ഇരുവർ

ആനക്ക് ഭ്രാന്ത് വന്നാൽ…ചങ്ങലക്കിടാം…
ചങ്ങലക്കു ഭ്രാന്ത് വന്നാലോ? എന്ന ചോദ്യത്തിന്, ആനക്കിടാമെന്നു ഏതോ രസികൻ എവിടെയോ പറഞ്ഞുകേട്ടതായി ഓർക്കുന്നു.
ഇതിപ്പോൾ പറയാൻ കാരണം, തലക്കും ചങ്ങലക്കും നട്ടപ്പിരാന്തു പിടിച്ച രണ്ടു വേദനിക്കുന്ന കോടീശ്വരൻമ്മാരെ ഓർത്തപ്പോളാണ്.

ഇരുവർ. സുഹൃത്തുക്കകളായിരുന്നവർ. ഇപ്പോൾ ശത്രുക്കൾ. അല്ലെങ്കിൽ തന്നെ ബന്ധുവാര്….ശത്രുവാര്…!
ഇതിൽ ആദ്യത്തയാളെ നമുക്ക് ‘ടുട്ടു’ വെന്നും രണ്ടാമത്തയാളെ ‘കുട്ടു’ വെന്നും വിളക്കാം.

ടുട്ടുവിനു ഭരിക്കാനൊരു നാട്ടുരാജ്യമുണ്ടെങ്കിൽ കുട്ടുവിനു വലിയ കുറേ ബിസിനസുകളായിരുന്നു ഭരണം. ടുട്ടുവിനും ബിസിനസുകളുണ്ടെങ്കിലും അത് കുട്ടുവിന്റെ ബിസിനസുമായി തട്ടിച്ചാൽ അത്ര നന്നായി പോകുന്നവയല്ല!

രണ്ടുപേർക്കും സ്വന്തമായി സൗണ്ടസ് സിസ്റ്റത്തിന്റെ കടയുണ്ട്. അതുകൊണ്ടു എന്തുവേണെമെങ്കിലും കോളാമ്പി മൈക്കിലൂടെ ആരോടും വിളിച്ചു പറയാം. അങ്ങനെ വിളിച്ചു പരസ്പരം തെറിപറഞ്ഞപ്പോൾ മാത്രമാണ് ഇവർ അടിച്ചു പിരിഞ്ഞ കാര്യം മാളോകർ അറിയുന്നതു. ഇതു കേട്ടപ്പോൾ എല്ലാവരുടെയും വായ മൂന്നുനാലിഞ്ചു തുറന്നുവരിക്കുകയും, വിരൽ മൂക്കത്തേക്കു പോകുകയും ചെയ്തു. ഇത്രപെട്ടെന്ന് പിണങ്ങിയോ? എന്നായി നാട്ടുകാർ.

നമുക്കെന്താണ് ഇവന്മാർ തമ്മിൽ അടിച്ചാൽ എന്ന് പറയാൻ വരട്ടെ. രണ്ടാമത് രാജ്യഭരണം കിട്ടിയശേഷം രണ്ടു മൂന്നു കലാപരിപാടികളിലാണ് ടുട്ടുവിന്റെ ശ്രദ്ധ. ഒന്ന്, മറ്റു നാട്ടുരാജ്യങ്ങളെ നിർത്തിയങ്ങപമാനിക്കുക, അവൻമ്മാരുടെ അഹങ്കാരം തീർക്കാൻ ഇറക്കുമതി കരം താങ്ങാനാവാത്ത നിലവാരത്തെയിലേക്കുയർത്തുക.
നീയൊന്നും അങ്ങനെ നന്നാവണ്ട എന്ന ലൈൻ. രണ്ട്, രാജ്യങ്ങളെ തമ്മിലടിപ്പിക്കുക, യുദ്ധമുണ്ടാക്കുക, പിന്നെ കരിമരുന്നും, വെടിമരുന്നും, കളിത്തോക്കുകളും, കൈബോബുകളും ഇവർക്ക് വിൽക്കുക, ലാഭമുണ്ടാക്കുക. പിന്നെ ആ യുദ്ധം നിർത്തിക്കാൻ കോളാമ്പിയിലൂടെ ഗീർവാണം. എങ്ങാനും നിന്നാൽ അതിന്റെ ക്രെഡിറ്റ് ടുട്ടു എടുത്തുകൊണ്ട് ഓടിക്കളയും, ഒറ്റയ്ക്ക് തിന്നും. വേറെയാർക്കും കൊടുക്കില്ല. എന്നിട്ടു എല്ലാവരോടും വീമ്പുപറയും. ഇതൊക്കൊ നിർത്തിയാൽ ചില സമ്മാനങ്ങളൊക്കെ വന്നുചേരുമെന്നു ഏതോ ജ്യോൽസ്യൻ പറഞ്ഞത് കേട്ടിട്ടാണ് ഈ സാഹസം. പട്ടാളക്കാർ നടത്തുന്ന ഏതോ നാട്ടുരാജ്യത്തെ വിരട്ടി ശുപാർശക്കും വിട്ടിരുന്നു. മൂന്നാമതായി, രാജ്യത്തെ കുടിയേറ്റക്കാരെ തുരത്തി ഓടിക്കുക. അവനൊക്കെ വന്നടത്തു തന്നെ തിരിച്ചുപോയി തൊലയട്ടെയെന്നു!

കുട്ടുവിലേക്കുവന്നാൽ ഒരു ചെറിയ-വലിയ പ്രശ്‌നമുണ്ട്. കുട്ടുവിന്റെ ബിസിനസ്സുകൾ എല്ലാം കേന്ദ്രീകൃതമായിരിക്കുന്നതു ടുട്ടുവിന്റെ രാജ്യത്താണ്. കുട്ടു വേറെ നാട്ടുരാജ്യത്തിൽ നിന്നും ടുട്ടുവിന്റെ നാട്ടിൽ കുടിയേറിയതാണ്. അതുകൊണ്ട് ടുട്ടു വിചാരിച്ചാൽ കുട്ടുവും കൂട്ടരും പപ്പടം പൊടിയുന്നപോലെ പൊടിയും. പെട്ടീം കിടക്കേം കെട്ടി രായ്ക്കു രാമാനം സ്ഥലം കാലിയാക്കേണ്ടി വരും. അല്ലെങ്കിൽ നാടുകടത്തപ്പെടും.

ടുട്ടുവിന്റെത് വലിയൊരു നാട്ടുരാജ്യമാണ്. നാട്ടുരാജ്യങ്ങളായ നാട്ടുരാജ്യങ്ങൾ ഒക്കെ പേടിക്കുന്നത്. നാട്ടുരാജ്യങ്ങളുടെ ഇടയിലെ കാരണവരും പോലീസും എന്നെയൊക്കയാണ് വെയ്പ്പ്. പണ്ട് യുദ്ധമൊക്കെയുണ്ടാക്കി ബോബുപൊട്ടിച്ചിട്ടുളള പാരമ്പര്യം വേറെ. ഇവിടുത്തെ രാജാധിരാജന് കുറച്ചു കൈക്കരുത്തും കൂടും. ടുട്ടുവെന്ന പേരുകേട്ടാലെ പള്ളിമുണ്ടിൽ മുള്ളുന്ന നാട്ടുരാജാക്കൻമ്മാരുള്ള ലോകത്തു കുട്ടു എന്ത് ചെയ്യാനാണ്.

പക്ഷെ ബുദ്ധി’മുട്ടി’ലായ കുട്ടുവിനു മാത്രം ഇതൊന്നും മനസ്സിലായില്ല. കുട്ടു തൻ്റെ ഇലക്ട്രിക്ക് മോട്ടോറിൽ ഓടുന്ന കാളവണ്ടി ബിസിനസ്സും. ഓണത്തിനും, വിഷുവിനും, ദീപാവലിക്കും ആകാശത്തേക്കു വിടാവുന്ന വാണ ബിസിനസ്സും അതിൽനിന്നു ഉണ്ടാക്കിയ കുതിരപ്പവനും കൈയിലുള്ളപ്പോൾ എന്തിനാണു പേടിയെന്നു വിചാരിച്ചു.

ഒരുകാര്യം പറയാൻ മറന്നു. ഈ ബദ്ധവൈരികളായുന്ന ടുട്ടുവും കുട്ടുവും വലിയ ചങ്ങാതിമാർ ആയിരുന്നു എന്നുപറഞ്ഞുവല്ലോ! പണ്ടൊരുവട്ടം രാജാവായിരുന്നപ്പോൾ തോന്നിയ കന്നംതിരിവുകളൊക്കെ ചെയ്യ്തുവച്ചു കൊട്ടരവിപ്ലവം വരെ നടത്തിയതിന്റെ പേരിൽ ഇറക്കിവിട്ട ടുട്ടുവിനെ വീണ്ടും രാജാവാക്കിയത് താനും തൻ്റെ കുതിരപ്പൊന്നുമാണെന്നു കുട്ടു പറഞ്ഞു നടന്നു. അതിൽ ചില സത്യങ്ങൽ ഉണ്ടുതാനും. എന്നാലും മന്ദബുദ്ധികളായ, ഒന്നും ഒരുവർഷത്തിൽ കൂടുതൽ ഓർമ്മവയ്ക്കാത്ത നാട്ടുകാര് തെണ്ടികളാണ് തന്നെ രണ്ടാമതും രാജാവാക്കിയതെന്നു ടുട്ടുവും വാദിച്ചു. രണ്ടാമതും രാജാവായ ടുട്ടു, കുട്ടുവിനെ ചില വലിയ കാര്യങ്ങളൊക്കെ നോക്കാൻ പിടിച്ചേൽപ്പിച്ചതുമാണ്. ഇതിനിടയിലാണ് ആ ‘ബില്ല്’ വില്ലനായെത്തിയത്. നാട്ടുകാര് തെണ്ടികൾക്കു ഉപകാരമായിക്കോട്ടെയെന്നു കരുതി കുറച്ചു കരവും നികുതിയുമൊക്കെ കുറച്ചു കയ്യടിവാങ്ങാം എന്ന് കരുതി ഇറക്കിയതാണ്‌. നിയമമാക്കിയെടുത്തു. അത് നാട്ടുരാജ്യത്തിൻ്റെ പൊതുകടം പത്തു വർഷത്തിനകത്തു കാക്കതൊള്ളായിരമാക്കിക്കളയും എന്നാണ് കുട്ടുവിന്റെ പരാതി. അതൊക്കെ നാട്ടുകാരു തെണ്ടികളിൽനിന്നും വേറേ വഴിയിൽ പിരിഞ്ഞു കിട്ടുമെന്നും ഈ തെണ്ടിയെന്തിനാണ് ഈ കാര്യത്തിൽ തലയിടുന്നു എന്നുമാണ് ടുട്ടുവിന്റെ ചോദ്യം. കാളവണ്ടി ബിസിനസ്സിനും, വാണ ബിസിനസ്സിനും കൊടുത്തുകൊണ്ടിരിക്കുന്ന സഹായങ്ങളൊക്കെ നിർത്തിക്കളയും എന്നും ഭീഷണി വേറെ. തൻ്റെ സഹായം എൻ്റെ പട്ടിക്കുവേണം എന്ന സ്ഥിരം ക്ളീഷേ ശൈലിയിൽ പോയി പണി വല്ലോമുണ്ടെങ്കിൽ നോക്കാൻ കുട്ടുവും കോളാമ്പിയിലൂടെ തട്ടിമൂളിച്ചു.

പിന്നെ അടിയായി, വഴക്കായി, പൊതു കടവുകളിലെ വിഴുപ്പലക്കലായി. കോളാമ്പികൾക്ക് വിശ്രമമില്ലാതായി. നാട്ടിലെ ജോലിയില്ലാതിരുന്ന കുറേ കവലവായിനോക്കിത്തൊഴിലാളികൾക്കു പറഞ്ഞു നടക്കാൻ ഒരു കഥയായതു മിച്ചം. കഥ തുടരുന്നു എന്നാണ് പുതിയ കോളാമ്പി വർത്തമാനം. കളിച്ചാൽ പുതിയ പാർട്ടിയുണ്ടാക്കി ഞൊട്ടിക്കളയും എന്ന ഭീഷണിയാണ് കുട്ടുവിന്റെ വക പുതിയത്. ഏതായലും ബില്ല് നിയമമായി. നിയമത്തിന്റെ ബലത്തിൽ അധികാരം ജയിക്കുമോ അതോ കുതിരപ്പണത്തിന്റെ തിമിര് ജയിക്കുമോയെന്നു കാത്തിരുന്നു കാണാം.

ഇതിനിടയിൽ സമാധാനത്തിനുള്ള ലോകസമ്മാനവും കാത്തിരിക്കുന്ന ടുട്ടുവിന്റെ സമാധാനം പോയിക്കിട്ടി എന്ന് മാത്രം പറയാം.

അടി കണ്ടു രസിക്കുന്ന നാട്ടുകാര് തെണ്ടികളുടെ അന്നം മുടക്കുന്ന അടിയാണീ അടിയെന്നു മനസ്സിലാകാതെ കഥയുയറിയാതെ ആട്ടം കണ്ടു രസിക്കുന്നവരോട് എന്ത് പറയാൻ!

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്

ശ്രീലങ്കയുടെ മിക്ക ഭാഗങ്ങളിലും പലപ്രാവശ്യം നടത്തിയിട്ടുള്ള യാത്രാ അനുഭവങ്ങളിലൂടെയും, തദ്ദേശവാസികളുമായുള്ള സംഭാഷണങ്ങളിലൂടെയും, ചില പഠനങ്ങളിലൂടെയും ഞാൻ അറിഞ്ഞ ശ്രീലങ്കയെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന ലക്ഷ്യത്തിൽ പല അദ്ധ്യായങ്ങളായി ശ്രീലങ്കൻ യാത്രകൾ എഴുതിത്തുടങ്ങുകയാണ്. ഓരോ മാസവും ഓരോ അദ്ധ്യായം ഇവിടെ ചേർക്കപ്പെടുന്നതായിരിക്കും.

അദ്ധ്യായം 1:ചരിത്രം

നമ്മുടെ രാജ്യത്തുനിന്നും വെറും അൻപതു കിലോമീറ്റർ മാത്രം ദൂരത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു കൊച്ചു രാജ്യമുണ്ട്. 500 കിലോമീറ്ററിൽ താഴെ നീളവും 250 കിലോമീറ്ററിൽ താഴെ വീതിയും മാത്രമുള്ള ഒരു മനോഹര രാജ്യം. വേണമെങ്കിൽ ഒന്നര കേരളത്തിന്റെ വലുപ്പം എന്ന് വെറുതെ പറയാം. ഒരിക്കൽ സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്ക. ഔദ്യോഗികമായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക എന്ന് അറിയപ്പെടുന്നു.

പാക്ക് കടലിടുക്കും മാന്നാർ ഉൾക്കടലും ഇതിനെ ഇന്ത്യൻ ഭൂഖണ്ഡത്തിൽ നിന്ന് വേർതിരിക്കുന്നു. ഒരു കണ്ണുനീർ തുള്ളിയുടെ ആകൃതിയിലുള്ള ഈ രാജ്യം പ്രകൃതി സൗന്ദര്യത്തിനും സമ്പന്നമായ ജൈവവൈവിധ്യത്തിനും പേരുകേട്ടതാണ്. “ഇന്ത്യൻ  മഹാസമുദ്രത്തിന്റെ മുത്ത്” എന്ന പേരിലും അറിയപ്പെടുന്നു.

ശ്രീലങ്കയിൽ ജനസംഖ്യ ഏകദേശം 2.3 കോടി മാത്രം. ശ്രീലങ്കയുടെ മുക്കാലിൽ താഴെ മാത്രം വിസ്തീർണ്ണമുള്ള കേരളത്തിൽ 3.5 കോടി ജനങ്ങൾ വസിക്കുന്നുണ്ട്. എണ്ണം കുറവാണെങ്കിലും വൈവിധ്യമാർന്ന വംശീയ വിഭാഗങ്ങൾ ഇവിടെ വസിക്കുന്നു. സിംഹളരാണ് ഭൂരിപക്ഷവും. ശ്രീലങ്കൻ തമിഴരാണ് ഏറ്റവും വലിയ ന്യൂനപക്ഷം. ഔദ്യോഗിക ഭാഷകൾ സിംഹളയും തമിഴുമാണ്, ഔദ്യോഗിക, വാണിജ്യ ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കുന്നു.

കൊളംബോ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ തലസ്ഥാനമാണ്, അതേസമയം ശ്രീ ജയവർധനപുര കോട്ടെ നിയമനിർമ്മാണ തലസ്ഥാനമായി പ്രവർത്തിക്കുന്നു. ബുദ്ധമതം, ഹിന്ദുമതം, ഇസ്ലാം എന്നിവയാൽ സ്വാധീനിക്കപ്പെട്ട ഈ രാജ്യത്തിന് ദീർഘവും സങ്കീർണ്ണവുമായ ഒരു ചരിത്രമുണ്ട്, 1948 ൽ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ് പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നിവരുടെ കോളനിവൽക്കരണത്തിലായിരുന്നു ഇത്.

ശ്രീലങ്കയുടെ സമ്പത്ത് വ്യവസ്ഥ വൈവിധ്യപൂർണ്ണമാണ്. കൃഷി, ഖനനം, മത്സ്യബന്ധനം, തുറമുഖം, ടൂറിസം എന്നിവ ഈ രാജ്യത്തിൻറെ സമ്പത്ത് ഘടനയിൽ പ്രധാന പങ്കുവഹിക്കുന്നു. 26 വർഷത്തെ ആഭ്യന്തരയുദ്ധം (1983–2009), 2022 ലെ കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾ രാജ്യം നേരിട്ടിട്ടുണ്ട്, എന്നാൽ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സ്ഥാനം എന്നിവയാൽ ഇപ്പോഴും ശ്രദ്ധേയമാണ്.

ആയിരക്കണക്കിന് വർഷത്തെ ചരിത്രം നിലനിൽക്കുന്ന തദ്ദേശീയ പാരമ്പര്യങ്ങളുടെയും, ബാഹ്യ സ്വാധീനങ്ങളുടെയും, ചലനാത്മകമായ മിശ്രിതമാണ് ഇന്ന് ശ്രീലങ്കയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്നത്. പ്രധാന സാംസ്കാരിക സ്വാധീനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ബിസി മൂന്നാം നൂറ്റാണ്ടിൽ എത്തിച്ചേർന്ന തേരവാദ ബുദ്ധമതം, പ്രത്യേകിച്ച് തെക്കൻ, മധ്യ പ്രദേശങ്ങളിൽ, ശ്രീലങ്കൻ സ്വത്വത്തിന്റെ ഒരു മൂലക്കല്ലായി തുടരുന്നു. ബുദ്ധമത ആചാരങ്ങൾ, ഉത്സവങ്ങൾ, പ്രതിരൂപങ്ങൾ എന്നിവ ദൈനംദിന ജീവിതത്തിലും വാസ്തുവിദ്യയിലും കലകളിലും ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു.

ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയുടെ മകനും ഇന്ത്യൻ സന്യാസിയുമായ മഹിന്ദയാണ് തേരവാദ ബുദ്ധമതം ദ്വീപിലേക്ക് കൊണ്ടുവന്നത്, അനുരാധപുരയിലെ രാജാവായ ദേവനമ്പിയ ടിസ്സയുടെ ഭരണകാലത്താണ് മഹിന്ദ ഇവിടെയെത്തുന്നതും ബുദ്ധമതം പ്രചരിപ്പിക്കുന്നതും.

രാജാവ് സംഘ സന്യാസ സമൂഹത്തിന് ഭൂമി ദാനം ചെയ്യുകയും സ്തൂപങ്ങളും മറ്റ് മത സ്ഥാപനങ്ങളും നിർമ്മിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്തു. ഇത് ശ്രീലങ്കയിൽ ബുദ്ധമതത്തിന്റെ ഔദ്യോഗിക തുടക്കമായി കണക്കാക്കപ്പെടുന്നു, ഇത് രാജ്യത്തെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള തുടർച്ചയായ ബുദ്ധമത രാഷ്ട്രമാക്കി മാറ്റുന്നു.

മഹീന്ദന്റെ സഹോദരിയായ സംഘമിത്രയുടെ വരവ് ഇന്ത്യയിൽ ഉണ്ടായിരുന്ന യഥാർത്ഥ ബോധിവൃക്ഷത്തിന്റെ ഒരു ശാഖയുമായാണ്. അത് അനുരാധപുരയിൽ നട്ടുപിടിപ്പിച്ചു. ഈ പുണ്യവൃക്ഷം ജയ ശ്രീ മഹാബോധി എന്ന പേരിൽ ഇന്നും ബുദ്ധമത ആരാധനയുടെ കേന്ദ്രബിന്ദുവായി തുടരുന്നു. ഇതിന്റെ ഒരു ശാഖയിൽ നിന്നും ഉണ്ടായിട്ടുള്ളതാണ് ബോധ്ഗയയിൽ ഇന്ന് കാണുന്ന ബോധിവൃക്ഷം.

പാലി, സംസ്കൃതം, തമിഴ് എന്നിവയുടെ സ്വാധീനത്തിലാണ് സിംഹള ഭാഷ വികസിച്ചത്, ഇത് പ്രാദേശിക സംസ്കാരവുമായുള്ള ബുദ്ധമതത്തിന്റെ ആഴത്തിലുള്ള ഇഴചേർക്കലായിരുന്നു. ബുദ്ധമത ഉത്സവങ്ങൾ, ആചാരങ്ങൾ, സന്യാസ പാരമ്പര്യങ്ങൾ എന്നിവ ശ്രീലങ്കൻ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.

ബുദ്ധമതത്തിന്റെ അതേ കാലഘട്ടത്തിൽ തന്നെയോ അതിനു മുൻപോ ദ്വീപിൽ വന്ന ഹിന്ദുമതത്തിന് ഇന്നും ശക്തമായ സാന്നിധ്യമുണ്ട്, പ്രത്യേകിച്ച് വടക്കു കിഴക്കൻ പ്രദേശങ്ങളിൽ. ഹിന്ദു ക്ഷേത്രങ്ങൾ, ആചാരങ്ങൾ വടക്കു കിഴക്കൻ മേഖലകളിൽ ഇന്നും ശക്തമാണ്. തൈ പൊങ്കൽ, വേൽ തുടങ്ങിയ ഉത്സവങ്ങൾ വ്യാപകമായി ആഘോഷിക്കപ്പെടുന്നു.

നാഗന്മാർ പോലുള്ള ആദ്യകാല നിവാസികൾ ശിവനെയും സർപ്പങ്ങളെയും ആരാധിച്ചിരുന്നു, തമിഴ്നാട്ടിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്ന ആനിമിസ്റ്റിക് ശൈവമതവുമായി ബന്ധപ്പെട്ട ഒരു പാരമ്പര്യമാണിത്. പുരാവസ്തു കണ്ടെത്തലുകൾ ചരിത്രാതീത കാലം മുതൽ ശ്രീലങ്കയിൽ ശിവാരാധനയെ പിന്തുണയ്ക്കുന്നു, കൂടാതെ നിരവധി പുരാതന ശിവക്ഷേത്രങ്ങൾ ബി സി. ആറാം നൂറ്റാണ്ടിന് മുമ്പ് നിർമ്മിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇന്ന് ശ്രീലങ്കയിലെ ഭൂരിഭാഗം ഹിന്ദുക്കളും ശൈവ മതവിശ്വാസികളാണ്.

മധ്യകാലഘട്ടത്തിൽ ശ്രീലങ്ക കീഴടക്കിയ ചോളർ ശൈവ പാരമ്പര്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി, ഇത് പ്രധാന ശിവക്ഷേത്രങ്ങളുടെ നിർമ്മാണത്തിനും ദ്രാവിഡ സംസ്കാരം, ഭാഷ, കലകൾ എന്നിവയുടെ വ്യാപനത്തിനും കാരണമായി. ശ്രീലങ്കയിലെ ഹിന്ദു ആചാരങ്ങൾ, ഉത്സവങ്ങൾ, ക്ഷേത്ര വാസ്തുവിദ്യ എന്നിവ ദക്ഷിണേന്ത്യയെ പ്രതിഫലിപ്പിക്കുന്നു.

ജനസംഖ്യയുടെ ഏകദേശം 12.6% ന്യൂനപക്ഷമാണെങ്കിലും, ഹിന്ദുമതം ഇപ്പോഴും പ്രാധാന്യമർഹിക്കുന്നു, പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിലെ തമിഴ് സമൂഹത്തിൽ. കൊളോണിയൽ ഭരണകാലത്തെ പീഡനങ്ങളും ബുദ്ധമത ഭൂരിപക്ഷവുമായുള്ള സംഘർഷങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾ ശ്രീലങ്കയിലെ ഹിന്ദു മതപരമായ ആചാരങ്ങൾ നേരിട്ടിട്ടുണ്ട്.

എന്നാൽ ദ്വീപിന്റെ സാംസ്കാരികവും മതപരവുമായ ഉന്നമനത്തിന്റെ ഒരു പ്രധാന ഭാഗമായി ഈ പാരമ്പര്യം നിലനിൽക്കുന്നു. പ്രധാന ഹിന്ദു ഉത്സവങ്ങൾ, ക്ഷേത്ര തീർത്ഥാടനങ്ങൾ, ഭരതനാട്യം പോലുള്ള ക്ലാസിക്കൽ കലകൾ എന്നിവ ശ്രീലങ്കൻ ഹിന്ദു സമൂഹത്തിൽ ആഘോഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു.

ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാം മതം എത്തിച്ചേർന്നത്, ശ്രീലങ്കയിൽ ഇസ്ലാം എത്തിയത് അറബി വ്യാപാരികൾ വഴിയാണ്. അവർ തീരത്ത് സ്ഥിരതാമസമാക്കുകയും തദ്ദേശീയ ജനവിഭാഗങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇന്ന് ശ്രീലങ്കൻ മൂറുകൾ എന്നറിയപ്പെടുന്ന ഈ ആദ്യകാല മുസ്ലീം സമൂഹങ്ങൾ, വ്യാപാരത്തിൽ സ്വാധീനം ചെലുത്തുകയും, സിംഹള രാജാക്കന്മാർ മന്ത്രിമാരായും, നയതന്ത്രജ്ഞരായും അവരെ നിയമിക്കുകയും ചെയ്തു.

കാലക്രമേണ, ഡച്ച്, ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ജാവനീസ്, മലേഷ്യൻ മുസ്ലീങ്ങളുടെ വരവോടെ മുസ്ലീം ജനസംഖ്യ വൈവിധ്യവൽക്കരിക്കപ്പെട്ടു, ഇത് ശ്രീലങ്കൻ മലായ് സമൂഹത്തിന് രൂപം നൽകി. പിന്നീട്, ദക്ഷിണേന്ത്യൻ, പാകിസ്ഥാൻ മുസ്ലീങ്ങൾ, ഷാഫി, ഹനഫി, മദ്ഹബുകൾ പോലുള്ള കൂടുതൽ ഇസ്ലാമിക പാരമ്പര്യങ്ങളും ചിന്താധാരകളും അവതരിപ്പിച്ചു. കിഴക്കും വടക്കും പ്രദേശങ്ങളിൽ ഒരു പ്രധാന ന്യൂനപക്ഷം ഈ വിഭാഗത്തിൽ പെട്ടവരാണ്.

ശ്രീലങ്കയിലെ മുസ്ലീങ്ങളിൽ ഭൂരിഭാഗവും സുന്നികളാണ്, സൂഫി പാരമ്പര്യങ്ങൾ, പ്രത്യേകിച്ച് ഫാസിയ ആഷ് ഷാസുലിയ താരിഖ പിന്തുടരുന്നു. പോർച്ചുഗീസ് കൊളോണിയൽ ഭരണകാലത്ത് പീഡനങ്ങളും ആഭ്യന്തരയുദ്ധകാലത്ത് നാടുകടത്തലുകളും നേരിട്ടിട്ടും, മുസ്ലീം സമൂഹം ശ്രീലങ്കൻ സമൂഹത്തിന്റെ ഒരു അവിഭാജ്യ ഘടകമായി തുടരുന്നു. ഇന്ന്, ജനസംഖ്യയുടെ ഏകദേശം 10% മുസ്ലീങ്ങളാണ്, ശ്രീലങ്കൻ മൂറുകളും മലായ്കളും അവരെ പ്രതിനിധീകരിക്കുന്നു, മറ്റ് വംശങ്ങളിൽ നിന്നുള്ള ചെറിയ എണ്ണം മതം മാറിയവരുമുണ്ട്.

പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കോളനിക്കാർ കൊണ്ടുവന്ന ക്രിസ്തുമതം, രാജ്യത്തുടനീളം ശ്രദ്ധേയമായ പള്ളികളും ആരാധനാലയങ്ങളുമുള്ള ഒരു സമൂഹമായി മാറിക്കഴിഞ്ഞു. പ്രധാനമായും യൂറോപ്യൻ കോളനിവൽക്കരണത്തിലൂടെയാണ് ശ്രീലങ്കയിൽ ക്രിസ്തുമതം അവതരിപ്പിക്കപ്പെട്ടത്. പോർച്ചുഗീസുകാരാണ് (16-ാം നൂറ്റാണ്ട്) ഈ പ്രക്രിയ ആരംഭിച്ചത്, തുടർന്ന് ഡച്ചുകാരും (17-ാം നൂറ്റാണ്ട്), ബ്രിട്ടീഷുകാരും (19-20 നൂറ്റാണ്ടുകൾ). ഓരോ കൊളോണിയൽ ശക്തിയും അവരുടേതായ ക്രിസ്ത്യൻ വിഭാഗങ്ങൾ കൊണ്ടുവന്നു: കത്തോലിക്കാ മതം (പോർച്ചുഗീസ്), ഡച്ച് റിഫോംഡ് ചർച്ച് (ഡച്ച്), ആംഗ്ലിക്കനിസം, മറ്റ് പ്രൊട്ടസ്റ്റന്റ് പള്ളികൾ (ബ്രിട്ടീഷ്) ഇന്ന് ശ്രീലങ്കയിൽ ഉടനീളം കാണാം.

മിഷനറി പ്രവർത്തനങ്ങൾ, മതപരിവർത്തന പ്രവർത്തനങ്ങൾ, മിശ്രവിവാഹങ്ങൾ എന്നിവയിലൂടെയാണ് ക്രിസ്തുമതം പ്രചരിച്ചത്, ഇന്ന് ശ്രീലങ്കയിലെ ഏകദേശം 7% പേർ ക്രിസ്ത്യാനികളായി തിരിച്ചറിയപ്പെടുന്നു. സിംഹളർ, തമിഴർ, ബർഗറുകൾ (യൂറോപ്യൻ കുടിയേറ്റക്കാരുടെ പിൻഗാമികൾ) എന്നിവരുൾപ്പെടെ ക്രിസ്ത്യൻ സമൂഹം വംശീയമായി വൈവിധ്യപൂർണ്ണമാണ്. പള്ളികൾ, കത്തീഡ്രലുകൾ, ക്രിസ്ത്യൻ സ്കൂളുകൾ എന്നിവ വിദ്യാഭ്യാസത്തിലും സാമൂഹിക ക്ഷേമത്തിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇവർ ശ്രീലങ്കൻ സംസ്കാരത്തിൽ ഭാഷ (ഇംഗ്ലീഷ്), പാചകരീതി, നിയമവ്യവസ്ഥകൾ, വിദ്യാഭ്യാസം, വാസ്തുവിദ്യ എന്നിവയുൾപ്പെടെ ശാശ്വതമായ അടയാളങ്ങൾ അവശേഷിപ്പിച്ചു. നഗര കേന്ദ്രങ്ങളിലും പോർച്ചുഗീസ്, ആഫ്രിക്കൻ ഘടകങ്ങൾ ഇടകലർന്ന ബൈല സംഗീതം പോലുള്ള സാംസ്കാരിക രീതികളിലും കൊളോണിയൽ സ്വാധീനം ദൃശ്യമാണ്.

ശ്രീലങ്കയ്ക്ക് ഇന്ത്യയുമായും തെക്കുകിഴക്കൻ ഏഷ്യയുമായും ദീർഘകാല സാംസ്കാരിക, ഭാഷാ, മതപരമായ ബന്ധങ്ങളുണ്ട്. ദക്ഷിണേന്ത്യൻ സ്വാധീനം, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ പ്രകടമാണ്, അതേസമയം ദ്വീപിന് ദക്ഷിണേന്ത്യയുമായുള്ള ബന്ധം ഭാഷ, കല, പാചകരീതി എന്നിവയിൽ പ്രകടമാണ്.

ആധുനിക കല, ഡിജിറ്റൽ മീഡിയ, അന്താരാഷ്ട്ര സംഗീതം എന്നിവയുൾപ്പെടെയുള്ള ആഗോള പ്രവണതകളാണ് സമകാലിക ശ്രീലങ്കൻ സംസ്കാരത്തെ ഇന്ന് അധികമായും രൂപപ്പെടുത്തുന്നത്. പരമ്പരാഗതവും ആധുനികവുമായ ഘടകങ്ങളുടെ സംയോജനം കലകളിലും സംഗീതത്തിലും ഫാഷനിലും പോലും പ്രകടമാണ്, പൈതൃകം സംരക്ഷിക്കുന്നതിലും നവീകരണം സ്വീകരിക്കുന്നതിലും വർദ്ധിച്ചുവരുന്ന ഊന്നൽ ഇപ്പോൾ നമുക്ക് കാണുവാൻ കഴിയും.

ഈ സ്വാധീനങ്ങൾ സംയോജിപ്പിച്ച്, പുരാതന പാരമ്പര്യങ്ങൾ ആധുനിക വികസനങ്ങളോടും ആഗോള പ്രവണതകളോടും സഹവർത്തിക്കുന്ന, സവിശേഷവും വൈവിധ്യപൂർണ്ണവുമായ ഒരു സാംസ്കാരിക ഭൂപ്രകൃതി സൃഷ്ടിക്കുന്നു.

ഡോ. സുനീത് മാത്യു.

താരം, തരൂരിസം…

യുദ്ധം ഒഴിവായി. നല്ലകാര്യം. ഒന്നും നഷ്ടപ്പെടാനില്ലാത്തവർ ഇനിയും ശ്രമിക്കും. ‘കൊല്ലാൻ ഇനിയും നോക്കും അവൻ.. ചാവാതിരിക്കാൻ ഞാനും’ എന്ന ക്ലാസിക് എംടി വാചകമാണ് ഓർമ്മവരുന്നത്. താഴ്വാരത്തിലേത്.

ഇന്ത്യ ഒരു രാജ്യം എന്നരീതിയിൽ കൈവരിച്ച വികസനത്തിനോടൊപ്പം വികസിച്ചു, അതിൻ്റെ പക്വതയും നയതന്ത്രതയും എന്ന് പറയേണ്ടിവരും. യുദ്ധാനന്തരം രാജ്യം നടത്തിയ ഓരോ നീക്കവും അത് നൽകുന്ന സൂചനയാണ്. പാർട്ടികളുടെ പ്രത്യയശാസ്ത്രവും മതവും ജാതിയും വർണ്ണവും രാഷ്രീയവുമൊന്നുമല്ല രാജ്യം, യുദ്ധം പോലൊരു പ്രതിസന്ധി നേരിടുമ്പോൾ നോക്കേണ്ടെതെന്ന് എല്ലാപാർട്ടികളും കാട്ടിത്തന്നു, മിക്കവാറും എല്ലാം!

നയതന്ത്ര സംഘങ്ങളെ മറ്റു രാജ്യങ്ങളിലേക്കയക്കാനും അതുനയിക്കാൻ എല്ലാ പാർട്ടികളിലെയും മിടുക്കരെ തിരഞ്ഞെടുത്തത് വളരെ നല്ല നീക്കമായിരുന്നു. തരൂരിനെയും ബ്രിട്ടാസിനെയും മുഹമ്മദ് ബഷീറിനെയും പോലുള്ള മികച്ച രാഷ്ട്രീയക്കാരെ അതിൻ്റെ ഭാഗമാക്കിയതും നന്നായി.

ഇതിൽ എടുത്തു പറയേണ്ടത് തരൂരിൻ്റെ സംഭാവനകളെക്കുറിച്ചാണ്. അയാളെക്കുറിച്ചു മാത്രമാണ് ഇനിയങ്ങോട്ടുള്ള എഴുത്ത്.

ഈ കഴിഞ്ഞ ഹ്രസ്വമായ യുദ്ധസമാന അന്തരീക്ഷത്തിൽ രാജ്യത്തിന് വേണ്ടി കാര്യങ്ങൾ കാര്യഗൗരവമായി ഒരിറ്റു പിഴവില്ലാതെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്, ഞാൻ കേൾക്കാനിടയായത്, ഒരാൾ മാത്രമാണ്. തരൂർ. അയാൾക്ക് ഈ കാര്യങ്ങളിലുള്ള അറിവും, തെളിച്ചവും, പക്വതയും വേറൊരാളിലും കണ്ടില്ല. രാജ്യം പ്രതിസന്ധിയിലായി നിൽക്കുമ്പോൾ മറ്റൊന്നും നോക്കാതെ രാജ്യത്തിന് വേണ്ടി സംസാരിക്കുന്നവരെ അക്ഷരം തെറ്റാതെ വിളിക്കാം – തികഞ്ഞ രാജ്യസ്‌നേഹി. രാഷ്ട്രീയ ലക്ഷ്യങ്ങളും, വിശ്വാസങ്ങളും, പിന്നെ മനസ്സിലാകാത്ത പല കാരണങ്ങളാലും പലരും പലതും പറയുന്നതും പറയാതിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. പക്ഷെ തരൂരിൻ്റെ വിഷയത്തിലെ അറിവും യുദ്ധക്കെടുതികളെക്കുറിച്ചുള്ള ആകുലതകളും നയതന്ത്രത്തിലെ അവഗാഹവും അനന്യനായി തോന്നി.

തരൂരിനെപ്പോലുള്ള മികച്ച ഡിപ്ലോമാറ്റുകൾ (രാഷ്ട്രീയക്കാരൻ എന്ന് പറയാനാകില്ല) ഉള്ളപ്പോൾ അവരെ നന്നായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന് വേണ്ടി. അയാൾ ഏതു പാർട്ടിയുടെ ലേബലിൽ ഉള്ള ആളാണെങ്കിലും തരക്കേടില്ല. എല്ലാ പാർട്ടികളിലും നല്ല നേതാക്കളുണ്ടല്ലോ! പക്ഷെ തരൂരിൻ്റെ അത്രയും കഴിവും വാക്‌ചാതുരിയും വിവരവും ഉള്ളവർ ചുരുങ്ങും.

ഏൽപ്പിച്ച ജോലി ടിയാൻ എങ്ങനെ ചെയ്യുന്നു എന്ന് കണ്ടല്ലോ. അയാളുടെ പ്രസംഗങ്ങൾ എന്നും മനോഹരങ്ങളാണെങ്കിലും കൊളംബിയ പോലുള്ള രാജ്യങ്ങളുടെ തീരുമാനങ്ങളെ മാറ്റാനുതകുന്ന വിധം അവ മികച്ചതാകുന്നിടത്താണീ ദൗത്യത്തിൻ്റെ വിജയം. ഈ തരുണത്തിൽ വിചിത്രമായ വസ്തുത എന്തെന്നാൽ, അയാളുടെ ചെയ്തികളെ ഏറ്റവും വിമർശിക്കുന്നത് അയാളുടെ തന്നെ പാർട്ടിയിൽ പെട്ടവരാണ്. ഭരിക്കുന്ന പാർട്ടിയോട് ഒട്ടും ചേർന്നുപോകാനാകാത്ത ബ്രിട്ടാസിന്റെയും കനിമൊഴിയുടെയും പാർട്ടികൾ പോലും അങ്ങനെ ചെയ്യാൻ മടിക്കുന്നിടത്താണീ സാഹസം എന്നോർക്കണം. അതിനു കാരണം തരൂരിൻ്റെ പ്രതിഭ തന്നെയാകണം. കടുത്ത മനോവിഷമത്തിനു പറ്റിയപേര് സ്പര്‍ധയെന്നോ, അസൂയയെന്നോ, മത്സരമെന്നോ, അതിലും കടുത്ത മറ്റെന്തെങ്കിലുമെന്നോ?

തരൂരിൻറെ ബയോഡേറ്റ അറിയാത്തവർ കേരളത്തിൽ ഉണ്ടാകില്ല. ഇരുപത്തിരണ്ടാം വയസ്സിൽ ടഫ്റ്സ് യൂണിവേഴ്സിറ്റിയിൽ (Tufts University) നിന്നും ഡോക്ടറൽ ബിരുദം (PhD). UN-ൽ ദശകങ്ങൾ നീണ്ട വിശിഷ്ട സേവനം. ലണ്ടനിൽ ജനിച്ചു, മുംബയിലും കൊൽക്കത്തയിലും വളർന്നു. ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വം നേടാമായിരുന്നു. വേണ്ടെന്നു വച്ചു. മുപ്പതോളം പുസ്തകങ്ങൾ എഴുതി, അതിലൊരു നോവലുമുണ്ട്, കഥകളും. ഇംഗ്ലീഷ് ഭാഷ എഴുതാനും സംസാരിക്കാനും അയാൾ കഴിഞ്ഞിട്ടേയുള്ളൂ, ആരും. കാഴ്ച്ചയിൽ സിനിമാതാരം. വിവാദങ്ങളുടെ തോഴൻ. സ്വകാര്യ ജീവിതത്തെക്കുറിച്ചു ചില അറിവുകളുണ്ട് പൊതുജനത്തിന്. പക്ഷെ മേല്പടി ബയോഡേറ്റയുടെ പാർശ്വഫലങ്ങൾ ആലോചിക്കാവുന്നതേയുള്ളൂ. കൂടുതൽ പറയുന്നില്ല. അയാൾ ഒരു മനുഷ്യനും ആയിരുന്നു എന്ന് പരദൂഷണം ചുരുക്കാം.

സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പിൽ തോറ്റ്, യുഎന്നിലെ ജോലി രാജിവച്ചു പടിയിറങ്ങുമ്പോൾ തരൂരിന് മുന്നിൽ ആയിരം വഴികൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഐവി ലീഗ് (Ivy League) യൂണിവേഴ്സിറ്റികളിലെ പ്രൊഫസർ, അല്ലെങ്കിൽ ഏതെങ്കിലും ഇടത്തരം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, അതുമല്ലെങ്കിൽ ഏതെങ്കിലും അറിയപ്പെടുന്ന ചാരിറ്റി സ്ഥാപനങ്ങളുടെയോ, കമ്പനികളുടെയോ തലവൻ. ഇതൊന്നും അല്ലെങ്കിൽ ലോകത്തിലെ ഏതെങ്കിലും മൂലയിൽ ഇരുന്നു വായനയിലും എഴുത്തിലും മാത്രം ഏർപ്പെട്ടിരുന്നെങ്കിൽ മാസം കോടികൾ കയ്യിൽ വന്നേനെ, പ്രശസ്തി വേറെയും. ഇനി ലൗകികമായതൊന്നും വേണ്ടെങ്കിൽ (!) ഹിമാലയത്തിൽ പോയി തപസ്സിരിക്കാമായിരുന്നു. പക്ഷെ ഇതൊന്നുമല്ലാതെ ഒരു ഹിലമായൻ മണ്ടത്തരമാണ് അയാൾ കാണിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലേക്കിറങ്ങി. നമ്മുടെ ദേശത്തു വന്നു തിരഞ്ഞെടുപ്പിൽ നിന്നു. ബുദ്ധിയില്ലാത്ത രാഷ്ട്രീയക്കാരെമാത്രം കണ്ടുപരിചയമുള്ളവർ ജീവിതത്തിൽ കിട്ടുന്ന ദുർലഭമായയൊരവസരം മനസ്സിലാക്കി അയാളെ തിരഞ്ഞെടുത്തു വിട്ടു. മൂന്നു വട്ടം.

രാഷ്ട്രീയ കുശലതയും, കുടിലതയും, കൂസലില്ലായ്മയും കൂടെയില്ലാതിരുന്ന തരൂർ എന്തൊക്കയോ കാണിച്ചു കൂട്ടി എന്നേ പറയാനാകൂ. പത്തിരുപതു വർഷങ്ങളാകുന്നു സാർ. ഇനിയെങ്കിലും നിർത്തൂ. ‘തരത്തിൽ പോയി കളിക്കൂ.’

മറ്റു പലരും വിചാരിക്കുന്നതുപോലെ യുഎന്നിലും (UN) മറ്റും തിരികെപ്പോകാൻ പറ്റിയെന്നിരിക്കില്ല. കാരണം അവിടെ UN ബാക്കി കാണണ്ടേ? നിലനിൽക്കാൻ പാടുപെടുന്ന, പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആരുടെയൊക്കെയോ കളിപ്പാവയാകുന്ന UN-ന്നിൽ തരൂരിന് ബാക്കിയെന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്നില്ല.

തരൂർ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് അയാൾ മാത്രമാണ്. എന്ത് ചെയ്താലും സ്വന്തം പ്രതിഭയുടെ ഒരംശമെങ്കിലും ഉപയോഗിക്കാവുന്ന ഒരു മേഖലയായാൽ നന്നായിരിക്കും. നമുക്ക് കൂടി അഭിമാനിക്കാമല്ലോ, താങ്കളെയോർത്ത്!

അതിനിപ്പോൾ ടിയാൻ കുറച്ചു കാലമായി കക്ഷിരാഷ്‌ടീയ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്നാണെങ്കിൽ, ഒരാവശ്യവും ഇല്ലാത്ത കാര്യങ്ങൾ നന്നായിട്ടു ചെയ്തിട്ടെന്തിനാണ്?

“There is nothing so useless as doing efficiently that which should not be done at all.”
– Peter Drucker

സുമേഷ് രാമചന്ദ്രൻ

ഒന്നുമല്ലാതായവരുടെ യുദ്ധം!

“War does not determine who is right – only who is left.” – Bertrand Russell

യുദ്ധം ചെയ്താൽ നശിക്കാത്തതായി ഒരു രാജ്യവും അവശേഷിക്കില്ല. യുദ്ധം എന്തായി അവസാനിച്ചാലും, എങ്ങനെയവസാനിച്ചാലും, ആരുടെ ശരിയിൽ തുടങ്ങിയതായാലും, ആരുടെ തെറ്റിന് പകവീട്ടിയതായാലും, ജയിക്കുന്നവരെയും തോൽക്കുന്നവരെയും കാത്തിരിക്കുന്നത് ഒന്ന് മാത്രം. സർവ്വനാശം! അത് ഭൗതികസ്വത്തുക്കളിലായാലും, മനുഷ്യരുടെ ജീവനായാലും, തീരാദുഃഖവും വേദനകളും മാത്രമായിരിക്കും യുദ്ധത്തിൻ്റെ ശേഷിപ്പ്. യുദ്ധത്തിൻ്റെയന്ത്യം തോൽവി മാത്രമാണ്!

അതുതന്നെയാകണം രാജ്യങ്ങളെ യുദ്ധത്തിലെത്തിക്കാൻ ബദ്ധപ്പെടുന്ന തീവ്രവാദികളുടെ ആവശ്യവും. തകർക്കേണ്ടത് അവരെയാണ്, രാജ്യങ്ങളെയല്ല. ജീവിക്കാൻ പണിപ്പെടുന്ന സാധാരണ മനുഷ്യരെയും, ജീവിച്ചു തുടങ്ങാത്ത കുഞ്ഞുങ്ങളെയുമല്ല. പക്ഷെ യുദ്ധം തുടങ്ങിയാൽപ്പിന്നെ ഒന്നും നോട്ടമില്ലല്ലോ! പലസ്തീൻ-ഇസ്രായേൽ യുദ്ധം തന്നെ വലിയ ഉദാഹരണം. തുടങ്ങാതിരിക്കാൻ കഴിഞ്ഞാൽ അത്രയും നന്ന്.

തീവ്രവാദികൾ രാജ്യങ്ങളെ പ്രകോപിച്ചുകൊണ്ടേയിരിക്കും. അവർക്കുവേണ്ടത് യുദ്ധമാണ്. സർവ്വനാശമാണ്. നാശത്തിലാണവരുടെ നിലനിൽപ്പ്. ശവം തീനിപ്പുഴുക്കളെപ്പോലെ.

പലരും പലവട്ടം മുന്നറിയിപ്പുതന്നെങ്കിലും മൂന്നാം ലോകമഹായുദ്ധം ഇനിയുമുണ്ടാക്കാത്തത് ഭാഗ്യം. കാരണം ഇനിയൊരു ലോകയുദ്ധത്തിൽ ഒന്നുമവശേഷിക്കില്ല, ഒന്നും.

തീവ്രവാദികളും, മതവാദികളും, ചിന്താഹീനരും, തലയില്ലാത്ത രാജ്യത്തലവരും, ഏകാധിപതികളും, ജനനന്മആഗ്രഹിക്കാത്ത പട്ടാള മേധാവികളും ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കും, യുദ്ധത്തിനായി. കാശ്മീരിൽ ഒഴിവുകാലം ആഘോഷിക്കാനെത്തുന്ന ഹതഭാഗ്യരായ സഞ്ചാരികളും, ട്രേഡ് സെന്ററുകളും, ട്രെയിനുകളും, വിമാനങ്ങളും, പള്ളികളും, മോസ്‌കുകളും, സിനഗോഗുകളും, ഗുരുദ്വാരകളും, ഇനിയും ആക്രമിക്കപ്പെട്ടേക്കാം.

ചിന്തയും ബുദ്ധിയും മരവിച്ച തീവ്രരുടെ രാജ്യമോ, മതമോ ഏതായാലെന്ത്? ഏതു ജാതിയും വർഗ്ഗവുമായിരുന്നാലെന്ത്? തകർത്തെറിയണം ഇത്തരക്കാരുടെ കൂട്ടായ്മകളെ. എന്തിൻ്റെപേരിലായാലും ഇവറ്റകളെ സംരക്ഷിക്കുന്നവരെയും ഇതുപോലെ തുരത്തണം. അതാണ് വേണ്ടത്. രാജ്യങ്ങളാണ് പിന്നിലെങ്കിൽ, നയതത്ര തലത്തിലും, സാമ്പത്തിക, വാണീജ്യതലത്തിലും ശക്തമായി നേരിടണം. കഴിവില്ലാത്ത ഭരണകൂടത്തെയും, പട്ടാളത്തെയും ആ രാജ്യക്കാർ നേരിട്ടുകൊള്ളും. വൈകിയായാലും അത് സംഭവിച്ചുകൊള്ളും. തീവ്രവാദത്തിലൂടെ മറ്റുരാജ്യങ്ങളിലെ സാധാരണ മനുഷ്യരെയും, സ്വന്തം നാട്ടുകാരെയും ദയയില്ലാതെ വധിക്കുന്നർ സ്വന്തം ജനതയുടെ വിപ്ലവങ്ങളുടെ തീച്ചൂളയിൽ ഇല്ലാതായിക്കോളും. അതാണ് ചരിത്രം.

ഇത്രയും പറഞ്ഞയത് ഒരുരാജ്യവും തങ്ങളുടെ ജനങ്ങളെ അന്യായമായി കൊന്നൊടുക്കുന്നതുകണ്ട്‌ ഡിപ്ലോമസി കളിച്ചു കയ്യും കെട്ടി നോക്കിനിൽക്കണമെന്നല്ല. രാജ്യം പിടിച്ചടക്കാൻ വരുന്നവരോട് സന്ധിസംഭാഷണത്തിനിരിക്കണമെന്നുമല്ല. വേറെ വഴിയില്ലാത്തിടത്തു തിരിച്ചടിക്കുകതന്നെവേണം. പക്ഷെ അത് പലവട്ടം ചിന്തിച്ചും, അനന്തരഫലങ്ങൾ നന്നായി മനസ്സിലാക്കിയുമുള്ള അവസാനത്തെ തീരുമാനമാകണം. കാരണം ആ തീരുമാനങ്ങൾക്കു തലമുറകൾ കരഞ്ഞാലും തീരാത്ത കണ്ണീരിൻ്റെ വിലയുണ്ടാകും. ഇതുവരെയുണ്ടാക്കിയതൊക്കെയും കളഞ്ഞുള്ള ഭീകരമായ ചിലവിൻ്റെ കനമുണ്ടാകും. രാജ്യത്തെ പുറകിലേക്ക് നയിക്കേണ്ടിവരും. ഒരുവർഷത്തെ യുദ്ധം പത്തുവർഷമെങ്കിലും പുറകിലെത്തിക്കും രാജ്യങ്ങളെ. സംശയമുള്ളവർ റഷ്യയുടെയും, യുക്രൻ്റെയും, ഇസ്രായേലിൻ്റെയും, പലസ്തീനിൻ്റെയും ഇന്നത്തെ അവസ്ഥ ആലോചിച്ചാൽ മതി. തുടങ്ങിയ യുദ്ധങ്ങൾ തീർക്കാനാകാതെ വഴിമുട്ടി നിൽക്കുന്നവർ. അവിടുത്തെ ജനതയോ? പട്ടിണിയും പരിവട്ടവും രോഗവും കൊണ്ടുഴലുന്നവർ. ഏതുവഴിയാണ് മരണം വരുന്നതെന്ന് അറിയാത്തവർ. ഒരുനേരത്തെ വിശപ്പടക്കാൻ കഴിയാത്തവർ. ഇന്നുകൂടി ജീവിതം നീട്ടിക്കിട്ടിയതിൽ സന്തോഷിക്കുന്നവർ. മരിച്ചുവീണ ബന്ധുക്കളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും കല്ലറകൾക്കു കാവലിരിക്കുന്നവർ. ഇനിയൊരു തുള്ളികുടിക്കുവാനില്ലാതെ കണ്ണീരറ്റവർ, തണ്ണീരറ്റവർ . എന്തിൻ്റെ പേരിലായാലും തുടങ്ങിയ യുദ്ധം ഒടുങ്ങുവാനായി നിമിഷങ്ങളെ വർഷങ്ങളാക്കി കാത്തിരിക്കുന്നവർ!

ഇവരെ നിങ്ങക്കറിയില്ലായിരിക്കും. വർത്തകളല്ലാതായിത്തീരുന്ന ഇവരുടെ ജീവിതങ്ങൾ പറഞ്ഞു സമയവും താളുകളും തുലച്ചു വരുമാനം കുറക്കാൻ മാധ്യമങ്ങൾക്കു മനസ്സില്ലാത്തതെന്നുകൊണ്ടു മാത്രം നിങ്ങളറിയാത്തവരാണവർ. ഇവരുടെ ജാതിയും വർഗ്ഗവും രാജ്യവും പറഞ്ഞു മുതലും, ധനവും, രാഷ്‌ടീയലാഭവും ഉണ്ടാക്കിയവരെ നിങ്ങളറിയും, പക്ഷെ ഇവർ കേട്ടിരിക്കാൻ വഴിയില്ല. ഒന്നുമല്ലാതായവരുടെ യുദ്ധം. അതവരോട് തന്നെയായി ഇപ്പോൾ. മരിക്കാതിരിക്കാനുള്ള യുദ്ധം.

‘യുദ്ധം തീർക്കാനുള്ള എളുപ്പ വഴി തോൽക്കുക എന്നതാണെന്ന്’ ആരോ പറഞ്ഞിട്ടുണ്ട്. തോൽക്കാൻ ആർക്കാനിഷ്ടം! ജീവിക്കാൻവേണ്ടി മരിക്കാനും തയാറാണെന്നു പറയുന്നതുപോലെ, ജയിക്കുവാൻ വേണ്ടി മരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്!

മരിച്ചവരാണ് യുദ്ധത്തിൻ്റെ അന്ത്യം കാണുന്നത്. മരിച്ചവർക്കെന്തു യുദ്ധം, എന്ത് ജയം?

“Only the dead have seen the end of war.” – Benjamin Franklin.

സുമേഷ് രാമചന്ദ്രൻ

മൂളായ്ക സമ്മതം, രാജൻ.

പണം, രാഷ്ട്രീയം, മതം. ഇവമൂന്നും സമാസമം ചാലിച്ച് സ്വയം നേട്ടങ്ങളുണ്ടാക്കാൻ ചിലർ നടത്തുന്ന പൊറാട്ടുനാടകങ്ങൾ. അത് കാണാനും കൈതട്ടാനും നമ്മൾ. മാത്രവുമല്ല അവയെ ചെല്ലും ചെലവും സമയവും കൊടുത്തു പ്രോത്സാഹിപ്പിക്കുന്നതും നമ്മൾ. ആരൊക്കയോ എന്തൊക്കയോ നേടുന്ന കളിയിൽ ആർക്കോവേണ്ടി അലറിവിളിച്ചു തൊണ്ടപൊട്ടുന്ന, ആർത്തലച്ചു കണ്ണുപൊട്ടുന്ന, അലന്ന ആവലാതിയുള്ളവർ. നമ്മളെയെന്തുവിളിക്കണം? പൊതുജനമെന്നോ? അതോ? അതെ ഞാനും നിങ്ങളും ഉൾപ്പെട്ട ആ ആൾക്കൂട്ടത്തെക്കുറിച്ചാണിന്ന്. മുഖമില്ലാത്ത, തലയില്ലാത്ത, മൂളയില്ലാത്ത, വെറും ആൾക്കൂട്ടം. തമ്പുരാൻ പൊറുക്കട്ടെ!

ഒരു ചെറിയ ചോദ്യത്തിൽ തുടങ്ങാം! നിങ്ങൾ ഒരു സിനിമ കാണുന്നതെന്തിനാണ്? കുറച്ചു നേരം എല്ലാം മറന്ന് ഉല്ലസ്സിക്കാൻ. സമയം കളയാൻ. കല ആസ്വദിക്കാൻ. അതല്ലാതെ അതുനിർമ്മിച്ചവരെയും, അഭിനയിച്ചവരെയും നന്നാക്കാനോ, രാജ്യം നന്നാക്കാനോ, ചരിത്രം പഠിക്കാനോ, പാർട്ടി വളർത്താനോ, സ്വയം നന്നാവാനോ, ജാതിമതവർണ്ണങ്ങളെ ഉദ്ധരിക്കാനോ, വെട്ടാനോ, കൊല്ലാനോ അല്ല. ആണെങ്കിൽ ഇനിയങ്ങോട്ട് വായിക്കരുത്.

നിങ്ങളും ഞാനും സാധാരണഗതിൽ എങ്ങനെയാണ് ചിന്തിക്കുന്നതെന്നു നോക്കാം. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ ഒരുദാഹരണത്തിൽനിന്നും തുടങ്ങാം.

നിങ്ങൾ അടുത്തയിടക്ക് കണ്ട ഒരു ഹോളിവുഡ് ആംഗലേയ ചിത്രത്തെക്കുറിച്ചു ആലോചിച്ചു നോക്കൂ. മൂന്നുതരം അഭിപ്രായമേയുണ്ടാക്കാൻ തരമുള്ളൂ. നിങ്ങൾക്ക് ഒന്നുകിൽ ഇഷ്ടപ്പെട്ടു അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല, അല്ലെങ്കിൽ എല്ലാ മലയാളിയെയും പോലെ ‘കുഴപ്പമില്ലായിരുന്നു.’ നിങ്ങളിൽ ആരെങ്കിലും ആ ചിത്രത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ജാതിയും മതവും രാഷ്ട്രീയ നിലപാടും ചോദ്യം ചെയ്യുമോ? അതുമല്ലെങ്കിൽ അതിലെ കിടപ്പറ രംഗം നിങ്ങളുടെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് പരിതപിച്ചു സമൂഹമാധ്യമങ്ങളിൽ കഥയിലെ നായകൻ്റെയും നായികയുടെയും സംവിധായകൻ്റെയും അതെഴുതിയവൻ്റെയും തന്തക്കു വിളിക്കുമോ? അങ്ങനെയാരെങ്കിലും ചെയ്‌താൽ അയാൾക്കുവട്ടാണെന്നു നിങ്ങൾ പറഞ്ഞേക്കും. അങ്ങനയൊക്കെ റിവ്യൂ ചെയ്യുന്നവനെ അവഗണിക്കും. പിന്നെ എന്നത്തേയും പോലെ തിരക്കിൽപെട്ട് കഷ്ടപ്പെട്ടു ജീവിക്കും.

അതിനൊരുകാരണമുണ്ടായിയുന്നു. എനിക്കറിയാമായിരുന്ന മലയാളികളുടെ സിനിമാസ്വാദനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

എല്ലാ കലാസൃഷ്ടികളും സ്വതന്ത്ര സർഗ്ഗസൃഷ്ടികളാണ് എന്നാണ് വയ്പ്പ്. അത് അതുനിർമ്മിക്കുന്നവൻ്റെ മാത്രം ചിന്തകളും വാക്കുകളുമാണ്. കഥയും കവിതയും ഈ എഴുതി വിടുന്നതുമൊക്കെ അങ്ങനെയാണ്. സിനിമയ്ക്കു പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. പണം മുടക്കുന്നവൻ്റെ താല്പര്യം കൂടിനോക്കുന്ന വാണീജ്യസൃഷ്ടിയാകുമ്പോൾ അതിനെ പൂർണ്ണമായും കലയെന്നുവിളിക്കാനാകില്ല. അതൊരു ഉൽപ്പന്നമാണ്. അവിടെ സൃഷ്ടാവിനു പറയാനുള്ളത് മാത്രം പറയാനുള്ള വേദിയാക്കരുത്. വല്ലവൻ്റെയും കാശുപോയാലും എനിക്ക് എൻ്റെ രാഷ്ട്രീയം പറയണമെന്ന് ശഠിക്കരുത്. സ്വന്തം രാഷ്‌ടീയം, മതം ഇവയൊക്കെ സ്വതന്ത്രമായി കൊണ്ടുനടക്കാം വളർത്താം പ്രത്യേകിച്ചും അത് പരിരക്ഷിക്കുന്ന ഭരണഘടനയുള്ള ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത്. മറ്റുള്ളവനും ഇതേ സ്വാതന്ത്ര്യം ഉണ്ടെന്നുകൂടി മറക്കാതിരിക്കണം.

ഈ അറിവും മര്യാദയുമൊക്കെ അറിയുന്നവരായിരുന്നു മലയാളികൾ. പക്ഷെ ഇപ്പോൾ സ്വന്തം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ, അതെന്തായാലും ചിലർ കാണിക്കുന്ന നെറികേടിനെ മനസ്സിലാക്കാത്ത ആൾക്കൂട്ടമായിപ്പോകുന്നു നമ്മൾ എന്ന് തോന്നുന്നു. ഈ നെറികേടുകൾക്കു രണ്ടു ലക്ഷ്യങ്ങൾ മാത്രമാണെന്നാണ് തോന്നുന്നത്. ഒന്ന് നിങ്ങളുടെ വോട്ട്, രണ്ട് നിങ്ങളുടെ പണം. ഇതിനു രണ്ടിനും വേണ്ടിയല്ലാതെ നിങ്ങളുടെ ജീവിതം നന്നാക്കാനല്ല ഈ വിവാദങ്ങൾ. ഇതു രണ്ടും അല്ല ലക്ഷ്യം എന്ന് നിങ്ങൾക്ക് തോന്നിയാൽ വീണ്ടും പേടിക്കണം, കാരണം അവിടെ നിങ്ങളാണ് ഇര അല്ലെങ്കിൽ ഉൽപ്പന്നം. നിങ്ങളിലൂടെയാണ് വോട്ടും അധികാരവും പണവും മറ്റുള്ളവർ ഉണ്ടാക്കാൻ പോകുന്നത്.

ഇനി എൻ്റെ വിശ്വാസങ്ങളും ചിന്തകളും പോതുജനങ്ങളിലേക്ക് എത്തിക്കാൻ എന്തിനാണ് മറ്റുള്ളവൻ്റെ കഞ്ഞിക്കലത്തിൽ കയ്യിടുന്നത്‌. സ്വതന്ത്രമായി പറയാൻ എത്രയോ വഴികളുണ്ട്.

ഉദാഹരണത്തിന് എനിക്ക് മാസം പത്തുലക്ഷം രൂപതന്നു ഒരു വ്യവസായ സ്ഥാപനം ഭരിക്കാൻ പറഞ്ഞാൽ ഓരോ തീരുമാനങ്ങളിലും എന്നെ നിയോഗിച്ച കമ്പനിയുടെ ബോർഡിൻ്റെയും ഓഹരിഉടമസ്ഥരുടെയും താൽപര്യങ്ങൾക്കു അനുസരിച്ചാകണം എൻ്റെ ഭരണം. എൻ്റെയും എൻ്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പാർട്ടിക്കാരുടേതുമാകരുത്. അങ്ങനെയാകുമ്പോഴാണ് ജോലിപോകുകയും ചിലപ്പോൾ അഴിയെണ്ണേണ്ടിവരുകയും ചെയ്യുന്നത്. കോർപ്പറേറ്റ് ഫ്രോഡ് എന്നും ചീറ്റിംഗ് എന്നുമൊക്കെയുള്ള വകുപ്പിലായിരിക്കും ശിക്ഷകൾ. ഇതെല്ലായിടത്തും ബാധകമാണ്.

പറഞ്ഞുവന്നത് വല്ലവരും ലാഭമുണ്ടാക്കാൻ വേണ്ടിമാത്രം സിനിമയെടുത്തു, തള്ളിമറിച്ചു, വിവാദമുണ്ടാക്കി, ചർച്ചകൾ നടത്തി വള്ളിക്കെട്ടുകൾ പിടിച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കാനില്ല. സിനിമ കണ്ട് ഇഷ്ടമായെങ്കിൽ സന്തോഷിക്കുക. ഇഷ്ടമായില്ലെങ്കിൽ മറക്കുക. വിവാദങ്ങൾക്കുപുറകേപോയാൽ നിങ്ങളുടെ സമയം നാശമാകും എന്നല്ലാതെ യാതൊരു ഗുണവുമില്ല. വിവാദമുണ്ടാക്കുന്നവരൊക്കെ നേട്ടങ്ങൾ ഉണ്ടാക്കി സ്ഥലം കാലിയാക്കും. സിനിമാക്കാരായാലും, രാഷ്ട്രീയക്കാരായാലും, ധർമ്മക്കാരായാലും, പുരാതന-നവ മാധ്യമക്കാരായാലും. എനിക്കും നിങ്ങൾക്കും ബുദ്ധിമുട്ടിത്തന്നെ വീണ്ടും ജീവിക്കേണ്ടിവരും.

വെറുതെ ഇവയുടെ പുറകിൽ പോകുന്നതിലും ഭേദം ഇവയൊക്കെ മറന്നുകളയുകയാണ്.

“ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,

നാളത്തെ ശാസ്ത്രമതാകാം,

അതിൽ മൂളായ്ക സമ്മതം രാജൻ.” ആശാൻ.

സുമേഷ് രാമചന്ദ്രൻ

പ്രകൃതിയൊരുക്കുന്ന ധ്യാനം

വൃത്തിയുള്ള പരിസരങ്ങളും, ശുദ്ധമായ വെള്ളവും തെളിഞ്ഞ ആകാശവും ആരാണാഗ്രഹിക്കാത്തത്? നമുക്കിന്നന്യമായിക്കൊണ്ടിരിക്കുകയാണ് ഇവയെല്ലാം. എന്റെ ഫു ക്വോക്ക് യാത്രയിൽ എന്നെ ഏറ്റവും ആകർഷിച്ചതും ഇത് തന്നെ. അഴുക്കു ലവലേശമില്ലാത്ത കടൽത്തീരങ്ങൾ ഇന്ന് വളരെ വിരളമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഫു ക്വോക്കിലെ കടൽത്തീരങ്ങളെല്ലാം അതീവ വൃത്തിയിലാണ് നിലനിർത്തിയിരുന്നത്. ഫു ക്വോക്കിൻ്റെ തിളങ്ങുന്ന വെളുത്ത മണൽ ബീച്ചുകൾ ആണ് ഇതിന് “പേൾ ഐലൻഡ്” എന്ന വിളിപ്പേര് നേടിക്കൊടുത്തത്.

കമ്പോഡിയക്കടുത്ത് വിയറ്റ്‌നാമിനു സ്വന്തമായ ഒരു മനോഹര ദ്വീപ്. അതാണ് ഫു ക്വോക്ക്. ലോകത്തിലെ ഏറ്റവും മനോഹരമായ രണ്ടാമത്തെ ദ്വീപ് എന്ന പദവി കഴിഞ്ഞ വർഷം ലഭിച്ചിട്ടുമുണ്ട്. ഒരു പക്ഷേ ഇന്ത്യൻ യാത്രികർക്ക് അത്ര പരിചിതമാകില്ല ഈ മനോഹര ദ്വീപ്. കഴിഞ്ഞ പത്തുവർഷങ്ങളായി പടിഞ്ഞാറൻ സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമി. പത്തുവർഷങ്ങള്ക്കുള്ളിൽ ടൂറിസം വഴി സമ്പന്നമായ ഒരു ദ്വീപ്. വിനോദ സഞ്ചാരം ഒരു പ്രദേശത്തിന് എത്ര വരുമാനം നേടിക്കൊടുക്കും എന്നറിയണമെങ്കിൽ ഇവിടെ പോയാൽ മതി.

സഞ്ചാരികളെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. സഞ്ചാരികൾക്കായി സൗജന്യ ആഡംബര ബസ് യാത്രകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികൾക്ക് ആഴ്ചകളോ മാസങ്ങളോ ഇവിടെ താമസിച്ച് പ്രകൃതിയുമായി സഹവസിക്കുന്നതിനും, ഇവിടത്തെ ആഡംബരം അനുഭവിക്കുന്നതിനും ഒരുപോലെ അവസരം ഒരുക്കുന്നുണ്ട് ഈ ദ്വീപ്.

ലോകത്തെ മിക്ക കടൽത്തീരങ്ങളേയും നിഷ്പ്രഭമാക്കുന്ന തീരങ്ങൾ മാത്രമല്ല ഇവിടുള്ളത്. വെള്ള മണൽത്തീരങ്ങളാൽ ചുറ്റപ്പെട്ട, ഇടതൂർന്ന ഉഷ്ണമേഖലാ കാടുകളും ഇവിടെ ധാരാളമുണ്ട്. 2006 മുതൽ പകുതിയിലധികം ദ്വീപ് യുനെസ്കോ ബയോസ്ഫിയർ റിസർവ് സംരക്ഷിച്ചു വരുന്നു. ദ്വീപിൻ്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാംസ്കാരിക പൈതൃകവും കൃത്യമായിത്തന്നെ ഇവിടെ കണ്ടറിയാൻ കഴിയും.

പ്രാദേശിക സംസ്കാരത്തിലും ചരിത്രത്തിലും താൽപ്പര്യമുള്ള സഞ്ചാരികൾക്ക് ഫു ക്വോക്ക് ജയിൽ സന്ദർശിക്കാം. 1949-1950 കാലഘട്ടങ്ങളിൽ ഫ്രഞ്ച് കൊളോണിയലിസ്റ്റുകൾ രാഷ്ട്രീയ വിമതരെ തടങ്കലിൽ വയ്ക്കാനുള്ള സ്ഥലമായി നിർമ്മിച്ചതാണ് ജയിൽ. വിയറ്റ്നാം യുദ്ധസമയത്ത്, പിടിച്ചെടുത്ത വിയറ്റ് കോംഗുകളെയും വടക്കൻ വിയറ്റ്നാമീസ് സൈനികരെയും തടങ്കലിൽ വയ്ക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു ഈ ജയിൽ. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിയുണ്ട് ഇതിന്. അന്ന് തടവുകാർക്കു നേരെ ഉണ്ടായിരുന്ന, മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ പ്രതിമാരൂപത്തിൽ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹൃദയ വേദനയോടല്ലാതെ നമുക്കിത് സന്ദർശിക്കാൻ കഴിയില്ല.

അത് പോലെ ചരിത്ര കാംഷികൾ സന്ദർശിക്കേണ്ട ഇടങ്ങളാണ് കാവോ ദായ് പോലുള്ള ക്ഷേത്രങ്ങൾ.  ഇവിടെ വിശ്വാസികൾ ക്രിസ്തുമതം, ബുദ്ധമതം, ഇസ്ലാം, കൺഫ്യൂഷ്യനിസം, ഹിന്ദുമതം, ജൈനമതം, താവോയിസം എന്നിവയുടെ ഘടകങ്ങളെ സമന്വയിപ്പിക്കുന്ന ഒരു അതുല്യ മതം പിന്തുടരുന്നു.

ഫിഷ് സോസ്, കുരുമുളക്, മുത്തുകൾ എന്നിവയുടെ തറവാട് ആണ് ഈ ദ്വീപ്. ചൈനക്കാരുടേയും തെക്കു കിഴക്കൻ രാജ്യക്കാരുടേയും ഭക്ഷണത്തിൽ ഒരു അവിഭാജ്യ ഘടകമാണ് ഫിഷ് സോസ്. ഫു ക്വോക്ക് അതിൻ്റെ ഫിഷ് സോസിന് പേരുകേട്ടതാണ്, ഇത് നിർമ്മിക്കുന്നത് കാണാൻ ഒരു ഫിഷ് സോസ് ഫാക്ടറി സന്ദർശിക്കുന്നത് നല്ലതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിഷ് സോസ് നിർമ്മാണ ഫാക്ടറിയും ഇവിടെയാണുള്ളത്.

പൈനാപ്പിൾ ദ്വീപ് എന്ന് വിളിപ്പേരുള്ള ഹോൺ തോം ദ്വീപ് എട്ട് കിലോമീറ്റർ ദൂരമുള്ള ഒരു കേബിൾ കാർ വഴി പ്രധാന ദ്വീപുമായി  ബന്ധിപ്പിച്ചിരിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിൾ കാറാണ്. . ഒരു വശത്തേക്ക് ഏകദേശം 15 മിനിറ്റ് നീണ്ടുനിൽക്കുന്ന അതിശയകരമായ സവാരി നൽകുന്ന സൺ വേൾഡ് കേബിൾ കാറിന് വലിയ ഗ്ലാസ് ജനാലകൾ ഉള്ളതിനാൽ, മത്സ്യബന്ധന ബോട്ടുകൾ, ദ്വീപിലെ വനമേഖലകൾ, താഴെയുള്ള കടൽ എന്നിവ നന്നായി ആസ്വദിക്കാം.

ഏകദേശം 50 ഹെക്ടർ വിസ്തീർണ്ണത്തിൽ ഇവിടെ ഒരു മായാലോകമുണ്ട്. വിൻ വണ്ടേഴ്സ് എന്ന ഒരു ആധുനിക ലോകം. ലോകത്തെ പ്രസിദ്ധമായ യക്ഷിക്കഥകളും ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട 12 തീമുകളായും  യൂറോപ്പ്, ചൈന തുടങ്ങിയ നാഗരികതകളുമായി 6 വലിയ പ്രദേശങ്ങളായും തിരിച്ചിരിക്കുന്നു. പുരാതന, വൈൽഡ് വെസ്റ്റ്, യോദ്ധാവ് ഗ്രാമങ്ങൾ, അക്വേറിയം, കോട്ടകൾ എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ഇത് ദ്വീപിലെ മാത്രമല്ല, വിയറ്റ്നാമിലെ തന്നെ വലിയ ഒരു വിനോദകർഷണമാണ്.

ഓങ് ലാങ് ബീച്ച്, റാക് ട്രാം  ബീച്ച്, ഡ്രാഗൺ ബീച്ച്, സ്റ്റാർഫിഷ് ബീച്ച്, സാവോ ബീച്ച്, ലോങ്ങ് ബീച്ച്, തുടങ്ങിയ കടൽത്തീരങ്ങൾ അല്ലാതെ മുപ്പതോളം ബീച്ചുകൾ ഇവിടെ സഞ്ചാരികളെ ആനന്ദിപ്പിക്കുന്നു. സായാഹ്നങ്ങളിൽ ഫു ക്വോക്കിന്റെ കടൽത്തീരങ്ങളിൽ  സൂര്യനെയും നമ്മുടെ അശാന്തിയേയും മുക്കിവയ്ക്കുക. അടുത്ത ദിവസം മനോഹരമായ സൂര്യനെയും ശാന്തിയെയും വീണ്ടെടുക്കുക. അശാന്തിയെ നീക്കി ശാന്തിയെ വീണ്ടെടുക്കുന്ന ഒരപൂർവ ധ്യാനമാണ് ഇവിടെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നത്.

ഡോ. സുനീത് മാത്യു

വല്ലാത്ത ട്രമ്പിയ കാലം!

അതെ ഡോണൾഡ് ട്രംപിനെക്കുറിച്ചു തന്നെ. ട്രംപിൻ്റെ വമ്പുകണ്ടു വിരൽ മൂക്കത്തുവെക്കണോ? അതോ, വിരലൊന്നു ചൂണ്ടി അമേരിക്കക്കാരോട് ഇതു വേണ്ടിയുരുന്നോ എന്ന് ചോദിക്കണോ? ഇനി അതുമല്ലെങ്കിൽ മധ്യസ്ഥായിയിൽ വിരലിലൊന്നുയർത്തി മുദ്ര കാണിക്കണോയെന്നുപോലും അറിയാതെ ആട്ടം കാണുന്നവർ നമ്മൾ. കഥയിതെന്തെന്നറിയാതെ തന്നെ.

എല്ലാകളിയും തിരിയുന്ന കറകളഞ്ഞ കച്ചവടക്കാരനെപിടിച്ചു രാജ്യം ഭരിക്കാൻ ഏൽപ്പിച്ചാൽ, അതും രണ്ടാം വട്ടം, പിന്നെന്തു വേണം? ടിയാനെ തിരഞ്ഞെടുത്തവരുടെ കാര്യം ഇലോൺ മസ്കിൻ്റെ ചെറിയമകൻ മൂക്കള തുടച്ച ഓവൽ ഓഫീസിലെ മേശപോലായി. ഇപ്പോൾ അറ്റകുറ്റപ്പണികൾക്കെന്ന വ്യാജേന ഷെഡ്‌ഡിൽകേറ്റിയിരിക്കുന്നു. ഇനി ഏതു രൂപത്തിൽ തിരികെയിറങ്ങും എന്നൊരു രൂപവുമില്ല. കാത്തിരുന്നു കാണുക!

വൊളൊഡിമിർ സെലെൻസ്കി എന്ന യുക്രൈൻ ഭരണാധികാരിയെ തൻ്റെ പഴയ തട്ടകത്തിലേക് തിരികെ കൊണ്ടുവന്നു, ട്രംപ്. ഓവൽ ഓഫീസിൽ വച്ച്. കോമാളി (Comedian)! ആരെയും കോമാളിയാക്കാനും, സ്വയം അങ്ങനെയാകാനുമുള്ള സിദ്ധിയുള്ള ട്രംപിന് കൂട്ടിനു രണ്ടാമൻ ജെ.ഡി.വാന്‍സും ഉണ്ടായിരുന്നു. രണ്ടുപേരും ചേർന്ന് നയതന്ത്രത്തിനു പുതിയ ചരിത്രം ഉണ്ടാക്കികൊടുത്തു, സെലെൻസ്കിയെ പ്രതി. നാട്ടുകാരുടെ മുന്നിൽ തട്ടിക്കേറുന്ന, ഭീഷണി മുഴക്കുന്ന, കൊച്ചാക്കുന്ന, അപമാനിക്കുന്ന, ശുദ്ധസുന്ദര ട്രംപിയൻ നയതന്ത്രം. നയമില്ലെങ്കിലും തന്ത്രമുണ്ടെന്നു തോന്നുന്നു. നയതന്ത്രത്തിനുപകരം ‘നയമില്ലാ ട്രന്ത്രം’ എന്നോമറ്റോ വിളിക്കാമെന്ന് തോന്നുന്നു.

അങ്ങനെ യുക്രൈനെ ഒതുക്കി. വ്ലാദിമിർ പുടിനെ സ്നേഹിച്ചാൽ പലതുണ്ട് ഗുണം എന്ന് ട്രംപിന് മനസ്സിലായി. യുക്രയ്ൻറെ കയ്യിലെ റെയർ എർത്ത് മൂലകങ്ങൾ (Rare-earth Elements) ഇനി അമേരിക്ക പറയുന്ന വിലയും ഉപയോഗവുമാണ്. റഷ്യയുടെ കയ്യിലെ എണ്ണയും അമേരിക്കയിലേക്കൊഴുക്കാം. യുദ്ധത്തിൽ തകർന്ന രാജ്യങ്ങളെ പുനർനിർമ്മിച്ചു എന്ന ഇനത്തിൽ ‘കുറച്ചു’ ഡോളേഴ്‌സ് ഉണ്ടാക്കാം. ഇതിനൊക്കെ പുറമേ യുദ്ധം നിർത്തിയവൻ എന്നാരോപിച്ചു വല്ല നോബൽ സമ്മാനവും പിടിച്ചേൽപ്പിച്ചാലും മുഷിയില്ല. മാത്രവുമല്ല പുടിൻ ഒക്കെ ഇനി എത്രനാളേക്കാണ്? ഇസ്രായേലിൻ്റെ മൊസാദും അമേരിക്കയുടെ സിഐഎയും കൂടി പിടിച്ചാൽ പുടിൻ പുട്ടുപോലെ പൊടിയും. അതവിടെ നിൽക്കട്ടെ. പക്ഷെ ഇപ്പോൾ പുടിനെ മുന്നിൽ നിർത്തിയാൽ യൂറോപ്പിലെ നേതാക്കൾ ട്രൗസറിൽ മുള്ളുന്ന അവസ്ഥയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും, ഫ്രഞ്ച് പ്രസിഡന്റും ട്രംപിൻ്റെ രണ്ടുകാലുകളിലും മുത്തുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.

ഇനി പാലസ്‌തീനിൻ്റെ ഊഴമാണ്. പാലസ്‌തീനിനെ കൈക്കലാക്കി, പുനർനിർമ്മാണം നടത്തിയാൽ സ്വന്തം കമ്പനിയെയും മറ്റു അമേരിക്കൻ കുത്തകകളെയും അതിസമ്പന്നമാക്കാം. കൂട്ടത്തിൽ ഇസ്രായേലിനെ എന്നെന്നും സ്നേഹിതരും, വിധേയരുമാക്കാം. നേരത്തെ പറഞ്ഞത്പോലെ മൊസാദും സിഐഎയും കൂടി കൂട്ടിയാൽ ‘കുറയാത്ത’തൊന്നുമേ ബാക്കിയുണ്ടാകില്ല.

കാനഡയെയും, മെക്സികോയെയും, ചൈനയെയും വെറുപ്പിച്ചാൽ പുല്ലാണ് എന്നാണ് ടിയാൻ കരുതുന്നത്. കാനഡയും മെക്സിക്കോയും പാവങ്ങൾ. അടിക്കാനും ഇടിക്കാനും ഒന്നും പോയേക്കില്ല. പക്ഷെ ചൈനയോടുള്ള കളി കരുതിയാകണം എന്ന് മൂപ്പരോടാരും പറഞ്ഞു കൊടുത്തിട്ടില്ലെന്നു തോന്നുന്നു. പാൻഡകളെപ്പോലെ (Panda) നിഷ്കളങ്കമായിരുന്ന് തീ തുപ്പുന്ന വ്യാളികളെപ്പോലെ (Dragon) പണികൊടുക്കാൻ ചേട്ടന്മാർക്കുള്ള മിടുക്ക് മനസ്സിലാക്കാൻ സമയമെടുക്കും. ‘ഡീപ്‌സീക്’ (Deepseek) പോലൊരു ചെറിയ ‘വലിയ’ എഐ (AI) മോഡൽ ഉണ്ടാക്കി ലോകത്തെ AI സൂപ്പർപവറുകളെ തൃണവൽക്കരിച്ചുകളഞ്ഞു ഒരു കുഞ്ഞു ചൈനീസ് കമ്പനി, ഈയിടക്ക്‌. അതാണ് അവരുടെ ലൈൻ. പണി ഏതുവഴിയും എപ്പോഴും വരാം. കോവിടൊക്കെ തനിച്ചു വന്നതാണോ ലാബിലൂടെവന്നതാണോ എന്നൊക്കെ ആർക്കറിയാം. ചൈനയിൽ നിന്നാണ് വന്നതെന്നറിഞ്ഞാൽ മതി. ഇതുപോലുള്ള പണികൾ ഓർക്കാപ്പുറത്തു വന്നാൽ വിഷമിക്കരുത്. വിധിയാണെന്ന് കരുതാനേ അമേരിക്കക്ക് കഴിയൂ.

ഇന്ത്യയുൾപ്പെടെയുള്ളവർക്ക് പണി എപ്പോൾ വരുമെന്നറിയില്ല. പക്ഷെ വരുമെന്നുറപ്പിക്കാം. മോടിയുള്ള വാക്കുകൾകൊണ്ട് ‘പ്രിയസുഹൃത്തായ’ മോദിയേ വർണ്ണിച്ച ട്രംപിന് സമയമാകുമ്പോൾ വാക്കുകൾ വക്രീകരിക്കാനും അറിയും. അമേരിക്കൻ റഷ്യൻ അച്ചുതണ്ടിലേക്കു ചൈന കൂടിവന്നാൽ (റഷ്യ വഴി) തെണ്ടുന്നത് ഇന്ത്യയായിരിക്കും. ഒന്നും അസംഭവ്യമല്ല ഈ കാലത്ത്.

ഈ ദേഹത്തിനു ഏറ്റവും ഇഷ്ടമുള്ള വാക്ക്, ചുങ്കവിഹിതം (Tariff – താരിഫ്) ആണത്രേ. ഈ താരിഫ് ചുമത്തുന്നത് മറ്റു രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കാണെങ്കിലും ഇവയൊക്കെ പണ്ടാരമടങ്ങി വന്നു വീഴുന്നത് അമേരിക്കക്കാരൻ്റെ പെടലിക്ക് തന്നെയാണ്. കൂടിയ ചുങ്കവിഹിതത്തിൻ്റെ അധികഭാരം കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ചുമക്കില്ല. ട്രംപും, വാൻസും, അമേരിക്കൻ സർക്കാരും വഹിക്കില്ല. പിന്നെ വഹിക്കാൻ ഉപഭോക്താക്കൾ മാത്രമേ ബാക്കിയുണ്ടാവുള്ളൂ. ചക്കിനു വച്ചതു കൊക്കിനു കൊണ്ടാലും വേണ്ടിയിരുന്നില്ല, വച്ചവന് തന്നെ കൊണ്ടാലോ? സഹിക്കണം, അല്ലാതെന്താ! ചുരുക്കത്തിൽ തെരഞ്ഞുപിടിച്ചു പ്രസിഡന്റാക്കിയ അമേരിക്കക്കാർക്കിട്ടാണ് മൂപ്പരുടെ വലിയ പണി.

കവി എന്താണുദ്ദേശിക്കുന്നത് എന്നറിയാത്തിടത്താണ് ഈ കവിതയുടെ ഭംഗി. നാടകം തുടങ്ങിയിട്ടേയുള്ളൂ. നാടകാന്തം ട്രമ്പത്വം ആണന്നു മാത്രം പറയാം. കാത്തിരിക്കുകതന്നെ. ഇതൊരു വല്ലാത്ത ട്രമ്പിയ കാലം തന്നെ!

സുമേഷ് രാമചന്ദ്രൻ

 

പരിചിതവിസ്‌മൃതി

 

അൽഷിമേഴ്സിന്റെ തുടക്കത്തിലുള്ള അമ്മക്ക്
പഴയ കാര്യങ്ങളെകുറിച്ചോർത്തെടുക്കാനുള്ള
അവസരങ്ങളുണ്ടാക്കാൻ ഡോക്ടർ
പറഞ്ഞതിന്റെ പിറ്റേന്ന് അമ്മക്ക് ഞാൻ
അമ്മയുടെ പഴയ കല്യാണ ആൽബം കാണിച്ചു കൊടുത്തു.

അമ്മക്ക് മനസ്സിലായില്ല.
അവർ അതിൽ തുറിച്ചു നോക്കി.. ഞാനും..
അമ്മ പഠിച്ച സ്കൂളും, അമ്മയുടെ തറവാടും കാണിച്ചു…
അവരുടെ കണ്ണുകൾ അപരിചിതത്വത്തിന്റെ
പരിചിതത്വത്തെ വീണ്ടും കാണിച്ചു.
എന്റെ കണ്ണുകൾ അതും അനുകരിച്ചു..

അമ്മക്ക് ഞാൻ അമ്മയുടെ ഒറ്റമകന്റെ
ചിത്രം കാണിച്ചു കൊടുത്തു
അമ്മയുടെ മുഖം വിളറി
അമ്മ എന്റെ മുഖത്തേക്ക് നോക്കി അലറിക്കരഞ്ഞു..

ഓർമ്മകളുടെ പക്ഷികൾ അവരുടെ തലച്ചോറിൽ
ചിറകടിച്ചു പറന്നുകാണും..
അവരേതോ ദുഷിച്ചകാലത്തിന്റെ
പടുകുഴികളിൽ വന്നു വീണുകാണും…

ഞാൻ ചിരിച്ചു..
എനിക്കറിയാം.. അവരിതെല്ലാം മറക്കും..
അവർക്ക് അപരിചിതനായ എന്നെനോക്കി
അവർ പരിചിതഭാവത്തിൽ പുഞ്ചിരിക്കും…

ഉമർ അലി

 

എഴുത്തുകാരോട് ഖേദപൂർവ്വം…

ഓടുപാകിയ സ്കൂൾ കെട്ടിടത്തിന്റെ ഒരു വലിയ മുറി നിറയേ പുസ്തകങ്ങൾ ആയിരുന്നു. ഒരു വെള്ളിയാഴ്ച ഉച്ചനേരം അവിടുത്തെ അധ്യാപിക ആ അത്ഭുതലോകത്തിലേക്ക് ഞങ്ങൾ കുറച്ചു കുട്ടികളെ കൈപിടിച്ചിരുത്തി. ആദ്യം കണ്ണുകൾ ബാലരമയിലേക്കും പിന്നീട് കുഞ്ഞുകുഞ്ഞു ബാലസാഹിത്യ പുസ്തകങ്ങളിലേക്കും ചിതറിത്തെറിച്ചു വീണു. ബാലരമ മാറ്റിവെച്ച്, ആദ്യം കൈയ്യിൽ എടുത്ത പുസ്തകം.
” നാഗമാണിക്യത്തിന്റെ കഥ ” യാണ്‌. ശേഷം അത് ” ദീപു ” വിലേക്ക്..! അങ്ങനെ ഒരു ദിവസം അതേ അധ്യാപിക എടുത്തു തന്ന പുസ്തകമാണ് ,
” ഒരു കുടയും കുഞ്ഞുപെങ്ങളും ” പെരുമഴയത്ത് കൂട്ടുകാരിയുടെ കുടയിലേക്ക് ഓടിക്കയറുകയും, ” നിന്നെ കേറ്റുകേല ” എന്ന് കേട്ടു കരഞ്ഞു നിന്നതും, നനഞ്ഞൊലിച്ച് ലില്ലി ക്ലാസ്സിൽ എത്തുന്നതും ഒരു എട്ടു വയസ്സുകാരിക്ക് വായിച്ച് മനസ്സിലാക്കുവാനും, പിന്നീട് ഒരുപാട് മഴയിൽ അവളെ ഓർത്തിരിക്കാനും അതൊരു തുടക്കമായി.

അമ്മയുടെ വീട്ടിൽ പോകുമ്പോൾ അമ്മാവൻ ലൈബ്രറി യിൽ നിന്ന് കൊണ്ടുവെച്ചിരുന്ന പുസ്തകങ്ങൾ വീണ്ടും വായനയിലേക്കു തന്നെ കൈപിടിച്ച് കൊണ്ടുപോയിരുന്നു. നാലുകെട്ട് വായിക്കുന്നത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഇതുവരേം പുനർവായന നടത്തിയിട്ടില്ലെങ്കിൽ പോലും അപ്പുണ്ണി പെറുക്കിവെച്ച് എണ്ണിക്കൊണ്ട് ഇരുന്ന കല്ലുകളും ഉള്ളി മൂപ്പിച്ച ചോറും എന്റെ ഓർമ്മകളിൽ അങ്ങനെ തന്നെയുണ്ട്.

വായന ഒരു വിനോദം മാത്രമാണെന്ന് കരുതിയിരുന്ന കുട്ടി എന്റെയുള്ളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഒരുപക്ഷേ അതെന്റെ ജീവിതത്തിന്റെ ഏറ്റവും വലിയൊരു ഭാഗമായി മാറിയത് കൊണ്ടാവും. മാധവിക്കുട്ടി യിലേക്ക് ചേക്കേറിയ കാലം വർഷങ്ങൾ എന്നെ അവരിൽ തളച്ചിട്ടു. സ്കൂൾ – കോളേജ് ലൈബ്രറി കളിൽ കയറിയിറങ്ങി ഞാൻ അവരെ വായിച്ച് രസിച്ചു കൊണ്ടിരുന്നു.
അങ്ങനെ വായന, ഇഷ്ടപ്പെട്ട വളരെ കുറച്ചു എഴുത്തുകാരിൽ ഒതുങ്ങി… എളുപ്പം വായിച്ച് തീർക്കാവുന്ന പുസ്തകങ്ങളേ തേടി ഒരുകാലത്തും അലഞ്ഞിട്ടില്ല എന്നതാണ് ഓർമ്മ.

ആവർത്തിച്ചാവർത്തിച്ച് പറയാറുള്ളത് പോലെ പുസ്തകങ്ങൾ വായിച്ചു വായിച്ചാണ് ഞാൻ വായനക്കാരന്റെ വിശാലമായ ലോകത്തിലേക്ക് പ്രവേശിക്കുന്നത്.

” മഹത്തായ ഗ്രന്ഥങ്ങൾ വായിക്കുവാൻ ആരംഭിക്കുന്ന വായനക്കാരനിൽ വിമർശനാത്മകമായ ഒരു ബോധം പതിയേ തെളിഞ്ഞു വരും ”

എന്നോട് ഒരു സുഹൃത്ത് പറഞ്ഞതിന്റെ ആഴം പതിയെ മനസ്സിലാക്കുവാൻ തുടങ്ങിയപ്പോൾ, അതല്ലെങ്കിൽ ഗൗരവപൂർണ്ണമായ വലിയൊരു നിരൂപകനെ ( കെ. പി. അപ്പൻ ) വായിച്ച് പൂർത്തിയാക്കിയപ്പോൾ, ( എന്നും വായിക്കും. ) സാഹിത്യമേഖല യിൽ പ്രചരിക്കുന്ന ഒരുപാട് കാര്യങ്ങളിൽ വിയോജിപ്പ് തോന്നിത്തുടങ്ങി.

നിരന്തരമായ വായനകൾക്ക് നമ്മുടെ ബൗദ്ധികതലത്തിൽ മാറ്റങ്ങൾ ഒന്നും സൃഷ്ടിക്കുവാൻ കഴിയുന്നില്ല എങ്കിൽ വായനകൾ പ്രയോജനപ്പെടുന്നില്ല എന്നും അർത്ഥമാക്കാമല്ലോ.

ഏത് ഴോണറിലുള്ള പുസ്തകങ്ങൾക്കും ഇവിടെ വായനക്കാർ ഉണ്ടായിരിക്കും. ഒരുപക്ഷേ ആരാധകരും. എന്നിരുന്നാൽ പോലും വായിച്ച് മറക്കാവുന്ന പുസ്തകങ്ങളെ ആവശ്യമേ ഇല്ലാത്ത ഹൈപ് കലർത്തി, വിപണിയിൽ വിറ്റഴിക്കുമ്പോൾ ഇതാണ് വായനക്കാർക്ക് ആവശ്യം എന്ന് മികച്ചതായി എഴുതുന്ന എഴുത്തുകാർ പോലും കരുതുകയോ, അതല്ലെങ്കിൽ അവർ അതിലേക്ക് ചുരുങ്ങുവാൻ നിർബന്ധിതർ ആകുകയും ചെയ്യുന്നുണ്ടോ എന്നുള്ളത് ഒരു സംശയമാണ്.

നിങ്ങളുടെ എഴുത്തും സാഹിത്യവും തമ്മിൽ ബന്ധമില്ല, എന്റെ പുസ്തകത്തിൽ മലയാള സാഹിത്യത്തിനു വേണ്ടി ഒന്നുമില്ലെന്നുമൊക്കെ പരസ്യമായി പ്രഖ്യാപിക്കുന്നതിലെ വിഡ്ഢിത്തം എന്തുകൊണ്ടാണ് എഴുത്തുകാർ തിരിച്ചറിയാത്തത്.? എഴുതുക എന്നൊരു ഉദ്യമത്തിൽ നിങ്ങൾ ഏർപ്പെടുന്നുവെന്നാൽ നിങ്ങൾ സാഹിത്യത്തെ തിരഞ്ഞെടുക്കുന്നുവെന്ന് തന്നെയല്ലേ അർത്ഥം. നിങ്ങൾക്ക് സാഹിത്യത്തോടും നിങ്ങളുടെ വായനക്കാരോടും ഉത്തരവാദിത്വം ഉണ്ടെന്ന് തന്നെയല്ലേ അർത്ഥം.

ക്ലാസ്സിക്‌ പുസ്തകങ്ങൾ എന്നൊരു ഗണത്തിൽ നിലനിൽക്കുന്ന പുസ്തകങ്ങൾ എഴുതപ്പെടുമ്പോൾ..

” ഞാൻ ഇതാ ക്ലാസ്സിക്‌ എഴുതാൻ പുറപ്പെടുന്നു ”

എന്നൊരു പ്രഖ്യാപനമൊന്നും ആരും നടത്തിയിട്ടുണ്ടാവില്ല. പുസ്തകങ്ങൾക്ക് ലഭിക്കുന്ന ക്ലാസ്സിക്‌ പദവി എന്നത് അവരുടെ പ്രതിഭ യാണ്‌. അതിനുമപ്പുറം അവരുടെ രചനയിലെ ഉത്കൃഷ്ഠതയാണ്‌. അതിലെ വിഷയത്തിന്റെ വർഷങ്ങൾക്ക് അപ്പുറവും നിലനിൽക്കുന്ന കാലിക പ്രസക്തിയാണ്‌. അതിനെല്ലാം പുറമെ അവരുടെ രചനകൾക്ക് മനുഷ്യരുടെ ആത്മാവിനെ സ്പർശിക്കുവാൻ കഴിവുണ്ട് എന്നതാണ്.

“കാരമസോവ് സഹോദരന്മാർ ” എഴുതപ്പെട്ടിട്ട് നൂറു വർഷങ്ങൾക്കു ശേഷം അത് വായിക്കുമ്പോൾ അത്ഭുതപ്പെടുത്തിയത് ഏതോ രാജ്യത്തെ ഏതോ ഗ്രാമത്തിലെ ഏതോ ഒരു കഥ എങ്ങനെ ഒരു മാനവസമൂഹത്തെ ഇത്രയും കൃത്യമായി പ്രതിനിധാനം ചെയ്യുന്നുവെന്നുള്ളതാണ്.
മനുഷ്യനാണ് മനുഷ്യന്റെ ശുഷ്രൂഷകൻ എന്നുള്ള തത്വത്തെ നൂറു വർഷങ്ങൾ മുന്പേ എഴുതപ്പെട്ടിരിക്കുന്നു. ഇന്നും അതിന് പ്രാധാന്യം ഉണ്ടാകുന്നു.

സാഹിത്യമൊരു തൊഴിലായി മാറിയ കാലത്തിന്റെ പ്രശ്നവും ഇതിലുണ്ടെന്നാണ് തോന്നുന്നത്. സാഹിത്യകാരൻ ആണെന്ന് പറയാതെ, പത്രത്തിൽ ജോലി ചെയ്യുന്നുവെന്ന് പറയുവാൻ ആയിരുന്നു തനിക്ക് താല്പര്യം എന്ന് എം. ടി പറഞ്ഞിട്ടുള്ളത് വായിച്ചിട്ടുണ്ട്. ഇപ്പോൾ സാഹിത്യം തൊഴിൽ ആകുമ്പോൾ അങ്ങനെ പരിഗണിക്കുമ്പോൾ വിപണിക്ക് വേണ്ടി എഴുതുന്ന എഴുത്തുകാരെ കുറ്റം പറയുവാനേ കഴിയില്ല. അവർക്ക് അവരുടെ തൊഴിൽ ചെയ്യണമല്ലോ. ( അതിൽ നിന്നും ലഭിക്കുന്ന വരുമാനം / തുക കൈപ്പറ്റേണ്ടതില്ല എന്ന് ഈ പറഞ്ഞതിന് അർത്ഥം ഇല്ല. )

നേരെ മറിച്ച് ഒരു വായനക്കാരി എന്നുള്ള തലത്തിൽ, എനിക്ക് സാഹിത്യമൊരു സംസ്കാരം ആണെന്നാണ് തോന്നിയിട്ടുള്ളത്. ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് അത് പകർത്തപ്പെടണം. ബൗദ്ധികമായി പ്രചോദനം നൽകണം. വായിക്കുന്ന പുസ്തകം ചിന്തിപ്പിക്കുകയും, വേണം.

സേതു എന്നുള്ള എഴുത്തുകാരന്റെ കൃതികളുടെ ഏറ്റവും മഹത്തരമായ പ്രത്യേകതയായി തോന്നിയിട്ടുള്ളത്, അദ്ദേഹം പൂർത്തിയാക്കുവാൻ വായനക്കാരന് അവസരം നൽകുന്നു എന്നുള്ളതാണ്. വായിച്ചു മറക്കുവാൻ വേണ്ടി ആവരുത് വായന എന്നുള്ള നിർബന്ധം എഴുത്തുകാരന് ഉണ്ടായിരിക്കേണ്ടതുണ്ട്.

എല്ലാവർക്കും എം ടി യോ, സേതുവോ, ഡോസ്റ്റോയെവ്സ്കിയോ, ഒ. വി യോ ആകുവാൻ കഴിയുകയില്ലായിരിക്കാം. നിങ്ങളും അവരും തമ്മിലുള്ള പ്രധാന സാമ്യം മനസ്സിലാക്കിയിട്ടുണ്ടോ? അവിടെയാണ് അതിൽ കാര്യം.

ഒരു കുടയും കുഞ്ഞുപെങ്ങളും വായിച്ച എട്ടു വയസ്സുകാരിയുടെ അതേ ഹൃദയനൊമ്പരത്തോടെ എനിക്കിപ്പോഴും ആ പുസ്തകം വായിക്കുവാൻ സാധിക്കുമെന്നതാണ് . അങ്ങനെ പുസ്തകം നിലനിൽക്കപ്പെടണം എന്നതാണ് പറയുന്നത്.

സത്യത്തിൽ എത്രയോ അനവധി വർഷങ്ങൾ ഇവിടെ ആരും എഴുതാതിരുന്നാൽ പോലും വായിച്ച് തീർക്കുവാൻ പുനർവായന നടത്തുവാൻ പാകത്തിന് പുസ്തകങ്ങൾ നമുക്ക് ഇപ്പോഴേ ഉണ്ട്‌.

ജെ. ദേവിക മാഡത്തിന്റെ ഒരു ഇന്റർവ്യൂ വിൽ അവർ പറഞ്ഞത്, ഒരുകാലത്ത് നിലനിന്നിരുന്ന പ്രതിസന്ധികൾ ഒന്നും തന്നെ ഇപ്പോൾ ഇല്ലെന്നും എല്ലാവരും ഏറ്റവും സേഫ് സോണിൽ ഇരുന്നാണ് കഥകൾ സൃഷ്ടിക്കുന്നത് എന്നുമാണ്. അതിൽ വാസ്തവം ഇല്ലാതില്ല. എന്നാൽ, പ്രതിസന്ധികളും, ആത്മസംഘർഷങ്ങളും പിടിമുറുക്കുന്ന മനുഷ്യരുടെ സങ്കീർണ്ണതകൾ ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നേർക്ക് ചോദ്യങ്ങൾ ചോദിച്ച്, പരിഹാരങ്ങൾക്ക് കൈനീട്ടി, ഒടുവിൽ ആത്മഹത്യാ മുനമ്പ് തേടുന്ന മനുഷ്യർ ഇന്നും ഉണ്ട്‌.

കഥകൾ സൃഷ്ടിക്കുന്നവനല്ല , ചുറ്റുമുള്ള മനുഷ്യരുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് അത് കണ്ടെത്തി അവതരിപ്പിക്കുന്നവനാണ് എഴുത്തുകാരൻ. കള്ളനും, കൊലപാതകിയും, വേശ്യയും, കുട്ടികളും, വൃദ്ധനും, പ്രേമവും, കൊലയും, കൊള്ളയും, രോഗവും, ദാരിദ്രവും നിരക്ഷരതയും, മലിനീകരണവുമെല്ലാം ഇന്നും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്.
അതിന്റെ ശരിതെറ്റുകളെ, അവസ്ഥകളെ, പരിഹാരങ്ങളെ അക്ഷരങ്ങളിൽ പകർത്തുവാൻ എഴുത്തുകാർ നിങ്ങൾ ഉണ്ടായല്ലേ മതിയാവൂ. അത് ഒരു സമൂഹത്തിന്റെ ഭാഗമായ സാഹിത്യത്തിന്റെ കടമകൂടിയാണ്.

വായിക്കപ്പെടുന്ന പുസ്തകവും വിൽക്കുന്ന പുസ്തകവും രണ്ടും രണ്ടു തലങ്ങളിൽ നിലനിൽക്കുന്നതാണ്. ഒരുപാട് വിൽക്കുന്ന പുസ്തകം നല്ല പുസ്തകം ആവണമെന്നില്ല. നല്ലത് എന്നുള്ളതിന്റെ അർത്ഥം വന്നു നിൽക്കുന്നത്, വായിക്കുന്ന മനുഷ്യന് പുതിയത് എന്തെങ്കിലും നൽകുക, ചിന്തിപ്പിക്കുക എന്നുള്ള അർത്ഥത്തിൽ തന്നെയാണ്. ഏറ്റവും പ്രധാനപ്പെട്ടത് പുസ്തകം വെറും നേരംകൊല്ലി ഉപാധി മാത്രമല്ലാതിരിക്കുക എന്നതും.

ലിറ്ററേച്ചർ ഫെസ്റ്റുകൾ കാലാഹരണപ്പെട്ട ചർച്ചകൾ ഒഴിവാക്കി,[ ( like സ്ത്രീകളെ എഴുത്തിൽ വിലക്കുന്നത് ആര് എന്നൊക്കെ ഉള്ളത്. ( വെറുതേ ഒരു ഉദാഹരണം ) ]

ലേഖനങ്ങളെ കുറിച്ചും, കവിതകളെ കുറിച്ചും നിരൂപണങ്ങളെ കുറിച്ചും ലോകസാഹിത്യങ്ങളെ കുറിച്ചും, വിവർത്തനങ്ങളെ കുറിച്ചുമൊക്കെ കൂടുതൽ സമയം കൊടുത്ത് ചർച്ചകൾ സംഘടിപ്പിക്കേണ്ടതുണ്ട്. നിരൂപണം പാടെ ഇല്ലാതാകുകയും നിരൂപകൻ എഴുത്തുകാരന്റെ ശത്രു ആകുകയും ചെയ്യുന്ന കാലമല്ല പകരം നിരൂപണത്തിലൂടെ മികച്ച സൃഷ്ടികൾക്ക് പ്രചോദനം ആകുക എന്നുള്ള ഉദ്യമത്തെ കുറിച്ചാണ്‌ പറയുന്നത്.

ആരെങ്കിലും ഒരു പുസ്തകം നന്നായിട്ടില്ല എന്ന് പറഞ്ഞാൽ അതേ കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നെങ്കിലും ചിന്തിക്കാവുന്ന തലത്തിലേക്ക് വായനയും എഴുത്തും മാറേണ്ടതുണ്ട്.

മറ്റൊരു കാര്യം സിലബസ് മെറ്റീരിയൽ ആകുമ്പോൾ….

ഏറ്റവും കൂടുതൽ പ്രചാരത്തിൽ വന്നുവെന്നുള്ള മാനദണ്ഡത്തിൽ അല്ല, ഒരു പുസ്തകവും സിലബസ് ൽ ഉൾപ്പെടുത്തേണ്ടത്. വെറുതേ വായിച്ച് വിടാൻ തന്നെ ഇല്ലാത്ത ഒരു പുസ്തകം എടുത്തു പഠിക്കാൻ പറഞ്ഞു കൊടുക്കുന്നതിലെ വസ്തുത തീരേയും മനസ്സിലായിട്ടില്ല. എളുപ്പം പഠിക്കാം എന്നത് അല്ല യൂണിവേഴ്സിറ്റി തലത്തിൽ വിഷയത്തിന്റെ സ്ഥാനം. എങ്ങനെയൊക്കെ റഫർ ചെയ്ത്, ഗവേഷണം ചെയ്തു പഠിക്കാം എന്നതിലേക്കാണ് പഠനം നീങ്ങേണ്ടത്. അധ്യാപകർ അതിന് പ്രാപ്തർ ആകേണ്ടതുമുണ്ട്.

എളുപ്പം വായിക്കാം, എളുപ്പം പഠിക്കാം, പരീക്ഷ എഴുതാം. എന്നത് ആയിരിക്കരുത് ഒരിക്കലും ഉന്നതപഠനങ്ങളുടെ ലക്ഷ്യം.

ഒ. വി യുടെ ഖസാക്കിന്റെ ഇതിഹാസത്തെ ഇന്നും വിശകലനം ചെയ്തു പഠിക്കുന്നു. പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തുന്നു. തരിശുഭൂമി പോലെ പഠനസാധ്യതയുള്ള കവിതകൾ, അതിന്റെ ചർച്ചകൾ ഇതൊക്കെയും സംഘടിപ്പിക്കേണ്ടത് ഉണ്ട്‌.

ഇന്നത്തെ പുസ്തകങ്ങൾ അങ്ങനെ അല്ല എന്നുള്ളതിലേക്ക് അല്ല പറഞ്ഞുവരുന്നത്, ഇനി വരുന്ന പുസ്തകങ്ങൾ അങ്ങനെ കൂടി ആവണം എന്നതാണ്.

എഴുത്തുകാർ വായനക്കാർ കൂടി ആയിരിക്കേണ്ടത് ( അങ്ങനെ അല്ലെന്നല്ല ) വളരെ വളരെ അത്യാവശ്യം ആണ്.

വിപണി സാധ്യത മാത്രം നോക്കിയാൽ നിങ്ങളുടെ പുസ്തകം വിറ്റു പോകും. നിങ്ങൾക്ക് പണം ലഭിക്കും. വായനയ്ക്ക് ആളുണ്ടാവും. ഒരു പുനർവായന ഇല്ലാതെ നിങ്ങളുടെ പുസ്തകം മറവിയിൽ ആണ്ട് പോകും.

നിലവിലെ വിപണിയുടെ പുറകേ ഓടാതെ വിപണിയെ ഒന്ന് മാറ്റിമറിക്കുന്ന പുസ്തകം എഴുതാൻ ശ്രമിക്കൂ. അത് നിങ്ങളെ ചരിത്രത്തിൽ അടയാളപ്പെടുത്തും.

നൂറു വർഷങ്ങൾക്ക് അപ്പുറം ഭൂമി ഒരുപക്ഷേ ഇല്ലാതാവട്ടെ, കത്തി നശിക്കട്ടെ, അതിനപ്പുറം വീണ്ടും പുതുതായി രൂപം കൊള്ളട്ടെ.. മനുഷ്യർ ഉണ്ടെങ്കിൽ അവിടെ സങ്കീർണ്ണതകൾ ഉണ്ടായിരിക്കും. അവിടെ വിഷയങ്ങളും പ്രശ്നങ്ങളും പ്രശ്നപരിഹാരങ്ങളും ഉണ്ടായിരിക്കും.

മരുഭൂമികൾ ഉണ്ടായത് എന്നുള്ള നോവലിൽ ആനന്ദ് കൊണ്ടുവന്നിരിക്കുന്ന ഒരു concept , ഇന്ന് ഇലുമിനാന്റി യെന്ന പേരിൽ വ്യാപകമാണ്. അത് എന്ന് എഴുതി എന്ന് നിലനിൽക്കുന്നു. ആ ഒരു ദീർഘവീക്ഷണം എഴുത്തുകാരന് ഉണ്ടായിരിക്കണം. നാളെ മരിക്കും എന്ന് കരുതി, ഇന്നിനെ ആസ്വദിക്കാതെ വിടേണ്ടത് ഇല്ല. നാളെ എന്നെ ആരും വായിക്കില്ല എന്ന് കരുതി ഇന്ന് എഴുതാതെ ഇരിക്കുകയും വേണ്ട. നിങ്ങളുടെ എഴുത്ത്, നാളെയെ കൂടി വായിപ്പിക്കുന്നത് ആയിരിക്കട്ടെ…

എഴുത്തുകാരൻ ഒരു കഥ പറയുമ്പോൾ, കേൾക്കുന്ന വായനക്കാരൻ അതുപോലെ പത്ത് കഥകൾ വായിച്ചിട്ടാണ് ഇരിക്കുന്നത്.

പുതിയ പുസ്തകങ്ങൾ ഉണ്ടാകുമ്പോൾ, ഞാൻ ഇപ്പോഴും ആ എട്ടുവയസ്സുകാരിയുടെ കണ്ണിലൂടെ അവളുടെ അത്ഭുതത്തോടെയാണ്‌ അതിനെ നിരീക്ഷിക്കുന്നത്… നിരാശ ഉണ്ടാവാതിരിക്കാൻ എനിക്ക് ഇനിയും ഒരുപക്ഷേ നിങ്ങളോട് തർക്കിക്കേണ്ടി വന്നേക്കാം..

പ്രിയപ്പെട്ട എഴുത്തുകാരേ ക്ഷമിക്കുക….!

ഹരിത. ആർ.

എന്റെ കാമുകനായിരിക്കയാൽ….

ഒരുപക്ഷേ.. അതെന്റെ സ്വാർത്ഥവാക്യം ആയിരിക്കാം..
എന്നിരിക്കിലും ആവർത്തിക്കട്ടെ…
എന്റെ കാമുകനായിരിക്കയാൽ..
പ്രണയിതാവിലുണ്ടായ പ്രധാനമാറ്റമെന്തെന്നാൽ..
ഹൈക്കുകവിയായിരുന്നയാൾ
പരന്നകടൽത്തിരമാല കണക്കേ…
കഥകളിൽ നുരഞ്ഞുപൊന്തുവാൻ
തയ്യാറെടുത്തുവെന്നതാണ്..
എന്റെ കാമുകന്റെ കഥയെഴുത്തുകളിൽ
എന്റെ പ്രേമത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു..
അത് ഉണങ്ങിയ റോസാദളങ്ങളുടെ ഗന്ധമാണ്..
വെറുതേ നാസിക വിടർത്തി ഗന്ധം തിരയുന്ന മനുഷ്യർ
അതിന്റെ ഗന്ധത്തിൽ അജ്ഞരായിരിക്കും..
 പൂവിതളുകളിൽ രഹസ്യമായി പ്രണയിതാവിന്റെ പേര് പകർത്തിയെഴുതുന്നവർക്കേ ആ ഗന്ധത്തെക്കുറിച്ച് അറിവുണ്ടാകൂ..
എന്റെ നാസികയ്ക്കത് പരിചിതമാണ്..
ഓഹ്..
എന്റെ പ്രേമം ഒരുവന്റെ കഥയെഴുത്തിന്റെ
മഷിയാകുകയോ..?
അതായത്.. എന്റെ പ്രണയിതാവ് തന്റെ സൃഷ്ടിയുടെ മാതൃത്വം നുകരുമ്പോൾ..
എന്റെ മുലക്കണ്ണുകളും
ആഹ്‌ളാദം ചുരത്തുകയോ..?
നോക്കൂ..
പ്രപഞ്ചമാകെയൊരു പ്രേമച്ചുവപ്പ് പടർന്നിരിക്കുന്നു..
പടയാളികൾ തങ്ങളുടെ ആയുധം ഉപേക്ഷിക്കുന്നു..
പ്രേമം ദൈവികമായി ഒഴിഞ്ഞ
പാനപാത്രങ്ങൾ നിറയ്ക്കുന്നു..
യുദ്ധങ്ങൾ ഇല്ലാതാകുന്നു..
മനുഷ്യർ അന്യോന്യം ചുംബിക്കുന്നു..
നഗരം കത്തിയെരിയുന്നതിനു പകരം
ഷേക്സ്പിയർഗീതകങ്ങൾ ആലപിക്കുന്നു..!
വിശന്നുവലഞ്ഞ കുഞ്ഞിന്റെ കണ്ണുകൾക്ക്
റൊട്ടി നൽകിയ ആനന്ദവും ഏതാണ്ട് ഇതുപോലെയായിരുന്നു..
നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ…?
ഞാൻ അവന്റെ കഥകൾക്കുള്ളിൽ
ഉറങ്ങുകയാണ്.. !
അത് ഞാൻ തന്നെയാണ്..
വിശപ്പുമാറിയ ആ കുഞ്ഞ്
ഞാൻ തന്നെയാണ്…!
ഹരിത. ആർ.

അനുരാഗഗാനം പോലെ…

മലയാളികളുടെ മനസ്സിന്റെ അറിയാത്തൊരിടം കവർന്ന ഭാവഗായകന് വിട. അനുരാഗഗാനം പോലെ പറഞ്ഞറിയിക്കാനാകാത്ത ഏതോ സുരലോകാനുഭൂതി നൽകിയ ഗാനങ്ങൾ പാടി ആ ഗന്ധർവ്വൻ ദേഹം വെടിഞ്ഞു. സ്വർഗ്ഗീയഗാനങ്ങൾ മാത്രം ബാക്കിയായി.

ജയചന്ദ്രനെ കേൾക്കുമ്പോൾ കേൾവിക്കാരുടെ മനസ്സ് അലിഞ്ഞില്ലാതാകുന്നു, കാവ്യഭാവനയിലെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തംപോലെ. ഭാവഗായകനെയോർക്കാൻ ശ്രീ യേശുദാസിൻ്റെ പാട്ടിലെ വരികളിൽ തന്നെ തുടങ്ങണം. അതങ്ങനെയാണ്. കത്തിജ്ജ്വലിക്കുന്ന സൂര്യൻ്റെമുന്നിൽ മനസ്സലിയിക്കുന്ന ചന്ദ്രപ്രഭയാൽ മയക്കിയ ജയചന്ദ്രനെയോർക്കാൻ ഈ താരതമ്യം വേണം. സൂര്യനില്ലായിരുന്നെങ്കിൽ ചന്ദ്രനെ ആരോർക്കാൻ? സൂര്യനെക്കാൾ ചന്ദ്രനെക്കുറിച്ചു കവികൾ പാടിപ്പുകഴ്ത്തിയതെന്തിനാകും? ആ ഭാവം, സൗന്ദര്യം, ലയം, സ്വർഗ്ഗീയാനുഭൂതി, അനുരാഗം.

ആ വെള്ളിനിലാവിൻ്റെ സൗന്ദര്യത്തിൽ അലഞ്ഞുപോയ ചന്ദ്രകാന്തം ഞാനും നിങ്ങളുമായിരുന്നു. നമ്മുടെ മനസ്സിൻ്റെ അറിയാത്തൊരിടം. അത് മാത്രമാണയാൾ ആ ശബ്ദമാധുരിയിൽ കവർന്നെടുത്ത്….ജയചന്ദ്രനെക്കുറിച്ചു ഓർമ്മക്കുറിപ്പെഴുതാനാകില്ല. മരിക്കുന്നവർക്കാണല്ലോ ഓർമ്മക്കുറിപ്പുകൾ. മരണമില്ലാത്തവർക്ക് എന്താണ് വേണ്ടത്? ആസ്വാദനം. അതെ, അതുതന്നെയാണ് ഇവിടെ ഞാൻ കുറിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ചില നന്മകൾക്കും, സ്വാതന്ത്യത്തിനും, സന്തോഷത്തിനും ഇടനൽകിയ കുറേ നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്. നമ്മുടെ ജീവിതത്തിൽ യേശുദാസിന്റെയും ജയചന്ദ്രന്റെയുംമൊക്കെ പാട്ടുകൾ കൂടിയില്ലായിരുന്നെങ്കിൽ!

ജയചന്ദ്രന്റെ പാട്ടുകൾ രണ്ട് കാലഘട്ടത്തിലാണ് മനസിലാക്കേണ്ടത് എന്ന് തോന്നുന്നു. രണ്ടായിരത്തിനു മുൻപും, ശേഷവും. രണ്ടായിരത്തിനു മുൻപിലെ ജയചന്ദ്രൻ യേശുദാസിന് കുറച്ചു പുറകിൽ ആയിരുന്നെന്ന് എന്റെ മാത്രം തോന്നലാണ്. പക്ഷെ രണ്ടായിരത്തിനു ശേഷമുള്ള ജയേട്ടൻ യേശുദാസിനും റാഫിസാഹെബിനും മുന്നിലായിരുന്നെന്നു ഞാൻ പറയും. എന്റെ തോന്നലാകും. തെറ്റായിരിക്കും. പക്ഷെ അവയൊക്കെ 55 കഴിഞ്ഞ ജയചന്ദ്രൻ പാടിയാതെയാണെന്നോരോർക്കുമ്പോൾ സ്നേഹം കൂടും.

ആ ശബ്ദത്തിന്റെയും ലയത്തിന്റെയും ശരിക്കും ആഴത്തിലെത്തിയത് രണ്ടായിരത്തിനുശേഷമുള്ള ഒരിരുപതു വർഷമായിരുന്നു. മുൻപുപാടിയതൊന്നും മോശമെന്നല്ല. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്തൊരാഴവും പരപ്പുമുണ്ടായി. പിന്നെ പാടിയതൊക്കെ മറ്റാർക്കും കഴിയാത്ത മനോഹരമാം രത്നങ്ങളായിരുന്നു എന്നതാണ് സത്യം. യുഗ്മഗാനങ്ങൾ പ്രത്യേകിച്ചും!

കഴിവുകൾ പലതുമേ ജന്മനായുണ്ടായിട്ടും അതിനെയൊക്കെ രാവിയുരച്ചു സ്ഫുടംചെയ്തെടുത്തില്ല ടിയാൻ. ഒന്നിനും വേണ്ടി മിനക്കെട്ടില്ല. കിട്ടിയസമയം മുഴുവൻ മറ്റുള്ളവരുടെ പാട്ടുകൾ കേൾക്കാനും അവരെ പാടിപ്പുകഴ്ത്താനും ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയിൽ സ്വയം എന്തൊക്കയോ പാടിയെന്നു വരുത്തി. സ്വന്തം പാട്ടുകൾ നന്നായെന്ന് എവിടെയും അവകാശപ്പെട്ടില്ല. സുശീലാമ്മയെയും, യേശുദാസിനെയും, റാഫിസാഹബിനെയും, എം. എസ്. വിശ്വനാഥനെയും, ദേവരാജൻമാസ്റ്ററെയും കുറിച്ച് മതിവരാതെ സംസാരിച്ചു.
തനിക്കു വട്ടാണെന്ന് സ്വയം പറഞ്ഞികഴ്ത്തി. മറ്റുള്ളവരെ മതിയാകാതെ പുകഴ്ത്തി. സ്വന്തം പ്രതിഭയോട് നീതികാണിച്ചില്ല. എന്നിട്ടും വിടവാങ്ങിയപ്പോൾ മലയാളി വിങ്ങിപ്പൊട്ടിയതു ഇനിയിതുപോലൊരാൾ ഈ വഴി വന്നേക്കില്ലറിഞ്ഞുകൊണ്ടുതന്നെയാണ്.

ഇടക്ക് അഭിനയത്തിലും ഒരു കൈനോക്കി. മൃദംഗവാദനവും, ചെണ്ടകൊട്ടും പോലെ അതും തുടർന്നുപോയില്ല. ‘നഖക്ഷതങ്ങളിലെ’ എല്ലാത്തിലും കൈവച്ചു ഒന്നും മുഴുമിപ്പിക്കാത്ത നമ്പൂതിരി കഥാപാത്രം ജയചന്ദ്രന്റെ തനിപ്പകർപ്പാണെന്നു അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

ഒരാസ്വാദകനായിരുന്നു ജയചന്ദ്രൻ, പാട്ടുക്കാരനേക്കാൾ. ഇത്രയധികം സംഗീതം ശ്രവിച്ചയാളുണ്ടാകുമോ? വാക്കുകളുടെ ഉള്ളറിഞ്ഞയാളുണ്ടോ? വാക്കുകൾക്കകത്തെ സംഗീതത്തെ പുറത്തുകൊണ്ടുവരുന്ന വല്ലഭനായിരുന്നു അദ്ദേഹം. പാടുമ്പോൾ വാക്കുകളെ ഇത്രമേൽ സ്നേഹിക്കുന്ന, ലാളിക്കുന്ന, അർത്ഥവത്താക്കുന്ന, വികാര തരളിതമാക്കുന്ന, ഭാവതരളമാക്കുന്ന മറ്റൊരുഗായകനുണ്ടോ? ജന്മവാസനയുള്ള ആർക്കും നല്ലപാട്ടുകൾ കേട്ടുവളർന്നാൽ ഭാവഗായകനാകാമെന്നു കൂടി പഠിപ്പിച്ചു നമ്മെ.

ഈ എഴുത്തിൽ ജയചന്ദ്രന്റെ ഒരു പാട്ടിനെക്കുറിച്ചും പറഞ്ഞില്ല. പക്ഷെ നിങ്ങൾ പലതും കേട്ടുവെങ്കിൽ അതാണ് ജയചന്ദ്രൻ ഉപേക്ഷിച്ച ദേഹം ബാക്കിയാക്കിയത്. മലയാളവും തമിഴും പറയുന്നവരും, സംഗീതം കേൾക്കുന്നവരും ഇതോർത്തുകൊണ്ടേയിരിക്കും. ഓർമ്മ നിലക്കുന്നതുവരെ. അറിയാതെ…അറിയാതെ…അനുരാഗ ഗാനം പോലെ….

സുമേഷ് രാമചന്ദ്രൻ

പിൻവിളി

സായന്തനത്തിൻ മടിത്തട്ടിലിന്നു നാം
പോയ കാലങ്ങളയവിറക്കീടക്കവേ,
കാതരേ, നിൻ ഗദ്ഗദങ്ങളിലുള്ളൊരു
യാതനാപർവ്വമെന്നോർമ്മയിലെത്തുന്നു.
അന്നൊക്കെ നാം മനതാരിലൊളിപ്പിച്ചു
ചിന്നിച്ചിതറിയ സ്വപ്നകുടീരങ്ങൾ.
നന്മതൻ തോളിൽ കുരിശു കയറ്റിയ
ഉന്മാദമാർന്ന ലോകത്തു ജീവിച്ച നാം
കണ്ടു വളർന്നൊരു മർത്ത്യകുലമിങ്ങു
കൊണ്ടാടിടുന്നു കപടദൈവങ്ങളെ.
ഏതൊരളവിലും ക്രൂരത പേറിടും
ഭീതിദമാം പ്രതിഭാസമല്ലോ നരൻ!
ബുദ്ധി വളർന്നു വികസിച്ച മർത്ത്യത
യുദ്ധക്കളത്തിൽ മരിക്കുന്നു നിത്യവും.
സത്യധർമ്മാദി വളരാൻ മടിക്കുന്ന
മൃത്യുകുടീരമായ് മാറുന്ന ഭൂമിയിൽ
കാത്തിരിക്കുന്നു ഞാനന്തിമമാം വിധി
പേർത്തുമോർമ്മിച്ചുകൊണ്ടീ ദശാസന്ധിയിൽ.
വിട്ടു പിരിയണമെന്താകിലും നമ്മൾ,
ഒട്ടുമിറങ്ങാൻ മടിയില്ലെനിയ്ക്കിനി.
അൻപോടെ നീയെൻ കരം ഗ്രഹിച്ചീടിലും
മുമ്പേ പടിയിറങ്ങുന്നു ഞാനോമലേ!
പിൻവിളി വേണ്ട,യെൻ ദേഹം തണുക്കവേ,
പിൻവലിച്ചേക്കുക നിൻ കരപല്ലവം!

മംഗളാനന്ദൻ ടി.കെ.

ഞാൻ മരിച്ചു എന്ന് ഞാനെങ്ങനെ നിന്നോടു പറയും …

സമയമപ്പോൾ രാവിലെ എട്ടു മണിയായിരുന്നു.മുറ്റത്തിന്റെ അരികു പറ്റി വളരുന്ന മാവിൻ കൊമ്പിലിരുന്ന് കാക്കകൾ പലവട്ടം വിളിച്ചിട്ടും രജീഷ് കണ്ണു തുറന്നില്ല.അടുത്ത മുറിയിൽ പക്ഷാഘാതം വന്ന് തളർന്നു കിടക്കുന്ന അമ്മയും പല ശബ്ദത്താൽ രജീഷിനെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.പത്രം മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് പത്രക്കാരൻ പോയി. സൊസൈറ്റി പാലുമായി പോകുന്ന വണ്ടി ഹോണടിച്ചെങ്കിലും കതകു തുറക്കപ്പെട്ടില്ല. ഫോൺ മാത്രം മായ്ച്ചു കളയാൻ കഴിയാതെ പോയ സന്ദേശങ്ങളുടെ ഭാരമേറ്റു തളർന്നു..

………………………………………………………………………………………………………………………………………………

രജീഷേട്ടാ,ഏട്ടൻ പറയുന്നതെല്ലാം എനിക്കു മനസ്സിലാകും. വീട്ടിൽ ഏട്ടനും തളർന്നു കിടക്കുന്ന അമ്മയും മാത്രമേ ഉള്ളു , ഓട്ടോ റിക്ഷ ഓടിക്കുന്ന ഒരാളുടെ വരുമാനമേയുള്ളു, ഡി പ്രഷനു മരുന്നു കഴിക്കുന്ന ആളാണ് ഏട്ടൻ, പ്രായവും നാല്പതിനു മേലായി ഇതൊക്കെയല്ലേ..എനിക്കും ഞാനും അമ്മയും മാത്രമല്ലേയുള്ളു.അമ്മയെ തനിച്ചാക്കാനുള്ള മടി കൊണ്ടാണ് ഞാനും ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നത്. ഈയിടെ അമ്മയ്ക്കെന്തോ ഭയം.അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ തനിച്ചാ വില്ലേയെന്ന് . വിവാഹത്തേക്കുറിച്ചാലോചിച്ചാൽ എനിക്ക് രജീഷേട്ടനെയല്ലാതെ മറ്റാരേയും ഓർക്കാൻ കഴിയില്ല.

രജീഷ് ആ സന്ദേശത്തിലേക്ക് കുറച്ചു സമയം നോക്കിയിരുന്നു. സായാഹ്നമായിരുന്നു.പട്ടണത്തിൽ തിരക്കേറിയ സമയം. പാർക്കിലേക്കും പാർക്കിൽ നിന്നു തിരിച്ചും ജനം സഞ്ചരിക്കുന്ന സമയം.

രജീഷിന്റെ ഓട്ടോയിലും ഒരാൾ വന്നു മുട്ടി വിളിച്ചു.
“പാർക്ക് ”
ഫോൺ ഓഫാക്കി പോക്കറ്റിലിട്ട് തിരക്കിനിടയിലൂടെ രജീഷ് സാവകാശം ഒട്ടോ ഓടിച്ചു.
“അസ്തമയം കാണാൻ കഴിയില്ല അല്ലേ.കുറച്ചു നേരത്തേ ഇറങ്ങേണ്ടതായിരുന്നു.” രജീഷ് അതിനു മറുപടി പറഞ്ഞില്ല.
” വീട്ടിൽ കാറുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.. ടൗണിലെത്തിയാൽ എവിടെയും പാർക്കു ചെയ്യാനാവില്ല.അവസാനം ബസിനു വരേണ്ടി വന്നു.”
അതിനും രജീഷ് മറുപടി പറഞ്ഞില്ല.

പോക്കറ്റിലെ ഫോൺ അപ്പോഴും രജീഷിനുള്ള സന്ദേശത്തെക്കുറിച്ച് അറിയിപ്പു കൊടുത്തു കൊണ്ടിരുന്നു.കടൽത്തീരത്തിനടുത്തുള്ള മരച്ചുവട്ടിൽ ഓട്ടോ നിർത്തി രജീഷ് തിരിഞ്ഞു നോക്കി. മൗനമായി ഒന്നു തലയിളക്കി രണ്ടു പേരും യാത്ര പറഞ്ഞു.

രജീഷ് ഫോണെടുത്തു നോക്കി.
“എന്തെങ്കിലുമൊന്ന് പറയൂ.” പ്രമീള.
എന്തു പറയണമെന്നറിയില്ല.എങ്കിലും അവളുടെ സന്ദേശം ഒരു സന്തോഷമാണ്. നടക്കാത്ത സ്വപ്നങ്ങൾക്കു പിന്നാലെ നടക്കുകയാണെന്നറിയാമെങ്കിലും ആ നടത്തത്തിന്റെ ക്ഷീണമയാളെ ഉറക്കുന്നുണ്ട്.

“പ്രമീളേ ..എനിക്കാഗ്രഹമുണ്ട്. സാഹചര്യം നിനക്കറിയാമല്ലോ. ”
” ഞാനൊരു ഭാരമാവില്ല രജീഷേട്ടാ.അത്യാവശ്യം തുന്നലൊക്കെ എനിക്കുണ്ട്. ഞാനതു കൊണ്ട് ജീവിച്ചു കൊള്ളാം.:
“അതു മാത്രമല്ലല്ലോ.”
” പ്രായം? നാല്പതു കഴിഞ്ഞതല്ലേയുള്ളു.”
“അതും മാത്രമല്ല.”
“ഡി പ്രഷൻ?മരുന്ന്?”
“മനോരോഗിയെന്ന് മുദ്ര ചാർത്തപ്പെട്ട വനാണു ഞാൻ. ഡോക്ടർ പറയും എനിക്കു തുറന്നു സംസാരിക്കാൻ ഒരാളെയാണു വേണ്ടതെന്ന്.പക്ഷേ അതിനു നിന്റെ ജീവിതം ചോദിക്കാൻ പാടില്ലല്ലോ.ഇതിങ്ങനെ പോകട്ടെ.”

രജീഷന്റെ കണ്ണിലെ വിളക്കണഞ്ഞതു പോലെ ഒരു നിമിഷം തോന്നി.കൈകൾ വിറയ്ക്കുന്നു.ആരോ വന്ന് തട്ടി വിളിച്ചിട്ടു. ഓട്ടം പോകുന്നില്ലെന്നു പറഞ്ഞ് രജീഷ് തല കുമ്പിട്ടിരുന്നു.

ഏറെ നേരം കഴിഞ്ഞപ്പോഴാണ് രജീഷ് അമ്മയെക്കുറിച്ചോർത്തത്.പകൽ അമ്മയെ നോക്കാമെന്ന് ഏറ്റ സ്ത്രീ ഇപ്പോൾ പോയിട്ടുണ്ടാകും.അയാൾ ഓട്ടോ സ്റ്റാർട്ടു ചെയ്തു.പട്ടണമപ്പോഴും തിരക്കിൽ തിളച്ചു കൊണ്ടിരുന്നു.
വൈകിയതിന് അമ്മയ്ക്കു നീരസം തോന്നുമെന്നാണ് രജീഷ് കരുതിയത്.അമ്മയുടെ കണ്ണിൽ പരിഭവമില്ലായിരുന്നു.പതിവില്ലാത്ത വിധം രജീഷിന്റെകൈ പിടിച്ച് അമ്മ രജീഷിനെത്തന്നെ നോക്കിയിരുന്നു.എന്താണെന്ന ചോദ്യത്തിന് ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു മറുപടി.

കുളിച്ച് വസ്ത്രം മാറി രജീഷ് വീണ്ടും ഫോൺകൈയിലെടുത്തു.പ്രമീള അയച്ച ചില സന്ദേശങ്ങളിലൂടെ വീണ്ടും കണ്ണോടിച്ചു.
…… ജീവിതത്തിന്റെ നിറമില്ലാത്ത ഏടുകൾ മറച്ചു മറച്ചു പോകുമ്പോൾ ചിലപ്പോഴെങ്കിലും അതിൽ നിറം കലർത്താൻ നമ്മൾ ആഗ്രഹിക്കാറുണ്ട്.ആദ്യത്തെ പരിചയപ്പെടൽ തൊട്ട് എല്ലാം മറക്കാതെ മനസ്സിൽ കിടക്കുന്നു.ഇതു പോലെ രജീഷേട്ടൻ ജീവിതത്തോട് ഒട്ടി നിൽക്കും എന്നു ഞാൻ അന്നു കരുതിയതേയില്ല. സ്നേഹ വാക്കുകൾ അധികം പറഞ്ഞിട്ടില്ല.എന്നിട്ടും മനസ്സിനെ പൂർണമാക്കാൻ കഴിയുന്ന എന്തൊക്കയോ രജീഷേട്ടനിൽ ഉണ്ടെന്നു എനിക്കു തോനി.രജീഷേട്ടനുമാത്രം നൽകാൻ കഴിയുന്ന സ്നേഹം. സ്നേഹിക്കപ്പെടുന്നത് എങ്ങനെയെന്ന് ഞാനറിഞ്ഞു….

ഹൃദയത്തിൽ തൊട്ടു വിളിക്കും പോലെ രജീഷ് പ്രമീളയ്ക്കു മെസേജയച്ചു
…പ്രമീ…  ആ വിളിക്ക് പ്രമീളയും കാത്തിരിക്കുകയായിരുന്നു.
“ദുരിത ജീവിതത്തിലേക്കാണ് വിളിക്കുന്നതെന്ന് എനിക്കറിയാം. വേദനിക്കുന്ന രണ്ടു മനസുകൾകൈകോർത്ത് ഒരു യാത്ര ജീവിതത്തിന്റെ അവസാനമെന്തെന്ന് അറിഞ്ഞ് ജീവിച്ചവരാരുമില്ലല്ലോ..”
രജീഷ് അയച്ച അവസാന സന്ദേശം അതായിരുന്നു.

വിലാസിനി രാജീവൻ

 

“ബൊഗയ്ൻവില്ല “

തീയേറ്ററിൽ തന്നെ കാണുവാൻ മോഹിച്ചിരുന്നുവെങ്കിലും നടക്കാതിരുന്നത് കൊണ്ട് OTT റിലീസ് നു കാത്തിരിക്കുകയായിരുന്നു. കാരണങ്ങൾ ധാരാളം ഉണ്ട്.

* ക്രൈം ത്രില്ലർ വായിക്കുവാൻ തുടങ്ങിയ കാലത്ത് പിടിച്ചിരുത്തിയ ബോറടിപ്പിക്കാതിരുന്ന എഴുത്തുകാരൻ ലാജോ ജോസ് ന്റെ പുസ്തകത്തിന്റെ മൂലകഥ ആയത് കൊണ്ട്.
* അമൽ നീരദ് സിനിമ ആയത് കൊണ്ട്
* വളരെയേറെ ആരാധന തോന്നിയ അഭിനേത്രിയായ, ജ്യോതിർമയിയുടെ തിരിച്ചുവരവ്..

കഥ ഏതാണ്ട് ഒക്കെ കുറേ അറിയാമായിരുന്നു. എന്നിട്ടും, ഇടയ്ക്ക് ഒരു ബ്രേക്ക് എടുക്കാതെ മുഴുവനും കണ്ടുതീർക്കുവാൻ കഴിഞ്ഞു എന്നുള്ളതിൽ സിനിമ കാത്തിരുന്ന ആളെന്നുള്ള നിലയിൽ സന്തോഷം ഉണ്ട്..
എന്റെ wow factor ഉറപ്പായും ജ്യോതിർമയ് തന്നെ ആയിരുന്നു. ”

റൂത്തിന്റെ ലോകം ” വായിക്കുമ്പോൾ ആശ്ചര്യപ്പെട്ട കാര്യം റൂത്തിനുള്ളിലേക്ക് വായനക്കാരെ ആകർഷിക്കുവാൻ എഴുത്തുകാരന് കഴിയുന്നുണ്ടല്ലോ എന്ന് തന്നെ ആയിരുന്നു. അതേ എഫക്ട് നൽകുവാനും റീത്തു ( സിനിമയിലെ പേര് ) വിന് ഇനി വേറെ ഒരു മുഖവും ചേരുകയില്ല എന്ന് തോന്നിപ്പിക്കുംവിധം ജ്യോതിർമയ് അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്.

മിക്കവാറും തോന്നാറുള്ളതും അങ്ങനെ തന്നെയാണ്. ഒരാൾ ചെയ്തു വെച്ച കഥാപാത്രത്തിന് പകരം ഇനി ആരും ഇല്ലെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുംവിധം ആയിരിക്കണം, cast selection ഉം, അഭിനയവും.
എന്ന് പറയുമ്പോൾ, തന്നെ പറയേണ്ട മറ്റൊരു കാര്യം, ഫഹദ് ഫാസിൽ അവതരിപ്പിച്ച പോലീസുകാരന്റെ റോൾ. അത് അദ്ദേഹം തന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നി. അതേ തോന്നൽ കുഞ്ചാക്കോബോബൻ അവതരിപ്പിച്ച കഥാപാത്രത്തിനും തോന്നി.

വില്ലനിലെ വില്ലനിസം അവതരിപ്പിക്കുന്നതിൽ അത്ര നന്നായില്ലയെന്നും തോന്നി. അതുപോലെ തന്നെ Background score. “സ്തുതി” എന്നുള്ള പാട്ടിനു ഉണ്ടായിരുന്ന ഒരു ഫീൽ സിനിമയിൽ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നത് ഒരു സംശയം ആയിരുന്നു.

സിനിമ കണ്ടു കഴിഞ്ഞ ഉടനെ, ഒരിക്കൽ കൂടി ” റൂത്തിന്റെ ലോകം ” വായിക്കാൻ ആണ് തോന്നിയത്. വീണ്ടും അത് വായിക്കുകയും ചെയ്തു. സിനിമ കണ്ടിട്ട് പുസ്തകം വായിച്ചപ്പോൾ എന്തെല്ലാം മാറ്റങ്ങൾ ആണ് തിരക്കഥയിൽ ഉണ്ടായതെന്ന് ശ്രദ്ധിച്ചു വായിക്കുന്നതിൽ ഒരു പുതിയ വായനാനുഭവം ഉണ്ടായിരുന്നു..!

ചെകുത്താൻ സൃഷ്ടിക്കുന്ന ഇല്ലായ്മ യുടെ വിശ്വാസ്യത ഉണ്ടാക്കുന്ന നിശബ്ദതയുണ്ടല്ലോ അത് സൃഷ്ടിക്കാൻ റീത്തു ( റൂത്ത് )ന് കഴിഞ്ഞിട്ടുണ്ട്….!
ഹൈഡ്രേഞ്ചിയയും കോഫീഹൗസ് ഉം ഒക്കെ സിനിമ ആയേക്കുമെന്നുള്ള പ്രതീക്ഷയോടെ….

ഹരിത. ആർ.