കൂട്ടം തെറ്റാതെ

തേനീച്ചക്കൂടു തുറക്കുംപോലെ
വലിയൊരാള്‍ക്കൂട്ടത്തില്‍‍, ഞാന്‍.
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരങ്ങളിലൊന്നു ഞാന്‍.

എന്റെ മുഖമെന്നില്ല, പേരില്ല, വാക്കില്ല.
എന്റെ മാത്രം നടപ്പില്ല, കുതിപ്പില്ല,
കളിയില്ല, ചിരിയില്ല.
സുന്ദരന്‍, മിടുക്കന്‍, നല്ലോന്‍
എന്നാലിംഗനമില്ല.
മണ്ടന്‍, ദുഷ്ടന്‍, എരണം കെട്ടോന്‍
എന്നധിക്ഷേപമില്ല.
ഇല്ലൊരിടത്തും ഞാനെന്നഞാന്‍.

ഒരുമ്മയും എന്റെ കവിളില്‍ മാത്രം പതിയില്ല.
ഒരു തെറിയും എന്റെ നേര്‍ക്കുമാത്രം തെറിക്കില്ല,
‘അതാ, ഒരു കവി’യെന്നാരും വരവേല്ക്കില്ല,
‘അതാ ഒരു ശവ’മെന്നാരും വ്യസനിക്കില്ല.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരക്കടലില്‍ മുങ്ങുമ്പോള്‍
ഇല്ലെനിക്കുമാത്രമായ്
കഴുകിക്കളയാനൊരു പാപവും
നേടാനൊരു പുണ്യവും.
പതിനായിരങ്ങള്‍ക്കൊപ്പമൊറ്റച്ചിതയില്‍ വേവുമ്പോള്‍
ഇല്ലെനിക്കില്ലൊരു വീരമൃത്യുവും.

പതിനായിരങ്ങള്‍ക്കൊപ്പമെന്റെ വാക്കുകള്‍
ദിഗന്തങ്ങള്‍ മുഴങ്ങുമ്പോള്‍
അറിയുന്നു ഞാനൊറ്റയല്ലൊറ്റയല്ല.

തേനീച്ചക്കൂടു തുറക്കുംപോലെ
പതിനായിരങ്ങള്‍ക്കൊപ്പം ചിറകടിക്കുമ്പോള്‍
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

ഇ എസ് സതീശൻ

ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ

പുസ്തകം വായിച്ചു തുടങ്ങുന്നത് വരെ ഈ പുസ്തകത്തെ പറ്റിയോ ,ഇത് എഴുതിയ ആളെ കുറിച്ചോ ഞാൻ കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല .ഒരു സുഹൃത്ത് അയച്ചു തന്ന സ്നേഹോപഹാരം ,ഉപഹാരത്തെക്കാൾ സുഹൃത്തിനോടുള്ള പ്രതിബദ്ധത കാരണം വലിയ താല്പര്യമില്ലാതെ വായിച്ചു തുടങ്ങിയ ഒരു കുഞ്ഞു നോവൽ ,അതാണ് തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ

പക്ഷെ ,മുറിഞ്ഞ വായനക്കിടയിലും രണ്ടര ദിവസം കൊണ്ട് ഞാൻ ഈ നോവൽ വായിച്ചു തീർന്നു .ബെന്യാമിന്റെ ആടുജീവിതം പോലെ തന്നെ പ്രവാസത്തിന്റെ നൊമ്പരം പ്രമേയമാക്കിയ ഒരു കൃതിയാണിത്.

ഒരു ജീവിതം കെട്ടിപ്പടുക്കാനായി ഉള്ളതെല്ലാം വിറ്റ് പെറുക്കി ഗൾഫിൽ എത്തിപ്പെടുന്ന യുവാവ് .ആടുജീവിതത്തിലെ നജീബ് എത്തിപ്പെട്ട മസറ പോലെ അസീസ് എത്തിപ്പെടുന്നത് വലിയ ഒരു തക്കാളി തോട്ടത്തിൽ ആണ് .

മരുഭൂമിയിലെ ഏക്കറകണക്കിനു പ്രദേശത്തു നിലമൊരുക്കി തക്കാളി കൃഷി ചെയ്യുന്ന തൊഴിലാളികളിൽ ഒരാളായി മാറുന്ന അസീസിന്റെ മരുഭൂ അനുഭവങ്ങളാണ് ഈ നോവൽ .വിരഹം ,പ്രണയം ,സൗഹൃദം ,കലഹം തുടങ്ങി ഒരുപാട് വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ നമുക്കിതിൽ കാണാം .

വരണ്ട മണ്ണിൽ നിലമൊരുക്കി ,യഥാസമയം വെള്ളം നൽകി വളമിട്ട് പൊരിവെയിലിലും പാതിരാവിലും തോട്ടത്തിനു കാവൽ നിന്ന് മാസങ്ങളുടെ കഷ്ടപ്പാടിന് ശേഷം ചുവന്നു തുടുത്ത പാകമായ തക്കാളികൾ ദൂരെ വിൽക്കാൻ കൊണ്ട് പോകുന്ന ഒരു രംഗം നോവലിന്റെ അവസാന ഭാഗത്തു വിവരിക്കുന്നുണ്ട്.

ഒരു ഫുട്ബാൾ ഗ്രൗണ്ടിന്റെ വലിപ്പത്തിൽ മരുഭൂമിയിൽ ചുവന്ന കാർപ്പറ്റ് പോലെ തക്കാളികൾ വിതറിയിട്ടിരിക്കുന്നു .

ഒരു വലിയ റോളർ കൊണ്ട് അറബികളും തൊഴിലാളികരായ കാപ്പിരികളും വലിയ ആവേശത്തോടെ അതൊക്കെ ചതച്ചു നശിപ്പിക്കുകയാണ് നാറാണത്തു ഭ്രാന്തന്റെ പണി .

തലയിലൂടെ പച്ചചാണകവുമേന്തി നടന്നത് ,കൊടും ചൂടിൽ കമ്പിവേലികൾക്കിടയിലൂടെ മുട്ടിലിഴഞ്ഞു ചെടികൾക്ക് മരുന്ന് തെളിച്ചത് ,വളച്ചാക്കേറ്റി മുതുകു വളച്ചത് ,ഒരു കീടം പോലെ വരാതെ തക്കാളി ചെടികളെ സംരക്ഷിച്ചത് ,അങ്ങനെ ഒരു വർഷം നീണ്ട കഷ്ടപ്പാടിന്റെ ഫലമായി ഉണ്ടായ മുഴുത്ത തക്കാളികൾ ഒക്കെയും നല്ല വിലകൊടുത്തു വാങ്ങി അറബികൾ ഇതാ വലിയൊരാനന്ദത്തോടെ അതൊക്കെയും നശിപ്പിക്കുന്നു ..

എന്തിനിവർ തക്കാളി നശിപ്പിക്കുന്നു ?മരുഭൂമിയുടെ കേട്ട് പതിഞ്ഞ ഒരു കഥയിലും നമ്മൾ അങ്ങനെയൊന്നു അറിഞ്ഞതില്ലല്ലോ..

തക്കാളി കൃഷി ചെയ്തു നല്ലയിനം തക്കാളികൾ തിരഞ്ഞെടുത്തു അത്‌ കൂട്ടത്തോടെ നശിപ്പിക്കുന്നതിന് പിന്നിൽ യു എ ഇ പ്രെസിഡന്റിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള ഒരു പദ്ധതിയാണ്..

കൂടുതൽ പറഞ്ഞു നോവലിന്റെ രസം കളയുന്നില്ല ...




സുഹൈൽ സുഗു 

 

ഹിപ്നോട്ടിസം കൂടുതലറിയുക

ഹിപ്നോട്ടിസം എന്ന വാക്ക് നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ എന്താണ് ഹിപ്നോട്ടിസം എന്ന് കൂടുതൽ പേർക്കും വ്യക്തതയില്ല. മനുഷ്യന്റെ മനസ്സിനെ ചോർത്തിയെടുക്കുന്ന എന്തോ ഒന്ന് എന്നുമാത്രമാണ് കൂടുതലാളുകൾക്കും അറിയാവുന്നത്. ഹിപ്നോട്ടിസത്തിനു ഒരു മാന്ത്രികഭാവമാണ് നിലവിലുള്ളത്. ചിലരൊക്കെ അങ്ങനെ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടാകാം

ഹിപ്നോട്ടിസത്തിന്റെ യഥാർത്ഥ ചിത്രം ഇനിയും പുറത്തു വന്നിട്ടില്ല എന്നതുതന്നെയാണ് സത്യം. ഇതിന്റെ ശാസ്ത്രീയത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല എന്നർത്ഥം. ഹിപ്നോട്ടിസത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഫ്രാൻസ് മെസ്മെർ എന്ന ജർമൻ ഭിഷഗ്വരനാണ്. കുറേക്കാലം ഇത് മെസ്മെറിസം എന്നും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ജെയിംസ് ബ്രൈഡ് എന്ന സ്കോട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനാണ് ഹിപ്നോട്ടിസം എന്ന പേര് നൽകി ഉപയോഗിക്കുവാൻ തുടങ്ങിയത്. രണ്ടര നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടാകും ഈ ചികിത്സാരീതിക്ക്.

ഹിപ്നോട്ടിസത്തിന് വിധേയനാകുന്ന വ്യക്തിയുടെ സംവേദനങ്ങളിൽ, സങ്കൽപ്പ സ്വഭാവത്തിൽ, ചിന്തയിൽ എല്ലാം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. നിർദ്ദേശങ്ങൾക്കനുസരിച്ചു മാത്രം, ചിന്ത ഒരു പ്രത്യേക വിഷയത്തിലേക്കു കേന്ദ്രീകരിക്കാനാകുന്നു എന്നതുകൊണ്ട് മറന്നിരുന്ന പല കാര്യങ്ങളും ഓർത്തെടുക്കുവാൻ കഴിയും. പ്രത്യേകിച്ചും ചുറ്റുപാടുകളുടെ അലോസരങ്ങൾ ചിന്തകളെ പോറലേൽപ്പിക്കാത്ത സാഹചര്യത്തിൽ. അതേപോലെ തന്നെ ഇതിനു വിധേയനാകുന്ന വ്യക്തികൾക്ക് നിർദ്ദേശാനുസരണം മാറ്റങ്ങൾ ഉൾക്കൊള്ളുവാനും കഴിയും. അതുകൊണ്ടു തന്നെയാണ് ചില ചികിത്സകളിൽ ഹിപ്നോട്ടിസം ഫലപ്രദമാകുന്നത്.

എല്ലാ സാഹചര്യങ്ങളിലും എല്ലാ വ്യക്തികളിലും ഹിപ്നോട്ടിസം സാധ്യമാകുകയില്ല. അതിനു ചില ഒരുക്കങ്ങൾ ആവശ്യമാണ്. ബാഹ്യ ശല്യങ്ങളൊന്നുമില്ലാത്ത സമശീതോഷ്ണമായ ഒരന്തരീക്ഷം ഇതിന് അത്യന്താപേക്ഷികമാണ്. അതുപോലെ തന്നെ മാനസികമായ ഒരുക്കങ്ങളും അത്യാവശ്യമാണ്. എന്നെയെന്തായാലും മോഹനിദ്രയിലാക്കുവാൻ പറ്റുകയില്ലെന്ന മനോഭാവത്തോടെ ഒരാൾ ഇതിനു വിധേയമാകുകയാണെങ്കിൽ ഹിപ്നോട്ടിസത്തിനു വലിയ പ്രസക്തി ഉണ്ടാകുമെന്നു തോന്നുന്നില്ല. അല്ലാത്തപക്ഷം നോർമൽ I.Q. ഉള്ള ഏതൊരാൾക്കും ഇതിനു വിധേയനാകുവാൻ കഴിയും.

പ്രധാനമായും നാല് ഭാഗങ്ങങ്ങളാണ് ഇതിനുള്ളത്. നിർദേശങ്ങൾ അനുസരിക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്. തങ്ങളുടെ ചിന്തകൾ മറ്റൊരാളുടെ നിയന്ത്രണത്തിൽ ഏൽപ്പിക്കുക എന്നതാണ് യഥാർത്ഥത്തിൽ നടക്കുന്നത്. മറ്റൊരാളുടെ നിർദേശങ്ങൾക്കനുസരിച്ചു മാത്രം ചിന്തിക്കുക. ചിന്തകളുടെ കേന്ദ്രീകരണമാണ് രണ്ടാമത്തേത്. ഹിപ്നോട്ടിസം നടത്തുന്നയാളുടെ ശബ്ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അദ്ദേഹം നിർദ്ദേശിക്കുന്ന ചിന്തകളിലേക്ക് മാത്രം മുഴുകുകയും ചെയ്യുക എന്നതാണിത്. മാനസിക അയവ് ആണ് മൂന്നാമത്തേത്. മാനസികവും ശാരീരികവുമായ സമ്മർദ്ദമൊഴിവാകുവാൻ ചില തെളിയിക്കപ്പെട്ട വ്യായാമരീതികൾ ഈ ഘട്ടത്തിൽ നിര്ദേശിക്കപ്പെടാറുണ്ട്. മാനസിക കൽപ്പനയാണ് നാലാമത്തേത്. പടവുകൾ ഇറങ്ങുന്ന ലാഘവത്തോടെ ചിന്തകളെ പുറകിലേക്ക് കൊണ്ടുപോകുക എന്ന രീതിയാണ് അവലംബിക്കേണ്ടത്.

ഹിപ്നോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർഥം ഉറക്കം എന്നാണ്. ഈ വാക്കിൽ നിന്നാണ് ഹിപ്നോട്ടിസം അല്ലെങ്കിൽ ഹിപ്നോസിസ് എന്ന വാക്കുകൾ ഉണ്ടായിട്ടുള്ളതെങ്കിലും ഹിപ്നോസിസ് യഥാർത്ഥത്തിൽ ഉറക്കമല്ല. ഹിപ്നോട്ടിസത്തിനു വിധേയനാകുന്ന ആൾ വ്യക്തമായ ബോധത്തോടുകൂടിയാണ് ഇതിനു വിധേയനാകുന്നത്. അയാൾക്ക് പരിസരബോധം പോലും നഷ്ടപ്പെടുന്നില്ല. നിർദ്ദേശാനുസരണം ചിന്തകളുടെ ഏകോപനം മാത്രമാണ് സംഭവിക്കുന്നത്. ഇത് ഒരു ചികിത്സാരീതിയായിട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു ഭാരത സർക്കാരിന്റെ അംഗീകാരവുമുണ്ട്.

വിഷാദം, ആകാംഷാരോഗങ്ങൾ, എന്നിവയുടെ ചികിത്സയിലും വേദനയും മാനസികസമ്മർദ്ദവും കുറക്കുന്നതിലും പുകവലി നിറുത്തുന്നതിനുമൊക്കെ ഹിപ്നോട്ടിസം നല്ലൊരു ഉപാധിയായി കണ്ടുവരുന്നു. മറ്റു പല രോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമായി കണ്ടുവരുന്നു. പ്രത്യേകിച്ചും ഭയം ഇല്ലാതാക്കുന്നതിലും, ശരീരഭാരം കുറക്കുന്നതിലും. ആത്മവിശ്വാസം ഉയർത്തുന്നതിനും ഈ ചികിത്സാമാർഗ്ഗത്തിനുള്ള പ്രാധാന്യം ചെറുതല്ല.

ഡോ. സുനീത് മാത്യു

കതാർസിസ്

 കത്തിയെരിയുന്ന ഒരു നഗരത്തിന്റെ അരികിലായിരുന്നു ഞാൻ. അല്ല, ഒരു കെട്ടിടത്തിനു മുകളിൽ. ആ കെട്ടിടം ആരുടേയോ വീടാണ്. ഞാൻ നിൽക്കുന്നത് ഒരു ബാൽക്കണിയിലാണ്. ഈ നഗരം എന്നന്നേക്കുമായി ഇല്ലാതാകുവാൻ പോകുകയാണ്.  ഒരു അറ്റത്തു നിന്നും കത്തിയെരിഞ്ഞു തുടങ്ങിയ നഗരത്തിന്റെ പുകപടലങ്ങൾ എന്നെ വീണ്ടും ഫെർണാണ്ടസിന്റെ സിഗരറ്റിനെ ഓർമ്മിപ്പിച്ചു. എന്നെ തഴഞ്ഞ് മറ്റൊരു സ്ത്രീയുടെ  നാവിൽ അയാളുടെ നാവ് കടത്തി അശ്ലീലമെന്ന് തോന്നിപ്പിച്ച ചേഷ്ടകളോടെ അയാൾ, അവളെ  ചുംബിക്കുമ്പോഴും അയാളുടെ കൈയിൽ നിന്നും താഴെ വീണ സിഗരറ്റ് , ഇതുപോലെയാണ് കത്തിയെരിഞ്ഞു കൊണ്ടിരുന്നത് . ഇത്ര വേഗത്തിൽ, ഇത്ര ആർത്തിയോടെ. എന്റെ പ്രണയത്തിന്റെ ശവസംസ്കാരമെന്നത് പോലെ.


ഓഹ്, അന്ന് ആദ്യമായി ഞാൻ നഗ്നയായി തെരുവിലൂടെ നടന്നു. ഒരു ലൈംഗികബന്ധത്തിന്റെ അവശേഷിക്കുന്ന അടയാളം മാത്രമാണ് ഞാനെന്ന് ആരെയൊക്കെയോ വിശ്വസിപ്പിച്ചു കൊണ്ടു തലയുയർത്തി നടന്നു. എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട്, ആരും എനിക്ക് വിലപേശിയില്ല. എന്റെ നഗ്നതയെ ചൂഴ്ന്നു നോക്കിയില്ല, എന്നെ കെട്ടിപ്പിടിച്ചില്ല, ചുംബിച്ചുമില്ല.   പിന്നെ അവർക്ക് എന്തായിരിക്കും തോന്നിയിട്ടുണ്ടാകുക..?  എന്ത് വേണമെങ്കിലും തോന്നട്ടെ. എനിക്കെന്താണ്..? എന്തായാലും എനിക്ക് ഭ്രാന്തില്ല. അപ്പോൾ ഇതെന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്..

" ഹാ, എന്റെ സ്വാതന്ത്ര്യപ്രഖ്യാപനം.!"

ആ നഗരത്തിൽ എനിക്ക് പരിചിതർ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ എനിക്കത് നന്നായെന്ന് തോന്നി. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അവരോട് എന്റെ നഗ്നതയുടെ കാരണം വെളിപ്പെടുത്തേണ്ടി വരുമായിരുന്നു. തിരികേ എന്റെ ഫ്ലാറ്റിൽ കടന്നതിനു ശേഷവും ഞാൻ നഗ്നതയിൽ തന്നെ തുടർന്നു. തുടകൾക്കിടയിൽ വളർന്ന ആരണ്യകത്തിലൊരു പൂവ് ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. തേൻ ഇല്ലാത്ത വെറുമൊരു കാട്ടുപൂവ്. എനിക്ക് അതിനോട് വെറുപ്പ് തോന്നിയതിനാൽ ഞാൻ എന്റെ രോമക്കുപ്പായം എടുത്തു അണിഞ്ഞു.

ഈ വീടും ഒരു വലിയ അശ്ലീലതയാണ്‌. അയാളുടെ ചുംബനത്തിനൊപ്പം ഉണ്ടായിരുന്ന ചേഷ്ടകൾ പോലുള്ള കനത്ത അശ്ലീലത. പ്രണയം ഇല്ലാത്ത, തോന്നിപ്പിക്കാത്ത നഗരങ്ങൾ അശ്ലീലതയുടേത് മാത്രമാണ്.  ദുഃസ്വപ്‌നങ്ങൾ മാത്രം അത്തരം വീടുകൾ സമ്മാനിക്കും. അതിലൊന്നായിരുന്നു. കത്തിയമർന്നു കൊണ്ടിരുന്ന ഈ നഗരം.  എന്നിട്ടും മുറിച്ചു മാറ്റപ്പെട്ടിട്ടും പച്ചയവസാനിക്കാത്ത വൃക്ഷമായി ഞാൻ ഇവിടെ തിരികേ വരില്ലെന്ന് ഉറപ്പുള്ള ആത്മഹത്യ ചെയ്ത  പൂക്കളുടെ ആത്മാക്കളെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.

 " മാലിനീ "

അസംതൃപ്തിയോടെ ഞാൻ മുഖമുയർത്തി നോക്കി. അച്ഛനെ പരിചരിക്കുന്ന ഹോംനേഴ്സാണ്.  അവരുടെ കറുത്തു മെല്ലിച്ച കഴുത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ബ്ലേഡിന്റെ  വരകൾ നിറഞ്ഞ ചിത്രങ്ങൾ. ഇല്ല എനിക്ക് തോന്നിയതാണ്.

" അച്ഛൻ, മാലിനിയെ അന്വേഷിക്കുന്നുണ്ട്. "

എഴുതുന്നതിനിടയിൽ ആരും കടന്നുവരുന്നത് പോലും ഇഷ്ടമില്ലാതിരുന്ന എന്നെ, എപ്പോൾ വേണമെങ്കിലും എഴുത്തുമേശ ഉപേക്ഷിച്ചു പോകുവാൻ പ്രേരിപ്പിച്ചത് അച്ഛന്റെ രോഗമാണ്.  തുടങ്ങി വെച്ച കഥയെ അവിടെ തന്നെ ഞാൻ ഉപേക്ഷിച്ചു. വര്ഷങ്ങളായി എനിക്കത് ശീലമാണ്. തുടങ്ങുക, ഉപേക്ഷിക്കുക, വീണ്ടും പൂർത്തിയാക്കാതെ മറ്റൊന്ന് തുടങ്ങുക. അച്ഛൻ, അന്വേഷിച്ചത് ഒരു ചായയിട്ട് കൊടുക്കുവാനായിരുന്നു.  അച്ഛന്റെ ചുണ്ടിന്റെ വശങ്ങളിലായി ഒരു ചെറിയ വിള്ളൽ ഉണ്ടായിരുന്നു. അതിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ പൊട്ടിയർന്ന ഏതോ കനാലിന്റെ വഴികളെ ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, അച്ഛന്റെ ആവശ്യങ്ങളുടെ ശബ്ദത്തിന് വേണ്ടുവോളം ഘനം ഉണ്ടായിരുന്നു.

ചായ  തിളപ്പിക്കുവാനുള്ള പാത്രം കഴുകി എടുക്കുമ്പോൾ അപ്രതീക്ഷിതമായി സിങ്കിൽ വന്നു വീണൊരു പല്ലിയെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വഴുവഴുപ്പിലൂടെ രക്ഷപ്പെടലിന്റെ ഒരറ്റം കിട്ടുവാൻ അത് ഉഴറുന്നത് കണ്ടു. ഞാൻ ആ പല്ലിയെ രക്ഷപ്പെടുത്തിയില്ല. രക്ഷപ്പെടുന്നത് കാണുവാൻ നിന്നതുമില്ല. എന്റെയുള്ളിൽ എഴുതിക്കൊണ്ടിരുന്ന കഥയുടെ വൈറസ് പെരുകിക്കൊണ്ടിരുന്നു.  എനിക്ക് വായനക്കാർ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ ഈ കഥകൾ അവർക്ക് വേണ്ടി പൂർത്തിയാക്കുമായിരുന്നു. നിർഭാഗ്യവശാലോ, ഭാഗ്യവശാലോ, എനിക്ക് വായനക്കാർ ഉണ്ടായിരുന്നില്ല. " സിമോണ " അതായിരുന്നു എന്റെ കഥയിലെ ആ സ്ത്രീയുടെ പേര്.  സിമോണയുടെ ആത്മഹത്യാ തയ്യാറെടുപ്പുകൾ എന്റെ മനസ്സിൽ ഈ ചായ പോലെ തിളച്ചു പൊന്തുന്നുണ്ടായിരുന്നു.  ചായ തിളച്ചു പൊന്തുന്നത് തിരമാലകൾ കടലിലേക്ക് പിൻവാങ്ങുന്നത് പോലെയാണ്. അടുത്ത നിമിഷം അത് തണുപ്പിക്കണം. സ്വപ്നം കണ്ടു നിന്ന്, എത്രയോ ചായസുനാമികൾ എന്റെ അടുക്കള നേരിട്ടിരിക്കുന്നു.

അതുവരേയും , സ്വന്തമാണെന്ന് കരുതിയ വിത്തുകൾ പൊട്ടിച്ചിതറി, തന്നെ വിട്ടു പറന്നു പോകുന്നത് നോക്കി നിൽക്കേണ്ടി വന്ന അപ്പൂപ്പൻതാടി മരത്തെപ്പോലെ ഞാൻ ഈ നഗരത്തിന്റെ ഏകാന്തമായ രാത്രികളേയും പകലുകളേയും നേരിടുന്നു. ഫെർണാണ്ടസിന്റെ സിഗരറ്റ് എരിഞ്ഞു കൊണ്ടേയിരിക്കുകയാണ്.

എന്റെ കഥകൾ എനിക്ക് പരിചയം ഇല്ലാത്ത നഗരത്തിന്റേയും ഞാൻ സൃഷ്ടിക്കുന്ന മനുഷ്യരുടേതുമാണെന്ന് എപ്പോഴും അടിയുറച്ചു വിശ്വസിച്ചു. ആയതിനാൽ കാണുന്ന സ്വപ്‌നങ്ങൾ മറക്കാത്തത് പോലെ, എഴുതിവെയ്ക്കാറുള്ളത് പോലെ ചായ കുടിക്കുമ്പോഴും തുണികൾ നനച്ചിടുമ്പോഴും, മീൻ മുറിക്കുമ്പോഴും അവരെനിക്ക് ഒപ്പം തന്നെ നിന്നു. ഇത് എന്റെ നാലാമത്തെ ചായയാണ്‌. ഇന്നത്തെ എന്റെ മധ്യാഹ്നവെയിലിന് ഉഷ്ണം കുറവായിരുന്നു.

അപരാഹ്നത്തിൽ, മൂന്ന് മണികൾക്കും നാലു മണികൾക്കും ഇടയിൽ ഒരു സമയമുണ്ട്. അതേ  സമയത്തിലാണ് പൂവുകൾ ആത്മഹത്യ ചെയ്യുന്നതെന്ന് ഞാൻ കണ്ടുപിടിച്ചിരുന്നു.  ജീവിതം മടുത്തുവെന്ന് പ്രഖ്യാപിക്കുന്ന, ചില മനുഷ്യരുടെ സ്വാതന്ത്ര്യമാണ് ആത്മഹത്യ. അങ്ങനെ തന്നെ ആത്മഹത്യ ചെയ്യുന്ന പൂവുകളും ഉണ്ട്. എന്നിരുന്നാലും സമാധാനത്തിന്റെ വേരുകൾ, ആത്മഹത്യ ചെയ്യുവാൻ വിതുമ്പുന്ന പൂക്കളുടെ മഞ്ഞകളിലാണ്. അവിടെ നിന്നുമൊരു വിത്ത് ശേഖരിക്കുക, നാളെയുടെ സമാധാനത്തെ പുനഃസ്ഥാപിക്കുക.

ഫെർണാണ്ടസിന്റെ കൈയ്യിൽ നിന്നും വീണ് എരിഞ്ഞടങ്ങിയ സിഗരറ്റ്.

സിങ്കിൽ വീണുപോയ പല്ലി.

കാമുകനാൽ ഉപേക്ഷിക്കപ്പെട്ട സിമോണ.

മൂന്നുമണികൾക്കും നാലു മണികൾക്കും ഇടയിൽ വീഴുന്ന പൂവുകൾ.

ഹാ, വൈവിധ്യമാർന്ന ആത്മഹത്യയുടെ തലങ്ങൾ.!  ഓറഞ്ച് നിറമുള്ള ഒരു ദലത്തിന്റെ ആത്മഹത്യാശ്രമം കൂടി ഇന്നേ ദിവസം തീരുന്നതിനു മുൻപ് ഞാൻ കണ്ടു.

എന്റെ പച്ചക്കറിത്തോട്ടം തഴച്ചു വളരുന്നുണ്ടായിരുന്നു. ഞാൻ തന്നെ അവയെ പരിചരിച്ചു.   അവയ്ക്ക് വെള്ളം ഒഴിക്കുമ്പോൾ മുലയൂട്ടുന്ന അമ്മയുടെ ചാരിതാർഥ്യം ഞാൻ അനുഭവിച്ചു പോന്നിരുന്നു. കിണറിൽ നിന്നും വെള്ളം കൊണ്ടുവന്നു ഒഴിക്കുന്നതിനിടയിൽ വെണ്ടകൾക്കിടയിൽ ഒരു ചേരയെ കണ്ടു.  വിഷമുള്ള പാമ്പുകളേക്കാൾ അസാധാരണമായ ചേരയുടെ നീളം എപ്പോഴുമെന്നെ ഭയപ്പെടുത്തി. ഒരു നിമിഷം കൊണ്ടു അതെന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കി എന്നെ കൊലപ്പെടുത്തുന്നതായി നിന്ന നിൽപ്പിൽ ഞാൻ സ്വപ്നം കണ്ടു.  എന്നിട്ടും അത് ഇഴഞ്ഞു നീങ്ങിപ്പോകുന്നത് നോക്കി ഞാൻ അവിടെ നിന്നു. അതിന്റെ ശരീരത്തിലെ മഞ്ഞവഴുവഴുപ്പൻ ചാന്ത്  എനിക്ക് ഇഷ്ടമായിരുന്നു.

രണ്ടാമത്തെ കുടം വെള്ളമെടുക്കുവാൻ പോകുമ്പോഴാണ്, ഓറഞ്ച് നിറമുള്ള ഇലയുടെ ആത്മഹത്യാശ്രമം ഞാൻ കണ്ടത്.  കിണറിനു ചുറ്റും വലമൂടിയിരുന്നതിനാൽ, അത് മാറ്റുവാൻ ഒരാൾ വരുന്നത് വരെ ഇല കാത്തുകിടന്നു. എത്ര വിദഗ്ധമായിട്ടാണ് അതെന്റെ നീളൻ വിരലുകളിലൂടെ തൊട്ടിക്കുള്ളിൽ കയറിപ്പറ്റിയത്.  കണ്ണുകാണാത്ത അഥവാ കണ്ണുപോലും കാണാത്ത ഏതോ കുഞ്ഞൻഉറുമ്പിനെപ്പോലെ എന്റെ കണ്ണുവെട്ടിച്ചുകൊണ്ട് അത് തൊട്ടിയിൽത്തട്ടി കിണറ്റിലേക്ക് ചാടി. മൂന്നുതവണയും ഞാൻ അതിനെ കരയിലേക്ക് വലിച്ചുകയറ്റുവാൻ ശ്രമങ്ങൾ നടത്തി. മൂന്നാമത്തെ പ്രാവശ്യം എന്നെ പച്ചയ്ക്ക് പ്രാകിക്കൊണ്ട് അത് തൊട്ടിയിൽ കയറി. മണ്ണിലേക്ക് എടുത്തിട്ട് ഞാൻ അതിനെ പരിശോധിച്ചു. എവിടെയാണ് കൃത്രിമശ്വാസം നൽകുക,? എവിടെ അമർത്തിയാലാണ് കുടിച്ച വെള്ളം പുറത്തേക്ക് ചാടുക, കൈയ്യിൽ എടുത്ത് വീണ്ടും പരിശോധിച്ചു. അതിന്റെ ഞരമ്പുകൾ നനഞ്ഞിരുന്നു എന്നുള്ളതല്ലാതെ മറ്റൊരു കുഴപ്പവും പ്രത്യക്ഷത്തിലില്ല. ആത്മഹത്യ ചെയ്യുവാൻ തക്കവണ്ണം നിനക്ക് എന്തുണ്ടായിയെന്ന് ഞാൻ ചോദിച്ചു. രക്ഷിച്ചതിനു നന്ദി പറയാതെ അതെന്നെ വീണ്ടും തെറി വിളിച്ചു.

" മനുഷ്യരുടെ ആത്മഹത്യാ സിദ്ധാന്തം മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂവെന്ന് കരുതി, ഞങ്ങൾക്കും അതിന് അവകാശമുണ്ട്. ഞങ്ങൾക്കും നിരാശകളും, ആശയറ്റുപോയ പ്രതീക്ഷകളും ഉണ്ട്. ഇനി എല്ലാവരും എന്റെ ആത്മഹത്യാ ശ്രമം അറിയും. കാരണം തിരക്കും. ഉപദ്രവിക്കും. കഥകൾ മെനയും. നീ എന്തിനാണ് എന്നെ രക്ഷിച്ചത്? നിന്നോടാരാണ് സഹായം അഭ്യർത്ഥിച്ചത്.. ഇനി ഉണങ്ങി ഉണങ്ങി പൊടിഞ്ഞു തീരണം. "

നെടുവീർപ്പുകൾക്ക് ഒടുവിൽ ഇല പറഞ്ഞു നിർത്തി. ഞാൻ ഒരിക്കൽ കൂടി ആലോചിച്ചു. ആത്മഹത്യാസിദ്ധാന്തം എഴുതാം. ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്ന, വൈവിധ്യ   ദ( ത) ലങ്ങൾ എന്നുള്ള തലക്കെട്ട് കൊടുക്കാം. ഞാൻ ഇലയുടെ ആത്മഹത്യാശ്രമത്തിനോട് നന്ദി പറഞ്ഞു. വീണ്ടും എഴുതാൻ ഇരുന്നു.

" പത്മാ "

ഞാൻ സിമോണയേയും മാലിനിയേയും കുറിച്ച് എഴുതിക്കൊണ്ടിരുന്നതിൽ നിന്നും  മുഖമുയർത്തി നോക്കി. ഓഹ്, ഡേവിഡാണ്. അയാളുടെ കൈ ഞരമ്പു കളിൽ നിന്നും അപ്പോഴും രക്തം കിനിയുന്നുണ്ടായിരുന്നു. അയാൾ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്. ഞാൻ അയാളെ നോക്കിയിരിക്കേ അപ്പുറത്തെ മതിൽക്കെട്ടിനുള്ളിൽ ഒരു ആംബുലൻസ് വന്നു നിന്നിരുന്നു. കൂടിയിരുന്നവർ ആത്മഹത്യ ചെയ്തവന്റെ കാരണത്തിന്റെ കഥകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

സിമോണ, അന്ന് പുലർച്ചെ താൻ കണ്ട സ്വപ്നത്തെ ഇങ്ങനെ കുറിച്ചു വെച്ചു..



"കത്തിയെരിയുന്ന സിഗരറ്റ് ഒരു ഇലക്ട്രിക് കമ്പിയായി പരിണമിച്ചു. അത് പൊട്ടി വീണ് കിടന്നിരുന്നു. തൊട്ടരികിൽ എന്റെ ജഡവും. ഇതാ ഇപ്പോഴും എന്റെ കൈവെള്ളയിൽ ആത്മഹത്യയുടെ തണുപ്പാണ്. ശവത്തിന്റെ തണുപ്പ്."




ഹരിത. ആർ.

ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ്

കർമ്മനിരതമായ ചിന്തകൾ നിറഞ്ഞ ഒരു മനസ്സാണ് എല്ലാവരും കാംക്ഷിക്കുന്നത്. ആശയങ്ങളുടെ ക്രമപ്പെടുത്തലുകളും തുടർഫലമായി ഉണ്ടാകുന്ന പ്രവർത്തനങ്ങളുമാണ് നമ്മെ വിജയത്തിലെത്തിക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അടിസ്ഥാനം അവന്റെ ചിന്തകൾ തന്നെയാണ്. ഓരോ കണ്ടുപിടുത്തങ്ങളുടെ പുറകിലും ചിന്തകൾ തന്നെ. അടുക്കും ചിട്ടയുമുള്ള ചിന്തകൾ വ്യക്തിപരമായും സാമൂഹ്യപരമായും മനുഷ്യരാശിയെ ഔന്ന്യത്യത്തിലെത്തിക്കും എന്നതിൽ സംശയമില്ല.
എന്നാൽ ഈ ചിന്തകൾ തന്നെ നമുക്കൊരു തലവേദനയായാലോ? അടുക്കും ചിട്ടയുമില്ലാതെ അനവസരത്തിൽ, നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ കടന്നുവരുന്ന ചിന്തകൾ തികച്ചും അരോചകമാണെന്നു മാത്രമല്ല, ചിലരിലെങ്കിലും കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ചിന്തകളും അതിനെത്തുടർന്നുണ്ടാകുന്ന പ്രവർത്തനങ്ങളും ഒരു രോഗമായാണ് മനഃശാസ്ത്രം കാണുന്നത്. പീഢിത ചിന്തകളും അനുബന്ധ നിർബന്ധിത പ്രവർത്തനങ്ങളും അടങ്ങുന്ന ഈ രോഗത്തിന് ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ആകാംഷയും ഭയവും അങ്കുരിപ്പിക്കുന്ന ചിന്ത, നിയന്ത്രിക്കാൻ കഴിയാത്ത ചിന്തകൾ, ബോധമനസ്സിനുൾക്കൊള്ളാൻ കഴയാത്ത ചിന്തകൾ എന്നിങ്ങനെ പല രീതിയിലും നമുക്കിവരുടെ ചിന്തകളെ വിശേഷിപ്പിക്കാം. ചിന്തകൾ അവരുടെ അനുവാദമില്ലാത്ത നുഴഞ്ഞുകയറ്റക്കാരാണ് എന്നർത്ഥം. അതിനെ ഒഴിവാക്കാൻ ഇത്തരക്കാർക്കാകില്ല എന്നത് യഥാർത്ഥ പ്രശ്നം. ഇത്തരക്കാരുടെ പ്രവൃത്തികളുടെ അപാകത കൊണ്ടാണ് പലരും ചികിത്സക്കായി എത്തപ്പെടുന്നത്. അടുത്ത ബന്ധുക്കളായിരിക്കും മിക്കവാറും ഇത്തരം രോഗികളെ കൂട്ടികൊണ്ടു വരിക.

എല്ലാ രോഗികൾക്കും ഒരേ ലക്ഷണങ്ങൾ ആയിരിക്കണമെന്നില്ല. അവരുടെ പ്രവൃത്തിയിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടുമ്പോഴാണ് പലപ്പോഴും രോഗം തിരിച്ചറിയുകതന്നെ. കുളിക്കാൻ എടുക്കുന്ന സമയം പതിൻ മടങ്ങു വർദ്ധിക്കുക, വീണ്ടും വീണ്ടും കൈകാലുകൾ കഴുകുക, അടുക്കിവച്ചതു തന്നെ വീണ്ടും വീണ്ടും അടുക്കുക, രാത്രിയിലും പകലും പലപ്രാവശ്യം ഗ്യാസ് ഓഫാക്കിയിട്ടുണ്ടോ, വാതിൽ അടച്ചിട്ടുണ്ടോ എന്നൊക്കെ ഉറപ്പുവരുത്തുക, വെറുതെ ആവർത്തിച്ചു എണ്ണിക്കൊണ്ടിരിക്കുക, ഞരമ്പുവലി എന്ന് പറയുന്ന ചില പ്രത്യേക അവയവങ്ങളുടെ ചലനങ്ങൾ തുടങ്ങി പലതുമാകാം ഇത്തരം രോഗികകളുടെ ലക്ഷണങ്ങൾ. നിരന്തരം ഇവരുടെ പ്രവൃത്തികൾ ആവർത്തിച്ചുകൊണ്ടിരിക്കും. ഇതിനെ നിയന്ത്രിക്കാൻ ഇക്കൂട്ടർക്കാകില്ല എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി. അവരുടെ ചിന്തകൾ അവരെകൊണ്ടിതു ചെയ്യിപ്പിച്ചുകൊണ്ടേയിരിക്കും.

അണുക്കളേയും അണുബാധകളേയും ഭയക്കുന്നവരാണിതിൽ ഭൂരിപക്ഷവും. അവരുടെ മനസ്സും അതിനെ നേരിടാൻ ഉതകുന്ന ചിന്തകൾ നിറഞ്ഞതു മാത്രമായിരിക്കും. തിളച്ച വെള്ളത്തിൽ അണുക്കളുണ്ടാകില്ല എന്ന വിശ്വാസത്തിൽ വെള്ളം മക്കൂറുകളോളം തിളപ്പിക്കുന്നവരും, തിളച്ച വെള്ളം കുടിച്ചു പൊള്ളൽ ഉണിണ്ടാക്കുന്നവരും ഇത്തരക്കാരിൽ കണ്ടേക്കും. ചിലരാകട്ടെ പ്രാർത്ഥനകളോ മന്ത്രങ്ങളോ ആയി സമയം കളയും. അനാവശ്യ വസ്തുക്കൾ ചേർത്തുവയ്ക്കുന്നവരും അത്തരം വസ്തുക്കൾകൊണ്ട് വീട് വൃത്തിഹീനമാക്കുന്നവരും ഒ സി ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രോഗാവസ്ഥയിൽ ഉണ്ടാകാറുണ്ട്. രോഗിയുടെ സ്വഭാവത്തിലും പ്രവൃത്തിയിലും ഉണ്ടാകുന്ന മാറ്റം ശ്രദ്ധയിൽ പെട്ടാൽ വൈദ്യസഹായം തേടുന്നതാണ് ഉചിതം. ഒരു ഡോക്റ്റർക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ് ഒ.സി.ഡി.

ഈ രോഗത്തിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്. മറ്റെല്ലാ മാനസിക രോഗങ്ങളിലുമെന്നപോലെ പാരമ്പര്യത്തിനും ഇതിൽ പ്രസക്തിയുണ്ട്. അതുപോലെതന്നെ തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവർത്തന വൈകല്യങ്ങളും ഇതിനു കാരണമായേക്കാം. ഇത്തരം രോഗികളുടെ കാന്ത തരംഗ ചിത്രങ്ങളിൽ തലച്ചോറിലെ ഫ്രോണ്ടൽകോർട്ടെക്സിലും അതിനടിയിലെ ചില ഭാഗങ്ങളിലും ചില വ്യത്യാസങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഗവേഷണം ഊർജ്ജിതമായി നടന്നു വരുന്നു. ഇത് പ്രായഭേദമില്ലാതെ കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും ഇരുപതു വയസ്സിനുള്ളിൽ കൂടുതലാളുകളും ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. മുപ്പത്തഞ്ചിനു ശേഷം അപൂർവമാണെങ്കിലും ആദ്യലക്ഷണം കാണിക്കില്ല എന്ന് പറയാൻ കഴിയില്ല.

കൃത്യമായ കാരണങ്ങൾ കണ്ടുപിടിക്കാത്തതുകൊണ്ടുതന്നെ വിഷാദത്തിനുപയോഗിക്കുന്ന മരുന്നുകൾ തന്നെയാണ് അലോപ്പതിയിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ശാശ്വതമായ പരിഹാരം നൽകുന്നതിനുതകുന്ന മരുന്നുകൾ ഉണ്ട്. രോഗിയുടെ മറ്റു ലക്ഷണങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നിശ്ചയിക്കുന്നത്. സൈക്കോതെറാപ്പിക്ക് വളരെ പ്രാധാന്യമുള്ള ഒരു രോഗമാണിത്. കൗൺസിലിങ്, ഹാബിറ്റ് റിവേഴ്സൽ തെറാപ്പി, കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പ്രത്യേകിച്ചും എക്സ്പോഷർ ആൻഡ് റെസ്പൊൺസ് പ്രീവെൻഷൻ തെറാപ്പി എന്നിവ ഇത്തരം രോഗികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ പോലുള്ള ബ്രെയിൻ സ്റ്റിമുലേഷൻ തെറാപ്പികളും ആവശ്യമായി വന്നേക്കാം.

 

ഡോ. സുനീത് മാത്യു

ആന ഡോക്ടർ : ജയമോഹൻ

”മനുഷ്യന്റെ അൽപ്പത്തം ഓരോ ദിവസവും കാണണമെങ്കിൽ കാട്ടിൽ കഴിയണം.”

കാട്ടിൽ വിനോദ യാത്രയായി വരുന്നവരിൽ മിക്കവാറും വിദ്യാഭ്യാസമുള്ളവർ. വലിയ പദവികളിലുള്ളവർ. നാട്ടിൽ നിന്ന് തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറു. വരുന്ന വഴി മുഴുവൻ തീറ്റയും കുടിയുമാണ്. നിർത്തി നിർത്തി ഛർദിച്ചു കൊണ്ട് കുഴഞ്ഞാടി തെറി പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരവ്.

നിശബ്ദത നിറഞ്ഞ കാടിന്റെ മടക്കുകളിൽ മുഴുവൻ ഹോണടിച്ചു മാറ്റൊലി നിറക്കും. അത്യുച്ചത്തിൽ കാറിന്റെ സ്റ്റീരിയോ ശബ്ദിക്കാൻ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. ഓരോ കാട്ടുമൃഗത്തെയും അവർ അപമാനിക്കും. പാതയോരത്തു കുത്തിയിരിക്കുന്ന കുരങ്ങുകൾക്ക് പഴങ്ങൾക്കുള്ളിൽ ഉപ്പോ മുളക് പൊടിയോ വെച്ച് കൊടുക്കും. ദാഹിച്ചു അടുക്കുന്നവർക്ക് മദ്യം ഒഴിച്ച് കൊടുക്കും. മാനുകളെ നോക്കി കല്ലെടുത്തെറിയും. ആനയെ കണ്ടാൽ ഹോണടിച്ചു നിലവിളിച്ചു ഓടിക്കും.

എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ളവർ, പക്ഷെ കാട്ടിലെത്തിയാൽ തനി ചെറ്റകളാണ്.  കേരളാ സംസ്കാരത്തിന് തന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധം ഉണ്ട് എന്ന് തോന്നും.

കാട് എന്ന വാക്ക് തന്നെ മലയാളത്തിൽ നന്മക്ക് എതിരായ പൊരുളിൽ ആണ് ഉപയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക കാടു കയറുക, കാടൻ,കാടത്തം എന്നൊക്കെ മലയാളികൾ പറയുമ്പോഴാണ് അവരുടെ പ്രവർത്തിയെ ഞാൻ മനസ്സിലാക്കി തുടങ്ങിയത്. അവർ കാട്ടിൽ എത്തിയാൽ വിജയം ആഘോഷിക്കുകയാണ് ഏറ്റവും നീചമായ പ്രവർത്തി ഒഴിഞ്ഞ ബിയർ കുപ്പികൾ കാടിനുള്ളിൽ വലിച്ചെറിഞ്ഞു പൊട്ടിക്കലാണ്”

*ജയമോഹൻ*

ആ ഒരു പേര് കണ്ടതിനാൽ മാത്രം വായിച്ചു തുടങ്ങിയ പുസ്തകം. നൂറു സിംഹസനങ്ങൾ ഇപ്പോഴും മനസ്സിൽ കിടന്ന് വിങ്ങുന്നതിനാലാകും ജയമോഹനെന്നെ പേരിൽ ഞാൻ പെട്ടെന്ന് വീണു പോയത്

പക്ഷെ ഈ പുസ്തകം വായിച്ചു തുടങ്ങി അവസാനിപ്പിച്ചപ്പോഴേക്കും ജയമോഹൻ എന്ന പേര് എന്റെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായി. പകരം ഡോക്ടർ വി കൃഷ്ണാമൂർത്തി എന്ന പേര് മാത്രം. ആനമലയിലെ ഡോക്ടർ കെ,

ആന ഡോക്ടർ!

ഈ കൊച്ചു പുസ്തകം ആനഡോക്ടറുടെ ജീവിതകഥയാണ്. തമിഴകത്തിലെ പ്രധാന മൃഗ ഡോക്ടറും വന സംരക്ഷകനുമായിരുന്ന വി കൃഷ്ണമൂർത്തി ആനമല കടുവ സങ്കേതത്തോട് ചേർന്ന ടോപ്സ്ലിപിൽ താമസിച്ചു ആനകൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഡോക്ടറാണ്.

കാടിൽ മരിച്ചു വീഴുന്ന എല്ലാ മൃഗങ്ങളെയും പോസ്റ്റ്‌ മോർട്ടം ചെയ്യണം എന്ന നിയമം കൊണ്ട് വരാൻ വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. അത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കാടകത്തിൽ ‘സ്വാഭാവിക മരണം’ സംഭവിക്കുന്ന ജീവികളിൽ ഭൂരിഭാഗവും മനുഷ്യന്റെ ക്രൂരവിനോദങ്ങളുടെ ഇരയാണ് എന്ന് മനസ്സിലാകുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റ് ഭക്ഷിച്ചു അത് വയറ്റിൽ ദഹിക്കാതെ കിടന്നു വയറു പഴുത്തു മരിക്കുന്നവ, ബിയർ കുപ്പികൾ കാലിൽ തുളഞ്ഞു കയറി വൃണം പഴുത്തു ദാരുണന്ത്യം സംഭവിക്കുന്നവ… അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

ഡോക്ടർ കെ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാടിന്റെ നിയമം അറിഞ്ഞു കാട്ടിൽ ജീവിച്ച ആ മനുഷ്യൻ പുതിയൊരു കാടൻ സംസ്കാരം നമുക്ക് മുൻപിൽ വെക്കുന്നു. ടോപ് സ്ലിപ്പിൽ അദ്ദേഹത്തിന്റെ കൂടെ കുറച്ചു ദിവസം താമസിക്കേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ ഡോക്ടറുടെ കഥ പറയുകയാണ് ഈ കൃതിയിൽ

2002 ൽ മരണപ്പെട്ട ഡോക്ടറെ പറ്റി അധികമൊന്നും ചർച്ച ചെയ്തു കണ്ടിട്ടില്ല. ഒരു മനുഷ്യായുസ്സ് മുഴുവൻ വലിയ ബഹളങ്ങളോ അവകാശ വാദങ്ങളോ ഇല്ലാതെ ഇത്തരത്തിൽ ആത്മാർത്ഥമായി ജോലി ചെയ്ത ഒരു പറ്റം മൃഗ സ്നേഹികൾ കൂടി നമുക്ക് ചുറ്റും ജീവിച്ചിരുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം..

സാംസ്കാര സമ്പന്നരായ നമ്മൾ മലയാളികൾ കാട്ടിൽ പോകുമ്പോയെങ്കിലും നമ്മുടെ പരിപാവനമായ സംസ്കാരം മാറ്റി വെച്ച് ‘കാടൻമാർ’ ആകാൻ ശ്രദ്ധിക്കണം എന്ന സന്ദേശം കൂടി അദ്ദേഹം ബാക്കി വെക്കുന്നു

ഓരോ കൃതിയും ഓരോ യാത്രകളുടെ തുടക്കമാണെന്ന് പറയാറുണ്ട്.

ഈ പുസ്തകത്തിനൊടുവിൽ അത്തരമൊരു യാത്ര ഞാൻ ഇപ്പോൾ മനസ്സിൽ കാണുന്നു. ജീവിച്ചിരുന്ന ആനഡോക്ടറെ കാണാൻ സാധിച്ചില്ല. അദ്ദേഹം താമസിച്ച ടോപ്സ്ലിപ്പിലെ സർക്കാർ വീട് ഇപ്പോൾ ഡോക്ടറുടെ സ്മാരകമാണ്.

 

സുഹൈൽ സുഗു

ആകാംക്ഷാ രോഗം

ഏതു പ്രായക്കാർക്കും ഉണ്ടാകുന്ന ഒരു രോഗമാണ് ആകാംക്ഷാ രോഗം (Anxiety disorders). എന്തെങ്കിലും കാര്യങ്ങളിൽ ആകാംക്ഷയില്ലാത്തവരായി ആരും തന്നെയില്ല. അതുകൊണ്ടുതന്നെ ഇതിനെ രോഗമായി കാണുവാൻ അധികമാർക്കും കഴിയാറുമില്ല. എന്നാൽ ഈ ആകാംക്ഷ നമ്മുടെ ജീവിതത്തിൽ വില്ലൻ ആയാലോ? നമ്മുടെ ജോലി, പഠനം, ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിച്ചാലോ? തീർച്ചയായും അപ്പോൾ ഇതൊരു ഗുരുതര പ്രശ്‌നമായി മാറും എന്നതിൽ സംശയമുണ്ടാകാനിടയില്ല.

ഭയം തന്നെയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണം. അപ്രതീക്ഷിതമായോ, തുടർച്ചയായോ, ഉണ്ടാകുന്ന ഭയം, അതിനനുബന്ധമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ. കൈകാലുകൾ വിറയ്‌ക്കുക, നെഞ്ചിടിപ്പ് കൂടുക, മയക്കമുണ്ടാകുക, ശ്വാസതടസമുണ്ടാകുക, ടോയ്‌ലെറ്റിൽ പോകാൻ തോന്നുക തുടങ്ങി പലതരം അസ്വസ്ഥതകൾ ഉണ്ടാകാം. സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത ഒരവസ്ഥ എന്ന് വേണമെങ്കിൽ പറയാം. ചിലരിലാകട്ടെ ചുണ്ടും വായും വരളുക, ഛർദിക്കാൻ വരിക, മാംസപേശികൾ വലിഞ്ഞുമുറുകുക തുടങ്ങിയവയായിരിക്കും ലക്ഷണങ്ങൾ.

ആകാംക്ഷാ രോഗങ്ങളും പാരമ്പര്യമായിട്ടാണ് കണ്ടുവരുന്നത്. ജീവിത സാഹചര്യങ്ങളും സമ്മർദ്ദങ്ങളും ഇതിന്റെ പ്രശ്‌നങ്ങൾക്ക് തീവ്രത കൂട്ടുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ, ഗുരുതരമായ ശാരീരിക രോഗങ്ങൾ തുടങ്ങിയവ ഈ രോഗാവസ്ഥയെ ഗുരുതരമാക്കിയേക്കാം. കൗമാരക്കാരുടെ ഇടയിലും ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. നാഡീ വ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ചില രോഗങ്ങളും ഇതിന്റെ പുറകിൽ ഉണ്ടാകാം. ബെൻസോ ഡിയസിപാം പോലുള്ള ചില മരുന്നുകൾ, കഫീൻ, മദ്യം തുടങ്ങിയവയും ആകാംക്ഷാ രോഗങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു. ഗാബ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തലച്ചോറിലെ ഒരു രാസവസ്‌തുവിന്റെ അളവ് കുറയുമ്പോഴാണ് നമുക്ക് ഈ അസ്വസ്ഥകൾ ഉണ്ടാകുന്നത്. തലച്ചോറിലെ അമൈഗ്‌ദാല എന്നറിയപ്പെടുന്ന ഭാഗമാണ് ഭയവും ആകാംക്ഷയും ഉണ്ടാക്കുന്നത്. ഇതിന്റെ പ്രവർത്തന വൈകല്യവും ഈ രോഗത്തിന്റെ കാരണമാണ്. തലച്ചോറിന്റെ മറ്റുചില ഭാഗങ്ങൾക്കും ഇതിൽ പങ്കില്ലാതില്ല.

ആകാംക്ഷാ രോഗങ്ങൾ പലവിധത്തിൽ തരം തിരിക്കപ്പെട്ടിട്ടുണ്ട്. താഴെ പറയുന്നവയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങൾ.

ജെനറലൈസ്ഡ്ആങ്സൈറ്റി ഡിസോർഡർ (Generalized Anxiety Disorder)

മാസങ്ങളോളം തുടർച്ചയായ ഭയവും ആകാംക്ഷയുമാണ് മുഖ്യ ലക്ഷണങ്ങൾ. ശരീരത്തളർച്ച, ഒന്നിലും ശ്രദ്ധിക്കാനാകാത്ത അവസ്ഥ, വിഷമം നിയന്ത്രിക്കാൻ കഴിയാതാകുക, ഉറക്കം കിട്ടാതിരിക്കുക, അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

പാനിക് ഡിസോർഡർ (Panic Disorder)

പൊടുന്നനെ ഉണ്ടാകുന്ന ഭയം ആണ് ഇതിന്റെ മുഖ്യ ലക്ഷണം. സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന തോന്നൽ, അടുത്തുവരാൻ പോകുന്ന അവസ്ഥയെക്കുറിച്ചുള്ള ശക്‌തമായ ഭയം. മുൻ അനുഭവങ്ങളിൽ നിന്നും ഇത്തരം അവസ്ഥയുണ്ടാക്കിയ സ്ഥലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക. അല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ ഭയമുണ്ടാകുക തുടങ്ങിയവയാണിതിന്റെ ലക്ഷണങ്ങൾ.

സോഷ്യൽ ആങ്സൈറ്റി ഡിസോർഡർ (Social Anxiety Disorder)

ആൾക്കൂട്ടത്തെ ഭയപ്പെടുക, ആളുകളെ അഭിമുഖീകരിക്കുവാൻ ഭയം, ആളുകൾ തന്നെയാണ് നോക്കുന്നതെന്നും, തന്നെക്കുറിച്ചാണ് പറയുന്നതെന്നും തോന്നുക, സുഹൃത്തുക്കളുമായി ഇടപഴകാനാകാതെ വരിക, ജോലിക്കോ പഠനത്തിനോ പോകാൻ കഴിയാതെ വരിക, ആളുകളുടെ സാന്നിധ്യത്തിൽ മറ്റു ചില രോഗങ്ങൾ ഉള്ളതായി തോന്നുക തുടങ്ങിയവയാണ് ഇവയുടെ ലക്ഷണം.

സ്പെസിഫിക് ഫോബിയ (Specific Phobia)

ചില പ്രത്യേക സാഹചര്യങ്ങളോടും സാധനങ്ങളോടും ഉള്ള ഭയമാണിത്. ഉയരത്തിൽ കയറാനോ ഉയരത്തിൽ നിന്ന് നോക്കാനോ ഭയം, വിമാനയാത്ര ചെയ്യാൻ ഭയം, ലിഫ്റ്റിൽ കയറാൻ ഭയം, അടച്ച മുറിയിൽ ഭയം, തുറസ്സായ സ്ഥലം ഭയം തുടങ്ങി ഒട്ടേറെയുണ്ട് പട്ടികയിൽ.

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder)

ഒരിക്കൽ അനുഭവിച്ച ഒരു സമ്മർദ്ദം വീണ്ടും വീണ്ടും സങ്കൽപ്പത്തിൽ സൃഷ്‌ടിച്ചെടുക്കുന്നു എന്നതാണ് ഈ രോഗാവസ്ഥ. ഒരിക്കൽ ഉണ്ടായ ഒരു അപകടം, അതിന്റെ നടുക്കം വിട്ടുമാറാതിരിക്കുക, ഇടയ്ക്കിടയ്ക്ക് അത് അനുഭവഭേദ്യമാകുക എന്നതാണീ രോഗത്തിന്റെ പ്രത്യേകത. കുട്ടിക്കാലത്തു ശാരീരികമായോ മാനസികമായോ ദുര്യുപയോഗം ചെയ്യപ്പെട്ടത് , ബലാത്‌സംഗം ചെയ്യപ്പെട്ടത്, ഗുരുതരമായ ഒരപകടം, ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എന്തുമാകാം ഇതിന്റെ പിന്നിൽ.

സെപ്പറേഷൻ ആങ്സൈറ്റി ഡിസോർഡർ (Separation Anxiety Disorder)

കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. അടുത്ത ബന്ധങ്ങളിൽ നിന്നും വേർപിരിയുന്നതിന്റെ പ്രശ്‌നങ്ങൾ തന്നെ. ഏഴു ശതമാനം മുതിർന്നവരേയും നാല് ശതമാനം കുട്ടികവിളേയും ഇത് ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് ഇത്തരം വേർപിരിയലുകളെ ഉൾക്കൊള്ളാൻ കഴിയുന്നതെന്നും ഓർക്കണം.

സിറ്റുവേഷണൽ ആങ്സൈറ്റി (Situational Anxiety)

പുതിയ സാഹചര്യങ്ങളുമായോ മാറ്റങ്ങളുമായോ ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണിത്. ഇത്തരക്കാർക്ക് ചില സാഹചര്യങ്ങളിൽ പാനിക് അറ്റാക്കിനു തുല്യമായ അവസ്ഥയാണുണ്ടാകുക.

ഒബ്സസ്സീവ് കമ്പൽസീവ് ഡിസോർഡർ (Obsessive Compulsive Disorder)

ഈ അടുത്തകാലങ്ങളിൽ കൂടുതലായി കേൾക്കുന്ന ഒരു രോഗമാണിത്. എന്താണെന്നറിയില്ലെങ്കിലും മിക്കവർക്കും സുപരിചിതമായ ഒരു രോഗമാണിത്. ചില ചിന്തകൾ രോഗിയുടെ അനുവാദമില്ലാതെ കടന്നു വരികയും അതിനോടനുബന്ധമായ ചില പ്രവർത്തനങ്ങൾക്ക് നിർബന്ധിതരാക്കുകയും ചെയുന്ന അവസ്ഥ. മിക്കവർക്കും ഇത് വൃത്തിയുടേയും സംശയത്തിന്റെയും ഭാവത്തിലാണ് കടന്നു വരുന്നത്. എത്ര കഴുകിയാലും വൃത്തിയാകുന്നില്ല എന്ന തോന്നൽ വീണ്ടും വീണ്ടും കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കും. വീട് പൂട്ടിയോ, ഗ്യാസ് ഓഫ് ചെയ്‌തോ തുടങ്ങിയ സംശയങ്ങളും രോഗിയെകൊണ്ട്  വീണ്ടും വീണ്ടും പരിശോധിപ്പിച്ചുകൊണ്ടിരിക്കും.

സെലക്റ്റീവ് മ്യൂട്ടിസം (Selective Mutism)

നന്നായി സംസാരിക്കുന്ന ഒരാൾ ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും ആവശ്യമുള്ളപ്പോൾ വാക്കുകൾ കിട്ടാതെ, സംസാരിക്കാനാകാതെ കഷ്‌ടപ്പെടുന്ന ഒരവസ്ഥയാണിത്.

ഇത്രയും ആകാംക്ഷ രോഗങ്ങൾ വിവരിച്ചതിൽ നിന്നും അത് അനുഭവിക്കുന്ന വ്യക്‌തിക്കുണ്ടാകുന്ന പ്രശ്‌നങ്ങളുടെ തീവ്രത മനസ്സിലാക്കിക്കാണുമല്ലോ. മറ്റേതു മാനസിക രോഗങ്ങളുമെന്നപോലെ ചികിൽസിക്കപ്പെടേണ്ട ഒരു രോഗം തന്നെയാണിതും. മരുന്നുകൾക്ക് ഇതിൽ ഗുണപ്രദമായ പങ്കുണ്ട്. തലച്ചോറിലെ രാസവസ്‌തുക്കളുടേയും ചില ഭാഗങ്ങളുടേയും പ്രവർത്തന നിയന്ത്രണം മരുന്നുകൾ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ ഹോമിയോപ്പതി മുരുന്നുകൾക്കുള്ള പ്രസക്‌തി ഞാൻ മൂന്നധ്യായങ്ങളിൽ വിവരിച്ചിരുന്നു. അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്നുണ്ട് സൈക്കോതെറാപ്പിയും. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും മൈൻഡ് ഫുൾനെസ് തെറാപ്പിയുമാണ് ഇതിൽ പ്രാധാന്യമർഹിക്കുന്നത്. മദ്യം, കഫീൻ, പുകവലി തുടങ്ങിയവയുടെ നിയന്ത്രണവും ചികിത്‌സക്ക് അനിവാര്യമാണ്.

 

ഡോ സുനീത് മാത്യു

എതിര് : ആത്മകഥ… എം. കുഞ്ഞാമൻ.

ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം 

ജീവിതത്തോടു പൊരുതി ജയിച്ച ആൾ എന്നു സമൂഹം വിലയിരുത്തിയപ്പോൾ ,പൊരുതി തോറ്റു പോയ ആളാണ് ഞാനെന്ന് അദ്ദേഹം സ്വയം വിധിയെഴുതി 3.12.2023 ന് ആത്മഹത്യ ചെയ്തു. ജീവിതം നൽകിയ ദു:ഖാനുഭവങ്ങളെ അദ്ദേഹം കുടഞ്ഞു കളഞ്ഞില്ല. അവസാന നിമിഷം വരെ കൂടെ നിർത്തി. മറന്നു പോയെങ്കിലോ എന്നു കരുതി അരുമയോടെ താലോലിച്ചു .അത്തരമൊരു താലോലിക്ക ലാ ണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ .അനീതിയ്ക്കു മുമ്പിൽ അനുസരണയോടെ തല കുനിച്ചു നിൽക്കുകയല്ല വേണ്ടത്, എതിർത്ത് തോൽപ്പിക്കാൻ ശ്രമിക്കണം എന്ന് അദ്ദേഹം വരും തലമുറയെ ഓർമപ്പെടുത്തുന്നു.

ഇരുട്ടും പേടിയും വിശപ്പും നിറഞ്ഞൊരു ഭൂതകാലമുണ്ട് കുഞ്ഞാമൻ്റെ മനസിൽ.പട്ടാമ്പിക്കടുത്ത് വാടാനം കുറിശ്ശിയിലാണ് കുഞ്ഞാമൻ്റെ വീട്. വീടെന്നു പറയരുത്, അതൊരു ചാളയെന്ന് കുഞ്ഞാമൻ. അച്ഛൻ കന്നുപൂട്ടാൻ പോകും.സമുദായത്തിൻ്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീടുകളിൽ സദ്യയും അടിയന്തരവുമുണ്ടാകുമ്പോൾ ഇലമുറിച്ചു കൊടുക്കും.സദ്യ കഴിഞ്ഞാൽ എച്ചിൽ എടുക്കും.സഹപാഠികൾ കാൺകെ എച്ചിലെടുക്കുന്നതും കഴിക്കുന്നതും അപകർഷതയുണ്ടാക്കി.വിശപ്പിനു മുമ്പിൽ അഭിമാനം കീഴടങ്ങും. പതിനാലു വയസ്സുള്ളപ്പോഴാണ് ഒരു ജന്മി കുടുംബത്തിൻ്റെ അരികുപറ്റി നിന്നു.കഞ്ഞിക്കാണ്‌. അവർ മുറ്റത്തിനു വെളിയിൽ കുഴി കുത്തി ഇലയിട്ട് കഞ്ഞി അതിൽ ഒഴിച്ചു കൊടുത്തു.മറ്റൊരാൾകൂടി കഞ്ഞിക്കായി കാത്തിരുപ്പുണ്ടായിരുന്നു. ഒരു തടിയൻ പട്ടി.പട്ടി കുഞ്ഞാമനെ കടിച്ചു മാറ്റി കഞ്ഞി കുടിച്ചു.വിശപ്പ്‌ രണ്ടുപേർക്കും ഒരു പോലെയാണ്.കുഞ്ഞാമൻ സ്വയം ആശ്വസിച്ചു.

പുസ്തകവും സ്ളേറ്റുമില്ലാതെ.ഒരുഷർട്ടുപോലുമില്ലാതെയാണ് സ്ക്കൂളിൽ പോയിരുന്നത്‌. സ്ക്കൂളിൽ ചില ദിവസങ്ങളിൽ കഞ്ഞിയുണ്ടാകും. ആ കഞ്ഞിയാണ് സ്കൂളിലേക്കാകർഷിക്കുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. അധ്യാപകൻ പാണൻ എന്ന ജാതിപ്പേരാണ് വിളിക്കുക.. സാർ എന്നെ ജാതിപ്പേർ വിളിക്കരുത്. കുഞ്ഞാമൻ എന്നു വിളിക്കണം .. മൂന്നാം ക്ലാസുകാരൻ പ്രതിഷേധിച്ചു. അധ്യാപകൻ മുഖത്തടിച്ചു.കഞ്ഞി’ കുടിക്കാൻ മാത്രമാണ് വരുന്ന തെന്ന് അധിക്ഷേപിച്ചു.കുഞ്ഞാമൻ പിന്നീട് ആ സ്കൂളിൽ നിന്നു കഞ്ഞി കുടിച്ചില്ല. ഉച്ച സമയത്ത് മറ്റു കുട്ടികൾകഞ്ഞി കുടിക്കുമ്പോൾ പ്ലാവിൻ്റെ തണലിൽ പോയി ഇരുന്നു. അടിച്ച അധ്യാപകൻ തന്നെ നിർബ്ബന്ധിച്ചു.. കുഞ്ഞാമാ കഞ്ഞി കുടിക്ക് ..
“വേണ്ട സാർ.ഇനിയെനിക്ക് കഞ്ഞി വേണ്ട.” കുഞ്ഞാമൻ്റെ തീരുമാനം ഉറച്ച തായിരുന്നു.

സ്കൂളിൽ ഉപ്പുമാവുണ്ടാക്കുന്ന ലഷ്മിയേടത്തി കുറച്ച് ഉപ്പുമാവ് കടലാസിൽ പൊതിഞ്ഞ് ആരും കാണാതെ കുഞ്ഞാമനു കൊടുക്കും. കുഞ്ഞാമൻ മൂത്രപ്പുരയിൽ പോയിരുന്ന് അത് കഴിക്കും.ഹൈസ്കൂളിൽ പഠിക്കുന്ന കുഞ്ഞാമന് ഉപ്പുമാവിന് അർഹതയില്ലായിരുന്നു.
കഞ്ഞി കുടിക്കാനാണോ സ്കൂളിൽ വരുന്ന തെന്ന ചോദ്യം ഒരു മുറി വായി കുഞ്ഞാമൻ്റെ മനസിൽ കിടന്നു.കഞ്ഞി കുടിക്കാനല്ല’: പഠിക്കാനാണ് വരുന്ന തെന്ന് കുഞ്ഞാമന് സ്വയം ബോധ്യപ്പെടുത്തേണ്ടിയിരുന്നു .വാടാനം കുറിശ്ശിയിലെ വായനശാലയിൽ നിന്നു പുസ്തകങ്ങൾ എടുത്തു വായന തുടങ്ങി.പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി.ഒരു കഴുതയെപ്പോലെ ഞാൻ അധ്വാനിക്കുകയായിരുന്നു എന്ന് കുഞ്ഞാമൻ ഓർത്തെടുക്കുന്നു.
പാലക്കാട് വിക്ടോറിയ കോളേജിൽ തുടർ പഠനം. അക്കാലത്ത് സഹായിച്ചവരും ആക്ഷേപിച്ചവരുമുണ്ട്. ഹോസ്റ്റലിൽ മുറിയിൽ കൂടെ താമസിക്കുന്ന കുട്ടിയോട് കാസർഗോഡു നിന്നു വന്ന പെൺകുട്ടി ചോദിക്കുന്നു .. ആ ബെഗ്ഗറുടെ കൂടെയോ? കുഞ്ഞാമൻ ആ പെൺകുട്ടിയെ കണ്ടു പറഞ്ഞു “കുട്ടി പറഞ്ഞതു ശരിയാണ്. ഞാൻ മാത്രമല്ല എൻ്റെ സമുദായം മുഴുവൻ ബെഗ്ഗേഴ്സ് ആണ്. പ്രീഡിഗ്രിയ്ക്ക് ക്ലാസുണ്ടായിരുന്നു.ബി എ കഴിഞ്ഞ് എം.എയ്ക്കു അവിടെത്തന്നെ പഠിച്ചു.ഒന്നാംറാങ്കോടെ പാസായി. അന്നു കിട്ടിയ സ്വർണ മെഡൽ പിറ്റേ ദിവസം തന്നെ പണയം വെച്ചു. അധികം വൈകാതെ വിൽക്കേണ്ടിയും വന്നു. കുഞ്ഞാമൻ പറയുന്നു .. എൻ്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളാണ്.. ദാരിദ്ര്യം. ഭയം.. അപകർഷത .. ആത്മവിശ്വാസമില്ലായ്മ .. ധൈര്യമില്ലായ്മ ..

അദ്ദേഹത്തിൻ്റെ ചില നിരീക്ഷണങ്ങൾ

1. ഉയർന്ന ജാതിക്കാർക്ക് ജാതി എപ്പോഴും മേൽക്കോയ്മയുടെ അടയാളമായിരിക്കും. താഴ്ന്ന ജാതിക്കാർക്ക് അത് അപമാനത്തിൻ്റെയും അപകർഷതയുടെയും .
2. ആനുകൂല്യം ശക്തൻ അശക്തനു കൊടുക്കുന്ന ദാക്ഷിണ്യമാണ്‌
3. നീതിന്യായ വ്യവസ്ഥ എന്നാൽ നീതിക്കുള്ള വ്യവസ്ഥയല്ല, ന്യായത്തിനുള്ള വ്യവസ്ഥയാണ്.
4. ഞങ്ങൾക്കു ലഭിച്ചത് ചില ആനുകൂല്യങ്ങളാണ്.മറ്റുള്ളവർക്കു ലഭിച്ചത് അവകാശങ്ങളാണ്.
5. ചിലർ നിയമ വ്യവസ്ഥയ്ക്കു വിധേയരാണ്.മറ്റു ചിലർ അതീതരാണ്. വേറെ ചിലർ നിയമ രഹിതമായി നിയന്ത്രിക്കപ്പെടുന്നു.

കുഞ്ഞാമൻ തിരുവനന്തപുരത്ത് സി ഡി എസ്സിൽ എം.ഫിലിനു ചേരുമ്പോൾ സി ഡി എസ് മേധാവിയായിരുന്ന ഡോ.കെ.എൻ.രാജിനോടു പറയുന്നുണ്ട്… താങ്കൾ എൻ്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്കൂൾ ഫൈനൽ പാസാവില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്ത് യി രുന്നെങ്കിൽ നോബൽ സമ്മാന ജേതാവാകുമായിരുന്നു ..

അഞ്ചിലധികം പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവായിരുന്നു കുഞ്ഞാമൻ.27 വർഷം കാര്യവട്ടം കാമ്പസിൽ അധ്യാപകൻ .. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രൊഫസർ .. എല്ലാ നേട്ടങ്ങൾക്കുമിടയിലും നൈരാശ്യവും ആത്മഹത്യാ പ്രേരണയും ഇടയ്ക്കു തല നീട്ടി.ആരോടും പരിഭവമില്ലാതെ.. ആർക്കുമിതിൽ പങ്കില്ലെന്നു പറഞ്ഞ് ജീവിതത്തോടു വിടപറഞ്ഞു..

 

വിലാസിനി രാജീവൻ

ഇസഡോറ

ഇസഡോറാ…
ചിലങ്കകെട്ടിയ
നിന്റെചുവടുകളിൽ,
അല്ല ,
നൃത്തവിചാരങ്ങളുടെ
വിസ്മയങ്ങൾക്കൊപ്പം
നീ മറന്ന
നിന്റെകുട്ടികൾ !

പ്രിയ സിംഗർ …
നിന്റെ അശ്രദ്ധയുടെ
അഭിശാപമായ്
നഷ്ടപ്പെട്ട
രണ്ട് കുരുന്നുജീവനുകൾ !

അത് പക്ഷേ,
ഒരമ്മയുടെ
മനോവ്യഥകളിൽ
ജീവിതത്തിന്റെയും
മരണത്തിന്റെയുമിടയിലെ
നൂൽപ്പാലത്തിന്റെ
നേർത്തു വരുന്ന
ഇഴകളായിരുന്നു !

ഇസഡോറാ…
സെൻനദിയിൽ
താഴ്ന്നു താഴ്ന്നു
തണുത്തുറയുമ്പോൾ
നിന്റെകുഞ്ഞുങ്ങൾക്ക്
വിശക്കുന്നുണ്ടായിരുന്നോ ?

ഇസഡോറാ…
ശാന്തമെന്നു തോന്നിപ്പിക്കുന്ന
വിഷാദസാഗരംപോലെ,
സെൻനദിയുടെ
അടിത്തട്ടിൽ രൂപംകൊണ്ട്
ഉയർന്നുവന്ന
ഭീമാകാരങ്ങളായ
ചുഴികളായി
അത് നിന്നെത്തന്നെ
ചുഴറ്റിയെടുത്ത്
വലിച്ചു കൊണ്ടുപോയതോ?

കാർച്ചക്രങ്ങളുടെ കിതപ്പില്ലാത്ത
പാച്ചിലുകളിലും
നിന്റെ കഴുത്തിലുമായ്
മുറുക്കിക്കെട്ടിയ സ്കാർഫ് !
നിന്റെ നീതിയുടെ
അടയാളത്തിന്റെ
പ്രഖ്യാപനമായിരുന്നോ ?

മരണം സ്വീകരിച്ച്
കുരുന്നുകൾക്കൊപ്പം
ചെന്നുചേരാൻ വെമ്പിയ
മാതൃഹൃദയത്തിന്റെ
സ്പന്ദനങ്ങളിൽ
സെൻനദിയും
പിന്നെ –
രണ്ടു കുരുന്നു മുഖങ്ങളും
മാത്രമായിരുന്നു !

ഹാ! സിംഗർ
ഹതഭാഗ്യനായ നീയോ…
കറുത്തജീവിതത്തിന്റെ
അർത്ഥം തേടുകയായിരുന്നോ ?

 

അജികുമാർ നാരായണൻ

ഹരമായി …. മൂകാംബിക

വർത്തമാനം പറയാൻ പിശുക്ക് കാണിക്കാത്ത ഞാൻ സംസാരിച്ചിരിക്കാൻ ആളില്ലാതെ ഒറ്റക്ക് ഇടയ്ക്ക് യാത്രക്കിറങ്ങുന്നത് അതിൽ വേറെ ഒരു രസമുണ്ട് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്.

യാത്രയുടെ ഗിയർ ആരോടും ചോദിക്കാതെ തന്നെ മാറ്റാം. ഈ യാത്രയിൽ വഴിയിൽ എവിടെയെങ്കിലും വച്ച് വേറെ ഒരാൾ ഒപ്പം കൂടും എന്നുറപ്പുണ്ടായിരുന്നു. ആള് കൂടെയുണ്ട്.കൂടെ തന്നെയുണ്ട്..

മഴ ഇന്നത്തെ എൻ്റെ ചങ്ങാതി. വർഷത്തിൽ രണ്ടു തവണ വരുമെങ്കിൽ,,ഒരു തവണ ഇയാളുടെ സൗകര്യം നോക്കി ഞാനിങ്ങെത്തും. ഇത്തവണ കുറച്ച് വൈകിയെന്നു മാത്രം.

എന്നോട് ചേർന്നങ്ങനെയുണ്ട്.. വിടാതെ. വല്ലാത്ത ഒരിഷ്ടം ഇടയ്ക്ക് ആള് കാണിച്ചപ്പോൾ കുടയുടെ ഒരു കമ്പി ഒടിഞ്ഞു. മഴയുള്ളപ്പോൾ ഈ അമ്പലമുറ്റത്തെ അന്തരീക്ഷത്തിന് ഒരു പ്രത്യേക ഭംഗിയാണ്.

മഴക്കാലത്ത് യാതൊരു തിരക്കുമില്ലാത്ത ഇവിടത്തെ ഇടവഴികളിലൂടെ വെറുതെയൊന്നു നടന്നു നോക്കണം.

നിറഞ്ഞൊഴുകുന്ന സൗപർണ്ണികയുടെ ആ യാത്രയുടെ ആഹ്ളാദ ആരവങ്ങൾ കേട്ടങ്ങനെ നില്ക്കണം. പറ്റിയാലൊന്നു മുങ്ങി നിവരണം.പുഞ്ചിരിയോടെ തണുത്തൊന്ന് വിറയ്ക്കണം.

മഴക്കാലത്ത് കുടജാദ്രിമല കയറണം. വേറിട്ട ഒരനുഭവം കാത്തിരിപ്പുണ്ട്. അട്ടയെ ശ്രദ്ധിച്ചു കയറുന്ന ഒരു മഴക്കാലത്ത് ഒറ്റപ്പെട്ടു പോയിട്ടുണ്ട്. മുന്നിലും പിന്നിലും ആളില്ലാതെ. ആളുകൾ വരുന്നതുവരെ കാത്തു നില്ക്കണോ അതോ കയറണോ,തിരിച്ചിറങ്ങി നോക്കണോ എന്ന് ശങ്കിച്ചു നിന്നിട്ടുണ്ട്. പിൽകാലത്ത് ആ അനുഭവമൊരു വെളിച്ചമേൽകിയിട്ടുണ്ട്.

ഇടിമിന്നലില്ലാത്ത മഴക്കാലം കുടജാദ്രിമലയിൽ ആസ്വാദ്യമായ ഒരു കാഴ്ചയൊരുക്കും. മഴയും,തണുത്ത കാറ്റും ചേർന്ന പ്രകൃതിയുടെ വോൾട്ടേജ് കുറഞ്ഞ ഒരു സുന്ദരമുഹൂർത്തമുണ്ട്. ആഹാ.. അനുഭവിച്ചറിയേണ്ടയൊന്ന്.

ചുട്ടുപൊള്ളുന്ന ഈ നട്ടാപ്ര വെയിലത്ത് കൊല്ലൂര് എങ്ങനെ മഴയെന്നല്ലേ?? മഴയൊന്നുമില്ല.,

ഓർമ്മകളിലാണ് മഴ നിന്നു പെയ്യുന്നത്.. ഓർമ്മകളിലാണ് ഇഷ്ടപ്പെട്ട കൊല്ലൂരിലെ മഴക്കാലം കടന്നു വന്ന് പെരുമ്പറ കൊട്ടുന്നത്. 24 തവണ താണ്ടി കഴിഞ്ഞ മൂകാംബിക യാത്രയുടെ നിർത്താതെ ഓടി കളിക്കുന്ന ഓർമ്മകളെ,, രസങ്ങളെ അവിടന്നും ഇവിടന്നുമായി പിടിച്ചു കൊണ്ട് വന്ന് കൂട്ടി വയ്ക്കുന്നതാണിവിടെ.

അതിൽ അടുക്കും ചിട്ടയും ഉണ്ടായികൊള്ളണമെന്നില്ല. സാഹചര്യവും കാലാവസ്ഥയുമൊക്കെ രംഗബോധമില്ലാതെ കടന്നു വരാം. ചുരുക്കി പറഞ്ഞാൽ ഒരു വെപ്രാളമയം കാണാമെന്നേ.. മൂകാംബിക യാത്രയെക്കുറിച്ച് ആരെന്ത് ചോദിച്ചാലും എന്നിൽ കടന്നു വരുന്ന അതേ വെപ്രാളം വാക്കുകളിൽ, വാചകങ്ങളിൽ കടന്നു വരുന്നതറിയുന്നുണ്ട്.

മൂകാംബിക ക്ഷേത്രം തൃശൂർ അടുത്തായിരുന്നുവെങ്കിൽ ഇത്ര തവണ പോകുമായിരുന്നോ എന്ന ചോദ്യം നേരിടേണ്ടി വന്നാൽ പെട്ടെന്ന് ഒരു ഉത്തരം പറയാൻ എനിക്ക് വിഷമിക്കേണ്ടി വരും. കാരണങ്ങൾ പലതായതു കൊണ്ടു തന്നെ. ഒരുപാട് പറഞ്ഞതും, പറയാൻ ഇഷ്ടപ്പെടാത്തതുമായ പലതും മുന്നിലുണ്ട്.

ചിലതെന്നും നമ്മിലുറങ്ങണം… നമ്മളിൽ ചേർന്നു മാത്രമങ്ങനെ ഉറങ്ങണം.

പിന്നെ,,പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല എന്നു മനസ്സു പറയുന്നതൊന്നും തുറന്നു വിടരുത്. ലക്ഷ്യത്തിലെത്തില്ല എന്നുറപ്പുള്ളതൊന്നും തൊടുക്കരുതല്ലോ? ചിലത് മനപ്പൂർവ്വം വിഴുങ്ങുന്നു.

ഭക്തിക്കപ്പുറം ചിന്തിക്കുന്നവർക്ക് കാണാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്തിടമെന്ന് തോന്നാം.. എന്നാൽ,, ചുറ്റുവട്ടത്ത് ഒളിഞ്ഞിരിക്കുന്ന ചില കാഴ്ചകളുണ്ട്. ഇവിടെത്തെ ഓരോ മനുഷ്യരും കാഴ്ചകളാണ്..
അവരുടെ ദിനചര്യകൾ കാഴ്ചകളാണ്.. ഓരോ കടകളും കാഴ്ചകളാണ്.. കെട്ടിയിടാതെ, കാലത്ത് തീറ്റ തേടി പുറത്തു പോയി വൈകീട്ട് തിരിച്ചെത്തുന്ന പശുക്കൾ കാഴ്ചകളാണ്..

സ്നേഹത്തിൻ്റെ ഭാഷയിൽ മാത്രമുള്ള സംസാരങ്ങൾ,, ശബ്ദങ്ങൾ കാഴ്ചകളാണ്…(മലയാളം പറഞ്ഞാൽ മതി.. അവർക്ക് മനസ്സിലാവും.) അത്രയങ്ങ് രുചിയില്ലാത്ത ‘കേരളീയ ഭക്ഷണം’ വിളമ്പുന്ന കേരളീയ ഹോട്ടലുകളും കാഴ്ചകളാണ്. കേരളീയ ഭക്ഷണം നമുക്ക് തരാൻ കാത്തിരിക്കുന്ന അവർ പുഞ്ചിരിക്കുന്ന കാഴ്ചകളാണ്.

ഒരു ലിറ്റർ പാലിൽ 3 ലിറ്റർ വെള്ളമൊഴിച്ച് ചൂടാക്കി പാൽചായ തന്ന് പറ്റിക്കപ്പെടുന്ന മലയാളീസിന് ഇവിടെത്തെ ചെറിയ ഗ്ലാസിലെ വലിയചായ കാഴ്ചകളാണ്…

സിന്ദൂരം തൊട്ട കല്ല്യാണം കഴിയാത്ത പെൺകുട്ടികൾ കാഴ്ചകളാണ്… കവുങ്ങിൻപൂവിൻ്റെ കതിർ തലമുടിയിൽ തിരുകി,, റോസാപൂവ് വച്ച പവറു കാണിക്കുന്ന സ്ത്രീകൾ കാഴ്ചകളാണ്.

സാധാരണ ഗതിയിൽ ഒരു അപരിചതനെ കണ്ടാൽ പ്രത്യേകിച്ച് ഒന്നും മനസ്സിലാവില്ല. അയാളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അയാളെ കാണാനാവുന്നത്.. മനസിലാവുന്നത്. അല്ലെങ്കിൽ,, അത് വെറുമൊരു നോട്ടം കൊണ്ടവസാനിക്കും. ഇവിടെ അങ്ങനെയാണ്. വെറുതെയങ്ങ് നോക്കിയാൽ ഒന്നും കാണാനാവില്ല. പ്രിയപ്പെട്ട ഒരു സ്ഥലമായി മാറിയത് ആഴ്ന്നിറങ്ങി നോക്കിയപ്പോഴാണ്.

ആദ്യമായി ഇവിടേക്ക് വന്നപ്പോൾ കുന്ദാപുര റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയത്. ബൈന്ദൂർ സ്റ്റേഷൻ അന്നില്ല. ബൈന്ദൂർ സ്റ്റേഷൻ തുടങ്ങുന്നതും അവിടന്നിങ്ങോട്ടുള്ള സ്റ്റേഷൻ്റെ വളർച്ചയിലും മൂകസാക്ഷികളിൽ ഒരാളായി ഞാനുമുണ്ട്.

വർഷങ്ങൾക്ക് മുമ്പ് നേത്രാവതിയിൽ ബൈന്ദൂരെന്ന ചെറിയ സ്റ്റേഷനിൽ 1.30 am വന്നിറങ്ങി ഒരു ചെറിയ ബെഞ്ചിൽ നേരം പുലരുന്നത് നോക്കി കാത്തു കിടന്നിട്ടുണ്ട്..പല തവണ. കൊതുകുകടിയും, തണുപ്പും
ടാക്സി ഡ്രൈവർമാരുടെ ഇടയ്ക്കുയരുന്ന കലപിലയും, നല്ല ഇരുട്ടും മാത്രം കൂട്ടിനുണ്ടാകും.

വന്നിറങ്ങിയ ചെറിയകൂട്ടം ആളുകൾ കാറോ, ഓട്ടോയോ വിളിച്ച് പോയിട്ടുണ്ടാകും. ട്രെയിൻ പോയി കഴിഞ്ഞാൽ ഉണ്ടായിരുന്ന സ്റ്റേഷനിലെ വെളിച്ചവും അണഞ്ഞു പോകും. അന്നതിനെ സ്റ്റേഷൻ എന്ന് സംബോധന ചെയ്യുമാറായിട്ടില്ല. ഇങ്ങോട്ട് പോരുമ്പോൾ ആ ട്രെയിനിലാണ് ടിക്കറ്റ് കിട്ടുക.

ഇന്നും പഴയ സ്റ്റേഷനും, കാടുപിടിച്ച ബെഞ്ചു കിടന്ന സ്ഥലവും വെറുതെ ഒന്നു നോക്കി പോകും. എവിടെയെങ്കിലും വച്ച് അറിയാതെ എന്തെങ്കിലുമൊന്ന് മനസ്സിൽ കയറി കൊളുത്തിയിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല എന്ന ഓർമ്മപ്പെടുത്തലാണ് ആ തിരിഞ്ഞു നോട്ടം. അന്നത് അത്ര സുഖകരമായിരുന്നില്ലെങ്കിലും ഇന്നത് നഷ്ടബോധമാണ്.

വേണമെങ്കിൽ ടാക്സി വിളിച്ച് പോകാം. അന്ന് തിരിച്ചു വരുന്നില്ലെങ്കിൽ പിന്നെന്തിന് ഈ ധ്യതിയെന്നാണ് ചിന്തിക്കാറ്. റൂം എടുക്കുന്നതും ഒഴിയുന്നതും സൗകര്യപ്രദവുമാകില്ല. ഒരു രാത്രി പൂർണ്ണമായും മൂകാംബികയിൽ കിട്ടണം.

കാലത്ത് ബൈന്ദൂരിൽ നിന്നുള്ള ബസ് യാത്ര ഒഴിവാക്കാനും പറ്റില്ല. അതും ഈ യാത്രയുടെ അവിഭാജ്യ ഘടകമാണ്. ആ ദേശത്തെ ആളുകളോടൊപ്പമുള്ള യാത്രക്ക് കിട്ടുന്ന അവസരമെങ്ങനെ ഒഴിവാക്കാൻ.

ഒരിക്കൽ നല്ല മഴയുള്ള ഒരു വെളുപ്പാൻ കാലം. ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ബസ്റ്റാൻ്റിലെത്താം. 5.30 am ന് ഒരു കുടയും ചൂടി ഞാൻ നില്ക്കുമ്പോൾ ജോലിക്കു പോകുന്ന ഒരു സ്വദേശി അടുത്ത് വന്ന് കുശലം ചോദിച്ചു.

അയാൾ സംസാരം തുടർന്നു.. “എവിടന്നാണ്?? ബസ്സ് ഇപ്പോൾ വരില്ല. കൃത്യസമയം പറഞ്ഞു തന്നു. ഇവിടെ തന്നെ നിന്നോ.. ഒറ്റക്കാണല്ലേ.??? നാട്ടിൽ മഴയുണ്ടോ??”

ഇങ്ങനെ പലതും അയാൾ ചോദിച്ചും പറഞ്ഞും കൊണ്ടേയിരുന്നു. ഒപ്പം സ്നേഹത്തോടെയുള്ള ഉപദേശങ്ങളും ചേർത്തുവച്ചു. ഒരപരിചിത സ്ഥലത്തെത്തപ്പെട്ട ഒരാൾക്ക് കണ്ടറിഞ്ഞ് സഹായമേകുന്ന ഒരു നല്ല മനുഷ്യൻ. കാര്യങ്ങളൊക്കെ പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു തന്ന്, മനസിലായിട്ടുണ്ടെന്ന് ഉറപ്പു വരുത്തി റോഡിന് മറുവശത്തായി അദ്ദേഹത്തിനു പോകേണ്ട ബസ്സിനായി നടന്നു നീങ്ങി.

ഇപ്പോൾ ബസ്സില്ല എന്നെനിക്ക് അറിയാമായിരുന്നു. ഏറെക്കുറെ അയാൾ പറഞ്ഞതൊക്കെയും.
എന്നോട് കാര്യങ്ങൾ പറഞ്ഞു തരുന്ന അയാളിലെ സന്തോഷത്തെ ഒരു നിമിഷത്തേക്കു പോലും മങ്ങി പോകാതിരിക്കാൻ എന്നാലാകും വിധം ശ്രദ്ധിച്ചു. വേറൊന്നുകൊണ്ടുമല്ല.. മറ്റൊരാൾക്കും കൂടി വേണ്ടി ലാഭേച്ഛ കൂടാതെ സ്വയമേവ പ്രവർത്തിക്കുന്നവൻ,, സമയം നഷ്ടപ്പെടുത്തുന്നവൻ തലയുയർത്തി തന്നെ കടന്നു പോകട്ടെ.

അങ്ങോട്ടുള്ള യാത്രയിൽ അത്രകണ്ട് കടുത്ത കളർ ഡ്രസ്സ് ഉപയോഗിക്കാത്ത ആളുകൾ അവരുടെ ചെറിയവർത്തമാനങ്ങളുമായി ബസ്സിലേക്ക് വന്നു കയറും. നേരത്തെ പറഞ്ഞ പോലെ കവുങ്ങിൻ പൂക്കുലയുടെ കതിര് തലമുടിയിൽ തിരുകി ഓരോരോ സ്ത്രീകൾ ഇടയ്ക്കു നിന്നു കയറിവരും. നമ്മുടെ മുക്കുറ്റിക്കും, തുളസിക്കും, മുല്ലപ്പൂവിനും പകരമായിട്ടാണെന്ന് തോന്നുന്നു.. ഇത് തലമുടിയിഴകളിൽ നിക്ഷേപിക്കുന്നത്.

മുന്നോട്ടു പോകുമ്പോൾ ചെറിയ ചെറിയ വീടുകൾ കാണാം.. കടകൾ കാണാം.വിജനമായിടത്തെ ബസ് സ്റ്റോപ്പുകൾ.. സ്കൂളുകൾ.. കുട്ടികൾ. ഒരു കുട്ടി കൈ കാണിച്ചാലും ബസ്സ് നിർത്തും. അപ്പോൾ തോന്നും അടുത്ത ബസ്സിന് ഇടവേള കുറച്ചധികമുള്ളതുകൊണ്ടു മാത്രമാണെന്നാണ്. കയറിയ കുട്ടിയോടുള്ള ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റം ശ്രദ്ധിച്ചാൽ ആ നിഗമനം പാടെ തെറ്റും.

ആ ബസ്സിലെ മറ്റു യാത്രക്കാർ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അല്ലെങ്കിൽ ഒരു പടി കടന്നുള്ള പരിഗണന അവന്, അവൾക്ക് അവർ കൊടുക്കുന്നുണ്ട്.. നോക്കിയിരുന്നു പോകും. എന്നും കാണുന്ന കാഴ്ചയിൽ നിന്ന് വ്യത്യസ്തമായതെന്തും അത്ഭുതമാണല്ലോ?

ചില മാറ്റങ്ങൾ ഉണ്ടെങ്കിലും നമ്മുടെ പഴയ കാലത്തിൻ്റെ ഓർമ്മകളായി, അതിനോട് ചേർന്ന് നില്ക്കുന്ന പോലെ ഇന്നും അവിടെ ഏറെ പലതും അവശേഷിക്കുന്നുണ്ട്. നാഗരികത അധികമൊന്നും കടന്നു വരാതെ വഴിയിലെങ്ങുമതു കാണാം.

വേറൊന്നും കൂടിയുണ്ട്. അത് എടുത്തു പറയാനുള്ളതാണ്. ഇത്ര പഴയതെന്ന് നമ്മുക്ക് തോന്നിക്കാവുന്ന ജീവിതശൈലിയിൽ പോയ്കൊണ്ടിരിക്കുന്ന ഒരു ജനത ബസ്സിൽ ലിംഗഭേദമില്ലാതെ സീറ്റിലിരിക്കും. മര്യാദയോടെ. മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട്.തൊട്ടുരുമ്മി. ഞെക്കി തോണ്ടിയെന്ന ശബ്ദമൊന്നും കേൾക്കാൻ യാതൊരു സാധ്യതയുമില്ല. വിശ്വാസത്തോടെയുള്ളആ ഇരിപ്പുകണ്ടാൽ ഈ നിഗമനത്തിലാണെത്തുക. അവരെന്നും അങ്ങനെയിരിക്കട്ടെ സന്തോഷമായി.

പച്ച പരിഷ്കാരികൾക്ക് നോക്കിയിങ്ങനെ നെടുവീർപ്പിടാം. ഇവിടൊന്നും ഈ യുഗത്തിൽ സംഭവിക്കാനിടയില്ല.

അമ്പല പരിസരം കുറച്ച് മാറിയിട്ടുണ്ട്. അഡികമാർ പുറത്തേക്ക് ഭൂമി വില്ക്കാറില്ല എന്നു കേട്ടറിവുണ്ട്.
ശ്രദ്ധിച്ചാൽ അത് ശരിയാണെന്ന് തോന്നും. നല്ല തീരുമാനമാണ്. അവര് അവരുടെ ശൈലിയിൽ നീങ്ങട്ടെ. ആ ഒരു ചുറ്റുപാടിലുള്ള മൂകാംബിക അമ്മയെത്തേടിയല്ലേ യഥാർത്ഥ ഭക്തരുടെ യാത്ര. അതിനു മാറ്റം വരണ്ട.

പിന്നെ അമ്പലത്തിലെ അഡികമാർക്ക് കാശിനോട് കുറച്ച് ആക്രാന്തം കൂടിയിട്ടുണ്ട്.അതങ്ങ് ക്ഷമിക്കുന്നു. കാരണം, മനുഷ്യൻ ”മതി” യെന്ന് പൂർണ്ണമനസ്സോടെ പറയാത്ത ഒന്നേ ഈ ഭൂമിയിലുള്ളൂവെന്ന് പല തവണ എനിക്ക് തോന്നിയിട്ടുണ്ട്.. പണം. എൻ്റെ മാത്രം തോന്നലായിരിക്കാം.

സ്വാർത്ഥതയോടെ ഞാൻ ആഗ്രഹിക്കുന്നുണ്ട്.. ആ ജനതയും, ബസ്സും, കടകളും, ഗ്രാമപ്രദേശങ്ങളും, പെരുമാറ്റങ്ങളും, സ്നേഹങ്ങളും എന്നും ഇങ്ങനെതന്നെ മാറ്റങ്ങൾ വരാതെ നിലനില്ക്കട്ടേയെന്ന്.

ചാൾസ്

ഇന്ത്യയുടെ ആത്മാവു തേടി ഒരു യാത്ര

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അർത്ഥവത്താക്കുന്നത് ആയിരുന്നു സേവാഗ്രാമിലേക്കുള്ള യാത്ര.

ഈ ഒരു യാത്ര മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നില്ല. നാട്ടിൽ നിന്ന് എത്തിയ
ഒരു സുഹൃത്തുമൊത്ത് നാഗ്പൂരിനോട് അടുത്ത് കിടക്കുന്ന ഏതെങ്കിലും സ്ഥലങ്ങളിലേക്ക് പോകാം എന്നായിരുന്നു പ്ലാൻ. ആ യാത്ര ബോർ ടൈഗർ റിസേർവിലേക്ക് തുടങ്ങി സേവാഗ്രാമിൽ ഞങ്ങളെ കൊണ്ടെത്തിച്ചു.

ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതങ്ങളിൽ ഒന്നാണ് ബോർ ടൈഗർ റിസേർവ്. പെഞ്ച്, തടോബ തുടങ്ങി പേരുകേട്ട വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാടാണ് ബോറിന്റേത്. നാഗ്പൂർ സിറ്റിയിൽ നിന്നും ഏകദേശം 75km ദൂരമുണ്ട് അങ്ങോട്ടേക്ക്. ഞങ്ങൾ ടൂവീലറിലാണ് പോയത്. രാവിലെ ആറര ആയപ്പോളേക്കും റൂമിൽ നിന്ന് ഇറങ്ങി എട്ടുമണി ആയപ്പോളേക്കും അവിടെയെത്തി.

ബോർ ടൈഗർ റിസർവിന്റെ മെയിൻ ഗേറ്റ് ആണ് ഡെസ്റ്റിനേഷൻ ആയിട്ട് ഗൂഗിൾ മാപ്പിൽ ഇട്ടിരുന്നത്. അവിടെ എത്തിയപ്പോളാണ് അറിയുന്നത് സഫാരിക്കുള്ള ടിക്കറ്റ് എടുക്കേണ്ടത് ഒരു കിലോമീറ്റർ അപ്പുറം മറ്റൊരിടത്താണെന്നത്.
പത്തുമണി വരെ സഫാരി ഉണ്ടെന്നായിരുന്നു അറിവ്. അവിടെ ചെന്നപ്പോൾ ടിക്കറ്റ് എടുക്കുന്നിടത്ത് ഒരു മനുഷ്യർ പോലുമില്ല. രണ്ടുമൂന്ന് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വണ്ടിയിൽ വെറുതെ കറങ്ങി. സഫാരിക്കുള്ള ജീപ്പുകളൊക്കെ കിടപ്പുണ്ട്. അവസാനം അവിടെ
ഒരു പുള്ളിയെ കണ്ടുമുട്ടി.

സഫാരി ഇനി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉള്ളൂ, ഇന്നലെ മഴ പെയ്തത് കൊണ്ട് വഴിയെല്ലാം ചെളി കയറി കിടക്കുകയാണ് അതുകൊണ്ട് ഇന്നത്തെ സഫാരി സംശയവുമാണ്. ആറുപേർ അടങ്ങുന്ന ഒരു സഫാരി ജീപ്പിന് അയ്യായിരം രൂപയാണ് ചാർജ് എന്ന് പറഞ്ഞത്. സഫാരിക്കുള്ള സാധ്യത മങ്ങിയത് കാരണം ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു.

അടുത്തുള്ള ബോർ ഡാം വഴിയൊക്കെ ഒന്ന് കറങ്ങി. അപ്പോളാണ് അവിടെ അടുത്തായി ഒരു ബുദ്ധകേന്ദ്രം കാണാൻ ഇടയായത്. ഒരു മനുഷ്യക്കുഞ്ഞുപോലും അവിടെയുമില്ല, പക്ഷെ അവിടുത്തെ ആംബിയൻസ് ബുദ്ധപ്രതിമയൊക്കെ എനിക്ക് നന്നായി ഇഷ്ടമായി.

ബോർ വന്യജീവി സാങ്കേതികവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശവും മുൻപ് വിനോദ സഞ്ചാരികളെ വരവേൽക്കാൻ നന്നായി പ്രവർത്തിച്ചിരുന്നത് ആയിരിക്കാമെന്ന് ആ ചുറ്റുപാട് കാണുമ്പോൾ നമുക്ക് മനസ്സിലാകും. സർക്കാരിന്റെ ഒരു റിസോർട്ടും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ പ്രദേശം അറ്റകുറ്റ പണികൾ ഒന്നും നടത്താത്ത അവസ്ഥയിലാണ്. എങ്കിലും വീക്കെന്റുകളിൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

സേവാഗ്രാമിലേക്കാണ് അടുത്ത യാത്ര. അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്ക്. മഹാരാഷ്ട്രയിലെ കർഷക ഗ്രാമങ്ങളിലൂടെയുള്ള വഴികൾ ഗാന്ധിജിയുടെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നതാണ്.

റോഡിന്റെ ഇരുവശങ്ങളും കൃഷിഭൂമികൾ. കുറേയേറെ പ്രദേശങ്ങൾ വിജനമായി കിടക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് മാത്രം കാണുന്ന വളരെ ചെറിയ ജനവാസ കേന്ദ്രങ്ങൾ. പശുക്കളാണ് ഇവരുടെ മറ്റൊരു വരുമാന മാർഗ്ഗം.
വീടിനോട് ചേർന്ന് നിൽക്കുന്ന തൊഴുത്തും മൂന്നു നാല് പശുക്കളെയും നമുക്ക് അവിടെ പലയിടത്തും കാണാം.

പതിനൊന്ന് മണി ആയപ്പോളേക്കും ഞങ്ങൾ സേവാഗ്രാം എത്തി.
വർദാ സിറ്റിയ്ക്ക് എട്ടു കിലോമീറ്റർ അകലെയാണ് സേവാഗ്രാം സ്ഥിതിചെയ്യുന്നത്. 1936 മുതൽ 1948ൽ മരണം വരെ ഇവിടെ ആയിരുന്നു ഗാന്ധിജിയുടെ ആശ്രമം. ചരിത്രപ്രധാന്യമുള്ള സ്ഥലം ആയതുകൊണ്ട് തിരക്കുള്ള ഒരിടം ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ അവിടെ ഒരുപാട് കടകളോ വാഹനങ്ങളോ ഒന്നുമില്ല. ആശ്രമത്തിന് അടുത്തേക്ക് എത്തുമ്പോൾ പോലും അങ്ങനെ ഒരു സ്ഥലം അവിടെ ഉണ്ടെന്ന് തോന്നുകയെ ഇല്ല.

പ്രധാന ഗേറ്റിൽ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്നത് രണ്ടു ഷോപ്പുകളാണ്. അവിടെ ഗാന്ധിജിയെക്കുറിച്ചുള്ള
പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളുമെല്ലാം ലഭ്യമാണ്.
അവിടെ നിന്നും സ്വല്പം മുന്നോട്ട് നടക്കുമ്പോൾ ചെറിയ കുടിലുകൾ കണ്ട് തുടങ്ങും. വളരെ ശാന്തസുന്ദരമായ പ്രദേശം. തണൽ മരങ്ങൾ ഏറെ.
അത് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ഒരു കാഴ്ച്ച കൂടിയാണ്. അവിടുത്തെ നിശബ്ദത നമ്മെ കൂടുതൽ ശാന്തരാക്കും. സൂര്യോദയം മുതൽ വൈകുന്നേരത്തെ പ്രാർഥന വരെയാണ് ഇവിടുത്തെ പ്രവേശന സമയം.

സേവാഗ്രാം ആശ്രമം നിർമ്മിക്കുമ്പോൾ അഞ്ഞൂറ് രൂപയിൽ കൂടുതൽ ചിലവ് വരരുത് എന്നും പ്രദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ടും മാത്രമേ കുടിലുകൾ നിർമ്മിക്കാവൂ എന്ന് ഗാന്ധിജിയുടെ പ്രേത്യേക നിർദ്ദേശം ഉണ്ടായിരുന്നു. മണ്ണ് തേച്ച്, ഓട് മേഞ്ഞ, ഉയരം കുറഞ്ഞ ചെറിയ കുടിലിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് താമസിച്ചിരുന്നത്. കുടിലിന് അകത്ത് അദ്ദേഹം ഉപയോഗിച്ച കട്ടിലടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഒരുപാട് രാഷ്ട്രനേതാക്കാളുമായി ഈ കുടിൽവെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചരിത്രപരമായ ഒരുപാട് തീരുമാനങ്ങൾക്കും സാക്ഷിയായ കുടിലാണിത്. 1942ലെ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ആദ്യ യോഗം നടന്നത് സേവാഗ്രാമിലായിരുന്നു.

1930-ൽ സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയിലേക്ക് ഉപ്പു സത്യാഗ്രഹത്തിനായി ഗാന്ധി തന്റെ പദയാത്ര ആരംഭിച്ചപ്പോൾ,
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സബർമതിയിലേക്ക് മടങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനുശേഷം ഗാന്ധിജി രണ്ട് വർഷത്തിലേറെ തടവിലായി. മോചിതനായ അദ്ദേഹം കുറച്ച് സമയം യാത്രയ്ക്കായി തിരഞ്ഞെടുത്തു. ആ സമയത്താണ് മധ്യേന്ത്യയിലെ ഒരു ഗ്രാമം തന്റെ ആസ്ഥാനമാക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്.

1934-ൽ ജംനാലാൽജി ബജാജിന്റെ ക്ഷണപ്രകാരം അദ്ദേഹം വാർധയിലെത്തി. 1936 ഏപ്രിലിൽ, ഗാന്ധിജി ഷെഗാവ് ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു, അതിനെ അദ്ദേഹം സേവാഗ്രാം എന്ന് പുനർനാമകരണം ചെയ്യുക ആയിരുന്നു, അതായത് ‘സേവനത്തിന്റെ ഗ്രാമം’. സേവാഗ്രാമിൽ വരുമ്പോൾ ഗാന്ധിജിക്ക്
67 വയസ്സായിരുന്നു.

“ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ഞാൻ അവിടെച്ചെന്നു താമസിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പറയുക മാത്രമല്ല, ഗാന്ധിജി അത് പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്ത്യക്കാരിൽ 80 ശതമാനം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്.

ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക് പുരോഗതിയുണ്ടാവൂവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. കൃഷിയിൽ മാത്രം ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ പുരോഗതിയിലെത്തിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദി പ്രസ്ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനം ചെയ്തു. സേവാഗ്രാം പോലെ ഒരു സ്ഥലത്ത് ജീവിച്ചുകൊണ്ട് തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക്
ഗാന്ധി ഒരു പ്രചോദനം ആവുകയായിരുന്നു.

കിഷോർ ലാൽ

കലാവാണി, കളവാണി!

2024 മലയാള സിനിമാചരിത്രത്തിൽ പലവുരു ചേർത്തുവായിക്കപ്പെടുന്ന വർഷമായിരിക്കും. വൻ വിജയങ്ങൾ. വർഷം പകുതിയാകുമ്പോൾ തന്നെ ആയിരം കോടിയിൽ അധികം കച്ചവടം. ഇറങ്ങിയ മിക്കപടങ്ങളും ഹിറ്റ്ചാർട്ടിൽ ഇടംപിടിക്കുന്ന അപൂർവ്വകാഴ്ച. മുൻപൊരിക്കലും ഉണ്ടാകാത്തത്. ഇനിയും ഉണ്ടാകുമോയെന്നുമറിയാത്തത്!

പ്രധാനകാര്യം ഈ ചിത്രങ്ങളധികവും സൂപ്പർസ്റ്റാർ ജാടകൾ ഒന്നുംതന്നെയില്ലാതെ ഇറങ്ങിയവയാണ്. മാത്രവുമല്ല ഈ ചിത്രങ്ങൾ പലതും കലാപരമായ അധികം മികവു പുലർത്താത്തവയാണ്‌ താനും. ചിലതു തനി കച്ചവട സിനിമകൾ മാത്രം. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് ചേരുവകൾ തന്നെ ചേർത്ത രസ്യൻ മസാല/അടിപ്പടങ്ങൾ. എന്നിട്ടും നൂറും ഇരുനൂറും കോടികൾ മുടക്കുമുതലും വൻലാഭവുമായി തിരികെ കിട്ടുന്നു.

വിജയകരമായിവർത്തിച്ച 2024ലെ എല്ലാ പടങ്ങളും കണ്ടില്ല. കണ്ടതുവച്ചു പറഞ്ഞാൽ, കയ്യിലെ കാശുമുടക്കി മുൾട്ടിപ്ലസ്സുകളിലും മറ്റുമായി പടംകാണാൻ കയറുന്ന സാധാരണക്കാരൻ്റെ മനസ്സ്നിറക്കാൻ ഉതകുന്നതാണീ സിനിമകൾ എന്നതാകണം വിജയരഹസ്യം. രണ്ടുരണ്ടര മണിക്കൂർ ഒന്നുമറിയാതെ, സ്വന്തം വേദനകളൊന്നും ഓർക്കാതെ മറ്റാരുടെയോ അതിശയോക്തികലർത്തിയ, വർണാഭമായ ജീവിതം കണ്ടുതീർക്കുമ്പോളുണ്ടാകുന്ന ആനന്ദം. സൗന്ദര്യവും, സംഗീതവും, സർഗ്ഗവൈഭവവും സമാസമം ചേർത്ത് കാണുന്നവൻ്റെ കണ്ണിനും, കാതിനും, ചങ്കിനും, ചിന്തക്കുമുണ്ടാകുന്ന ഉത്തേജനം, ഉണർവ്. അഭിനയേതാക്കളുടെ തികവ്, കപടോക്തിപ്രദാനമെങ്കിലും ഇതെവിടെയോ ആരൊക്കെയോ ജീവിച്ചുതീർക്കുന്നതാണല്ലോ എന്ന സഹജാവബോധം.

പറഞ്ഞുവന്നത് കലയെക്കുറിച്ചാണ്. മുൻപ് എഴുതിയിട്ടുള്ളതാണ്, എന്നാലും പറയണമെന്ന് തോന്നി. എന്തിനാണ് കലയും, കലാകാരൻമാരും, മമ്മൂട്ടിയും, മോഹൻലാലും, ഉർവ്വശിയുമൊക്കെ നമ്മുടെ ജീവിതത്തിൽ ആരൊക്കയോ എന്തൊക്കെയോ ആണെന്നു വെറുതെ തോന്നുന്നത്? അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ നമ്മൾ തന്നെയായിപ്പോകുന്നത്? അവരൊക്കെ സിനിമയിൽ അഭിനയിച്ചു കാശുണ്ടാക്കി നന്നായവരാണ്! നേർജീവിതത്തിൽ അവരുടെ കഥാപാത്രങ്ങളുടെ നന്മതിന്മയാരോപിക്കപ്പെടാൻ പാടില്ലാത്തവർ. എന്നിരുന്നാലും അവരുടെ വ്യക്തിജീവിതത്തെപ്പോലും നമ്മൾ വെറുതെവിടുന്നില്ല. അവർ സോളമനെപ്പോലെയും, ബാലൻമാസ്റ്ററെപ്പോലെയും, ആന്ദവല്ലിയെപ്പോലെയും ആകണമെന്നു നമ്മൾ ശഠിക്കുന്നു.

എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുത്തരമേയുള്ളൂ. കല! നമുക്ക് കലയോടുള്ള അഭിനിവേശം. കലയില്ലാത്തജീവിതം നിരർത്ഥകമായതുകൊണ്ട്. ഫ്രീഡ്രിക്ക് നീച്ചയെന്ന ജർമ്മൻ തത്വശാസ്ത്രഞ്ജൻ്റെ വാക്കുകൾ കടമെടുത്താൽ, കലയില്ലായിരുന്നെങ്കിൽ നമ്മൾ ജീവിതയാഥാർത്യങ്ങളുടെ തീച്ചൂളയിൽ ഉരുകിത്തീർന്നില്ലാതായേനെ (We have art in order not to die of the truth.). നഗ്നമായജീവിത സത്യങ്ങൾ നമ്മെ ശ്വാസംമുട്ടിച്ചേനെ. ഇവയിൽനിന്നൊരു വിടുതലുംകൂടിയാണ് കല. മറ്റാരുടെയോ മറ്റേതോ ഭ്രമാത്മകമായ ലോകത്തിൽ സഞ്ചരിക്കുമ്പോൾ നാം നമ്മളല്ലാത്ത മറ്റെന്തൊ ആയിപ്പോകുന്നു. ഈ അയനത്തിൽ സ്വയം മറന്നില്ലാതാകുന്നവരെയും, മറ്റെന്തോ ആയിത്തീരുന്നവരെയും നാം അറിയും. ഷാജി എൻ കരുണിൻ്റെ വാനപ്രസ്ഥം എന്ന സിനിമയിലെ സുഭദ്ര എന്ന കഥാപാത്രത്തിലൂടെ കണ്ടതും അതാണ്. കുഞ്ഞിക്കുട്ടൻ ആശാൻ്റെ അർജുനനുമായി പ്രണയത്തിലായവൾ. അർജുനൻ്റെ കുഞ്ഞിന് ജന്മം നല്കിയവൾ. കുഞ്ഞിക്കുട്ടൻ എന്ന കഥകളിയാശാൻ്റെ വ്യഥകൾ മനസ്സിലാകാത്തവൾ. കലാകാരനിലെ കലയെമാത്രം പരിണയിച്ചവൾ.

ഒരു പരിധിവരെ നമ്മളെല്ലാം അങ്ങനെതന്നെയാണ്. കലാകാരും കലയും ഒന്നാണെന്ന് ചിന്തിക്കുന്നവർ. യേശുദാസ് അദ്ദേഹത്തിൻ്റെ പാട്ടുകൾപോലെ നിർമലനാകണമെന്നു ശഠിക്കുന്നവർ. മോഹൻലാൽ എപ്പോഴും ഏഴാംതമ്പുരാനായി ‘മാസ്സ്’ കാണിക്കണമെന്ന് വിചാരിക്കുന്നവർ. കലയുടെ ശക്തിയിൽ ദുർബലരായിപ്പോകുന്ന കലാകാരൻമ്മാരെന്നല്ലാതെ എന്തുപറയാൻ. കുഞ്ഞിക്കുട്ടൻ ആശാനെപ്പോലെ!

കലയെന്നു പറയുമ്പോൾ സിനിമ മാത്രമല്ല, മറ്റെല്ലാ കലകളും ഇതേഗണത്തിൽപ്പെടുത്താം. നൃത്തവും, നാടകവും, ചിത്രരചനയും, സാഹിത്യവും, എല്ലാം. ഇവയെല്ലാം നമുക്കുവേണ്ടി ഒരേ കാര്യംചെയുന്നു. നമ്മുടെ അഭിരുചികൾക്കനുസരിക്കുച്ചുള്ളവ നാം തിരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ. അഭിരുചികളും, അനുഭവങ്ങളും, ചോതനകളും, ചിന്തകളും, സാഹചര്യങ്ങളും മാറുന്നതനുസരിച്ചു തിരഞ്ഞെടുപ്പുകൾ മാറുന്നു.

കല ജീവിതം തന്നെയെന്നു കുട്ടിക്കൃഷ്ണമാരാരും, കല കലക്കുവേണ്ടിയെന്നു (Art for art’s sake) ‘യാരോ ഒരാൾ’ പറഞ്ഞതും എന്താണെന്നതിൻ്റെ ഗുട്ടൻസ് ഇപ്പോ പിടികിട്ടിയോ? ‘എന്താണ് കല?’ (What is Art?) എന്ന ക്ലാസിക് പുസ്തകമെഴുതി എഴുത്തിൻ്റെ കുലപതിയായ ലിയോ ടോൾസ്റ്റോയ് ഇതുതന്നെ പറഞ്ഞുവച്ചിട്ടുണ്ട്. യഥാർത്ഥ കല അതിന്റെ സൗന്ദര്യപരമായ ഗുണങ്ങളാൽ മാത്രമല്ല, മറിച്ച് വികാരങ്ങളെ ദ്യോതിപ്പിക്കാനുള്ള കഴിവിലൂടെയും ജനങ്ങളെ ഐക്യപ്പെടുത്തുന്നതിലൂടെയും നിർവചിക്കപ്പെടുന്നു എന്ന് ടിയാൻ എഴുതി.

കലക്ക് പലധർമ്മങ്ങൾ നിർവഹിക്കാനാകും. അതിനു മനുഷ്യരെ സ്വാധീനിക്കാനുള്ള ശേഷികൊണ്ടാണിത് സാധ്യമാകുന്നത്. വിപ്ലവങ്ങൾക്കും, വിജയങ്ങൾക്കും, യുദ്ധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട് കലയോടുള്ള അഭിനിവേശം. ചരിത്രം പറയുന്നില്ല. കേരളത്തിൻ്റെ ചരിത്രം മാത്രം നോക്കിയാൽ മതി.

കല ഒന്നിനും വേണ്ടിയല്ലാതെ, ഒന്നിനെയും ഗുണപ്പെടുത്താനോ, ഗണപ്പെടുത്താനോ അല്ലാതെ, വെറുതെ കലക്കുവേണ്ടി മാത്രം ആസ്വദിക്കാം. കാരണം അത് നമ്മുടെ ജന്മവാസനയാണ്. 300,000 വർഷം കൊണ്ടുണ്ടായി, വളർന്നുവശായി നമ്മുടെ ജനിതകഘടനയിൽ കയ്യൊപ്പുചാർത്തിയതാണ് കലാവാസന. മമ്മൂട്ടിയും മോഹൻലാലും അവർക്കും മുപേ വന്നവരും അവർക്കുപുറകേ വന്നവരും ഇനി വരാനിരിക്കുന്നവരുമൊക്കെ നമ്മെ സ്വാധീനിക്കും, സന്തോഷിപ്പിക്കും, കരയിക്കും. അവർ കലാകാർ ആണെന്നതുകൊണ്ടുമാത്രം. അവരിൽ നാം നമ്മെക്കാണും, അവരെകാണുമ്പോൾ നമ്മെപ്പോലും മറക്കും!
ഇനിയും നല്ല കലകളുണ്ടാകട്ടെ, കലാകാരും. ആയിരം കോടികൾ പിറക്കട്ടെ, പതിനായിരം കലാകാരുണ്ടാകട്ടെ. കലകൾ ഇനിയും നന്നാവട്ടെ. എന്നിട്ടുവേണം എനിക്ക് എന്നെയൊന്നറിയാൻ, കുറച്ചുനേരത്തേക്ക് മറക്കാൻ!

“Art enables us to find ourselves and lose ourselves at the same time.” – Thomas Merton

 

സുമേഷ് രാമചന്ദ്രൻ

 

ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം പഴയലക്കങ്ങൾ വായിക്കാം

ഓർമ്മകളുണ്ടായിരിക്കണം!

ഷുക്കൂറുമാർ ഉണ്ടാകുന്നത്…

തെറ്റിയോടിയ ഘടികാരങ്ങൾ!

ഒരുവട്ടംകൂടി… 

ചില ‘യുങ്ങിയൻ’ ചിന്തകൾ

പിരമിഡുകളുടെ അടിയിൽ വസിക്കുന്നവർ!

ഛായാരൂപൻ

ജരാതുരം-ഭയാനകം

ആനന്ദം, പ്രാഗ്‌നാനന്ദം

ആപേക്ഷികത!

ഭയോം!

ബുദ്ധി-ഇതി-നിർമിതി

ഭയങ്കരം!

മായാത്ത ചിരി…

നാടകമേ ഉലകം…

 

 

ഹോമിയോപ്പതി

ലോകത്തിലെ തന്നെ ഏറ്റവും പുതിയ ചികിത്‌സാരീതിയാണ് ഹോമിയോപ്പതി. 1810 ൽ ജർമൻ ഭിഷഗ്വരനായിരുന്ന ഡോ. ഹാനിമാൻ ആണ് ഈ ചികിത്‌സാരീതി ആദ്യമായി ലോകത്തിനു സമർപ്പിക്കുന്നത്. മറ്റു പാരമ്പര്യ ചികിത്‌സകളിൽ നിന്നും കടം കൊണ്ടല്ല ഇത് രൂപം കൊണ്ടതെന്നതും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പ്രചാരവും അംഗീകാരവും കിട്ടിയ മറ്റൊരു ചികിത്‌സാരീതിയില്ല എന്നതും ഹോമിയോപ്പതിയെ മറ്റു ചികിത്സാരീതികളിൽ നിന്നും വ്യത്യസ്‌തമാക്കുന്നു.

ആന്റിബയോട്ടിക്കുകൾ കണ്ടു പിടിക്കുന്നതിനു മുൻപ് മോഡേൺ മെഡിസിൻ എന്നറിയപ്പെട്ടിരുന്ന അലോപ്പതി ചികിത്‌സാരീതിക്ക്‌ വളരെയധികം പരിമിതികൾ ഉണ്ടായിരുന്നു. അതുതന്നെയായിരിക്കാം അക്കാലങ്ങളിൽ ഹോമിയോപ്പതിക്ക്‌ ഇത്രയധികം പ്രചാരം കിട്ടുവാനുണ്ടായ ഒരു കാരണവും. പെൻസിലിൻ കണ്ടു പിടിക്കുന്നത് വരെ അമേരിക്കയിലേയും യൂറോപ്പിലേയും ഏറ്റവും നല്ല ചികിത്‌സാരീതിയായിട്ടായിരുന്നു ഹോമിയോപ്പതി തിളങ്ങിയിരുന്നത്.

തുടർന്നുണ്ടായ ചില വർഷങ്ങൾ, ആന്റി ബയോട്ടിക്കുകളുടെ കുത്തൊഴുക്കിൽ ലോകത്താകെ ഈ ചികിത്‌സാരീതി പിന്നോട്ട് വലിക്കപ്പെട്ടെങ്കിലും അടുത്തകാലങ്ങളിൽ വീണ്ടും പഴയ പ്രതാപത്തിലേക്കു മടങ്ങുന്നു എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഹോമിയോപ്പതി ചികിത്‌സാരീതിയിലേക്ക് വേണ്ടത്ര എത്തുന്നില്ല, അല്ലെങ്കിൽ എത്തിക്കുന്നില്ല എന്നതും ഈ ശാസ്‌ത്രത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നിരിക്കാം.

മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചു ആളുകൾ ബോധവാന്മാരായത് ഈ അടുത്തകാലങ്ങളിൽ മാത്രമാണ് എന്നതും അക്കാലങ്ങളിൽ ഹോമിയോപ്പതി ചികിത്‌സയെ പല രാജ്യങ്ങളിലും മന്ദീഭവിപ്പിക്കാൻ കാരണമായിരുന്നിരിക്കാം. അമേരിക്കയിലും യൂറോപ്പിലും വളർന്നു വികസിച്ചിരുന്നു എങ്കിലും ഹോമിയോപ്പതിക്ക്‌ ഏഷ്യയിൽ പ്രചാരമുണ്ടാക്കിയ രാജ്യം ഇന്ത്യ തന്നെയാണെന്ന് നമുക്ക് അഭിമാനത്തോടെ പറയുവാൻ കഴിയും. മറ്റു രാജ്യങ്ങളിൽ ഹോമിയോപ്പതി പഠിക്കണമെങ്കിൽ അലോപ്പതിയിൽ ബിരുദം വേണമെന്നിരിക്കെ, ബിരുദ ലെവലിൽ ഹോമിയോപ്പതി പഠനം നടത്തുന്ന ചുരുക്കം രാജ്യങ്ങളിൽ പ്രധാനിയും ഇന്ത്യ തന്നെ. ഈ അടുത്ത വർഷങ്ങളിൽ ഹോമിയോപ്പതിയെ ആരോഗ്യമന്ത്രാലയത്തിൽ നിന്നും മാറ്റി ആയുഷ് മന്ത്രാലയത്തിലാക്കിയ നടപടി ഹോമിയോപ്പതിയെ വീണ്ടും ഗവേഷണത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അകമഴിഞ്ഞ സഹായവും ഇക്കാര്യത്തിലുണ്ട് എന്നത് തീർച്ചയായും ശുഭകരമാണ്.

ശാസ്‌ത്രത്തിന്റെ ഒരു പ്രത്യേകത, അത് നമുക്ക് പൂർണമായും പിടിതരുന്നില്ല എന്നത് തന്നെയാണ്. ഇന്നത്തെ ശരി നാളത്തെ ശരി ആയിരിക്കണമെന്നില്ല. ഇന്ന് തെറ്റെന്നു കരുതുന്നത് നാളെ ശരിയുമാകാം. ഇത് ഹോമിയോപ്പതിയുടെ കാര്യത്തിലും അർത്ഥവത്താണ്. ഹോമിയോപ്പതി മരുന്നുകൾ നേർപ്പിക്കുമ്പോൾ മരുന്നുകളുടെ അംശം ഇല്ലാതാകുന്നു. അതുകൊണ്ടുതന്നെ ഇതിൽ മരുന്നില്ല എന്നതായിരുന്നു ഹോമിയോ വിരുദ്ധർ പ്രചരിപ്പിച്ചിരുന്നത്. ഈ സംശയകാലത്തും ഹോമിയോപ്പതി ചികിത്‌സാ വളർന്നുകൊണ്ടിരുന്നു എന്നത് രോഗികൾക്കുകിട്ടിയ രോഗശമനം കൊണ്ടായിരിക്കുമല്ലോ!

നാനോ ടെക്‌നോളജി വളർന്നു വന്നപ്പോഴാണ്, ചെറിയ കണങ്ങൾ നമ്മുടെ എക്കാല സങ്കൽപ്പങ്ങൾക്കപ്പുറം ചെറുതാണെന്ന് മനസിലാക്കുന്നത്. ഒരു നാനോ ഗ്രാം അല്ലെങ്കിൽ നാനോ മീറ്റർ എന്നത് ദ്രവ്യത്തിന്റെ അടിസ്ഥാന അളവിന്റെ ആയിരം മില്യൺ ചെറുതാണ്. കൃത്യമായി പറഞ്ഞാൽ 1/10 to the power of 9 = 1/1000000000. ഹോമിയോപ്പതി മരുന്നുകൾ ഇത്രയധികം നേർപ്പിക്കപ്പെടുന്നുമില്ല. അതിനർത്ഥം ഹോമിയോപ്പതി മരുന്നുകളിൽ അവയുടെ സാന്നിധ്യം നാനോ കണങ്ങളായി നിലനിൽക്കുന്നു എന്നുതന്നെയാണ്.

ഐ ഐ ടി ബോംബേയിലെ കെമിക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ പ്രൊഫെസർ ഡോ ജയേഷ് ബെലാറയുടെ  നേതൃത്വത്തിൽ പ്രശാന്ത് ചികരമാനെ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തിലെ ആദ്യത്തെ പഠനം.  അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ഇതായിരുന്നു, ‘Extreme homeopathic dilutions retain starting materials: A nanoparticulate perspective’.

സേലം വിനായക മിഷൻ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന പ്രൊഫസ്സർ ഡോ ഇ. എസ്‌. രാജേന്ദ്രൻ നടത്തിയ പഠനമാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഐ ഐ ടി കളുടേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹായ സഹകരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇതിൽ ഹോമിയോപ്പതിയിലെ ഉയർന്ന ആവർത്തനത്തിലുള്ള വളരെയധികം മരുന്നുകൾ പഠനവിധേയമാക്കി. എല്ലാ മരുന്നുകളിലും ധാരാളമായി മരുന്നുകളുടെ നാനോ കണങ്ങൾ കണ്ടെത്തുകയുണ്ടായി.

പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ല ഹോമിയോപ്പതി ചികിത്‌സാരീതിയുടെ പ്രത്യേകത. ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളെയും ക്രമീകരിക്കുന്നു എന്നൊരു ധർമ്മം കൂടി നിർവഹിക്കുന്നുണ്ട് ഈ ചികിത്‌സാരീതി. അതുകൊണ്ടു തന്നെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും ഈ ചികിത്സാത്‌സാരീതി ഒരു മാതൃകയാകുന്നു.  ശരീരത്തിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ഹോർമോണുകളും അതിന്റെ കൃത്യമായ ഉൽപാദനത്തിന് സഹായിക്കുന്ന രാസവസ്‌തുക്കളും എൻസൈമുകളും എല്ലാം ചേർന്ന ഒരു ശൃംഗലയാണ് നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ഹോമിയോപ്പതി മരുന്നുകൾ രോഗത്തെ മാത്രം അടിസ്ഥാനമാക്കിയല്ല മറിച്ചു രോഗിയുടെ രോഗ ലക്ഷണങ്ങളേയും രോഗാവസ്ഥയിലല്ലാതിരുന്നപ്പോഴുള്ള ലക്ഷണങ്ങളേയും കണക്കിലെടുത്താണ് നൽകുന്നത്. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മരുന്നുകൾ, കോൺസ്റ്റിറ്റുഷനൽ മരുന്നുകൾ എന്നറിയപ്പെടുന്നവ, രോഗിയുടെ എല്ലാ ആന്തരിക പ്രവർത്തനങ്ങളേയും കൃമീകരിക്കുകയും തന്മൂലം ശരീരം തന്നെ രോഗാവസ്ഥയെ ഗുണപ്പെടുത്തുകയും ചെയ്യും എന്നതാണ് ശരിയായ ഹോമിയോപ്പതി രീതി. ഒരാൾക്കുപയോഗിക്കുന്ന മരുന്നുകൾ, അതേരോഗത്തിനു മറ്റൊരാൾക്ക് ഉപകാരപ്രദമായിരിക്കണമെന്നില്ല. രോഗികളുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മരുന്നുകൾ തീരുമാനിക്കപ്പെടുന്നത്.

ഡോ സുനീത് മാത്യു

ചിലന്തി

പുലരിമഞ്ഞിൽ, താൻ നെയ്ത വലയിൽ ആദ്യ പ്രകാശമേൽക്കുമ്പോഴുള്ള ചാരുതയിൽ ഒരു നിമിഷം സ്വയം മറന്നിരിക്കുകയായിരുന്നു പെൺചിലന്തി. ഇര പിടിക്കാൻ താനൊരുക്കിയ കെണിയാണിതെന്ന് ഓർക്കാതിരിക്കാൻ അവൾ ശ്രമിച്ചു. ഇതിനെ പിന്നിലെ അധ്വാനവും തൻ്റെ കലാവിരുതും മാത്രമിപ്പോൾ ഓർക്കുക. അല്ലെങ്കിലും ഈ ക്ഷണിക ജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ വേണ്ടിവരും, അനുഭവങ്ങളുടെ കാര്യത്തിലായാലും ഓർമ്മകളുടെ കാര്യത്തിലായാലും. ഓർക്കാൻ ഇഷ്ടമല്ലാത്തവയെ അതിൻ്റെ പാട്ടിനു വിട്ടേക്കുക എന്നല്ലാതെ എന്തു ചെയ്യാൻ!

അപ്പോഴാണ് ഒരു ആൺ ചിലന്തി നൂലിഴ പൊട്ടി അവളുടെ അടുത്തേക്ക് ആടിയുലഞ്ഞ് എത്തിയത്. ഇര എന്നു തെറ്റിദ്ധരിച്ച് അവൾ ഓടി അടുക്കുക പോലും ചെയ്തു. ആദ്യം മനസ്സിൽ പിറന്നത് കുറച്ച് ശകാരവാക്കുകളാണ്. പിന്നീട് സ്വയം നിയന്ത്രിച്ചു. വാക്കുകൾ കൊണ്ട് മറ്റൊരാളെ വേദനിപ്പിക്കുന്നതിലുള്ള ആനന്ദം ഇനി വേണ്ട എന്നവൾ മുമ്പേ തീരുമാനിച്ചതാണ്‌. അതു കൊണ്ട് അവൾ കാരുണ്യ പൂർവ്വം ചോദിച്ചു: വലകെട്ടാൻ ഇതുവരെ പഠിച്ചില്ല അല്ലേ?

” ചാട്ടം പിഴച്ചു. എങ്കിലും ആ പിഴച്ച ചാട്ടത്തിൽ ഞാനിപ്പോൾ ദു:ഖിക്കുന്നില്ല. നിൻ്റെ അടുത്തെത്താൻ ഒരു വഴിപിഴക്കൽ ആവശ്യമായി വന്നു.”

പെൺചിലന്തി ഒരു നിമിഷം മൗനത്തിൽ ആണ്ടു പോയി. അപ്പോൾ അവളുടെ മുഖം ധ്യാനനിരതയായ ബുദ്ധ സന്യാസിനിയെ ഓർമ്മിപ്പിച്ചു.കാമനകളെ തടഞ്ഞ് ക്ഷണിക സുഖങ്ങളുടെ വലയിൽ പെടാതെ മോക്ഷമാർഗ്ഗത്തിലൂടെ അടി വെച്ചു നീങ്ങുന്ന ഒരു ബുദ്ധ സന്യാസിനി.

” എൻ്റെ അരികിൽ വരരുത്. ഞാൻ നിന്നെ വേദനിപ്പിക്കും.”

“വേദനയ്ക്കൊരു സുഖമുണ്ട്. അത് നിന്നിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും.”

” നീ ദുരന്തം ചോദിച്ചു വാങ്ങുകയാണ്.”

” ആൺ ചിലന്തി എന്ന നിലയിൽ ഞാനെൻ്റെ ജന്മനിയോഗം സ്വീകരിക്കുന്നു.”

“എന്നിൽക്കൂടി ?”

“മറ്റാരേക്കാളും നീയാകുന്നതാണിഷ്ടം.”

പെൺചിലന്തി ആലോചനയിലാണ്ടു. എത്ര തന്നെ മാറി നിന്നാലും കാമനകൾ തന്നെ ബന്ധിക്കും എന്നാണോ കരുതേണ്ടത് ..

“രതിയോടൊപ്പം മരണത്തെ ചേർത്തുവെച്ച മറ്റൊരാളെ നിനക്ക് ഓർക്കാൻ കഴിയുന്നുണ്ടോ?” പെൺചിലന്തി വലയിളക്കിക്കൊണ്ടു ചോദിച്ചു. ചോദ്യത്തിനും ഉത്തരത്തിനുമിടയിൽ ഒരു ചെറുപ്രാണി അവളെ കബളിപ്പിച്ചു പോവുകയും ചെയ്തു.

” ഞാൻ ഓർമ്മകളെ ചുമക്കാറില്ല. ഭൂതകാലത്തേയും.നമ്മൾ ചിലന്തികൾ ഈ നിമിഷം ജീവിക്കുന്നവരാണ് ”

പെൺചിലന്തി പറഞ്ഞു: “എട്ടാം ക്ളാസിലെ ചരിത്ര പാഠത്തിൽ ആരേയും മോഹിപ്പിക്കുന്ന ഒരു സുന്ദരിയെക്കുറിച്ച് പഠിച്ചിരുന്നു. ഈ ജിപ്ത് ഭരിച്ചിരുന്ന ടോളമി ഏഴാമൻ്റെ പുത്രി പന്ത്രണ്ടാമത്തെ ക്ലിയോപാട്ര. ഭോഗ സാമ്രാജ്ഞി എന്നു വിശേഷിപ്പിക്കപ്പെട്ടവൾ. വ്യഭിചരിച്ചാൽ പോലും പുരോഹിതർ ആശിർവദിച്ചു പോകുന്ന ചാരുത. ഷേക്സ്പിയറാണ് അങ്ങനെ വിശേഷിപ്പിച്ചത്. അവൾ വെളുത്ത പൂക്കളിൽ വിഷം പുരട്ടി തലയിലണിഞ്ഞാണ് കാമുകന്മാരെ സ്വീകരിച്ചിരുന്നത്‌. രതിയുടെ ആലസ്യത്തിൽ മയങ്ങുന്നവരെ തൻ്റെ നീല കേശത്താൽ ചുറ്റി വീർപ്പുമുട്ടിച്ചു കൊല്ലുമായിരുന്നു അവൾ. രതി അവളിൽ ജ്വലിച്ചതു പോലെ ക്രൂരതയും ജ്വലിച്ചു നിന്നു. വിഷ വീര്യം അളക്കാൻ അടിമകളായ ആഫ്രിക്കൻ യുവതികൾക്ക് അവൾ വിഷം കൊടുത്തിരുന്നു. അവരുടെ പിടച്ചിലിൽ അവൾ രതിമൂർഛ അനുഭവിച്ചു. രതി തന്നെ വിഷമാണല്ലേ?”

“സ്നേഹമില്ലാത്ത രതിയേ വിഷമാകുന്നുള്ളു. ഇന്നു രാത്രി പ്രണയത്തിൻ്റേതാണ്. പുലർച്ചെ ആദ്യ രശ്മി നിൻ്റെ വലയിൽ പതിക്കുന്നതിനു മുമ്പേ രതി പൂർത്തിയാക്കുക. എൻ്റെ ജീവചൈതന്യമത്രയും നിന്നിലേക്കൊഴുക്കുവാൻ എന്നെ അനുവദിക്കുക. എൻ്റെ നൂറു പുത്രന്മാർക്കു ജന്മം നൽകി എൻ്റേയും നിൻ്റെയും ജന്മനിയോഗങ്ങൾ പൂർത്തിയാക്കുക. നാളെ നീയും നിൻ്റെ വലയും ഞാനും എൻ്റെ സ്വപ്നങ്ങളും ഇവിടെയുണ്ടാകണമെന്നില്ല.”

എട്ടുകാലുകൾ എട്ടു കൈകളായി മാറിയ രാത്രി ..
രതി യുടെ ആനന്ദോത്സവം നിറഞ്ഞാടിയ രാത്രി ..

വെയിൽ വീണു തുടങ്ങിയപ്പോൾ പൊള്ളയായ ഒരു ഉടൽ കാറ്റിൽ ഇളകിയാടിക്കൊണ്ടിരുന്നു.

 

വിലാസിനി രാജീവൻ