത്തത്തിലേക്ക് ഇത് വ്യാപിച്ചു.

ഈ കലാപത്തിലെ മരണസംഖ്യയുടെ കണക്കുകളിൽ ഒരു കൃത്യതയുമില്ല. 400 മുതൽ ആയിരക്കണക്കിന് വരെ, ചില സ്രോതസ്സുകൾ 5,638 പേർ വരെ കൊല്ലപ്പെട്ടതായി പറയുന്നു. 90,000 മുതൽ 150,000 വരെ തമിഴർ കുടിയിറക്കപ്പെട്ടു, 18,000 വീടുകളും 5,000 കടകളും നശിപ്പിക്കപ്പെട്ടു. സാമ്പത്തിക നഷ്ടം 300 മില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ആളുകളെ ജീവനോടെ ചുട്ടുകൊല്ലൽ, ബലാത്സംഗം, മുഴുവൻ അയൽപക്കപരിസരങ്ങളുടെയും നാശം തുടങ്ങിയ ക്രൂരമായ പ്രവൃത്തികൾ അക്രമത്തിൽ ഉൾപ്പെടുന്നു.

ശ്രീലങ്കൻ ചരിത്രത്തിലെ ഒരു വഴിത്തിരിവായി ബ്ലാക്ക് ജൂലൈ കണക്കാക്കപ്പെടുന്നു, ഇത് തമിഴ് തീവ്രവാദ ഗ്രൂപ്പുകളുടെ നാടകീയമായ വളർച്ചയ്ക്കും തമിഴ് തീവ്രവാദികളും ശ്രീലങ്കൻ സർക്കാരും തമ്മിലുള്ള 26 വർഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തിനും കാരണമായി. ശ്രീലങ്കയിൽ നിന്നുള്ള തമിഴരുടെ ആദ്യത്തെ വലിയ പലായനത്തിനും ഈ വംശഹത്യ കാരണമായി, ഇത് ആഗോളതലത്തിൽ തമിഴ് കുടിയേറ്റത്തിന് കാരണമായി. എൽടിടിഇ പ്രധാന തമിഴ് തീവ്രവാദ ഗ്രൂപ്പായി ഉയർന്നുവന്നു, എതിരാളികളായ തമിഴ് സംഘടനകളെ ആസൂത്രിതമായി ഇല്ലാതാക്കി “തമിഴരുടെ ഏക പ്രതിനിധി” ആയി.

തീവ്രമായ സൈനിക ഏറ്റുമുട്ടലുകൾ, ഗറില്ലാ യുദ്ധം, ചാവേർ ബോംബാക്രമണങ്ങൾ, ഇരുവിഭാഗങ്ങളും നടത്തിയ ക്രൂരതകൾ എന്നിവയാൽ ഈ സംഘർഷം ശ്രീലങ്കയുടെ കറുത്ത ദിനങ്ങളായി. നാവികസേനയും വ്യോമസേനയും ഉൾപ്പെടെ ഒരു സങ്കീർണ്ണമായ സൈനിക ഘടന എൽടിടിഇ വികസിപ്പിച്ചെടുത്തു, ചാവേർ ബോംബിംഗിലും ബാല സൈനികരെ റിക്രൂട്ട് ചെയ്യുന്നതിലും അവർ കുപ്രസിദ്ധരായി.

ഇന്ത്യ തുടക്കത്തിൽ തമിഴ് തീവ്രവാദികളെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് 1987 ൽ സമാധാന സേനയെ (ഐപികെഎഫ്) ശ്രീലങ്കയിലേയ്ക്ക് അയച്ചു, അത് 1990 ഓടെ പരാജയത്തിലും പിൻവാങ്ങലിലും കലാശിച്ചു. 1991 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും 1993 ൽ ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയെയും എൽടിടിഇ വധിച്ചു.

2009 മെയ് മാസത്തിൽ ശ്രീലങ്കൻ സൈന്യം എൽടിടിഇയെ പരാജയപ്പെടുത്തി, അതിന്റെ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ കുറഞ്ഞത് ഒരുലക്ഷം പേരുടെയെങ്കിലും മരണമുണ്ടായി, അതിലും കൂടുതൽ പേർ നാടുകടത്തപ്പെടുകയോ രാജ്യം വിട്ടുപോകേണ്ടി വരികയോ ചെയ്തു. എൽടിടിഇയും ശ്രീലങ്കൻ സൈന്യവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയതായി കണ്ടെത്തുകയുണ്ടായി.

ആഭ്യന്തരയുദ്ധം ശ്രീലങ്കൻ സമൂഹത്തിൽ ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിച്ചു. നീതി, ഉത്തരവാദിത്തം, അനുരഞ്ജനം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നു, യുദ്ധകാലത്തെ അതിക്രമങ്ങൾക്ക് ഇരകളും അവരുടെ കുടുംബങ്ങളും നീതി തേടുന്നത് തുടരുന്നു. ശ്രീലങ്കയുടെ രാഷ്ട്രീയ വികസനത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും സംഘർഷം സാരമായി ബാധിച്ചു.

ഒരു കാര്യം പറയാതിരിക്കുവാൻ കഴിയില്ല. ഈ ആഭ്യന്തര യുദ്ധകാലത്ത് ഏറ്റവും അധികം കഷ്ടതകൾ അനുഭവിച്ചത് ശ്രീലങ്കയിലെ തമിഴ് വംശജരാണ്. അവർക്ക് രണ്ടു വശങ്ങളിൽ നിന്നുമുള്ള പീഡനങ്ങൾ സഹിക്കേണ്ടതായി വന്നു. ഇക്കാര്യത്തിൽ എൽടിടിഇയും ഒട്ടും മോശമായിരുന്നില്ല. ആഭ്യന്തരയുദ്ധകാലത്തും അതിന്റെ അനന്തരഫലങ്ങളിലും ശ്രീലങ്കൻ തമിഴർ, എൽടിടിഇ യിൽ നിന്നും സിംഹള ആധിപത്യമുള്ള സർക്കാരിൽ നിന്നും വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചു.

സിംഹള സർക്കാർ തമിഴരെ പാർശവൽക്കരിക്കുന്ന നയങ്ങൾ നടപ്പിലാക്കി, സിംഹള ഒൺലി ആക്ട്, സിലോൺ സിറ്റിസൺഷിപ്പ് ആക്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇത് നിരവധി തമിഴർക്ക് പൗരത്വം നിഷേധിക്കുകയും അവരുടെ ഭാഷാ അവകാശങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. 1956, 1958, 1977, 1981 വർഷങ്ങളിൽ തമിഴർ ആവർത്തിച്ചുള്ള തമിഴ് വിരുദ്ധ വംശഹത്യകളെ നേരിട്ടു, ഏറ്റവും പ്രധാനമായി, 1983 ലെ ബ്ലാക്ക് ജൂലൈ കലാപത്തിൽ ആയിരക്കണക്കിന് തമിഴർ കൊല്ലപ്പെടുകയും, നാടുകടത്തപ്പെടുകയും, അവരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു. സർക്കാർ സേന പലപ്പോഴും തമിഴരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു, അല്ലെങ്കിൽ അക്രമത്തിൽ പങ്കാളികളായി.

ആഭ്യന്തരയുദ്ധത്തിലുടനീളം, സർക്കാർ സേന വിവേചനരഹിതമായ ബോംബാക്രമണം, നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനം, നിർബന്ധിത തിരോധാനങ്ങൾ, തമിഴ് സിവിലിയന്മാർക്കെതിരായ ലൈംഗിക അതിക്രമങ്ങൾ എന്നിവ അഴിച്ചുവിട്ടു. യുദ്ധത്തിന്റെ അവസാന മാസങ്ങളിൽ, മുള്ളിവൈക്കൽ കൂട്ടക്കൊലയിൽ 40,000 മുതൽ 70,000 വരെ തമിഴ് സിവിലിയന്മാർ കൊല്ലപ്പെട്ടു, അവിടെ സർക്കാർ സൈന്യം പ്രഖ്യാപിത സുരക്ഷിത മേഖല ബോംബെറിഞ്ഞു തകർത്തു. ലക്ഷക്കണക്കിന് തമിഴർ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു അല്ലെങ്കിൽ വിദേശത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി, പലർക്കും വീടുകൾ, ഉപജീവനമാർഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവ നഷ്ടപ്പെട്ടു.

എൽടിടിഇ ആകട്ടെ, കുട്ടികളെയും മുതിർന്നവരെയും നിർബന്ധിതമായി സൈന്യത്തിൽ ചേർത്തും, അവരെ പോരാളികളായും ചാവേർ ബോംബർമാരായും ഉപയോഗിച്ചും ആയിരുന്നു മിക്ക അക്രമങ്ങളും നടത്തിയിരുന്നത്. പല കുടുംബങ്ങളെയും, കുട്ടികളെ ഉപേക്ഷിക്കാൻ നിർബന്ധിക്കുകയോ, അക്രമാസക്തമായ പ്രതികാര നടപടികൾക്ക് വിധേയരാക്കുകയോ ചെയ്തു. തങ്ങളുടെ രീതികളെയോ പ്രത്യയശാസ്ത്രത്തെയോ എതിർത്ത, എതിരാളികളായ തമിഴ് ഗ്രൂപ്പുകളെയും വ്യക്തികളെയും എൽടിടിഇ ഇല്ലാതാക്കി, ബലപ്രയോഗത്തിലൂടെ അധികാരം ഉറപ്പിച്ചു.

 

എൽടിടിഇ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് സിംഹള, മുസ്ലീം സമുദായങ്ങളെ ബലമായി പുറത്താക്കി, ഇത് കൂടുതൽ കുടിയിറക്കത്തിനും വർഗീയ സംഘർഷങ്ങൾക്കും കാരണമായി.ചാവേർ ബോംബാക്രമണങ്ങളും കുഴിബോംബുകളും ഉപയോഗിച്ചു, മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി സിവിലിയന്മാരെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്തു. എൽ.ടി.ടി.ഇ നിയന്ത്രണത്തിൽ ജീവിച്ചിരുന്ന തമിഴർക്ക് സഞ്ചാരം, ആവിഷ്കാരം, കൂട്ടായ്മ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു, വിയോജിപ്പുള്ളവർക്ക് കഠിനമായ ശിക്ഷകളും ലഭിച്ചു.

സംഘർഷകാലത്ത് നടന്ന യുദ്ധക്കുറ്റകൃത്യങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ബഹുഭൂരിപക്ഷത്തിനും ശ്രീലങ്കൻ സർക്കാരിനെയോ എൽടിടിഇയെയോ ഉത്തരവാദികളാക്കിയിട്ടില്ല എന്നത് വിരോധാഭാസം. ചുരുക്കത്തിൽ, ശ്രീലങ്കൻ തമിഴർ, ഭരണകൂടം സ്പോൺസർ ചെയ്ത അക്രമം, സിംഹള സർക്കാരിന്റെ വിവേചനം, എൽടിടിഇയുടെ സ്വേച്ഛാധിപത്യ ഭരണം, നിർബന്ധിത റിക്രൂട്ട്മെന്റ്, ക്രൂരമായ തന്ത്രങ്ങൾ എന്നിവയാൽ കഷ്ടപ്പെട്ടു. അതിന്റെ ഫലമായി അഗാധമായ നഷ്ടം, സ്ഥാനഭ്രംശം, ജീവനഷ്ടം എന്നിവ ഉണ്ടായി എന്നത് മാത്രം മിച്ചം.

ഡോ. സുനീത് മാത്യു

 

രോഹിണി

കണ്ണൂർ  സെൻട്രൽ ജയിലിൽ  പുലർച്ചെ അഞ്ചുമണിയുടെ സൈറൺ മുഴങ്ങി. വാർഡന്റെ  പതിവ് സന്ദർശനം  ഓരോ റൂമിനു  മുന്നിലും  തുടങ്ങി.

തടവുകാർ  പ്രഭാതകൃത്യങ്ങളിലെക്കു തിരഞ്ഞു. നൂറ്റിപ്പത്താം റൂമിൽ മാത്രം അനക്കമില്ല.  അതു രോഹിണിയുടെ  റൂമാണ്.  വാർഡൻ വന്നു അഴിയിൽ രണ്ടു തവണ തട്ടി.

“സൈറൺ മുഴങ്ങിയത് കേട്ടില്ലേ രോഹിണി..എന്തെടുക്കുവാ പള്ളിയുറക്കം കഴിഞ്ഞില്ലേ? ”

അവളോർത്തു പള്ളിയുറക്കം  ഉറങ്ങാൻ  മാത്രം രാത്രി  താൻ  ഉറങ്ങാറുണ്ടോ. ഉറക്കം നഷ്ടമായി വർഷങ്ങൾ  കഴിഞ്ഞു.

രോഹിണി മുകളിലെ ഭിത്തിയിൽ  കണ്ണുറപ്പിച്ചു   കിടക്കുകയാണ്.

പന്ത്രണ്ട് വർഷം  ആയി തന്റെ സ്വപ്നങ്ങൾ  നഷ്ടമായിട്ട്.  പന്ത്രണ്ടു വർഷം എത്ര വേഗം  പോയി.  കോടതി  വിധിച്ച  ജീവപരന്ത്യകാലയളവ്.

അവളുടെ  ആ  ഓർമ്മകൾ  പിന്നിലേക്ക്  പോയി.  അന്നത്തെ ആ  ദിവസം..

വലിയൊരു  സ്കൂൾ.  അതിലെ  ക്ലാസ്സ്‌ റൂമിൽ  രോഹിണി  ക്ലാസ്സ്‌ എടുക്കുകയാണ്. കുട്ടികൾ  എല്ലാം അവളെ  നോക്കി  ഇരിക്കുന്നു..

“എടി  രോഹിണി എണീക്ക്  നേരം  പരപരാ വെളുത്തത്  കണ്ടില്ലേ ?”

അവൾ  ഞെട്ടി  ഉണർന്നു.  അപ്പോൾ സ്കൂൾ  എവിടെ?  ഹോ…സ്വപ്നം ആയിരുന്നോ?

തന്റെ  ജീവിതം  ജയിലിൽ  ആണെന്ന  കാര്യം  അവൾ  മറന്നു.  ജീവിതം ഇവിടെ  എത്തിയ  നാൾവഴികൾകളാണ്  അവളുടെ ഓർമ്മയിൽ.

“അമ്മേ  രാത്രി മൊത്തം  പഠിക്കുകയായിരുന്നു.  ലാസ്റ്റ് എക്സാം  ആണമ്മേ അടുത്ത ആഴ്ച .  വെളുപ്പിനാ ഉറങ്ങീത്.  ”

“എടി കിണ്ണാണ്ണം  പറയാതെ.  എണിറ്റു  മുറ്റമടിക്ക്.  നീയൊക്കെ  പഠിച്ചു  എന്ത് ആവാനാ?  ”

“അമ്മേ എനിക്കു പഠിച്ചു  ടീച്ചർ ആവണം.. ”

രോഹിണി  ടി ടി സി  പഠിക്കുകയാണ്..

“മിണ്ടാതെ  ഇരിക്ക്  പെണ്ണേ അവളുടെ  ഒരു  ടീച്ചർ. നാളെ  മുതൽ എന്റെ കൂടെ പണിക്കു  പോരണം ”

അവളുടെ  അമ്മക്ക്  അവൾ പഠിക്കുന്നതു  തീരെ   ഇഷ്ടമല്ല.

“എടി എനിക്കിന്ന്  ദൂരെയാണ് പണി.  നേരത്തെ പോകണം.  വേഗം മുറ്റമടിച്ചു   കഞ്ഞി വച്ചു മുത്തശ്ശിക്കു കൊടുക്ക്. ”  അതു പറഞ്ഞു അവർ പണിക്കു ഇറങ്ങി.

രോഹിണിക്ക്  അമ്മയും  മുത്തശ്ശിയും  മാത്രമേയുള്ളൂ.  അച്ഛൻ  ആരാന്നു കൂടി  അറിയില്ല.  അമ്മ പണിക്കു പോയിടത്തെ  കൂടെ പണി ചെയുന്ന ആളുമായ്  ലോഹ്യത്തിലായി.  അങ്ങനെ ജനിച്ചത്  എന്നാണ് കേട്ടറിവ്.  അമ്മയുടെ  സ്വഭാവം  കാരണം  വിട്ട്  പോയി എന്നും.  അച്ഛനെ പറ്റി അവൾ ചോദിക്കാറുമില്ല.

അമ്മ പോയതിനുശേഷം  അവള്‍  മറ്റു  ജോലികളിലേക്കു  കടന്നു. പണിയൊക്കെ  ഒതുക്കി  കിടപ്പിലായ   മുത്തശ്ശിയുടെ ദേഹം തുടച്ചു.  നല്ല മുണ്ട്  ഉടുപ്പിച്ചു.  കഞ്ഞിയും കൊടുത്തു കിടത്തി.

ക്ലാസ്സ് കഴിഞ്ഞാൽ  അമ്മയുടെ കൂടെ പണിക്കു ചെല്ലാ‍നാണ് അമ്മ പറഞ്ഞിട്ടുള്ളത്.  എങ്ങനെയും എക്സാം കഴിഞ്ഞു  റിസൾട്ട്  വന്നാൽ മതിയായിരുന്നു.

ലക്ഷ്മിമിസ്സ്‌  തന്റെ  അവസ്ഥ  കണ്ടിട്ട്  നഗരത്തിലെ  പ്രൈവറ്റ്   സ്കൂളിൽ കേറാൻ  സഹായിക്കാം  എന്ന്  ഉറപ്പ് പറഞ്ഞിട്ടുണ്ട്.  അവിടെ തന്നെ ഹോസ്റ്റലിൽ  നിൽക്കുകയും  ചെയ്യാം.

അമ്മ വാർക്കപ്പണിക്കാണ്  പോകുന്നത്.  ജോലിക്കു  പോകാൻ  തനിക്കു മടിയില്ല.  പക്ഷെ, അമ്മയുടെ കൂടെ എങ്ങിനെയാ?  അമ്മ ചീത്തയാണെന്നാണ്   എല്ലാവരും   പറയുന്നത്.  അമ്മയുടെ  കയ്യിൽ എപ്പോഴും നിറയെ കാശുണ്ടാവും,  കൂലിപ്പണിക്കു  പോയാൽ  ഇത്രയും  പൈസ  കിട്ടോ?

അറിയില്ല. തനിക്ക്  വിലകൂടിയ  ഡ്രസ്സുകൾ  നല്ല ഭക്ഷണം,  എല്ലാം അമ്മ തരും. അടുത്ത വീട്ടിലെ ചേച്ചിമാരോട്  ഒന്നും  അമ്മ കൂടൂല്ല,  പക്ഷെ, മിക്ക ചേട്ടന്മാരുമായും അമ്മ കൂട്ടാണ്.

രാത്രി, ഭക്ഷണം  കഴിഞ്ഞാൽ  മുത്തശ്ശിയുടെ  മുറിയിൽ  പോയി  കിടക്കും, അമ്മ  ആ  മുറി  പുറത്തുനിന്നു  പൂട്ടുകയും  ചെയ്യും.  പിന്നെ  ഇപ്പുറത്ത് ആരുടെയൊക്കെയോ  അടക്കി  പിടിച്ച  സംസാരം കേൾക്കാം, പക്ഷെ  നേരം വെളുത്ത് കഴിഞ്ഞാൽ ആരെയും കാണുകയുമില്ല.

ആരൊക്കെയാണാവോ?  ഒരാളെ  തനിക്ക്  അറിയാം.  രാഘവൻ ചേട്ടൻ, അമ്മയുടെ  ഏറ്റവും  അടുത്ത  കൂട്ടുകാരൻ.   ഇവിടെ  അടുത്ത്  തന്നെയാണ് താമസം.  നാട്  വേറെങ്ങോ  ആണ്.

വാർക്ക പ്പണിയുടെ  കോൺടാക്ർ  ആണ്.  പക്ഷെ, രാഘവൻ  ചേട്ടനെ തനിക്കിഷ്ടമല്ല.  കട്ടി മീശയും,  ചോരച്ച  കണ്ണുകളും,  മദ്യത്തിന്റെ നാറ്റവും. അമ്മയെ  കാണാനാണ്  എന്നും  പറഞ്ഞ് എപ്പോഴും  വരും,  കൂടുതലും അമ്മയില്ലാത്ത  സമയം  നോക്കിയെ  വരൂ.  വന്നാൽ  പിന്നെ  പോവേമില്ല. വീട്ടിൽ  അധികാരത്തോടെ  കയിറി  ഇരിക്കും.

അമ്മയുണ്ടെങ്കിൽ തന്നെ,  തന്നെയായാണ്  നോട്ടമിടുന്നത്, അറിയാതെയെങ്ങാനും  അടുത്ത്  ചെന്നുപെട്ടാൽ  തീർന്നു,  പിന്നെ  നല്ല ‘വാത്സല്യം’ ആയിരിക്കും,  ഇതൊക്കെ  കണ്ടാലും  അമ്മ  അയാളെ  ഒന്നും പറയില്ല, നിന്നു ചിരിക്കെയുള്ളു.  പിന്നെ  തനിക്ക്  ആകെ  ഒരു  ആ‍ശ്രയം, കണ്ണുകാണാത്ത  കിടപ്പിലായ മുത്തശ്ശി  മാത്രമാണ്. അയാൾ വന്നാൽ താൻ മുത്തശ്ശിയുടെ  അടുത്ത്  തന്നെയായിരിക്കും.

അങ്ങനെ  ഓരോന്ന്  ചിന്തിച്ചു  ഇരിക്കുമ്പോൾ  ആണ്  അന്ന്

” രോഹിണിക്കുട്ടി ഉറങ്ങുകയാണോ”

ഒരു ചോദ്യവും,  ഇരുതോളിലും  പിടിച്ച്  ഒരു  കുലുക്കലും.

രോഹിണി ഞെട്ടിയുണർന്നു.  രാഘവൻ  ചേട്ടനാണ്, ഇയാളെപ്പോൾ എത്തി?  അവൾ ചാടിയെണീറ്റു, അവളെ  ചെറുതായി  വിറക്കാൻ തുടങ്ങി, അമ്മയില്ലാത്ത  സമയം  നോക്കിയാണ്  വന്നിരിക്കുന്നത്,  അമ്മക്കിന്ന് ദൂരെയാണ് ജോലി.  അറിഞ്ഞു കൊണ്ടു തന്നെ ആണ് വരവ്.

“അമ്മ  ഇവിടെയില്ല.  പണിക്ക് പോയി ”

“അയ്യോ, അമ്മയില്ലേ?  ഞാൻ അമ്മയോടൊരു  കാര്യം  പറയാൻ  വന്നതാണ്.. ഇനിയെന്തുചെയ്യും?”

അയാൾ വല്ലാത്തൊരു നഷ്ടബോധത്തോടെ  അടുത്തു കണ്ട  കസേരയിലേക്ക് ഇരുന്നു,  രോഹിണിയെ  ആകെയൊന്നു  നോക്കി,  പാവാടയും  ബ്ലൗസുമാണ് അവളുടെ വേഷം.  അതിലവൾ വളെരെ സുന്ദരി ആയിരിക്കുന്നു.  അയാളുടെ മുഖത്ത്  വല്ലാത്തൊരു  തിളക്കം.

കെണിയിൽ പെട്ട ഇരയെ കണ്ട  വേട്ടക്കാരന്റെ  കണ്ണിലെ  തിളക്കം.

“രോഹിണിക്കുട്ടി പോയിട്ട്  ഇത്തിരി  സംഭാരം  എടുത്തോണ്ട്  വാ വല്ലാത്ത ദാഹം  എന്തൊരു  ചൂടാണ്  പുറത്ത് ”

അവൾ അടുക്കളയിലേക്കു നടന്നു,  അടുക്കളയിൽ  കടന്ന്  വാതിൽ  അടച്ചു സാക്ഷയിട്ടു.  അവളെ  വല്ലാതെ  വിറയ്ക്കുന്നുണ്ടായിരുന്നു,  ദൈവമേ,  എന്തു ചെയ്യും, അയാളുടെ  ഈ  വരവ്  വെറുതെയല്ല,  കരുതിക്കൂട്ടി  തന്നെയുള്ള വരവാണ്,  മുത്തശ്ശിയാണെങ്കിൽ,  മരുന്ന് കഴിച്ചതുകൊണ്ടുള്ള മയക്കത്തിലും,  പെട്ടന്നൊന്നും  ഉണരേമില്ല,  ഉണർന്നാൽതന്നെ  കണ്ണ് കാണാതെ  കിടപ്പിലായ മുത്തശ്ശി  എന്തുചെയ്യാനാണ്?

ആരേലും വന്നെങ്കിൽ,  അവൾ അടുക്കളവാതിൽ തുറന്നു പിന്നിലൂടെ പുറത്തു ഇറങ്ങി.  അപ്പുറത്തെ വീട്ടിൽ പോകാം അവിടെ രാധേച്ചി ഉണ്ടാകും. അവിടെ പോയിരിക്കാം.

അടുക്കള വാതിൽ തുറന്നു പുറത്തു നോക്കിയ അവളൊന്നു ഞെട്ടി പുറത്തു മുന്നിൽ രാഘവൻ ചേട്ടൻ  നിന്നു  ചിരിക്കുന്നു..

“അല്ല രോഹിണിക്കുട്ടി  ഇതെന്താ സംഭാരം  ചോദിച്ചാൽ ൽ വാതിൽ അടച്ചേ?”

അവൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് ആഞ്ഞു.  പെട്ടന്നയാളുടെ ബലിഷ്ഠമായ കൈകൾ  അവളെകോരി എടുത്തു അകത്തെക്ക്  നടന്നു.

“അയ്യോ അമ്മേ ഓടി വരൂ ”

അവൾ വിളിച്ചു കൂവി

“ഒരാളും  വരില്ല രോഹിണിക്കുട്ട്യേ  കിടന്നു  കൂവണ്ട  വാ രാഘവേട്ടൻ  ഒരൂട്ടം പറയട്ടെ ”

“അയ്യോ എന്നെ  വിടൂ ”  അവൾ  കൈലാലിട്ടടിച്ചു

“നിന്റെമ്മ   സമ്മതിച്ചു  തന്നെയാണ്  വന്നത് ”  അയാളൊരു  വഷളൻ ചിരി ചിരിച്ചു .

അമ്മ  തന്നെ  ഇയാളെ  പറഞ്ഞയച്ചത്  എന്നോ ദൈവമേ തന്റെ  അമ്മ  ഇത്ര വൃത്തികെട്ടവളാണോ? അവളുടെ മനസ്സിൽ  അമ്മയോട്  വെറുപ്പ് കുമിഞ്ഞു കൂടി

അയാളവളെ  എടുത്തു  ബെഡിലേക്കിട്ടു.

പേടിച്ച മാൻപേടയെപോലെ  അവൾ  മൂലയിൽ  ചുരുണ്ടു  കൂടി.

അയാൾ  അവളുടെ  മേലേക്ക്  ചാഞ്ഞു.

പെട്ടന്ന്  ആണ്  അവൾക്ക്  ഓർമ്മ  വന്നത്  തലയണക്കടിയിൽ  ഇയാളെ പേടിച്ചു  വച്ചിരുന്ന  വാക്കത്തിയെ പ്പറ്റി.  അവളത് എടുത്തു ആഞ്ഞൊരു വെട്ട്. അയാളുടെ തോളിൽ തന്നെ. പിന്നെ  അവിടെ  നടന്നത്  ദാരികനെ  കൊന്ന ഒരു  ഭദ്രകാളി താണ്ഡവമായിരുന്നു.  അവളാകെ ചോരയിൽ കുളിച്ചു.

അവസാനം  അവൾ  തളർന്നു  നിലത്തിരുന്നു.  കൂടെ  അവളുടെ  മോഹങ്ങളും സ്വപ്നങ്ങളും.  ശൂന്യമായ മനസ്സോടെ.

“അല്ല ഇതു വരെ എണീറ്റില്ലേ ”

വാർഡന്റെ  ശബ്ദം  വീണ്ടും  ചിന്തകളെ മുറിച്ചു  കൊണ്ടു മുഴങ്ങി.

അവൾ  വേഗം  തന്നെ എഴുന്നേറ്റു പുറത്തേക്ക്  നടന്നു.

“രോഹിണി ഒന്ന്  നിന്നെ ഒരു കാര്യം  പറയാൻ  ഉണ്ട് ”

ജയിൽ വാർഡൻ പിന്നാലെ എത്തി.

“രോഹിണി ഇന്ന്  പത്തു മണിക്ക്  നിന്നെ  വിട്ടയ്ക്കുകയാണ് . മറന്നു പോയോ? സന്തോഷം ആയില്ലേ? ”

വാർഡൻ  രമണി  ഓർഡർ നീട്ടി കാണിച്ചു.

“അനാഥ ആയ ഞാൻ  എങ്ങോട്ട്  പോകാൻ  ആണ്  രമണി സാറെ ?  ”

“എങ്ങനെ ആയാലും ഇവിടെ നിന്ന് പോയല്ലെ പറ്റു ?”

പത്തു മണിക്ക്  അവളുടെ  സാധങ്ങൾ,  ജയിലിൽ ഇതുവരെ  ജോലി  ചെയ്ത പൈസ എല്ലാം തിരിച്ചു  കൊടുക്കുമ്പോൾ  രമണി പറഞ്ഞു.

“നിന്നെ കാത്തൊരു ആൾ പുറത്ത് നിൽക്കുന്നുണ്ട് ”

“ആരാണ് സാറേ?”

“രാജശേഖരൻ  എന്നാണ്  പേര് . ആരാ  ഒന്നും  പറഞ്ഞില്ല. ”

ആരാണ്  രാജശേഖരൻ?  അങ്ങനെ  പേര്  കേട്ടിട്ടില്ലല്ലോ  അവളാ  പേര് എവിടെയെങ്കിലും  കേട്ടിട്ടുണ്ടോയെന്ന്   ഓർത്തെടുക്കാൻ  ശ്രമിച്ചു. ഇനിയിപ്പോ അമ്മ  എന്ന സ്ത്രീ  പുതിയ  ആളെ പറഞ്ഞയച്ചോ?.

വരട്ടെ  എന്നാപ്പിന്നെ  ഇവിടെ  തന്നെ  ജീവിതകാലം  കഴിയാലോ..

പുറത്തു  കടന്നപ്പോൾ  അവളെയും  കാത്ത് നിൽക്കുന്ന  മധ്യവയസ്സുള്ള അയാളെ  അവൾ  കണ്ടു….

“മോളെ”  അയാൾ വിളിച്ചു.

അവളെ  കൊണ്ടു  പോകാൻ വന്ന  രാജശേഖരനെന്ന  ആ  മനുഷ്യൻ  അവളുടെ  അച്ഛനായിരുന്നു. അവളെ  അറിഞ്ഞു വന്ന  അവളൊരിക്കലും കാണാത്ത  അവളുടെ  അച്ഛൻ .

“മോളെ  അച്ഛൻ  എല്ലാം  അറിയാൻ  വൈകിപ്പോയി. അമ്മയുയുടെ  ദുർനടപ്പ് കാരണം  ആയിരുന്നു  അച്ഛൻ  അമ്മയെ വിട്ടു  പോയത്.   ഇപ്പോൾ  വീണ്ടും ഈ നാട്ടിൽ എത്തി അമ്മയെ അന്വേഷിച്ചു വന്നപ്പോൾ  ആണ്  എല്ലാം അറിഞ്ഞത്. മോൾ അച്ഛന്റെ കൂടെ വരണം.  അച്ഛന്റെ മോളായി  വരൂ  പോകാം”.

അവൾ  പതുക്കെ  തലയാട്ടി.  അദ്ദേഹത്തിന്റെ പിന്നാലെ നടന്നു.

 

ഉമാ എസ് നാരായണൻ

താരിഫ് യുദ്ധത്തിന്റെ അമേരിക്കൻ അന്തരഫലങ്ങൾ

യുഎസ്എയിൽ താരിഫ് വർദ്ധനവ് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലും ആഗോള വ്യാപാര ചലനാത്മകതയിലും ശ്രദ്ധേയവും വ്യാപകവുമായ അനന്തരഫലങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. എന്തൊക്കെയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ എന്ന് നോക്കാം.

ഉപഭോക്തൃ വില വർദ്ധനവ്:

താരിഫ് വർദ്ധനവ് ഉപഭോക്താക്കൾക്ക് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങണമെന്ന അവസ്ഥയ്ക്ക് കാരണമായി. സമീപകാല വിശകലനങ്ങൾ കണക്കാക്കുന്നത് ഉപഭോക്തൃ വിലകൾ ഹ്രസ്വകാലത്തേക്ക് 1.5-2.3% വർദ്ധിച്ചു എന്നാണ്, താരിഫുകളുടെ വ്യാപ്തിയെ ആശ്രയിച്ച്, ഗാർഹിക വാങ്ങൽ ശേഷിയിൽ പ്രതിവർഷം ഒരാൾക്ക് $2,100 നും $3,800 നും ഇടയിലുള്ള നഷ്ടത്തിന് തുല്യമാണിത്. വസ്ത്രങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ ചില മേഖലകളിൽ 17% വരെ വിലക്കയറ്റം ഉണ്ടായിട്ടുണ്ട്.

ഉയർന്ന ഉൽപ്പാദക ചെലവുകൾ:

യുഎസ് ഉൽപ്പാദകർ അവരുടെ ഇൻപുട്ട് ചെലവുകളിൽ ഗണ്യമായ വർദ്ധനവ് അനുഭവിക്കുന്നു, ഇത് വർഷങ്ങളായി ഏറ്റവും വേഗതയേറിയ മൊത്തവില വർദ്ധനവിന് കാരണമാകുന്നു. ഈ ചെലവുകൾ ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു, ഇത് വിശാലമായ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു.

കുറഞ്ഞ സാമ്പത്തിക വളർച്ച:

താരിഫുകളിലെ വർദ്ധനവ് യു.എസിന്റെ യഥാർത്ഥ ജിഡിപി വളർച്ചയുടെ ഏകദേശം 0.5 ശതമാനം പോയിന്റുകൾ കുറച്ചിട്ടുണ്ട്, കൂടാതെ താരിഫ് ഇല്ലാത്ത സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ദീർഘകാലാടിസ്ഥാനത്തിൽ 0.4–0.6% കുറവായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് $100–$180 ബില്യൺ പരിധിയിലുള്ള വാർഷിക ഉൽ‌പാദന നഷ്ടത്തിലേക്ക് നയിക്കും.

വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ:

2025 അവസാനത്തോടെ തൊഴിലില്ലായ്മ നിരക്ക് 0.3 ശതമാനം പോയിന്റ് വർദ്ധിക്കും. 2026 ൽ ഇത് ഇനിയും കൂടും. 2025 വർഷാവസാനത്തോടെ 500,000-ത്തിലധികം പേയ്‌റോൾ തസ്തികകളിൽ കുറവുണ്ടാകും.

മേഖല അടിസ്ഥാന പ്രത്യാഘാതങ്ങൾ:

യു.എസിലെ ചില നിർമ്മാണ മേഖലകൾ (സ്റ്റീൽ, ഓട്ടോ പോലുള്ളവ) ഹ്രസ്വകാലത്തേക്ക് നേട്ടമുണ്ടാക്കുമ്പോൾ, മറ്റ് മേഖലകൾ, പ്രത്യേകിച്ച് നിർമ്മാണം, കൃഷി എന്നിവയെ പ്രതികൂലമായി ബാധിക്കും. നിർമ്മാണ ഉൽ‌പാദനം 3%-ത്തിലധികം ചുരുങ്ങി, കാർഷിക മേഖലയും മാന്ദ്യം നേരിടും.

ഉയർന്ന സർക്കാർ വരുമാനം:

താരിഫുകൾ സർക്കാർ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കും. അടുത്ത ദശകത്തിൽ ഇത് ട്രില്യൺ കണക്കിന് സമാഹരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, മന്ദഗതിയിലുള്ള വളർച്ചയും ഉയർന്ന വിലയും മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ധനകാര്യ വരുമാനത്തിലെ നേട്ടത്തേക്കാൾ കൂടുതലാണെന്ന് കണക്കുകളും സർക്കാർ പ്രവചനങ്ങളും എടുത്തുകാണിക്കുന്നു. ചുരുക്കത്തിൽ സാമ്പത്തിക നഷ്ടം നേട്ടത്തേക്കാൾ കൂടുതലാണ്.

കയറ്റുമതി ഇടിവ്:

വ്യാപാര പങ്കാളികൾ പ്രതികാരം ചെയ്യുകയോ അവരുടെ വ്യാപാരം മറ്റെവിടെയെങ്കിലും തിരിച്ചുവിടുകയോ ചെയ്യുന്നതിനാൽ, ദീർഘകാല കയറ്റുമതി നിലവാരം 10–18% വരെ കുറഞ്ഞേക്കും എന്ന് പറയപ്പെടുന്നു. വിലക്കയറ്റം, പ്രതികാരം, അനിശ്ചിതത്വം: മറ്റ് രാജ്യങ്ങൾ യുഎസ് സാധനങ്ങൾക്ക് തീരുവ ചുമത്തി തിരിച്ചടിച്ചു, ആഗോള വ്യാപാര രീതികൾ യുഎസ് വിതരണക്കാരിൽ നിന്ന് അകന്നുപോകുന്നു. തത്ഫലമായുണ്ടാകുന്ന അനിശ്ചിതത്വം ബിസിനസ്സ് നിക്ഷേപത്തെയും ആത്മവിശ്വാസത്തെയും ബാധിക്കും എന്നത് തീർച്ചയാണ്.

പണപ്പെരുപ്പവും പലിശ നിരക്കിലെ വെല്ലുവിളികളും:

താരിഫുകളിൽ നിന്നുള്ള പണപ്പെരുപ്പ സമ്മർദ്ദങ്ങൾ ഫെഡറൽ റിസർവിന്റെ പണനയം കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നു. ഇത് കൂടുതൽ പണപ്പെരുപ്പ വർദ്ധനവിന് സാധ്യതയില്ലാതെ പലിശ നിരക്കുകൾ കുറയ്ക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.

ചുരുക്കത്തിൽ, താരിഫുകൾ സർക്കാർ വരുമാനം വർദ്ധിപ്പിക്കുകയും തിരഞ്ഞെടുത്ത വ്യവസായങ്ങൾക്ക് ഗുണം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും, അവയുടെ മൊത്തത്തിലുള്ള അനന്തരഫലങ്ങളിൽ ഉയർന്ന വിലകൾ, മന്ദഗതിയിലുള്ള വളർച്ച, തൊഴിൽ നഷ്ടം, ദുർബലമായ കയറ്റുമതി, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ സമ്മർദ്ദം എന്നിവ ഉൾപ്പെടുന്നു – ഇത് അമേരിക്കൻ ഉപഭോക്താക്കൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും കൂടുതൽ വിശാലമായ വെല്ലുവിളികൾ ഉയർത്തും.

ടീം ഇതിവൃത്തം, സ്പെഷ്യൽ റിപ്പോർട്ട്

വിപ്ലവാനന്തരം….

അവസാനത്തെ കമ്മ്യൂണിസ്റ്റ്കാരനും വിടവാങ്ങി എന്നാണ്‌ ശ്രീ വിഎസ് അച്യുതാനന്ദൻ വിടവാങ്ങിയപ്പോൾ പലരും പറഞ്ഞു കേട്ടത്. പക്ഷെ നേരും നെറിയുമുണ്ടായിരുന്ന അവസാനത്തെ രാഷ്ട്രീയക്കാരനും നമ്മെവിട്ട് യാത്രയായി എന്നാണ് എനിക്ക് തോന്നിയത്. അതൊരു കാലഘട്ടത്തിൻറെ അവസാനമായിരുന്നു. എങ്ങനെയായിരിക്കണം ഒരു രാഷ്ട്രീയക്കാരന്റെ ജീവിതമെന്നു നമുക്ക് കാണിച്ചു തന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ.

ധാരാളം അപൂർവ്വതകളുള്ള ഒരു ജീവിതമായിരുന്നു സഖാവ് അച്യുതാനന്ദൻ്റെത്‌. ഞാൻ നേരിൽ, ശരിക്കും നേർക്കുനേരെ കണ്ട മഹാൻമാരായ നേതാക്കളിലൊരാൾ. സംസാരിക്കാൻ കഴിഞ്ഞില്ല. നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ്. ഞാൻ എയർപോർട്ട് ടെർമിനലിലേക്കു കേറുമ്പോൾ എതിരെ ചില ആൾക്കാരുടെ അകമ്പടിയോടുകൂടി വന്ന കുറിയ മനുഷ്യനെ ആദ്യം മനസ്സിലായില്ല. മനസ്സിലുണ്ടായിരുന്നത് വലിയൊരു രൂപമായിരുന്നു. അകമ്പടിക്കാരാരും വളരെ അരികിലല്ല. ഞാനും സഖാവും ഏകദേശം നേർക്കുനേർ. ഞാൻ പുഞ്ചിരിച്ചു. സഖാവ് ഗൗരവത്തിൽ ഒന്ന് നോക്കുക മാത്രം ചെയ്തു. അന്നദ്ദേഹം മുഖ്യമന്ത്രിയായിരുന്നോ, പ്രതിപക്ഷ നേതാവായിരുന്നോയെന്നു ഓർക്കുന്നില്ല. രണ്ടായാലും വളരെ നിർഭയനായി ജനങ്ങളുടെ മുഖത്തുനോക്കി നടക്കാൻ കഴിഞ്ഞ അവസ്സാനത്തെ നേതാവായിരുന്നല്ലോ അദ്ദേഹം!

ഒരുകാലത്തു സ്വന്തം പാർട്ടിക്കാരാണല്ലോ അദ്ദേഹത്തെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്, ആക്ഷേപിച്ചത്. എന്നിട്ടും എം വി രാഘവനും കെ ആർ ഗൗരിയമ്മക്കും പറ്റിയതുപോലെ അപകടമൊന്നും പറ്റാതെ പാർട്ടിയിൽ പിടിച്ചു നിൽക്കാൻ ചെറിയ ശ്രമം പോരായിരുന്നു. അതൊരു വല്ലാത്ത നയതത്രജ്ഞത തന്നെയായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തെളിവോടെ മനസ്സിലാകും.

സഖാവിൻറെ നാക്കിന്റെ ചൂടറിയാത്ത രാഷ്ട്രീയക്കാർ സ്വന്തം പാർട്ടിയിലും മറ്റുപാർട്ടികളിലും ഉണ്ടെന്നുതോന്നുന്നില്ല. ‘കടലിലെത്തിര’ എന്ന ‘പ്രസിദ്ധ’ ഉദാഹരണത്തിന് അദ്ദേഹം നൽകിയ മറുപടിയുടെ അർത്ഥം മലയാളികൾക്ക് മനസ്സിലാകുന്നത് ഇപ്പോഴാണെന്നു മാത്രം. അതുപോലെ തന്നെ ‘അമൂൽ ബേബി’ പരാമർശം. പിന്നെ ഓ രാജഗോപാലിനെക്കുറിച്ചുള്ള പരാമർശം. ഉമ്മൻ ചാണ്ടിയെക്കുറിച്ചു പറഞ്ഞതിൽ, ചിലതുമാത്രം, പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ കുടുംബത്തെക്കുറിച്ചു പറഞ്ഞത്, വേണ്ടായിരുന്നു എന്ന് പറയുന്നവരുണ്ടാകാം. പക്ഷെ അതാ ഓളത്തിൽ അങ്ങനെ പറഞ്ഞു പോയി എന്നല്ലാതെ എത്രസീരിസ് ആയി പറഞ്ഞതാണോയെന്നു സംശയം തോന്നും. അത് പറഞ്ഞയിടമായിരുന്നു അപകടം പിടിച്ചത്. പിന്നെ കെഎം മാണിയെക്കുറിച്ചു അവിടെവച്ചു തന്നെ പറഞ്ഞത്.

എന്തുപറഞ്ഞാലും വ്യത്യസ്‌തമായി പറയുന്ന ഒരു അപൂർവ നേതാവായിരുന്നു വിഎസ്. താളത്തിലും ഈണത്തിലും എന്തും പറഞ്ഞു ഫലിപ്പിച്ചുകളയും. അസബ്ലിമന്ദിരത്തിനകത്തു കയറിയാൽ അതിൻ്റെ മൂർച്ചകൂടും, ശബ്ദം ഉച്ചസ്ഥായിയിലാകും, നീട്ടിയ ഈണത്തിൽ മനോധർമ്മസ്വരങ്ങൾ പാടുന്ന ഒരു ഭാഗവതരായി മാറും. പിന്നെ ഒന്നും നോട്ടമില്ല, ആരെയും.

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമത്രിയായിരുമെന്നു അദ്ദേഹമെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് ആരായിരുന്നു എന്നതിന് എനിക്ക് ഒരുത്തരമേയുള്ളൂ. അത് സഖാവ് അച്യുതാനന്ദൻ തന്നെയാണ്. ഇത്രയും കൂടുതൽ സാധാരണക്കാരുടെ കാര്യങ്ങളിൽ ഇടപെട്ട മറ്റൊരു പ്രതിപക്ഷനേതാവുയിരുന്നോയെന്നു സംശയം. ഉമ്മൻ ചാണ്ടിയെമറക്കുന്നില്ല. പക്ഷെ അതിലും കൂടുതൽ സിസ്റ്റമാറ്റിക് ആയിരുന്നു, അച്യുതാനന്ദൻ എന്ന പ്രതിപക്ഷ നേതാവ്. അക്കാലത്തു മികച്ച പ്രൊഫഷണലുകളുടെ ഒരു കൂട്ടമാണ് അന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. പ്രത്യേകിച്ചും അവസാനത്തെ രണ്ടു ടേമുകളിൽ. അപ്പോൾ അദ്ദേഹത്തിന് എഴുപത്തിനും തൊണ്ണൂറിനും ഇടയിൽ പ്രായമുണ്ടായിരുന്നു എന്നോർക്കണം. മൂന്നു ടെമുകളിലായി പതിനഞ്ചു വർഷം. മറ്റുള്ളവരൊക്കെ വിരമിക്കുന്ന പ്രായത്തിലാണ് അച്യുതാനന്ദൻ ശരിക്കും തുടങ്ങുന്നത്. അതൊരു വല്ലാത്ത തുടക്കമായിരുന്നു! ഇത്രയും പ്രൊഫെഷനലായി ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷം പോലും എന്നെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നു സംശയം. പ്രതിപക്ഷങ്ങളെയൊക്കെ ഇല്ലാതാക്കണമെന്നു ചിലർ ധൈര്യപൂർവ്വം വീമ്പുപറയുന്നതു ഈ ധൈര്യത്തിലാകും. ഒരു പ്രതിപക്ഷം എന്തായിരിക്കണമെന്നതിനുള്ള ഒരു റഫറൻസ് ബുക്ക് ആയിരുന്നു വിഎസ് നേതൃത്വം നൽകിയ ആ പ്രതിപക്ഷം.

പ്രതിപക്ഷ നേതാവായി (1992–1996, 2001–2006, 2011–2016) മൂന്ന് കാലാവധികളിലായി പ്രവർത്തിച്ച വി. എസ്. അച്യുതാനന്ദൻ, അഴിമതി, ഭൂമി കയ്യേറ്റം, സാമൂഹ്യ അനീതി എന്നിവയ്‌ക്കെതിരെ നിരന്തരം പോരാടി. 1990-കളിലെ തുടക്കത്തിൽ പാമോയിൻ ഇറക്കുമതി വിവാദം പുറത്ത് കൊണ്ടുവന്നതിൽ നിന്നും ആരംഭിച്ച്, മണ്ണ് മാഫിയ, അനധികൃത മണൽ ഖനനം, മുന്നാറിലെ ഭൂമി കയ്യേറ്റം തിടങ്ങിയവക്കെതിരെയുള്ള സമരങ്ങൾ നയിക്കുകയും, ആദിവാസി ഭൂമി അവകാശങ്ങൾക്കും എൻഡോസൾഫാൻ ബാധിതർക്കും വേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ജനങ്ങളുടെ പക്ഷത്ത് ഉറച്ചു നിന്ന അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിലെത്തിച്ചത്. അതുവരെയുണ്ടായിരുന്ന അച്യുതാനന്ദൻ എന്ന രാഷ്ട്രീയക്കാരനായിരുന്നില്ല, അച്യുതാനന്ദൻ എന്ന പ്രതിപക്ഷനേതാവ്.

കേരള ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനായിരുന്നപ്പോൾ 2019-ൽ ചെറിയൊരു സ്‌ട്രോക്ക് വന്നതിനെ തുടർന്ന്, അദ്ദേഹം ക്രമേണ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. 2025 ജൂലൈ 21-ന് 101-ആം വയസ്സിൽ അദ്ദേഹം വിടവാങ്ങിയത് കേരള ചരിത്രത്തെ തന്നെ മാറ്റിയെഴുതിയിട്ടാണ്. ഒരൊറ്റ കാര്യം ഉറപ്പിച്ചു പറയാം. ഇനി ഇതുപോലുള്ളൊരു രാഷ്ട്രീയക്കാരൻ കേരളത്തിൽ ജനിക്കില്ല.

കെ കെ രമയെ ആശ്വസിപ്പിക്കുന്ന വിഎസ്‌ൻ്റെ ചിത്രം മനസ്സിൽകണ്ട് ഇതുകൂടി പറഞ്ഞു നിർത്താം.

“The highest measure of a leader is not where he stands in moments of comfort, but where he stands at times of challenge and controversy.” — Martin Luther King Jr.

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് : 2

അധ്യായം 2: രാഷ്ട്രീയം

പുരാതന രാജ്യങ്ങളുടെ ഭരണത്തിൽ നിന്ന് കൊളോണിയൽ ഭരണത്തിലൂടെ സ്വാതന്ത്ര്യത്തിലേക്കുള്ള പരിവർത്തനം ഭരണ വെല്ലുവിളികൾ, വംശീയ സംഘർഷം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയിലൂടെയാണ് ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രം അടയാളപ്പെടുത്തുന്നത്.

ശ്രീലങ്കയുടെ ആദ്യകാല ചരിത്രം രൂപപ്പെടുത്തിയത് അനുരാധപുര, പൊളോണറുവ തുടങ്ങിയ ശക്തമായ രാജ്യങ്ങളാണ്. ഭരണത്തിലും സംസ്കാരത്തിലും ബുദ്ധമതം കേന്ദ്ര പങ്ക് വഹിച്ചു. ബിസി നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ അനുരാധപുര രാജ്യം ശ്രീലങ്കയുടെ ആദ്യത്തെ പ്രധാന രാജ്യവും തലസ്ഥാനവുമായിരുന്നു. ഇത്  എഡി പതിനൊന്നാം നൂറ്റാണ്ട് വരെ ആയിരത്തിലധികം വർഷങ്ങൾ നീണ്ടുനിന്നു. അനുരാധപുരയുടെ നാശത്തിനുശേഷം പൊളോണറുവ ശ്രീലങ്കയുടെ രണ്ടാമത്തെ തലസ്ഥാനമായി.

പൊളോണറുവ കാലഘട്ടം (CE 11ആം  നൂറ്റാണ്ട് മുതൽ 13 ആം  നൂറ്റാണ്ട്) ഒരു സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് പരാക്രമബാഹു ഒന്നാമൻ രാജാവിന്റെ (CE 1153-1186) കാലത്ത്. അദ്ദേഹം ജലസേചനം വിപുലീകരിക്കുകയും, സ്മാരക ഘടനകൾ നിർമ്മിക്കുകയും, സാമ്പത്തിക അഭിവൃദ്ധി വളർത്തുകയും ചെയ്തു. നന്നായി ആസൂത്രണം ചെയ്ത നഗര വിന്യാസം, മനോഹരമായ ജലസേചന പ്രവർത്തനങ്ങൾ, സിംഹള, ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ മിശ്രിതം എന്നിവയാൽ പൊളോണറുവ പ്രശസ്തമാണ്. ചോള ഭരണത്തിന്റെയും പിൽക്കാല സിംഹള പുനരുജ്ജീവനത്തിന്റെയും സ്വാധീനം പ്രതിഫലിപ്പിക്കുന്ന ബുദ്ധ, ബ്രാഹ്മണ സ്മാരകങ്ങൾ നഗരത്തിലുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിൽ ആഭ്യന്തര കലഹങ്ങളും അധിനിവേശങ്ങളും കാരണം രാജ്യം ക്ഷയിച്ചു, ഇത് പൊളോണറുവ ഉപേക്ഷിക്കപ്പെടുന്നതിനും ദംബദേനിയ, കുറുനെഗൽ, ഗാംപോള എന്നിവിടങ്ങളിൽ പുതിയ തലസ്ഥാനങ്ങൾ ഉയർന്നുവരുന്നതിനും കാരണമായി. ചോളർ ശൈവമതത്തെ പ്രോത്സാഹിപ്പിക്കുകയും ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ചെയ്തെങ്കിലും, തെക്കൻ ശ്രീലങ്കയിലെ അവരുടെ ഭരണം പൂർണ്ണമായും ഏകീകരിക്കാൻ അവർക്കായില്ല.

ശ്രീലങ്കയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൊളോണറുവ. മധ്യകാലഘട്ടത്തിലെ നിർമ്മാണ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നതിനായി യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിട്ടുണ്ട് ഇവിടം. സമ്പന്നമായ ചരിത്രം, വാസ്തുവിദ്യാ അത്ഭുതങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള സന്ദർശകരെ ഈ പുരാതന നഗരം ആകർഷിക്കുന്നു.

1215-ൽ കലിംഗ മാഘയുടെ വിനാശകരമായ ആക്രമണത്തിനുശേഷം, സിംഹളരുടെ രാഷ്ട്രീയ കേന്ദ്രം പൊളോണറുവയിൽ നിന്ന് തെക്കുപടിഞ്ഞാറൻ, പ്രദേശങ്ങളിലേക്ക് മാറ്റി. ദംബദേനിയ, യാപഹുവ, കുറുനെഗൽ, ഗാംപോള, ഒടുവിൽ കോട്ടെ എന്നിവ തുടർന്നുള്ള തലസ്ഥാനങ്ങളായി.

വടക്ക് ഭാഗത്ത്, ആര്യ രാജവംശം പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നല്ലൂർ തലസ്ഥാനമാക്കി ജാഫ്ന എന്ന തമിഴ് രാജ്യം സ്ഥാപിച്ചു. ഈ രാജ്യം പലപ്പോഴും തെക്കുള്ള സിംഹള രാജ്യങ്ങളുമായി ഏറ്റുമുട്ടിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പരാക്രമബാഹു ആറാമന്റെ (1412–1467) കീഴിൽ കോട്ടെ രാജ്യം (ഇന്നത്തെ കൊളംബോയ്ക്ക് സമീപം) പ്രമുഖമായി. ജാഫ്ന ഉൾപ്പെടെയുള്ള ദ്വീപിന്റെ ഭൂരിഭാഗവും ഹ്രസ്വകാലത്തേക്ക് ഏകീകരിച്ചത് പരക്രമബാഹു ആറാമനാണ്.

പതിനാറാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കോളനിക്കാർ ദ്വീപ് ഭരിച്ചു, പുതിയ ഭരണ, നിയമ, സാമ്പത്തിക സംവിധാനങ്ങൾ അവതരിപ്പിച്ചു.

1505-ൽ ലോറെൻസോ ഡി അൽമേഡയുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാർ എത്തി, ശ്രീലങ്ക പല രാജ്യങ്ങളായി വിഭജിക്കപ്പെട്ടതായി കണ്ടെത്തി. 1517-ൽ അവർ കൊളംബോയിൽ ഒരു കോട്ട സ്ഥാപിക്കുകയും ക്രമേണ തീരപ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പോർച്ചുഗീസ് ഭരണകാലത്ത് ആക്രമണാത്മകമായ മിഷനറി പ്രവർത്തനങ്ങൾ നടന്നു, ഇത് താഴ്ന്ന പ്രദേശങ്ങളിലെ നിരവധി സിംഹളർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാൻ കാരണമായി. തീരദേശ മുസ്ലീം സമൂഹങ്ങളെ പീഡിപ്പിക്കുകയും ഉൾനാടുകളിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തു.

1638-ൽ, കാൻഡിയിലെ രാജാവ് പോർച്ചുഗീസുകാരെ പുറത്താക്കാൻ ഡച്ചുകാരുമായി സഖ്യം സ്ഥാപിച്ചു. 1656-ൽ ഡച്ചുകാർ കൊളംബോ പിടിച്ചടക്കി, താമസിയാതെ കാൻഡി ഒഴികെയുള്ള മിക്ക തീരപ്രദേശങ്ങളും അവർ നിയന്ത്രിച്ചു. അവർ കനത്ത നികുതി ചുമത്തുകയും കത്തോലിക്കരെ പീഡിപ്പിക്കുകയും ചെയ്തു, പക്ഷേ പൊതുവെ ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും കാര്യമായി പീഢിപ്പിപ്പുകയുണ്ടായില്ല എന്നും ചരിത്രം.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടീഷുകാർ ഡച്ച് നിയന്ത്രണത്തെ വെല്ലുവിളിക്കാൻ തുടങ്ങി. നെപ്പോളിയൻ യുദ്ധങ്ങൾക്ക് ശേഷം, 1796-ൽ ബ്രിട്ടീഷുകാർ ഡച്ച് സ്വത്തുക്കൾ കൈവശപ്പെടുത്തി, ഒടുവിൽ 1815-ൽ കാൻഡിയൻ രാജ്യം പിടിച്ചെടുത്തു, ദ്വീപിനെ കൊളോണിയൽ ഭരണത്തിൻ കീഴിൽ ഒന്നിപ്പിച്ചു.

1948-ൽ ശ്രീലങ്ക (അന്ന് സിലോൺ) ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി, വെസ്റ്റ്മിൻസ്റ്റർ ശൈലിയിലുള്ള പാർലമെന്ററി സംവിധാനം സ്വീകരിച്ചു.

1972-ൽ ശ്രീലങ്ക ഒരു റിപ്പബ്ലിക്കായി മാറി, ബ്രിട്ടനുമായുള്ള ശേഷിച്ച ബന്ധങ്ങൾ വിച്ഛേദിച്ചു. സിംഹളയെ ഔദ്യോഗിക ഭാഷയാക്കി, ബുദ്ധ മതം രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കി. സോഷ്യലിസ്റ്റ് നയങ്ങൾ അവതരിപ്പിച്ചു. ന്യൂനപക്ഷ അവകാശങ്ങളെ പാർശവൽക്കരിക്കുകയും തന്മൂലം വംശീയ സംഘർഷങ്ങൾക്ക് അവസരം കുറിക്കുകയും ചെയ്തു.  1978-ൽ, ഫ്രഞ്ച് സമ്പ്രദായത്തെ മാതൃകയാക്കി ശക്തമായ ഒരു എക്സിക്യൂട്ടീവ് പ്രസിഡൻസി സ്ഥാപിച്ച ഒരു പുതിയ ഭരണഘടന നിലവിൽ വന്നു.

സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള വംശീയ സംഘർഷങ്ങൾ ഒരു ആഭ്യന്തര യുദ്ധമായി വളർന്നു, ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രത്തിനായി ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) പോരാടി. 2009-ൽ സർക്കാർ വിജയത്തോടെ യുദ്ധം അവസാനിച്ചു, പക്ഷേ ആഴത്തിലുള്ള മുറിവുകളും പരിഹരിക്കപ്പെടാത്ത അനുരഞ്ജന പ്രശ്നങ്ങളും അവശേഷിപ്പിച്ചു.

യുദ്ധാനന്തരം, സ്വേച്ഛാധിപത്യ പ്രവണതകൾക്കും അനുരഞ്ജന ശ്രമങ്ങളുടെ അഭാവത്തിനും രാജപക്സെ സർക്കാർ വിമർശനങ്ങൾ നേരിട്ടു. 2015-ൽ, മൈത്രിപാല സിരിസേന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്സെയെ പരാജയപ്പെടുത്തി, പരിഷ്കാരങ്ങളും അഴിമതി വിരുദ്ധ നടപടികളും വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, രാഷ്ട്രീയ അസ്ഥിരത, സഖ്യ പോരാട്ടങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ തുടർന്നു.

2022-ൽ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിട്ടത്, കടുത്ത ക്ഷാമം, അമിത പണപ്പെരുപ്പം, വിദേശ കടത്തിന്റെ തിരിച്ചടവ് വീഴ്ച എന്നിവയായിരുന്നു അത്. ഇത് ബഹുജന പ്രതിഷേധങ്ങൾക്കും, പ്രസിഡന്റ് ഗോതബയ രാജപക്സെയെ പുറത്താക്കുന്നതിനും, വ്യവസ്ഥാപരമായ മാറ്റത്തിനുള്ള ആവശ്യങ്ങൾക്കും കാരണമായി.

ശ്രീലങ്കയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുന്നത് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചായ്‌വുള്ള നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിന്റെ ഉയർച്ചയിലൂടെയാണ്. 2022-ൽ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കാൻ നിർബന്ധിതനായ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും ബഹുജന പ്രതിഷേധങ്ങളുടെയും ഒരു കാലഘട്ടത്തെത്തുടർന്ന്, 2024 സെപ്റ്റംബറിൽ ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രാജപക്സെയുടെ രാജിക്ക് ശേഷം അധികാരമേറ്റ റനിൽ വിക്രമസിംഗെയെ 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദിസനായകെയെ മാറ്റി.

കൂടുതൽ നീതിയുക്തമായ സാമ്പത്തിക നയങ്ങൾ, അഴിമതി വിരുദ്ധ നടപടികൾ, തീവ്രവാദ നിരോധന നിയമം നിർത്തലാക്കൽ എന്നിവ എൻപിപി സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നിരുന്നാലും ആഭ്യന്തരയുദ്ധകാലത്തെ മുൻകാല മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ പരിഗണിച്ചിട്ടില്ല. ഉയർന്ന ദാരിദ്ര്യ നിരക്കുകളും അവശ്യ സേവനങ്ങളുടെ പരിമിതികളും മൂലം നിരവധി ശ്രീലങ്കക്കാർ ഇപ്പോഴും പ്രതിസന്ധിയിൽ തന്നെയാണ്.

പത്രസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, യുദ്ധത്തിൽ ഇരകളായവർക്ക് അനുരഞ്ജനത്തിന്റെയും പരിവർത്തന നീതിയുടെയും ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ രാജ്യം തുടർന്നും പോരാടുന്നു. വംശീയ ഐക്യം, ജനാധിപത്യ ഭരണം, സാമ്പത്തിക വീണ്ടെടുക്കൽ എന്നിവ സന്തുലിതമാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്കൊപ്പം ശ്രീലങ്കയുടെ രാഷ്ട്രീയ ഭൂപ്രകൃതി ഇപ്പോഴും സങ്കീർണ്ണമായി തുടരുന്നു.

ഡോ. സുനീത് മാത്യു